UPDATES

സാക്ഷര കേരളമേ, ഈ ആദിവാസി കുട്ടികള്‍ക്കും പഠിക്കണം; പക്ഷേ, വീടോ ഭക്ഷണമോ ഇല്ലാതെ അവരെന്തു ചെയ്യും?

ഇനി ആരുടെയെങ്കിലും സഹായമില്ലാതെ കുട്ടികളുടെ പഠനം തുടരാനാവില്ല

‘കുഞ്ഞമ്മച്ചീ, ഞങ്ങളെ സ്‌കൂളില്‍ വിടുന്നില്യോ? ഞങ്ങക്കും പഠിക്കണ്ടായോ?’ ഈ ചോദ്യം അമ്പിളി പ്രതീക്ഷിച്ചിരുന്നതാണ്. പക്ഷെ മറുപടി പറയാന്‍ അവര്‍ പ്രാപ്തയല്ല. തങ്ങളെ പഠിക്കാന്‍ അയയ്ക്കാനുള്ള സാമ്പത്തിക ശേഷി കുഞ്ഞമ്മക്കില്ലെ ന്ന് ആഷിഷിനും അലനും അറിയാഞ്ഞിട്ടല്ല. സ്‌കൂളില്‍ പോവാനും പഠിക്കാനുമുള്ള ആഗ്രഹം കൊണ്ട് ചോദിച്ചുപോയതാണ്. അവര്‍ സ്‌കൂളില്‍ പോയില്ല. മറ്റ് കുട്ടികള്‍ സ്‌കൂളിലേക്ക് പോവുന്നത് കൊതിയോടെ നോക്കി നില്‍ക്കാനേ അവര്‍ക്കായുള്ളൂ. ആദിവാസി വിഭാഗങ്ങള്‍ക്കായി വാരിക്കോരി സഹായങ്ങള്‍ നല്‍കുന്നെന്ന് അവകാശപ്പെടുന്ന സര്‍ക്കാര്‍ ഈ ആദിവാസി കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടത് അറിഞ്ഞതുമില്ല.

അമ്മയും അച്ഛനുമില്ലാത്ത മൂന്നു കുഞ്ഞുങ്ങളുമായി ജീവിക്കുന്ന അമ്പിളിയുടെ മുന്നില്‍ കുട്ടികളുടെ വിദ്യാഭ്യാസം ചോദ്യചിഹ്നമാണ്. ‘ആകെ നല്ലതെന്ന് പറയാന്‍ ഒരു ഉടുപ്പ് മാത്രമാണ് എന്റെ കുഞ്ഞുങ്ങള്‍ക്കുള്ളത്. ബാക്കിയെല്ലാം പിഞ്ഞിക്കീറി പുറത്തിടാന്‍ പറ്റാത്ത പരുവമാണ്. എന്റെ ചേച്ചിയുടെ കുഞ്ഞുങ്ങളാണ്. ചേച്ചി അഞ്ച് വര്‍ഷം മുമ്പ് മരിച്ചു. രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ ഇവരുടെ അച്ഛനും മരിച്ചു. ചേച്ചി മരിച്ച അന്നു മുതല്‍ മൂന്ന് കുട്ടികളും എന്റെ കൂടെയാണ്. മൂത്ത മകന്‍ അനന്തപദ്ഭനാഭന്‍ കഴിഞ്ഞ വര്‍ഷം എസ്.എസ്.എല്‍.സി. ജയിച്ചെങ്കിലും പഠിപ്പിക്കാന്‍ നിവൃത്തിയില്ലാത്തതുകൊണ്ട് തല്‍ക്കാലം വിട്ടില്ല. ഇളയ കുഞ്ഞുങ്ങളുടെ പഠിപ്പ് മുടക്കാതെ ഇത്രയും വരെയൊക്കെ ഞാനെത്തിച്ചു. ഓരോ വീട്ടിലും പാത്രം കഴുകിയും തൂത്തുവാരിയുമൊക്കെ കിട്ടുന്ന കാശ് കൊണ്ടാണ് ഇവരെ പട്ടിണിക്കിടാതെ വളര്‍ത്തുന്നത്. ഇനിയും എന്റെ കുഞ്ഞുങ്ങളെ പഠിപ്പിക്കണമെന്ന് ആഗ്രഹമില്ലാഞ്ഞിട്ടല്ല. എന്നെക്കൊണ്ട് ഒക്കുന്നില്ല. സ്‌കൂളിലേയ്ക്ക് കുഞ്ഞുങ്ങളെ അയയ്ക്കണമെങ്കില്‍ കാശ് വേണ്ടേ. പുസ്തകം വാങ്ങണം, ഉടുപ്പ് വാങ്ങണം. ഇതിനെന്റെ കയ്യില്‍ കാശില്ല. അതുകൊണ്ടാണ് ഇന്നവര്‍ക്ക് സ്‌കൂളില്‍ പോവാനൊക്കാത്തത്. പാവപ്പെട്ടവന്റെ വീട്ടിലെ പിള്ളേരുടെ ഗതി ഇതായിരിക്കും’ ആഷിഷിന്റേയും അലന്റേയും അമ്മയുടെ സഹോദരി അമ്പിളി പറയുന്നു.

ആലപ്പുഴ പുറക്കാട് സ്വദേശികളായ ഇവര്‍ ഇപ്പോള്‍ തിരുവനന്തപുരം കോവളത്തിനടുത്ത് വെള്ളൂരിലുള്ള ഒരു ബന്ധുവിന്റെ വീട്ടില്‍ താത്കാലികമായി താമസിക്കുകയാണ്. പുറക്കാട് കിഴക്ക് പൂക്കൈതയാറിന് സമീപം പട്ടികവര്‍ഗ വികസന വകുപ്പ് അനുവദിച്ച മൂന്ന് സെന്റ് ഭൂമിയില്‍ ഷെഡ്ഡ് കെട്ടിയായിരുന്നു ഇവരുടെ താമസം. എന്നാല്‍ ഏത് സമയത്തും ഇവിടെ വെള്ളക്കെട്ടായിരിക്കും. നനഞ്ഞ് കുതിര്‍ന്ന പായില്‍ കിടന്നാണ് അമ്പിളിയും കുഞ്ഞുങ്ങളും ഉറങ്ങിയിരുന്നത്. വൈദ്യുതിയോ, കുടിക്കാന്‍ വെള്ളമോ, വഴിയോ പോലുമില്ലാത്ത ഈ സ്ഥലത്തു നിന്ന് കുട്ടികളെ മാറ്റാനായാണ് കൊല്ലം പ്രീമെട്രിക് ഹോസ്റ്റലില്‍ പ്രവേശിപ്പിച്ചത്. ആഷിഷിനെ കൊല്ലം എസ്.എന്‍.ട്രസ്റ്റ് സ്‌കൂളിലും അലനെ മുണ്ടക്കല്‍ യു.പി. സ്‌കൂളിലുമാക്കി. എന്നാല്‍ കഴിഞ്ഞ വര്‍ഷം 12-കാരനായ അലന്‍ കുസൃതി കാണിച്ചതിന്റെ പേരില്‍ ഈ വര്‍ഷം പ്രീമെട്രിക് ഹോസ്റ്റലില്‍ പ്രവേശനം നല്‍കാനാവില്ലെന്ന് ഹോസ്റ്റല്‍ വാര്‍ഡന്‍ അറിയിച്ചതായി അമ്പിളി പറയുന്നു. ഇതോടെ തിരുവനന്തപുരത്തെ ബന്ധുവിന്റെ വീടിനോട് ചേര്‍ന്നുള്ള വാഴമുട്ടം ഹൈസ്‌കൂളില്‍ കുട്ടികളെ അയയ്ക്കാന്‍ തീരുമാനിച്ചു. എന്നാല്‍ സ്‌കൂളില്‍ അയയ്ക്കാനുള്ള പണമില്ലാത്തതുകൊണ്ട് ഈ തീരുമാനം ഉപേക്ഷിക്കുകയായിരുന്നു.

‘കുഞ്ഞുങ്ങളെ തിരുവനന്തപുരത്തെ സ്‌കൂളില്‍ ചേര്‍ത്താല്‍ എനിക്ക് ഇവിടെ വീട്ടുജോലികള്‍ ചെയ്ത് ചെലവിനുള്ള പൈസയെങ്കിലുമുണ്ടാക്കാമെന്നായിരുന്നു കരുതിയത്. ആലപ്പുഴയിലെ വീട്ടിലേക്ക് ഇനി പോവാനാവില്ല. വീടെന്ന് പറയാന്‍ ഒന്നുമില്ല. ഷീറ്റ് വലിച്ചു കെട്ടി മേല്‍ക്കൂരയുണ്ടാക്കിയിട്ടുണ്ടെന്ന് മാത്രം. അവിടെ ഈ കുഞ്ഞുങ്ങളെ നിര്‍ത്താനാവില്ല. വീട് വച്ച് നല്‍കാമെന്ന് പട്ടികവര്‍ഗ ക്ഷേമ വകുപ്പ് അധികൃതരും പഞ്ചായത്ത് പ്രതിനിധികളുമെല്ലാം പറഞ്ഞിരുന്നു. പക്ഷെ അതൊന്നും എവിടെയുമെത്തിയില്ല. ഞങ്ങള്‍ ഉള്ളാട സമുദായത്തില്‍ നിന്നുള്ളവരാണ്. ഞങ്ങളെ ജീവിക്കാന്‍ സര്‍ക്കാര്‍ സഹായിക്കുമെന്നാണ് പറയുന്നത്. പക്ഷെ ആരും സഹായിക്കില്ല. ഞങ്ങളുടെയെല്ലാം ജീവിതം ഇങ്ങനെ തീരാനുള്ളതാണ്. എവിടെയോ, എങ്ങനെയോ ജീവിച്ച് മരിച്ച് പോവാനുള്ളവരാണ്. ജീവിച്ചിരിക്കുമ്പോഴല്ലേ ഞങ്ങള്‍ക്ക് സഹായം കിട്ടേണ്ടത്. എനിക്കെന്തെങ്കിലും സംഭവിച്ചു പോയാല്‍ ഈ കുഞ്ഞുങ്ങള്‍ക്ക് ഒരു കിടപ്പാടം പോലുമില്ലാത്ത സ്ഥിതിയാണ്. അവര്‍ക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കാന്‍ പോലും ആരുമുണ്ടാവില്ല. അതുകൊണ്ടാണ് പഠിപ്പിക്കണമെന്ന ആഗ്രഹം. പഠിച്ച് എവിടെയെങ്കിലും ജോലി കിട്ടി സ്വന്തം നിലയ്ക്ക് നില്‍ക്കാനായാല്‍ എനിക്ക് ധൈര്യമായി മരിക്കുകയെങ്കിലും ചെയ്യാമല്ലോ’ അമ്പിളിയുടെ വാക്കുകള്‍.

ഇനി ആരുടെയെങ്കിലും സഹായമില്ലാതെ കുട്ടികളുടെ പഠനം തുടരാനാവില്ല. ആദിവാസി വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് ലഭിയ്ക്കുന്ന ഗ്രാന്റ് കുട്ടികള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം വാങ്ങാന്‍ പോലും തികയാറില്ലെന്നും അമ്പിളി പറയുന്നു. ‘സ്‌കൂളില്‍ പോവണമെന്ന് ആഗ്രഹമുണ്ട്. പഠിയ്ക്കാന്‍ ഇഷ്ടവുമാണ്. ഞങ്ങളെ ഒന്ന് സഹായിക്കുമെങ്കില്‍ നന്നായിരുന്നു’ പത്താം ക്ലാസിലേക്ക് ജയിച്ച ആഷിഷിന് പറയാനുള്ളത് ഇതുമാത്രം.

ഈ കുടുംബത്തെ സഹായിക്കാന്‍ താത്പര്യമുള്ളവര്‍ക്ക്: അമ്പിളിയുടെ ഫോണ്‍ നമ്പര്‍- 9633029465

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍