UPDATES

“പൊന്നാടയും സല്യൂട്ടും ഒന്നും വേണ്ട, ജനിച്ച മണ്ണില്‍ മരണഭയമില്ലാതെ കിടന്നുറങ്ങിയാല്‍ മതി”; കടലിന്റെ മക്കളോട് കാണിക്കുന്ന ഈ നന്ദികേടിന് കേരളം മറുപടി പറഞ്ഞേ പറ്റൂ

രൂക്ഷമായ കടല്‍ക്ഷോഭത്തിന്റെ ഭീഷണിയിലാണ് എറണാകുളം ചെല്ലാനത്ത് തീരദേശവാസികള്‍. നൂറിലധികം വീടുകള്‍ വെള്ളം കയറുകയും ഇരുപതോളം വീടുകള്‍ ഭാഗികമായി തകരുകയും ചെയ്തിട്ടുണ്ടിവിടെ.

എന്റെ പൊന്ന് സാറേ…ഞങ്ങള്‍ക്ക് ആദരവും പൊന്നാടയും പണവും ഒന്നും വേണ്ടാ, ഈ മണ്ണിലൊന്നു സമാധാനത്തോടെ കിടന്നുറങ്ങിയാല്‍ മതി; ചെല്ലാനം സ്വദേശി കുഞ്ഞുമോന്‍ തൊണ്ടയിടറിക്കൊണ്ട് യാചിക്കുകയാണ്. ഏതു നിമിഷവും ജീവനെടുക്കാന്‍ പാഞ്ഞെത്താവുന്ന കൂറ്റന്‍ തിരമാലകളെ പേടിച്ച് ജീവിക്കുന്ന ചെല്ലാനത്തെ നൂറു കണക്കിന് മനുഷ്യരില്‍ ഒരാള്‍ മാത്രമല്ല, പ്രളയകാലത്ത് സ്വന്തം ജീവന്‍ വില വയ്ക്കാതെ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയൊരു മത്സ്യത്തൊഴിലാളി കൂടിയാണ് കുഞ്ഞുമോന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ വിശേഷിപ്പിച്ച കേരളത്തിന്റെ സൈന്യത്തിലെ ഒരുവന്‍. ജീവിതത്തില്‍ അന്നേ വരെ കണ്ടിട്ടുപോലുമില്ലാത്ത മനുഷ്യരെ രക്ഷിക്കാന്‍ ഇറങ്ങി തിരിച്ചവരാണ് ഇന്ന് സ്വന്തം ജീവന്‍ രക്ഷപ്പെടുത്താന്‍ ഈ നാടിനു മുന്നില്‍ യാചിക്കേണ്ടി വരുന്നത്.

രൂക്ഷമായ കടല്‍ക്ഷോഭത്തിന്റെ ഭീഷണിയിലാണ് എറണാകുളം ചെല്ലാനത്ത് തീരദേശവാസികള്‍. നൂറിലധികം വീടുകള്‍ വെള്ളം കയറുകയും ഇരുപതോളം വീടുകള്‍ ഭാഗികമായി തകരുകയും ചെയ്തിട്ടുണ്ടിവിടെ. മണ്‍സൂണ്‍ ശക്തമായാല്‍ സാഹചര്യം കൂടുതല്‍ ദുഷ്‌കരമാകും. ഓഖിയില്‍ ഏറെ നാശനഷ്ടം നേരിടേണ്ടി വന്നവര്‍ ആയതുകൊണ്ടു കൂടി ചെല്ലാനത്തുകാര്‍ക്ക് ഇപ്പോള്‍ ഓരോ ദിവസവും ഭയമാണ്. എന്നാല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാലങ്ങളായുള്ള തങ്ങളുടെ അപേക്ഷകള്‍ കേള്‍ക്കുന്നില്ലെന്ന പരാതിയാണ് ഇവര്‍ക്കുള്ളത്. ഉത്തരവാദിത്വപ്പെട്ടവര്‍ തങ്ങളുടെ ജീവനും സ്വത്തിനും യാതൊരു വിലയും കല്‍പ്പിക്കാതെ പെരുമാറുന്നതിനെതിരേ സമരത്തിലാണ് മത്സ്യത്തൊഴിലാളികള്‍. ജീവിക്കാന്‍ വേണ്ടി സമരം ചെയ്യേണ്ടി വരുന്ന തങ്ങളാണ് ഒരിക്കല്‍ ഒരാളും ആവശ്യപ്പൊതെ തന്നെ നിരവധി മനുഷ്യ ജീവനുകള്‍ രക്ഷിക്കാന്‍ മുന്നും പിന്നും നോക്കാതെ ചാടിയിറങ്ങിയതെന്നാണ് കുഞ്ഞുമോനെ പോലുള്ളവര്‍ ഓര്‍മിപ്പിക്കുന്നത്. പ്രളയകാലത്ത് നാല്‍പ്പതിലേറെ ആളുകളാണ് ഇവിടെ നിന്നും രക്ഷാപ്രവര്‍ത്തനത്തിറങ്ങിയത്. ഇവര്‍ക്കെല്ലാം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍ട്ടിഫിക്കറ്റും പുരസ്‌കാരങ്ങളുമൊക്കെ നല്‍കിയിരുന്നു. ഇപ്പോള്‍ ആ മത്സ്യത്തൊഴിലാളികള്‍ ചോദിക്കുന്നത്, ഞങ്ങളെയൊന്നു സഹായിക്കാമോ എന്നാണ്.

ആലുവ, കളമശേരി ഭാഗങ്ങളില്‍ പ്രളയജലത്തില്‍ നിന്നും നൂറ്റമ്പതിലേറെ പേരെ രക്ഷപ്പെടുത്താന്‍ തങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് കുഞ്ഞുമോന്‍ പറയുന്നത്. ആ ദിവസങ്ങളെ കുഞ്ഞുമോന്‍ ഓര്‍ത്തെടുക്കുന്നുണ്ട്; കണ്ണമാലി പൊലീസ് സ്റ്റേഷനുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന കടലോര ജാഗ്രത സമതിയിലെ അംഗമാണ് ഞാന്‍. പ്രളയം രൂക്ഷമായ സമയത്ത് ആദ്യം എന്നെ പൊലീസ് സ്റ്റേഷനില്‍ നിന്നും വിളിക്കുന്നത് നേവിയുടെ എയര്‍ ബോട്ട് ഓടിക്കാന്‍ വരാമോ എന്നു ചോദിച്ചാണ്. എനിക്ക് സ്രാങ്ക് ലൈസന്‍സ് ഉണ്ട്. ഞാന്‍ തയ്യാറായെങ്കിലും അവിടെ പോകാന്‍ പറ്റിയില്ല. അതിനു മുന്നേ എസ് ശര്‍മ എംഎല്‍എയുടെ നേതൃത്വത്തില്‍ ചേന്ദമംഗലം എന്ന സ്ഥലത്ത് പോകാമോ എന്നു ചോദിച്ച് വിളിച്ചു. അവിടെ മത്സ്യഫെഡിലെ ഉന്നത ഉദ്യോഗസ്ഥനും കുടുബവും രക്ഷപ്പെടാന്‍ യാതൊരു മാര്‍ഗവുമില്ലാതെ കുടുങ്ങിക്കിടക്കുകയാണെന്നും ഭക്ഷണം കഴിച്ചിട്ടു തന്നെ ദിവസങ്ങളായെന്നും പറഞ്ഞു. അങ്ങനെ ഞങ്ങള്‍ ഒമ്പതോളം പേര്‍, കടലില്‍ പോകുന്ന ഡെക്ക് വള്ളവുമെടുത്ത് ചേന്ദമംഗലത്തേക്ക് പോയി. ഭാര്യയോടും മക്കളോടുമൊന്നും എങ്ങോട്ട് പോണെന്നോ എന്താണ് അവിടുത്തെ അവസ്ഥയെന്നോ ഒന്നും പറഞ്ഞിരുന്നില്ല. അന്നാ രാത്രിയില്‍ കഴിയാവുന്നിടത്തോളം ആളുകളെ രക്ഷിച്ചു. ഒരു സാധനം പോലും കഴിക്കാന്‍ ഇല്ല, മഴവെള്ളം കുടിച്ചാണ് പരവേശം അടക്കിയത്. ഒരു പള്ളിയുടെ കോലായില്‍ രാത്രിയില്‍ കിടന്നു. അവിടെയും വെള്ളം കയറി. പുലര്‍ച്ചെ നാലുമണിയോടെ വീണ്ടും രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങി. ഓരോയിടത്തും നിന്നും കരച്ചിലും രക്ഷിക്കണേയെന്നുള്ള വിളിയുമാണ്. മുറിവേറ്റ് കിടക്കുന്നവര്‍, കാല് പഴുത്ത് ചീഞ്ഞ് അവസ്ഥയില്‍ ഉള്ളവര്‍, പ്രായമായവര്‍; മനുഷ്യനിങ്ങനെ മരണത്തെ പേടിച്ച് കിടക്കുകയാണ്. മറ്റുള്ളവര്‍ രക്ഷപ്പെട്ടിട്ട് ഉപേക്ഷിച്ചിട്ടെന്ന പോലെ ഇട്ടിട്ടു പോയവരുമുണ്ട് ആ കൂട്ടത്തില്‍. നമുക്കവരെ വിട്ടിട്ടു പോരാന്‍ തോന്നുമോ? മനുഷ്യ ജീവനുകളല്ലേ…പ്രാണന്‍ രക്ഷിക്കുമെന്ന വിശ്വാസത്തോടെയാണ് അവരൊക്കെ ഞങ്ങളെ നോക്കുന്നത്. നമുക്ക് എന്തു തന്നെ പറ്റിയാലും ഇവരെ രക്ഷിച്ചു കൊണ്ടുപോകുമെന്നായിരുന്നു തീരുമാനം. ഒരുപാട് റിസ്‌ക് എടുത്താണ് ഓരോരുത്തരേയും രക്ഷിച്ച് സുരക്ഷിതമായ സ്ഥലത്ത് എത്തിച്ചത്. മാല്യങ്കര പാലത്തിന് അ്പ്പുറത്തുള്ള ക്യാമ്പില്‍ രക്ഷപ്പെടുത്തിയവരേയും കൊണ്ട് എത്തിയപ്പോഴാണ് ഒരു ചേച്ചി ഏഴ് ഇഡലി കൊണ്ടു വന്നു തന്നത്. ഞങ്ങള്‍ ഒമ്പതു പേരും കൂടി അതു കഴിച്ചു. രണ്ടു ദിവസത്തിനുശേഷം കഴിക്കുന്ന ഭക്ഷണം.

അന്നു ഞങ്ങള്‍ എല്ലാവരും വീട്ടിലേക്ക് പോന്നു. നല്ല ഉറക്കക്ഷീണം ഉണ്ടായിരുന്നു. വീട്ടിലെത്തുമ്പോള്‍ അവിടുത്തെ അവസ്ഥ അതിലും കഷ്ടമായിരുന്നു. ടിവിയില്‍ കൂടി പ്രളയത്തിന്റെ രൂക്ഷത എല്ലാവരും കാണുകയാണല്ലോ. ഞങ്ങള്‍ എവിടെപോയി, എന്തുപറ്റി എന്നൊന്നും അവര്‍ക്ക് അറിയില്ലല്ലോ. വിളിച്ചു പറയാനും പറ്റുന്ന അവസ്ഥയില്ലായിരുന്നില്ല ഞങ്ങളും. ഭാര്യയും മക്കളുമൊക്കെ പേടിച്ച് ഇരിക്കുകയാണ്. ഞങ്ങള്‍ എത്തിയപ്പോഴാണ് സമാധാനമായത്. ഇനി ഇതിനു വേണ്ടി പോകരുതെന്നായിരുന്നു അവരുടെ നിര്‍ബന്ധം. പക്ഷേ, ഞങ്ങള്‍ക്കാണെങ്കില്‍ കിടന്നിട്ട് ഉറക്കം വരുന്നില്ല. കണ്ണടച്ചാല്‍ കൊച്ചു കുഞ്ഞുങ്ങളുടെയടക്കം രക്ഷിക്കണേ എന്നുള്ള നിലവിളിയാണ്. ടി വി വച്ചപ്പോള്‍ മനസ് വീണ്ടും തകര്‍ന്നു. എത്രയോ പേര് ഇപ്പോഴും ആരെങ്കിലും രക്ഷിക്കാന്‍ വരുമെന്ന പ്രതീക്ഷയില്‍ മരണത്തിനു മുന്നില്‍ കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് ഇനിയും പോണമെന്നു തന്നെ തീരുമാനിച്ചു. വീട്ടുകാര്‍ എന്തു പറഞ്ഞാലും പോയേ തീരൂ. പിറ്റേദിവസം വീണ്ടും ഫോണ്‍ വന്നു. ഞാനാ സമയത്ത് ബാത്ത്‌റൂമില്‍ പോയിരിക്കുകയായിരുന്നു. തിരിച്ചു വരുമ്പോള്‍ പാന്റ് വെട്ടിയതും ബര്‍മുഡയും അടക്കമുള്ള വസ്ത്രങ്ങള്‍ പൊതിഞ്ഞ് വച്ചിരിക്കുന്നതാണ് കാണുന്നത്. ഭാര്യ ചെയ്തതാണ്. എങ്ങനെയെങ്കിലും ഒന്നു വരണമെന്നു പറയാന്‍ വിളിച്ച ഫോണ്‍ എടുത്തത് അവളായിരുന്നു. അതുവരെ അവള് എനിക്ക് എന്തെങ്കിലും പറ്റുമോയെന്നു മാത്രമായിരുന്നു ചിന്തിച്ചിരുന്നത്. പക്ഷേ, ഓരോന്നും കേട്ടപ്പോള്‍ മനസ് മാറി. നിങ്ങള് പോയി കഴിയാവുന്നിടത്തോളം പേരെ രക്ഷിക്കണമെന്നാണ് ഇങ്ങോട്ട് പറഞ്ഞത്. ആദ്യം പോയത് ഉടുത്തിരുന്ന മുണ്ട് മാത്രമായിട്ടായിരുന്നു. അത് ഒഴിക്കിലൊക്കെ നഷ്ടപ്പെട്ടു പോയിരുന്നു. അതുകൊണ്ടാണ് അവള്‍ ഡ്രസ്സുകളൊക്കെ റെഡിയാക്കി വച്ചത്.

രണ്ടാമത്തെ യാത്ര യു സി കോളേജ്, ആലങ്ങാട്, മുപ്പത്തടം, ഏലൂക്കര ഭാഗങ്ങളിലോട്ടായിരുന്നു. പലയിടങ്ങളില്‍ നിന്നും ഞങ്ങള്‍ രക്ഷപ്പെട്ടതു തന്നെ ഭാഗ്യം കൊണ്ടാണ്. ഏലൂക്കര ഭാഗത്ത് രക്ഷാപ്രവര്‍ത്തനത്തിന് പോയിടത്ത് പാമ്പുകള്‍ അല്ലാതെ വേറെ ആരും ഇല്ലായിരുന്നു. കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് ദൈവത്തിന്റെ സഹായം. എല്ലാ അപകടങ്ങളും മറികടന്നു നൂറ്റമ്പതോളം മനുഷ്യ ജീവന്‍ ഞങ്ങള്‍ക്ക് രക്ഷിക്കാന്‍ പറ്റി.

അതുകഴിഞ്ഞ് സര്‍ക്കാരും എല്ലാവരും ഞങ്ങളെ ഒരുപാട് പുകഴ്ത്തി. ആദരിച്ചു. ഞങ്ങള്‍ കേരളത്തിന്റെ സൈന്യമാണെന്നും പ്രളയത്തെ അതിജീവിക്കാന്‍ കേരളത്തെ സഹായിച്ചത് മത്സ്യത്തൊഴിലാളികളാണെന്നുമൊക്കെ മുഖ്യമന്ത്രി ഉള്‍പ്പെടെ പറഞ്ഞു. അതേ ഞങ്ങളാണിപ്പോള്‍ സ്വന്തം ജീവന്‍ രക്ഷിക്കാന്‍ മറ്റുള്ളവരോട് യാചിക്കേണ്ടി വരുന്നത്. മുഖ്യമന്ത്രി സല്യൂട്ട് അടിച്ച കേരളത്തിന്റെ സൈന്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ആരും കാണുന്നില്ലെന്നത് സങ്കടമാണ്.

എത്രയോ കാലങ്ങളായിട്ട് ഞങ്ങള്‍ പറയുന്ന കാര്യമാണ്. സുനാമി തൊട്ട് തുടങ്ങിയ പേടിയാണ്. അന്ന് വലിയ അപകടങ്ങളൊന്നും ഉണ്ടായില്ലെങ്കിലും ഓഖി ഞങ്ങളെ തകര്‍ത്തു കളഞ്ഞു. എല്ലാം അടിച്ചു തൂത്തുകൊണ്ടു പോയി. ഉടുതുണിപോലും ഇല്ലാത്തവരാക്കി. ഭക്ഷണം കഴിക്കാതെ ദിവസങ്ങള്‍ കഴിയേണ്ടി വന്നു. ഞങ്ങള്‍ നേരിട്ട ദുരിതത്തിന്റെ വേദനയും കഷ്ടപ്പാടും മനസില്‍ ഉണ്ടായിരുന്നതുകൊണ്ടാണ് പ്രളയ കാലത്ത് ആരുടെയും വിളിപോലും കാത്തു നില്‍ക്കാതെ ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത മനുഷ്യരെ രക്ഷിക്കാന്‍ വേണ്ടി മരണത്തെപോലും വകവയ്ക്കാതെ ഞങ്ങള്‍ ഇറങ്ങിയത്. ആ ഞങ്ങള്‍ ഇന്നിപ്പോള്‍ മരണത്തിനു മുന്നില്‍ നില്‍ക്കുകയാണ്. കടല്‍ക്ഷോഭത്തില്‍ നിന്നും ശാശ്വതമായൊരു രക്ഷ ഉണ്ടാക്കി തരണമെന്ന് പറയാന്‍ തുടങ്ങിയിട്ട് എത്രനാളുകളായി. ഇവിടെ വന്നു നോക്കുന്ന ഏതൊരാള്‍ക്കും മനസിലാകുന്നതാണ് ഞങ്ങള്‍ പറയുന്ന കാര്യങ്ങളുടെ ഗൗരവം. എല്ലാം ചെയ്തു തരാമെന്നു പറയുന്നതല്ലാതെ ഒന്നും ചെയ്യുന്നില്ല. അതുകൊണ്ടാണ് സമരത്തിനിറങ്ങേണ്ടി വന്നത്. ജീവിക്കാന്‍ വേണ്ടിയാണ്…അല്ലാതെ ഞങ്ങള്‍ക്ക് എന്തെങ്കിലും തരണമെന്നു പറയാനല്ല. ഞങ്ങള്‍ക്ക് ആരുടെയും ഉപഹാരങ്ങള്‍ വേണ്ട, പൈസ തരണ്ടാ, അരി തരണ്ടാ. ഞങ്ങള്‍ കടലില്‍ പോയി കഷ്ടപ്പെട്ട് ജീവിച്ചോളാം, പട്ടിണിയായാലും ദാരിദ്ര്യമാണെങ്കിലും ഞങ്ങള്‍ സഹിച്ചോളാം. ഈ തീരത്തെ ഒന്നു സംരക്ഷിച്ചാല്‍ മതി. ഞങ്ങള്‍ ഇവിടെ ജനിച്ചു പോയില്ലേ സാറേ… ജനിച്ച മണ്ണില്‍ കിടക്കാന്‍ ഏതൊരാള്‍ക്കും കൊതിയുണ്ടാവില്ലേ…അതല്ലേ ഞങ്ങളും പറയുന്നുള്ളൂ. ഈ മണ്ണില്‍ ഞങ്ങളുടെ മക്കളെയും കൊണ്ട് സമാധനത്തോടെ ഒന്നുറങ്ങിക്കോട്ടെ…

കടലാണ്. ഏതു നിമിഷവും എന്തു സംഭവിക്കാം. ആര്‍ക്കും പിടിച്ചു നിര്‍ത്താന്‍ പറ്റില്ല. സുനാമിയും ഓഖിയുമൊക്കെ കണ്ട ജനമല്ലേ നമ്മള്. അതുപോലൊരു അപകടം വന്നാല്‍ എന്തു ചെയ്യും ഞങ്ങള്‍? എന്റെ അമ്മച്ചിക്ക് പ്രായം എഴുപത്തിയെട്ടായി. കഴിഞ്ഞ ദിവസം കടല്‍ രൂക്ഷമായപ്പോള്‍ അമ്മച്ചിയെ വീട്ടില്‍ നിന്നും മാറ്റാന്‍ ഞാന്‍ നോക്കിയതാ…ഇത് ഞാന്‍ ജനിച്ചു ജീവിച്ച മണ്ണാടാ…ചാകുന്നെങ്കില്‍ ഇവിടെ കിടന്നു ചത്തോളാം എന്നായിരുന്നു അമ്മച്ചി പറഞ്ഞത്. ഒരുപാട് നിര്‍ബന്ധിച്ചിട്ടാണ് ഒടുവില്‍ അമ്മച്ചി സമ്മതിച്ചത്. രാത്രിക്ക് ആംബുലന്‍സ് വിളിച്ച് അതില്‍ കേറ്റി അമ്മച്ചിയെ സുരക്ഷിതമായൊരിടത്തേക്ക് മാറ്റി. തെര്‍മോക്കോള്‍ കൊണ്ട് ഞാനൊരു ഡിംഗി വള്ളം ഉണ്ടാക്കി വച്ചിട്ടുണ്ട്. എന്റെ കുടുംബത്തെയെങ്കിലും അതില്‍ കയറ്റിവിട്ട് രക്ഷപ്പെടുത്താലോ… നമ്മളെയൊക്കെ രക്ഷിക്കാന്‍ വേറെ ആരെങ്കേിലും വരുമോ സാറേ…

ഉള്ളില്‍ നിറഞ്ഞ വിഷമം കുഞ്ഞുമോന്റെ ശബ്ദം മുറിച്ചപ്പോള്‍, ഒപ്പമുണ്ടായിരുന്ന മകള്‍ ബെക്‌സിയാണ് ബാക്കി സംസാരിച്ചത്. പ്രളയകാലത്ത് അപ്പച്ചി(കുഞ്ഞുമോന്‍) ആള്‍ക്കാരെ രക്ഷിക്കാന്‍ പോയ കാര്യം തന്നെയാണ് ബെക്‌സിയും പറഞ്ഞത്. അന്ന് അപ്പച്ചി പോയപ്പോള്‍ ഞങ്ങളെല്ലാവരും നന്നായി പേടിച്ചു. എനിക്ക് വയ്യായ്ക വരെ ഉണ്ടായി. മരണ വീടുപോലെയായിരുന്നു അന്നിവിടുത്തെ പല വീടുകളും. ഓരോന്നും കേള്‍ക്കുമ്പോള്‍ പോയവര്‍ തിരിച്ചു വരുമോയെന്നായിരുന്നു ഭയം. അപ്പച്ചിയും കൂടെയുള്ളവരും തിരിച്ചു വന്നു കഴിഞ്ഞപ്പോള്‍ ഇനി പോകല്ലേയെന്നാണ് വിട്ടിലുള്ള ഓരോരുത്തരും ആദ്യം പറഞ്ഞത്. പിന്നീട് ഞങ്ങള്‍ക്ക് കാര്യങ്ങള്‍ മനസിലായി. എന്റെ അപ്പച്ചിയെ പോലുള്ളവര്‍ ഇറങ്ങിയാലേ ആള്‍ക്കാരെ മരിക്കാതെ രക്ഷപ്പെടുത്താന്‍ കഴിയൂ എന്നു മനസിലാക്കിയപ്പോള്‍ ഞങ്ങള്‍ തന്നെയാണ് അവരോട് പോകാന്‍ പറഞ്ഞത്. ഒരാളെയെങ്കില്‍ ഒരാളെ രക്ഷിക്കണേ അപ്പച്ചീ എന്നു പറഞ്ഞാണ് ഞങ്ങള്‍ യാത്രയാക്കിയത്. ഇന്നാ അപ്പച്ചി കടലിലേക്കും നോക്കി കണ്ണീരോടെ നില്‍ക്കുന്നത് കാണുമ്പോള്‍ ഞങ്ങക്ക് സഹിക്കണില്ല…നാളെ കടല് കേറി വന്നാല്‍ എന്റെ അപ്പച്ചിയെ രക്ഷിക്കാന്‍ ആരെങ്കിലും വരുമോ? ഞങ്ങളെ രക്ഷിക്കാന്‍ ആരെങ്കിലും ഉണ്ടാകുമോ? ഇത്രയും രൂക്ഷമായ അവ്സ്ഥയാണിവിടെ. ഇത് പെട്ടെന്നുണ്ടായ സംഭവമൊന്നുമല്ലല്ലോ. എത്ര കാലങ്ങളായി ഞങ്ങളീ പേടിയില്‍ ജീവിക്കുന്നവരാണ്. ഓഖി വരുമ്പോള്‍ ഞാന്‍ പ്രസവിച്ച് കിടക്കുകയാണ്. സിസേറിയനായിരുന്നു. വീട്ടിലൊക്കെ വെള്ളം കയറിയപ്പോള്‍ എന്റെ കുഞ്ഞെങ്കിലും രക്ഷപ്പെടണേ എന്ന വിചാരത്തില്‍ അതിനെ തലയിലേറ്റിക്കൊണ്ടാണ് ഞാന്‍ പോയത്. അതും ഓപ്പേറഷന്‍ ചെയ്തതിന്റെ മുറിവ് ഉണങ്ങും മുന്നേ ഉപ്പുവെള്ളം നീന്തി. എന്നെപ്പോലെ എത്രയോ പേര്‍ ദുരിതം തിന്നു. ഇനിയും അങ്ങനെയൊരു അവസ്ഥ വന്നാല്‍, ഞങ്ങളൊക്കെ ഉണ്ടാകുമെന്ന് എന്താ ഉറപ്പ്? രാഷ്ട്രീയക്കാര്‍ക്ക് ഞങ്ങള് വെറും വോട്ടാണ്. ഓരോരുത്തരും തെരഞ്ഞെടുപ്പ് സമയത്ത് വന്ന് കടല്‍ ഭിത്തി കെട്ടിത്തരാം, പുലിമുട്ട് സ്ഥാപിക്കാം എന്നൊക്കെ വാഗ്ദാനം ചെയ്യും. പാവം മത്സ്യത്തൊഴിലാളികള്‍ അത് വിശ്വസിക്കും. ജയിച്ചു കഴിഞ്ഞാല്‍ തിരിഞ്ഞു നോക്കില്ല. നിങ്ങള്‍ക്ക് കടലിന്റെയടുത്ത് നിന്നും മാറി താമസിച്ചൂടെയെന്നാണ് ചിലര്‍ ചോദിക്കുന്നത്. കടല് വിട്ടു പോയിട്ട് മത്സ്യത്തൊഴിലാളി എങ്ങനെ ജീവിക്കാനാണ്? ഞങ്ങള് കടലിനെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. ഞങ്ങളുടെ അന്നം ഈ കടലാണ്. ഞങ്ങളെ ഇവിടെ നിന്നും മാറ്റണമെന്നു പറയുന്നവര്‍, ഞങ്ങളെങ്ങനെ ജീവിക്കുമെന്നു കൂടി പറഞ്ഞു താ…അപ്പിച്ചിയ്ക്കും കൂട്ടര്‍ക്കും ആദരിക്കാന്‍ വിളിച്ചപ്പോള്‍ കുറെ വെള്ളമുണ്ടുകള്‍ കൊടുത്തിരുന്നു. പൊന്നാട. വെള്ളമുണ്ട് വിരിച്ചു കാണിച്ചാല്‍ കടല്‍ തിരിച്ചു പോകില്ലെന്നു കൂടി, കേരളത്തിന്റെ സൈന്യത്തെക്കുറിച്ച് പറയുന്നവര്‍ മനസിലാക്കണം.

ബെക്‌സി നിര്‍ത്തിയപ്പോള്‍, കുഞ്ഞുമോന്‍ ഒരുകാര്യം കൂടി പറഞ്ഞു. ഞങ്ങള് ഇങ്ങനെ പറഞ്ഞെന്നു കരുതി, നാളെ ആര്‍ക്കെങ്കിലും എന്തെങ്കിലും സഹായം വേണ്ടി വന്നാല്‍, ഈ വള്ളവുമെടുത്ത് ഞങ്ങള് ഓടിയെത്തും കേട്ടാ…ഒരു സംശയവും വിചാരിക്കേണ്ട…ഞങ്ങളിവിടെ ചിലപ്പോള്‍ അയല്‍പക്കങ്ങളുമായി മുട്ടന്‍ വഴക്കായിരിക്കും. പക്ഷേ, ആര്‍ക്കെങ്കിലും ഒരാവശ്യം വന്നാല്‍ എല്ലാം മറന്ന് ഒന്നിച്ചോടിക്കൂടുന്നവരാണ് ഞങ്ങള്. അതുകൊണ്ട് ഇനിയൊരു പ്രളയം വന്നാലും മത്സ്യത്തൊഴിലാളി രക്ഷിക്കാന്‍ ഉണ്ടായിരിക്കും, തീര്‍ച്ച…

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍