ബാങ്ക് അധികൃതര്‍ക്കെതിരേ കേസ് എടുക്കുന്ന കാര്യത്തില്‍ പൊലീസ് ഇന്നു തീരുമാനമെടുക്കും
കാനറ ബാങ്കിനെതിരേ ഗുരുതര ആരോപണവുമായി നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത 19 കാരി വൈഷ്ണവിയുടെ പിതാവ് ചന്ദ്രന്‍. തന്റെ മകള്‍ മരിച്ചതിനു പിന്നാലെയും പണം ആവശ്യപ്പെട്ട് ബാങ്കില്‍ നിന്നും വിളിച്ചിരുന്നുവെന്നാണ് ചന്ദ്രന്‍ മനോരമ ന്യൂസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. ചൊവ്വാഴ്ച്ച വൈകിട്ട് അഞ്ചു മണി വരെ ബാങ്കിന്റെ അഭിഭാഷകന്‍ വിളിച്ച് പണം എപ്പോള്‍ തരുമെന്നു ചോദിച്ചിരുന്നുവെന്നും ഫോണ്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും ചന്ദ്രന്‍ മനോരമ ന്യൂസിനോടു പറഞ്ഞു.
വീട് ജപ്തി ചെയ്യുമെന്ന മനോവിഷമത്തിലാണ് വൈഷ്ണവിയും അമ്മ ലേഖയും മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. വൈഷ്ണവി ആദ്യം മരിച്ചു. 90 ശതമാനത്തോളം പൊള്ളലേറ്റ ലേഖ ആശുപത്രിയില്‍വച്ചാണ് മരണപ്പെടുന്നത്. വൈഷ്ണവിയുടെയും ലേഖയുടെയും മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിനു ശേഷം ഇന്നു ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാങ്ക് അധികൃതരെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്യണമോ എന്ന കാര്യത്തില്‍ പോലീസ് ഇന്നു തീരുമാനം എടുക്കും. ബാങ്കിന്റെ ഭാഗത്തു നിന്നും സമ്മര്‍ദ്ദം ഉണ്ടായിട്ടുണ്ടോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഇതിന്റെ ഭാഗമായി ചന്ദ്രന്റെ മൊബൈല്‍ ഫോണ്‍ പരിശോധിക്കും. കൂടാതെ ചന്ദ്രന്റെയും മാതാവ് കൃഷ്ണമ്മയുടെയും മൊഴികളും പൊലീസ് എടുക്കും. ചന്ദ്രനെ പല തവണ ബാങ്കില്‍ നിന്നും വിളിച്ച് പണം അടയ്ക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് പരാതിയുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് പോലീസ് ശ്രമിക്കുന്നത്.
അതേസമയം തങ്ങള്‍ ഒരു തരത്തിലുമുള്ള സമ്മര്‍ദ്ദവും ചെലുത്തിയിട്ടില്ലെന്നാണ് കാനറ ബാങ്ക് അധികൃതര്‍ പറയുന്നത്. തങ്ങള്‍ സ്വീകരിച്ച നടപടി കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷന്റെ നിര്‍ദേശപ്രകാരം മാത്രം ഉള്ളതായിരുന്നുവെന്നും ബാങ്ക് സമര്‍ത്ഥിക്കുന്നുണ്ട്. ഇക്കാര്യങ്ങളിലും പോലീസിന് വ്യക്തത വരുത്തേണ്ടതുണ്ട്.
ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് നെയ്യാറ്റിന്‍കര മാരായമുട്ടത്തെ വീട്ടില്‍ വച്ച് വൈഷ്ണവിയും ലേഖയും ആത്മഹത്യ ചെയ്യുന്നത്. ബാങ്കില്‍ നിന്നും എടുത്ത വായ്പ്പ തിരിച്ചടക്കാത്തതിന്റെ പേരില്‍ വീടും പറമ്പും ജപ്തി ചെയ്യുന്നതിന്റെ മനോവിഷമത്തിലായിരുന്നു ആത്മഹത്യ. 15 വര്‍ഷം മുമ്പാണ് അഞ്ചുലക്ഷം രൂപ ചന്ദ്രന്‍ വായ്പയെടുത്തത്. ഗള്‍ഫില്‍ ഉണ്ടായിരുന്ന ജോലി ചന്ദ്രന് നഷ്ടപ്പെട്ടതോടെയാണ് വായ്പ അടവ് മുടങ്ങിയത്. എട്ടുലക്ഷത്തോളം രൂപ ഇവര്‍ തിരിച്ചടച്ചതായും പറയുന്നു. പിന്നെയും 6.80 ലക്ഷം രൂപ കുടിശ്ശിക ഉണ്ടായി. ഇത് മേയ് 14 ന് മുമ്പായി അടയ്ക്കണമെന്ന് ബാങ്ക് കര്‍ശന നിര്‍ദേശനം നല്‍കിയിരുന്നു. ബാങ്ക് സവകാശം കൊടുക്കാന്‍ തയ്യാറാകാതിരുന്നതോടെ പണം കണ്ടെത്താന്‍ ഒരു വഴിയുമില്ലാതെ വന്നു. ഇതോടെ വീട് നഷ്ടമാകുമെന്ന ആശങ്കയിലായി ചന്ദ്രനും ലേഖയും വൈഷ്ണവിയും. മേയ് 14 ന് ഉച്ചയ്ക്ക് മുമ്പ് പണം അടയ്‌ക്കേണ്ടതായിരുന്നു. അതിനും സാധിക്കാതെ വന്നതോടെ ജപ്തി നടപടികള്‍ക്ക് തങ്ങള്‍ എത്തുകയാണെന്നു ബാങ്ക് അധികൃതര്‍ അറിയിച്ചു. ഇതിനു പിന്നാലെയായിരുന്നു ലേഖയുടെയും വൈഷ്ണവിയുടെയും ആത്മഹത്യ.