UPDATES

ട്രെന്‍ഡിങ്ങ്

അമ്മയുടെ സുഹൃത്തിന്റെ ക്രൂര മര്‍ദ്ദനത്തിനിരയായ ഏഴുവയസുകാരന് മസ്തിഷ്‌ക മരണം സംഭവിച്ചു

കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും വിദഗ്ദ്ധസംഘം എത്തിയതിനുശേഷമേ തുടര്‍ന്ന് നടപടികള്‍ സ്വീകരിക്കുകയുള്ളു

തൊടുപുഴയില്‍ ക്രൂര മര്‍ദ്ദനം ഏല്‍ക്കേണ്ടി ഏഴു വയസുകാരന് മസ്തിഷ്‌ക മരണം സംഭവിച്ചു. ആശുപത്രിയധികൃതര്‍ ഈ വിവരം ഔദ്യോഗികമായി പുറത്തു വിട്ടു. കുട്ടിയെ പക്ഷേ ഇപ്പോഴും വെന്റിലേറ്ററില്‍ നിലനിര്‍ത്തിയിരിക്കുകയാണ്. പള്‍സ് നിലനില്‍ക്കുന്നത് വെന്റിലേറ്ററിന്റെയും മരുന്നുകളുടെയും സഹായത്തോടെയാണ്. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും വിദഗ്ദ്ധസംഘം എത്തിയതിനുശേഷമേ തുടര്‍ന്ന് നടപടികള്‍ സ്വീകരിക്കുകയുള്ളു. വെന്റിലേറ്ററില്‍ നിന്നും മാറ്റന്നതടക്കമുള്ള കാര്യങ്ങള്‍ ഈ സംഘം വന്നതിനുശേഷമായിരിക്കും തീരുമാനിക്കുക. കുട്ടിയുടെ ചികിത്സയും സംരക്ഷണവും സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ളതിനാണ് ഇത്തരം നടപടിക്രമങ്ങള്‍ വേണ്ടി വരുന്നത്.

കഴിഞ്ഞ ദിവസം തലയില്‍ ശസ്ത്രക്രിയ നടത്തിയതിനുശേഷവും കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗിയൊന്നും കണ്ടിരുന്നില്ല. ആന്തരികരക്തസ്രാവവും നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. വരും മണിക്കൂറുകള്‍ ഏറെ നിര്‍ണായകമാണെന്ന് ഇന്നലെയും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ഇന്നു രാവിലെ പതിനൊന്നരയോടെയാണ് കുട്ടി മസ്തികഷ്‌ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്.

കുട്ടിയെ ആശുപത്രിയില്‍ എത്തുക്കുമ്പോള്‍ തന്നെ തീര്‍ത്തും ഗുരുതരമായ അവസ്ഥയിലായിരുന്നുവെന്നാണ് കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ പറയുന്നത്. കുട്ടിയുടെ ശരീരം ചികിത്സയോട് പ്രതികരിക്കുന്നില്ലായിരുന്നുവെന്നും ജീവന്‍ നിലനിര്‍ത്തുക എന്നത് ദുര്‍ഘടമായിരുന്നുവെന്നും എങ്കിലും പരമാവധി ശ്രമിച്ചുനോക്കിയെന്നും ഡോക്ടര്‍മാര്‍ പറയുന്നുണ്ട്.

വ്യാഴാഴ്ച്ച പുലര്‍ച്ചയോടെയായിരുന്നു അരുണ്‍ അരവിന്ദ് എന്ന പ്രതി ഏഴുവയസുള്ള കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുന്നത്. ഈ കുട്ടിയുടെ സഹോദരനെയും മര്‍ദ്ദിച്ചിരുന്നു. കുട്ടികളുടെ അമ്മയുടെ സുഹൃത്താണ് അരുണ്‍. ഇവരുടെ ഭര്‍ത്താവ് മരിച്ചതിനുശേഷമാണ് അരുണ്‍ കൂടെ കൂടുന്നത്. തിരുവനന്തപുരത്തായിരുന്ന ഇവര്‍ ഒരു മാസം മുമ്പാണ് തൊടുപുഴ കുമാരമംഗലത്ത് വാടകയ്ക്ക് താമസിക്കാന്‍ എത്തുന്നത്. അരുണിന്റെ പേരില്‍ ഒരു കൊലപാതക കേസ് ഉണ്ടായിരുന്നതാണ്. എന്നാല്‍ ഈ കേസില്‍ ഇയാള്‍ ശിക്ഷിക്കപ്പെട്ടിരുന്നില്ല. സ്ഥിരമായി മദ്യവും മയക്കു മരുന്നും ഉപയോഗിച്ചിരുന്ന അരുണ്‍ രണ്ടു കുട്ടികളെയും നിരന്തരം ഉപദ്രവിക്കുമായിരുന്നു. സംഭവദിവസം പുറത്തു പോയി അരുണും യുവതിയും ഭക്ഷണം കഴിച്ചു മടങ്ങി വരുമ്പോള്‍ ഇളയ കുട്ടി കട്ടിലില്‍ മൂത്രമൊഴിച്ചിരിക്കുന്നത് കണ്ടു. ഇതിന്റെ പേരില്‍ മൂത്തകുട്ടിയെ ചോദ്യം ചെയ്യുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. കുട്ടിയെ തല്ലുന്നത് തടയാന്‍ താന്‍ ശ്രമിച്ചെന്നും എന്നാല്‍ അരുണ്‍ തന്നെയും തല്ലിയതോടെ ഭയന്നുപോയെന്നുമാണ് കുട്ടിയുടെ അമ്മ പറയുന്നത്. ഏഴുവയസുകാരനെ നിലത്തിട്ടു ചവിട്ടുകയും അടിക്കുകയും രണ്ടു തവണ ഭിത്തിയില്‍ തൂക്കിയടിക്കുകയും ചെയ്തിരുന്നു. അടിയുടെ ആഘാതത്തിലാണ് കുട്ടിയുടെ തലയോട്ടി പൊട്ടിത്തകര്‍ന്നത്. രണ്ടു കണ്ണുകളും പുറത്തേക്ക് തള്ളിപ്പോയി. ശ്വാസകോശത്തിലും ഹൃദയത്തിലും കുട്ടിക്ക് സാരമായി പരിക്കേറ്റിരുന്നു. ഇളയ കുട്ടയേയും ഇയാള്‍ മര്‍ദ്ദിച്ചിരുന്നു.

മര്‍ദ്ദനത്തില്‍ ബോധം പോയതോടെയാണ് കുട്ടിയെ തൊടുപുഴയിലുള്ള ഒരു സ്വകാര്യ ആശുപത്രിയിലേക്ക് ഇവര്‍ കൊണ്ടുപോകുന്നത്. കട്ടിലില്‍ നിന്നും വീണെന്നായിരുന്നു ആശുപത്രിയില്‍ അരുണും യുവതിയും പറഞ്ഞത്. മര്‍ദ്ദനത്തിന്റെ പാടുകള്‍ കുട്ടിയുടെ ശരീരത്തില്‍ കണ്ട് സംശയം തോന്നിയതോടെ ആശുപത്രിയധികൃതര്‍ പൊലീസിനെയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെയും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് സത്യങ്ങള്‍ പുറത്തു വന്നത്. ഇതിനിടയില്‍ സ്വകാര്യ ആശുപത്രിയില്‍ നിന്നും കുട്ടിയെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ മിഷനിലേക്ക് മാറ്റിയിരുന്നു. ഇളയകുട്ടി, ബന്ധുക്കാരിയായ സ്ത്രീ, കുട്ടിയുടെ അമ്മ എന്നിവരില്‍ നിന്നും എടുത്ത മൊഴിയുടെ അടിസ്ഥാനത്തിലാണ് അരുണിനെ അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് തൊടുപുഴ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമെന്നു പൊലീസ് പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍