UPDATES

പ്രവേശനം നിഷേധിച്ച ആദിവാസി പെണ്‍കുട്ടിയെ തിരികെ പ്രവേശിപ്പിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ്; പക്ഷേ, അധ്യാപകരുടെ മനോഭാവം മാറുമോ?

എന്നാല്‍ ഒരു തവണ മടക്കിയയച്ച കുട്ടി ഇനി പഠിക്കാനെത്തുമെന്ന പ്രതീക്ഷ സമഖ്യ പ്രവര്‍ത്തകര്‍ക്കില്ല.

സ്‌കൂളില്‍ പ്രവേശിപ്പിക്കാനാവില്ലെന്ന് പറഞ്ഞ് സ്‌കൂള്‍ അധികൃതര്‍ മടക്കിയയച്ച ആദിവാസി കുട്ടിക്ക് അതേ സ്‌കൂളില്‍ തന്നെ പ്രവേശനം നല്‍കണമെന്ന് വിദ്യാഭ്യാസ വകുപ്പ്. പാലക്കാട് കോട്ടത്തറ ആരോഗ്യമാതാ സ്‌കൂള്‍ അധികൃതരുടെ നടപടിയെ വിമര്‍ശിച്ചുകൊണ്ടാണ് വിദ്യാഭ്യാസ വകുപ്പ് ഈ ഉത്തരവിറക്കിയത്. അട്ടപ്പാടി ബ്ലോക്കിലുള്ള അഗളി സങ്കേതത്തിലെ മുതുക ഗോത്രത്തിലെ വിനീത എന്ന പെണ്‍കുട്ടിയെയായിരുന്നു പ്രവേശനം നിഷേധിച്ച് സ്‌കൂള്‍ അധികൃതര്‍ തിരികെയയച്ചത്.

കോട്ടത്തറ ആരോഗ്യമാതാ സ്‌കൂളിലായിരുന്നു വിനീത പഠിച്ചിരുന്നത്. എന്നാല്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ ഒമ്പതാം ക്ലാസ്സില്‍ പഠനം നിര്‍ത്തി. പിന്നീട് മഹിളാസമഖ്യ പ്രവര്‍ത്തകരുടെ ശ്രമഫലമായി തുടര്‍ പഠനത്തിന് തയ്യാറാവുകയായിരുന്നു. ആരോഗ്യമാതയില്‍ തന്നെ പഠിച്ചാല്‍ മതിയെന്ന് ആഗ്രഹം പ്രകടിപ്പിച്ച കുട്ടിയെ സമഖ്യ പ്രവര്‍ത്തകര്‍ സ്‌കൂളില്‍ പ്രവേശനത്തിനായി ഹാജരാക്കി. എന്നാല്‍ അക്ഷരാഭ്യാസമില്ലാത്തതിന്റെ പേരില്‍ പരിഹസിക്കുകയും കുട്ടിക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ സംസാരിക്കുകയും ചെയ്ത സ്‌കൂള്‍ അധികൃതര്‍ പ്രവേശനം നിഷേധിക്കുകയായിരുന്നുവെന്ന് സമഖ്യ പ്രവര്‍ത്തകയായ കാര്‍ത്തിക പറയുന്നു.

ഡ്രോപ്പ് ഔട്ടായ കുട്ടികളെ വിവിധ സ്‌കൂളുകളിലായാണ് സമഖ്യ പ്രവര്‍ത്തകര്‍ ചേര്‍ക്കുന്നത്. അതില്‍ കുട്ടികളുടെ ഇഷ്ടവും പരിഗണിക്കും. അങ്കനവാടി അധ്യാപിക റിപ്പോര്‍ട്ട് ചെയ്തതനുസരിച്ചാണ് വിനീതയെ കാണാന്‍ പോവുന്നത്. ഏത് സ്‌കൂളില്‍ ചേരണമെന്ന് ചോദിച്ചപ്പോള്‍ താന്‍ പഠിച്ചിരുന്ന ആരോഗ്യമാതയില്‍ ചേര്‍ന്നാല്‍ മതിയെന്ന് അവള്‍ പറഞ്ഞു. അങ്ങനെയാണ് ആരോഗ്യമാത സ്‌കൂളില്‍ ചെല്ലുന്നത്. രണ്ട് വര്‍ഷം സ്‌കൂളില്‍ പഠിച്ച് ഡ്രോപ്പ് ഔട്ട് ആയ കുട്ടിയാണ് വിനീത. ഒമ്പതാം ക്ലാസ്സിലാണ് ചേര്‍ക്കേണ്ടിയിരുന്നത്. ചെന്നപ്പോള്‍ തന്നെ ‘എന്താണ് കുട്ടി പഠിക്കാതിരുന്നത്? കുട്ടിയുടെ അമ്മയും അച്ഛനും എവിടെ?’ തുടങ്ങിയ ചോദ്യങ്ങള്‍ ചോദിച്ചു. അമ്മയും അച്ഛനും വിദ്യാഭ്യാസത്തിന് സപ്പോര്‍ട്ട് ചെയ്യാത്തതുകൊണ്ടാണ് ഞങ്ങള്‍ കൊണ്ടുചെല്ലുന്നത്. ആദിവാസിക്കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തില്‍ അമ്മയേയും അച്ഛനേയും അന്വേഷിക്കുന്നതില്‍ അര്‍ഥമില്ല. കാരണം അവരുടെ പിന്തുണയില്ലാത്ത കുട്ടികളെയാണ് മിക്കപ്പോഴും സാമൂഹ്യപ്രവര്‍ത്തകര്‍ സ്‌കൂളില്‍ കൊണ്ടുപോവേണ്ടി വരുന്നത്. പിന്നീട് കുട്ടിയെക്കൊണ്ട് വായിപ്പിക്കാനുള്ള ശ്രമം നടത്തി. പത്രം വായിക്കാനറിയാമോ എന്ന് നോക്കട്ടെ എന്ന് പറഞ്ഞുകൊണ്ട് പത്രം എടുത്തുകൊണ്ടു വന്ന് വായിക്കാന്‍ പറഞ്ഞു. പക്ഷെ കുട്ടിക്ക് വായിക്കാനായില്ല. അപ്പോള്‍ ‘കുട്ടിക്ക് വായിക്കാന്‍ പോലും അറിയില്ല’ എന്ന കുറ്റപ്പെടുത്തലായി.

‘പണ്ടുമുതലേ നിങ്ങളുടെ സ്‌കൂളില്‍ തന്നെയല്ലേ പഠിച്ചത്? പിന്നെയെന്തുകൊണ്ട് കുട്ടിയെ വായിക്കാന്‍ പഠിപ്പിച്ചില്ല? ഇത്രയായിട്ടും വായിക്കാനറിയില്ലെങ്കില്‍ അത് നിങ്ങളുടെ കുഴപ്പമാണ്’ എന്ന് ഞങ്ങള്‍ തിരിച്ചും പറഞ്ഞു. പക്ഷെ അത് അവരെ ചൊടിപ്പിച്ചു. ‘ഓഫീസില്‍ വന്ന് അനാവശ്യം പറയുന്നോ? നിങ്ങള്‍ ഇറങ്ങിപ്പോകൂ’ എന്നായി പ്രധാനാധ്യാപിക. എന്നാല്‍ ഈ കുട്ടിക്ക് ഈ സ്‌കൂളില്‍ തന്നെ ചേരണമെന്ന് പറയുന്ന സ്ഥിതിക്ക് ഞങ്ങള്‍ക്ക് ഇവിടെ ചേര്‍ത്തേ പറ്റൂ എന്ന് ഞങ്ങള്‍ സിസ്റ്ററോട് പറഞ്ഞു. എന്നാല്‍ അപ്പോഴേക്കും കുട്ടിയുടെ നേരെ തിരിഞ്ഞ് ‘നിനക്കിവിടെ ചേരണോ? പറയ്, നിനക്കിവിടെ ചേരണോ?’ എന്ന് ഭീഷണിയുടെ സ്വരത്തില്‍ ചോദിച്ചു. അങ്ങനെ ചോദിച്ചപ്പോഴേക്കും കുട്ടി ആകെ വിരണ്ടുപോയി. തനിക്ക് ഇവിടെ ചേരണ്ട എന്ന് അവള്‍ പറഞ്ഞു. ഈ കുട്ടികളെ ചേര്‍ക്കാന്‍ നിങ്ങള്‍ക്കാണല്ലേ നിര്‍ബന്ധം, ഈ കുട്ടിക്ക് ഇവിടെ പഠിയ്ക്കണമെന്നാഗ്രഹമില്ല, നിങ്ങള്‍ നിര്‍ബന്ധിച്ച് കൊണ്ടുവന്നതാണെന്ന് പറഞ്ഞ് ഞങ്ങളോട് വീണ്ടും കയര്‍ത്ത് സംസാരിച്ചു. തിരിച്ച് അവരോട് പറ്റാവുന്നത് പോലെ മറുപടി പറഞ്ഞിട്ടാണ് ഞങ്ങള്‍ ഇറങ്ങിയത്. ശരിക്കും ഇറക്കിവിട്ടത് പോലെ തന്നെയായിരുന്നു.

നിങ്ങള്‍ ഇങ്ങനെ കുറേ കുട്ടികളേയും കൊണ്ട് വരും, ശല്യം, ഞങ്ങള്‍ക്ക് ജോലിയുണ്ടാക്കാന്‍ എന്ന് തുടങ്ങി പലതും അവര്‍ ഞങ്ങളോട് പറഞ്ഞു’.

സംഭവമുണ്ടായതിന് പിന്നാലെ മഹിളാ സമഖ്യ പ്രവര്‍ത്തകര്‍ വിദ്യാഭ്യാസ വകുപ്പിന് പരാതി നല്‍കി. തുടര്‍ന്ന് ഇക്കാര്യം അന്വേഷിക്കാന്‍ മണ്ണാര്‍ക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസറെ വിദ്യാഭ്യാസ വകുപ്പ് ചുമതലപ്പെടുത്തി. ആരോഗ്യമാതാ ഹൈസ്‌കൂളില്‍ ഒമ്പതാം ക്ലാസ്സില്‍ പ്രവേശനം ആവശ്യപ്പെട്ടിട്ട് കുട്ടിക്ക് പ്രവേശനം അനുവദിക്കാതെ നിരുത്സാഹപ്പെടുത്തി മടക്കി അയച്ചു എന്ന മഹിളാ സമഖ്യയുടെ പരാതി സത്യമാണെന്ന് കണ്ടെത്തിയ അന്വേഷണ റിപ്പോര്‍ട്ട് മണ്ണാര്‍ക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കൈമാറി. ഈ വിഷയത്തില്‍ സ്‌കൂള്‍ പ്രധാനാധ്യാപക ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് നല്‍കിയ വിശദീകരണം തൃപ്തികരമല്ല എന്ന് വിദ്യാഭ്യാസ വകുപ്പ് വിലയിരുത്തി. ഒരു കുട്ടിയുടേയും പഠനം മുടങ്ങരുതെന്ന താല്‍പര്യം മുന്‍നിര്‍ത്തി ടി.സി. ഇല്ലാതെ തന്നെ പ്രവേശനം സാധ്യമാക്കുന്നതിനുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ളതാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സ്‌കൂള്‍ പ്രധാനാധ്യാപികയ്ക്ക് നല്‍കിയ ഉത്തരവില്‍ പറയുന്നു. പ്രവേശനം ആവശ്യപ്പെട്ട കുട്ടിയ്ക്ക് പ്രവേശനം നല്‍കാതിരുന്ന പ്രധാനാധ്യാപികയുടെ നടപടി തികച്ചും തെറ്റാണെന്ന് ഡയറക്ടര്‍ വിലയിരുത്തി. ഇവിടെ കുട്ടിയുടെ വിദ്യാഭ്യാസത്തിനുള്ള അവകാശമാണ് നിഷേധിച്ചിരിക്കുന്നത്. ചട്ടങ്ങളുടേയും സര്‍ക്കാര്‍ ഉത്തരവുകളുടേയും ലംഘനം അച്ചടക്ക നടപടി ക്ഷണിച്ചുവരുത്തുമെന്ന ഓര്‍മ്മപ്പെടുത്തുകയാണെന്നും ഉത്തരവില്‍ പറയുന്നു. വിനീതയ്ക്ക് കോട്ടത്തറ ആരോഗ്യമാത ഹൈസ്‌കൂളില്‍ ഒമ്പതാം ക്ലാസില്‍ പ്രവേശനം സാധ്യമാക്കി വിവരം മണ്ണാര്‍ക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസറെ അറിയിക്കണമെന്ന നിര്‍ദ്ദേശവും കൈമാറിയിട്ടുണ്ട്.

"</p "</p

എന്നാല്‍ ഒരു തവണ മടക്കിയയച്ച കുട്ടി ഇനി പഠിക്കാനെത്തുമെന്ന പ്രതീക്ഷ സമഖ്യ പ്രവര്‍ത്തകര്‍ക്കില്ല. ‘ആരോഗ്യമാത സ്‌കൂളില്‍ പ്രവേശനം ലഭിക്കാതായപ്പോള്‍ അഗളി സ്‌കൂളില്‍ ചേര്‍ക്കാമെന്ന് ഞങ്ങള്‍ അവളോട് പറഞ്ഞിരുന്നു. എന്നാല്‍ അതിന് താത്പര്യമില്ലെന്ന് കുട്ടിയുടെ അച്ഛന്‍ ഞങ്ങളെ അറിയിച്ചു. ഇനി ആരോഗ്യമാതയില്‍ തന്നെ പ്രവേശനം ലഭിച്ചാലും അവള്‍ പഠിക്കാനെത്തുമോ എന്നത് സംശയമാണ്. അന്നത്തെ സംഭവത്തില്‍ അവള്‍ ഭയന്നുപോയിട്ടുണ്ട്. ആരോഗ്യപരമായ കാരണങ്ങളാല്‍ പഠനം നിര്‍ത്തി എന്നാണ് അവള്‍ പറയുന്നത്. സ്‌കൂള്‍ അധികൃതരുടേയും അധ്യാപകരുടേയും ഇത്തരം സമീപനങ്ങളായിരിക്കാം രോഗമായി മാറിയത്. പല സ്‌കൂളുകളിലേയും അധ്യാപകര്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കും ആദിവാസി ഊരുകളില്‍ നിന്ന് വരുന്ന കുട്ടികളോട് എങ്ങനെയാണ് പെരുമാറേണ്ടതെന്നോ അവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നോ അറിയില്ല. മനസ്സുമടുത്തിട്ടാണ് പലരും പഠനം ഉപേക്ഷിക്കുന്നത്. ഉപദേശങ്ങള്‍ എന്ന തരത്തില്‍ പറയുന്നത് പലതും ആ കുട്ടികള്‍ക്ക് അധിക്ഷേപമായിട്ടോ പരിഹാസമായിട്ടോ ഒക്കെയാണ് തോന്നാറ്. അത് പക്ഷെ അധ്യാപകരാണ് മനസ്സിലാക്കേണ്ടത്. ആരോഗ്യമാത മാനേജ്‌മെന്റ് സ്‌കൂളാണ്. പക്ഷെ സര്‍ക്കാര്‍ സ്‌കൂളുകളുടേയും അവസ്ഥ വ്യത്യസ്തമല്ല’ കാര്‍ത്തിക പറഞ്ഞു.

ഈ വിഷയത്തില്‍ സ്‌കൂള്‍ അധികൃതരുടെ വിശദീകരണത്തിനായി ബന്ധപ്പെട്ടെങ്കിലും അവര്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍