UPDATES

ട്രെന്‍ഡിങ്ങ്

എല്‍കെജി വിദ്യാര്‍ത്ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ സ്‌കൂള്‍ ബസ് ജീവനക്കാരന്‍ അറസ്റ്റില്‍; സ്കൂളിന്റെ സല്‍പ്പേര് പറഞ്ഞ് കുറ്റം മൂടിവയ്ക്കാന്‍ അധികൃതര്‍ ശ്രമിച്ചെന്നും ആരോപണം

കൊല്ലം കര്‍ബലയില്‍ സ്ഥിതി ചെയ്യുന്ന സ്‌കൂളിനെതിരെയാണ് ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുളളവര്‍ പരാതി ഉയര്‍ത്തുന്നത്.

നാലു വയസുകാരിയായ എല്‍കെജി വിദ്യാര്‍ത്ഥിനിക്കെതിരേ മധ്യവയസ്‌കനായ സ്‌കൂള്‍ ബസ് ജീവനക്കാരന്റെ ലൈംഗികാതിക്രമം. ഗുരുതരമായൊരു കുറ്റമായിട്ടും ഇക്കാര്യം മറച്ചുവച്ച് പ്രതിയെ സംരക്ഷിക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് ശ്രമിച്ചുവെന്നും പരാതി. കൊല്ലം കര്‍ബലയില്‍ സ്ഥിതി ചെയ്യുന്ന സ്‌കൂളിനെതിരെയാണ് ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ പരാതി ഉയര്‍ത്തുന്നത്. പ്രതിയെ രക്ഷിക്കാനും സംഭവം പുറത്തറിയാതെ മൂടിവയ്ക്കാനും കേസ് ഒതുക്കാനും സ്‌കൂള്‍ മാനേജ്‌മെന്റ് ശ്രമിച്ചെന്നാണ് ആരോപണം. വിദ്യാര്‍ത്ഥിനിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായ ശിവപ്രസാദിനെ (കുട്ടന്‍) അറസ്റ്റ് ചെയ്തിട്ടുണ്ട്. അമ്പത്തേഴുകാരനായ ശിവപ്രസാദിനെതിരേ പോക്സോ നിയമ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

ഓഗസ്റ്റ് 19 -നായിരുന്നു വിദ്യാര്‍ത്ഥിനി ഉപദ്രവിക്കപ്പെട്ടത്. പ്രീ പ്രൈമറി വിദ്യാര്‍തികള്‍ക്കുള്ള സ്‌കൂള്‍ ബസില്‍ വച്ചായിരുന്നു ശിവപ്രസാദ് കുട്ടിയെ ഉപദ്രവിക്കുന്നത്. പ്രീ പ്രൈമറി കുട്ടികളെ വിട്ട ശേഷമാണ് മറ്റു കുട്ടികളുടെ സ്‌കൂള്‍ സമയം കഴിയുന്നത്. ഈ കുട്ടികള്‍ കൂടി വരാന്‍ കാത്തിരിക്കുന്നതിനിടയിലാണ് ശിവപ്രസാദ് കുട്ടിയെ ബസിന്റെ പിന്‍സീറ്റില്‍ കൊണ്ടു പോയി ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. അന്നേ ദിവസം രാത്രിയില്‍ കുട്ടി അമ്മയോട് കാര്യങ്ങള്‍ പറഞ്ഞപ്പോഴാണ് ശിവപ്രസാദിന്റെ ക്രൂരത പുറത്തറിയുന്നത്. തുടര്‍ന്നു വീട്ടുകാര്‍ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ശിവപ്രസാദിനെ ചോദ്യം ചെയ്‌തെങ്കിലും ആദ്യം ഇയാള്‍ എല്ലാം നിഷേധിക്കുകയാണുണ്ടായത്. തുടര്‍ന്നു കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. കൊല്ലം വിക്ടോറിയ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ശിവപ്രസാദ് കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്നു ബോധ്യപ്പെട്ടു. കൊല്ലം ചൈല്‍ഡ് വെല്‍ഫെയല്‍ കമ്മിറ്റിയിലെ കൗണ്‍സിലിംഗ് വിദഗ്ദ സംസാരിച്ചപ്പോഴും ശിവപ്രസാദ് തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ച കാര്യം കുട്ടി തുറന്നു പറയുകയുണ്ടായി.

കുട്ടിക്കെതിരേ ലൈംഗികാതിക്രമം നടന്നുവെന്നു സ്ഥിരീകരിക്കപ്പെട്ടതോടെ ശിവപ്രസാദിനെ സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫിസില്‍ കൊണ്ടുപോയി വിശദമായി ചോദ്യം ചെയ്തു. ഇതോടെ ഇയാള്‍ എല്ലാം സമ്മതിച്ചു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. അതേസമം, പ്രതിയായ ശിവപ്രസാദ് മറ്റു കുട്ടികളെയും ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന വിവരവും പോലീസിന് കിട്ടിയിട്ടുണ്ട്. അഞ്ചുതവണ താന്‍ ഇത്തരത്തില്‍ കുട്ടികളെ ഉപദ്രവിച്ചിട്ടുണ്ടെന്ന് പ്രതി തന്നെയാണ് പോലീസിനോട് സമ്മതിച്ചത്. എന്നാല്‍ ഇതേ സ്‌കൂളിലെ കുട്ടികളെ തന്നെയാണോ ഇയാള്‍ ഉപദ്രവിച്ചിരിക്കുന്നതെന്ന കാര്യം പോലീസ് വ്യക്തമാക്കിയിട്ടില്ല. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണ് ഇരകളായി വരുന്നതെന്നതിനാല്‍ കേസുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം പുറത്തു പറയുന്നതില്‍ നിയമതടസം ഉണ്ടെന്ന് കൊല്ലം ഈസ്റ്റ് സ്റ്റേഷന്‍ അധികൃതര്‍ പറഞ്ഞു.

അതേസമയം, ഈ വിഷയം പുറത്തുവരാതെ മൂടിവയ്ക്കാന്‍ സ്‌കൂള്‍ മനേജ്‌മെന്റ് ശ്രമിച്ചെന്ന ഇതേ സ്‌കൂളിലെ തന്നെ മറ്റു വിദ്യാര്‍ത്ഥികളുടെ പരാതിയാണ് ഈ വാര്‍ത്തയിലെ ഗൗരവമേറിയ പ്രശ്‌നം. ഓഗസ്റ്റ് 19-ന് തന്നെ ശിവപ്രസാദ് ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന കാര്യം കുട്ടി മാതാപിതാക്കളോട് പറഞ്ഞതാണ്. അവര്‍ പിറ്റേദിവസം തന്നെ പോലീസില്‍ പരാതിയും നല്‍കി. അന്നേ ദിവസം തന്നെ സ്‌കൂളില്‍ എത്തിയും കുട്ടിയുടെ മാതാപിതാക്കള്‍ വിവരം പറയുകയും സ്‌കൂള്‍ അധികൃതരോട് വിശദീകരണം ചോദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സ്‌കൂള്‍ മനേജ്‌മെന്റ് പ്രതിയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു സ്വീകരിച്ചത്. കുട്ടി ചൊറിഞ്ഞപ്പോള്‍ പൊട്ടിയതായിരിക്കും തുടങ്ങിയ ന്യായങ്ങള്‍ നിരത്തിപ്പോലും മാനേജ്‌മെന്റ് പ്രതിനിധികള്‍ ഈ വാര്‍ത്ത പുറത്തു വരാതിരിക്കാന്‍ പല വിധത്തില്‍ ശ്രമിച്ചു; വിദ്യാര്‍ത്ഥികള്‍ അഴിമുഖത്തോട് പറഞ്ഞു.

എന്നാല്‍ ഈ ആരോപണങ്ങള്‍ നിഷേധിച്ചാണ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അഴിമുഖത്തോട് സംസാരിച്ചത്. കുട്ടി വിവരം മാതാപിതാക്കളോട് പറഞ്ഞപ്പോള്‍ തന്നെ അവര്‍ സ്‌കൂളില്‍ ബന്ധപ്പെട്ടിരുന്നു. തുടര്‍ന്ന് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ് സ്‌കൂളില്‍ എത്തുകയും തെളിവെടുപ്പ് നടത്തുകയും ചെയ്തു. ഈ വിഷയത്തെ കുറിച്ച് പലരോടും അന്വേഷിച്ചൊക്കെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒരുതരത്തിലും പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ല. അയാള്‍ ഇപ്പോള്‍ ജയിലില്‍ ആണുള്ളത്. ഞങ്ങളുടെ സ്‌കൂളിലെ തന്നെ ഒരു കുട്ടിക്കുണ്ടായ ദുരനുഭവം ആയതുകൊണ്ട് ഒരിക്കലും പ്രതിയെ സംരക്ഷിക്കാന്‍ നോക്കില്ല. ഈ സ്‌കൂളില്‍ ഇതിനു മുമ്പ് ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ല. പ്രതിയുടെ ഭാഗത്തു നിന്നും ഇത്തരത്തില്‍ മറ്റൊരതിക്രമവും സ്‌കൂളില്‍ വച്ച് ഉണ്ടായിട്ടുമില്ല. പുറത്തു വരുന്ന പല പ്രചാരണങ്ങളും അവാസ്തവങ്ങളാണ്.

സ്‌കൂളില്‍ നടന്ന ഈ ദുരനുഭവം പുറത്തറിഞ്ഞതോടെ രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് പ്രിന്‍സിപ്പാള്‍ ഇപ്പോള്‍ ചെയ്യുന്നതെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. പ്രിന്‍സിപ്പാളിന്റെ മുകളില്‍ ഉള്ളവരാണ് ഇതിനെല്ലാം പിന്നില്‍ ഉള്ളതെന്നും അവര്‍ പറയുന്നത് അതേപോലെ ആവര്‍ത്തിക്കുക മാത്രമാണ് പ്രിന്‍സിപ്പാള്‍ ചെയ്യുന്നതെന്നും വിദ്യാര്‍ത്ഥികള്‍ കുറ്റപ്പെടുത്തുന്നു. ഇതേ സ്‌കൂളില്‍ തന്നെ പഠനം തുടരേണ്ടവരായതിനാലാണ് വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്താതെ സംസാരിക്കുന്നത്. എന്നാല്‍ തങ്ങള്‍ ഈ പറയുന്ന കാര്യങ്ങള്‍ പൊതു സമൂഹവും മറ്റു വിദ്യാര്‍ത്ഥികളും അവരുടെയെല്ലാം മാതാപിതാക്കളും അറിയേണ്ടതാണെന്നും അഴിമുഖത്തോട് സംസാരിച്ചവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. “ഓഗസ്റ്റ് 19 ന് ഈ സംഭവം നടന്നിട്ട് വിവരം സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ അറിയുന്നത് ഈ മാസം അഞ്ചാം തീയതിയാണ്. മറ്റുള്ളവര്‍ അറിയാതെ സ്‌കൂള്‍ മാനേജ്‌മെന്റ് മറച്ചുവയ്ക്കുകയായിരുന്നു. പ്രിന്‍സിപ്പാള്‍ ഇവിടെ വെറും ഡമ്മിയാണ്. പ്രിന്‍സിപ്പാളിനും മുകളില്‍ ഒരു സ്‌പെഷ്യല്‍ ഓഫിസര്‍ ഉണ്ട്. ഒരു മുന്‍ കോളേജ് അധ്യാപകന്‍. അദ്ദേഹമാണ് ഇവിടെ കാര്യങ്ങളൊക്കെ തീരുമാനിക്കുന്നതും നിയന്ത്രിക്കുന്നതും. ഈ വിഷയത്തെ കുറിച്ച് സ്‌പെഷ്യല്‍ ഓഫിസറോട് തിരക്കിയപ്പോള്‍ കുട്ടി ചൊറിഞ്ഞപ്പോഴോ മാന്തിയപ്പോഴോ ആയിരിക്കാം മുറിപ്പാട് ഉണ്ടായതെന്ന തരത്തിലാണ് മറുപടി പറഞ്ഞതെന്നാണ് ഞങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞത്. ഈ കേസ് മുന്നോട്ടു പോകാതിരിക്കാന്‍ വേണ്ടി മാനേജ്‌മെന്റ് ഗൂഢാലോചന നടത്തുകയാണെന്നും മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അങ്ങനെ സംഭവിക്കരുതെന്നാണ് വിദ്യാര്‍ത്ഥികളായ ഞങ്ങളുടെ ആവശ്യം”.

ഒരു വിഭാഗം അധ്യാപകരും ഈ വിഷയം അറിഞ്ഞിട്ടും മാനേജ്‌മെന്റിനൊപ്പം അത് മൂടിവയ്ക്കാന്‍ കൂട്ടു നിന്നതായും വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്നുണ്ട്. അതേസമയം തന്നെ മറ്റു ചില അധ്യാപകര്‍ ഈക്കാര്യം മാന്‌ജേമെന്റിനോട് ചോദിക്കാന്‍ ചെന്നപ്പോള്‍ അപമാനിക്കപ്പെടുകയാണുണ്ടായതെന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാണിക്കുന്നു. “സ്‌കൂളുകാരാണ് ആദ്യം പോലീസില്‍ പരാതിപ്പെടുന്നതെന്നു പറയുന്നത് ശരിയല്ല, കുട്ടിയുടെ വീട്ടുകാരാണ് പോലീസില്‍ അറിയിക്കുന്നത്. അതിനുശേഷമാണ് അവര്‍ സ്‌കൂളുകാരോട് വിവരം പറയുന്നത്. വിവരം അറിഞ്ഞ് ചില അധ്യാപകര്‍ ഇതേക്കുറിച്ച് മാനേജ്‌മെന്റ് പ്രതിനിധികളോട് ചോദിച്ചപ്പോള്‍ ക്ഷോഭത്തോടെയുള്ള പ്രതികരണമായിരുന്നു അവര്‍ക്കുനേരെ ഉണ്ടായത്. ശിവപ്രസാദിനെ ന്യായീകരിച്ചായിരുന്നു മാനേജ്‌മെന്റ് പ്രതിനിധിയുടെ സംസാരം. ശിവപ്രസാദ് അങ്ങനെയൊന്നും ചെയ്യുന്നയാളല്ല, എന്തു തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തുന്നതെന്നൊക്കെ ചോദിച്ചായിരുന്നു ശകാരം. സ്‌കൂളിന്റെ പേര് പോകരുതെന്നു മാത്രമായിരുന്നു മാനേജ്‌മെന്റിന് ഇക്കാര്യത്തില്‍ ഉണ്ടയിരുന്ന ഉത്കണ്ഠ. അതുകൊണ്ട് ത്‌ന്നെ ഇങ്ങനെയൊരു കേസ് പുറത്തു വരാതിരിക്കാന്‍ അവര്‍ ശ്രമിച്ചു. പലതരത്തിലും കേസ് ഒതുക്കാന്‍ നോക്കി. ശിവപ്രസാദ് വളരെക്കാലമായി സ്‌കൂളില്‍ പലജോലികളും നോക്കുന്നുണ്ട്. കുട്ടന്‍ എന്നാണ് എല്ലാവരും വിളിക്കുന്നത്. സ്‌കൂള്‍ വാന്‍ ഒടിക്കാനും കിളിയായി പോകാനും തോട്ടപ്പണി ചെയ്യാനുമൊക്കെ നില്‍ക്കുന്ന കുട്ടന്‍ മാനേജ്‌മെന്റിന്റെ ഉന്നതരുടെ അടുത്ത കയ്യാളുമാണ്. അതുകൊണ്ട് തന്നെ അയാളെ സംരക്ഷിക്കാനേ സ്വഭാവികമായി ശ്രമിക്കൂ. ഇയാള്‍ ഇതിനു മുമ്പും കുട്ടികളോട് മോശമായി പെരുമാറിയിട്ടുണ്ടെന്നാണ് ഇപ്പോള്‍ അറിയാന്‍ കഴിയുന്നത്. പ്രായം ചെന്നൊരാളായതുകൊണ്ട് പൊതുവില്‍ ആരും സംശയിക്കുകയുമില്ല. പക്ഷേ, ഇയാള്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്ന കാര്യം സ്‌കൂളിലെ ഉന്നതന്മാര്‍ക്ക് അറിയാമായിരുന്നുവെന്നും പറയുന്നു. മുന്‍പത്തെ സംഭവങ്ങള്‍ പോലെ ഇതും പൂറത്തു വരില്ലെന്നായിരിക്കും കരുതിയത്. പക്ഷേ, പോലീസ് കേസ് ആയതോടെയാണ് കാര്യങ്ങള്‍ വിചാരിച്ചപോലെ നടക്കാതെ പോയത്. എന്നിട്ടും പലതരത്തിലും കേസ് സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതൊരാള്‍ ചെയ്ത തെറ്റാണെങ്കിലും അയാള്‍ മാത്രമല്ല കുറ്റക്കാരന്‍, അയാളെ സംരക്ഷിക്കാന്‍ നോക്കുകയും നടന്ന സംഭവം പുറത്തു വരാതെ മറയ്ക്കാന്‍ നോക്കുകയും ചെയ്ത സ്‌കൂള്‍ മനേജ്‌മെന്റും കുറ്റവാളിയാണ്. ഒരുമിച്ച് നടന്നാല്‍, മിണ്ടിയാല്‍ സദാചരം പറഞ്ഞുവരുന്നവര്‍ തന്നെയാണ് ഒരു കൊച്ചുകുഞ്ഞിനെ ഉപദ്രവിക്കാന്‍ ശ്രമിച്ചവനെ സംരക്ഷിക്കാന്‍ നോക്കുന്നത്. സ്‌കൂളിന്റെ സല്‍പ്പേര് പോകുമെന്നാണ് ന്യായം. ഞങ്ങളുടെ കൂട്ടത്തിലുള്ളവരെയും നാളെ ആരെങ്കിലും ഉപദ്രവിച്ചാല്‍ അപ്പോഴും സ്‌കൂളിന്റെ സല്‍പ്പേര് പറഞ്ഞ് അതും മൂടിവയ്ക്കുമോ? ഈ സംഭവവും ആരും അറിയാതെ പോകുമായിരുന്നു. ഞങ്ങള്‍ തന്നെയാണ് ഇതെല്ലാവരും അറിയണമെന്ന ഉദ്ദേശത്തില്‍ വിവരങ്ങള്‍ പറഞ്ഞു ശബ്ദ സംഭാഷണം പുറത്തു വിട്ടത്. വിദ്യാര്‍ത്ഥികളും അവരുടെ മാതാപിതാക്കളും സമൂഹവും എല്ലാവരും അറിയണം. നാളെ ഒരാള്‍ക്ക് ഇത്തരത്തില്‍ ദുരനുഭവം ഉണ്ടാകരുത്. ആ ജാഗ്രത ഉണ്ടായിരിക്കണം. അതുകൊണ്ട് ഒരുതരത്തിലും ഈ കേസ് ഇല്ലാതായി പോകരുത്. അതിനുള്ള പിന്തുണയാണ് ഞങ്ങള്‍ തേടുന്നത്.”

ഈ വിഷയത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കാന്‍ പോലീസോ സ്‌കൂള്‍ മാനേജ്‌മെന്റോ തയ്യാറായിട്ടില്ല. കൂടുതല്‍ പ്രതികരണങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് പ്രസിദ്ധീകരിക്കും.

*Representational Image

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍