UPDATES

ഷിപ്പ്‌ യാര്‍ഡ് ജീവനക്കാരുടെ സുരക്ഷാകാര്യത്തില്‍ വേര്‍തിരിവോ? 45 വര്‍ഷത്തെ ചരിത്രത്തിനിടയിലെ ഏറ്റവും വലിയ അപകടത്തിനു പിന്നാലെ ഉയരുന്ന ചോദ്യങ്ങള്‍

സുരക്ഷാകാര്യത്തില്‍ കര്‍ശനമായ മോണിറ്ററിംഗ് സംവിധാനം അനിവാര്യം

വാതക ചോര്‍ച്ചയെ തുടര്‍ന്ന് കപ്പലില്‍ പൊട്ടിത്തെറിയുണ്ടാവുകയും അഞ്ച് പേര്‍ക്ക് ജീവഹാനി സംഭവിക്കുകയും ചെയ്ത കൊച്ചി കപ്പല്‍ശാലയില്‍ സുരക്ഷ കാര്യത്തില്‍ വേര്‍തിരിവ് ഉണ്ടെന്ന് ആക്ഷേപം. കപ്പല്‍ശാലയിലെ സ്ഥിരം ജീവനക്കാര്‍ക്കു കമ്പനി നേരിട്ടും താത്കാലിക ജീവനക്കാര്‍ക്ക് അതാത് കോണ്‍ട്രാക്ടര്‍മാര്‍(പുറത്തു നിന്നുള്ളവര്‍) വഴിയുമാണ് സുരക്ഷ സാമഗ്രികള്‍ നല്‍കുന്നത്. കമ്പനി നിര്‍ദേശിക്കുന്ന നിബന്ധനകള്‍ അനുസരിച്ചാണ് കോണ്‍ട്രാക്റ്റഡ് കമ്പനികള്‍ സാമഗ്രികള്‍ എത്തിച്ച് നല്‍കുന്നതെങ്കിലും സുരക്ഷ വിഷയത്തില്‍ ഈ കമ്പനികള്‍ വിട്ടുവീഴ്ച നടത്തുന്നതായാണ് പേരു വെളിപ്പെടുത്താനാകാത്ത ഒരു ഷിപ്പ്‌യാര്‍ഡ് ജീവനക്കാര്‍ പറയുന്നത്. ”ജോലിക്കാരുടെ എണ്ണത്തിന് ആനുപതികമായി പലപ്പോഴും സൈറ്റില്‍ സുരക്ഷ ഉപകരണങ്ങള്‍ എത്തിക്കാറില്ല. ജോലിക്കാരുടെ എണ്ണത്തിന് അനുസരിച്ച് ഇവ ലഭ്യമാക്കത്തതിനാല്‍ പലപ്പോഴും ഇവ എല്ലാവരും ധരിക്കാറില്ല. ഈ വിഷയത്തില്‍ ഷിപ്പ് യാര്‍ഡ് സുരക്ഷ ജീവനക്കാര്‍ ചില വിട്ടു വീഴ്ചകള്‍ നടത്തുന്നു”; മെയ്ന്റനന്‍സ് ആന്‍ഡ് റിപ്പയര്‍സ് വിഭാഗത്തിലെ തൊഴിലാളികളും അഴിമുഖത്തോട്‌  പറഞ്ഞു.

കപ്പല്‍ശാലയില്‍ പലപ്പോഴായി ചെറിയ ചെറിയ അപകടങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ഇത് പുറം ലോകം അറിയാറില്ലെന്നാണ് തൊഴിലാളികള്‍ വെളിപ്പെടുത്തുന്നത്. അഞ്ചു ദിവസങ്ങള്‍ക്ക് മുമ്പ് ചാലക്കുടി സ്വദേശി നിക്‌സണ്‍ ജോലിക്കിടയില്‍ വീണു മരിച്ചിരുന്നു. സുരക്ഷ മുന്‍കരുതലുകള്‍ എടുത്തിരുന്നെങ്കില്‍ നിക്‌സന്റെ മരണം സംഭവിക്കില്ലായിരുന്നുവെന്നും ജീവനക്കാര്‍ പറയുന്നു. തൊഴില്‍സുരക്ഷ നിയമങ്ങള്‍ അനുസരിച്ച് തൊഴിലാളികളെ ഉയരത്തില്‍ ജോലിക്ക് നിയോഗിക്കുമ്പോള്‍ സുരക്ഷ മാര്‍ഗമായി താഴെ നെറ്റ് വിരിക്കണം. എന്നാല്‍ കരാര്‍ തൊഴിലാളികളുടെ കാര്യത്തില്‍ ഇത്തരം സുരക്ഷ മുന്‍കരുതലുകള്‍ സ്വീകരിക്കാറില്ലെന്നും ജീവനക്കാര്‍ പറയുന്നു. നിക്‌സന്റെ മരണത്തിനു കാരണവും ഈ നിരുത്തരവാദപരമായ പ്രവര്‍ത്തിയാണ്. ആയിരക്കണക്കിന് കരാര്‍ ജീവനക്കാര്‍ തൊഴിലെടുക്കുന്ന ഷിപ്പ് യാര്‍ഡില്‍ കരാര്‍ തൊഴിലാളികള്‍ക്കുള്ള പ്രാഥമിക ശുശ്രുഷയ്ക്ക് വേണ്ടത്ര സൗകര്യങ്ങളില്ലെന്നതാണ് മറ്റൊരു പരാതി.

കഠിനമായ ജോലിയായതിനാല്‍ 35 വയസില്‍ താഴെയുള്ളവരെ മാത്രമാണ് കരാര്‍ ജീവനക്കാരായി നിയോഗിക്കാറുള്ളത്. അതേസമയം കരാര്‍ ജീവക്കാരെ ജോലിക്കെടുക്കുമ്പോള്‍ അധികൃതര്‍ ഒരു ദിവസത്തെ സുരക്ഷാ പരിശീലന ക്ലാസുകള്‍ നല്‍കാറുണ്ടെങ്കിലും അതില്‍ പറയുന്ന സുരക്ഷമാനദണ്ഡങ്ങള്‍ ജീവനക്കാരില്‍ എല്ലാവരും പൂര്‍ണമായി പാലിക്കാറില്ല. എന്നാല്‍ നിരവധി പേര്‍ തൊഴില്‍ എടുക്കുന്നതിനാല്‍ കമ്പനിയുടെ സുരക്ഷ വിഭാഗമോ കരാറുകാരോ സുരക്ഷാകാര്യങ്ങളില്‍ തൊഴിലാളികളെ എല്ലാവരെയും നിരീക്ഷിക്കാറുമില്ല. പ്രധാനമായും വളരെ ഗൗരവമേറിയതും അപകട സാധ്യതയേറിയതുമായ പ്രവര്‍ത്തികള്‍ ചെയ്യുന്നിടത്ത് മാത്രമെ സുരക്ഷ ജീനക്കാരുടെ നിരീക്ഷണം എത്താറുള്ളൂ. അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ കപ്പലിന്റെ പല ഭാഗങ്ങളില്‍ നടക്കുന്ന കുലുക്കവും മറ്റും ചെറിയ ജോലി ചെയ്യുന്നവരെയും ബാധിക്കുന്നു. ചിലപ്പോള്‍ അവര്‍ക്ക് ജീവന്‍ തന്നെ നഷ്ടമാകുന്ന സ്ഥിതിയുണ്ടാകുന്നു. സുരക്ഷാകാര്യത്തില്‍ കമ്പനിയുടെ ഭാഗത്തു നിന്ന് കര്‍ശനമായ മോണിറ്ററിംഗ് സംവിധാനം അനിവാര്യമാണെന്ന ആവശ്യവും ഉയരുന്നു.

എന്നാല്‍ കരാര്‍ ജീവനക്കാര്‍ക്കടക്കം സുരക്ഷാ ക്ലാസുകള്‍ നല്‍കുകയും കര്‍ശനമായി സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന നിര്‍ദേശം നല്‍കാറുണ്ടെന്നുമാണ് കപ്പല്‍ശാല അധികൃതര്‍ പറയുന്നത്. പലപ്പോഴും സുരക്ഷ മുന്‍കരുതലുകള്‍ പാലിക്കാതിരിക്കുന്നതും അവഗണിക്കുന്നതുമാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്നും അധികൃതര്‍ പറയുന്നു.

ഭയങ്കര ശബ്ദം, എന്താണെന്നു മനസിലാകും മുന്നേ ഇരുമ്പ് തരികള്‍ നിറഞ്ഞ പൊടി കണ്ണുകളിലേക്ക് അടിച്ചു കയറി

കരാര്‍ ജീവനക്കാരെ അതാത് കമ്പനികളാണ് കൊണ്ടുവരുന്നത്. ഇവര്‍ പരിചയ സമ്പന്നരാണോ ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും കമ്പനിക്കില്ല. താരതമ്യേന കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യുന്ന ഇവരെ പോലുള്ളവര്‍ക്ക് 35 വയസ് വരെ കപ്പല്‍ശാലയില്‍ ജോലിയെടുക്കാം. ഈ കാലയളവിനുള്ളില്‍ പിരിഞ്ഞ് പോകുന്നവര്‍ക്ക് മറ്റാനുകൂല്യങ്ങളും ലഭിക്കുന്നില്ല. വലിയ പ്രൊജക്ട് നടക്കുന്ന സമയങ്ങളില്‍ ഷിപ്പ് യാര്‍ഡില്‍ ഏകദേശം 5,000 ത്തില്‍പരം ആളുകള്‍ ജോലി ചെയ്യുമ്പോള്‍ അതില്‍ 2,500 ഓളം പേര്‍ കരാര്‍ ജീവനക്കാരാണെന്നതാണ് വാസ്തവം.

രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ചയെന്നും ആരോപണം
അപകടത്തിന് ശേഷം നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലും വീഴ്ചയുണ്ടായെന്നും ആരോപണമുണ്ട്. കപ്പല്‍ശാലയിലെ ഫയര്‍ഫോഴ്‌സ് യൂണിറ്റിനെ മാത്രം ആശ്രയിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയതാണ് അപകടത്തിന്റെ തീവ്രത വര്‍ധിപ്പിച്ചതെന്നാണ് ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്. രാവിലെ 9.15 ഓടെ അപകടം സംഭവിച്ചെങ്കിലും പുറത്തുനിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വിളിക്കാന്‍ വൈകി.

രണ്ടു മണിക്കൂറിനുശേഷമാണു പരിക്കേറ്റവര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ മുഴുവനായും പുറത്തെത്തിക്കാനായത്. വാട്ടര്‍ ടാങ്കിനുള്ളിലെ പൊട്ടിത്തെറിയില്‍ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ അവസാനത്തെയാളെ പുറത്തെത്തിച്ചത് 11.20 ഓടെയാണ്. ഇതിനിടെ കപ്പലിനുള്ളില്‍ ഉയര്‍ന്ന കനത്ത പുക ശ്വസിച്ചു പലര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. പുറത്തുനിന്നുള്ള സംഘങ്ങളുടെ സഹായംകൂടി തേടിയിരുന്നെങ്കില്‍ ഇത് ഒഴിവാക്കാനാകുമായിരുന്നുവെന്നാണു ഉയര്‍ന്നിട്ടുള്ള വിമര്‍ശനങ്ങള്‍.

അപകടം എസി പ്ലാന്റില്‍
ഫാക്ടറീസ് ആന്‍ഡ് ബോയ്‌ലേഴ്‌സ് വകുപ്പിന്റെ പ്രാഥമിക കണ്ടെത്തല്‍ പ്രകാരം ബെലാസ്റ്റ് ടാങ്കിനു മുകളിലുണ്ടായിരുന്ന എ സി പ്ലാന്റില്‍ നിന്നാണ് അപകടം ഉണ്ടായിരിക്കുന്നത്. ഡയറക്ടര്‍ ഓഫ് ഫാക്ടറീസ് ആന്‍ഡ് ബോയ്‌ലേഴ്‌സ്സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. പോലീസ് ഫൊറന്‍സിക് വിഭാഗവും അപകടം നടന്ന ഭാഗത്ത് പരിശോധന നടത്തി. അതേ സമയം വാതക ചോര്‍ച്ചയുടെ പ്രഭവ കേന്ദ്രവും പൊട്ടിത്തെറിയുടെ കാരണവും അഞ്ചംഗ ഷിപ്പ് യാര്‍ഡ് സംഘത്തിന്റ അന്വേഷണം പൂര്‍ത്തിയായ ശേഷം മാത്രമെ പറയാന്‍ കഴിയൂ എന്ന് അധികൃതര്‍ അറിയിക്കുന്നു.

ഏത് വാതകം ചോര്‍ന്നാണ് അപകടം ഉണ്ടായിരിക്കുന്നതെന്ന് അന്വേഷിക്കുകയാണ്. അതിനൊപ്പം തന്നെ, വാതകം എങ്ങനെ ചോര്‍ന്നുവെന്നും കണ്ടെത്തണം. തീ ഉണ്ടായത് ഏത് ഭാഗത്തു നിന്നാണെന്നതും അന്വേഷിക്കുകയാണ്. തലേ ദിവസം സംഭവിച്ച സുരക്ഷ വീഴ്ചയാണോ ദുരന്തത്തില്‍ കലാശിച്ചതെന്ന കാര്യവും കണ്ടെത്തേണ്ടതുണ്ട്. ഫ്യൂമ്‌സ് പുറത്തേക്ക് വരുന്ന ബ്ലോവര്‍ ഓണ്‍ ചെയ്തപ്പോള്‍ അതില്‍ നിന്ന് സ്പാര്‍ക്ക് ഉണ്ടയതാണോ എന്ന ചോദ്യത്തിനും ഉത്തരം കണ്ടെത്തേണ്ടതുണ്ട്. അപകട സൂചന ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷ ജീവനക്കാര്‍ ഏത് വാതകമാണ് ചോര്‍ന്നതെന്നറിയാനുള്ള ഉപകരണമായി ടാങ്കിലേക്കിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചിരിക്കുന്നതെന്നാണ് പ്രഥമിക വിവരം. സുരക്ഷാസംഘം എത്തിയ സമയത്ത് സ്പാര്‍ക്ക് നടന്നിരിക്കാമെന്നും തുടര്‍ന്നാണ് പൊട്ടിത്തെറി ഉണ്ടായതെന്നും സംശയിക്കുന്നുവെന്ന് അധികൃതര്‍ പറയുന്നു. ഷിപ്പ് യാര്‍ഡ് സംഘത്തിന്റെ അന്വേഷണം, ഷിപ്പിംഗ് ജയറക്ടര്‍ ജനറലിന്റെ അന്വേഷണം, ഫാക്ടറീസ് ആന്‍ഡ് ബോയ്‌ലേഴ്‌സിന്റെ അന്വേഷണം, പോലീസിന്റെ ഭാഗത്തു നിന്നും അന്വേഷണം എന്നിങ്ങനെ അപകടത്തിന്റെ കാരണം തേടി നാല് രീതിയിലുള്ള അന്വേഷണമാണ് നടക്കുന്നത്. ഇതിനു പറുമെ അട്ടിമറി സാധ്യത അന്വേഷിക്കാന്‍ മറ്റ് കേന്ദ്ര ഏജന്‍സികളും അന്വേഷണം നടത്തിയേക്കും. സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ ഷിപ്പിംഗ് ചുമതലയുള്ള മന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ഷിപ്പ് യാര്‍ഡിലെത്തി കമ്പനി അധികൃതരുമായും യൂണിയന്‍ ഭാരവാഹികളുമായി സംസാരിച്ചു. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് നഷ്ടപരിഹാരവും ചികിത്സാ സഹായവും നല്‍കുമെന്ന് ഉറപ്പ് നല്‍കി. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഷിപ്പ് യാര്‍ഡിന്റെ 45 വര്‍ഷ ചരിത്രത്തില്‍ ഉണ്ടായ ഏറ്റവും വലിയ അപകടമാണിത്. ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നും പൊന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. 1984,1994, 2001 എന്നീ വര്‍ഷങ്ങളിലും ഷിപ്പ് യാര്‍ഡില്‍ അപകടം ഉണ്ടായിട്ടുണ്ട്. അതേസമയം സുരക്ഷ പരിശോധനയില്‍ ഉണ്ടായിട്ടുള്ള പാളിച്ചയാണ് സ്‌ഫോടനം ഉണ്ടാകാന്‍ സാഹചര്യമൊരുക്കിയതെന്ന്് ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗ് പറഞ്ഞു. ഏത് വാതക ചോര്‍ച്ചയും പരിശോധിക്കാനുള്ള സംവിധാനം ഷിപ്പിനകത്ത് ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍