UPDATES

ട്രെന്‍ഡിങ്ങ്

‘അവര്‍ വട്ടോളി അച്ചനെ ഭയപ്പെടുന്നു’- സേവ് ഔവര്‍ സിസ്റ്റേഴ്‌സ് പറയുന്നു

ഫാ. അഗസ്റ്റിന്‍ വട്ടോളി നടത്തിയ പല പോരാട്ടങ്ങളിലും ഒപ്പം നിന്ന സഭ ഇപ്പോള്‍ അദ്ദേഹത്തെ വിചാരണ ചെയ്യുന്നതെന്തുകൊണ്ട്?

സേവ് ഔവര്‍ സിസ്റ്റേഴ്‌സ്(എസ്ഒഎസ്) മൂവ്‌മെന്റിന്റെ ഭാഗമായി നില്‍ക്കുന്നത് മാത്രമാണോ ഫാ. അഗസ്റ്റിന്‍ വട്ടോളിക്കെതിരേ നടപടിക്കൊരുങ്ങാന്‍ എറണാകുളം-അങ്കമാലി അതിരൂപത നേതൃത്വത്തിനെ പ്രേരിപ്പിച്ചത്? അല്ലെന്നാണ് എസ് ഒ എസ് മൂവ്‌മെന്റ് പ്രതിനിധികള്‍ പറയുന്നത്. ബിഷപ്പ് ഫ്രാങ്കോ പ്രതിയായ കന്യാസ്ത്രീ പീഡനക്കേസില്‍ നീതി കിട്ടാനായി നടത്തുന്ന പോരാട്ടം മാത്രമല്ല, ഫാ. വട്ടോളിക്കെതിരേയുള്ള പ്രതികാര നടപടികള്‍ക്ക് കാരണം. സഭയിലെ പല ഉന്നതന്മാരും അദ്ദേഹത്തെ ഭയക്കുന്നുണ്ടെന്നും അവരുടെയെല്ലാം നിലനില്‍പ്പിന്റെ ആവശ്യമാണ് ഫാ. വട്ടോളി നിശബ്ദനാകേണ്ടതെന്നാണ് അവര്‍ പറയുന്നത്.

ഫാ. അഗസ്റ്റിന്‍ വട്ടോളി എന്ന പുരോഹിതന്‍ സാമൂഹിക നീതിക്കുവേണ്ടി പലയിടങ്ങളിലും പോരാടിയിട്ടുണ്ട്. ആ പോരാടിയ സ്ഥലങ്ങളിലെല്ലാം സഭ അച്ചന്റെ കൂടെ നിന്നിട്ടുമുണ്ട്. പെരിയാര്‍ മലിനമാക്കുന്നതിനെതിരേ അച്ചന്റെ നേതൃത്വത്തില്‍ നടന്ന നില്‍പ്പ് സമരം ഉത്ഘാടനം ചെയ്തത് കര്‍ദിനാള്‍ ആയിരുന്നു. അച്ചന്റെ പല സമരങ്ങളിലും ഇവിടുത്തെ പുരോഹിതര്‍ പങ്കെടുത്തിട്ടുണ്ട്. മെത്രന്മാര്‍ ഉദ്ഘാടകരായിട്ടുണ്ട്. പക്ഷേ, ഇപ്പോള്‍ നടത്തുന്ന പോരാട്ടത്തില്‍ അച്ചന്‍ എന്തുകൊണ്ട് വെറുക്കപ്പെട്ടവനാകുന്നു? കാരണം, ഇവിടെ അനീതി കാണിച്ചിരിക്കുന്നത് സഭയിലെ ഒരു അധികാരിയാണ്. പക്ഷേ, വട്ടോളി അച്ചന്‍ എന്നും വട്ടോളി അച്ചന്‍ തന്നെയാണ്. അച്ചന് അങ്ങനെ തരംപോലെ മാറാന്‍ പറ്റില്ല. സഭ എതിരു നിന്നാലും അച്ചന്റെ സ്വഭാവത്തില്‍ മാറ്റം വരില്ല. അതുതന്നെയാണ് സഭയ്ക്ക് അച്ചന്‍ ശത്രുവായതിനു കാരണവും; പുറത്തു നടന്ന അനീതികള്‍ക്കെതിരേ സമരം ചെയ്ത ഫാ. വട്ടോളിക്ക് എല്ലാ പിന്തുണയും കൊടുത്ത് കൂടെ നിന്ന സഭയുടെ ഇപ്പോഴത്തെ മാറ്റത്തിന്റെ കാരണം ചൂണ്ടിക്കാണിക്കപ്പെടുന്നത് ഇങ്ങനെയാണ്.

വട്ടോളി അച്ചന്‍ അന്നൊന്നും സഭയ്ക്ക് അനഭിമതനായിരുന്നില്ല. അച്ചന്‍ ചെയ്യുന്നതൊക്കെയും ശരിയായിരുന്നു. എന്നാലിപ്പോള്‍ സഭ നേതൃത്വത്തിന് അദ്ദേഹം അനഭിമതനായി തീര്‍ന്നിരിക്കുന്നു. അച്ചനെതിരേയുള്ള കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നത് അദ്ദേഹം സഭവിരുദ്ധരും കലാപാരികളും അവിശ്വാസികളും ആയവരോട് അടുത്ത ബന്ധം പുലര്‍ത്തുന്നുവെന്നാണ്. സഭയേയും ക്രിസ്തു മതത്തേയും തകര്‍ക്കാന്‍ നടക്കുന്നവരാണ് ഈ സംഘങ്ങളെന്നാണ് സഭയുടെ ആക്ഷേപം. ഇതേ വട്ടോളി അച്ചന്‍ ആദിവാസികള്‍ക്കു വേണ്ടി സമരം ചെയ്തിട്ടുണ്ട്. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു വേണ്ടി പോരാടിയിട്ടുണ്ട്. ആ പോരാട്ടങ്ങളില്‍ ഇന്നിവര്‍ ആക്ഷേപിക്കുന്ന അവിശ്വാസികളും കലാപകാരികളും തീവ്രനിലപാടുകാരുമൊക്കെയുണ്ടായിരുന്നു അച്ചന്റെ കൂടെ. സഭയിലെ പുരോഹിതന്മാരും മെത്രാന്മാരുമൊക്കെ ഇതേ സമരങ്ങള്‍ക്ക് പിന്തുണ കൊടുക്കുകയും പങ്കാളിയാവുകയുമൊക്കെ ചെയ്തതാണല്ലോ. ഇപ്പോള്‍ അതൊക്കെ മറന്നോ? അതോ ഇപ്പോള്‍ അച്ചന്‍ ശബ്ദം ഉയര്‍ത്തുന്ന കുറ്റവാളി തങ്ങളുടെ സ്വന്തം ആളായതുകൊണ്ട് അച്ചനെ എതിര്‍ക്കുകയാണോ? എസ് ഒ എസ് പ്രതിനിധി ഷൈജു ആന്റണി ചോദിക്കുന്നു.

ഫാദര്‍ അഗസ്റ്റിന്‍ വട്ടോളിയെ കുടുക്കാന്‍ ബിഷപ്പുമാര്‍ ഒരുങ്ങിയിരിക്കുകയായിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്. അതിനൊരു കാരണം കിട്ടിയതാണ് സേവ് ഔവര്‍ സിസ്റ്റേഴ്‌സ് മൂവ്‌മെന്റ്. ആറ് ആഴ്ച്ച മുമ്പ് തിരുവനന്തപുരത്ത് നടത്തുന്ന ധര്‍ണയെക്കുറിച്ച് പ്രഖ്യാപനം നടത്തിയതാണ്. എന്നിട്ടാണ് ധര്‍ണയ്ക്ക് രണ്ടു ദിവസം മുമ്പ് അച്ചന് അവര്‍ നോട്ടീസ് കൊടുത്തത്. പരിപാടിയില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് വിലക്കാണ് നല്‍കിയത്. വിശദീകരണം ചോദിച്ചതുപോലുമല്ല. പരിപാടിക്ക് രണ്ടു ദിവസം മുമ്പ് മാത്രം അത്തരമൊരു നോട്ടീസ് നല്‍കിയതിനു പുറകില്‍ അച്ചനെക്കൊണ്ട് ബോധപൂര്‍വം ഒരു അനുസരണക്കേട് ചെയ്യിക്കണം എന്നതായിരുന്നു ഉദ്ദേശം. അച്ചനെതിരേ അച്ചടക്ക നടപടിയെടുക്കാന്‍ വേണ്ടി. ഒരു കെണിയൊരുക്കല്‍. എന്നിട്ടും അച്ചന്‍ മാന്യത കാണിച്ചു. അച്ചനായിരുന്നു ജാഥയ്ക്ക് നേതൃത്വം കൊടുക്കേണ്ടിയിരുന്നതെങ്കിലും അദ്ദേഹം അതില്‍ നിന്നും ഒഴിഞ്ഞു. മുഖ്യപ്രഭാഷണം നടത്തേണ്ടിയരുന്നിട്ടും രണ്ട് വാക്ക് സ്വാഗതം മാത്രം പറഞ്ഞു പിന്മാറി. മാധ്യമങ്ങളോട് സംസാരിക്കാന്‍ പോലും അദ്ദേഹം തയ്യാറായില്ല. എന്തുകൊണ്ട് അച്ചന്‍ ഇങ്ങനെയൊക്കെ ചെയ്യുന്നു എന്ന് എസ് ഒ എസ് അപ്പോള്‍ മനസിലായിരുന്നില്ല. അച്ചന് വിലക്ക് ഏര്‍പ്പെടുത്തി നോട്ടീസ് നല്‍കിയ കാര്യം ഞങ്ങള്‍ പിന്നീടാണ് അറിയുന്നത്. പരമാവധി അച്ചന്‍ സഭയെ അനുസരിക്കുകയാണ് ചെയ്തതെങ്കിലും അവര്‍ അച്ചനെതിരേ കുറ്റപത്രം എഴുതി.

ഫാ. അഗസ്റ്റിന്‍ വട്ടോളിയെ എന്തുകൊണ്ട് സഭ നേതൃത്വം പേടിക്കുന്നുവെന്നും ഇവര്‍ പറയുന്നുണ്ട്. വട്ടോളി അച്ചന്‍ ശബ്ദം ഉയര്‍ത്തിയ ആലഞ്ചേരി പിതാവിനെതിരേ റോമില്‍ നിന്നും നടപടിയുണ്ടായി, വട്ടോളി അച്ചന്‍ ശബ്ദം ഉയര്‍ത്തിയ ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരേയും റോമില്‍ നിന്നും നടപടിയുണ്ടായി. ഈ രണ്ട് നടപടികളും വിശ്വാസികള്‍ക്കിടയില്‍ വലിയതോതില്‍ സ്വാതന്ത്ര്യ ചിന്തകള്‍ ഉയര്‍ത്തി. തെറ്റു കണ്ടാല്‍ വിളിച്ചു പറയാനുള്ള ആര്‍ജ്ജവം പുരോഹിതര്‍ക്കിടയിലും അല്‍മായര്‍ക്കിടയിലും ഉണ്ടായി. പല മെത്രാന്മര്‍ക്കുമെതിരേ വലിയ തോതില്‍ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു തുടങ്ങുകയാണ്. ഇതൊക്കെ പലരേയും പേടിപ്പിച്ചു. ആളുകള്‍ മാറി ചിന്തിക്കാന്‍ തുടങ്ങിയാല്‍ തങ്ങളുടെ ഭാവി അപകടത്തിലാകുമെന്നവര്‍ ഭയന്നു. ഈ മാറ്റത്തിന് വട്ടോളി അച്ചന്‍ ചെലുത്തിയ സ്വാധീനം വലുതാണ്. വട്ടോളി അച്ചനെ സഭയ്ക്കുള്ളില്‍ വച്ചുകൊണ്ടിരുന്നാല്‍ പ്രശ്‌നമാകുമെന്ന് മനസിലാക്കിയവര്‍ അദ്ദേഹത്തെ ടാര്‍ഗറ്റ് ചെയ്തു. അച്ചനെ നിശബ്ദനാക്കി മറ്റുള്ളവര്‍ക്ക് മുന്നറിയിപ്പ് കൊടുക്കാമെന്നു കണക്കുകൂട്ടി. എറണാകുളം-അങ്കമാലി അതിരൂപതയില്‍ സ്വതന്ത്രചിന്താഗതിക്കാരും ചോദ്യം ഉയര്‍ത്തുന്നവരും പുരോഹിതര്‍ക്കും അല്‍മായര്‍ക്കിടയിലും കൂടി വരികയാണ്. എല്ലാവര്‍ക്കുമുള്ള താക്കീതായി അവര്‍ വട്ടോളി അച്ചനെ ഉപയോഗിക്കുകയാണ്.

ഫാ. അഗസ്റ്റിന്‍ വട്ടോളിക്കെതിരേ എന്തെങ്കിലും നടപടിയെടുക്കുകയാണെങ്കില്‍ സഭ നേതൃത്വം അതിന്റെ അനന്തരഫലം നേരിടുമെന്നുള്ള മുന്നറിയിപ്പുമുണ്ട്. ആലഞ്ചേരി പിതാവിന്റെ കേസില്‍ സഭ പൊതുസമൂഹത്തിനു മുന്നില്‍ നാണംക്കെട്ടത് എങ്ങനെയാണോ, ഫ്രാങ്കോയുടെ കേസില്‍ പൊതുസമൂഹത്തിനു മുന്നില്‍ സഭ തലകുനിച്ചത് എങ്ങനെയാണോ അതിന്റെ നൂറിരട്ടി പ്രത്യാഘാതം നേരിടേണ്ടി വരും വട്ടോളി അച്ചനെ പുറത്താക്കുകയാണെങ്കില്‍ എന്നാണ് എസ് ഒ എസ് പറയുന്നത്. കേരളം സമൂഹം വട്ടോളി അച്ചന് ഒപ്പമുണ്ട്. പത്തുമുപ്പത് കൊല്ലമായി അച്ചന്റെ കൂടെയുള്ളവരുണ്ട്. അതില്‍ ക്രിസ്ത്യാനികളും ഹിന്ദുക്കളും എല്ലാ മതസ്ഥരുമുണ്ട്. കാരണം അച്ചന്‍ മതം നോക്കിയല്ല മനുഷ്യര്‍ക്കൊപ്പം നിന്നത്. ആദിവാസി ഊരുകളില്‍ അന്തിയുറങ്ങിയിട്ടുണ്ട്, കോളനികളില്‍ കഴിഞ്ഞിട്ടുണ്ട്. അങ്ങനെയുള്ള അച്ചന് വേണ്ടി നില്‍ക്കാന്‍ മനുഷ്യര്‍ ഒന്നടങ്കം എത്തും. സഭ അതോര്‍ക്കണം; ഷൈജു ആന്റണി പറയുന്നു.

അടിസ്ഥാന വര്‍ഗത്തിന്റെ മുന്നില്‍ സഭയിലെ പൗരോഹിത്യത്തിന്റെ മുഖമാണ് വട്ടോളി അച്ചന്‍. ഇക്കാര്യം സഭ മനസിലാക്കണം; ഫാ. അഗസ്റ്റിന്‍ വട്ടോളിയെ പുറത്താക്കാന്‍ ആലോചിക്കുന്ന സഭ നേതൃത്വത്തെ ഇക്കാര്യം കൂടി ഓര്‍മിപ്പിക്കുകയാണ് സേവ ഔവര്‍ സിസ്റ്റേഴ്‌സ് മൂവ്‌മെന്റ്.

Exclusive: ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി എന്ന പുരോഹിതനെ കത്തോലിക്ക സഭാ നേതൃത്വം കല്ലെറിയുന്നതിന് കാരണങ്ങള്‍ ഇതൊക്കെയാണ്

പലതും ഇനിയും പുറത്തുവരാനുണ്ട്, വട്ടോളി അച്ചന്‍ നിശബ്ദനാകേണ്ടത് അവരുടെ ആവശ്യമാണ് -കന്യാസ്ത്രീകള്‍

കന്യാസ്ത്രീയെ പീഡിപ്പിച്ച ഫ്രാങ്കോയുടെ ഫോട്ടോ കലണ്ടറില്‍, കന്യാസ്ത്രീകള്‍ക്കൊപ്പം നിന്ന ഫാ. വട്ടോളി പുറത്തേക്ക്

ചൂണ്ടിക്കാട്ടുന്നവരുടെ വിരല്‍ അവര്‍ കൊത്തിയരിയും; ഫാദര്‍ വട്ടോളിയെ പുറത്താക്കാനുള്ള സഭയുടെ നീക്കത്തിനെതിരെ സിസ്റ്റര്‍ ജെസ്മി

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍