UPDATES

സര്‍ക്കാരിന്റെ വിജയകരമായ സ്വാശ്രയ തോല്‍വികള്‍ – ഇത്തവണ എല്‍ഡിഎഫ് വക

ഈ മേഖലയില്‍ സാമൂഹ്യ നീതിയും മെറിറ്റും ഉറപ്പുവരുത്താനുള്ള അവസരം എല്‍ഡിഎഫ് സര്‍ക്കാര്‍ ഭംഗിയായി നശിപ്പിച്ചിരിക്കുന്നു.

യുഡിഎഫ് സര്‍ക്കാര്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് തുറന്നുവിട്ട സ്വാശ്രയമെന്ന ഭൂതം കുപ്പിയിലടക്കാന്‍ കഴിയാത്ത വിധം കേരളത്തെ പിടികൂടിയിരിക്കുന്നു. സ്വാശ്രയ പ്രവേശനവുമായി ബന്ധപ്പെട്ട കേസുകളില്‍ സര്‍ക്കാരിന്റെ വിജയകരമായ തോല്‍വികളുടെ കഥ തുടരുകയാണ്. ഈ തോല്‍വികള്‍ക്ക് യുഡിഎഫ് – എല്‍ഡിഎഫ് ഭേദമില്ല. സ്വാശ്രയ കേസില്‍ സര്‍ക്കാരിന് സുപ്രീംകോടതിയില്‍ നിന്ന് വീണ്ടും തല്ല് കിട്ടി. എല്ലാ സ്വാശ്രയ മെഡിക്കല്‍ സീറ്റുകളിലും ഫീസ് 11 ലക്ഷം രൂപ എന്നാണ് മാനേജ്‌മെന്റുകളുടെ ഹര്‍ജിയില്‍ സുപ്രീംകോടതി ഉത്തരവ്. സ്വാശ്രയ പ്രവേശനം കുളമാക്കിയ സര്‍ക്കാരിനെതിരെ മുദ്രാവാക്യങ്ങള്‍ മുഴങ്ങേണ്ട തെരുവുകള്‍ നിശബ്ദമാണ്. പതിവ് പോലെ കോടതികളെ പഴി ചാരി സര്‍ക്കാര്‍ ഇത്തവണയും കൈമലര്‍ത്തി. 11 ലക്ഷം കൊടുക്കാനുള്ളവര്‍ മാത്രം പഠിച്ച് ഡോക്ടറായാല്‍ മതിയെന്ന് കോടതി വിധിയെഴുതുകയും ചെയ്തു.

സ്വാശ്രയ മാനേജ്‌മെന്റുകളുമായി സര്‍ക്കാര്‍ ഒത്തുകളിക്കുന്നു എന്ന ആരോപണം ശരിവയ്ക്കുന്നതാണ് സര്‍ക്കാരിന്റെ ഈ അലംഭാവവും അതിനെ തുടര്‍ന്നുണ്ടാകുന്ന കോടതികളിലെ ഈ തോല്‍വികളും എന്ന വിലയിരുത്തലുകളുണ്ട്. സുപ്രീംകോടതിയില്‍ കേസ് റിപ്പോര്‍ട്ട് ചെയ്ത ബി ബാലഗോപാല്‍ (റിപ്പോര്‍ട്ടര്‍ ടിവി) ഇത് സംബന്ധിച്ച് പറയുന്നത് ഇങ്ങനെയാണ് – “സ്വാശ്രയ മാനേജ്‌മെന്റുകളും സര്‍ക്കാരുകളും തമ്മില്‍ ദീര്‍ഘകാലമായി നടക്കുന്ന ഒത്തു കളിയാണ് സ്വാശ്രയ ഫീസ് വിഷയം എന്ന് സുപ്രീം കോടതിയിലെ ഇന്നത്തെ നടപടികള്‍ കണ്ട ആര്‍ക്കും മനസിലാകും. ഈ അധ്യയന വര്‍ഷത്തിലെ താല്‍കാലിക ഫീസ് നിശ്ചയിക്കുന്നതിന് കഴിഞ്ഞ അധ്യയന വര്‍ഷം ഫീസ് നിര്‍ണ്ണയ സമിതി നിശ്ചയിച്ച അന്തിമ ഫീസ് എത്രയാണ് എന്ന് കോടതി ആരാഞ്ഞു. വ്യക്തമായ ഉത്തരം സംസ്ഥാന സര്‍ക്കാരിന് നല്‍കാന്‍ ആയില്ല. മാനേജ്‌മെന്റുകള്‍ കോടതിയെ അറിയിച്ചതാകട്ടെ 10 ലക്ഷം എന്നും.”

മാനേജ്‌മെന്റുകള്‍ക്ക് വേണ്ടി ഹാജരായ ദുഷ്യന്ത് ദവേയുടെ വാദം കൂടി വായിക്കേണ്ടതാണ്. ‘Last 10 years only provisional fees was fixed in Kerala. Kindly show atleast one order to show that the final fees was fixed in these years’. പത്ത് വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും അന്തിമ ഫീസ് നിര്‍ണയിച്ചിട്ടില്ല എങ്കില്‍ അതില്‍ വലിയ ദുരൂഹത ഉണ്ട്. കോടതിയില്‍ സര്‍ക്കാര്‍ എട്ട് നിലയില്‍ ഇന്ന് പൊട്ടി. 11 ലക്ഷം കൊടുത്തും വിദ്യാര്‍ത്ഥികള്‍ അഡ്മിഷന്‍ നേടും. താത്കാലിക ഫീസ് ഫീസായി തന്നെ തുടരാന്‍ ആണ് സാധ്യത. അടുത്ത വര്‍ഷവും ഈ സമയം ആകുമ്പോള്‍ ഇതേ നാടകവും വീണ്ടും അരങ്ങേറും. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഇത് പോലെ തന്നെ കണ്ണുരുട്ടും. മാനേജ്‌മെന്റുകള്‍ കോടതിയില്‍ എത്തി അനുകൂല ഉത്തരവ് നേടും. പാവം വിദ്യാര്‍ത്ഥികളും, രക്ഷകര്‍ത്താക്കളും. ആര് വന്നാലും ആര് പോയാലും മാനേജ്‌മെന്റുകള്‍ക്ക് മാത്രമേ എല്ലാം ശരി ആകൂ.”

സ്വാശ്രയ ഫീസ് കോടതി നിശ്ചയിക്കുമ്പോള്‍ സര്‍ക്കാരിന് എന്ത് ചെയ്യാന്‍? കോടതിയല്ലേ ഇപ്പോള്‍ പതിനൊന്നു ലക്ഷം നിശ്ചയിച്ചത്? അതിന് സര്‍ക്കാരിന് എന്ത് ചെയ്യാന്‍ പറ്റും? എന്നൊക്കെ ചോദിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളുണ്ട്. ഈ 11 ലക്ഷം ഫീസ് എങ്ങിനെ ആയി എന്ന് നോക്കണമല്ലോ. മാധ്യമപ്രവര്‍ത്തകന്‍ കെ.ജെ ജേക്കബ് ഇതേക്കുറിച്ച് പറയുന്നത് നോക്കാം – സുപ്രീം കോടതി വിധിയനുസരിച്ച് ഫീസ് നിശ്ചയിക്കാനുള്ള അധികാരം ഒരു സര്‍ക്കാര്‍ സമിതിക്കാണ്. ഒരു റിട്ടയേര്‍ഡ് ജഡ്ജി തലവനായ സമിതിയില്‍ ബാക്കി അംഗങ്ങളെ നിയമിക്കുന്നത് സര്‍ക്കാരാണ്. ആരോഗ്യവകുപ്പ് സെക്രട്ടറിയും പരീക്ഷ കമ്മീഷണറും ഒക്കെ സമിതിയില്‍ അംഗങ്ങളാണ്. ആ സമിതി കോളേജുകളുടെ വരവ് ചെലവ് കണക്കുകള്‍ കോളേജുകളില്‍ നിന്ന് വാങ്ങി കണക്കുകൂട്ടി ഫീസ് നിശ്ചയിക്കണം. (അതിന് സഹായിക്കാന്‍ ഒരു ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് സമിതിയില്‍ ഉണ്ട്)

കഴിഞ്ഞ വര്‍ഷം അധികാരത്തില്‍ വന്ന സര്‍ക്കാര്‍ കോടതി വിധിയ്ക്ക് പകരമായി ഒരു ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത് ഈ ഈ വര്‍ഷം ഏപ്രിലിലാണ്. ഒരു വര്‍ഷം ഒന്നും ചെയ്തില്ല എന്നര്‍ഥം. ഏപ്രിലില്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് നിയമമാക്കിയില്ല. പിന്നെ ജൂണില്‍ ഓര്‍ഡിനന്‍സ് ഒരിക്കല്‍ കൂടി കൊണ്ടുവന്നു. അത് തെറ്റാണ് എന്ന് കണ്ടപ്പോള്‍ പിന്നീട് ഒരു ഓര്‍ഡിനന്‍സും കൂടി കൊണ്ടുവന്നു. പക്ഷെ ആ സമിതി എങ്ങിനെയാണ് ഫീസ് കണക്കാക്കിയത്? നിയമത്തില്‍ പറഞ്ഞതുപോലെ വരവ്, ചെലവ് കണക്കാക്കി ആയിരുന്നില്ല അത്. കഴിഞ്ഞ വര്‍ഷം കോളേജുകള്‍ പിരിച്ച ഫീസ് കണക്കാക്കി. കഴിഞ്ഞ വര്‍ഷം വരവ് ചെലവ് കണക്കാക്കിയല്ല ഫീസ് നിശ്ചയിച്ചത്.

ഇന്നലെ സ്വാശ്രയ കോളേജുകളുടെ അഭിഭാഷകന്‍ അക്കാര്യം പ്രത്യേകം പറഞ്ഞു: കേരളത്തില്‍ ഫീസ് നിശ്ചയിക്കാറില്ല. താത്കാലിക ഫീസ് മാത്രമേയുള്ളൂ. കഴിഞ്ഞ പത്തുവര്‍ഷത്തില്‍ ഒരിക്കല്‍ പോലും ചെലവ് കണക്കാക്കി കൃത്യമായ ഫീസ് നിശ്ചയിച്ചിട്ടില്ല എന്ന് സ്വാശ്രയ കോളേജ് വക്കീല്‍ പറഞ്ഞപ്പോള്‍ കേട്ടുകൊണ്ടിരിക്കാനേ സര്‍ക്കാര്‍ വക്കീലിന് പറ്റിയുള്ളൂ. മാനേജ്‌മെന്റുകളുടെ അഭിഭാഷകന്‍ പറഞ്ഞത് സത്യമാണ് എന്നത് തന്നെ കാരണം. സുപ്രീംകോടതി കഴിഞ്ഞ വര്‍ഷത്തെ ഫീസ് ഒരു ലക്ഷം കൂട്ടി 11 ലക്ഷമാക്കി. ഞങ്ങള്‍ കണക്കുനോക്കിയാണ്, നിയമപ്രകാരമാണ് ഫീസ് നിശ്ചയിച്ചത് എന്ന് പറയാന്‍ സര്‍ക്കാര്‍ അഭിഭാഷകന് പറ്റിയില്ല എന്നതാണ് പ്രശ്‌നം. ഫീസ് അന്തിമമായി നിശ്ചയിക്കുന്നത് സര്‍ക്കാര്‍ രൂപീകരിച്ച സമിതിയാണ്. അവര്‍ അത് ചെയ്യാതിരുന്നതുകൊണ്ടാണ് കോടതി അത് ചെയ്തത്. സര്‍ക്കാരും ആരോഗ്യ മന്ത്രിയും ഫീസ് നിര്‍ണയ സമിതിയും അവരുടെ ജോലി ചെയ്യാതിരുന്നതുകൊണ്ടാണ് ഈ ഫീസ് വന്നത്. ഇക്കാര്യത്തില്‍ കോടതിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.”

സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ എന്‍ആര്‍ഐ ഒഴികെ സീറ്റുകളില്‍ അഞ്ചര ലക്ഷം രൂപ ഫീസ് നിശ്ചയിച്ച ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റിയുടെ ഉത്തരവ് ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി വന്നിരുന്നു. കമ്മിറ്റി രൂപീകരണം നിയമപ്രകാരം വിജ്ഞാപനം ചെയ്യാത്ത സാഹചര്യത്തില്‍ കമ്മിറ്റിക്ക് നിലനില്‍പില്ലെന്നുകൂടി ആരോപിച്ചാണ് കോഴിക്കോട് കെഎംസിടി മെഡിക്കല്‍ കോളേജ് ട്രസ്റ്റ് കോടതിയിലെത്തിയത്. ഇത്തരത്തിലൊരു ഹര്‍ജി നല്‍കാന്‍ കെഎംസിടി മെഡിക്കല്‍ കോളേജിന് സഹായകമായത് ആരുടെ നിലപാടും അലംഭാവവുമാണ്?

സുപ്രീം കോടതി, ഹൈക്കോടതി ഇടപെടലുകളെ തുടർന്ന് സർക്കാർ വിജ്ഞാപനമിറക്കി. സുപ്രീം കോടതി ഉത്തരവ് നേടിയ കെഎംസിടി, ശ്രീനാരായണ മെഡിക്കൽ കോളജുകളിലെ 85 ശതമാനം സീറ്റിൽ 11 ലക്ഷവും എൻആർഐ സീറ്റിൽ 20 ലക്ഷവുമായിരുന്നു ഫീസ്. സർക്കാരുമായി കരാർ ഒപ്പുവച്ച എംഇഎസിലും കാരക്കോണത്തും 50 ശതമാനം സീറ്റിൽ രണ്ടര ലക്ഷവും 35 ശതമാനത്തിൽ 11 ലക്ഷവും ഫീസ് നിശ്ചയിച്ചു. എൻആർഐ സീറ്റിൽ 15 ലക്ഷം. മറ്റു സ്വാശ്രയ മെഡിക്കൽ കോളജുകളിലെ 85 ശതമാനം സീറ്റിൽ അഞ്ച് ലക്ഷവും എൻആർഐ സീറ്റിൽ 20 ലക്ഷവും. പരിയാരത്ത് 50 ശതമാനം സർക്കാർ സീറ്റിൽ 2.5 ലക്ഷവും 35 ശതമാനം മാനേജ്മെന്റ് സീറ്റിൽ 10 ലക്ഷവുമാണു നൽകേണ്ടത്. എൻആർഐ സീറ്റിൽ 14 ലക്ഷം. ഇതെല്ലാം ഒടുവിലത്തെ സുപ്രീം കോടതി വിധിയോടെ അസാധുവായി.

കമ്മിറ്റി രൂപീകരണം ഫലപ്രദമായ ഓര്‍ഡിനന്‍സിന് കീഴിലല്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. കമ്മിറ്റി രൂപീകരണത്തിന് ആധാരമായ ഓര്‍ഡിനന്‍സ് എന്ന് പ്രാബല്യത്തില്‍ വരുമെന്ന് വ്യക്തമാക്കുകയോ ഫീസ് നിയന്ത്രണ കമ്മിറ്റിയുടെ രൂപീകരണം ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തുകയോ ചെയ്യാത്ത സാഹചര്യത്തില്‍ ഓര്‍ഡിനന്‍സ് പ്രകാരമുള്ള നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നാണ് കെഎംസിടി ആവശ്യപ്പെട്ടത്. താത്ക്കാലിക ഫീസ് നിശ്ചയിച്ച് കമ്മിറ്റി വെബ്‌സൈറ്റില്‍ ഏകപക്ഷീയമായി ഉത്തരവിറക്കുകയായിരുന്നെന്ന് ഹര്‍ജിക്കാര്‍ പരാതിപ്പെട്ടു. താത്ക്കാലിക ഫീസ് നിശ്ചയിക്കാന്‍ കമ്മിറ്റിയെ അധികാരപ്പെടുത്തുന്ന വ്യവസ്ഥകളൊന്നും ഓര്‍ഡിനന്‍സിലില്ല.

മുഴുവന്‍ സീറ്റിലേയ്ക്കും സംസ്ഥാന സര്‍ക്കാര്‍ തന്നെ അലോട്‌മെന്റ് നടത്തണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം ഹൈക്കോടതി തള്ളിയെന്നും ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചാല്‍ ഹൈക്കോടതി വിധി ശരിവയ്ക്കാനാണ് സാധ്യത എന്ന നിയമോപദേശം ലഭിച്ചതായുമാണ് ആരോഗ്യമന്ത്രി കെകെ ശൈലജ 2017 ഓഗസ്റ്റ് മൂന്നിന് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നത്. ഇതുകൊണ്ടാണ് മാനേജ്മെന്റുകളുമായി ചര്‍ച്ച നടത്തിയത്. എന്നാല്‍ ഈ ചര്‍ച്ചകള്‍ വിഫലമായി. മെഡിക്കൽ പ്രവേശനത്തിന് കേന്ദ്ര നിയമവും മെഡിക്കൽ കൗൺസിലിന്റെ ചട്ടങ്ങളും സുപ്രീം കോടതിയുടെ മാർഗ നിർദേശങ്ങളും ഉണ്ടായിരിക്കെ, പ്രത്യേകം ഓർഡിനൻസ് കൊണ്ടുവരുകയാണ് സര്‍ക്കാര്‍ ചെയ്തത്. കമ്മിറ്റി ഫീസ് നിശ്ചയിക്കുമെന്നു പറയുമ്പോൾത്തന്നെ കരാറിലൂടെ ഫീസ് നിശ്ചയിക്കാമെന്ന വ്യവസ്ഥ കൂടി ഇതിൽ ഉൾപ്പെടുത്തി. പരസ്പര വിരുദ്ധമായ വ്യവസ്ഥ എഴുതിച്ചേർത്ത് ആശങ്കയുണ്ടാക്കി. മാനേജ്‌മെന്റുകള്‍ക്ക് പിന്നെയും സമയം നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തത്.

അതായത്, തലവരിപ്പണം ഒഴിവാക്കാനും മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്താനും കേന്ദ്രസര്‍ക്കാരും സുപ്രീം കോടതിയും കൊണ്ടുവന്ന നിയമത്തിന്റെ ആനുകൂല്യത്തില്‍ ഈ മേഖലയില്‍ സാമൂഹ്യ നീതിയും മെറിറ്റും ഉറപ്പുവരുത്താനുള്ള അവസരം എല്‍ഡിഎഫ് സര്‍ക്കാര്‍ ഭംഗിയായി നശിപ്പിച്ചിരിക്കുന്നു.

സ്വാശ്രയ കോളേജുകള്‍ എന്തിന് എന്ന ചോദ്യത്തില്‍ നിന്നും സ്വാശ്രയ കോളേജുകളുടെ കാര്യത്തില്‍ സര്‍ക്കാരിനെ എങ്ങനെ കുറ്റം പറയും എന്ന ചോദ്യത്തിലേയ്ക്കുള്ള കേരളത്തിന്റെ സാമൂഹ്യ – രാഷ്ട്രീയ പരിണാമം വലിയൊരു ദുരന്തം തന്നെയാണ്. മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് മാത്രമല്ല. സ്വാശ്രയ കോളേജുകള്‍ക്ക് ഇപ്പോള്‍ മൂക്കുകയറിടും എന്ന മട്ടില്‍ കേരളത്തില്‍ നിരവധി കമ്മിറ്റികളെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. മുഹമ്മദ് കമ്മിറ്റിയും ജയിംസ് കമ്മിറ്റിയുമെല്ലാം ഇത്തരത്തില്‍ വന്നവയാണ്. സ്വാശ്രയകോളേജുകള്‍ക്കെതിരെ ശക്തമായ നിലപാടാണ് ജയിംസ് കമ്മിറ്റി സ്വീകരിച്ചത്. തോന്നിയപോലെ യോഗ്യത നോക്കാതെ പ്രവേശനം നടത്തിയ മാനേജ്‌മെന്റുകളോട് ജയിംസ് കമ്മിറ്റി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ചില കോളേജുകളിലെ പ്രവേശനം ജയിംസ് കമ്മിറ്റി റദ്ദാക്കി. പക്ഷെ കമ്മിറ്റികള്‍ വരുകയും പോവുകയും മാനേജ്മെന്റുകള്‍ ഓരോ വര്‍ഷവും തോന്നിയ പോലെ ഫീസ്‌ വര്‍ദ്ധനയുമായി മുന്നോട്ട് പോവുകയും ചെയ്തു.

എംഎ ബേബിക്ക് ‘രണ്ടാം മുണ്ടശേരി’ എന്ന പേര് ചാര്‍ത്തി നല്‍കിയ, കൊട്ടിഘോഷിച്ച സ്വാശ്രയ നിയമം 2007-ലാണ് വരുന്നത്. ഈ നിയമത്തിന്റെ പ്രധാനപ്പെട്ട എല്ലാ വകുപ്പുകളും റദ്ദാക്കി സുപ്രീം കോടതി അത് പൊളിച്ചടുക്കി കയ്യില്‍ കൊടുത്തു. സ്വാശ്രയ കോളേജിലെ ഫീസിലോ പ്രവേശനത്തിലോ, സ്വാശ്രയ നിയമം കൊണ്ടു വന്ന എല്ലാ നിയന്ത്രണങ്ങളും കോടതി അന്ന് തടഞ്ഞു. സാമൂഹ്യ നീതി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന എല്ലാ സംവരണങ്ങളും കോടതി തടഞ്ഞു. (50 ശതമാനം സര്‍ക്കാര്‍ ക്വോട്ട വരെ ഇല്ലാതായി). അതായത് സ്വാശ്രയ കോളേജുകള്‍ കേരളത്തില്‍ യാഥാര്‍ത്ഥ്യമാക്കിയ എകെ ആന്റണിയുടെ 50 – 50 ഫോര്‍മുലയും കശക്കിയെറിഞ്ഞു. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവകാശത്തിന്റെ പേരിലാണ് ആ നിയമം ഭരണഘടനാവിരുദ്ധമായി കോടതി വിലയിരുത്തിയത്. നിയമം അസാധുവാകുകയും മാനേജ്മെന്റുകള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം കിട്ടുകയും ചെയ്തു എന്നതാണ് ഈ വിധികൊണ്ടുണ്ടായത്. ഇതിന്റെ തുടര്‍ച്ചയായ വിധികളാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്.

ഈ വിധി സര്‍ക്കാരിന് തിരിച്ചടിയാണ് എന്ന് പറയുന്നത് ശരിയാണോ അതോ ജനങ്ങള്‍ക്കാണോ തിരിച്ചടിയെന്ന് ആലോചിക്കണമെന്ന് വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കുന്ന പൊതുപ്രവര്‍ത്തകനും എസ്.യു.സി.ഐ നേതാവുമായ ഷാജര്‍ഖാന്‍ പറയുന്നു: ഇത് സര്‍ക്കാരും മാനേജ്‌മെന്റുകളും തമ്മിലുള്ള യുദ്ധമാണ് എന്ന പ്രതീതി ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ഈ വര്‍ഷത്തെ പ്രവേശന നടപടികളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും സമീപനങ്ങളും നോക്കിയാല്‍ തന്നെ ഇത് മനസിലാകും. ഇപ്പൊ 10 ലക്ഷം രൂപ ഫീസ് എന്ന് മാനേജ്‌മെന്റുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ ധാരണയുണ്ടാക്കിയാല്‍ അത് സര്‍ക്കാരിന് എതിരായി വരും. അതൊഴിവാക്കാന്‍ വേണ്ടി ആദ്യം രാജേന്ദ്രബാബു കമ്മീഷനെ കൊണ്ട് അഞ്ചര ലക്ഷം രൂപ ഫീസ് എന്ന് നിശ്ചയിക്കുന്നു. പിന്നീട് പരീക്ഷാ കമ്മീഷണറെക്കൊണ്ട് 44 ലക്ഷം രൂപ ബാങ്ക് ഗാരണ്ടി, 11 ലക്ഷം രൂപയുടെ നിക്ഷേപം എന്ന വ്യവസ്ഥ കൊണ്ടുവരുന്നു; സര്‍ക്കാരുകളുമായി കരാറിലെത്തിയ കോളേജുകളുടെ കാര്യത്തില്‍. ഇത് സ്വാഭാവികമായും രക്ഷിതാക്കള്‍ ചോദ്യം ചെയ്തു. ഹൈക്കോടതി ഈ രണ്ട് വ്യവസ്ഥകളും തള്ളിക്കളയുകയും ബോണ്ടാക്കി മാറ്റുകയും ചെയ്തു. ബാങ്ക് ഗാരണ്ടി വേണമെന്ന ആവശ്യം മാനേജ്‌മെന്റ് ഉന്നയിച്ചു. കഴിഞ്ഞ വര്‍ഷത്തെ ഫീസ് ചൂണ്ടിക്കാട്ടിയുള്ള മാനേജ്‌മെന്റുകളുടെ ആവശ്യം സുപ്രീംകോടതി അംഗീകരിക്കുകയാണുണ്ടായത്.

അലോട്ട്‌മെന്റ് നീട്ടിവയ്ക്കുക, സമയത്ത് പ്രവേശനം നടത്താതിരിക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം സര്‍ക്കാര്‍ ചെയ്യുന്നു. എന്തുകൊണ്ട് ഇടക്കാല ഫീസ് വരുന്നു എന്ന് ആലോചിക്കേണ്ടതല്ലേ. നീറ്റ് പട്ടികയുടെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നതാണ്. രാജേന്ദ്ര ബാബു കമ്മിറ്റി നിശ്ചയിച്ച ഫീസ് ഘടന ഹൈക്കോടതി അംഗീകരിച്ചതാണ്. എന്നാല്‍ സര്‍ക്കാര്‍ കോളേജുകളില്‍ മാത്രം പ്രവേശനം നടത്തി സ്വാശ്രയ കോളേജുകള്‍ക്ക് മന:പൂര്‍വം സമയം അനുവദിച്ചു. മാനേജ്‌മെന്റുകളുടെ ആവശ്യം ഹൈക്കോടതി തള്ളി. രണ്ട് കോളേജുകള്‍ സുപ്രീം കോടതിയില്‍ പോയി അനുകൂല വിധി സമ്പാദിച്ചു; ഇടക്കാല വിധി. പിന്നെ എല്ലാ കോളേജുകളും സുപ്രീം കോടതിയില്‍ നിന്ന് 11 ലക്ഷം രൂപയ്ക്ക് അനുമതി നേടി. 31നകം അലോട്‌മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കാനാവില്ല. അതാണ് സംഭവിക്കാന്‍ പോകുന്നത്. കാരണം ഭൂരിപക്ഷം വിദ്യാര്‍ത്ഥികള്‍ക്കും ഇത്രയും സമയത്തിനുള്ളില്‍ അഞ്ച് ലക്ഷം രൂപ തന്നെ അസാധ്യമായിരിക്കും. കൂടെ ആറ് ലക്ഷത്തിന്റെ ബാങ്ക് ഗാരണ്ടിയുമുണ്ട്. 11 ലക്ഷം സംഘടിപ്പിക്കാന്‍ കഴിയാത്തവര്‍ക്ക് പ്രവേശനം സാധ്യമല്ല.

സര്‍ക്കാര്‍ കൊണ്ടുവന്ന ഓഡിനന്‍സുകള്‍ തന്നെ വലിയ അബദ്ധങ്ങളായിരുന്നു. രാജേന്ദ്ര ബാബു കമ്മിറ്റിയുടെ നിയമനം തന്നെ നോക്കാം. അത്രയും അശ്രദ്ധയോടെയാണ് ഇത് രൂപീകരിച്ചിരിക്കുന്നത്. അംഗങ്ങളുടെ എണ്ണത്തിന്റെ കാര്യത്തിലായാലും ഗസറ്റ് നോട്ടിഫിക്കേഷന്റെ കാര്യത്തിലായാലും. വെറുമൊരു എക്‌സിക്യൂട്ടീവ് ഓഡര്‍ മാത്രമാണത്. സ്വാഭാവികമായും ഇത് മാനേജ്‌മെന്റുകള്‍ ചോദ്യം ചെയ്തു. ഇത്തരത്തിലൊരു കമ്മിറ്റി നിശ്ചയിക്കുന്ന ഫീസിന് സാധുതയില്ലെന്ന് അവര്‍ കോടതിയില്‍ വാദിച്ചു. ആദ്യം 10 അംഗ കമ്മീഷന്‍ വേണ്ടിടത്ത് അഞ്ചംഗങ്ങളുള്ള കമ്മീഷനെ നിയോഗിച്ചു. പിന്നെ 10 അംഗ കമ്മിറ്റി വരുന്നു. ഓഡിനന്‍സ് വരുന്നു.

ഇപ്പോഴത്തെ സാഹചര്യത്തില്‍ സുപ്രീംകോടതിയില്‍ പുന:പരിശോധനയ്ക്ക് പോവുന്നതിനേക്കാള്‍ പുതിയ നിയമം കൊണ്ടുവരുന്നതിനായിരിക്കും സാധ്യത. എന്നാല്‍ ഇതും കോടതിയില്‍ മാനേജ്‌മെന്റുകള്‍ക്ക് ചോദ്യം ചെയ്യാം.

സ്വാശ്രയ സമ്പ്രദായം മാത്രമേയുള്ളൂ, ഗവണ്‍മെന്റിന് ഇക്കാര്യത്തില്‍ ഇടപെടാനാവില്ല എന്ന സമീപനം മാറ്റണം. ഇത്തരം സ്ഥാപനങ്ങള്‍ക്ക് ഒരുപാട് പ്രശ്‌നങ്ങളുണ്ട്. വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, ഇന്‍ഫ്രാസ്ട്രക്ചര്‍, ജീവനക്കാരുടെ ശമ്പളം ഇങ്ങനെ പല പ്രശ്‌നങ്ങളുണ്ട്. ചട്ടങ്ങള്‍ പാലിക്കുന്നില്ല. ഇത്തരം കോളേജുകളുടെ അംഗീകാരം റദ്ദാക്കാം. എന്‍ഒസി കൊടുക്കണം എന്ന് ഒരു കോടതിക്കും പറയാന്‍ കഴിയില്ല. സ്വാശ്രയ പ്രശ്‌നം എന്ന് പറയുന്നത് ഫീസിന്റെ പ്രശ്‌നം മാത്രമല്ലല്ലോ. സ്വാശ്രയ കച്ചവടത്തിന് അംഗീകാരം നല്‍കാതിരിക്കുകയാണ് വേണ്ടത്.

സുജയ് രാധാകൃഷ്ണന്‍

സുജയ് രാധാകൃഷ്ണന്‍

സബ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍