“എംഡിയുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങാതെ എന്നെ ജോലി ചെയ്ത് ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഉറപ്പായതോടെയാണ് എല്ലാം തുറന്ന് പറഞ്ഞ് രംഗത്തുവരാന്‍ ഞാന്‍ തയ്യാറായതും. ഇക്കാര്യത്തില്‍ എനിക്ക് നീതിയാണ് വേണ്ടത്”
കേരള സിഡ്‌കോ (സ്മോള്‍ ഇന്‍ഡസ്ട്രീസ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്) മാനേജിംഗ് ഡയറക്ടര്‍ക്കെതിരേ ലൈംഗികാരോപണ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സിഡ്‌കോ എം ഡി കെ.ബി ജയകുമാറിനെതിരേയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ 2018 ജൂലൈ 27 ന് ക്രൈം നമ്പര്‍ 839/2018 U/s 354 A(1)(iv)IPC ആയി കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സിഡ്‌കോയില്‍ തന്നെ മനേജര്‍ തസ്തികയില്‍ ജോലി ചെയ്യുന്ന സ്ത്രീയുടെ പരാതിയിലാണ് കേസ്. പാലക്കാട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ജയകുമാറിനെതിരേയുള്ള എഫ് ഐ ആര്‍ പൊലീസ് സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ പരാതിക്കാരി ഉന്നയിക്കുന്ന ആരോപണങ്ങള്‍ വ്യാജമാണെന്നും അവര്‍ക്കെതിരെ ലഭിച്ചിട്ടുള്ള നിരവധി പരാതികളില്‍ നിന്ന് രക്ഷപെടാനുള്ള വഴിയാണ് ഇപ്പോഴത്തെ ആരോപണം എന്നുമാണ് ജയകുമാര്‍ പറയുന്നത്.
സിഡ്‌കോ ജീവനക്കാരിയായ പരാതിക്കാരിയെ ജയകുമാര്‍ 2018 ജൂലൈ മുതല്‍ 25 മുതല്‍ 2018 ജൂലൈ 28 വരെ നേരിട്ടും ഫോണിലൂടെയും, തന്റെ കീഴ്ജീവനക്കാരനായ ഉദ്യോഗസ്ഥന്‍ മുഖേനയും ലൈംഗികമായി കീഴ്‌പ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ലൈംഗിക ചുവയോടെ സംസാരിക്കുകയും പെരുമാറുകയും ചെയ്‌തെന്നാണ് എഫ് ഐ ആറില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിവരം. ജയകുമാറില്‍ നിന്നും താന്‍ നേരിടുന്ന ലൈംഗികാതിക്രമ ഭീഷണി ചൂണ്ടിക്കാട്ടി പാലക്കാട് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് ഓഫിസിലാണ് പരാതിക്കാരി ആദ്യം പരാതി നല്‍കുന്നത്. iAPS No 99168/18 ആയി രജിസ്റ്റര്‍ ചെയ്ത ഈ പരാതി പിന്നീട് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയും അവിടെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. വ്യവസായ വകുപ്പ് മന്ത്രി, ഡിജിപി, വനിത കമ്മിഷന്‍, സിഡ്‌കോ ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്നിവര്‍ക്കും എംഡിക്കെതിരായ പരാതി നല്‍കിയിരുന്നു.
സിഡ്‌കോ എംഡിയായ കെ ബി ജയകുമാറിനെതിരേ ഗുരുതരമായ ആക്ഷേപങ്ങളാണ് പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത്. 24 വര്‍ഷത്തെ സര്‍വീസ് സിഡ്‌കോയില്‍ ഉള്ള ജീവനക്കാരിയാണ് മാനേജര്‍ തസ്തികയില്‍ ഇപ്പോള്‍ സേവനം അനുഷ്ഠിക്കുന്ന ഈ പരാതിക്കാരി.
സര്‍ട്ടിഫിക്കറ്റ് ഓഫ് ഹോണര്‍ നല്‍കി അഞ്ച് തവണ സിഡ്‌കോ ആദരിച്ചിട്ടുള്ള തന്നെ ജയകുമാര്‍ എംഡിയായി ചുമതലയേറ്റശേഷം ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിക്കുകയും താനതിന് വഴങ്ങാതിരിക്കുകയും ചെയ്തതോടെ നിരന്തരം ട്രാന്‍സ്ഫര്‍ ചെയ്ത് മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണെന്ന് പരാതിക്കാരി ആരോപിക്കുന്നു. വൈരാഗ്യബുദ്ധിയോടെ തന്നെ ട്രാന്‍സ്ഫര്‍ ചെയ്തത് ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ടെന്നും പരാതിക്കാരി പറയുന്നു.
തന്റെ ലൈംഗികതാത്പര്യത്തിന് വിധേയയാക്കാന്‍ വേണ്ടി നേരിട്ടും ഫോണിലൂടെയും നിരന്തരം ജയകുമാര്‍ പരാതിക്കാരിയെ ശല്യപ്പെടുത്തിയിരുന്നു. എന്നാല്‍ തന്നെ ശാരീരികമായി ചൂഷണം ചെയ്യാനുള്ള എംഡിയുടെ ശ്രമത്തെ പരാതിക്കാരി ശക്തമായി എതിര്‍ത്തതോടെയാണ് ജയകുമാര്‍ പ്രതികാരബുദ്ധിയോടെ ഇവരെ തുടര്‍ച്ചയായി ട്രാന്‍സ്ഫര്‍ ചെയ്തതെന്നാണ് ആരോപണം. തന്നെ ജോലി ചെയ്യാന്‍ സമ്മതിക്കാതെ മാനസികമായി പീഡിപ്പിക്കുകയാണ് എംഡി ചെയ്യുന്നതെന്നും പരാതിക്കാരി ആരോപിക്കുന്നു.
എംഡിയില്‍ നിന്നും നിരന്തരമായി ശല്യം ഉണ്ടായതോടെ വിഷയം പ്രത്യേകമായി സൂചിപ്പിക്കാതെ സിഡ്‌കോ ഇന്റേണല്‍ കമ്മിറ്റിക്കു മുന്നാകെ ഒരു പരാതി നല്‍കിയിരുന്നു. ഒരു സ്ത്രീയായ തനിക്ക് സ്ഥാപനത്തിന്റെ എംഡിയോട് കലഹിച്ചു മുന്നോട്ട് പോകുന്നതിനുള്ള ബുദ്ധിമുട്ട് കൊണ്ടാണ് താന്‍ ആ സമയത്ത് എംഡിയില്‍ നിന്നും ഉണ്ടായിക്കൊണ്ടിരുന്ന ശാരീരിക ചൂഷണ ശ്രമത്തെ പ്രത്യേകമായി എടുത്ത് പറയാതിരുന്നതെന്നു പരാതിക്കാരി വ്യക്തമാക്കുന്നു. ജൂണ്‍ മാസത്തില്‍ വീണ്ടും ഒരു ട്രാന്‍സ്ഫര്‍ കിട്ടുകയും ഇതിന്റെ ഓഡര്‍ കൈയില്‍ വന്നതിനുശേഷം 25 ദിവസം മെഡിക്കല്‍ ലീവ് എടുത്തിരുന്നു. അവധി കഴിഞ്ഞ് വീണ്ടും ജോലിയില്‍ പ്രവേശിപ്പിച്ചപ്പോഴും എംഡി വീണ്ടും തന്റെ ലൈംഗികാഗ്രഹങ്ങളുമായി തന്നെ സമീപിക്കുകയായിരുന്നുവെന്ന് പരാതിക്കാരി പറയുന്നു. തന്റെ കീഴുദ്യോഗസ്ഥനെ ഉപയോഗിച്ചും എംഡി തന്നെ അദ്ദേഹത്തിന് വശംവദയാക്കാനുള്ള ശ്രമം നടത്തിയെന്നും പരാതിയില്‍ പറയുന്നു.
ഒരു സ്ത്രീയെന്ന നിലയില്‍ തനിക്ക് ഒട്ടും ബഹുമാനം തരാത്ത രീതിയിലാണ് എംഡിയായ ജയകുമാര്‍ പെരുമാറുന്നതെന്നും പരാതിക്കാരി പറയുന്നു. അശ്ലീലചുവ കലര്‍ന്നതും സ്ത്രീകളുടെ അന്തസ്സിനും അഭിമാനത്തിനും വിലകല്‍പ്പിക്കാത്ത തരത്തിലുമാണ് എംഡിയില്‍ നിന്നുണ്ടാകുന്ന വാക്കുകള്‍ എന്നാണ് പരാതിക്കാരി പറയുന്നത്.
താന്‍ നേരിട്ട് ശ്രമിച്ചിട്ടും നടക്കാത്തതുകൊണ്ട് എംഡി അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥനായ എബിന്‍ മുഖാന്തിരം തന്നെ ശല്യം ചെയ്യാനും ശ്രമിച്ചെന്നു പരാതിയില്‍ പറയുന്നു. എംഡി താമസിക്കുന്ന തൃശൂരിലെയോ പാലക്കാട്ടെയോ ഹോട്ടലില്‍ പോയി അദ്ദേഹത്തെ കണ്ടാല്‍ ഇപ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമാകുമെന്ന് എബിന്‍ തന്നെ ഫോണ്‍ വിളിച്ച് പറഞ്ഞതായാണ് പരാതിയില്‍ പറയുന്നത്.
താന്‍ ശാരീരികമായി വഴങ്ങാത്തതിന്റെ പ്രതികാരമാണ് ഇപ്പോള്‍ എംഡിയില്‍ നിന്നും നേരിട്ടുകൊണ്ടിരിക്കുന്ന മാനസിക പീഡനത്തിനു കാരണമെന്നാണ് പരാതിക്കാരി പറയുന്നത്. സ്വസ്ഥതയും സമാധാനവും തകര്‍ന്ന അവസ്ഥയിലാണ് ഒരു കുടുംബിനി കൂടിയായ താന്‍ ഇപ്പോള്‍. സഥാപനത്തിലെ മറ്റുള്ള ഉദ്യോഗസ്ഥരില്‍ നിന്നുപോലും തനിക്ക് അനുകൂലമായ നിലപാടുകളല്ല ഉണ്ടാകുന്നത്. ഇവിടെ ജോലി ചെയ്യുകയാണെങ്കില്‍ എംഡിയുടെ വ്യക്തിതാത്പര്യത്തിന് കീഴടങ്ങാതെ നില്‍ക്കാന്‍ കഴിയില്ലെന്നും അത് ഒഴിവാക്കണമെങ്കില്‍ അവധിയില്‍ പോകാനാണ് പല മേലുദ്യോഗസ്ഥരും തന്നെ ഉപദേശിക്കുന്നതെന്നുമാണ് പരാതിക്കാരി ചൂണ്ടിക്കാണിക്കുന്നത്. സ്ത്രീലംബടനും സ്ത്രീകളെ തന്റെ ഇംഗിതത്തിനു വിധേയാരാക്കാന്‍ വേണ്ടി എന്തു ചെയ്യാനും മടിയില്ലാത്ത കെ.ബി ജയകുമാര്‍ തന്റെ താത്പര്യങ്ങളുമായി മുന്നോട്ടുപോകാന്‍ രാഷ്ട്രീയസ്വാധീനവും അധികാരവും ഉപയോഗിക്കുകയാണ്. ഇപ്പോള്‍ തന്നെ വേട്ടയാടുന്നതും ഈ സ്വാധീനവും അധികാരവും ഉപയോഗിച്ചാണ്. എങ്ങനെയെങ്കിലും ലൈംഗികമായി തന്നെ കീഴ്‌പ്പെടുത്തണം എന്ന ലക്ഷ്യത്തിലാണ് എംഡി. അതിനുവേണ്ടിയുള്ള പലവഴികളും നോക്കുകയാണ്. ഓഫിസിനുള്ളില്‍വച്ചു തന്നെയാണ് എംഡിയില്‍ നിന്നും ഉപദ്രവം ഏല്‍ക്കേണ്ടി വന്നിട്ടുള്ളതും. ജയകുമാര്‍ കാരണം താന്‍ മാനസികമായി ഏറെ തകര്‍ന്ന നിലയിലാണെങ്കിലും ജയകുമാറിന്റെ ഈ പെരുമാറ്റം സ്ത്രീകള്‍ക്കു നേരെയുള്ള കടന്നു കയറ്റവും തൊഴിലിടത്തെ പീഡനമായും കണ്ടുകൊണ്ട് ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നുമാണ് പരാതിക്കാരിയുടെ ആവശ്യം.
ആരോപണം വ്യാജം, പരാതിക്കാരിക്കെതിരേ ഗുരുതരമായ ആക്ഷേപങ്ങള്‍ ഉന്നയിച്ച് എംഡി
തങ്ങള്‍ക്കെതിരേ പരാതിക്കാരി ഉന്നയിച്ചിരിക്കുന്ന ആക്ഷേപങ്ങള്‍ യാതൊരു അടിസ്ഥാനമില്ലാത്തതാണെന്നാണ് മാനേജിംഗ് ഡയറക്ടര്‍ കെ.ബി ജയകുമാറും എംഡിയുടെ കീഴുദ്യോഗസ്ഥനായ എബിനും അഴിമുഖത്തോട് പറയുന്നത്. പരാതിക്കാരിക്കെതിരേ സപ്ലയേഴ്‌സില്‍ നിന്നും വ്യവസായികളില്‍ നിന്നും നിരവധി പരാതികള്‍ കിട്ടിയിട്ടുണ്ടെന്നും സ്വാര്‍ത്ഥലക്ഷ്യങ്ങള്‍വച്ച് സിഡ്‌കോയെ തകര്‍ക്കുന്ന രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഈ വ്യക്തിയെ അവര്‍ക്കെതിരേ കിട്ടിയ പരാതികളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി നടപടികള്‍ സ്വീകരിച്ചതിന്റെ വൈരാഗ്യത്തിന്റെ പുറത്താണ് ഇല്ലാത്ത ലൈംഗികാരോപണങ്ങള്‍ തങ്ങള്‍ക്കെതിരേ ഉന്നയിക്കുന്നതെന്നും എംഡി ജയകുമാറും എബിനും പറയുന്നു. തങ്ങളുടെ നിരപരാധിത്വം തെളിയിക്കാനും പരാതിക്കാരിയുടെ യഥാര്‍ത്ഥമുഖം വ്യക്തമാക്കുന്നതിനും ഉതകുന്ന രേഖകളും തെളിവുകളും തങ്ങളുടെ പക്കല്‍ ഉണ്ടെന്നും ഇവര്‍ പറയുന്നു. പ്രസ്തുത പരാതിക്കാരിക്കെതിരായി സിഡ്‌കോയ്ക്ക് എഴുതി കിട്ടിയ പരാതിയുടെ അടക്കം അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരേ വിശദമായൊരു അന്വേഷണത്തിന് ഉത്തരവ് ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. കൂടാതെ സര്‍ക്കാരില്‍ നിന്നും ഇവര്‍ക്കെതിരേ നടത്തുന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് രണ്ട് തവണ കത്ത് വരികയുണ്ടായി. സിഡ്‌കോ മുന്‍ എംഡിക്കെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ വിജിലന്‍സ് മേധാവി തന്നെ ഈ പരാതിക്കാരിയെ അന്നവര്‍ വഹിച്ചിരുന്ന പദവിയില്‍ നിന്നും മറ്റൊന്നിലേക്ക് മാറ്റണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളതുമാണ്. ഈ പരാതിക്കാരിക്കെതിരെയുള്ള പരാതികളുടെ എല്ലാം അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ നിന്നും അവരെ ആര്‍എമ്മിലേക്ക് മാറ്റുന്നത്. യഥാര്‍ത്ഥത്തില്‍ അവരെ ട്രാന്‍സ്ഫര്‍ ചെയ്യുകയല്ല, ഒരു ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും മറ്റൊന്നിലേക്ക് മാറ്റുക മാത്രമാണ് ചെയ്തത്.
ഇവരെ നിരന്തരം ട്രാന്‍സ്ഫര്‍ ചെയ്ത് ഉപദ്രവിക്കുന്നു എന്നുള്ള ആരോപണവും തെറ്റാണ്. സ്വന്തം ആവശ്യപ്രകാരവും അന്വേഷണങ്ങളുടെ ഭാഗമായും സര്‍ക്കാര്‍ തീരുമാനപ്രകാരവും ഒക്കെയാണ് ട്രാന്‍സ്ഫറുകള്‍ നല്‍കിയിട്ടുള്ളത്. ഒരു കാരണവുമില്ലാതെ അവരെ ഇതുവരെ ട്രാന്‍സ്ഫര്‍ ചെയ്തിട്ടുമില്ല. ട്രാന്‍സ്ഫര്‍ സംബന്ധമായി ഹൈക്കോടതിയില്‍ ഇവര്‍ നല്‍കിയെന്നു പറയുന്ന ഹര്‍ജിയില്‍ ഇപ്പോള്‍ പറയുന്നതരത്തിലുള്ള ഒരു ലൈംഗികാരോപണങ്ങളും ഉന്നയിച്ചിട്ടില്ല. സിഡ്‌കോ ഇന്റേണല്‍ കംപ്ലെയ്ന്റ് കമ്മിറ്റിയില്‍ ഇവര്‍ നല്‍കിയ പരാതിയിലും ലൈംഗികാരോപണങ്ങള്‍ ഉന്നയിച്ചിട്ടില്ല. ഇതില്‍ നിന്നെല്ലാം മനസിലാക്കാവുന്നത് അവര്‍ക്കെതിരേ വസ്തുതാപരമായി എടുത്ത നടപടയില്‍ പ്രകോപിതയായി ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് വ്യക്തിഹത്യ നടത്തുകയാണെന്നതാണ്. മാര്‍ക്കറ്റിംഗ് ചുമതലയില്‍ നിന്നും മാറ്റി ഉത്തരവ് നല്‍കിയിട്ടുപോലും പകരം ആള്‍ക്ക് നടപടിപ്രകാരം ചുമതല കൈമാറാന്‍ പോലും തയ്യാറാകാതിരുന്ന വ്യക്തിയാണിവര്‍. 25 മുതല്‍ 28 വരെ അവരെ നേരിലും ഫോണിലും വിളിച്ച് ലൈംഗികാഗ്രഹത്തോടെ സംസാരിച്ചെന്നു പറയുമ്പോള്‍ പോലും 25 ന് ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റിക്ക് നല്‍കിയ പരാതിയില്‍ ഇങ്ങനെയൊരു ആരോപണം അവര്‍ ഉന്നയിച്ചിട്ടുപോലുമില്ല. സിഡ്‌കോയെ തകര്‍ക്കാന്‍ ഉള്ളില്‍ നിന്നു തന്നെ ചിലര്‍ നടത്തിക്കൊണ്ടിരിക്കുന്ന കളികള്‍ക്ക് ഈ പരാതിയും ഉപയോഗപ്പെടുത്തുകയാണെന്നും മാനേജിംഗ് ഡയറക്ടര്‍ ജയകുമാരും എംജിഎം ബിപിനും അഴിമുഖത്തോട് പറയുന്നു.
2018 ജൂലൈ 30-ന് ചാര്‍ജ് കൈമാറാത്താതുമായി ബന്ധപ്പെട്ട് അവരെ ഫോണില്‍ ബന്ധപ്പെട്ടല്ലാതെ താന്‍ അവരെ വ്യക്തിപരമായോ അല്ലാതെയോ വിളിച്ചിട്ടില്ലെന്നു എംജിഎമ്മും താന്‍ ഫോണിലോ നേരിട്ടോ ഈ സ്ത്രീയെ ഏതെങ്കിലും തരത്തില്‍ അവഹേളിക്കുന്നവിധം സംസാരിച്ചിട്ടില്ലെന്ന് എംഡിയും പറയുന്നു. തങ്ങള്‍ ഇത്തരത്തില്‍ പെരുമാറിയെന്നതിന് അവരുടെ പക്കല്‍ തെളിവുണ്ടെങ്കില്‍ അത് കൊണ്ടുവരട്ടെയെന്നും അതേസമയം അവര്‍ക്കെതിരെ തങ്ങള്‍ പറയുന്ന കാര്യങ്ങള്‍ക്കെല്ലാം തെളിവുകള്‍ ഉണ്ടെന്നും ഇരുവരും പറയുന്നു. ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി ചെയര്‍പേഴ്‌സണും പ്രസ്തുത പരാതിക്കാരിയുടെ ലൈംഗികാരോപണങ്ങളുമായി ബന്ധപ്പെട്ട് യാതൊരു പരാതിയും തങ്ങള്‍ക്ക് കിട്ടിയിട്ടില്ലെന്നാണ് അഴിമുഖത്തോട് വ്യക്തമാക്കിയത്.
അയാള്‍ക്ക് വഴങ്ങാതെ എന്നെ ജോലി ചെയ്തു ജീവിക്കാന്‍ സമ്മതിക്കില്ലെന്ന് വ്യക്തമായതോടെയാണ് എല്ലാം തുറന്നു പറയുന്നത്
സിഡ്‌കോ എംഡിയും എംജിഎമ്മും തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ പരാതിക്കാരി അഴിമുഖത്തോട് നടത്തുന്ന വിശദീകരണം ഇങ്ങനെയാണ്; സപ്ലയേഴ്‌സ് എനിക്കെതിരേ പരാതി നല്‍കിയിട്ടുണ്ടെന്ന ആരോപണം തന്നെ തെറ്റാണ്. മാര്‍ക്കറ്റിംഗില്‍ ട്രേഡിംഗ് നടത്തുന്ന സ്പ്ലയേഴ്‌സ് അസോസിയേഷന്‍ രേഖാമൂലം നല്‍കിയിരിക്കുന്ന കത്തില്‍ തന്നെ പറയുന്നുണ്ട്, മാര്‍ക്കറ്റിംഗ് ഓഫിസുമായോ അവിടുത്തെ ഉദ്യോഗസ്ഥരുമായോ ബന്ധപ്പെട്ട് ഇതുവരെ ഒരു പരാതിയും അവര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന്. ഇവര്‍ പറയുന്നത് വ്യവസായ സംരക്ഷണ സമിതി എന്നു പറയുന്ന വ്യവസായ എസ്റ്റേറ്റ് ഭൂമിയുടെ ഇടപാടുമായി നടക്കുന്ന ആള്‍ക്കാരാണ്. അല്ലാതെ മാര്‍ക്കറ്റിംഗില്‍ ബിസിനസ് നടത്തുന്ന സപ്ലയേഴ്‌സിന്റെ അസോസിയേഷന്‍ എനിക്കെതിരെ ഒരു പരാതിയും നല്‍കിയിട്ടില്ല. ഇക്കാര്യം വ്യക്തമാക്കി അസോസിയേഷന്റെ ലെറ്റര്‍ പാഡില്‍ തന്നെയാണ് കത്ത് നല്‍കിയിരിക്കുന്നത്.
ഒരു സ്ത്രീയെന്ന നിലയില്‍ സഹിക്കാവുന്നതിനും അപ്പുറം ഉപദ്രവം ഉണ്ടായതോടെ ഇവര്‍ക്കെതിരേ പരാതി കൊടുത്തതിന്റെ പിന്നാലെയാണ് എനിക്കെതിരേ പല പരാതികളും ഉണ്ടെന്ന ആക്ഷേപവും ഉയര്‍ത്തി ഇവര്‍ രംഗത്ത് വരുന്നത്. ആറു തവണയാണ് എന്നെ വൈരാഗ്യബുദ്ധിയോടെ ട്രാന്‍സ്ഫര്‍ ചെയ്യുന്നത്. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എംഡി ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ വരാന്‍ പറഞ്ഞ് നിര്‍ബന്ധിക്കുകയായിരുന്നു. 24 വര്‍ഷത്തെ സര്‍വീസ് എനിക്ക് സിഡ്‌കോയില്‍ ഉണ്ട്. ഇക്കാലയളവില്‍ ഒരു മെമ്മോ കൊടുക്കേണ്ട സാഹചര്യം പോലും എനിക്കുണ്ടായിട്ടില്ല. ഇതുവരെ എനിക്കെതിരേ ഉണ്ടാകാത്ത പരാതികളാണ് കെ ബി ജയകുമാര്‍ എംഡിയായി വന്നതിനുശേഷം ഉണ്ടാകുന്നത്. ഞാന്‍ എംഡിക്കെതിരേ പരാതി നല്‍കിയതിനു ദിവസങ്ങള്‍ കഴിഞ്ഞാണ് ശരിയായ മേല്‍വിലാസം പോലും ഇല്ലാത്ത, ഊമക്കത്തുകള്‍ പോലുള്ള പരാതികളുമായി എനിക്കെതിരേ വരുന്നത്. മേല്‍വിലാസം ഇല്ലാത്ത പരാതികള്‍ക്ക് നിലനില്‍പ്പില്ലാത്തതുകൊണ്ട് ഇവയുമായി പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ കണ്ടു. അദ്ദേഹം ഒരു കവറിംഗ് ലെറ്റര്‍ വച്ചതോടെ അതിനൊരു അംഗീകരമായി മാറ്റിക്കൊണ്ടാണ് അവ അന്വേഷിക്കാന്‍ കൊടുത്തിരിക്കുന്നത്. ഈ പരാതികളെല്ലാം തന്നെ അവര്‍ എനിക്കെതിരേ മന:പൂര്‍വം പടച്ചുണ്ടാക്കിയവയാണ്. എനിക്കെതിരേ വിജിലന്‍സ് അന്വേഷണം നടന്നെന്നും വിജിലന്‍സ് മേധാവി എനിക്കെതിരേ നടപടിയെടുക്കണം എന്നു പറഞ്ഞതായും ഉള്ള ആക്ഷേപങ്ങളും ശരിയല്ല. മുന്‍ എംഡി സജീര്‍ ബഷീറിനെതിരേ വിജിലന്‍സ് അന്വേഷണം നടക്കുമ്പോള്‍ അന്വേഷണകാലയളവില്‍ എന്നെ ആ ഓഫിസില്‍ നിന്നും മാറ്റിനിര്‍ത്തണമെന്നുമാത്രമാണ് വിജിലന്‍സ് ആവശ്യപ്പെട്ടത്. ആ കേസുമായി എനിക്ക് എന്തെങ്കിലും ബന്ധമുണ്ടെന്ന് വിജിലന്‍സ് പറഞ്ഞിട്ടില്ല. എന്റെ സഹോദരനും ആ കേസില്‍ ഉള്‍പ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എന്റെ ഭാഗത്തു നിന്നും യാതൊരുവിധ ഇടപെടലും കേസില്‍ ഉണ്ടാകാതിരിക്കാനായിരിക്കാം വിജിലന്‍സ് അങ്ങനെ പറഞ്ഞത്. എസ്റ്റേറ്റ് ഭൂമിയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന വ്യവസായികളെ ഉപയോഗിച്ച് എനിക്കെതിരെ ഉണ്ടാക്കിയിരിക്കുന്ന വ്യാജപരാതികളാണ് ഇപ്പോള്‍ അവര്‍ എനിക്കെതിരേ ഉന്നയിക്കുന്ന ആരോപണങ്ങള്‍. ഞാനുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ഒരു വ്യവസായിയും ഒരു പരാതിയും ഇതുവരെ ഉന്നയിച്ചിട്ടില്ല. കൃത്യമായ അഡ്രസ്സോ രജിസ്‌ട്രേഷനോ പോലുമില്ലാത്ത ഒന്നാണ് എനിക്കെതിരേ പരാതി നല്‍കിയെന്നു പറയുന്ന വ്യവസായ സംരക്ഷണ സമിതി.
പൊലീസ് എഫ് ഐ ആറില്‍ സംഭവിച്ച പിശകാണ് 2018 ജൂലൈ 25 മുതല്‍ ജൂലൈ 28 വരെ എന്ന സമയത്ത് തന്നെ ശല്യപ്പെടുത്തിയെന്നത്. 2017 ഏപ്രില്‍ മുതല്‍ 2018 ജലൈ 28 വരെ തന്നെ നേരിട്ടും ഫോണിലൂടെയും കീഴുദ്യോഗസ്ഥന്‍ മുഖേനയും തന്നെ ലൈംഗികമായി കീഴ്‌പ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തിയെന്നാണ് താന്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞത്. എഫ് ഐ ആറില്‍ ഈ സമയം ഉള്‍പ്പെടുത്തിയതില്‍ പിഴവ് സംഭവിക്കുകയായിരുന്നു. ഈ പിഴവ് തിരുത്തി യഥാര്‍ത്ഥ സമയം തന്നെ ഉള്‍പ്പെടുത്തി അഡീഷണല്‍ എഫ് ഐ ആര്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ടെന്നും പരാതിക്കാരി അഴിമുഖത്തോട് വ്യക്തമാക്കുന്നു.
24 വര്‍ഷത്തെ സര്‍വീസിനുള്ളില്‍ പലതവണ ഗുഡ് സര്‍വീസ് എന്‍ട്രികള്‍ കിട്ടിയിട്ടുള്ള ഒരാളായ, ഇതുവരെ ഒരു മെമ്മോ പോലും കിട്ടിയിട്ടില്ലാത്ത എനിക്ക് ജയകുമാര്‍ എംഡിയായി വന്നശേഷം ഇത്തരം ആരോപണങ്ങള്‍ നേരിടേണ്ടി വരുന്നുണ്ടെങ്കില്‍ അത് ബോധപൂര്‍വം ഉണ്ടാക്കുന്നവയാണ്. എനിക്ക് ട്രാന്‍സ്ഫര്‍ നല്‍കിയിട്ടില്ലെന്നാണല്ലോ അവര്‍ പറയുന്നത്. പിന്നെ എന്തിനാണ് ഒലവക്കോട് സെന്ററില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ഈ ഓഫീസ് പുതിയപരിയാരത്ത് സ്ഥിതി ചെയ്യുന്ന 28 ഏക്കറിനുള്ളില്‍ ഇരിക്കുന്ന ഒരു ഇടിഞ്ഞുപൊളിഞ്ഞ ഗോഡൗണിന്റെ ഉള്ളിലേക്ക് മാറ്റിയത്? മേല്‍ക്കൂര ഇടിഞ്ഞു വീഴാറായ അവസ്ഥയാണ്. 28-ആം തീയതി എംഡി ഇറക്കിയ ഉത്തരവിലാണ് പറയുന്നത് ഒലവക്കോട് സെന്ററില്‍ പ്രവര്‍ത്തിച്ചുപോന്ന ആര്‍എം ഡിപ്പോയുടെ ഓഫിസ് ഈ ഗോഡൗണിലേക്ക് മാറ്റുന്നുവെന്ന്. കമ്പ്യൂട്ടറും അലമാരയുമൊക്കെ എടുത്തുകൊണ്ട് അങ്ങോട്ട് പോയ്‌ക്കോളാനാണ് പറഞ്ഞത്. ഇത്തരമൊരു പ്രവര്‍ത്തി അവരുടെ ഭാഗത്തു നിന്നും ഉണ്ടായപ്പോള്‍ ഞാന്‍ കൊടുത്ത മറുപടിയില്‍ പറയുന്നുണ്ട്, നിങ്ങള്‍ക്ക് എന്റെ സുരക്ഷിതത്വം ഒരു വിഷയമല്ലെങ്കില്‍ എനിക്കും എന്റെ കുടുംബത്തിനും അത് ആവശ്യമായതുകൊണ്ട് ഞാന്‍ മാറാന്‍ തയ്യാറല്ലെന്ന്. ഇതാണ് ഞാന്‍ ചാര്‍ജ് കൈമാറാന്‍ മന:പൂര്‍വം തയ്യാറായില്ലെന്ന നിലയില്‍ ഉയര്‍ത്തുന്ന ആക്ഷേപം. ട്രാന്‍സ്ഫറിനെതിരേ ഞാന്‍ ഹൈക്കോടതിയില്‍ ചലഞ്ച് ചെയ്യ്തിരിക്കുന്ന സമയത്താണ് ഈ ഓഫീസ് മാറ്റം നടക്കുന്നതും. എന്നോട് അവിടെ പോയിരിക്ക്, ഞാനങ്ങോട്ട് വരാം എന്നാണ് എംഡി എന്നോട് പറഞ്ഞിട്ടുള്ളത്. ഞാന്‍ അങ്ങോട്ട് പോയില്ല, എന്റെ വീട്ടിലേക്കാണ് പോയത്. അതോടെയാണ് എനിക്ക് മനസിലായത് എന്നെ ജോലി ചെയ്ത് ജീവിക്കാന്‍ ഇവര്‍ സമ്മതിക്കില്ലെന്നത്. അതിനു ശേഷമാണ് എല്ലാക്കാര്യങ്ങളും തുറന്ന് പറഞ്ഞ് ഞാന്‍ പരാതി നല്‍കുന്നത്.
ഇന്റേണല്‍ കമ്മിറ്റിക്ക് നല്‍കിയ പരാതിയില്‍ ലൈംഗികാതിക്രമത്തെ കുറിച്ച് പറയുന്നില്ലെന്ന ആക്ഷേപത്തിലും എനിക്ക് മറുപടിയുണ്ട്. എംഡിയെ പോലൊരാളോട് കലഹിച്ച് ഒരു സ്ത്രീയായ എനിക്ക് മുന്നോട്ട് പോകാന്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ട് എല്ലാക്കാര്യങ്ങളും തുറന്ന് പറയാന്‍ മടിച്ചു. എന്നാല്‍ ആ ഓഫീസ് മാറ്റം കൂടി കഴിഞ്ഞതോടെ ഇനിയും സഹിക്കുന്നതില്‍ കാര്യമില്ലെന്ന് മനസിലായി. അങ്ങനെയാണ് എല്ലാം തുറന്ന് പറയുന്നത്. ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റിയോട് ഞാന്‍ ഇക്കാര്യങ്ങളെല്ലാം പറഞ്ഞിട്ടില്ലെന്നു പറയുമ്പോഴും ഞാനവരോട് വ്യക്തമാക്കിയതാണ് എനിക്ക് വ്യക്തിപരമായ ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന്. അതനുസരിച്ച് അവരെന്നെ ചര്‍ച്ചയ്ക്ക് വിളിക്കേണ്ടതാണ്. ആ സമയത്ത് സ്ത്രീകളായവരോട് ഇക്കാര്യങ്ങള്‍ എല്ലാം വ്യക്തമാക്കാമെന്നും ആഗ്രഹിച്ചതാണ്. പക്ഷേ, അതിനുള്ള അവസരം എനിക്ക് കിട്ടിയില്ല. എംഡിയുടെ കീഴില്‍ നില്‍ക്കുന്നവരാണല്ലോ ആ കമ്മിറ്റിയിലും ഉള്ളത്. എംഡിയുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങാതെ എന്നെ ജോലി ചെയ്ത് ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഉറപ്പായതോടെയാണ് എല്ലാം തുറന്ന് പറഞ്ഞ് രംഗത്തുവരാന്‍ ഞാന്‍ തയ്യാറായതും. ഇക്കാര്യത്തില്‍ എനിക്ക് നീതിയാണ് വേണ്ടത്”, അവര്‍ പറയുന്നു.