UPDATES

മൊയ്തീന്‍കുട്ടിമാരെ രക്ഷിക്കാന്‍ ശ്രമിക്കുന്ന പഞ്ചായത്ത് പ്രസിഡന്റുമാരും പോലീസും; റാന്നി പീഡനത്തിന്റെ ഞെട്ടിക്കുന്ന വാര്‍ത്ത

പത്തനംതിട്ട റാന്നിയില്‍ രണ്ട് പെണ്‍കുട്ടികള്‍ നേരിട്ട ലൈംഗിക ചൂഷണവും അതില്‍ നിയമപാലകരും തദ്ദേശഭരണ സംവിധാനവും സ്വീകരിച്ച നിലപാടുകളും എന്തുകൊണ്ട് കേരളം ചര്‍ച്ച ചെയ്യണം?

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതത്വമില്ലാത്ത ഇടമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുന്നു എന്ന ആക്ഷേപം ആഗോള സമൂഹത്തില്‍ നിന്നും കേട്ടുകൊണ്ടിരിക്കുന്ന സാഹചര്യമാണ്. ഉത്തരേന്ത്യയിലും മറ്റും പിഞ്ചു കുട്ടികള്‍ ഉള്‍പ്പെടെ സ്ത്രീകള്‍ക്കെതിരേ നടക്കുന്ന കൂട്ടബലാത്സംഗങ്ങള്‍ക്കും അതിനു വിധേയരാകുന്ന ഇരകളെ അതിക്രൂരമായി കൊല ചെയ്യുന്നതിനെതിരേയും തെരുവിലിറങ്ങിയുള്ള പ്രതിഷേധപ്രകടനങ്ങളും സോഷ്യല്‍ മീഡിയയിലെ ഹാഷ് ടാഗ് പ്രചാരണങ്ങളും കേരളത്തില്‍ ആവേശപൂര്‍വം നടക്കുന്നുണ്ട്. എന്നാല്‍ ഇതേ കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേ നടക്കുന്ന ലൈംഗിക ചൂഷണങ്ങളില്‍ നാം എത്ര കണ്ട് ഇടപെടുന്നുണ്ട്? നിയമസംവിധാനങ്ങളും ഭരണസംവിധാനങ്ങളും എത്രമാത്രം കാര്യക്ഷമമായി ഇത്തരം കേസുകളില്‍ ഇരകള്‍ക്ക് അനുകൂലമായി പ്രവര്‍ത്തിക്കുന്നുണ്ട്? കേസുകള്‍ ഒതുക്കി തീര്‍ക്കാനോ അല്ലെങ്കില്‍ തീര്‍ത്തും ലാഘവത്തോടെ അവയെ സമീപിക്കാനോ ഉള്ള നമ്മുടെ നിയമ-ഭരണസംവിധനങ്ങളുടെ ശ്രമങ്ങളെ പൊതുസമൂഹം എത്രകണ്ട് എതിര്‍ക്കുന്നുണ്ട്? നമുക്ക് നമ്മളോട് തന്നെ ചോദിക്കാന്‍ ഇത്തരം ചോദ്യങ്ങള്‍ നിരവധിയുണ്ട്…

പത്തനംതിട്ട റാന്നിയില്‍ രണ്ട് പെണ്‍കുട്ടികള്‍ നേരിട്ട ലൈംഗിക ചൂഷണവും അതില്‍ നിയമപാലകരും തദ്ദേശഭരണ സംവിധാനവും സ്വീകരിച്ച നിലപാടുകളും കേരളം ചര്‍ച്ച ചെയ്യേണ്ട വിഷയം തന്നെയാണ്. പ്രത്യക്ഷത്തില്‍ കേസിലെ പ്രതി നിയമത്തിന്റെ പിടിയില്‍ അകപ്പെട്ടെങ്കിലും അതിലേക്ക് എത്തുന്നതിനു മുമ്പ് ‘ ഇതൊക്കെ ഒരു കേസ് ആക്കണോ’ എന്ന ചോദ്യം പലവട്ടം ഉയര്‍ന്നിരുന്നു; അതു തന്നെയാണ് നാം ഗൗരവമായി കാണേണ്ടതും.

പത്തനംതിട്ടയിലാണ്‌ കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. 37 കാരിയായ രാധ(യഥാര്‍ത്ഥ പേരല്ല)യുടെ ഭര്‍ത്താവ് ഒമ്പത് വര്‍ഷം മുമ്പാണ് മരിച്ചത്. ഭര്‍ത്താവിന്റെ മരണശേഷം രണ്ട് പെണ്ണും രണ്ട് ആണും ഉള്‍പ്പെടെ നാലു മക്കളുമായി രാധ തെരുവിലായെന്നു പറയാം. പറയത്തക്ക വിദ്യാഭ്യാസമോ ലോക പരിചയമോ ഇല്ലാത്തൊരു അമ്മ തന്റെ മക്കളുമായി പലയിടങ്ങളിലായി വാടക വീടുകള്‍ മാറി മാറി താമസിച്ചുപോന്നു. കോഴഞ്ചേരിയില്‍ ഒരു ചെറിയ ജോലിയുള്ളതാണ് രാധയുടെയും കുട്ടികളുടെയും വരുമാന മാര്‍ഗം. ജീവിതം അങ്ങനെ പോകുമ്പോഴാണ് ഒരു കൂര കെട്ടാനുള്ള സഹായം ബന്ധുവായ ഒരു സ്ത്രീയില്‍ നിന്നും രാധക്ക് കിട്ടുന്നത്. ആ സ്ത്രീക്ക് ഒരു മകനുണ്ട്. ഹൃദ്രോഗിയായ ഒരു 37 കാരന്‍. പുറമ്പോക്കില്‍ കുറച്ച് ഭൂമി ഇവര്‍ക്കുണ്ട്. അവിടെയാണ് ഒരു വീട് വയ്ക്കാന്‍ രാധക്ക് സാധിച്ചത്. കട്ടകെട്ടി മുകളില്‍ ആസ്ബസ്‌റ്റോസ് ഷീറ്റ് ഇട്ട ചെറിയൊരു വീട്. അവിടെ രാധക്കും മക്കള്‍ക്കുമൊപ്പം ആ അമ്മയും മകനും കൂടി. രാധയും ബന്ധുവായ സ്ത്രീയും രാവിലെ ജോലിക്കു പോകും. ബന്ധുവിന്റെ മകന്‍ ആണെങ്കില്‍ ജോലിക്കൊന്നും പോകില്ല, വിവാഹവും കഴിച്ചിട്ടില്ല.

അവരുടെ ജീവിതം അങ്ങനെ മുന്നോട്ടു പോകുന്നതിനിടയിലാണ് രാധയുടെ മൂത്തകുട്ടി ഗര്‍ഭണിയാണെന്ന് അറിയുന്നത്. ഗര്‍ഭം അലസിപ്പിക്കാന്‍ വേണ്ടി ആദ്യം റാന്നിയിലും കോഴഞ്ചേരിയിലുമുള്ള ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ പറഞ്ഞു. അവിടെ ചെന്നെങ്കിലും ഗര്‍ഭം നാലു മാസം ആയതിനാല്‍ അബോര്‍ഷന്‍ ചെയ്യാന്‍ പറ്റാത്ത അവസ്ഥ.

ഈ പെണ്‍കുട്ടിക്ക് ചില മാനസിക പ്രശ്‌നങ്ങള്‍ ഉണ്ട്. അതുകൊണ്ട് തന്നെ തനിക്ക് സംഭവിച്ചിരിക്കുന്ന അപകടത്തെ കുറിച്ച് അവള്‍ ഒട്ടും ബോധവതിയായിരുന്നില്ല. കുഞ്ഞിനെ ഞാന്‍ പ്രസവിച്ചോളം എന്ന മട്ടായിരുന്നു അവള്‍ക്ക്. ആരാണ് ഗര്‍ഭത്തിന് ഉത്തരവാദിയെന്നറിയാന്‍ വേണ്ടി അമ്മ ചോദിച്ചപ്പോഴാണ് അവള്‍ക്കൊരു കാമുകന്‍ ഉണ്ടെന്ന് അറിയുന്നത്. അന്നു തന്നെ രാധ കാമുകനായ ചെറുപ്പക്കാരന്റെ വീട്ടില്‍ ചെന്നു. വിവരങ്ങള്‍ പറഞ്ഞു, ബഹളം വച്ചു. അതേ രാത്രിയില്‍ തന്നെ ആ ചെറുപ്പക്കാരന്റെ അമ്മയും ചേട്ടനും ചേട്ടത്തിയും രാധയുടെ വീട്ടില്‍ വന്ന് പെണ്‍കുട്ടിയോട് സംസാരിക്കുകയും തങ്ങളുടെ ചെറുക്കനല്ല, ഗര്‍ഭിണിയാക്കിയതെന്നും മിനിയുടെ ബന്ധുവിന്റെ മകനായ 37 കാരാനാണ് ഉത്തരവാദിയെന്നും ആ കുട്ടിയെ കൊണ്ട് തന്നെ പറയിപ്പിച്ച് റെക്കോര്‍ഡ് ചെയ്തു കൊണ്ടു പോവുകയും ചെയ്തു.

ഇതിനിടയില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പ്രശ്‌നത്തില്‍ ഇടപെട്ടു. എന്നാല്‍ കുട്ടിയുടെ വയസ് കണ്ടെത്തിയപ്പോള്‍ പതിനെട്ട് പൂര്‍ത്തിയായതിനാല്‍ അവര്‍ കേസ് വിട്ടു. പിന്നീട് പ്രദേശത്തെ അങ്കണ്‍വാടി വഴിയാണ് മഹിളാ സമാഖ്യ പ്രവര്‍ത്തകര്‍ ഈ വിഷയം അറിയുന്നത്. അവര്‍ അന്വേഷിച്ച് കണ്ടെത്തിയ കാര്യങ്ങളാണ് മുകളില്‍ വിവരിച്ചതും.

മഹിളാ സമഖ്യയുടെ പഞ്ചായത്ത് കോര്‍ഡിനേറ്റര്‍ പെണ്‍കുട്ടിയുമായി സംസാരിച്ചപ്പോഴാണ് തന്നെ ബന്ധുവായ പുരുഷന്‍ ഉപദ്രവിച്ചിട്ടുണ്ടെന്ന് പെണ്‍കുട്ടി പറയുന്നത്. ഇതോടെ ഈ യുവാവിന്റെ അമ്മയും രാധയുടെ ബന്ധുവുമായ സ്ത്രീ പറഞ്ഞത്, തന്റെ മകന്റെ കുഞ്ഞാണെങ്കില്‍ ആ കുഞ്ഞിനെ താന്‍ ഈ വീട്ടില്‍ വളര്‍ത്തിക്കോളാമെന്നും പക്ഷേ, രാധയേയും മകളേയും അവിടെ താമസിപ്പിക്കില്ലെന്നുമായിരുന്നു. പാവപ്പെട്ട ആ സ്ത്രീയും അവരുടെ മനോനില ശരിയല്ലാത്ത മകളും ആ ബന്ധുവിന്റെ വാക്കുകള്‍ വിശ്വസിക്കുകയാണ് ചെയ്തത്. കേസോ മറ്റോ അവര്‍ ആലോചിച്ചില്ല. കുഞ്ഞിനെ പ്രസവിക്കട്ടെ ഇവിടെ വളര്‍ത്തിക്കോളുമല്ലോ എന്നൊക്കെയാണ് ആ സാധുക്കള്‍ ആശ്വസിച്ചത്.

എന്നാല്‍ മഹിളാ സമഖ്യക്കാര്‍ പെണ്‍കുട്ടിയെ മെഡിക്കല്‍ ചെക്കപ്പിന് കൊണ്ടു പോയി. അവിടെ വച്ചാണ് ഡോക്ടര്‍ പറയുന്നത് ആ പെണ്‍കുട്ടിയുടെ ഇടതു മാറിടം ആരോ കടിച്ചു പൊട്ടിച്ചപോലെയാണിരിക്കുന്നതെന്നും താന്‍ ചോദിച്ചപ്പോള്‍ അത് വേറൊരാള്‍ ചെയ്തതാണെന്നു കുട്ടി പറഞ്ഞുവെന്നും. പക്ഷേ, അവള്‍ ഓരോ കാര്യവും പറയുന്നത് തികച്ചും സാധാരണമെന്ന പോലെയായിരുന്നു. ‘ഡോക്ടര്‍ ചോദിച്ചപ്പോള്‍ ഞാനെല്ലാക്കാര്യവും പറഞ്ഞു’ എന്ന മട്ടില്‍ തീര്‍ത്തും നിഷ്‌കളങ്കമായി. അത്രകണ്ടേ അവളുടെ മനസ് ഈ കാര്യങ്ങളെയെല്ലാം ഏറ്റെടുക്കുന്നുള്ളൂ.

ഇത്തരത്തില്‍ നിര്‍ദോഷിയായ ഒരു പെണ്‍കുട്ടിക്ക് ഏറ്റുവാങ്ങേണ്ടി വന്ന ചൂഷണത്തില്‍ കുറ്റക്കാരായവരെയല്ലാം പിടികൂടി നിയമം വിധിക്കുന്ന ഏറ്റവും വലിയ ശിക്ഷ വാങ്ങിക്കൊടുക്കേണ്ടവരാണ് നിയമപാലകര്‍. അതിനവരെ സഹായിക്കേണ്ടവരാണ് ഭരണാധികാരികള്‍. അതിനൊപ്പം ഇനിയൊരു ആക്രമണത്തിന് ആ പെണ്‍കുട്ടി ഇരയാകാതെ അവളെ സുരക്ഷിതമായൊരിടത്ത് പാര്‍പ്പിച്ച് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന്, മെച്ചപ്പെട്ടൊരു ജീവിത സാഹചര്യം ഒരുക്കി കൊടുക്കേണ്ട ഉത്തരവാദിത്വവും നമുക്ക് ഉണ്ട്. എന്നാല്‍ അതിനെല്ലാം വിരുദ്ധമായ കാര്യങ്ങളാണ് നടക്കുക പലപ്പോഴും.

ഞങ്ങള്‍ ഈ കാര്യം പഞ്ചായത്ത് പ്രസിഡന്റിനെ ധരിപ്പിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു; ഇവിടുത്തെയൊരു കള്‍ച്ചര്‍ ഇങ്ങനെയൊക്കെയാ…അതിലൊന്നും ഇടപെടാതിരിക്കുന്നതാ നല്ലത്! മഹിള സമഖ്യ പ്രവര്‍ത്തകര്‍ അഴിമുഖത്തോട് പറഞ്ഞ കാര്യമാണ്. പിന്നീട് പ്രശ്‌നം ഗുരുതരമാകുമെന്ന് കണ്ടപ്പോള്‍ പ്രസിഡന്റ് പറഞ്ഞത് വനിത മെംബര്‍മാര്‍ അവരുടെ വീട്ടില്‍ പോയിരുന്നുവെന്നും അവരോട് ആ കുട്ടി ഒന്നും പറഞ്ഞില്ലെന്നുമാണ്. പഞ്ചായത്ത് പ്രസിഡന്റ് പറയുന്നത് നുണയാണെന്നും ഒരാളും ആ വിട്ടിലേക്ക് പോയിട്ടില്ലെന്നും ഒന്നും ചോദിച്ചിട്ടില്ലെന്നും പെണ്‍കുട്ടിയുടെ അമ്മ തങ്ങളോട് പറഞ്ഞെന്ന് മഹിള സമാഖ്യക്കാര്‍ തിരുത്തുന്നു.

പിന്നീട് മഹിളാ സമാഖ്യ പ്രവര്‍ത്തകടെ ഇടപെടല്‍ ഉണ്ടായതോടെ പ്രതിയായ ബന്ധുവിനെ പൊലീസ് പിടികൂടി. പെണ്‍കുട്ടിയെ സ്റ്റേഷനിലും കോടതിയിലും ഹാജരാക്കി, കുട്ടിയുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനായി സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ കീഴിലുള്ള മഹിള മന്ദിരത്തിലേക്ക് മാറ്റി. പെണ്‍കുട്ടിക്കൊപ്പം അമ്മയായ രാധയേയും മഹിള മന്ദിരത്തിലേക്ക് മാറ്റാനായിരുന്നു ഉദ്ദേശമെന്ന് മഹിള സമഖ്യ പ്രവര്‍ത്തകര്‍ പറയുന്നു. കാരണം, അവര്‍ക്ക് പോവാന്‍ വേറെ വഴിയില്ല. എന്നാല്‍ രാധ അതിന് സമ്മതിച്ചില്ല. മൂന്നു നാലു മാസം കഴിയുമ്പോള്‍ പ്രതിയായ ബന്ധു പുറത്തു വരുമെന്നും അയാള്‍ തന്റെ മകളെ കല്യാണം കഴിച്ചോളുമെന്നുമാണ് രാധ വിശ്വസിക്കുന്നത്.

പൊലീസിന്റെ ഭാഗത്തു നിന്നും തങ്ങള്‍ക്ക് കേള്‍ക്കേണ്ടി വന്നതും സമാന വാക്കുകളാണെന്നു മഹിള സമഖ്യ പ്രവര്‍ത്തകര്‍ പറയുന്നു. അവള്‍ മൈനര്‍ ഒന്നും അല്ലല്ലോ, പ്രായപൂര്‍ത്തിയായതല്ലേ, അവന്‍ തന്നെ കല്യാണം കഴിച്ചോളാമെന്നും പറഞ്ഞതല്ലേ, പിന്നെയെന്തിനാ കേസ് ആക്കുന്നതെന്നൊക്കെയാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ ചോദിക്കുന്നത്. ഇത്തരം കേസുകളൊക്കെ എടുത്ത് തലയില്‍ വയ്ക്കുന്നതെന്തിനാണെന്ന മട്ടായിരുന്നു പൊലീസിന്. ഒരു ദളിത് കുടുംബത്തില്‍ നടന്ന ഈ ദുരിതസംഭവങ്ങള്‍ പൊലീസിനും പഞ്ചായത്തിനുമൊക്കെ തലവേദന കേസുകള്‍ ആയി തോന്നും. അതുകൊണ്ടവര്‍ അത് തലയില്‍ എടുത്ത് വയ്ക്കാതിരിക്കാനും നോക്കും. പക്ഷേ, ഇവിടെ അതിനവരെ സമ്മതിച്ചില്ലെന്നു മഹിള സമഖ്യ പ്രവര്‍ത്തകര്‍ പറയുന്നു. പ്രതിക്കെതിരേ പോക്‌സോ കുറ്റം ചുമത്തേണ്ടിയും വന്നു പൊലീസിന്. 29/9/1999 ആണ് ഈ പെണ്‍കുട്ടിയുടെ ജനനതീയതി. പതിനെട്ട് വയസ് അവള്‍ക്ക് പൂര്‍ത്തിയായിട്ടേയുള്ളൂ. എന്നിട്ടാണ് പൊലീസ് അവള്‍ പ്രായപൂര്‍ത്തിയായതല്ലേ, കേസും കൂട്ടമൊന്നും വേണ്ടായെന്നു പറയുന്നത്. അവളുടെ മനോനില എങ്ങനെയാണെന്നു പോലീസുകാര്‍ പരിഗണിച്ചില്ല. അവള്‍ക്ക് പതിനെട്ട് തികയുന്നതിനു മുമ്പും പ്രതി ലൈംഗികമായി ചൂഷണം ചെയ്യാറുണ്ടെന്ന് കട്ടിയുടെ തന്നെ മൊഴി ഉള്ളതിനാല്‍ പോക്‌സോ ചുമത്താന്‍ പൊലീസ് നിര്‍ബന്ധിതരായെന്നും പ്രവര്‍ത്തകര്‍ പറയുന്നു. പ്രതിയിപ്പോള്‍ റിമാന്‍ഡിലാണ്.

എന്നാല്‍ മറ്റൊരു ദുഃഖവാര്‍ത്തകൂടി തങ്ങളെ കാത്തിരിപ്പുണ്ടായിരുന്നുവെന്ന് മഹിള സമഖ്യ പ്രവര്‍ത്തകര്‍ പറയുന്നു. രാധയുടെ രണ്ടാമത്തെ മകളും അതേ വീട്ടില്‍ തന്നെയായിരുന്നു താമസിച്ചിരുന്നത്. പത്താംക്ലാസില്‍ പഠിക്കുന്ന കുട്ടി ഇപ്പോള്‍ അച്ഛന്റെ വീട്ടിലാണ്. ആ കുട്ടിയെ കൂടി ഒന്നു ശ്രദ്ധിക്കണം എന്നു പറഞ്ഞുകൊണ്ടാണ് ആ പ്രദേശത്തെ അങ്കണ്‍വാടി വഴി ബന്ധപ്പെടുകയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയെ നേരില്‍ കണ്ട് കഴിഞ്ഞ ദിവസം സംസാരിക്കുകയും ചെയ്തത്. അപ്പോഴാണ് ആ ദുരന്തവാര്‍ത്തയും കേള്‍ക്കുന്നത്.

നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍, ഏകദേശം ഒമ്പത് വയസ് പ്രായമുള്ളപ്പോള്‍ തൊട്ട് തന്നെയും അയാള്‍ പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് കുട്ടി വെളിപ്പെടുത്തി. ഏതാണ്ട് ആറോളം തവണ തനിക്ക് അയാളുടെ പീഡനം ഏല്‍ക്കേണ്ടി വന്നതായാണ് പെണ്‍കുട്ടി പറഞ്ഞത്. തുടര്‍ന്ന് ആ കുട്ടിയേയും വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. പകല്‍ സമയത്ത് രാധയും പ്രതിയുടെ അമ്മയും ജോലിക്കു പോകുമ്പോള്‍ ഈ പെണ്‍കുട്ടികളും അയാളും മാത്രമായിരിക്കും വീട്ടില്‍. അപ്പോഴാണ് കുട്ടികളെ ചൂഷണം ചെയ്തിരുന്നത്. ഇപ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക ചൂഷണം ചെയ്ത കേസും പ്രതിക്കെതിരെ വീണ്ടും ചുമത്തിയിട്ടുണ്ട്.

പ്രത്യക്ഷത്തില്‍ നോക്കുമ്പോള്‍ പ്രതിയെ പൊലീസ് പിടികൂടിയില്ലേ, പോക്സോ ഉള്‍പ്പെടെ ഗൗരവമുള്ള വകുപ്പുകള്‍ ചുമത്തിയില്ലേ എന്നൊക്കെ നമുക്ക് ന്യായീകരിക്കാം. പക്ഷേ, ചില ഇടപെടലുകള്‍ നടന്നില്ലായിരുന്നെങ്കിലോ? കേസ് ഉണ്ടാകുമായിരുന്നോ? രണ്ട് പെണ്‍കുട്ടികളെ പലവട്ടം തന്റെ കാമം തീര്‍ക്കാനായി ഇരയാക്കുകയും അതില്‍ മാനോനിലപോലും ശരിയല്ലാത്ത ഒരു കുട്ടിയെ ഗര്‍ഭിണിയാക്കുകയും ചെയ്ത ഒരാള്‍ നിയമത്തിനു മുന്നില്‍ വരുമായിരുന്നോ? അബോര്‍ഷന്‍ നടത്താന്‍ വേണ്ടിയുള്ള ശ്രമങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ ആ കുട്ടിയുടെ ജീവന്‍ നഷ്ടപ്പെട്ടിരുന്നെങ്കിലോ? അതുമല്ലെങ്കില്‍ അവള്‍ ഇനിയും ഇത്തരം ലൈംഗിക ചൂഷണങ്ങള്‍ക്ക് വിധേയയാകില്ലെന്ന് ആര് ഉറപ്പു വരുത്തും? പെരുവഴിയിലേക്ക് ഇറങ്ങേണ്ട ഒരവസ്ഥ ആ പെണ്‍കുട്ടിക്ക് ഉണ്ടാവുകയാണെങ്കില്‍ പിന്നീട് അവളുടെ ജീവിതം എങ്ങനെയായിരിക്കും?

ഇനി ഇളയ കുട്ടിയുടെ കാര്യം, അവളോടിപ്പോള്‍ ഒരാളും സംസാരിച്ചില്ലായിരുന്നെങ്കില്‍ തനിക്കുണ്ടായ ദുരനുഭവവും മനസില്‍ ഒളിപ്പിച്ച് അവള്‍ ജീവിക്കേണ്ടി വരില്ലായിരുന്നോ? സ്വന്തം വീട്ടുകാരോട് പറഞ്ഞിട്ട് എന്തുകാര്യം? അമ്മയോട് പറഞ്ഞാല്‍ പോലും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ഒരുപക്ഷേ, പ്രതിയായ ആളില്‍ നിന്നു തന്നെ അല്ലെങ്കില്‍ മറ്റാരിലെങ്കിലും നിന്നും ഇത്തരം ചൂഷണങ്ങള്‍ അവള്‍ നേരിടേണ്ടി വരുമായിരുന്നില്ലേ വീണ്ടും? മൂത്ത പെണ്‍കുട്ടിക്ക് തന്നെ ഇപ്പോള്‍ പ്രതിയായവനില്‍ നിന്നു മാത്രമല്ല, മറ്റുള്ളവരാലും പീഡനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. അതും ലൈംഗിക വൈകൃതം നിറഞ്ഞവരില്‍ നിന്നും. ആ പ്രതികളൊക്കെ എവിടെ? അവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പൊലീസിന് ഉത്തരവാദിത്വമില്ലേ? അല്ലെങ്കില്‍ ഭരണസംവിധാനത്തിന് ബാധ്യതയില്ലേ?

പ്രതിയായവനെ ജാമ്യത്തില്‍ ഇറക്കാന്‍ പഞ്ചായത്ത് പ്രസിഡന്റ് തന്നെ (ജോസഫ് കുര്യാക്കോസ് , അദ്ദേഹം തന്നെയാണ് ഈ സംഭവം നടന്ന വാര്‍ഡിന്റെ മെംബറും) ശ്രമിക്കുന്നുവെന്നാണ് മറ്റൊരാരോപണം. പെണ്‍കുട്ടിയുടെ അമ്മ പ്രസിഡന്റിനെ കണ്ട് കാര്യങ്ങള്‍ സംസാരിച്ചെന്നും പഞ്ചായത്തിന്റെ ഒരു പ്രതിനിധി പ്രതിക്കു വേണ്ടി ഹാജരാകാന്‍ ഒരു വക്കീലിനെ കാണാന്‍ സഹായിച്ചെന്നും മഹിള സമഖ്യ പത്തനംതിട്ട കോര്‍ഡിനേറ്റര്‍ ശാലിനി പറയുന്നു. രോഗിയായ അമ്മ മാത്രമുള്ള ഒരു യുവാവ്, അയാളും രോഗി, ഇതൊക്കെ മനുഷ്യത്വപരമായി കണ്ടാണ് പഞ്ചായത്ത് അധികൃതര്‍ പ്രതിക്കു ജാമ്യം കിട്ടാന്‍ ശ്രമിക്കുന്നതെന്നാണ് പറയുന്നത്.

എന്നാല്‍ ഇത്തരം ആരോപണം ശുദ്ധ അസംബന്ധമാണെന്നും താന്‍ കൂടി നിന്നാണ് പ്രതിയെ പിടിക്കാന്‍ സഹായിച്ചതെന്നും ജീവിതകാലം മുഴുവന്‍ അവന്‍ ജയിലില്‍ കിടക്കാനാണ് ആഗ്രഹിക്കുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് കുര്യാക്കോസ് അഴിമുഖത്തോട് പറയുന്നു. ഒരമ്മയും മാനസികരോഗിയായ ഒരു പെങ്ങളും മാത്രമാണ് പ്രതിക്ക് ഉള്ളതെന്നതു സത്യമാണെന്നും അതല്ലാതെ പ്രതിയെ സംരക്ഷിക്കാനോ ജാമ്യത്തില്‍ ഇറക്കാനോ താനോ പഞ്ചായത്തോ ശ്രമിച്ചിട്ടില്ലെന്നും ശ്രമിക്കില്ലെന്നും പ്രസിഡന്റ് പറയുന്നു.

എന്തായാലും, ഈ കേസ് ഇപ്പോള്‍ നിയമത്തിനു മുന്നില്‍ എത്തിയതുകൊണ്ടും പ്രതി പിടിയിലായതുകൊണ്ടും നിയമം നടപ്പിലായെന്നു പറയാം. ആരോപണങ്ങള്‍ ഉയര്‍ന്നവര്‍ക്ക് തങ്ങളെ പ്രതിരോധിക്കാനും കഴിയും. പക്ഷേ, ഇവിടെ പ്രതി സ്വാധീനമോ സമ്പത്തോ ഇല്ലാത്തവനാണ്. അവനുവേണ്ടി ആരും ‘ആത്മാര്‍ത്ഥതയോടെ’ രംഗത്തിറങ്ങില്ല. പക്ഷേ, ഇതെല്ലാമുള്ള ഒരാള്‍ ആയിരുന്നു പ്രതിയെങ്കിലോ? ഈ കേസിന്റെ പിന്നാലെ നടക്കാന്‍ ഒരു സംഘടനയോ വ്യക്തിയോ ഇല്ലായിരുന്നെങ്കിലോ? അതാണ് മറ്റൊരു പ്രധാന ചോദ്യം…

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍