എറണാകുളം മഹാരാജാസ് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കുത്തിക്കൊന്ന സംഭവത്തിലൂടെ ക്യാമ്പസ് ഫ്രണ്ട് എന്ന വിദ്യാര്‍ഥി സംഘടന വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്
എറണാകുളം മഹാരാജാസ് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കുത്തിക്കൊന്ന സംഭവത്തിലൂടെ ക്യാമ്പസ് ഫ്രണ്ട് എന്ന വിദ്യാര്‍ഥി സംഘടന വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്. കേരളത്തിലെ ക്യാമ്പസുകളില്‍ അടുത്തിടെ സജീവമായ (പലപ്പോഴും നിഗൂഢമായി പ്രവര്‍ത്തിക്കുന്ന) സംഘടനയാണ് ക്യാമ്പസ് ഫ്രണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ഥി സംഘടന, എസ്ഡിപിഐ എന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ സജീവമായി പിന്തുണയോടു കൂടിയാണ് പ്രവര്‍ത്തിക്കുന്നതും.
എന്നാല്‍ അഭിമന്യു കൊല്ലപ്പെട്ട സംഭവത്തില്‍ ക്യാമ്പസ് ഫ്രണ്ട് പ്രതിസ്ഥാനത്ത് നില്‍ക്കുമ്പോള്‍ എസ്ഡിപിഐ ക്യാമ്പസ് ഫ്രണ്ടിനെ പരസ്യമായി തള്ളിപ്പറയുകയും കൊലപാതകത്തെ അപലപിക്കുകയുമായാണ്. പത്തു വര്‍ഷം മുന്‍പ് മാത്രം രുപം കൊണ്ട എസ്ഡിപിഐക്ക് വിദ്യാര്‍ഥി സംഘടയില്ലെന്നാണ് പാര്‍ട്ടിയുടെ നിലപാട്. സഭവത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്നും, ഉണ്ടെങ്കില്‍ നടപടിയെടുക്കുമെന്നുമാണ് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് പറഞ്ഞത്.
സംഘപരിവാര്‍ സംഘടനകളെ കടന്നാക്രമിക്കുന്ന നിലപാടുകള്‍ സ്വീകരിച്ചു വരുന്ന എസ്ഡിപിഐ തങ്ങളുടെ പ്രവര്‍ത്തനത്തില്‍ മാതൃകയാക്കുന്നതും ഇത്തരം സംഘടനകളെയാണെന്നതാണ് കൌതുകകരം. നൂറുകണക്കിന് വരുന്ന സംഘപരിവാര്‍ പോഷക സംഘടനകളാണ് ഇന്ന് ഇന്ത്യയിലുള്ളത്. വിവിധ വിഷയങ്ങളില്‍ ഇടപെടുന്നത് വിവിധ പേരിലുള്ള സംഘടനകളായിരിക്കും, അക്രമം മുഖമുദ്രയാക്കിയ, ആളുകളെ തല്ലിക്കൊല്ലുന്ന ഇത്തരം സംഘടനകളെ പക്ഷേ ആര്‍എസ്എസും ബിജെപിയും പതിവുപോലെ തള്ളിപ്പറയുകയാണ് പതിവ്.
വിവിധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാരുകള്‍ പോപ്പുലര്‍ ഫ്രണ്ട് എന്ന സംഘനയെ നിരോധിക്കുന്നത് പരിഗണിക്കുന്നുണ്ട്. ജാര്‍ഘണ്ഡില്‍ നിരോധനം നിലവില്‍ വന്നിരിക്കുന്നു. ഈ സാഹചര്യത്തില്‍ പോപ്പുലര്‍ ഫ്രണ്ടുമായുള്ള ബന്ധം രാഷ്ട്രീയ പാര്‍ട്ടിയെന്ന പേരില്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എസ്ഡിപിഐക്ക് ദോഷം ചെയ്യുമെന്ന വിലയിരുത്തലാണ് ക്യാമ്പസ് ഫ്രണ്ടിനെ പരസ്യമായി തള്ളാനുള്ള നീക്കത്തിനു പിന്നിലെന്ന് വ്യക്തമാണ്.
എന്നാല്‍ ക്യാമ്പസ് ഫ്രണ്ട് – എസ്ഡിപിഐ ബന്ധം ക്യാമ്പസ് ഫ്രണ്ട് വെബ്‌സൈറ്റ് തന്നെ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പട്ടാമ്പി മണ്ഡലത്തില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥിയായ മല്‍സരിച്ച പട്ടന്‍മാര്‍ത്തൊടി അബ്ദുല്‍ റൗഫ് ഇപ്പോള്‍ ക്യാമ്പസ് ഫ്രണ്ട് ദേശീയ കമ്മിറ്റി അംഗമായി തുടരുകയാണ്. ഇതിനെ എസ്ഡിപിഐ എങ്ങനെ ന്യായീകരിക്കുമെന്ന് വ്യക്തമാക്കേണ്ടതുണ്ട്.
ഫാസിസത്തെ തടയുക, സാമ്രാജ്യത്വ നിലപാടുകളെ പ്രതിരോധിക്കുക എന്ന് മുദ്രവാക്യമുയര്‍ത്തി 2009 നവംബര്‍ 7-നാണ് ക്യാമ്പസ് ഫ്രണ്ട് എന്ന വിദ്യാര്‍ഥി സംഘടന രൂപീകരിക്കപ്പെടുന്നത്. നാഷണല്‍ ഡെമോക്രറ്റിക്ക് ഫ്രണ്ട് (എന്‍ഡിഎഫ്) എന്ന സംഘടനയുടെയും നിരോധിക്കപ്പെട്ട സിമിയുടെയും പ്രവര്‍ത്തകര്‍ പിന്നീട് രൂപീകരിച്ച പോപ്പുലര്‍ ഫ്രണ്ടിലേക്കും അതിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ ക്യാമ്പസ് ഫ്രണ്ടിലേക്കും ചേക്കേറുകയായിരുന്നു. 1993-ല്‍ രൂപീകരിച്ച എന്‍ഡിഎഫ് 2006-ല്‍ പോപ്പുലര്‍ ഫ്രണ്ട് ആയി മാറുകയും പിന്നീട് കര്‍ണാടകത്തിലെ കര്‍ണാടക ഫോറം ഫോര്‍ ഡിഗ്നിറ്റി, തമിഴ് നാട്ടിലെ മനിത നീതി പസാരയ്, ഗോവയിലെ സിറ്റിസണ്‍ ഫോറം, രാജസ്ഥാനിലെ കമ്യൂണിറ്റി സോഷ്യല്‍ ആന്‍ഡ് എഡ്യൂക്കേഷണല്‍ സൊസൈറ്റി, ബംഗാളിലെ നാഗ്രിക്ക് അധികാര്‍ സുരക്ഷാ സമിതി, മണിപ്പൂരിലെ ലിലോംഗ് സോഷ്യല്‍ ഫോറം, ആന്ധ്രയിലെ അസോസിയേഷന്‍ ഓഫ് സോഷ്യല്‍ ജസ്റ്റിസ് തുടങ്ങിയ സംഘടനകള്‍ കൂടി ലയിച്ച് അടിത്തറ വിപുലമാക്കുകയും ചെയ്തു. പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ മുഖമാണ് 2009-ല്‍ രൂപീകരിച്ച സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന എസ്ഡിപിഐ; അതിന്റെ വിദ്യാര്‍ഥി സംഘടനയാണ് ക്യാമ്പസ് ഫ്രണ്ട്.
വിദ്യാര്‍ഥികളുടെ ധാര്‍മിക പ്രശ്‌നങ്ങളുടെ ഭാഗമാവുക, സദാചാര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുക, സമൂഹത്തിലെ സമാധാനവും സാഹോദര്യവും സംരക്ഷിച്ച് ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക എന്നിവയാണ് തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യങ്ങളായി ക്യാമ്പസ് ഫ്രണ്ട് പറയുന്നത്. ഡല്‍ഹി സര്‍വകലാശാലയില്‍ നാലുവര്‍ഷ ബിരുദ കോഴ്‌സ് ആരംഭിക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധമുയര്‍ത്തിയായിരുന്നു സംഘടന ഇന്ത്യയില്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ ഭാഗമാവുന്നത്.
വൈകാരിക വിഷയങ്ങള്‍ ഏറ്റെടുത്തുകൊണ്ടായിരുന്നു ക്യാമ്പസ് ഫ്രണ്ട് പലപ്പോഴും ഇടപെടലുകള്‍ നടത്തിയിരുന്നത്. 2016ല്‍ ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ശിരോവസ്ത്രം നിരോധിച്ച സിബിഎസ്‌സി നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയത് ഇതിന്റെ ഭാഗമായിരുന്നു. ഹൈദരാബാദ് സര്‍വകലാശാലയില്‍ രോഹിത് വെമൂല എന്ന ജാതി പീഡനത്തിന് വിധേയനായി ആത്മഹത്യചെയ്തതിനെ തുടര്‍ന്ന് ഉണ്ടായ രാജ്യവ്യാപക പ്രക്ഷോഭത്തിലും ക്യാമ്പസ് ഫ്രണ്ട് സജീവമായിരുന്നു. ഇതിലൂടെ ദലിത് വിദ്യാര്‍ഥികളുടെ ഇടയിലേക്ക് ഇറങ്ങാനുള്ള വഴിയും സംഘടന കണ്ടെത്തി. ദേശീയ തലത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഇടം പിടിക്കുമ്പോള്‍ അക്രമ പാതയിലുടെ ക്യാമ്പസുകളില്‍ സ്വാധീനം ഉറപ്പിക്കാനായിരുന്നു സംഘടനയുടെ കേരളത്തിലെ ശ്രമം. മതപരമായി തന്നെ വിദ്യാര്‍ഥികളെ സംഘടിപ്പിച്ച് പ്രവര്‍ത്തിക്കുന്ന രീതിയാണ് ഇവര്‍ കേരളത്തില്‍ പയറ്റുന്നതെന്നും വിദ്യാര്‍ഥി സംഘടനാതലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
കളമശ്ശേരി ബസ് കത്തിക്കല്‍ കേസ്, പ്രവാചകനെ അപമാനിച്ചെന്ന് ആരോപിച്ച് തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്റെ പ്രഫസര്‍ ടി.ജെ ജോസഫിന്റെ കൈവെട്ടല്‍, വാഗമണ്‍ സിമി ക്യാംപ് തുടങ്ങി നിരവധി സംഭവങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും 2012 ജൂലൈ 6ന് കണ്ണുരിലെ മോഡേണ്‍ ഐടിഐയിലെ വിദ്യാര്‍ഥിയും എബിവിപി നേതാവുമായിരുന്ന സച്ചിന്‍ ഗോപാല്‍ എന്ന വിദ്യാര്‍ഥിയെ കുത്തിക്കൊന്ന സംഭവത്തിലാണ് ക്യാമ്പസ് ഫ്രണ്ട് ആദ്യമായി ഒരു കൊലപാതകക്കേസില്‍ ഇടം പിടിക്കുന്നത്. കണ്ണൂര്‍ പള്ളിക്കുന്ന് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനത്തിനിടെയാണ് സച്ചിന്‍ ഗോപാലിനെ ഒരു സംഘം ക്യാമ്പസ് ഫ്രണ്ട്, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വകവരുത്തിയത്.
ക്യാമ്പസ് ഫ്രണ്ട് രൂപീകരിക്കുന്നതിന് ഒരുമാസം മുന്‍പ് 2009 ഒക്ടോബര്‍ 23ന് കുന്നംകുളം കരിക്കാട് കോട്ടോലില്‍ സിപിഎം അംഗവും എസ്എഫ്ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡന്റുമായിരുന്ന എ ബി ബിജേഷ് എന്ന യുവാവ് എന്‍ഡിഎഫുകാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ആറു വര്‍ഷത്തിനു ശേഷം ക്യാമ്പസ് ഫ്രണ്ട് എന്ന സംഘടന വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത് അഭിമന്യു എന്ന വിദ്യാര്‍ഥിയുടെ അരുംകൊലയിലൂടെയാണ്.
ഇവിടെയാണ് മഹാരാജാസിലെ അക്രമത്തെ അപലപിച്ച് എസ്എഫ്‌ഐ ദേശീയ പ്രസിഡന്റ് വി.പി സാനു നടത്തിയ പ്രതികരണം ശ്രദ്ധേയമാവുന്നത്. കേരളത്തിലെ ക്യാമ്പസുകളിലെ മതനിരപേക്ഷത തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണ് ക്യാമ്പസ് ഫ്രണ്ട് അടക്കമുള്ള സംഘടനകള്‍ നടത്തുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇതിനു പുറമേയാണ് സര്‍ക്കാര്‍ നല്‍കുന്ന വിവരങ്ങള്‍; 2012ല്‍ കേരള സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലമനുസരിച്ച് 27 കൊലപാതക കേസുകളിലാണ് പോപ്പുലര്‍ ഫ്രണ്ട് പ്രതിസ്ഥാനത്തുള്ളത്. സിപിഎം- ആര്‍എസ്എസ് പ്രവര്‍ത്തകരായിരുന്നു ഇരകള്‍. 2014ല്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച മറ്റൊരു സത്യവാങ്മൂലത്തില്‍ മതത്തിന്റെ പേരില്‍ 27 കൊലപാതകക്കേസുകളിലും 86 വധ ശ്രമങ്ങളിലും 106 വര്‍ഗ്ഗീയ കേസുകളും എന്‍ഡിഎഫ്/പോപ്പുലര്‍ ഫ്രണ്ടിന് ബന്ധമുള്ളതായി ആരോപിക്കുന്നു. തേജസ് ദിനപത്രത്തിന് സര്‍ക്കാര്‍ പരസ്യം നിഷേധിച്ചതുമായി ബന്ധപ്പെട്ട കേസിലായിരുന്നു സംഘനകള്‍ക്കെതിരായ സര്‍ക്കാരിന്റെ സത്യവാങ്മൂലം.
ഇത്തരത്തിലുള്ള ഒരു സംഘടനയുടെ ക്രിമിനല്‍ പശ്ചാത്തലം ബോധപൂര്‍വം വിസ്മരിച്ച് ദലിത്, ദുര്‍ബല വിഭാഗ സംരക്ഷമെന്ന പേരില്‍ നടത്തുന്ന ഇടപെടലുകളെ മുന്നില്‍ നിര്‍ത്തി ഒരു യുവാവിന്റെ മരണത്തെ ന്യായീകരിക്കുന്ന നടപടിയാണ് ഇപ്പോള്‍ നടന്നു വരുന്നത് എന്നും ആരോപണമുണ്ട്. മുസ്ലീം സമുദായം വലിയ അളവോളം അകലം പാലിക്കുകയും മറ്റ് മുസ്ലീം സംഘടനകള്‍ സഹകരിക്കാതിരിക്കുകയും ചെയ്യുന്നുണ്ടെങ്കിലും കിട്ടുന്ന അവസരങ്ങളില്‍ മുസ്ലീം സമുദായത്തിന്റെ സംരക്ഷണ വേഷം ഏറ്റെടുക്കാന്‍ ശ്രമിച്ചു കൊണ്ടു തന്നെയാണ് തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങളെ പോപ്പുലര്‍ ഫ്രണ്ടും അതിന്റെ അനുബന്ധ സംഘടനകളും പ്രതിരോധിക്കുന്നതും.