UPDATES

ട്രെന്‍ഡിങ്ങ്

പി സി ജോര്‍ജ്ജിനെ ഉപരോധിക്കും; ഇനി ഒരു നേതാവിനെയും ഒരു സ്ത്രീയെയും തെറി വിളിക്കാന്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി കന്യാസ്ത്രീ സമരം രണ്ടാം ഘട്ടത്തിലേക്ക്

പി സി ജോര്‍ജിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റാനായി സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും സമരസമിതി

പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയ്ക്ക് പൂര്‍ണ നീതി ലഭ്യമാക്കുന്നതിനായി സേവ് അവര്‍ സിസ്റ്റേഴ്സ്(എസ് ഒ എസ്) ആക്ഷന്‍ കൗണ്‍സില്‍ രണ്ടാംഘട്ട സമരത്തിന്. രാഷ്ട്രീയ നേതാക്കളുടേയും മതമേലധ്യക്ഷന്‍മാരുടേയും നിലപാടുകളിലും പെരുമാറ്റങ്ങളിലും പ്രതിഷേധിച്ചുകൊണ്ടാണ് സമരം. ഏതെങ്കിലും ഒരു സ്ഥലത്ത് കേന്ദ്രീകരിക്കപ്പെടുന്നതായിരിക്കില്ല രണ്ടാംഘട്ട സമരം. പലതരം പ്രതിഷേധ പരിപാടികളും ഉപരോധ സമരങ്ങളുമെല്ലാം ഉള്‍പ്പെടുന്ന വിശാലമായ ഒരു തലത്തിലേക്ക് സമരത്തെ മാറ്റാനാണ് എസ് ഒ എസ് ആക്ഷന്‍ കൗണ്‍സില്‍ തീരുമാനിച്ചിരിക്കുന്നത്.

പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജും കെ എം മാണിയും സഭാ മേലധ്യക്ഷന്‍മാരും ജയിലില്‍ കഴിയുന്ന മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് സഭയില്‍ നിന്നും മുന്‍ ബിഷപ്പ് തെറ്റുകാരനല്ലെന്ന തരത്തില്‍ പ്രസ്താവനകള്‍ പുറത്ത് വരികയും ചെയ്തു. പി സി ജോര്‍ജ് തുടര്‍ച്ചയായി കന്യാസ്ത്രീയെ അധിക്ഷേപിക്കുന്ന തരത്തില്‍ പ്രസ്താവനകള്‍ നടത്തുകയും ചെയ്തു. ഇതെല്ലാം കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യതകളിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്ന് എസ് ഒ എസ് ആക്ഷന്‍ കൗണ്‍സില്‍ ആരോപിക്കുന്നു. കന്യാസ്ത്രീയെ അധിക്ഷേപിച്ച് സംസാരിക്കുകയും ബിഷപ്പ് തെറ്റുകാരനല്ലെന്ന് പറയുകയും അദ്ദേഹത്തെ ജയിലില്‍ സന്ദര്‍ശിക്കുകയും ചെയ്യുന്ന എം എല്‍ എ പി സി ജോര്‍ജിനെ ഉപരോധിക്കാനാണ് സമരസമിതിയുടെ തീരുമാനം. നിയമസഭയുടെ എത്തിക്സ് കമ്മിറ്റി അംഗമായ പി സി ജോര്‍ജിന്റെ നിലപാടുകളിലും പെരുമാറ്റങ്ങളിലുമുള്ള വൈരുധ്യം തുറന്നു കാട്ടി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തും.

പി സി ജോര്‍ജിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റാനായി സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും സമരസമിതി കണ്‍വീനര്‍ ഫാ. വട്ടോളി പറഞ്ഞു ‘ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു ഒന്നാംഘട്ട സമരം. അത് സംഭവിച്ചതോടെ ആ സമരം അവസാനിച്ചു. എന്നാല്‍ സമരം അവസാനിക്കുകയല്ല, കന്യാസ്ത്രീക്ക് പരിപൂര്‍ണ നീതി ലഭ്യമാവും വരെ സമരം തുടരുമെന്ന് ഞങ്ങള്‍ അന്ന് പറഞ്ഞിരുന്നു. പരിപൂര്‍ണ നീതി എന്നു പറഞ്ഞാല്‍ ഫ്രാങ്കോ ശിക്ഷിക്കപ്പെടേണ്ടതുണ്ട്. പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയ്ക്കും സമരം ചെയ്ത കന്യാസ്ത്രീകള്‍ക്കും സ്വതന്ത്രമായി, നിര്‍ഭയത്തോടെ സഭയില്‍ തുടരേണ്ടതുണ്ട്. അതെല്ലാം സംഭവിച്ചാലേ പൂര്‍ണ നീതി ലഭ്യമായി എന്ന് പറയാനാവൂ. അതിനാല്‍ സമരസമിതി പ്രവര്‍ത്തന സജ്ജമായിരിക്കും. സമരത്തിനെ ഒന്നാംഘട്ടം, രണ്ടാം ഘട്ടം എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലായി തിരിക്കേണ്ട ആവശ്യമില്ല. സെപ്തംബര്‍ എട്ടിന് തുടങ്ങിയ സമരത്തിന്റെ ഒരു തുടര്‍ച്ചയാണ് അടുത്തത്. പൊതുജനങ്ങളെ ഒന്ന് ഓര്‍പ്പെടുത്താന്‍ മാത്രമാണ് സമര പ്രഖ്യാപനം.

ഒരു പ്രത്യേക സ്ഥലത്ത് കേന്ദ്രീകരിക്കപ്പെട്ട സമരമാവില്ല ഇനിയുണ്ടാകുക. എപ്പോള്‍ വേണമെങ്കിലും സമരത്തിന്റെ മുഖം തുറക്കാം. ചിലപ്പോള്‍ നിയമസഭയുടെ മുന്നിലായിരിക്കാം, പൂഞ്ഞാര്‍ എംഎല്‍എയുടെ വീട്ടിലേക്കുള്ള മാര്‍ച്ച് ആയിരിക്കാം, സ്ത്രീകളെ അധിക്ഷേപിക്കുന്നവരുടെ വീടുകളിലേക്ക് പ്രകടനമാവാം, എല്ലാ ജില്ലകളിലും ജാഗ്രതാസദസ്സ് സംഘടിപ്പിച്ചുകൊണ്ടാവാം, സെക്രട്ടറിയേറ്റ് മാര്‍ച്ച് ആവാം. മുന്‍കൂട്ടി തീരുമാനിച്ച ഒരു രൂപം ഇതിനില്ല. കന്യാസ്ത്രീയെ തുടര്‍ച്ചയായി അപമാനിച്ച് സംസാരിക്കുന്ന പി സി ജോര്‍ജിനെതിരെ ഒപ്പു ശേഖരണം നടത്താനും അദ്ദേഹത്തെ ഉപരോധിക്കാനും എസ് ഒ എസും, സ്ത്രീ സംഗമവും തീരുമാനിച്ചിട്ടുണ്ട്. ജോര്‍ജിനെതിരെ ശക്തമായ നടപടികള്‍ ആവശ്യപ്പെടും. അദ്ദേഹത്തിനെതിരെ കുറ്റപത്രവും തയ്യാറാക്കും. അധാര്‍മ്മികമായി പ്രവര്‍ത്തിക്കുകയും ജീവിക്കുകയും ചെയ്യുന്ന പി സി ജോര്‍ജ് നിയമസഭ എത്തിക്സ് കമ്മറ്റി അംഗമായി തുടരുന്നത് വിരോധാഭാസമാണ്. നിയമസഭാ സാമാജികരുടെ ധാര്‍മ്മികത അളക്കുകയും പരിശോധിക്കുകയും ചെയ്യേണ്ട അദ്ദേഹത്തിന്റെ പെരുമാറ്റം വാസ്തവത്തില്‍ കൊഞ്ഞനംകുത്തുന്നതിന് തുല്യമാണ്. ഒരു നേതാവും ഒരു സ്ത്രീക്കെതിരെയും ഒരു ഇരക്കെതിരെയും ഇത്തരത്തില്‍ സംസാരിക്കരുത്. ആ സംസാരമുണ്ടാവുന്നത് അവരുടെ ധാര്‍ഷ്ട്ര്യത്തില്‍ നിന്നാണ്. അത് കേരളത്തിലെ ജനങ്ങള്‍ അവസാനിപ്പിച്ച് കൊടുക്കണം. അതിനുകൂടി വേണ്ടിയാണ് സമരം.’– അദ്ദേഹം പറഞ്ഞു.

അതേസമയം ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരത്തിനിറങ്ങിയ കന്യാസ്ത്രീകള്‍ സമരത്തിന്റെ തുടര്‍ച്ചയില്‍ പങ്കെടുക്കുന്ന കാര്യം ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല എന്നും ഫാ. വട്ടോളി പറഞ്ഞു. നിലവില്‍ അവര്‍ പങ്കെടുക്കാനിടയില്ലെന്നും എന്നാല്‍ കേസ് അട്ടിമറിക്കപ്പെടുന്ന ഒരു സാഹചര്യമുണ്ടായാല്‍ വീണ്ടും അവര്‍ രംഗത്ത് വരാനാണ് സാധ്യതയെന്നും ഫാദര്‍ കൂട്ടിച്ചേര്‍ത്തു.

ഞായറാഴ്ച ഇക്കാര്യം ചര്‍ച്ച ചെയ്യാനായി സ്ത്രീസംഗമം നടന്നിരുന്നു. പ്രൊഫ. പി. ഗീത, കെ. അജിത, സാറാ ജോസഫ്, കുസുമം ജോസഫ്, സിസ്റ്റര്‍ ടീന, കെ. കെ. രമ, കെ. വി. ഭദ്രകുമാരി എന്നിവര്‍ സംഗമത്തില്‍ പങ്കെടുക്കുകയും എസ് ഒ എസിന്റെ നേതൃത്വത്തില്‍ രണ്ടാംഘട്ട സമരം പ്രഖ്യാപിക്കുകയുമായിരുന്നു.

നീതിക്ക് വേണ്ടി സംസാരിക്കുന്നവരെ നിന്ദിക്കുകയും അപമാനിക്കുകയും ചെയ്യുന്ന പി സി ജോര്‍ജിനെപ്പോലുള്ളവര്‍ക്കെതിരെയാണ് സമരമെന്നും ഇനി ഒരു നേതാവും ഒരു സ്ത്രീയെയും തെറി വിളിക്കാന്‍ ധൈര്യം കാണിക്കാത്ത തരത്തിലുള്ള ശിക്ഷാ നടപടികള്‍ ഇക്കാര്യത്തില്‍ ഉണ്ടാവണമെന്നതാണ് തങ്ങളുടെ ആവശ്യമെന്നും സ്ത്രീസംഗമത്തില്‍ പങ്കെടുത്ത പ്രൊഫ. പി. ഗീത പ്രതികരിച്ചു. ‘ഒരു ആരോപണം വരുമ്പോള്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് സസ്പന്‍ഡ് ചെയ്യപ്പെടുന്നത് പോലെയാണ് ഫ്രാങ്കോയുടെ അറസ്റ്റ്. സമൂഹത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടു എന്നേയുള്ളൂ. അല്ലാതെ ശിക്ഷ ലഭിച്ചിട്ടില്ല. അതിന് അന്വേഷണം തുടരേണ്ടതുണ്ട്. യഥാര്‍ഥത്തില്‍ സമരം ഇപ്പോള്‍ തുടങ്ങുകയാണ്. കെ എം മാണിയും പി സി ജോര്‍ജും, പള്ളിയിലെ ഉന്നതാധികാരികളും ഫ്രാങ്കോയെ ജയിലില്‍ സന്ദര്‍ശിച്ചു. മതപരമായ ശുശ്രൂഷയുടെ ഭാഗമായാണ് താന്‍ ബിഷപ്പിനെ കണ്ടതെന്നാണ് കെ എം മാണി പ്രതികരിച്ചത്. എത്രയോ പേര്‍ കേരളത്തിലെ വിവിധ ജയിലുകളില്‍ കഴിയുന്നു. മതപരമായ ശുശ്രൂഷയുടെ ഭാഗമായി അദ്ദേഹം ഇതിനുമുമ്പ് എത്രപേരെ ഇത്തരത്തില്‍ സന്ദര്‍ശിച്ചിട്ടുണ്ട്? ഇവരെല്ലാം വളരെയധികം രാഷ്ട്രീയ സ്വാധീനവും ശക്തിയുമുള്ളവരാണ്. അതിനാല്‍ ആ ശക്തിയും സ്വാധീനവും ബിഷപ്പിനെ സംരക്ഷിക്കാന്‍ ഉപയോഗിക്കപ്പെട്ടേക്കാം. ഏതെങ്കിലും സ്ത്രീ ഒരു പുരുഷനെതിരെ പരാതി പറഞ്ഞാല്‍, ആ സ്ത്രീയ്ക്കെതിരെ അസഭ്യവര്‍ഷം ചൊരിയുന്നയാളാണ് പി സി ജോര്‍ജ് എന്ന മനുഷ്യന്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ കണ്ണിച്ചോരയില്ലാതെ ആ സ്ത്രീയെ കുറ്റക്കാരിയാക്കിയും അപഹസിച്ചും എത്തിയയാളാണ് ജോര്‍ജ്. സമീപകാലത്തെ അദ്ദേഹത്തിന്റെ നിലപാടുകളും സമീപനവുമെല്ലാം അത്തരത്തിലാണ്. ആക്ഷേപമുണ്ടായാലും യാതൊരു തിരുത്തും നിയന്ത്രണവുമില്ലാതെ അതങ്ങനെ തന്നെ തുടരുകയുമാണ്. ഇതെല്ലാംകൊണ്ട് തന്നെ കേസ് അട്ടിമറിക്കപ്പെട്ടേക്കും എന്ന ഉത്കണ്ഠ സമരസമിതിക്കും പുറത്തുനില്‍ക്കുന്ന എന്നെപ്പോലുള്ളവര്‍ക്കുമുണ്ട്. അതിനാലാണ് സമരം തുടരുക എന്ന തീരുമാനത്തിലേക്കെത്തിയത്. ചരിത്രത്തിലെ തന്നെ ഒരു ഏടാണ് കന്യാസ്ത്രീകളുടെ സമരം. എന്നാല്‍ സഭയിലെ മറ്റ് കന്യാസ്ത്രീകള്‍ തന്നെ മുഖ്യമന്ത്രിയെ കണ്ട് ബിഷപ്പ് തെറ്റുകാരനല്ല എന്നറിയിച്ചിരിക്കുകയാണ്. ഇതെല്ലാമാവുമ്പോള്‍ ഇരയ്ക്ക് ഒരുപക്ഷേ നീതി നിഷേധിക്കപ്പെട്ടേക്കാം എന്ന സാഹചര്യവുമുണ്ട്. അതിനാല്‍ യഥാര്‍ഥ സമരം ഇനി തുടങ്ങുകയാണ്.’– ഗീത വ്യക്തമാക്കി.

സമരപരിപാടികള്‍ എന്ന് ആരംഭിക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. എന്നാല്‍ എത്രയും പെട്ടെന്ന് അതിനുള്ള നടപടികള്‍ ആംരഭിക്കുമെന്ന് കണ്‍വീനര്‍ ഫാ.വട്ടോളി കൂട്ടിച്ചേര്‍ത്തു.

“അന്ത്യവിധി ദിനത്തില്‍ ദൈവം നമ്മോടു ചോദിക്കും; ഞാന്‍ കാരാഗൃഹത്തില്‍ ആയിരുന്നപ്പോള്‍ എന്തുകൊണ്ട് ആശ്വസിപ്പിക്കാന്‍ വന്നില്ല”; മാണി വാക്യം

ഫാദര്‍ നിക്കോളാസ് മണിപ്പറമ്പില്‍ കുറവിലങ്ങാട് മഠം സന്ദര്‍ശിച്ചതിന് പിന്നില്‍

അതിനാടകീയതകളുടെ നാല് ദിനങ്ങള്‍; ഒടുവില്‍ ഫ്രാങ്കോ പെട്ടു

ഫ്രാങ്കോയെ സഭ വിശുദ്ധനാക്കിയേക്കാം; ശശിക്ക് സ്വരാജിന്റെ വക നൂറ് ചുവപ്പൻ അഭിവാദ്യങ്ങളും കിട്ടുമായിരിക്കും

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍