UPDATES

ദളിത് വിദ്യാർത്ഥിയുടെ മുടി മുറിപ്പിച്ച് പിടിഎ പ്രസിഡന്റ്; ‘മുറിഞ്ഞു നീറുന്നു’ എന്നെഴുതി വയ്ക്കേണ്ടി വരുന്ന കുട്ടികള്‍

സ്‌കൂളിൽ സിഗരറ്റും കഞ്ചാവും ഉപയോഗിക്കുന്ന വിദ്യാർത്ഥികളുണ്ടെന്നും അവർക്കെല്ലാം പൊതുവായി നീളമുള്ള മുടിയുണ്ടെന്നുമാണ് പിടിഎ പ്രസിഡന്റ് നൽകിയ മറ്റൊരു മറുപടി.

ദീഷ്‌ണ സി.

ദീഷ്‌ണ സി.

ദളിത് വിദ്യാർത്ഥിയെ ബാർബർ ഷോപ്പിൽ നിർബന്ധിച്ചു കൊണ്ടുപോയി മുടി മുറിപ്പിക്കാൻ പിടിഎ പ്രസിഡന്റ് ശ്രമിച്ചെന്ന പരാതിയുമായി മാതാപിതാക്കൾ. ബലമായി മുടി മുറിപ്പിക്കാൻ ശ്രമിച്ചതിനെത്തുടർന്ന് അപമാനിതനായ കുട്ടി വീട് വിട്ടിറങ്ങിയെന്നാണ് മാതാപിതാക്കളുടെ പരാതി. കോഴിക്കോട് മെഡിക്കൽ കോളേജ് ഗവണ്മെന്റ് ക്യാംപസ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിയായ വരുൺ രാജീവിന്റെ മാതാപിതാക്കളും സാമൂഹ്യ പ്രവര്‍ത്തകരുമായ ലിജുകുമാറും സ്മിതയുമാണ് ഒൻപതാം ക്ലാസ്സുകാരനായ മകന് നേരിടേണ്ടിവന്ന അപമാനത്തിനെതിരെയും, വീട് വിട്ടിറങ്ങാൻ കുട്ടിയെ പ്രേരിപ്പിക്കത്തക്ക വിധം മാനസിക പ്രയാസം അടിച്ചേൽപ്പിച്ച സംഭവങ്ങളും ചൂണ്ടിക്കാട്ടി സ്കൂൾ അധികൃതർക്കും ചൈൽഡ് ലൈനും പരാതി നൽകിയിരിക്കുന്നത്. വരുൺ വീട് വിട്ടിറങ്ങുന്നതിന് മുൻപ് എഴുതിവച്ച ‘മുറിഞ്ഞു നീറുന്നു ഞാൻ’ എന്ന ഒറ്റ വാക്യത്തിലുള്ള കത്തും കുട്ടിക്കേറ്റ മാനസിക പിരിമുറുക്കത്തിന്റെ വ്യാപ്തി വെളിപ്പെടുത്തുന്നതായി മാതാപിതാക്കൾ പറയുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് പരാതിക്കാസ്പദമായ സംഭവങ്ങൾ നടന്നത്. സ്‌കൂൾ അച്ചടക്ക നടപടികളുടെ ഭാഗമായി മുടി വെട്ടണമെന്ന് തലേദിവസം തന്നെ അധികൃതർ വരുണിനോട് പറഞ്ഞിരുന്നു. എന്നാൽ കുറച്ചു ദിവസങ്ങൾക്ക് മാത്രം മുൻപ് മുടി വെട്ടിയിരുന്നതിനാൽ വരുൺ വീണ്ടും ചെയ്തിരുന്നില്ല. ചൊവ്വാഴ്‌ച്ച സ്‌കൂളിലെത്തിയ വരുണിനോട് പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ, പ്രധാനമായി പിടിഎ പ്രസിഡന്റ് മുടിവെട്ടാൻ ആവശ്യപ്പെട്ടു. മുടി വെട്ടിയതാണെന്ന വിദ്യാർത്ഥിയുടെ മറുപടിക്ക് സ്‌കൂളിന്റെ ‘യൂണിഫോമിറ്റി’ പ്രകാരം മുടിവെട്ടണമെന്ന് പറഞ്ഞ് കോവൂരിലെ ബാർബർ ഷോപ്പിൽ കൊണ്ടുപോവുകയുമായിരുന്നു. മൊത്തത്തിൽ മുടിവെട്ടണമെന്ന് കൽപ്പിച്ച പിടിഎ പ്രസിഡന്റിനെ തട്ടിമാറ്റി ഇറങ്ങിയ വരുൺ വീട്ടിലെത്തി കത്തെഴുതി വച്ചശേഷം വൈകിട്ടോടെയാണ് വീട് വിട്ടിറങ്ങുന്നത്. ഒടുക്കം കോവൂരിൽ നിന്നും പതിനഞ്ചു കിലോമീറ്ററുകൾക്കപ്പുറം അടിവാരത്ത് വച്ചാണ് ബൈക്ക് യാത്രികർ സഹായിച്ചത് വഴി വരുൺ അമ്മയുടെ വീട്ടിൽ സുരക്ഷിതമായെത്തുന്നത്. മൂന്ന് ദിവസങ്ങൾക്ക് ശേഷവും മകൻ സ്‌കൂളിൽ പോകാൻ തയ്യാറാകുന്നില്ലെന്നും മാനസികമായി വിഷമങ്ങൾ സഹിച്ചുകൊണ്ടിരിക്കുകയാണെന്നും രക്ഷിതാക്കൾ പറയുന്നു.

“സഹിക്കാന്‍ പറ്റുന്നില്ല മോനെ, പരാതി പറയാന്‍ ഉള്ളത് പോലീസാണ്, അവരാണ് ഇത് ചെയ്തത്…”

വരുൺ രാജീവിന്റെ അച്ഛൻ ലിജുകുമാര്‍ സംഭവത്തെ കുറിച്ച് വിശദീകരിക്കുന്നു;  “പോലീസുകാരിൽ നിന്നുമാണ് വിനായകന് മുടിയുടെ നീളത്തിൽ പേരിൽ ക്രൂശിക്കപ്പെടേണ്ടി വന്നതെങ്കിൽ, വിദ്യ പകർന്നു നൽകുന്ന ഒരു കലാലയത്തിൽ നിന്നുമാണ് എന്റെ മകന് അപമാനിതനാകേണ്ടി വന്നത്. അത്ര മാത്രമാണ് അതിലെ വ്യത്യാസം. ഒരു വിദ്യാർത്ഥിയുടെ മുടി വെട്ടിക്കാനും മറ്റും ആരാണ് അധികൃതർക്ക് അനുവാദം നൽകിയിട്ടുള്ളത്? പിതാവെന്ന നിലയിൽ എന്റെ ചോദ്യങ്ങൾക്ക് പിടിഎ പ്രസിഡന്റ് നൽകിയ മറുപടി സ്‌കൂളിന്റെ യൂണിഫോമിറ്റിയുടെ ഭാഗമായാണ് ഒരേ രൂപത്തിൽ മുടിവെട്ടാൻ കുട്ടിയെ നിർദേശിച്ചതെന്നായിരുന്നു. ഇതേ യൂണിഫോമിറ്റിയുടെ ഭാഗമായി ഉയരത്തിലെ വ്യത്യസ്തതയനുസരിച്ച് നാളെ കുട്ടികളെ സ്‌കൂളിൽ നിന്ന് പുറത്താക്കുമോ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. സ്‌കൂളിൽ സിഗരറ്റും കഞ്ചാവും ഉപയോഗിക്കുന്ന വിദ്യാർത്ഥികളുണ്ടെന്നും അവർക്കെല്ലാം പൊതുവായി നീളമുള്ള മുടിയുണ്ടെന്നുമാണ് പിടിഎ പ്രസിഡന്റ് നൽകിയ മറ്റൊരു മറുപടി. ഓരോ വ്യക്തിയുടെ ഘടനയേയും വ്യത്യസ്തമായി കാണാതെ ബാഹ്യരൂപം വിലയിരുത്തി ഒരു പ്രത്യേക വിഭാഗത്തിൽ മുദ്രകുത്തുന്ന രീതിയുടെ പിന്തുടർച്ചയാണ് എന്റെ മകന് നേരെയും ഉണ്ടായിരിക്കുന്നത്. ഇതേ സ്‌കൂളിലെ അധ്യാപികയുടെ മകനായ ഒരു വിദ്യാർത്ഥിക്ക് എന്റെ മകന്റെ ഇരട്ടി നീളത്തിൽ മുടിയുണ്ടെന്ന് മറ്റു വിദ്യാർത്ഥികൾ വഴി അറിയാൻ സാധിച്ചു. അതിന് എനിക്ക് ലഭിച്ച വിശദീകരണം ആ കുട്ടി പത്താം ക്ലാഡുകാരനാണെന്നും കുറച്ചു മാസങ്ങൾ കൂടെ മാത്രമേ സ്‌കൂളിൽ ശേഷിക്കൂ എന്നതിനാലാണ് മുടിയുടെ കാര്യത്തിൽ നിർദേശം കർശനമാക്കാത്തത് എന്നായിരുന്നു. അതായത് മുടിയുടെ കാര്യത്തിൽ പോലും വിവേചനമുണ്ടെന്ന് വ്യക്തം.

മകന്റെ പ്രവർത്തനങ്ങളിൽ അസംതൃപ്തിയുണ്ടെങ്കിൽ രക്ഷിതാവായ എന്നെ അറിയിക്കുകയോ, സ്‌കൂൾ നടപടിക്രമങ്ങൾക്കനുസൃതമായി സസ്‌പെൻഷൻ പോലുള്ള ആക്ഷൻ എടുക്കുകയോ ആണ് ചെയ്യേണ്ടത്. അതിനൊന്നും നിൽക്കാതെ ബലം പ്രയോഗിച്ച് ഒരു വിദ്യാർത്ഥിയുടെ മുടിവെട്ടി ഒഴിവാക്കാൻ പിടിഎ പ്രസിഡന്റിന് എന്ത് അധികാരമാണുള്ളത്? നിയമാവലി പ്രകാരം വിദ്യാർത്ഥികളുടെ കാര്യങ്ങളിൽ ഇടപെടാന്‍ സ്വാതന്ത്ര്യമുള്ളത് സ്‌കൂൾ മാനേജ്മെന്റ് കമ്മിറ്റിക്ക് മാത്രമാണ്. മാതാപിതാക്കളും അധ്യാപകരും ഒന്നിച്ചുനടത്തുന്ന പ്രവർത്തനങ്ങൾ മാത്രം കൈകാര്യം ചെയ്യേണ്ട പിടിഎ പ്രസിൻഡന്റിന് ഇത്തരം നടപടികൾ ചെയ്യാനുള്ള അവകാശം ഇല്ല എന്നതാണ് വാസ്തവം. കറുപ്പിനോടുള്ള വെറുപ്പും സംഭവത്തിലെ നിശബ്ദ ഘടകമാണ്.

അധ്യാപകരും സ്‌കൂളിലെ മറ്റ് അധികാരികളും സംഭവത്തിൽ ഞങ്ങൾക്ക് പങ്കില്ല എന്നാണ് പറയുന്നതെങ്കിലും പരോക്ഷമായി പിടിഎ പ്രസിഡന്റിന്റെ ഇത്തരം സദാചാര പ്രവർത്തനങ്ങൾക്ക് കുടപിടിക്കുകയാണ് ചെയ്യുന്നത്. ഇതേ പ്രശ്നങ്ങൾ സ്‌കൂളിലെ മറ്റ് വിദ്യാർത്ഥികളും നേരിടേണ്ടി വന്നിട്ടുണ്ടെന്നറിയാൻ കഴിഞ്ഞു. ‘മുറിഞ്ഞു നീറുന്നു ഞാൻ’ എന്ന ഒറ്റ വാക്യം മാത്രം ഞങ്ങൾക്കായി എഴുതിവച്ച് വീട് വിട്ടിറങ്ങിയ മകനെ കണ്ടുകിട്ടുന്ന നിമിഷം വരെ ഒരു പിതാവിന്റെ എല്ലാ തരത്തിലുമുള്ള ടെൻഷനും എനിക്കുണ്ടായിരുന്നു. അത്രമാത്രം വേദനിപ്പിച്ച ഒരു സംഭവത്തിന്റെ ഭീതിയിൽ ദിവസം മൂന്ന് കഴിഞ്ഞിട്ടും മകൻ സ്‌കൂളിൽ പോകാൻ തയ്യാറാകുന്നില്ല എന്നതാണ് നിലവിലെ അവസ്ഥ. സ്‌കൂൾ ഹെഡ്മിസ്ട്രസ്സിനും ചൈൽഡ് ലൈനുമാണ് പരാതി നൽകിയിരിക്കുന്നത്. ഒപ്പം ബാലാവകാശ കമ്മീഷനും പരാതി സമർപ്പിക്കാൻ എത്രയും പെട്ടന്ന് തന്നെ ശ്രമിക്കും. പരാതിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം.

ക്ലാസ്സിൽപ്പോലും കയറാൻ സമ്മതിക്കാതെ ബാർബർ ഷോപ്പിൽ കൊണ്ടുപോയി മുടി മൊത്തത്തിൽ വെട്ടി ഒഴിവാക്കണമെന്ന് പറഞ്ഞതിന്റെ ദേഷ്യവും നിരാശയും ഉണ്ടായിരുന്നത് കൊണ്ടാണ് ‘മുറിഞ്ഞു നീറുന്നു ഞാൻ’ എന്നെഴുതിയതെന്ന് വരുൺ പ്രതികരിച്ചു. യൂണിഫോമിറ്റിയുടെ പേരിൽ സ്‌കൂളിലെ മറ്റു വിദ്യാർത്ഥികൾക്ക് നേരെയും പിടിഎ പ്രസിഡന്റ് സ്ഥിരമായി മുടിമുറിപ്പിക്കാൻ ശ്രമിക്കാറുണ്ടെന്നും വരുൺ പറഞ്ഞു.

ജാതികേരളത്തിന്റെ ആക്രോശം: നിങ്ങള്‍ പുറമ്പോക്കുകളിലും പാതയോരത്തും തന്നെ നില്‍ക്കുക

ദളിതനായ ഡിവൈഎഫ്ഐക്കാരന്‍ കൊല്ലപ്പെട്ടാലും പ്രശ്നമില്ലാത്തവര്‍ എന്തു ശരിയാക്കുമെന്നാണ്?

എന്നാൽ സ്‌കൂളിലെ അച്ചടക്ക നടപടികളുടെ ഭാഗമായി മാത്രമാണ് കുട്ടിയോട് മുടി മുറിക്കാൻ ആവശ്യപ്പെട്ടതെന്നും, തലേദിവസം തന്നെ അപ്രകാരം ചെയ്‌തുവരാൻ നിർദേശിച്ചിരുന്നതായും പിടിഎ പ്രസിഡന്റ് ജംഷീർ പ്രതികരിച്ചു. എല്ലാ വിദ്യാർത്ഥികളോടും മുടിയുടെ നീളം പാകതയിൽ കൊണ്ടുനടക്കണമെന്ന് നിർദേശിക്കാറുള്ളതെന്നും വരുൺ എപ്രകാരമാണ് മനസ്സിലാക്കിയതെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. മുടി മുറിക്കണമെന്ന് പറഞ്ഞതല്ലാതെ ബാർബർ ഷോപ്പിൽ കൊണ്ടുപോയി മൊത്തത്തിൽ വെട്ടി ഒഴിവാക്കാൻ താൻ ശ്രമിച്ചിട്ടില്ലെന്നും ജംഷീർ വ്യക്തമാക്കി.

വിശദീകരണങ്ങൾക്കായി ഫോണിൽ ബന്ധപ്പെട്ടിരുന്നെങ്കിലും സ്‌കൂൾ അധികൃതര്‍ പ്രതികരിച്ചില്ല.

‘തല്ലിച്ചതച്ചതല്ലേ അവര്‍, ഞങ്ങടെ മോന്റെ ജീവനാ പോയത്’: വിനായകന്റെ ബന്ധുക്കള്‍/ വീഡിയോ

നമ്മക്കൊന്നും ജാതിയേ ഇല്ല; പുരോഗമന കേരളം ഇടിച്ചു കൊന്നു കളഞ്ഞ വിനായകിനെക്കുറിച്ചു തന്നെ

എന്തു തെറ്റ് ചെയ്തിട്ടാണ് എന്റെ മകനെ നിങ്ങള്‍ ഇടിച്ചു കൊന്നത്? നീതി തേടി വിനായകിന്റെ കുടുംബം സമരത്തിന്

ദീഷ്‌ണ സി.

ദീഷ്‌ണ സി.

മാധ്യമ വിദ്യാര്‍ത്ഥി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍