UPDATES

ട്രെന്‍ഡിങ്ങ്

ഇത് ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയല്ല, ബ്രാഹ്മണിക് ബുള്‍ഡോസറിംഗാണ്- അഭിമുഖം

കേരളത്തിലെ മുക്കാല്‍ പങ്കും സാധാരണ ജനങ്ങള്‍ക്കും മനസ്സിലാകാത്ത ജനകീയ വിരുദ്ധ സ്വഭാവമുള്ള കഥകളിയും മോഹിനിയാട്ടവും ഒക്കെ തന്നെയാണ് ഇപ്പോഴും കലോത്സവങ്ങളില്‍ പൊലിപ്പിച്ച് കാട്ടുന്നത്

ഏഷ്യയിലെ ഏറ്റവും വലിയ സാംസ്കാരിക പരിപാടി എന്ന നിലയില്‍ കേരള സ്കൂള്‍ കലോത്സവം ഏറെ പ്രശസ്തമാണ്. കലോത്സവങ്ങളോട് അനുബന്ധിച്ച് നിരവധി വിവാദങ്ങളും ഉണ്ടാകാറുണ്ട്. മത്സരങ്ങള്‍, അവയുടെ ക്രമം, മത്സരഫലം എന്നിവയൊക്കെ ആയിരുന്നു ഇതില്‍ പ്രധാന കാരണമെങ്കില്‍ ഇത്തവണ മത്സരവേദികള്‍ക്ക് പുറത്തു തന്നെ ചര്‍ച്ചകളും ഒപ്പം വിവാദങ്ങളും കൊഴുക്കുന്നുണ്ട്. കലോത്സവത്തിന്റെ ഉത്ഘാടന ചടങ്ങില്‍ ഗായത്രി മന്ത്രം ആലപിച്ചതായിരുന്നു ഇതിലൊന്ന്. ഇതിനൊപ്പം കലോത്സവത്തിന് ബ്രാഹ്മണിക് സ്വഭാവം കൊണ്ടുവരാനുള്ള ശ്രമങ്ങളും നടക്കുന്നു എന്ന ആരോപണങ്ങളും. ഈ സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ പയ്യാമ്പലം സ്കൂളിലെ മലയാളം അധ്യാപകനും സാംസ്കാരിക പ്രവര്‍ത്തകനും ദളിത്‌ ചിന്തകനുമായ ആനന്ദന്‍ പൈതലെനുമായി ഡോക്യുമെന്ററി സംവിധായകനും എഴുത്തുകാരനുമായ രൂപേഷ് കുമാര്‍ സംസാരിക്കുന്നു. 

കേരളത്തിലെ  സ്കൂളുകള്‍/വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ ഒരു പൊതു ഇടമായി രൂപപ്പെടുന്നതില്‍ ഇവിടത്തെ ജാതി വിരുദ്ധ പോരാട്ടങ്ങളുടെ പങ്ക് വളരെ വലുതാണ്‌. പഞ്ചമി എന്ന ഒരു പുലയ പെണ്‍കുട്ടിയേയും സ്കൂളില്‍ ചേര്‍ക്കാന്‍ അയ്യങ്കാളിയെ പോലുള്ള സാമൂഹിക വിപ്ലവകാരികള്‍ വലിയ യുദ്ധം തന്നെ ചെയ്യേണ്ടി വന്നിട്ടുണ്ട്. തന്റെ സമൂഹത്തില്‍ നിന്നും  പത്ത് ബിഎക്കാരെ ഉണ്ടാക്കുക എന്ന്‍ അയ്യങ്കാളി പറയുമ്പോള്‍ ദളിത്‌ ജീവിതങ്ങളുടെ വിദ്യാഭ്യാസ ഉയര്‍ച്ച മാത്രമല്ല കേരളത്തിലെ സ്കൂള്‍ എന്ന പൊതു ഇടം അത് പറയന്റെയും പുലയന്റെയും ഒക്കെ ഇടമാണ് എന്ന് സ്ഥാപിക്കാന്‍ കൂടിയായിരുന്നു ആ പ്രസ്താവന. അതിനു ശേഷം കേരളത്തിലെ ദളിത്‌, ആദിവാസി മേഖലകളില്‍ നിന്നും ആയിരക്കണക്കിന് പേര്‍ പഠിച്ച് അക്കാദമിക് തലങ്ങളിലും ഗവേഷണ മേഖലകളിലും ഓണ്‍ലൈന്‍ മാധ്യമ ഇടങ്ങളിലും പുതിയ രാഷ്ട്രീയ ചര്‍ച്ചകളിലൂടെയും മുന്നേറ്റങ്ങളിലൂടെയും  മുന്നോട്ടു പോകുമ്പോഴും കേരളത്തിലെ സ്കൂള്‍ കലോത്സവങ്ങള്‍ എന്ന ഇടം ഇപ്പോഴും പഴയ ബ്രാഹ്മണിക് ജാതി മൂല്യത്തില്‍ നിന്നും ഒട്ടും മുന്നോട്ടു പോയിട്ടില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഇത്തവണത്തെ സ്കൂള്‍ കലോത്സവത്തിലെ സ്വാഗത ഗാനമായി ഗായത്രി മന്ത്രവും അതുപോലെ നമ്പൂതിരിപ്പാടിന്റെ സാമ്പാറും സദ്യയും തുടങ്ങിയ നവോത്ഥാനന്തര, ആധുനീകാനന്തര കോമഡികള്‍ ഇടതുപക്ഷ ഭരണത്തിനു കീഴെ അരങ്ങേറുന്നത്. ഇത്തവണത്തെ കണ്ണൂര്‍ സ്കൂള്‍ കലോത്സവത്തില്‍ പ്രവര്‍ത്തിക്കുന്ന ജാതി വര്‍ണ്ണ വ്യവസ്ഥയെ ഇവിടെ പരിശോധിക്കുകയാണ്. ആനന്ദന്‍ പൈതലെനുമായുള്ള സംസാരത്തില്‍ നിന്ന്.

രൂപേഷ് കുമാര്‍: കേരളത്തിലെ പൊതുവേയുള്ള ഒരു സംസാരമാണ് തൊട്ടുകൂടായ്മ അല്ലെങ്കില്‍ ജാതി വ്യവസ്ഥ പണ്ടെങ്ങോ ഉണ്ടായ ഒന്നാണെന്ന്. പക്ഷേ കേരളത്തിലെ സ്കൂള്‍ കലോത്സവത്തിന്റെ സ്ട്രക്ചര്‍ എടുത്തു പരിശോധിച്ചാല്‍, അതിന്റെ വിവിധ ഘടകങ്ങള്‍ എടുത്ത് പരിശോധിച്ചാല്‍ ജാതി പ്രകടമായി തന്നെ പ്രവര്‍ത്തിക്കുന്നു എന്നു കാണാന്‍ പറ്റും. താങ്കള്‍ എങ്ങനെയായാണ് ഇതിനെ നോക്കിക്കാണുന്നത്?

ആനന്ദന്‍ പൈതലെന്‍: കേരളത്തിലെ സ്കൂള്‍ കലോത്സവങ്ങള്‍ക്ക് ബഹുസ്വരമായ ഒരു സ്വഭാവമാണ് ശരിക്കും ഉണ്ടാകേണ്ടിയിരുന്നത്. അതിനു കാരണം എല്ലാ ജന വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന പൊതു ഇടം ആണ് സ്കൂളുകള്‍ എന്നതു കൊണ്ട് തന്നെയാണത്. അത് രൂപപ്പെട്ടതും കേരളത്തില്‍ രൂപപ്പെട്ട ജാതി വിരുദ്ധ പോരാട്ടങ്ങളുടെ പരിണിത ഫലമായിട്ടു കൂടിയാണ്. പക്ഷെ ഇവിടെ വളരെ സ്പെസിഫിക് ആയി മറ്റ് ഇടങ്ങളെയൊക്കെ വിട്ട് സ്കൂള്‍ കലോത്സവങ്ങള്‍ എടുത്തു പരിശോധിച്ചാല്‍ വളരെ ബ്രാഹ്മണിക് ആയ ചില രീതികളാണ് കണ്ടു വരുന്നതും പ്രാക്ടീസ് ചെയ്യുന്നതും.

കണ്ണൂരിലെ സ്കൂള്‍ കലോത്സവത്തിലെ ഘോഷയാത്രകളുടെ പ്ലോട്ടുകള്‍ എടുത്തു പരിശോധിച്ചാല്‍ ജാതീയമായ ഡിസ്ക്രിമിനേഷന്‍ വളരെ പ്രകടമായി തന്നെ കാണാന്‍ പറ്റും. പ്ലോട്ടുകളില്‍ ഒന്നുകില്‍  കസവ്, കാവി പുരാണ കഥാപാത്ര ഹൈലൈറ്റുകളാണ് നമുക്ക് കാണാന്‍ പറ്റുക. ആദിവാസി ഇടങ്ങളിലെ, ദളിത്‌ ഇടങ്ങളിലെ അവരെ ശക്തരായി ചിത്രീകരിക്കുന്ന പ്ലോട്ടുകള്‍ കാണാന്‍ പറ്റില്ല. മൊബൈല്‍ ഫോണ്‍ സെല്‍ഫി ഉപയോഗിച്ചാല്‍ മരണം എന്ന നിലയിലുള്ള അര്‍ഥം വരുന്ന പ്ലോട്ടുകള്‍ നല്‍കുന്ന സന്ദേശം പുതിയ കാലത്ത് മൊബൈല്‍ ഉപയോഗിക്കുന്ന പുതിയ തലമുറ ഒന്നുകില്‍ ചീത്ത കുട്ടികളോ അല്ലെങ്കില്‍ കാലന് കീഴ്പ്പെടേണ്ടവരോ ആണെന്ന രീതിയിലുള്ള ചിന്ത ഉത്പാദിപ്പിക്കുന്നതാണ്.

കാലനൊക്കെ ഈ പുതിയ നൂറ്റാണ്ടില്‍ കറുത്ത പോത്തിന്റെ മുകളിലുള്ള സഞ്ചാര ഇമേജ് തന്നെ കൊടുത്തു കൊണ്ട് വളരെ പരിതാപകരമായ ക്രിയേറ്റീവ് മൂഡിലേക്കാണ് ഈ കുട്ടികളെ കൊണ്ടെത്തിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ ഒരു സ്കൂള്‍ ലക്ഷക്കണക്കിനു രൂപ മുടക്കിയാണ് പ്ലോട്ടുകള്‍ നിര്‍മിക്കുന്നത്. ഈ പൈസയൊക്കെ എവിടെ നിന്നാണ്. ഈ പൈസ മുടക്കി ഉണ്ടാക്കുന്ന പ്ലോട്ടുകളുടെ രാഷ്ട്രീയങ്ങളുടെയും കലാപരമായ ജാതീയതയേയും ഒക്കെ കുറിച്ച് സോഷ്യല്‍ ഓഡിറ്റിംഗ് വരേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. കേരളത്തിലെ സ്കൂള്‍ കലോത്സവങ്ങളുടെ ഘോഷയാത്രകളൊക്കെ സാംസ്കാരികമായി ഓഡിറ്റ്‌ ചെയ്യേണ്ടിരിക്കുന്നു.

ആനന്ദന്‍ പൈതലെന്‍

രൂപേഷ് കുമാര്‍: കേരളത്തിലെ സ്കൂള്‍ കലോത്സവങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടാല്‍ പലരും പറയുന്ന ഒരു തമാശയാണ്  “ഇനി പത്രങ്ങള്‍ തുറന്നാല്‍ ഏതെങ്കിലും നമ്പൂതിരിയുടെ പാചക കസര്‍ത്തിന്റെ തള്ളല്‍ സഹിക്കേണ്ടി വരും” എന്നൊക്കെ. ഭക്ഷണത്തിലെ ജാതി അതിന്റെ ബ്രാഹ്മണിക് രീതിയെ  പൊലിപ്പിച്ചു കാട്ടുന്ന ഈ  സ്കൂള്‍ കലോത്സവങ്ങള്‍ നിലനിന്നുപ്പോകുന്നതെങ്ങനെയാണ് ?

ആനന്ദന്‍: വിവിധ സാംസ്കാരിക, സാമൂഹിക വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന കേരളത്തിലെ സ്കൂള്‍ കലോത്സവത്തില്‍ വിവിധ ഭക്ഷണ ശൈലിയില്‍ ജീവിക്കുന്ന കുട്ടികളിലേക്ക് പച്ചക്കറി അടിച്ചേല്‍പ്പിക്കുന്ന ബ്രാഹ്മണിക് മാഫിയയുടെ ജാതി അജണ്ട പ്രത്യക്ഷമായി നടപ്പിലാക്കുന്നതിനു വേണ്ടിത്തന്നെയാണ്. കേരത്തിലെ ആധുനികത എപ്പോഴും ഇവിടുത്തെ വൃത്തിയെ പൊലിപ്പിച്ചു കാട്ടുന്നതായിരുന്നു. പച്ചക്കറി വൃത്തിയുള്ള ഭക്ഷണം ആണെന്ന ഒരാശയം ഉണ്ടാകുന്നത് ആധുനികതയുടെ ‘വൃത്തി’, ബ്രാഹ്മണിക് ജാതി വംശീയതയുമായി ചേര്‍ത്ത് വെക്കുന്നത് കൊണ്ടാണ്. ഇതില്‍ ഇടതുപക്ഷത്തിനൊന്നും പ്രത്യേകിച്ച് ഒരു നയവുമില്ല. ബ്രാഹ്മണരെ അല്ലാതെ വേറെ ആരേയും പാചകക്കാരായി നിയമിക്കാത്തതും സ്കൂള്‍ കലോത്സവങ്ങള്‍ ജാതി ബോധത്തില്‍ നിന്നും ഒരു തരി പോലും ഉയര്‍ന്നിട്ടില്ല എന്നതിന്റെ ഉദാഹരണമാണ്. മാധ്യമങ്ങളും ഈ നമ്പൂരിമാരെ അങ്ങ് പൊലിപ്പിച്ചു കാട്ടും.

കേരളത്തില്‍ അങ്ങോളമിങ്ങോളം ഉയര്‍ന്നു വരുന്ന പുതിയ ബ്രാഹ്മിന്‍ റസ്റ്റോറന്റുകളുടെ ഉയര്‍ച്ചകളുടെ മറ്റൊരു തലമാണ് ബ്രാഹ്മണര്‍ ഉണ്ടാക്കുന്ന ഭക്ഷണം സ്കൂള്‍ കലോത്സവങ്ങളില്‍ വിളമ്പുന്നതും. ആദിവാസി, ദളിത്‌, മുസ്ലീം ഭക്ഷണങ്ങള്‍ക്കും നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ക്കും ഉള്ള വിലക്ക് ഈ ബ്രഹ്മണിക് ജാതി ബോധത്തിന്റെ ഉത്പാദനം തന്നെയാണ്. അടുക്കള എന്നത് ശുദ്ധിയുടെ കേന്ദ്രം ആണെന്നും പാചകപ്പുരയില്‍ ബ്രാഹ്മണര്‍ അല്ലാതെ മറ്റാരും അതിന്റെ അധികാരത്തില്‍ ഉണ്ടാകരുതെന്നത് അരങ്ങത്തും അടുക്കളയിലും ബ്രാഹ്മണിക് ശുദ്ധി വേണം എന്നുള്ള നൂറ്റാണ്ടുകളോളം പിന്നോട്ട് വലിക്കുന്ന ജാതി തത്വസംഹിതയാണ്. ഇന്ത്യയില്‍ ഉടനീളം ബീഫ് തിന്നുന്നതിന് ദളിതരും മുസ്ലീങ്ങളും ഒക്കെ ആക്രമിക്കപ്പെടുന്ന ഒരു സംഘപരിവാര്‍ രാഷ്ട്രീയം ശക്തമായി തിരിച്ചു വരുന്ന കാലഘട്ടത്തിലാണ് ഇത്തരം തമാശകള്‍ അരങ്ങേറുന്നത്. ഇതിനെക്കുറിച്ച് നിലപാടെടുക്കാന്‍ കേരളത്തിലെ നവോത്ഥാനന്തര പൊതുബോധം പരാജയപ്പെടുന്നു; ദയനീയമായി പരാചയപ്പെടുന്നു എന്ന് തന്നെ പറയേണ്ടി വരും. ആധുനികത സവര്‍ണ്ണ ദേശീയതയുമായി സന്ധി ചെയ്യുന്ന അവസ്ഥയെക്കുറിച്ച് ചിന്തകനായ എംഎസ്എസ് പാണ്ട്യന്‍ ഒക്കെ സംസാരിച്ചിട്ടുണ്ട്. കേരളത്തിലെ കലോത്സവങ്ങളിലെ പാചകപ്പുരയില്‍ നടക്കുന്നതും മറ്റൊന്നുമല്ല.

രൂപേഷ് കുമാര്‍: കണ്ണൂരിലെ സ്കൂള്‍ കലോത്സവത്തില്‍ ഗായത്രി മന്ത്രം ഒക്കെ സ്വാഗത ഗാനമായി അവതരിപ്പിച്ചതിനെതിരെ പല ദളിത്‌ ചിന്തകരും ജാതി വിരുദ്ധ ചിന്തകരും ഒക്കെ ഫേസ്ബുക്കിലൊക്കെ ശക്തമായി പ്രതികരിച്ചു കഴിഞ്ഞു. എങ്ങനെ നോക്കി കാണുന്നു?

ആനന്ദന്‍: ഗായത്രി മന്ത്രം കണ്ണൂരിലെ കലോത്സവത്തില്‍ സ്വാഗത ഗാനമായി പാടിയതിനെതിരെ പല ഇടതുപക്ഷ ഇടങ്ങളിലും എതിര്‍പ്പുകളുണ്ട്. സ്വകാര്യമായി സംസാരിക്കുമ്പോള്‍ കണ്ണൂരില്‍ പലരും ഇക്കാര്യത്തില്‍ അസ്വസ്ഥരാണ്. പല സംസാരങ്ങളിലും നമ്മളത് തിരിച്ചറിഞ്ഞിട്ടുണ്ട്. പൊയ്കയില്‍ അപ്പച്ചന്‍, അയ്യങ്കാളി, പുതിയ തലമുറയിലെ ദളിത്‌ കലാകാരന്മാര്‍, ചിന്തകര്‍, സിനിമ പ്രവര്‍ത്തകര്‍, മറ്റു പല സാംസ്കാരിക ധാരയിലുള്ള എഴുത്തുകാര്‍, പാട്ടുകാര്‍ എന്നിവരൊക്കെയുള്ള കേരളത്തില്‍ കൂടുതല്‍ ജനാധിപത്യപരമായ, ജാതിവിരുദ്ധമായ ഒരു സ്വാഗതഗാനം ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഒരു സാംസ്കാരിക ധാര ഇവിടെ രൂപപ്പെട്ടു വന്നിട്ടുണ്ട്. എന്നിട്ടും ഈ ഗായത്രി മന്ത്രത്തിലൊക്കെ ഇപ്പോഴും തൂങ്ങിപ്പിടിച്ച് ജാതിയെ, ഹൈന്ദവികതയെ പൊലിപ്പിച്ച് കാട്ടുന്നത് കൃത്യമായി ഒരു ബുള്‍ഡോസറിംഗാണ്. അപരങ്ങളായ പല സാംസ്കാരികതയെയും ബുള്‍ഡോസറിംഗ് ചെയ്തു നശിപ്പിച്ച് ബ്രാഹ്മണികതയെ പൊലിപ്പിച്ചു നിര്‍ത്തുന്ന ഒരു മാഫിയ പ്രവര്‍ത്തനം. അത് ആര്‍എസ്എസ് അല്ല, കേരളത്തിലെ ഒരു പൊതു ഇടമായ സ്കൂള്‍ കലോസവത്തില്‍ ആണ് ഇത് സംഭവിക്കുന്നത്‌ എന്നതാണ് വലിയ അപകടം. ഇതിന്റെ കമ്മിറ്റികളില്‍ ഒക്കെ പ്രവര്‍ത്തിക്കുന്ന കെഎസ്ടിഎ, ജിഎസ്ടിയു എന്നീ സംഘടനകളൊന്നും തന്നെ ഇത്തരം ചര്‍ച്ചകള്‍ക്കൊന്നും തയ്യാറായിട്ടില്ല എന്നതാണ്.

രൂപേഷ് കുമാര്‍: കേരളത്തിലെ സംസ്കാരിക ചിഹ്ന നിര്‍മിതിയില്‍ കഥകളിയും മോഹിനിയാട്ടവും ഒക്കെ അതിന്റെ അധികാര പ്രഭാവത്തില്‍ ഇപ്പോഴും മുന്നില്‍ പൊലിപ്പിച്ചു നില്‍ക്കുന്നുണ്ട്. സ്കൂള്‍ കലോത്സവത്തിന്റെ കാര്യങ്ങളിലും ഇത് വ്യത്യസ്തമല്ല. കലയുടെ രൂപീകരണത്തിലും അതുപോലെ പെര്‍ഫോമന്‍സിലും ഇത്തരത്തിലുള്ള ജാതി, വംശീയത കലോത്സവങ്ങളില്‍ നിലനില്‍ക്കുന്നു എന്ന് പറഞ്ഞാല്‍ എങ്ങനെ പ്രതികരിക്കും?

ആനന്ദന്‍: കേരളത്തിലെ മുക്കാല്‍ പങ്കും സാധാരണ ജനങ്ങള്‍ക്കും മനസ്സിലാകാത്ത ജനകീയ വിരുദ്ധ സ്വഭാവമുള്ള കഥകളിയും മോഹിനിയാട്ടവും ഒക്കെ തന്നെയാണ് ഇപ്പോഴും കലോത്സവങ്ങളില്‍ പൊലിപ്പിച്ച് കാട്ടുന്നത്. അതിന്റെ ഇടയില്‍ മരുന്നിന് നാടോടി നൃത്തം അല്ലെങ്കില്‍ മാര്‍ഗം കളി, ഒപ്പന പോലുള്ള കലകള്‍ വന്നെങ്കിലായി. കേരളത്തിലെ ഫോക് സാംസ്കാരിക ധാരകളെ, ആദിവാസികളുടെ വിവിധ കലാ, സാംസ്കാരിക ധാരകളെ കലോത്സവങ്ങള്‍ അതിന്റെ അധികാര കേന്ദ്രങ്ങളില്‍ നിന്നും എന്നും തള്ളി പുറത്താക്കിയിട്ടുണ്ട്. അത് വലിയ രാഷ്ട്രീയം സംസാരിക്കുന്ന ചലച്ചിത്ര മേളകളിലെ വേദികളില്‍ പോലും ഉണ്ടായിട്ടുണ്ട്. അതുപോലെ ആരൊക്കെയാണ് ഇവിടെ കലാതിലകങ്ങള്‍ ഒക്കെ ആയി മാറിയത് എന്നതിന്റെ ചരിത്രമൊക്കെ ഒന്ന് പരിശോധിക്കണം. ഇത്തരം കഥകളി, മോഹിനിയാട്ടം പോലുള്ള കലകളില്‍ മത്സരിക്കാനും സമ്മാനം വാങ്ങിക്കാനുമുള്ള മൂലധനം ഏതു വിഭാഗം ജനങ്ങള്‍ക്കാണുള്ളത് എന്നത് പരിശോധിക്കണം.

കേരളത്തിലെ കലോത്സവങ്ങളില്‍ ജാതി വംശീയതയും ബ്രാഹ്മണിസവും മൂലധന ശക്തികളും ചേര്‍ന്നുള്ള ഒരു ‘അയ്യര് കളി’ തന്നെയാണ് നടക്കുന്നത്. കഥകളിയൊക്കെ ഉത്തരാസ്വയംവരം ആണോ ദുര്യോധന വധം ആണോ എന്നൊന്നും ആര്‍ക്കും തിരിച്ചറിയാനാകാതെ ഇങ്ങനെ പൊലിപ്പിച്ച് പൊലിപ്പിച്ച് റീല്‍ തീരുന്നത് വരെ ഓടുകയാണ്. രാജാവ് നഗ്നനാണ് എന്ന് ആരെങ്കിലും പറയുന്നതു വരെ ഇത്തരം ജാതി വംശീയതകള്‍ക്ക് എല്ലാവരും കയ്യടിച്ചു കൊണ്ടിരിക്കും. അവിടെ കുഴിച്ചു മൂടപ്പെടുന്നത് ആദിവാസികള്‍, ദളിതര്‍ മുസ്ലീങ്ങള്‍ എന്നീ ഇടങ്ങളിലുള്ള ഒരുപാട് കലകളാണ്. അതുപോലെ സംഗീതത്തിലെ പുതിയ ടെക്നിക്കലായ പരീക്ഷണങ്ങള്‍ ഒക്കെ അപ്പാടെ നിരാകരിക്കുകയാണ്. എല്ലാവര്‍ക്കും ഡാന്‍സ്‌ കളിക്കാന്‍ പറ്റുന്ന സിനിമാറ്റിക് ഡാന്‍സ്‌ ഒക്കെ നിരോധിക്കപ്പെടുകയാണ്. കേരളത്തിലെ ടെലിവിഷന്‍ ചാനലുകള്‍ എത്രയൊക്കെ ജാതീയത ഉത്പ്പാദിപ്പിക്കുന്നുണ്ടെങ്കിലും പല തരത്തിലുള്ള പുതിയ കലകളുടെയും വിവിധ സംസ്കൃതികളിലെ കലകളും ദൃശ്യവത്ക്കരിച്ചിട്ടുണ്ട്.

രൂപേഷ് കുമാര്‍: അന്താരാഷ്‌ട്ര തലത്തിലൊക്കെ പല തരത്തിലുള്ള സ്വത്വങ്ങളും പേര്‍ഫോമന്‍സുകാലുമൊക്കെ ആഘോഷിക്കപ്പെടുമ്പോള്‍, രാഷ്ട്രീയമായി ചര്‍ച്ച ചെയ്യുമ്പോള്‍ കേരളത്തില്‍ ഒരു മാറ്റം ഉണ്ടാകാത്തതെന്തുകൊണ്ടാണ്?

ആനന്ദന്‍: മൈക്കില്‍ ജാക്സനെയും ബോബ് മാര്‍ലിയെയും ആഘോഷിക്കുന്ന തലുറകള്‍ ഉണ്ടിവിടെ. ജാസി ഗിഫ്റിനെ നെഞ്ചിലേറ്റുന്നവരുണ്ട്. എആര്‍ റഹ്മാനെ ആഘോഷിക്കുന്നവരുണ്ട്. പക്ഷെ കേരളത്തിലെ വിദ്യാര്‍ഥികളെ നയിക്കുന്ന, പൊതുബോധത്തില്‍ ജീവിക്കുന്ന അധ്യാപകരൊക്കെ ഇത്തരം പുതിയ മാറ്റങ്ങള്‍ക്ക് എക്സ്പോസ്ഡ് ആവേണ്ട കാലം കഴിഞ്ഞു. ഇവിടെ കലോത്സവ കമ്മറ്റികളിലും മറ്റും ജിഎസ്ടിയുവും കെഎസ്ടിയും ഒക്കെയാണ് ഇപ്പോഴും. പഴയ രാഷ്ട്രീയ പ്രത്യയശാസ്ത്ര ധാരയിലൂടെ ഇരുട്ടില്‍ തപ്പുകയാണ്‌ അവരൊക്കെ. ഒരുപാട് കഴിവുള്ള ഒരുപാട് അപര സംസ്കൃതിയിലെ കലാകാരന്മാരോടും രാഷ്ട്രീയചിന്തകരോടും ഒക്കെ ആലോചിച്ച് കേരളത്തിലെ കലോത്സവ രീതി തന്നെ ഉടച്ചു വാര്‍ക്കേണ്ട സമയം കഴിഞ്ഞു.

ദോഷം പറയരുതല്ലോ, ഹരിതപ്രോട്ടോക്കോള്‍ പ്രകാരം ഇത്തവണ കഥകളി ആചാര്യന്മാരുടെയും ലാസ്യം, നടനം എന്നീ പേരുകളിലൊക്കെയുണ്ടായിരുന്ന വേദികള്‍ക്ക് ഇത്തവണ കണ്ണൂരിലെ വളപട്ടണം പുഴയുടെ പേരൊക്കെയാണ് വന്നിരിക്കുന്നത്. പക്ഷെ ഇത്തരത്തിലാണ് കേരളത്തിലെ അല്ലെങ്കില്‍ ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവം മുന്നോട്ടു പോകുന്നതെങ്കില്‍ ഇത് ബ്രാഹ്മണിക് അഗ്രഹാരത്തിലേക്കുള്ള തിരിച്ചുപോക്കായിരിക്കും; ഒരു സംശയവും വേണ്ട.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

രൂപേഷ് കുമാര്‍

രൂപേഷ് കുമാര്‍

പ്രശസ്ത ഡോക്യൂമെന്ററി ഫിലിം സംവിധായകന്‍. ഇന്ത്യയിലെ ജാതി അനുഭവങ്ങളെ മുന്‍ നിര്‍ത്തി ദളിത് പ്രശ്‌നങ്ങളെ ആഴത്തില്‍ വിശകലനം ചെയ്യുന്നവയാണ് രൂപേഷിന്റെ ഡോക്യൂമെന്ററികള്‍. കണ്ണൂര്‍ ജില്ലയിലെ പെരിങ്ങീലില്‍ ജനനം. Documentaries Don’t be our fathers Don’t be our fathers Music video Black Board Twinkle Twinkle Little Caste Crime and Punishment 3D Stereo Caste All Indians are… Sabitha: A Woman and a Day By the side of a River Love stories In Black letters Underworld Memories of Untouchables ബ്ളാക്ക് ലെറ്റേഴ്‌സ് 1980-കള്‍ക്കു ശേഷമുള്ള ദളിത് ജീവിതാനുഭവങ്ങളും ദളിത് ഓര്‍മകളും ദളിത് മനോഭാവങ്ങളുമാണ് ഈ എഴുത്തില്‍ വരിക. നിയതവും ചിട്ടപ്പെടുത്തിയതുമായ അവസ്ഥകളിലല്ല ജീവിതം സംഭവിക്കുന്നതെന്നതിനാല്‍ എഴുത്തും ഇതേ രീതി പിന്തുടരുന്നു. എന്നാല്‍ മുറിഞ്ഞുപോകുന്ന ജീവിതാവസ്ഥകളെ വീണ്ടെടുക്കാനുള്ള ശ്രമം കൂടിയാണ് ബ്ളാക്ക് ലെറ്റേഴ്‌സ്.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍