UPDATES

എസ്.സി/എസ്.ടി കമ്മീഷന്റെ നിര്‍ദ്ദേശത്തിനൊക്കെ പുല്ലുവില; പാലക്കാട് മെഡിക്കല്‍ കോളേജില്‍ ദളിതനെ ജോലിക്കു വേണ്ട, ജാതിയാക്ഷേപത്തിന് പരാതിപ്പെട്ടാല്‍ ഭീഷണിപ്പെടുത്തി പിന്‍വലിപ്പിക്കും

സ്ഥാപനത്തിനകത്തെ ജാതീയതയെക്കുറിച്ച് വിവരിക്കുന്ന, ഇരുപത്തിയഞ്ചോളം ദളിത് ഉദ്യോഗസ്ഥര്‍ ഒപ്പിട്ട ഒരു പരാതി കഴിഞ്ഞ സെപ്തംബറിലാണ് അധികൃതര്‍ക്കു ലഭിക്കുന്നത്

ശ്രീഷ്മ

ശ്രീഷ്മ

ഇന്ത്യയില്‍ ആദ്യമായി പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള മെഡിക്കല്‍ കോളേജാണ് പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ്(ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കല്‍ സയന്‍സ്). സംസ്ഥാന സര്‍ക്കാരിന്റെ എസ്.സി/എസ്.ടി വികസന ഫണ്ട് ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഈ മെഡിക്കല്‍ കോളേജ് പക്ഷേ, കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ചര്‍ച്ച ചെയ്യപ്പെടുന്നത് അവിടെ നടക്കുന്ന ദളിത് വിരുദ്ധതയുടെ പേരിലാണ്. നിയമനത്തിലെ ക്രമക്കേടും സ്ഥാപനത്തിനകത്തെ ദളിത് വിരുദ്ധതയും നിയമവിരുദ്ധമായ തസ്തികമാറ്റവും പുതിയ തസ്തികകള്‍ ഉണ്ടാക്കപ്പെടുന്നതുമെല്ലാമായി, പല വിധത്തിലുള്ള വിമര്‍ശനങ്ങളാണ് പാലക്കാട് ഗവ. മെഡിക്കല്‍ കോളേജിനെതിരേ ഉയരുന്നത്. ദളിത് വിഭാഗങ്ങള്‍ക്കു മുന്‍ഗണന കൊടുക്കേണ്ട ഒരു സ്ഥാപനം അതിലെ ദളിത് വിരുദ്ധതയും ജാതിയാക്ഷേപങ്ങളും കൊണ്ട് കുപ്രസിദ്ധിയാര്‍ജ്ജിക്കുമ്പോഴും ഉത്തരവാദത്വപ്പെട്ടവര്‍ അനീതികളെ കണ്ടില്ലെന്നു നടിക്കുകയാണ്. പാലക്കാട് ഗവ. മെഡിക്കല്‍ കോളജില്‍ നടക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ പൊതുസമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുകയാണ് അഴിമുഖം. ‘ദളിത് വിരുദ്ധത, നിയമന തട്ടിപ്പ്, ജാതി അധിക്ഷേപം; പട്ടികജാതി വകുപ്പിന്റെ കീഴിലുള്ള രാജ്യത്തെ ആദ്യ മെഡിക്കല്‍ കോളേജായ പാലക്കാട് നടക്കുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍’ എന്ന ആദ്യഭാഗത്തിന്റെ തുടര്‍ച്ചയായി അഴിമുഖം ചൂണ്ടിക്കാണിക്കുന്ന വിഷയങ്ങളാണ് ഇനി വായനക്കാരുടെ മുന്നില്‍ എത്തിക്കുന്നത്;

പാലക്കാട് ഗവ. മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് ഏറ്റവുമൊടുവില്‍ പുറത്തുവന്ന വാര്‍ത്തകള്‍ 153 ഡോക്ടര്‍മാരെ സ്ഥിരപ്പെടുത്തുന്ന നടപടിയെക്കുറിച്ചുള്ളതായിരുന്നു. മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള താല്‍ക്കാലിക നിയമനങ്ങളെക്കുറിച്ചും അനര്‍ഹരായവരെയടക്കം തിരക്കിട്ട് സ്ഥിരപ്പെടുത്തുന്നതിലെ ശരികേടിനെക്കുറിച്ചും സമൂഹമാധ്യമങ്ങള്‍ വഴിയും അല്ലാതെയും അനവധി പേരാണ് പരാതികള്‍ ഉന്നയിച്ചിട്ടുള്ളത്. ഈ പരാതികളെല്ലാം തന്നെ നിയമനത്തിലെ സാങ്കേതികമായ പാളിച്ചകളെയും ബോധപൂര്‍വമുള്ള ഒഴിവാക്കലുകളെയും ചൂണ്ടിക്കാണിച്ചുകൊണ്ടുള്ളതുമായിരുന്നു. എന്നാല്‍, യഥാര്‍ത്ഥത്തില്‍ പാലക്കാട് ഗവ. മെഡിക്കല്‍ കോളജിലെ നിയമനങ്ങള്‍ ചര്‍ച്ചയാകേണ്ടത്, അവയിലെ ദളിത് വിരുദ്ധതയുടെ വെളിച്ചത്തിലാണ്. പട്ടികജാതി വിഭാഗത്തിന്റെ കീഴിലുള്ള, നിയമനങ്ങളില്‍ പട്ടികജാതിക്കാര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്ന് എസ്.സി/എസ്.ടി കമ്മീഷന്റെ നിര്‍ദ്ദേശമുള്ള പാലക്കാട് മെഡിക്കല്‍ കോളേജില്‍ അധ്യാപകരായി ജോലി നോക്കുന്ന ഡോക്ടര്‍മാരില്‍ വെറും പത്തു പേരാണ് പട്ടികജാതിയില്‍ നിന്നുള്ളവര്‍. പ്രായോഗികമായ പല തടസങ്ങളും ഇതിന് കാരണമായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും, ഇരുന്നൂറില്‍ത്താഴെ വരുന്ന അധ്യാപക വിഭാഗത്തില്‍ പത്തു പേര്‍ മാത്രമാണ് പട്ടികജാതിയില്‍ നിന്നുള്ളത് എന്ന വസ്തുത ന്യായീകരിക്കാവുന്നതല്ല.

ഡോക്ടര്‍മാരുടെ കാര്യത്തില്‍ ഈ അനുപാതം ഇങ്ങനെയായിരിക്കുന്നതിന് പല കാരണങ്ങളാണ് സ്ഥാപനത്തില്‍ നിന്നുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നത്. ട്യൂട്ടര്‍മാരും അസിസ്റ്റന്റ് പ്രൊഫസര്‍മാരും ഒഴിവുകള്‍ വരുന്ന മുറയ്ക്ക് തങ്ങളുടെ അടുത്ത ബന്ധുക്കളെ നിയമിക്കാന്‍ കരുക്കള്‍ നീക്കിയതും, രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് തസ്തികകള്‍ സൃഷ്ടിക്കപ്പെട്ടതുമെല്ലാം ഈ വിഷയത്തില്‍ കാരണങ്ങളായി മാറിയിരിക്കാമെങ്കിലും, സ്ഥാപനത്തില്‍ എല്ലാ കാലത്തും ഉണ്ടായിരുന്നിട്ടുള്ള ദളിത് വിരുദ്ധ നയം തന്നെയാണ് പ്രാതിനിധ്യം കുറയുന്നതിനു പിന്നിലെ യാഥാര്‍ത്ഥ്യം. കഴിഞ്ഞ വര്‍ഷം പാലക്കാട് മെഡിക്കല്‍ കോളേജില്‍ നിന്നും കേട്ട ജാതിയധിക്ഷേപവുമായി ബന്ധപ്പെട്ടുള്ള പരാതിയുടെ നിലവിലെ അവസ്ഥ മാത്രം പരിശോധിച്ചാല്‍ മതി ഇതു ബോധ്യമാകാന്‍. സ്ഥാപനത്തിനകത്തെ ജാതീയതയെക്കുറിച്ച് വിവരിക്കുന്ന, ഇരുപത്തിയഞ്ചോളം ദളിത് ഉദ്യോഗസ്ഥര്‍ ഒപ്പിട്ട ഒരു പരാതി കഴിഞ്ഞ സെപ്തംബറിലാണ് അധികൃതര്‍ക്കു ലഭിക്കുന്നത്. പട്ടികജാതിയില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ജോലി ചെയ്യാനറിയില്ലെന്നും, സംവരണാനുകൂല്യമുള്ള വിഭാഗമായിട്ടു പോലും പാലക്കാട് മെഡിക്കല്‍ കോളേജില്‍ തന്നെ ജോലിക്കെത്തിയതിനര്‍ത്ഥം മറ്റെവിടെയും ജോലി നേടാനുള്ള മിടുക്ക് ഇല്ല എന്നാണെന്നുമടക്കം അനവധി അപമാനകരമായ പരാമര്‍ശങ്ങള്‍ തങ്ങള്‍ക്കെതിരെ നടത്തി എന്നായിരുന്നു ഡെപ്യൂട്ടേഷനിലുള്ള ഉദ്യോഗസ്ഥയ്ക്കെതിരായ പരാതിയുടെ ഉള്ളടക്കം. ഒരു സംഭവം മാത്രമാണ് നേരിട്ട് ചൂണ്ടിക്കാണിച്ചതെങ്കിലും, സ്ഥിരമായി തങ്ങള്‍ നേരിടുന്ന ഒളിഞ്ഞും തെളിഞ്ഞുമുള്ള എല്ലാ ജാതിയധിക്ഷേപങ്ങള്‍ക്കെതിരെയുള്ള പരാതിയായാണ് ഇതിനെ കണക്കാക്കുന്നതെന്ന് പരാതിക്കാര്‍ അന്നു ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു.

വിദ്യാര്‍ഥികള്‍, ഉദ്യോഗസ്ഥര്‍: 75 ശതമാനവും പട്ടികവിഭാഗക്കാര്‍; പക്ഷേ ജാതി അവഹേളനം നിത്യസംഭവം; ഇത് പാലക്കാട് മെഡിക്കല്‍ കോളേജ്

പട്ടികജാതിയില്‍ നിന്നുള്ള അനധ്യാപക ജീവനക്കാരിയെ ജാതീയമായി അധിക്ഷേപിക്കുന്ന തരത്തില്‍ സംസാരിച്ചു എന്നായിരുന്നു സൂപ്രണ്ട് തസ്തികയിലിരുന്ന ഉദ്യോഗസ്ഥയ്ക്കെതിരായി ഉന്നയിക്കപ്പെട്ട പരാതി. സ്പെഷ്യല്‍ ഓഫീസര്‍ക്കും മറ്റും പരാതി അയച്ചിരുന്നെങ്കിലും, യാതൊരു നടപടിയും ഉണ്ടാകാത്ത അവസ്ഥയുമുണ്ടായിരുന്നു. ഒടുവില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയക്കു നല്‍കിയ പരാതിയാണ് ഫലം കണ്ടത്. പരാതി കണക്കിലെടുക്കുകയും അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അഡീഷണല്‍ സെക്രട്ടറി ആര്‍. താരാദേവിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. വിഷയം പഠിച്ച്, പരാതിക്കാരില്‍ നിന്നും കുറ്റാരോപിതരില്‍ നിന്നും മൊഴിയെടുത്ത അഡീഷണല്‍ സെക്രട്ടറി കഴിഞ്ഞ മാര്‍ച്ചില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം പരാതി തള്ളിക്കളഞ്ഞിരിക്കുകയാണ്. ആരോപണം തെറ്റല്ലെന്നു സ്ഥാപിക്കാന്‍ വേണ്ട തെളിവുകളോ സാക്ഷിമൊഴികളോ ഇല്ല എന്നത് ചൂണ്ടിക്കാണിച്ചാണിത്. പരാതി തള്ളിക്കളഞ്ഞതിനെത്തുടര്‍ന്ന്, ആരോപണ വിധേയയായ ഉദ്യോഗസ്ഥയ്ക്ക് ഡെപ്യൂട്ടേഷനില്‍ കാലാവധി നീട്ടിക്കൊടുക്കാനുള്ള കടലാസ്സുകളും നീങ്ങിയിട്ടുണ്ട്. തികഞ്ഞ പട്ടികജാതി വിരുദ്ധതയായാണ് സ്ഥാപനത്തിലെ തന്നെ ഉദ്യോഗസ്ഥര്‍ ഈ നിലപാടിനെ വിലയിരുത്തുന്നത്.

എസ്.സി/എസ്.ടി വിഭാഗം നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാരിയല്ലെന്നു കണ്ടെത്തിക്കഴിഞ്ഞാല്‍, കാലാവധി നീട്ടാനുള്ള അപേക്ഷ എങ്ങിനെയാണ് മുന്നോട്ടുനീക്കാതിരിക്കുക എന്ന സ്ഥാപനത്തിന്റെ പ്രിന്‍സിപ്പാള്‍ ഡോ. ടിബി കുലാസ് ചോദിക്കുന്നുണ്ടെങ്കിലും, താനടക്കം മുന്നിട്ടു നിന്നു നല്‍കിയ പരാതിയില്‍ അട്ടിമറി നടന്നതിനെക്കുറിച്ച് പാലക്കാട് ഗവ. മെഡിക്കല്‍ കോളേജിലെ ഉദ്യോഗസ്ഥര്‍ക്ക് ചിലതു പറയാനുണ്ട്. പല പ്രലോഭനങ്ങള്‍ക്കും ഭീഷണികള്‍ക്കും വഴങ്ങി പരാതിക്കാരില്‍ പലരും പിന്മാറിയതാണ് പരാതി തള്ളിപ്പോകാനുള്ള പ്രധാന കാരണമെന്നും, പ്രിന്‍സിപ്പാള്‍ അറിഞ്ഞോ അറിയാതെയോ ഉള്ള ചില ഒത്തുതീര്‍പ്പുകള്‍ അണിയറയില്‍ നടന്നിട്ടുണ്ടെന്നും ഇവരില്‍ ചിലര്‍ ആരോപിക്കുന്നുണ്ട്. ‘ഈ സംഭവമുണ്ടായപ്പോള്‍, പരാതി കൊടുക്കാന്‍ എല്ലാവരും ഒന്നിച്ചാണ് തയ്യാറായത്. അധിക്ഷേപിക്കപ്പെട്ട ഉദ്യോഗസ്ഥയടക്കം അന്ന് കരഞ്ഞു പറഞ്ഞിരുന്നു. എന്നാലിപ്പോള്‍ പരാതിയ്ക്ക് പിന്തുണയുമായി ആരുമില്ല എന്നതാണ് അവസ്ഥ. നേരിട്ട് അധിക്ഷേപിക്കപ്പെട്ട ഈ ഉദ്യോഗസ്ഥ, തനിക്ക് പരാതിയില്ലെന്ന് എഴുതിക്കൊടുത്തു. എന്തു പ്രലോഭനത്തിന് വഴങ്ങിയിട്ടാണ് അതു ചെയ്തതെന്ന് അറിയില്ല. ചെറിയ കുട്ടിയാണുള്ളത്, ഇതിനു പിറകേ പോയി സമയം കളയാനാകില്ല എന്നാണ് ചോദിച്ചപ്പോള്‍ എന്നോടു പറഞ്ഞത്. ഉദ്യോഗസ്ഥയുടെ ഈ തീരുമാനത്തിനു പിറകില്‍ മാത്രമല്ല, മറ്റു പലയിടത്തും തിരിമറികള്‍ നടന്നിട്ടുണ്ട്. മൊഴി കൊടുക്കാനായി തിരുവനന്തപുരത്തെ ഓഫീസില്‍ പോയ എന്നേയും ആരോപണവിധേയയായ സൂപ്രണ്ടിനെയും ഫിനാന്‍സ് ഓഫീസറെയും ഒന്നിച്ചിരുത്തിയാണ് ചോദ്യങ്ങള്‍ ചോദിച്ചത്. പരാതിക്കാരിയെയും കുറ്റാരോപിതയേയും ഒരുമിച്ചിരുത്തി മൊഴിയെടുക്കുന്നത് എന്തു തരം നീതിയാണ്? എന്നോടു ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഞാന്‍ മറുപടി പറയുമ്പോഴേക്കും അവരത് ഖണ്ഡിക്കും. പരാതിയില്‍ ഒപ്പിട്ട പലരും, പിന്നീട് മാഡം പാവമാണെന്നും അങ്ങനെയൊന്നും പറയേണ്ടിയിരുന്നില്ലെന്നും പിന്നീട് തന്നോട് നേരിട്ടു പറഞ്ഞിട്ടുണ്ടെന്നാണ് സൂപ്രണ്ട് അവിടെ പറഞ്ഞത്. പരാതിയ്ക്കൊപ്പം നിന്നിരുന്നവര്‍ പിന്നീട് മാറ്റിപ്പറഞ്ഞെങ്കില്‍, അത് നിര്‍ബന്ധിച്ചു ചെയ്യിച്ചതാകാനല്ലേ വഴിയുള്ളൂ. മറ്റേണിറ്റി അവധിയ്ക്കായി അപേക്ഷിച്ച ഒരു കുട്ടിയോട്, എനിക്കെതിരെയുള്ള പരാതിയില്‍ ആദ്യം ഒപ്പിട്ടത് നീയല്ലേ എന്നു ചോദിച്ചു. ലീവ് അനുവദിച്ചു കിട്ടില്ല എന്ന പേടിയില്‍ ആ കുട്ടി മാപ്പും പറഞ്ഞു. ഇങ്ങനെ ഓരോ തരത്തില്‍ സംസാരിച്ച് ഭയപ്പെടുത്തിയിട്ടാണ് മാറ്റിപ്പറയിക്കുന്നത്. ഞങ്ങളെ സ്ഥിരപ്പെടുത്തിയിട്ടുമില്ലല്ലോ. അതില്‍ പരാതിയുമായി ചെന്നവരോടെല്ലാം ഇങ്ങനെ പറഞ്ഞിട്ടുണ്ടാകാം. പട്ടികജാതിക്കാര്‍ പരാതി കൊടുത്താല്‍ അതു തേച്ചുമായ്ച്ചു കളയാന്‍ വലിയ ബുദ്ധിമുട്ടില്ലല്ലോ. സാക്ഷികളൊന്നും ഇല്ലാത്തതുകൊണ്ട് പരാതി അസാധുവാണ് എന്ന തരത്തിലാണ് ഇപ്പോള്‍ മറുപടി വന്നിരിക്കുന്നത്. എന്റെ കാശും ലീവും അധ്വാനവും പോയത് വെറുതേയായി. ഇങ്ങനെ അധിക്ഷേപിക്കാനും താഴ്ത്തിക്കെട്ടാനും പട്ടികജാതിക്കാരെയല്ലേ കിട്ടൂ. മന്ത്രി വരുമ്പോള്‍ പ്രതിഷേധിക്കാം എന്നു കരുതി, പക്ഷേ അതിനും ഒപ്പമിറങ്ങാന്‍ ആളില്ല. സംഘടിച്ച് മുന്നിട്ടിറങ്ങാനുള്ള മടി തന്നെയാണ് പ്രധാന പ്രശ്നം. അതുകൊണ്ടാണല്ലോ ഞങ്ങളെ അധിക്ഷേപിച്ച വിഷയത്തില്‍ ഞങ്ങള്‍ തന്നെ മാപ്പു പറയേണ്ടിവരുന്നത്.’

നിയമന തട്ടിപ്പ്: ആരോപണങ്ങള്‍ ശുദ്ധ അസംബന്ധമെന്ന് പാലക്കാട് മെഡിക്കല്‍ കോളേജ് ഡീന്‍

പരാതിയുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളേജ് തയ്യാറാക്കി എസ്.സി/ എസ്.ടി വകുപ്പിന് അയച്ചു കൊടുത്ത അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറാത്തതു തുടങ്ങി, ഇപ്പോള്‍ ആരോപണവിധേയയായ ഉദ്യോഗസ്ഥയ്ക്ക് എക്സ്റ്റന്‍ഷന്‍ നല്‍കാന്‍ തീരുമാനമായിരിക്കുന്നതു വരെയുള്ള ഓരോ നടപടിയിലും ദളിത് വിരുദ്ധതയാണ് നിറഞ്ഞു നില്‍ക്കുന്നതെന്നാണ് ജീവനക്കാരുടെ ആരോപണം. ജാതിയധിക്ഷേപത്തിന് നേരിട്ട് ഇരയായ ഉദ്യോഗസ്ഥയ്ക്ക് അഡീഷണല്‍ സെക്രട്ടറിയെ ഗസ്റ്റ് ഹൗസില്‍ വച്ചു കാണാന്‍ സൗകര്യം ചെയ്തതിലും ദുരൂഹതയുണ്ടെന്ന് ഇവര്‍ പറയുന്നു. ഈ ഉദ്യോഗസ്ഥയ്ക്ക് പരാതിയില്ല എന്നതാണ് പരാതി തള്ളാനുള്ള പ്രധാന കാരണങ്ങളിലൊന്നായി അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍, ഒരു ഉദ്യോഗസ്ഥയുടെ മാത്രം പേരെടുത്തു പറയാതെ, ഒരു ജനവിഭാഗത്തിന്റെയാകെ പ്രശ്നമായാണ് പരാതിയില്‍ അധിക്ഷേപത്തെ അവതരിപ്പിച്ചിരിക്കുന്നതെന്നും, ഒരാള്‍ക്ക് പരാതിയില്ലെങ്കില്‍ അതെങ്ങനെ അസാധുവാകുമെന്നും പരാതിക്കാരില്‍ ചിലര്‍ ചോദിക്കുന്ന ചോദ്യത്തിനു മാത്രം ഉത്തരമില്ല. അതോടൊപ്പം, പരാതിയോടു ചേര്‍ന്ന് ഒപ്പിട്ടു നല്‍കിയിരുന്ന പലരും ഇപ്പോള്‍ പ്രശ്നത്തിനില്ലെന്ന കാരണം ചൂണ്ടിക്കാട്ടി പിന്‍വലിയുകയും ചെയ്തിട്ടുണ്ട്. അധ്യാപകരുടെ റഗുലറൈസേഷനൊപ്പം തങ്ങളുടെ റഗുലറൈസേഷനും ഉടന്‍ വരുമെന്നും, ആ പട്ടികയില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ പരാതിയുമായി മുന്നോട്ടു പോകുന്നത് കാരണമായേക്കും എന്നുമാണ് വിട്ടു നില്‍ക്കുന്നവരുടെ പ്രധാന ഭയം. മെഡിക്കല്‍ കോളേജില്‍ നിലവിലുള്ള ഒരു പ്രോജക്ടില്‍ ജോലി ചെയ്യുകയാണ് അധിക്ഷേപത്തിനിരയായ ഉദ്യോഗസ്ഥ. പ്രോജക്ടിന്റെ കാലാവധി കഴിഞ്ഞാലും ജോലി നഷ്ടപ്പെടരുത് എന്നതിനാലാണ് ഇവര്‍ പരാതിയില്ലെന്ന് രേഖാമൂലം എഴുതി നല്‍കിയതെന്നും പരാതിക്കാര്‍ക്ക് സംശയമുണ്ട്.

പാലക്കാട് മെഡിക്കല്‍ കോളേജിലെ പിന്‍വാതില്‍ നിയമനങ്ങള്‍; തെളിവുകളിതാ

ആരോപണം സംശയാതീതമായി തെളിയിക്കാന്‍ പരാതിക്കാരിക്ക് സാധിച്ചിട്ടില്ലെന്നതും, പരാതിക്കാരില്‍ ഒരാളൊഴികെ മറ്റാരും സാക്ഷിയായി ഹാജരായില്ലെന്നതും പരിഗണിച്ച്, പരാതി കെട്ടിച്ചമച്ചതാണെന്നു വിലയിരുത്തുന്നതാണ് അഡീഷണല്‍ സെക്രട്ടറി സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിക്കാന്‍ കാത്തിരുന്നെന്ന പോലെ ആരോപണവിധേയയ്ക്ക് തൊട്ടടുത്ത ദിവസങ്ങളില്‍ത്തന്നെ എക്സ്റ്റന്‍ഷന്‍ അനുവദിച്ചതിലാണ് പരാതിക്കാരില്‍ പലരുടേയും അമര്‍ഷം. പരാതി സത്യമാണെന്നും, പരാതി നല്‍കിയ ഇരുപത്തിയഞ്ചു പേരുടെയും തൊഴില്‍പരമായ അരക്ഷിതാവസ്ഥ കാരണമാണ് വേണ്ടത്ര തെളിവും സാക്ഷിമൊഴികളും ഹാജരാക്കാന്‍ സാധിക്കാതെ പോയതെന്നും ഉറപ്പുള്ള ഇവര്‍, ദളിത് വിരുദ്ധരും സംവരണ വിരുദ്ധരുമെല്ലാം പട്ടികജാതി വകുപ്പിന്റെ ഫണ്ടില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം കൈയാളുന്നതില്‍ അസ്വസ്ഥരുമാണ്. ആരോപണവിധേയയായ ഉദ്യോഗസ്ഥയുടെ ജോലിയിലെ കാര്യക്ഷമതയെക്കുറിച്ച് സംശയം പ്രകടിപ്പിച്ച ഉദ്യോഗസ്ഥനോട്, ‘ഇന്നലെ പറഞ്ഞിരുന്നെങ്കില്‍ അവരുടെ എക്സ്റ്റെന്‍ഷനില്‍ ഒപ്പിടില്ലായിരുന്നല്ലോ’ എന്നാണ് പ്രിന്‍സിപ്പാള്‍ മറുപടിയായി പറഞ്ഞതെന്നും പരാതിക്കാര്‍ ആരോപിക്കുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ തനിക്ക് ചെയ്യാവുന്ന കാര്യങ്ങള്‍ക്ക് പരിധിയുണ്ടെന്നാണ് പ്രിന്‍സിപ്പാളിന്റെ പ്രതികരണം. ആരോപണങ്ങളോടുള്ള പ്രിന്‍സിപ്പാള്‍ ഡോ. ടി.ബി. കുലാസിന്റെ മറുപടി ഇങ്ങനെയാണ്:

‘കോളേജ് ഈ വിഷയത്തില്‍ എന്‍ക്വയറി നടത്തിയിരുന്നു. സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ടും അയച്ചു. എസ്.സി/എസ്.ടി വകുപ്പിലെ അഡീഷണല്‍ സെക്രട്ടറി താരാദേവിയാണ് വകുപ്പിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് മൊഴിയെടുത്തിട്ടുള്ളത്. പരാതിയില്‍ കഴമ്പില്ലെന്ന റിപ്പോര്‍ട്ടും വന്നിട്ടുണ്ട്. ഇതില്‍ നമുക്കെന്തു ചെയ്യാന്‍ പറ്റും? പരാതി നിലനില്‍ക്കുന്നില്ല എന്ന സാഹചര്യത്തില്‍, എക്സ്റ്റന്‍ഷന്‍ കൊടുക്കാതിരിക്കുന്നതെങ്ങനെയാണ്? കാലാവധി നീട്ടിക്കിട്ടാന്‍ അവര്‍ നേരത്തേ തന്നെ അപേക്ഷ കൊടുത്തിരുന്നതാണ്. ഇങ്ങനെയൊരു പരാതി ഉയര്‍ന്നുവന്നതിന്റെ പശ്ചാത്തലത്തില്‍, അത് ഒപ്പിട്ടു നല്‍കാതെ പിടിച്ചുവച്ചിരിക്കുകയായിരുന്നു. പരാതിയില്‍ കഴമ്പില്ലെന്ന് റിപ്പോര്‍ട്ട് വന്നിട്ടും ഒരു മാസത്തോളം ഞങ്ങള്‍ വീണ്ടും കാത്തിരുന്നു, എന്തെങ്കിലും മാറ്റം ഉണ്ടായാലോ എന്നറിയാന്‍. ഇത്രയും ചെയ്തിട്ടാണ് എക്സ്റ്റന്‍ഷന്‍ കൊടുത്തത്. ജാതിയധിക്ഷേപം നടത്തിയിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അതു വലിയ തെറ്റാണ്. പക്ഷേ, രണ്ടു കൂട്ടരെയും വിളിച്ച് മൊഴിയെടുത്ത ശേഷം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറയുമ്പോള്‍ അതും തള്ളിക്കളയാനാകില്ലല്ലോ.’

പാലക്കാട് മെഡിക്കല്‍ കോളേജില്‍ പിന്‍വാതില്‍ നിയമനങ്ങള്‍; ക്രമക്കേടുകള്‍ ആരോപിച്ചു ഡോക്ടര്‍മാര്‍

സാക്ഷികളും തെളിവുകളുമില്ല എന്ന ന്യായത്തിന്റെ പുറത്ത് ഇത്തരമൊരു സുപ്രധാന പരാതി തള്ളിപ്പോയിട്ടുണ്ടങ്കില്‍, ആദ്യ ഘട്ടത്തിലുണ്ടായിരുന്ന സാക്ഷികളും തെളിവുകളും എങ്ങനെ ഇല്ലാതെയായി എന്നന്വേഷിക്കേണ്ടതും ആവശ്യമാണ്. പരാതിയുമായി മുന്നോട്ടു പോകാന്‍ ഒന്നോ രണ്ടോ പേരൊഴികെ മറ്റാരും ആഗ്രഹിക്കാത്ത സാഹചര്യം എങ്ങിനെയാണ് സൃഷ്ടിക്കപ്പെട്ടതെന്നും ചിന്തിക്കേണ്ടതുണ്ട്. 2018 സെപ്തംബറില്‍ ഈ വിഷയം സ്ഥാപനത്തില്‍ ഉയര്‍ന്നുവന്നപ്പോള്‍, കാലങ്ങളായി തങ്ങള്‍ നേരിടുന്ന ജാതീയമായ വേര്‍തിരിവിന് ശക്തമായൊരു താക്കീതായിരിക്കും ഇതെന്ന് വിശ്വസിച്ചിരുന്നവരാണ് ഇവര്‍. എന്നാല്‍, ജാതിയധിക്ഷേപങ്ങള്‍ സഹിച്ചായാലും തൊഴില്‍ സുരക്ഷിതമാക്കണമെന്ന നിലയിലേക്ക് പാലക്കാട് ഗവ. മെഡിക്കല്‍ കോളേജിലെ ദളിത് അനധ്യാപകരുടെ ചിന്ത എത്തിയിട്ടുണ്ടെങ്കില്‍, അതും കുറ്റപ്പെടുത്താനാകില്ലെന്നതാണ് വാസ്തവം. അനധ്യാപക തസ്തികകളിലാണ് നിലവില്‍ ദളിത് പ്രാതിനിധ്യം നിര്‍ദ്ദിഷ്ട രീതിയില്‍ നിലനില്‍ക്കുന്നത്. പ്രാതിനിധ്യം നിലനിര്‍ത്താനുള്ള ബോധപൂര്‍വമായ ശ്രമമല്ല ഇതിനു കാരണമെന്നും നിരീക്ഷിക്കേണ്ടതുണ്ട്. അനധ്യാപക തസ്തികകളിലേക്ക് കാലങ്ങളായി പുതിയ നിയമനങ്ങള്‍ നടന്നിട്ടില്ല. വര്‍ഷങ്ങള്‍ക്കു മുന്നേ ജോലിയില്‍ കയറിയിട്ടുള്ള ദളിത് ഉദ്യോഗസ്ഥരാണ് ഇപ്പോഴും ഈ വിഭാഗത്തിലുള്ളത്. ഡെപ്യൂട്ടേഷനില്‍ ചിലരെ ഇത്തരം തസ്തികകളിലേക്ക് കയറ്റാനുള്ള ശ്രമങ്ങള്‍ പൂര്‍ണമായും ഫലം കണ്ടാല്‍ അനധ്യാപക വിഭാഗത്തിലെ പ്രാതിനിധ്യവും നഷ്ടപ്പെടും എന്നതില്‍ സംശയമില്ല. സ്ഥാപനത്തിലെ ജോലി നിലനില്‍പ്പിന് അത്രയേറെ അത്യാവശ്യമായതിനാല്‍ അതിനു ഭീഷണിയായേക്കാവുന്ന എന്തിലും ഇടപെടാന്‍ ഇവര്‍ ഭയക്കുന്നുമുണ്ട്. ഈ അരക്ഷിതാവസ്ഥ മുതലെടുത്താണ് ഇപ്പോള്‍ പരാതി അസാധുവാക്കിയതടക്കമുള്ള പല നീക്കങ്ങളും അധികൃതര്‍ നടത്തുന്നത് എന്നാണ് പ്രധാന ആരോപണം.

അധ്യാപകരുടേതിന് സമാനമായി അനധ്യാപക ജീവനക്കാരെ റഗുലറൈസ് ചെയ്യാന്‍ ഇനിയും അധികാരികള്‍ മടിക്കുന്നുണ്ടെങ്കില്‍, അതിനു കാരണവും മറ്റൊന്നല്ല. എഴുപത്തിയഞ്ചു ശതമാനവും ദളിതര്‍ ജോലി ചെയ്യുന്ന അനധ്യാപക തസ്തികകള്‍ സ്ഥിരപ്പെടുത്താന്‍ സ്വാഭാവികമായും ആര്‍ക്കും താല്‍പര്യമുണ്ടാകില്ലെന്ന് ജീവനക്കാര്‍ പറയുന്നു. അനധ്യാപക തസ്തികകളിലെ പ്രാതിനിധ്യം അധ്യാപക തസ്തികകളിലേതിന് സമാനമാകുന്ന ഒരു കാലത്ത് മാത്രമേ അത്തരമൊരു ചിന്ത അധികൃതര്‍ക്ക് ഉണ്ടാവുകയുള്ളൂ എന്ന് ഇവര്‍ പറയുമ്പോള്‍, പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തിന് എത്രയേറെ ദളിത് വിരുദ്ധമാകാം എന്നതിന്റെ വെളിപ്പെടുത്തല്‍ കൂടിയാവുകയാണത്.

28 വര്‍ഷമായി അടിമ വേല ചെയ്യുന്ന ശിവാളിന് 75 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്നാവശ്യം, ഉടന്‍ കൌണ്‍സലിംഗും ലഭ്യമാക്കണം

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍