UPDATES

കേരളം

പോലീസുകാരന്റെ മര്‍ദ്ദനത്തെക്കുറിച്ച് പരാതി കൊടുത്ത അധ്യാപകനെതിരെ ജാമ്യമില്ലാക്കേസ്; ഒത്തുകളിച്ച് പോലീസും

കേസിനെതിരെ സതീഷ് കുമാറും സതീഷ് പഠിപ്പിക്കുന്ന കാമ്പിശേരി കരുണാകരന്‍ മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ അധികൃതരും മുഖ്യമന്ത്രിയ്ക്കും സംസ്ഥാന പോലീസ് മേധാവിയ്ക്കും പരാതി നല്‍കി

കാര്‍ ഓവര്‍ടേക്ക് ചെയ്തപ്പോഴുണ്ടായ തര്‍ക്കത്തിനിടെ തന്നെ മര്‍ദ്ദിച്ച പോലീസുകാരനെതിരെ ജാമ്യമില്ലാ കേസ് കൊടുത്ത് അധ്യാപകന്‍. ആലപ്പുഴ ഇലിപ്പക്കുളം കെകെഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ സതീഷ് കുമാര്‍ ആണ് മകന്റെ മുന്നില്‍ വച്ച് പോലീസുകാരന്‍ മര്‍ദ്ദിച്ചതായി വള്ളികുന്നം പോലീസില്‍ പരാതി നല്‍കിയത്.

എന്നാല്‍ ഈ പരാതിക്കെതിരെ കാറിലുണ്ടായിരുന്ന സ്ത്രീകളെ ഉപദ്രവിച്ചുവെന്ന് കാണിച്ച് അടൂര്‍ ക്യാമ്പിലെ പോലീസുകാരനായ ഹരീഷ് ചന്ദ്രന്‍ അധ്യാപകനെതിരെ കേസ് കൊടുത്തിരിക്കുകയാണ്.ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് ഈ പരാതിയില്‍ കേസെടുത്തിരിക്കുന്നത്.

അതേസമയം ഈ കേസിനെതിരെ സതീഷ് കുമാറും സതീഷ് പഠിപ്പിക്കുന്ന കാമ്പിശേരി കരുണാകരന്‍ മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ അധികൃതരും മുഖ്യമന്ത്രിയ്ക്കും സംസ്ഥാന പോലീസ് മേധാവിയ്ക്കും പരാതി നല്‍കി. ഈമാസം 12നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. നാലര വയസ്സുള്ള മകനെ സ്‌കൂളില്‍ വിടാന്‍ സതീഷ് കുമാര്‍ കാറില്‍ പോകുമ്പോഴായിരുന്നു സംഭവം. കാര്‍ വെട്ടിക്കോട്ട് അമ്പനാട്ട് ജംഗ്ഷന് സമീപം വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. മുന്നിലുള്ള കാര്‍ നിര്‍ത്തിയിരുന്നതിനാല്‍ താനും കാര്‍ നിര്‍ത്തിയെന്നും എന്നാല്‍ ആ കാറിന് മുന്നിലെ ബസ് മുന്നോട്ടെടുത്തിട്ടും കാര്‍ എടുക്കാതിരുന്നതിനെ തുടര്‍ന്ന് താന്‍ ഓവര്‍ടേക്ക് ചെയ്യുകയായിരുന്നെന്നും മുഖ്യമന്ത്രിക്ക് അയച്ച പരാതിയില്‍ സതീഷ് പറയുന്നു. എന്നാല്‍ സതീഷിന്റെ കാര്‍ തന്റെ കാറിന്റെ ബംബറില്‍ ഉരഞ്ഞെന്ന് ആരോപിച്ച് ഹരീഷ് ചന്ദ്രന്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. കുട്ടിയുടെ മുന്നില്‍ വച്ചായിരുന്നു മര്‍ദ്ദനം. കുഞ്ഞ് കരയുന്നത് പോലും കണക്കിലെടുക്കാതെ താന്‍ പോലീസുകാരനാണെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം.

സംഭവം കണ്ടു നിന്ന പിഡബ്ല്യൂഡി ഓവര്‍സിയറും സ്‌കൂള്‍ പ്രിന്‍സപ്പല്‍ എ സലാമും ഹരീഷിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇവരെയും ഇയാള്‍ അസഭ്യം പറഞ്ഞു. പിന്നീട് വള്ളികുന്നം പോലീസ് സ്ഥലത്തെത്തിയാണ് പ്രശ്‌നം ഒതുക്കിയത്. എന്നാല്‍ മര്‍ദ്ദനത്തെ തുടര്‍ന്ന് ചെവിവേദന അനുഭവപ്പെട്ട സതീഷിനെ സഹപ്രവര്‍ത്തകര്‍ കായംകൂളം ഗവ. ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പിറ്റേദിവസം തന്നെ സതീഷ് ഹരീഷ് ചന്ദ്രനെതിരെ കേസ് കൊടുക്കുകയും ചെയ്തു.

പോലീസ് ഉദ്യോഗസ്ഥനെ സഹായിക്കാനായി പോലീസ് തനിക്കെതിരെ കേസെടുക്കുകയായിരുന്നുവെന്ന് സതീഷ് കുമാറിന്റെ മുഖ്യമന്ത്രിക്കുള്ള പരാതിയില്‍ പറയുന്നു. പോലീസുകാരനെതിരായ പരാതി പിന്‍വലിച്ചാല്‍ മാത്രമേ തനിക്കെതിരായ പരാതിയും പിന്‍വലിക്കൂവെന്നാണ് ഹരീഷ് ചന്ദ്രന്‍ അറിയിച്ചതെന്ന് സതീഷ് അഴിമുഖത്തോട് പറഞ്ഞു. അതേസമയം കേസ് ഒത്തുതീര്‍പ്പാക്കണമെന്നാണ് വള്ളികുന്നം പോലീസിന്റെ നിലപാടെന്നും ഇദ്ദേഹം അറിയിച്ചു. നിരപരാധിയും വാദിയുമായ തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാണ് മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും നല്‍കിയിരിക്കുന്ന കത്തിലെ ആവശ്യം. സ്‌കൂള്‍ എസ്എംസി ചെയര്‍മാന്‍ വേണു എസും മുഖ്യമന്ത്രിയ്ക്ക് സതീഷ് കുമാറിനെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍