UPDATES

ഇവിടെ ഹിന്ദുക്കളെയും മുസ്ലിങ്ങളെയും കൂടുതല്‍ കൊന്നിട്ടുള്ളത് കമ്യൂണിസം ലേബല്‍ ഒട്ടിച്ചവരാണ്; ഗ്രോ വാസു സംസാരിക്കുന്നു

എസ് ഡി പി ഐ മാത്രമല്ല, പിഡിപി, വെല്‍ഫയര്‍ പാര്‍ട്ടി തുടങ്ങി പലരും എന്നെ ഉപയോഗിക്കുന്നുണ്ട്

ഗ്രോ വാസു; കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാന അധ്യായങ്ങളില്‍ ഒന്ന്. അടിയോരുടെ പെരുമന്‍ വര്‍ഗീസിനൊപ്പം വലം കൈയായി നിന്നും അടിച്ചമര്‍ത്തപ്പെട്ടവനുവേണ്ടി പൊരുതിയ വിപ്ലവകാരി. പിന്നീട്, അന്നോളം നടന്നിടത്തു നിന്നു മാറി മറ്റൊരു വഴിയിലൂടെ സഞ്ചാരം തുടര്‍ന്ന മനുഷ്യന്‍. വഴികള്‍ പലതു മാറി നടന്നാലും ഗ്രോ വാസു എന്ന മനുഷ്യന്‍ പേറുന്നൊരു രാഷ്ട്രീയ ചരിത്രമുണ്ട്. സമൂഹത്തില്‍ ഇന്നും അദ്ദേഹത്തിന് കിട്ടുന്ന സ്ഥാനം അതിന്‍റെ അടിസ്ഥാനത്തിലാണ്. ഇന്നിപ്പോള്‍, അതേ ഗ്രോ വാസു, ഒരു സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാകുന്നത്, തന്റെ പൂര്‍വകാലത്തില്‍ നിന്നും തീര്‍ത്തും വിരുദ്ധമായൊരു നിലപാട് സ്വീകരിക്കലിലൂടെയാണ്. മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന ഇരുപതുകാരന്‍ അഭിമന്യുവിനെ കൊലപ്പെടുത്തിയ എസ് ഡി പി ഐ യുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നയാളാണ് ഗ്രോ വാസു എന്നത് കേരളം ഏറെ ഗൗരവത്തോടെ കാണുന്നുണ്ട്. മത തീവ്രവാദ സംഘടന എന്നാരോപണം പേറുന്ന എസ് ഡി പി ഐയുടെ തൊഴിലാളി യൂണിയനായ എസ് ഡി ടി യുവിന്റെ സംസ്ഥാന പ്രസിഡന്റായ ഗ്രോ വാസു, എന്തുതരം ആശയങ്ങളുമായി സമരസപ്പെട്ടാണ് ആ പ്രവര്‍ത്തനം തുടരുന്നതെന്ന് അഭിമന്യുവിന്റെ കൊലപാതകത്തിന്റെ അടിസ്ഥാനത്തില്‍ ചോദ്യങ്ങള്‍ ഉയരുകയാണ്. ഇക്കാര്യത്തില്‍ ഗ്രോ വാസു  തന്റെ നിലപാടുകള്‍ വ്യക്തമാക്കുകയാണ്…

മഹാരാജാസ് വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ നേതാവുമായിരുന്ന അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന എസ് ഡി പി ഐയുമായി എന്ത് ബന്ധമാണ് ഗ്രോ വാസുവിനുള്ളത്?

ഞാന്‍ എസ് ഡിപി ഐ യില്‍ ഇല്ല. തൊഴിലാളി യൂണിയനിലാണ് പ്രവര്‍ത്തിക്കുന്നത്. യൂണിയനില്‍ പ്രവര്‍ത്തിക്കുന്നതും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ രാഷ്ട്രീയം സ്വീകരിക്കുന്നതും രണ്ടും രണ്ടാണ്. ചക്കര ചെട്ടിയാര്‍ എന്നൊരു എഐടിയുസി പ്രസിഡന്റ് ഉണ്ടായിരുന്നു. അയാള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ഉണ്ടായിരുന്നില്ല. രാഷ്ട്രീയം ഉണ്ടായിരുന്നുവെങ്കില്‍ തന്നെ അത് കമ്യൂണിസം അല്ലായിരുന്നു, കോണ്‍ഗ്രസിനോടായിരുന്നു അനുഭാവം. ലോക തൊഴിലാളികളെ ഒന്നിക്കുവിന്‍, നിങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ കൈച്ചങ്ങല മാത്രം, കിട്ടാനുള്ളത് ലോകം മുഴുവന്‍ എന്നാണ് മാര്‍ക്‌സ് പറഞ്ഞത്. തൊഴിലാളി എന്നു പറയുമ്പോള്‍ അതില്‍ കമ്യൂണിസ്റ്റ് തൊഴിലാളി, കോണ്‍ഗ്രസ് തൊഴിലാളി, ഹിന്ദു തൊഴിലാളി, മുസ്ലിം തൊഴിലാളി എന്നൊന്നും ഇല്ല. സര്‍വ്വരാജ്യ തൊഴിലാളികളെ എന്നാണ്. ഇത് മനസിലാക്കാത്തവരാണ് ഞാന്‍ എസ് ഡി പി ഐ യില്‍ പ്രവര്‍ത്തിക്കുന്നു എന്നു പറയുന്നത്. നക്‌സലിസത്തില്‍ നിന്നും അതിന്റെ അധാര്‍മികത മനസിലാക്കി രാജി വച്ചു പോന്നവനാണ് ഞാന്‍. ഞാന്‍ ഇപ്പോള്‍ എസ് ഡി പി ഐ യില്‍ പ്രവര്‍ത്തിക്കുന്നു എന്ന് ശത്രുക്കളാണ് പ്രചരിപ്പിക്കുന്നത്. അതവരുടെ ആവശ്യം.

താങ്കള്‍ അപ്പോള്‍ ഒരു എസ് ഡി പി ഐക്കാരന്‍ അല്ല, അത് ഉറപ്പിക്കാമോ?

ഞാന്‍ കമ്യൂണിസ്റ്റ് ആയിരുന്നു. 16-ആം വയസില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാരനായവന്‍. മാര്‍ക്‌സിസത്തിന്റെയും ലെനിനിസത്തിന്റെയും നൂറു കണക്കിന് പുസ്തകങ്ങള്‍ വായിച്ചിട്ടുള്ളൊരാള്‍. 1948 ല്‍ പ്രഭാത് ബുക്‌സിന്റെ പുസ്തകങ്ങള്‍ ഒളിവില്‍ കൊണ്ടുപോകേണ്ടി വന്നപ്പോള്‍ അതേറ്റെടുക്കാന്‍ എല്ലാവരും ഭയപ്പെട്ടു. ഒരു പേജ് പോലും സൂക്ഷിക്കാന്‍ ആരും ധൈര്യപ്പെട്ടില്ല. ആ പുസ്തകങ്ങള്‍ മുഴുവന്‍ കൊണ്ടുപോയത് ഞാനായിരുന്നു. എനിക്ക് വായിക്കാവുന്നത്ര ഞാന്‍ വായിച്ചു. ആ പുസ്തകങ്ങളിലൊന്നും വിഭാഗീയത പറയുന്നില്ല, ജാതി ഇല്ല, മതം ഇല്ല. കമ്യൂണിസ്റ്റ് പാര്‍ട്ടി/ മാര്‍കിസിസ്റ്റ് പ്രസ്ഥാനങ്ങളില്‍ നിന്നും വളരെ സപ്ഷ്ടമായി കാരണങ്ങള്‍ പറഞ്ഞ് പോന്നിട്ടുള്ളവനാണ് ഞാന്‍. പിന്നീട് ‘വാസുവേട്ടന്‍ പറഞ്ഞതാണ് ശരി, ഇനി തിരുത്താം’ എന്നൊക്കെ പറഞ്ഞ് മഹാന്മാരായ പല നേതാക്കളും എന്നെ വന്നു വിളിച്ചിട്ടുണ്ട്. ഞാന്‍ പോയില്ല. ചുളുവില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയിലേക്ക് പോകുന്നവനല്ല ഞാന്‍ എന്ന് എന്നെ അറിയുന്നവര്‍ക്ക് അറിയാവുന്ന കാര്യമാണ്.

എസ് ഡി പി ഐയില്‍ ഇല്ലെന്നു പറയുന്നു. എസ് ഡി ടി യു എന്ന താങ്കള്‍ പ്രസിഡന്റ് ആയ ട്രേഡ് യൂണിയന്‍ സംഘടനയ്ക്ക് എസ് ഡി പി ഐയുമായി ഒരു ബന്ധവുമില്ലെന്നും പറയുകയാണോ?

അങ്ങനെ കാണേണ്ട കാര്യമില്ല. എസ് ഡി പി ഐയും കൂടി ചേര്‍ന്ന ട്രേഡ് യൂണിയനാണ് എസ് ഡി ടി യു. വിവിധ സംഘടനകളെ ആ യൂണിയനുമായി കോ ഓര്‍ഡിനേറ്റ് ചെയ്യാന്‍ വേണ്ടി പരിശ്രമിക്കുകയാണ്. ആര്‍ എം പി ഞങ്ങളുടെ യൂണിയനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കാര്യത്തില്‍ കൂടിയാലോചന നടക്കുകയാണ്. അത് നടന്നു കഴിഞ്ഞാല്‍ എന്നെ ആര്‍എംപിക്കാരന്‍ എന്നു വിളിക്കുമോ?

ഗ്രോ വാസു എന്ന മുഖം എസ് ഡി പി ഐക്കാര്‍ ഉപയോഗിക്കുന്നുണ്ടല്ലോ, അതെന്തുകൊണ്ടാണ്?

അത് ശരിയാണ്. എന്നെ എസ് ഡി പി ഐക്കാര്‍ ഉപയോഗിക്കുന്നുണ്ട്. അവര്‍ മാത്രമല്ല, പിഡിപി, വെല്‍ഫയര്‍ പാര്‍ട്ടി തുടങ്ങി പലരും ഉപയോഗിക്കുന്നുണ്ട്. പല പരിപാടികള്‍ക്കും വിളിക്കാറുണ്ട്. എന്റെ പേര് പറഞ്ഞ് കോഴിക്കോട് ഡോക്ടര്‍മാരില്‍ നിന്നും എഞ്ചിനീയര്‍മാരില്‍ നിന്നുമൊക്കെ പലരും സംഭാവന വാങ്ങുന്നുണ്ട്. ഇതൊന്നും നിയന്ത്രിക്കാന്‍ എനിക്ക് പറ്റില്ല. എങ്കിലും ഈവക കാര്യങ്ങളില്‍ അങ്ങേയറ്റം വിഷമം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതില്‍ എന്തുവേണം എന്നതില്‍ പെട്ടെന്ന് ഒരു തീരുമാനം ഞാന്‍ എടുക്കില്ല. ഇത്തരം കാര്യങ്ങളില്‍ ഞാന്‍ കുറച്ച് സാവധാനത്തില്‍ തീരുമാനം എടുക്കുന്നയാളാണ്.

താങ്കള്‍ നിഷേധിക്കുമ്പോഴും ഗ്രോ വാസുവിനെ എസ് ഡി പി ഐയുമായി ചേര്‍ത്താണ് ഇപ്പോള്‍ പലരും കാണുന്നത്. അങ്ങനെ കാണേണ്ടി വരുന്നതിനെ തെറ്റ് പറയാനും പറ്റില്ല?

ആരെങ്കിലും അങ്ങനെ കാണുന്നതിനെ തെറ്റ് പറയാന്‍ എനിക്കും പറ്റില്ല. എന്നെ സംബന്ധിച്ച് എന്റെ രാഷ്ട്രീയം എന്താണെന്ന് എന്നെ അറിയുന്നവര്‍ക്ക് അറിയാം. അല്ലാത്തവര്‍ക്ക് പ്രശ്‌നം ഉണ്ടായിരിക്കാം. അങ്ങനെയവര്‍ വിശ്വസിച്ചേക്കാം. നിങ്ങള്‍ പോലും അങ്ങനെയാണ് സംശയിക്കുന്നത്.

വെറും സംശയം മാത്രമാണ് ഗ്രോ വാസുവിന്റെ എസ് ഡി പി ഐ ബന്ധം എന്നാണോ സ്ഥാപിക്കുന്നത്?

ഞാന്‍ അവരുടെ രാഷ്ട്രീയം അംഗീകരിക്കുകയാണെങ്കില്‍, ഞാന്‍ എസ് ഡി പി ഐക്കാരന്‍ ആണെന്ന് ധൈര്യമായി പറയും. അവരുടെ രാഷ്ട്രീയം ഇന്നതാണ്, അതു ശരിയാണെന്നു പറയും. 16 ആം വയസില്‍ ഞാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കാന്‍ഡിഡേറ്റ് മെംബര്‍ ആയി. 17 ആം വയസില്‍ എനിക്ക് പാര്‍ട്ടി മെംബര്‍ഷിപ്പ് കിട്ടി. 18 വയസില്‍ ഞാന്‍ പാര്‍ട്ടിക്കു വേണ്ടി അടിയുണ്ടാക്കാന്‍ ഇറങ്ങി. എനിക്കൊന്നും തുറന്നു പറയുന്നതിന് മടിയില്ല.

ആദിവാസിയുടെയും അടിയാളന്റെയും മോചനത്തിനൊപ്പം, ജന്മിത്വ വഴ്ച്ചക്കെതിരെ വര്‍ഗീസിനൊപ്പം പോരാട്ടത്തിന് ഇറങ്ങിത്തിരിച്ചയാളാണ് ഗ്രോ വാസൂ. ഇന്നിതാ അതേ ഗ്രോ വാസു പിന്തുണയ്ക്കുന്ന ഒരു സംഘടന കൊന്നു തള്ളിയിരിക്കുന്നതും ഒരു ആദിവാസി ചെറുപ്പക്കാരനെയാണ്. താങ്കളുടെ രാഷ്ട്രീയം/ താത്പര്യം സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാക്കേണ്ടതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു…

അങ്ങനെ ചെയ്‌തോട്ടെ, എനിക്ക് കുഴപ്പമില്ല. അപവാദങ്ങള്‍ കുട്ടിക്കാലം മുതല്‍ കേള്‍ക്കുന്നതാണ്. എന്റെ രാഷ്ട്രീയം തെറ്റാണോ അല്ലയോ എന്നതാണ് എനിക്ക് പ്രശ്‌നം. ദളിത്-ന്യൂനപക്ഷ-പിന്നാക്ക ഐക്യം എന്ന മുദ്രാവാക്യം നാല്‍പ്പത് വര്‍ഷം മുന്‍പേ മുന്നോട്ട് വച്ചവനാണ് ഞാന്‍. അതിന്റെ രാഷ്ട്രീയ കാരണങ്ങള്‍ പറഞ്ഞും, സവര്‍ണ ഫാസിസത്തിനെതിരേ എങ്ങനെ പൊരുതണം, അവരുടെ അടിത്തറ എന്താണ്- ഇതൊക്കെ പറഞ്ഞിട്ടുള്ള ഒരാളാണ്. ആ മുദ്രാവാക്യത്തില്‍ നിന്നു കൊണ്ട് പ്രവര്‍ത്തിച്ചു വരുന്നവനാണ്. ഈ രാജ്യത്തെ സംബന്ധിച്ചിടത്തോളം ന്യൂനപക്ഷങ്ങള്‍ ഏറ്റവും അടിച്ചമര്‍ത്തപ്പെട്ടവരാണ് എന്ന് ഞാന്‍ പഠിച്ചതാണ്. സച്ചാര്‍ കമ്മീഷന്‍ വന്നശേഷമാണ് മറ്റുള്ളവര്‍ പഠിച്ചത്. ആ ഒരു കാഴ്ച്ചപ്പാട് വച്ചിട്ട്, ന്യൂനപക്ഷങ്ങളുമായും ദളിതരുമായിട്ടും ആദിവസികളുമായിട്ടും പരമാവധി സഹകരിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് എന്റെ ആശയം. ആ ആശയം തന്നെയാണ് ഇപ്പോഴും ഉള്ളതും. ആ ആശയത്തിന്റെ അടിത്തറ മാറ്റി മാര്‍ക്‌സിസം സ്വീകരിക്കാത്തതിന്റെ പരിഭവം പലര്‍ക്കുമുണ്ട്. ഞാനിപ്പോള്‍ സഹകരിക്കുന്നവര്‍ എന്റെ വാക്കുകള്‍ ശ്രദ്ധിക്കാറുണ്ട്. അവര്‍ പറയുന്നത് ഞാനും ശ്രദ്ധിക്കാറുണ്ട്. ഇതല്ലാതെ, അവരുടെ രാഷ്ട്രീയം എനിക്ക് സ്വീകാര്യമല്ല. ലോക തൊഴിലാളികളെ കണ്ടുകൊണ്ടുള്ള ഒരു പ്രത്യയശാസ്ത്രത്തിലാണ് ഞാന്‍ വിശ്വസിക്കുന്നത്. അതു തന്നെയാണ് എന്റെ നിലപാടും.

ഈ നിലപാടുകള്‍ കൊണ്ട് അഭിമന്യുവിന്റെ കൊലപാതകം ന്യായീകരിക്കാനോ അവഗണിക്കാനോ കഴിയുമോ?

ഒരു മരണം അങ്ങോട്ടും ഇങ്ങോട്ടും ഉണ്ടാകുമ്പോള്‍ പ്രത്യയശാസ്ത്ര നിലപാടില്‍ പെട്ടെന്ന് മാറ്റം വരുത്താന്‍ കഴിയില്ല. ഈ ന്യൂനപക്ഷങ്ങളുടെയും ദളിതുകളുടെയും മുഴുവന്‍ പാര്‍ട്ടികളെയും മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കുമോ എന്നാണ് നോക്കുന്നത്. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ ഇന്ത്യയിലെ ഫാസിസം അവരെ മുഴുവന്‍ ഞെരിച്ചു തകര്‍ക്കും എന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. എല്ലാവരുടെയും ഏകോപനം നടക്കണം. അതിനിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ അതാത് പാര്‍ട്ടികള്‍ അതേറ്റെടുക്കണം. അതൊന്നും എന്നെ സംബന്ധിച്ച് ബാധകമല്ല. അങ്ങനെ ആരെങ്കിലും എനിക്കും ബാധകമായി കണ്ടിട്ടുണ്ടെങ്കില്‍ അവരുമായി സംസാരിക്കാന്‍ ഞാന്‍ തയ്യാറാണ്.

ഫാസിസത്തെ നേരിടാന്‍ ഫാസിസമോ?

ഫാസിസം നിങ്ങളിലും എന്നിലുമുണ്ട്. ഫാസിസത്തെ ഞാന്‍ അങ്ങനെയാണ് കാണുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടി അതിന്റെ പ്രവര്‍ത്തനങ്ങളില്‍ ഫാസിസം സ്വീകരിക്കുമ്പോളാണ് നമ്മള്‍ അതിനെ ഫാസിസ്റ്റ് എന്നു വിളിക്കുന്നത്. ഈ കാഴ്ച്ചപ്പാടില്‍ എല്ലാവരും നഗ്നരാണ്. മരിക്കും വരെ എനിക്ക് തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കണം. എനിക്ക് ഒറ്റയ്ക്ക് കേരളം മുഴുവന്‍ ഓടി നടന്ന് ഒരു യൂണിയന്‍ ഉണ്ടാക്കാന്‍ കഴിയില്ല. അവിടെയാണ് അവരുടെ കൊടിക്കീഴില്‍ അങ്ങ് കാസറഗോഡ് മുതല്‍ തിരുവനന്തപുരം വരെ എന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച്, എന്റെ ലഘുലേഖകള്‍ കാശിനു വരെ വിതരണം ചെയ്യാന്‍ എനിക്ക് കഴിയുന്നത്. അത്രത്തോളം അതില്‍ സാധിക്കുന്നുണ്ട് എന്നതാണ് എന്നെ സംബന്ധിച്ച് പ്രധാനം.

താങ്കള്‍ അപ്പോള്‍ എസ് ഡി പി ഐ യുടെ കൊടിക്കീഴില്‍ തന്നെയാണ് നില്‍ക്കുന്നത് എന്നതാണ് ഇതില്‍ നിന്നും ഞാന്‍ മനസിലാക്കുന്നത്?

ഞാന്‍ എസ് ഡി പി ഐയുടെ കൊടിക്കീഴില്‍ നില്‍ക്കുന്നു എന്നുള്ളത് നിങ്ങളുടെ അഭിപ്രായമാണ്. ഞാന്‍ നില്‍ക്കുന്നത് തൊഴിലാളി വര്‍ഗത്തിന്റെ കൊടിക്കീഴിലാണ്. ഞാന്‍ ചെങ്കൊടിയാണ് ഉയര്‍ത്തി പിടിക്കുന്നത്. ഏതെങ്കിലും വേദിയിലോ, ഒരു വരിയെഴുതിയോ എസ് ഡി പി ഐക്കാരുടെ ആശയമാണ് ശരി എന്നു ഞാന്‍ പറഞ്ഞിട്ടില്ല. എന്റെ ആശയമാണ് എവിടെയും പറയുന്നത്. എന്നെ ആരെങ്കിലും വിളിച്ചാല്‍ ആയാള്‍ ആര്‍എസ്എസ്സുകാരനാണോ മറ്റാരെങ്കിലുമാണോ എന്നല്ല നോക്കുന്നത്, അവിടെ എനിക്ക് എന്റെ ആശയം പറയാന്‍ പറ്റുമോ എന്നാണ്. ആ രീതിയില്‍ എന്റെ ആശയം ഞാന്‍ എല്ലായിടത്തും കൃത്യമായി പറയും. അങ്ങനെയാണ് എന്റെ പ്രവര്‍ത്തനം. അതിനപ്പുറത്തേക്ക് ഒരു വാസ്തവവും ഇല്ല.

മഹാരാജാസ് കോളേജില്‍ കയറി ഒരു വിദ്യാര്‍ത്ഥിയെ കുത്തി കൊലപ്പെടുത്തുന്നത് ഫാസിസം തന്നെയാണ്. ഇസ്ലാമിക തീവ്രവാദികളുടെ ഫാസിസം. കൊലയാളികളെ ഒരു പ്രത്യയശാസ്ത്രം വച്ചും ന്യായീകരിക്കാന്‍ കഴിയില്ലെന്നിരിക്കെ അതിനു മുതിരുന്നതെന്തു കൊണ്ട്?

ഇക്കാര്യത്തില്‍ കേരളത്തില്‍ മുഴുവന്‍ നഗ്നരാണ്. കുറ്റം ചെയ്യാനുള്ള സാഹചര്യം സമൂഹം സൃഷ്ടിക്കുമ്പോള്‍ കുറ്റവാളി അത് ചെയ്യുന്നു. ഈ സാഹചര്യം സൃഷ്ടിക്കപ്പെട്ടിട്ടില്ലെങ്കില്‍ ഈ സംഭവം ഉണ്ടാകില്ലായിരുന്നു. ഈ കാര്യത്തില്‍ രണ്ടു വശവും കാണാതെയാണ് നിങ്ങള്‍ സംസാരിക്കുന്നത്. ഒരുവശം മാത്രമാണ് നിങ്ങള്‍ കാണുന്നത്. ഏതു കാര്യവും വൈരുദ്ധ്യാത്മകമായി കാണണം. കോളേജില്‍ ഇത്തരമൊരു സാഹചര്യം എങ്ങനെ സൃഷ്ടിക്കപ്പെട്ടു? അതിന്റെ പ്രതിഫലനമാണോ ഇത്? ഞാന്‍ കുറ്റപ്പെടുത്തുന്നതും പൂര്‍ണമായിട്ടും എസ് ഡി പി ഐക്കാരെയാണ്. അവരാണ് ഇത് ചെയ്തതെന്നതിനെക്കുറിച്ച് എനിക്കിപ്പോള്‍ യാതൊരു സംശയവുമില്ല. അത് വേറൊരു കാര്യം. അതിനപ്പുറം, കഴിഞ്ഞ പത്തുനാല്‍പ്പത് വര്‍ഷം കൊണ്ട് ഇങ്ങനെയൊരു സാഹചര്യം വളര്‍ന്നു വന്നതെങ്ങനെയെന്നു കൂടി നിങ്ങള്‍ ആലോചിക്കൂ.

ഒരിക്കല്‍, അടിയാരുടെ മോചനത്തിന് അക്രമം മാര്‍ഗം എന്നു പറഞ്ഞിറങ്ങിയവരെ പോലെ, ഇപ്പോള്‍ ന്യൂനപക്ഷങ്ങളുടെയും ദളിതരുടെയും ആദിവാസികളുടെയും മോചനത്തിന് കൊലപാതകം നടത്തുകയാണോ? ഈ നാട്ടില്‍ ജനാധിപത്യമല്ലേ നിലനില്‍ക്കേണ്ടത്…?

ജനാധിപത്യം എന്നാല്‍ ഭൂരിപക്ഷത്തിന്റെ താത്പര്യമാണ്, ഭൂരിപക്ഷമാണ്. ജനങ്ങളുടെ താത്പര്യം എന്ത് എന്നതാണ് ജനാധിപത്യത്തില്‍ വേണ്ടത്. സര്‍വ്വാധിപത്യം നടത്തിയിട്ട് ജനാധിപത്യത്തിന്റെ ലേബല്‍ ഒട്ടിച്ചാല്‍ ജനാധിപത്യം ആകില്ല. ഇന്ത്യയിലെ ഫ്യൂഡലിസ്റ്റുകള്‍ എന്നത് ലോകത്തിലെ ഫ്യൂഡലിസത്തിന്റെ ഏറ്റവും ഭയാനകമായ രൂപമാണ്. ജാതി സമ്പ്രദായമാണ് അതില്‍ ഉപയോഗിക്കുന്നത്. ജാതി സമ്പ്രദായം നിലനിര്‍ത്താന്‍ സവര്‍ണ പ്രത്യയശാസ്ത്രം ഉപയോഗിക്കുന്നു. സവര്‍ണ പ്രത്യയശാസ്ത്രം ആയിരക്കണക്കിന് ബ്രാഹ്മണ ദൈവങ്ങളില്‍ ഉറപ്പിച്ച് നിര്‍ത്തിയിരിക്കുകയാണ്. മനുഷ്യന് ഈ സത്യം വിളിച്ചു പറഞ്ഞ് എതിര്‍ക്കാന്‍ പറ്റുന്നില്ല. ഫ്യൂഡലിസ്റ്റുകള്‍ സ്ഥാപിച്ചിരിക്കുന്ന ദൈവങ്ങളെ എതിര്‍ത്ത് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല. ഈ ഫ്യൂഡലിസത്തിന്റെ മക്കളാണ് ലക്ഷക്കണക്കിന് കോടികള്‍ സമ്പാദിക്കുന്ന ഇന്ത്യയിലെ കോര്‍പ്പറേറ്റുകള്‍. ഇങ്ങനെയുള്ള ഭരണം നിലനില്‍ക്കുന്നിടത്ത് ഒരു പാര്‍ട്ടിക്കും ജനാധിപത്യം കൊണ്ടു വരാന്‍ കഴിയുന്നില്ല.

ഇവിടെ അധഃസ്ഥിതരും സവര്‍ണ ഫ്യൂഡല്‍ കോര്‍പ്പറേറ്റ് ശക്തികളും തമ്മിലുള്ള വൈരുദ്ധ്യം നിലനില്‍ക്കുന്നു എന്നു കണ്ടുകൊണ്ട് അടിസ്ഥാന വിഭാഗങ്ങളെ ഒന്നിപ്പിക്കണം. അതാണ് എന്റെ മാര്‍ക്‌സിസം. കഴിഞ്ഞ പത്തുനാല്‍പ്പത് വര്‍ഷമായി അതു തന്നെയാണ് ഞാന്‍ പറഞ്ഞുകൊണ്ടിരിക്കുന്നതും.

ഒരു വശത്ത് ഹിന്ദു തീവ്രവാദം, മറുവശത്ത് മുസ്ലിം തീവ്രവാദം. ഇതുകൊണ്ട് നഷ്ടം മുഴുവന്‍ ഈ സമൂഹത്തിനാണ്, ഓരോ മതത്തിലേയും സാധാരണക്കാര്‍ക്കാണ്, ന്യൂനപക്ഷത്തിനോ ആദിവാസിക്കോ ദളിതനോ ഒരു ഗുണവും ഇത്തരം തീവ്രവാദ പ്രവര്‍ത്തികള്‍ കൊണ്ട് ഉണ്ടാകുന്നുണ്ടോ? ഇങ്ങനെ വിഭാഗീകരിച്ച്, വര്‍ഗീയവത്കരിച്ച് ഈ കേരളം തകര്‍ക്കപ്പെടരുത്…

നിങ്ങളുടെ പറച്ചിലില്‍ തന്നെ വിഭാഗീയതയുണ്ട്. നിങ്ങള്‍ എന്തിനാണ് മുസ്ലിം ഭീകരവാദം, ഹിന്ദു തീവ്രവാദം എന്നു പറയുന്നത്? വാസ്തവത്തില്‍ ഇവിടെ ഹിന്ദുക്കളെയും മുസ്ലിങ്ങളെയും കൂടുതല്‍ കൊന്നിട്ടുള്ളത് കമ്യൂണിസം ലേബല്‍ ഒട്ടിച്ചവരാണ്. ഹിന്ദു-മുസ്ലിം തീവ്രവാദം താരതമ്യപ്പെടുത്തുമ്പോള്‍ പോലും നിങ്ങള്‍ ഈ കാര്യം പറയാതിരിക്കുന്നു. നിങ്ങള്‍ക്ക് നല്ല പക്ഷപാതം ഉണ്ട്. അത് നിങ്ങള്‍ മറച്ചു വയ്ക്കുകയാണ്.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍