UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളത്തിന്റെ പൊതുവിദ്യാഭ്യാസം എങ്ങനെ മെച്ചപ്പെടുത്താം: ഒരു മാര്‍ഗരേഖ

Avatar

ഡോ. ടി.വി വിമല്‍ കുമാര്‍

 

വിദ്യാഭ്യാസത്തിന് ഇത്രയധികം പൈസ ബജറ്റില്‍ മാറ്റിവച്ച ചരിത്രം കേരളത്തില്‍ ഉണ്ടായിട്ടില്ല. അടുത്ത അഞ്ചു വര്‍ഷത്തേക്ക് ഏകദേശം 5000 – 6000 കോടി രൂപയാണ് കേരളത്തിന്റെ പൊതുവിദ്യാഭ്യാസമേഖലയില്‍ സര്‍ക്കാര്‍ മുടക്കുന്നത്. ഇപ്പോള്‍ 2000 കോടി രൂപയാണ് മാറ്റിവച്ചിരിക്കുന്നത്.സ്പെഷ്യല്‍ പര്‍പസ് വെഹിക്കിള്‍ (SPV) രൂപീകരിച്ചുകൊണ്ട് സ്കൂളുകളുടെ നിലവാരം അന്തര്‍ദേശീയ തലത്തിലേക്ക് ഉയര്‍ത്താന്‍ ഉള്ള പ്രവര്‍ത്തനം ആരംഭിക്കുന്നതും ബജറ്റിന് പുറത്ത് കേരളത്തിലെ സമ്പദ്വ്യവസ്ഥയില്‍ ഉള്ള മൂലധനത്തെ ഉപയോഗിക്കുക എന്നതും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.

 

ഹൈടെക് പദ്ധതിയുടെ തുടക്കം കേരളത്തിലെ നാല് നിയോജകമണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് ‘പൊതുവിദ്യാലയം മികവിന്‍റെ കേന്ദ്രം’ എന്ന സംസ്ഥാനതല ശില്പശാലയ്ക്ക് ഓഗസ്റ്റ്‌ 1, 2 തീയതികളില്‍ കോഴിക്കോട് നടക്കാവ് ഗേള്‍സ്‌ സര്‍ക്കാര്‍ സ്കൂളില്‍ തുടക്കമായിരുന്നു. നാല് മണ്ഡലങ്ങളായ ആലപ്പുഴ, പുതുക്കാട്, തളിപ്പറമ്പ്, കോഴിക്കോട് നോര്‍ത്ത് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു. വ്യക്തമായ സമയക്രമത്തില്‍ പദ്ധതി നടപ്പാക്കാനുള്ള തീരുമാനങ്ങളും യോഗത്തില്‍ ഉണ്ടായി.

 

ഒരു മികച്ച വിദ്യാലയം എങ്ങനെ രൂപപെടുത്താം എന്നതായിരുന്നു ചര്‍ച്ചയുടെ കാതല്‍. നിയോജകമണ്ഡലം കേന്ദ്രീകരിച്ച് മാതൃകകയായി ഒരു വിദ്യാലയവും തുടര്‍ന്ന്‍ എല്ലാ പൊതുവിദ്യാലയ അന്തരീക്ഷവും മികച്ചതാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ട് നാല് മണ്ഡലങ്ങളിലും ശില്‍പ്പശാലകള്‍ നടത്തുകയും പൊതുവിദ്യാലയങ്ങളെ അന്തര്‍ദേശീയ തലത്തില്‍ ആക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്യും.

 


ആലപ്പുഴ മണ്ഡലത്തിലെ ‘പൊതുവിദ്യാലയം മികവിന്‍റെ കേന്ദ്രം’ എന്ന ശില്പശാല കലവൂര്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ വിദ്യാഭ്യാസമന്ത്രി പ്രൊഫ. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു 

 

സംസ്ഥാനതലത്തില്‍ നടത്തിയ ആശയരൂപീകരണ ശില്‍പ്പശാലയിലെ പ്രധാന തീരുമാനങ്ങള്‍ ഇവയാണ്.

1) പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം സര്‍ക്കാര്‍ തുടക്കം കുറിക്കും. സമ്പൂര്‍ണ്ണസാക്ഷരതായജ്ഞം, ജനകീയാസുത്രണ പ്രസ്ഥാനത്തിന്‍റെ മാതൃകയിലായിരിക്കും.

2) മതനിരപേക്ഷ ജനാധിപത്യമൂല്യാധിഷ്ടിത വിദ്യാഭ്യാസം നിലനിര്‍ത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. വിദ്യാഭ്യാസത്തില്‍ മത വര്‍ഗീയ ധ്രുവീകരണം, കച്ചവടതാല്പര്യങ്ങള്‍ എന്നിവയ്ക്ക് അറുതിവരുത്തുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. അക്കാദമിക മികവിന് കൂടുതല്‍ പ്രാധാന്യം കൊടുത്തുള്ള വിദ്യാഭ്യാസം കേരളത്തിന് നല്‍കുക എന്നത് സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.

3) ആയിരം സ്കൂളുകള്‍ മികവിന്‍റെ കേന്ദ്രങ്ങളാക്കും. ഭൌതികസാഹചര്യം, അക്കാദമിക് സാഹചര്യം എന്നിവയില്‍ സ്കൂളുകളെ ഉയര്‍ത്തുക എന്നതാണ് ലക്ഷ്യം.

4) 40000 ക്ലാസ്സ്‌ മുറികള്‍ ഹൈടെക്ക് ആക്കുന്ന പദ്ധതി രണ്ട് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും. എല്ലാ സര്‍ക്കാര്‍ / എയ്ഡഡ് സ്കൂളുകളിലെ 8, 9, 10 പിന്നെ ഹയര്‍സെക്കന്‍ഡറിയിലെ എല്ലാ ക്ലാസ്സുകളും ഹൈടെക്ക് ആക്കും. ഉന്നതസാങ്കേതികവിദ്യയിലൂടെ കേരളത്തിലെ വിദ്യാര്‍ത്ഥികളെയും അവരെ അതിനു പ്രാപ്തരാക്കാന്‍ അധ്യാപകസമൂഹത്തെയും ലോകനിലവാരത്തിലേക്ക് നയിക്കുക എന്നതാണ് ലക്ഷ്യം.

5)1000 സ്കൂളുകളില്‍ ജൈവവൈവിധ്യപാര്‍ക്കുകള്‍ ആരംഭിക്കും. പ്രകൃതിയാണ് ഏറ്റവും നല്ല പാഠപുസ്തകം. പ്രകൃതിയോട് കൂടുതല്‍ അടുത്തുകൊണ്ടുള്ള വിദ്യാഭ്യാസമാണ് ലക്ഷ്യം.

6) സംസ്ഥാനത്തെ ഒന്നാം ക്ലാസ് മുതലുള്ള എല്ലാ അധ്യാപകര്‍ക്കും പരിശീലനം ആരംഭിക്കും. വിഷയത്തില്‍ അധ്യാപകര്‍ക്ക്കൂടുതല്‍ അറിവ് നല്‍കുക എന്നതാണ് ലക്ഷ്യം. പദ്ധതി 2 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും.

7) എല്ലാ എല്‍പി സ്കൂളുകളിലും ഈ വര്‍ഷം ശുചിമുറികള്‍ സ്ഥാപിക്കും.

8) ഓരോനിയോജകമണ്ഡലവും ഓരോ വിദ്യാലയവും കേന്ദ്രീകരിച്ച് വിദ്യാലയ സമഗ്രവികസനത്തിന് ആശയരൂപീകരണ ശില്പശാല നടത്താന്‍ മുന്‍കൈ എടുക്കും.

 

 

പൊതുവിദ്യഭ്യാസ സംരക്ഷണയജ്ഞം
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന് വിവിധ ഭാഗങ്ങളുണ്ട്. സ്കൂളിന്‍റെ അടുത്ത 5 വര്‍ഷത്തേക്കുള്ള മാസ്റ്റര്‍പ്ലാന്‍ ഉണ്ടാക്കുക എന്നുള്ളതാണ് ഇതില്‍ ആദ്യത്തേത്. നിലവില്‍ സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന പിടിഎ, പൂര്‍വവിദ്യാര്‍ത്ഥി കൂട്ടായ്മ, സ്കൂള്‍ മാനേജ്മെന്റ്റ് കമ്മിറ്റി (SMC), സ്കൂള്‍ വികസനസമിതി എന്നിവയുടെ പ്രവര്‍ത്തനം വിപുലീകരിക്കണം.

 

സമഗ്രവികസനരേഖയിലെ പ്രധാന മേഖലകള്‍
1) ഭൗതികമായ സാഹചര്യം

2)അക്കാദമിക് മികവ്

3) ഭരണനിര്‍വഹണ മികവ്

4) സാമൂഹിക, സാംസ്‌കാരിക ഉണര്‍വ്

5) സാമ്പത്തികമേഖല

 

മേല്‍പ്പറഞ്ഞ അഞ്ച് പ്രധാന വിഷയങ്ങള്‍ കേന്ദ്രീകരിച്ച് സ്കൂളിലെ പ്രധാന അധ്യാപകന്‍റെ നേതൃത്വത്തില്‍ സ്കൂളിലെ നിലവിലുള്ള പ്രവര്‍ത്തനം, സ്കൂളിലെ ക്ലാസ്സ്‌ മുറികളുടെ എണ്ണം, അധ്യാപകരുടെ എണ്ണം, കുട്ടികളുടെ എണ്ണം എന്നീ വിവിധ വിഷയങ്ങള്‍ രേഖപെടുത്തിവയ്ക്കുക, സ്കൂള്‍ മികവ് പുലര്‍ത്തുന്ന മേഖല, പിന്നോക്കം നില്‍ക്കുന്ന മേഖല, ഏതെല്ലാം പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം, എതിലെല്ലാം മുന്‍ഗണന കൊടുക്കാം (ഉദാഹരണമായി കുട്ടികള്‍ വളരെ കുറവാണ് ഉള്ളതെങ്കില്‍ അതിനുള്ള കാരണം എന്നത് സമഗ്രമായി വിശകലനംചെയ്യണം, പരീക്ഷാ വിജയത്തില്‍ കുറവാണ് എങ്കില്‍ അതിനു കാരണവും അതിനുള്ള പ്രതിവിധിയും രേഖപെടുത്താം), നിലവിലുള്ള അധ്യാപകരുടെയും പിറ്റിഎ, പൂര്‍വവിദ്യാര്‍ത്ഥി കൂട്ടായ്മ, തിരഞ്ഞടുത്ത പ്രതിനിധികളുടെയും സഹകരണത്തോടെ മാസ്റ്റര്‍പ്ലാന്‍ ചര്‍ച്ചക്കുള്ള രൂപരേഖഉണ്ടാക്കുക (ഇത് സ്കൂള്‍ തലത്തിലാണ് ചെയ്യണ്ടത് – ഓരോ അധ്യപകരേയും ഓരോ മേഖലയായി തിരിക്കാം), ഇതിനു തുടര്‍ച്ചയായി കൂടുതല്‍ വിശദമായ ചര്‍ച്ചകള്‍ക്കായി ഏകദിന ആശയരൂപീകരണ ശില്പശാല നടത്താനുള്ള തിയ്യതിയും തീരുമാനിക്കാം,

 

ഏകദിന ആശയരൂപികരണ ശില്പശാല
വിദ്യാലയത്തിന്റെ സമഗ്ര വികസനപ്രവര്‍ത്തനത്തിന് വേണ്ട വികസനരേഖയ്ക്ക് അന്തിമരൂപംനല്‍കുക എന്നുള്ളതാണ് ശില്പശാല ലക്ഷ്യമിടുന്നത്. എല്ലാ അധ്യാപകരെയും രക്ഷിതാക്കള്‍, പൂര്‍വ്വവിദ്യാര്‍ഥികള്‍, പൂര്‍വഅധ്യാപകര്‍, വിദ്യാലയം നിലനില്‍ക്കുന്ന പ്രദേശം ഉള്‍ക്കൊള്ളുന്ന ജില്ല, ബ്ലോക്ക്‌, ഗ്രാമപഞ്ചായത്ത്‌ ജനപ്രതിനിധികള്‍, സ്കൂളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറായ വ്യക്തികള്‍, പൊതുമേഖലസ്ഥാപനങ്ങള്‍, കലാ, സംസ്കാരികസംഘടനകള്‍ എന്നിവരെ സ്കൂളിന്‍റെ അഞ്ച് വര്‍ഷത്തെ വികസനരൂപരേഖ നിര്‍മ്മിക്കാന്‍ വേണ്ട ചര്‍ച്ചകള്‍ക്കായി ക്ഷണിക്കുക.

 

ഏകദിന ആശയശില്പശാലയില്‍ നേരത്തെ പറഞ്ഞ വിഷയങ്ങളും വിദ്യാലയത്തെ സംബന്ധിക്കുന്ന മറ്റു വിഷയങ്ങളും വിവിധ ഗ്രൂപ്പുകളായി തിരിച്ച് ചര്‍ച്ച ചെയ്യാം. നേരത്തെ വിദ്യാലയത്തില്‍ തയ്യാറാക്കിയ കരടുരേഖ ചര്‍ച്ചകള്‍ക്കുള്ള മാതൃകയായി നല്‍കാവുന്നതാണ്. സ്കൂളിന്‍റെ സമഗ്രവികസനപദ്ധതിക്ക് നേതൃത്വം നല്കാന്‍ സ്കൂളില്‍ ഒരധ്യാപകനെ കോര്‍ഡിനേറ്റര്‍ ആയി നിലനിര്‍ത്തികൊണ്ട് ചര്‍ച്ചകള്‍ നടത്താം.

 

ഓരോ ചര്‍ച്ചയിലും പങ്കെടുത്ത ഗ്രൂപ്പിലെ അംഗങ്ങളുടെ നിര്‍ദേശങ്ങള്‍ വിദ്യാലയത്തിന്റെ സമഗ്രവികസനരേഖയില്‍ ഉള്‍പെടുത്താം. അതിനുശേഷം ഓരോ ഗ്രൂപ്പിലെയും തിരഞ്ഞെടുത്ത പ്രതിനിധി ഗ്രൂപ്പ്‌ ചര്‍ച്ചകള്‍ ഏകോപിപ്പിച്ചു കൊണ്ട് വിഷയം ക്രോഡീകരിക്കുക. 

 


പുതുക്കാട് മണ്ഡലത്തിലെ നന്തിക്കര സര്‍ക്കാര്‍ സ്കൂളില്‍ നടന്ന ശില്പശാലയില്‍ പ്രൊഫ. രവീന്ദ്രനാഥ് ക്ലാസ് നയിക്കുന്നു 

 

ചര്‍ച്ച ചെയ്യാവുന്ന വിഷയങ്ങള്‍, മാസ്റ്റര്‍പ്ലാനിലെ പ്രധാന വിഷയങ്ങള്‍ ഇനി പ്രതിപാദിക്കാം

ഭൗതികമായസാഹചര്യം
ഒരു സ്കൂളിന്‍റെ ഭൌതിക സാഹചര്യം ഒരുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിനുള്ള അതേ ഉത്തരവാദിത്വം അവിടത്തെ അധ്യാപകര്‍, രക്ഷിതാക്കള്‍, സ്കൂളിലെ പൂര്‍വവിദ്യാര്‍ത്ഥികള്‍, തദേശ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍, ആ പ്രദേശത്തെ കലാ, കായിക, സാംസ്‌കാരിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുണ്ട്. എന്നാല്‍ സ്കൂളിന്‍റെ ഭൌതിക സാഹചര്യം മെച്ചപെടുത്താവുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ അവരുടെ ഭാഗത്ത്‌ നിന്നുണ്ടാകാത്ത ഒരു സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. അത് മനസിലാക്കിക്കൊണ്ടാണ് സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുത്ത് കേരളത്തിലെ സര്‍ക്കാര്‍ / എയ്ഡഡ് മേഖലയിലെ വിദ്യാലയങ്ങളിലെ ഭൌതികസാഹചര്യം ഒരുക്കാന്‍ സര്‍ക്കാര്‍ സംവിധാനത്തിന് പുറത്തുനിന്ന് ലഭിക്കാവുന്ന സാഹചര്യം പരാമവധി ഉപയോഗിക്കുക എന്ന ലക്‌ഷ്യം ഏറ്റെടുത്തിരിക്കുന്നത്. പൊതുമേഖലസ്ഥാപനങ്ങള്‍, ധനകാര്യസ്ഥാപനങ്ങള്‍, സഹകരണസ്ഥാപനങ്ങള്‍ എന്നിവയുടെ സാധ്യതകള്‍ തേടാവുന്നതാണ്.

 

ഏറ്റവും മെച്ചപെട്ട ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭിക്കാനുള്ള അവകാശം എല്ലാ ജനങ്ങള്‍ക്കുമുണ്ട്. സ്കൂള്‍ഘട്ടവിദ്യാഭ്യാസം കുട്ടികള്‍ക്ക് അയല്‍പക്കത്ത്‌ തന്നെ ലഭിക്കണം എങ്കിലേ കുട്ടികളുടെ സമൂഹ്യവത്ക്കരണം ശരിയായ അര്‍ത്ഥത്തില്‍ നടക്കൂ. പക്ഷെ പലപ്പോഴും കുട്ടികള്‍ തൊട്ടടുത്ത വിദ്യലയങ്ങളില്‍ പഠിക്കാതെ 15- 20 കിലോമീറ്റര്‍ അപ്പുറത്തെ വിദ്യാലയങ്ങള്‍ തേടിപ്പോകുന്ന അവസ്ഥ ഇപ്പോഴുണ്ട്. പലപ്പോഴും മാതാപിതാക്കള്‍ സ്വന്തം കുട്ടികളെ നല്ല ഭൌതികസാഹചര്യം നിലവിലുള്ള വിദ്യാലയങ്ങള്‍ മക്കളുടെ പഠനത്തിനു തിരഞ്ഞെടുക്കുന്നു എന്നുള്ളതില്‍ അവരെ കുറ്റപ്പെടുത്താനാകില്ല. ഈ സാഹചര്യം ചിലപ്പോള്‍ പലതാകാം. ഇതു മനസിലാക്കേണ്ടതുണ്ട്.

1) ആവശ്യത്തിന് ക്ലാസ്സ്‌മുറികള്‍, ഓഫീസ് മുറി, സ്റ്റാഫ്‌ മുറി, ഫര്‍ണീച്ചര്‍

2) ലൈബ്രറി, ലബോറട്ടറി, കമ്പ്യൂട്ടര്‍മുറികള്‍, അവയില്‍ അവശ്യ സാധനങ്ങള്‍ അവയുടെ സുരക്ഷിതത്വം

3) അടുക്കള, ഭക്ഷണസാധനങ്ങള്‍ സൂക്ഷിക്കാനുള്ള മുറി,ഭക്ഷണം കഴിക്കാനുള്ള സൌകര്യങ്ങള്‍

4) ചുറ്റുമതില്‍, കവാടം, കളിസ്ഥലങ്ങള്‍

5) ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ മൂത്രപ്പുരകളും അവയുടെ ശുചീകരണവും വെള്ളത്തിന്റെ ലഭ്യതയും.

6) കലാ, കായിക, സാംസ്‌കാരിക പരിപാടികളും അവയുടെ പ്രവര്‍ത്തനം നടത്താന്‍ ആവശ്യമായ സാഹചര്യവും

7) ജൈവവൈവിധ്യ രജിസ്റ്റര്‍ തയ്യാറാക്കല്‍

8) സ്കൂളിന്‍റെ ശുചിത്വത്തില്‍ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, മാതാപിതാക്കള്‍ എന്നിവരുടെ പ്രവര്‍ത്തന കൂട്ടായ്മ. 

മേല്പറഞ്ഞഉപവിഭാഗങ്ങള്‍ ചര്‍ച്ച ചെയ്ത് അവയുടെ സാമ്പത്തിക അവലോകനവും മാസ്റ്റര്‍പ്ലാനില്‍ ഉള്‍ക്കൊള്ളിക്കുക

 

അക്കാദമിക് മികവ്
കാലത്തിനനുസരിച്ചുള്ള കരിക്കുലം പരിഷ്കരണമാണ് അക്കാദമിക് മികവിന്റെ ഭൂമിക. അതിനുള്ള ശ്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞു. തകര്‍ന്നു കിടക്കുന്ന കാര്‍ഷിക, പാരിസ്ഥിതിക, സാംസ്കാരിക, ആരോഗ്യ മേഖലകളുടെ ഉണര്‍വിനു വേണ്ടി വരുംതലമുറകളെ പ്രാപ്തമാക്കുക എന്നതായിരിക്കും പരിഷ്കരണ രീതിശാസ്ത്രം.

 

അധ്യാപകരെ മാറ്റത്തിനനുസരിച്ച് പരിശീലിപ്പിക്കുക എന്നതാണ് പ്രധാനം . ഇതിന്റെ ഒന്നാംഘട്ടം ആരംഭിച്ചു കഴിഞ്ഞു. ഓഗസ്റ്റ്‌ 20-ന്  കേരളത്തിലെ ഒന്നരലക്ഷം അധ്യാപകരുടെ ക്ലസ്റ്റർ പരിശീലനം ആരംഭിച്ചു. തുടര്‍ന്ന് ഇവര്‍ക്കെല്ലാം ആധുനിക രീതിയിലുള്ള ഐടി പരിശീലനം നല്‍കും. കാരണം ക്ലാസ്സുകൾ പൂര്‍ണ്ണമായും ഹൈടെക് ക്ലാസ്സുകളായി മാറുകയാണ്. ഓരോ വിഷയത്തിലും ഐടി എങ്ങിനെ ഉപയോഗിക്കാമെന്ന് അധ്യാപകര്‍ക്ക് ബോധ്യം വന്നാൽ വിഷയ പഠനത്തിന്റെ സാധ്യത അനന്തമാകും. ക്ലാസ്സുമുറികൾ ആധുനിക പഠനത്തിന്റെ കേന്ദ്രങ്ങളായി മാറണം. ഐ.റ്റി അറ്റ് സ്ക്കൂളിന്‍റെ നേതൃത്വത്തില്‍ മുഴുവൻ അധ്യാപകര്‍ക്കുമുള്ള ഐടി പരിശീലനം. ഒരു വര്‍ഷത്തിനുള്ളിൽ ഇത് പൂര്‍ത്തീകരിക്കും. ഒന്നു മുതൽ എട്ട് വരെയുള്ള എല്ലാ അധ്യാപകര്‍ക്കും ഇംഗ്ലീഷ് പഠിക്കുന്നതിന്റെ പരിശീലന കളരികളും ഈ വര്‍ഷം ആരംഭിക്കും. തുടര്‍ന്ന് രണ്ടു വര്‍ഷത്തിനുള്ളിൽ ഓരോ അധ്യാപകന്റേയും വിഷയത്തിൽ പ്രത്യേകമായ പരിശീലനം നല്‍കും. ചുരുക്കത്തിൽ രണ്ട് വര്‍ഷത്തിനുള്ളിൽ ഒന്നു മുതൽ പത്ത് വരെയുള്ള മുഴുവൻ അധ്യാപകര്‍ക്കും ആധുനിക രീതിയിലുള്ള പരിശീലനം നല്‍കും. SCERT ക്കും SSA ക്കും RMSA യ്ക്കും ആയിരിക്കും ഇതിന്റെ ചുമതല. ഹയര്‍സെക്കണ്ടറിയിലും വൊക്കേഷണൽ ഹയര്‍സെക്കണ്ടറിയിലും സമാനമായ പരിശീലനങ്ങൾ നടക്കും. ഓരോ വിഷയപഠനത്തിനും ഐടിയുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തും.

 


പൊതുവിദ്യാലയം- മികവിന്റെ കേന്ദ്രം സംസ്ഥാന ആശയരൂപീകരണ ശില്‍പശാല നടക്കാവ് സ്കൂളില്‍ ഡോ. ടി.എം തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യുന്നു

 

ഹൈടെക് ക്ലാസ്സുകൾ
മേല്‍പ്പറഞ്ഞ അധ്യാപകര്‍ക്ക് ക്ലാസ്സെടുക്കുവാൻ പറ്റുന്ന സൗകര്യങ്ങൾ ക്ലാസ്സിൽ തന്നെ ഒരുക്കി കൊടുക്കേണ്ട ചുമതല സംസ്ഥാനസര്‍ക്കാരിനുണ്ട്. അതുകൊണ്ടാണ് 600 കോടി രൂപ ഇതിനു മാത്രമായി ബജറ്റിൽ വകകൊള്ളിച്ചിട്ടുള്ളത്. ഈ തുക ഉപയോഗിച്ച് രണ്ടു വര്‍ഷത്തിനുള്ളിൽ കേരളത്തിലെ എല്ലാ സ്കൂളുകളിലേയും 8-12 ക്ലാസ്സുകൾ ഹൈടെക്കാക്കി മാറ്റും. എല്ലാ ഹൈസ്കൂളുകളിലും ഹയര്‍സെക്കണ്ടറി, വൊക്കേഷണൽ ഹയര്‍സെക്കണ്ടറികളിലും വൈഫൈ സംവിധാനവും ലോക്കൽ നെറ്റ് വര്‍ക്കും ഉള്ള ഒരു കമ്പ്യൂട്ടർ ലാബ് ഉണ്ടായിരിക്കും. ഭാവിയിൽ UP, LP തലങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും. സ്കൂളുകളെ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന ഒരു പൊതു സര്‍വർ സംസ്ഥാനതലത്തിൽ ഉണ്ടായിരിക്കും. സ്കൂളുകളെ മൊത്തം സ്കൂളുകൾ ഒരു ക്ലസ്റ്ററായി പ്രവര്‍ത്തിക്കുവാൻ ഇതിലൂടെ കഴിയും

 

1) എതൊരു വിദ്യാലയത്തിന്റെയും ഉയര്‍ച്ച എന്ന് പറയുന്നത് അവിടെ നിന്ന് ഉന്നതവിജയം നേടി പുറത്തുവരുന്ന വിദ്യാര്‍ത്ഥികളാണ്. പഠനനിലവാരത്തില്‍ അവിടുത്തെ വിദ്യാര്‍ത്ഥികളെയും അതുപോലെ അധ്യാപകരെയും തയ്യാറാക്കുക എന്നതാണ് അക്കാദമിക് മികവ് എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.

2) പരീക്ഷയ്ക്ക് കുട്ടികളെ തയ്യാറാക്കാന്‍ മാസംതോറും പരീക്ഷകളും അവയുടെ അവലോകനവും നടത്തുക, പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് അധികസമയപരിശീലനത്തിന് സമയം കണ്ടെത്തുക.

3) കുട്ടികളില്‍ വായനശീലം വളര്‍ത്താനുള്ള പരിപടികള്‍ക്ക് രൂപരേഖ ഉണ്ടാക്കുക

4) കുട്ടികളിലെ വിവിധ കഴിവുകള്‍ വികസിപ്പിക്കാനുള്ള ശില്‍പ്പശാല നടത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാം; ഉദാഹരണം – പ്രസംഗം, വ്യക്തിത്വവികസനം, ഉന്നതവിദ്യാഭ്യാസ സാധ്യതകള്‍, മാധ്യമ ശില്‍പ്പശാല, നാടക കളരികള്‍, ചിത്രരചന… 

5) NCC, NSS, SCOUT, SPC, JRS തുടങ്ങിയവയുടെ ഏതെങ്കിലും ഒരു യൂണിറ്റ് സ്കൂളുകളിലും ഉണ്ടാക്കുകയും അതിന്‍റെ പ്രവര്‍ത്തനം കൂടുതല്‍ സാമൂഹികപ്രതിബദ്ധതയോടെ നടത്താനുള്ള പ്രവര്‍ത്തനം ഏകോപിപ്പിക്കുക എന്ന കാര്യം ഉറപ്പുവരുത്തുക

6) വിവരസാങ്കേതികവിദ്യയില്‍ സര്‍ക്കാര്‍തലത്തില്‍ നടത്തുന്ന പരിശീലത്തിന് അധ്യാപകര്‍ പങ്കെടുക്കുക. അധ്യാപകരുടെ ഭാഗത്ത്‌ നിന്ന് കൂടുതല്‍ മികവ് സ്കൂളിനു ലഭിക്കാന്‍ ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുക

7) ICT ഉപകരങ്ങളുടെ ഉപയോഗം കൂടുതല്‍ കുട്ടികകളില്‍ എത്തിക്കുക

 

സാമൂഹികസാംസ്‌കാരികഉണര്‍വ്
1) ക്ലാസ്സ്‌ പിറ്റിഎ മാസംതോറും നടത്തുക. അമ്മമാരുടെ പിടിഎ സംഘടിപ്പിക്കുക, വിദ്യാര്‍ത്ഥികളുടെ ഗൃഹസന്ദര്‍ശനം സംഘടിപ്പിക്കുക

2) മാതാപിതാക്കള്‍ക്ക് പരിശീലനപരിപടികള്‍ സംഘടിപ്പിക്കുക (കമ്പ്യൂട്ടര്‍ പരിശീലനം, വിവിധ പ്രവര്‍ത്തിപരിചയം)

3)അധ്യാപനരംഗത്ത് മികവു പുലർത്തുന്നവർക്ക് ഇൻസന്റീവുകൾ നൽകി ആദരിക്കുക. അത് മറ്റ് അധ്യാപകർക്ക് പ്രചോദനമാകാൻ സഹായകമാകും

4) പൂര്‍വവിദ്യാര്‍ത്ഥി കൂട്ടായ്മ, പൂര്‍വഅധ്യാപകകൂട്ടായ്മ സംഘടിപ്പിക്കുക

5) വയോജനസംഗമം നടത്തി തലമുറകളുടെ അറിവുകള്‍ കൈമാറാന്‍ സര്‍ഗസംവാദം സംഘടിപ്പിക്കുക

6) കുടനിര്‍മ്മാണം, ചോക്ക് നിര്‍മാണം, ബാഗ് നിര്‍മ്മാണ യുണിറ്റ് തുടങ്ങിയവ ആരംഭിച്ച് സാമ്പത്തിക സ്രോതസ്സ് കണ്ടെത്താന്‍ ശ്രമിക്കുക

7) SMC, SDC അവലോകനയോഗങ്ങള്‍ സംഘടിപ്പിക്കുക

8) കേരളശാസ്ത്ര, സാങ്കേതിക, പരിസ്ഥിതി കൌണ്‍സില്‍, കേരളത്തിലെ വിവധ സര്‍വകലാശാലകള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ എന്നിവയുമായി സഹകരിച്ച് അക്കാദമിക മികവ് ഉയര്‍ത്താനും ഉന്നതവിദ്യാഭ്യാസമേഖലയിലെ വിവിധ വിഷയങ്ങളില്‍ അവരുടെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേടിയെടുക്കാവുന്ന സ്കോളര്‍ഷിപ്പുകള്‍ എന്നിവയ്ക്ക് പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുക

 

 

സാമ്പത്തികവിശകലനം
സാമ്പത്തിക വിശകലനത്തില്‍ വികസന രൂപരേഖയില്‍ മുന്‍ഗണനാ ക്രമത്തില്‍ ആവശ്യമായ പണം കണ്ടെത്തുക എന്നുള്ളതാണ് പ്രധാനം. അതിനായി സര്‍ക്കാര്‍ സംവിധാനത്തിന്റെയും പൂര്‍വവിദ്യാര്‍ത്ഥി, അധ്യാപക, രക്ഷകര്‍ത്താക്കളുടെയും സഹായം തേടാവുന്നതാണ്. എംഎല്‍എ ഫണ്ട്, എംപി ഫണ്ട്, ഗ്രാമ, ബ്ലോക്ക്‌ , ജില്ല പഞ്ചായത്ത് ഫണ്ടുകള്‍ എന്നിവരുടെ സഹായം തേടാം. ഇത്തരം ഫണ്ടുകള്‍ എല്ലാം ഒരു മാസ്റ്റര്‍പ്ലാനിലേക്ക് കൊണ്ടുവരാന്‍ പ്രത്യകം ശ്രദ്ധിക്കണം.

 

വിദ്യാലയങ്ങളിലെ ആശയരൂപികരണത്തിന് ശേഷം എടുക്കേണ്ട പ്രധാന തീരുമാനങ്ങള്‍
1) വിദ്യാലയ സമഗ്രവികസനത്തിന് രക്ഷിതാക്കളുടെ പൂര്‍ണ പിന്തുണ ഉറപ്പുവരുത്തുക. ഓരോ മാസവും ക്ലാസ്സ്‌ പിറ്റിഎ ചേര്‍ന്ന് വിദ്യാലയ സമഗ്രവികസന പദ്ധതിയുടെ പ്രവര്‍ത്തനം വിലയിരുത്തുക.

2) പൂര്‍വവിദ്യാര്‍ത്ഥികളുടെ മഹാസംഗമം നടത്താനുള്ള പ്രവര്‍ത്തനം വേഗത്തിലാക്കുക. നിലവില്‍ പല ബാച്ച് വിദ്യാര്‍ത്ഥികളുടെ സംഗമം നടക്കുന്നുണ്ട് എങ്കിലും പല സര്‍ക്കാര്‍ സ്ഥാപനങ്ങളും 50 മുതല്‍ 100 വര്‍ഷം വരെ പാരമ്പര്യം ഉള്ളവയാണ്. അതിനാല്‍ ഈ പൂര്‍വവിദ്യാര്‍ത്ഥികളെ എല്ലാം ഒരുമിച്ചു കൊണ്ടു വരാവുന്ന രീതിയില്‍ പൂര്‍വവിദ്യാര്‍ത്ഥി മഹാസംഗമം നടത്തി സ്കൂളിന്‍റെ സമഗ്രവികസനരേഖ അവര്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുക.

3) എല്ലാ വിദ്യാലയങ്ങളിലും സമഗ്ര ജനകീയവികസനസമിതി രൂപീകരിച്ചുകൊണ്ട് പ്രവര്‍ത്തനം ഏകോപിപ്പിക്കുക.

 

ജനകീയമുന്നേറ്റമുണ്ടാകത്തക്ക രീതിയിൽ ബോധവത്കരണ പ്രചരണ ക്യാമ്പയ്നുകള്‍ സംഘടിപ്പിച്ച് ഒരു പ്രദേശത്തെ എല്ലാ ജനവിഭാഗങ്ങളെയും സര്‍ക്കാരിലെ പൊതുവിദ്യാലയസംരക്ഷണ യജ്ഞത്തിനുള്ള ജനകീയ കൂട്ടായ്മയില്‍ അണിചേര്‍ത്തു കൊണ്ട് മതനിരപേക്ഷ ജനാധിപത്യ മൂല്യാധിഷ്ടിത വിദ്യാഭ്യാസം തിരിച്ചുപിടിക്കാനുള്ള പ്രവര്‍ത്തനത്തില്‍ കേരള സമൂഹം പങ്കാളികളാക്കുക.

 

(തൃശൂര്‍ സെന്‍റ് തോമസ് കോളേജിലെ ഫിസിക്സ് വിഭാഗം അസി. പ്രൊഫസറാണ് ലേഖകന്‍)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍