UPDATES

സൈമണ്‍ ബ്രിട്ടോ/അഭിമുഖം: അഭിമന്യുവിന്റെ കൊലപാതകം ഒരു രാഷ്ട്രീയ പ്രശ്‌നമല്ല, സാമൂഹിക പ്രശ്‌നമാണ്

അഭിമന്യുവിന്റെ കൊലപാതകം രാഷ്ട്രീയമല്ല എന്നു പറയാന്‍ കാരണമുണ്ട്. കാമ്പസ് ഫ്രണ്ട് എന്നത് ഒരു പൊളിറ്റിക്കല്‍ ഓര്‍ഗനൈസേഷന്‍ അല്ല, അതൊരു റിലീജിയസ് ഓര്‍ഗനൈസേഷന്‍ ആണ്

മഹാരാജാസ് കോളേജില്‍ അരും കൊലയ്ക്ക് ഇരയായ എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ രക്തസാക്ഷിത്വത്തെ കേരള പൊതുസമൂഹം എങ്ങനെയാണ് നോക്കി കണ്ടത്? നിഷ്പക്ഷര്‍ എന്നും സാധാരണക്കാരെന്നും പറയുന്നവര്‍ ‘പോയപ്പോള്‍ ആര്‍ക്കുപോയി, അവന്റെ അച്ഛനും അമ്മയ്ക്കും പോയി’ എന്ന് സഹതപിച്ചൂ. വലതുപക്ഷ രാഷ്ട്രീയക്കാര്‍ അഭിമന്യുവിനെ എസ് എഫ് ഐ കുരുതി കൊടുത്തെന്നു കുറ്റപ്പെടുത്തി. ഇരുപത് വയസുള്ള ഒരു ചെറുപ്പക്കാരനെ അവന്റെ രാഷ്ട്രീയത്തിന്റെ പേരില്‍, വിശ്വസിച്ച ആശയങ്ങളുടെ പേരില്‍, കൊണ്ടു നടന്ന നിലപാടുകളുടെ പേരില്‍ ആസൂത്രിതമായി കൊല ചെയ്തപ്പോള്‍ സമൂഹത്തിന്റെ പ്രതികരണം ഇത്തരത്തില്‍ ആയിരുന്നോ വേണ്ടിയിരുന്നത്? അഭിമന്യുവിന്റെ രക്തസാക്ഷിത്വത്തിന് അത്ര ഗൗരവമേ കൊടുക്കേണ്ടതുള്ളോ? അല്ല… അങ്ങനെയാകരുത് എന്നാണ് സൈമണ്‍ ബ്രിട്ടോ പറയുന്നത്. കേരളത്തിന് മനസിലാക്കാന്‍ ഒരു മുഖവുരയുടേയോ വിശദീകരണത്തിന്റെയോ ആവശ്യമില്ലാത്ത സൈമണ്‍ ബ്രിട്ടോ, എന്തു കൊണ്ട് അഭിമന്യുവിന്റെ കൊലപാതകത്തെ സമൂഹം ഗൗരവത്തോടെ കാണണം, ചര്‍ച്ച ചെയ്യണം, പാഠങ്ങള്‍ മനസിലാക്കണം എന്ന് വിശദീകരിക്കുകയാണ്…

‘അച്ഛനും അമ്മയ്ക്കും നഷ്ടപ്പെട്ടു’, ‘ഇനിയിങ്ങനെയൊന്നും ഉണ്ടാകരുത്’ ഇത്തരം വാക്കുകളില്‍ ചില അപകടങ്ങള്‍ ഉണ്ട്. അച്ഛനും അമ്മയ്ക്കും നഷ്ടപ്പെട്ടു, എനിക്ക് നഷ്ടപ്പെട്ടില്ല. സോ ആയാം ഹാപ്പി; എന്നാണവരുടെ ചിന്ത. അവന്‍ തന്റെ മകനാണെന്ന് എന്നാണ് മലയാളി തിരിച്ചറിയുന്നത്, അതല്ലെങ്കില്‍ ആ അവസ്ഥയിലേക്ക് വരുന്നത് വരെ ഈ കൊലപാതകങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കും.

അഭിമന്യു കൊല്ലപ്പെട്ടു. ഇതിനു മുമ്പും പല കൊലപാതകങ്ങള്‍ നടന്നു. മഹാരാജാസില്‍ വച്ച് തോമസ് ഐസക്കിനെ കൊല്ലാന്‍ ശ്രമിച്ചു. പകരം മുത്തുക്കോയ കൊല്ലപ്പെട്ടു. വലിയ പ്രമാദമായ സംഭവം. അതെങ്ങനെ കഴിഞ്ഞു. മഹാരാജാസില്‍ ഞങ്ങളുടെ കാലത്ത് ഉണ്ണികൃഷ്ണന് കുത്തുകൊണ്ടു. മരിച്ചില്ല, വയറിനായിരുന്നു, ഞാന്‍ നോക്കി നില്‍ക്കുമ്പോഴായിരുന്നു കുത്തിയത്. അതും അങ്ങനെ കഴിഞ്ഞു. മയക്കുമരുന്നമായി വന്നത് ചോദ്യം ചെയ്തതിന് ഒരു എസ്എഫ്ഐക്കാരനെ അവിടെയിട്ട് കുത്തി. മാരകമായിരുന്നു മുറിവെങ്കിലും രക്ഷപ്പെട്ടു. കാമ്പസ് കൊലപാതകങ്ങള്‍ കുറച്ച് കാലമായിട്ട് ഇല്ലായിരുന്നു. അത് വീണ്ടും തുടങ്ങിയിരിക്കുകയാണ്. ആദ്യ കാലഘട്ടത്തിലെ സംഭവങ്ങളുടെ സ്വഭാവം എന്തായിരുന്നുവെന്നു വച്ചാല്‍ രണ്ടു സംഘടനകളും അങ്ങോട്ടും ഇങ്ങോട്ടും മാറ്റുരയ്ക്കും. ബലാബലം പിടിക്കുമ്പോള്‍ സംഘര്‍ഷം ഉണ്ടാകും. അതിന്റെ അടിസ്ഥാനം അതായിരുന്നു. അത് പിന്നീട് അവസാനിച്ചു. അത് അവസാനിച്ചപ്പോഴായിരുന്നു കലാലയ രാഷ്ട്രീയ നിരോധനം വന്നത്. നിരോധനം വന്നതോടെ വര്‍ഗീയ ശക്തികള്‍ കേരളത്തിലെ കാമ്പസുകളില്‍ മുഴുവന്‍ പ്രബലമായി. അതിന്റെയൊരു ഉത്പന്നമാണ് ക്യാമ്പസ് ഫ്രണ്ട്. 2009 ല്‍ രൂപീകരിച്ച കാമ്പസ് ഫ്രണ്ടിന്റെ നാലാമത്തെ കൊലപാതകമാണിത്. അഭിമന്യുവിനെ കൊന്നശേഷം അവര്‍ ചാനല്‍ ചര്‍ച്ചകളില്‍ പറയുന്നതു കേട്ടു, കോടതിയില്‍ തെളിയിക്കട്ടെ എന്ന്. കോടതിയില്‍ തെളിവുകളാണ് വേണ്ടത്. എന്നെ കുത്തിയത് 1981 ഒക്ടോബര്‍ മാസം 14 ാം തീയതിയാണ്. കുത്തിയ ആളെ ഞാന്‍ നേരിട്ട് കണ്ടതാണ്. എഫ് ഐ ആര്‍ തെറ്റിച്ച് എഴുതി, ശിക്ഷിച്ചില്ല. ഞാന്‍ ശിക്ഷിക്കണമെന്നോ വേണ്ടന്നോ ഒന്നും പറയാന്‍ പോയില്ല. എന്നെ കുത്തിയ ആളെ ശിക്ഷിക്കണമായിരുന്നുവെന്ന് ഞാന്‍ പറയുന്നില്ല. ഞാന്‍ അത് അപ്പോള്‍ തന്നെ വിട്ടു. എനിക്കവന്‍ ശിക്ഷിക്കപ്പെട്ട് കാണണമെന്ന് പറഞ്ഞിട്ടില്ല. പക്ഷേ അവന്‍ രക്ഷപ്പെട്ടു. ഞാന്‍ പറഞ്ഞിട്ടല്ലല്ലോ രക്ഷപ്പെട്ടത്.

Also Read: പോപ്പുലര്‍ ഫ്രണ്ട് ഒരു ചെറിയ മീനല്ല; പിന്നില്‍ അക്രമികളെങ്കില്‍ മുന്നിലുള്ളത് ക്രീമിലെയര്‍ ബുദ്ധിജീവികളാണ്

ഞാന്‍ എസ്എഫ്ഐയെ ന്യായീകരിച്ച് മാത്രം സംസാരിക്കുന്നു, കാമ്പസ് ഫ്രണ്ടിനെ കുറ്റപ്പെടുത്തുന്നു എന്നൊന്നും കരുതണ്ട. ഞാന്‍ സാമൂഹികമായാണ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നത്. എന്താണ് ഒരു കൊലപാതകം? ഒരു കൊലപാതകം എന്നാല്‍ അത് സമൂഹത്തിന്റെ നഷ്ടമാണ്. ആ ഒരു സാമൂഹ്യബോധത്തിലേക്ക് നമ്മുടെ സമൂഹം ഉണര്‍ന്നാല്‍ മാത്രമെ ഈ അക്രമങ്ങള്‍ അവസാനിക്കൂ. അതുകൊണ്ട് മാത്രമെ ഈ ആധുനിക കാലത്ത് കേരളത്തിനും ഇന്ത്യക്കും മുന്നോട്ടു പോകാന്‍ കഴിയുള്ളൂ.

എന്റെ മകന്‍ മരിക്കുമ്പോള്‍ എനിക്ക് ദുഖം, അപരന്റെ മകന്‍ മരിക്കുമ്പോള്‍ എനിക്കൊന്നും തോന്നില്ല; നാം എപ്പോഴും പറയും ജനാധിപത്യ രാഷ്ട്രം; ജനാധിപത്യം വരണ്ടേ? നമ്മളെപ്പോഴും ഹ്യൂമനിസത്തെ കുറിച്ച് പറയും. എന്താണ് ഹ്യൂമനിസം? നമ്മള്‍ പറയും സെക്യൂലറിസം, എല്ലാ മതങ്ങളെയും കെട്ടഴിച്ച് വിടുന്നതാണോ സെക്യുലറിസം? മത്സരിച്ച് നന്മ ചെയ്യണമെന്നാണ് ഖുറാന്‍ പറഞ്ഞിരിക്കുന്നത്. നന്മയുടെ അടയാളമായി മതം മാറാതിരിക്കുമ്പോള്‍ നമ്മള്‍ അതിനെ ചോദ്യം ചെയ്യണം.

അഭിമന്യുവുമായി എനിക്ക് വലിയ ആത്മബന്ധം ഉണ്ട്. അത് മാറ്റിവച്ച് പറയാം. ആ കുട്ടിയെ കൊന്നത് എങ്ങനെയാണ്, അതിന്റെ മെത്തേഡ് എങ്ങനെയായിരുന്നു. സംഘം ചേര്‍ന്നു വരിക. നേരത്തെ എന്‍ഡിഎഫ്, അതുപോലുള്ള സംഘടനകളുടെ കൊലയാളികള്‍ ബൈക്കിലും മറ്റും വന്ന് കുത്തിയിട്ട് പോകുകയായിരുന്നു. അതിനുശേഷം ഇപ്പോള്‍ സംഘം ചേര്‍ന്നു വരികയാണ്. ഒരു പോസ്റ്റര്‍ ഒട്ടിച്ചതിനാണ് ഇവര്‍ നേരത്തെ ഒരു എബിവിപി പ്രവര്‍ത്തകനെ കൊന്നത്. പോസ്റ്റര്‍ ഒട്ടിച്ചാല്‍ കൊല്ലും എന്ന അവസ്ഥ കേരളത്തില്‍ വന്നു എന്നുള്ളതാണ് നാം മനസിലാക്കേണ്ടത്. അതൊക്കെ കൊണ്ടു തന്നെയാണ് ഞാന്‍ പറയുന്നത്, അഭിമന്യുവിന്റെ കൊലപാതകം ഒരു രാഷ്ട്രീയ വിഷയമല്ല, സാമൂഹിക വിഷയമാണ്. പോസ്റ്റര്‍ ഒട്ടിക്കുന്നതുമൊക്കെയായി ബന്ധപ്പെട്ട് ഈ കേരളം മുഴുവന്‍ തര്‍ക്കങ്ങള്‍ നടക്കുന്നുണ്ട്. ഞങ്ങളൊക്കെ തന്നെ എത്രയെണ്ണത്തില്‍ ബന്ധപ്പെട്ടിട്ടുണ്ട്. അതിന്റെ പേരില്‍ കൊല്ലപ്പെടുമായിരുന്നെങ്കില്‍ ഞാനൊന്നും ഇന്ന് ജീവിച്ചിരിക്കില്ലല്ലോ. അന്നങ്ങനെയൊന്നും നടന്നിരുന്നില്ല. പക്ഷേ, ആ അവസ്ഥ മാറി. ആ മാറ്റം കേരള സമൂഹത്തിന്റെ മാറ്റമാണ്. ഇവിടെയെല്ലാം ഒരു സെന്‍സിറ്റീവ് വാര്‍ത്തയായിട്ട് മാറുന്നു. രണ്ട് ദിവസം കഴിഞ്ഞാല്‍ അത് തീരും. മലയാളി മറക്കും. അവന്റെതായ ഇടങ്ങളിലേക്ക് പോകും.

നമുക്കിത് വിചിന്തനത്തിന്റെ കാലമാക്കണം. രാഷ്ട്രീയ വിചിന്തനം മാത്രമല്ല, സമൂഹിക വിചിന്തനത്തിന്റെയും. അതില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് പങ്കുണ്ട്, മതങ്ങള്‍ക്ക് പങ്കുണ്ട്. മതങ്ങളും വിചിന്തനം നടത്തണം. കുമ്പസാര രഹസ്യം പരമരഹസ്യമാണെന്നു പറയുമ്പോള്‍ കുമ്പാസരം കേട്ടിട്ട് നീ എനിക്കും വഴങ്ങണം എന്നു പറയുകയാണ് വികാരിമാര്‍. ഒറ്റപ്പെട്ട സംഭവമായി പറയുമായിരിക്കും, എന്നാലും ധാര്‍മികതയുടെ അടിത്തറ ഇളക്കാന്‍ അതുപോരേ? കൊച്ചു കുട്ടികളേയും സ്ത്രീകളേയും പീഡിപ്പിക്കുന്നു. ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയും പ്രേമിച്ച് വിവാഹം ചെയ്തപ്പോള്‍ അതിലെ ആണ്‍കുട്ടിയെ എത്ര എളുപ്പമാണ് കൊന്നു കളഞ്ഞത്. നമ്മളെല്ലാം ഉറങ്ങിക്കൊണ്ടിരിക്കുകയാണ്.

സോഷ്യല്‍ മീഡിയയുടെയും സെല്‍ഫിയുടെയുമൊക്കെ കാലമാണിത്. സെല്‍ഫി എന്നാല്‍ ‘അഡ്രസിംഗ് മൈ സെല്‍ഫ്’ എന്നാണ്. ‘ഞാന്‍’ ആണതില്‍ ഫസ്റ്റ് പേഴ്‌സണ്‍. നമ്മുടെ കവിതകള്‍ നോക്കൂ, അതിലെല്ലാം കാണുന്നത് സിംഗിള്‍ പേഴ്‌സനെയാണ്. അപരനില്ല. പണ്ട് അവനവനും അല്ലാത്തവനും ഉണ്ടായിരുന്നു. മണിമുഴക്കം, മരണദിനത്തിന്‍ മണിമുഴക്കം, മധുരം മനോഹരം… അത് ആത്മനിഷ്ഠയുടെ കവിതയാണ്. മാറ്റുവിന്‍ ചട്ടങ്ങളേ… അത് സമൂഹത്തോടാണ്. പള്ളിയില്‍ ദൈവമില്ലമ്പലത്തിലും, കള്ളങ്ങള്‍ നിങ്ങള്‍ക്ക് കണ്ണുകെട്ടി… ചങ്ങമ്പുഴയുടെ വരികളാണ്. മറിയമേ നിന്റെ തിരുമുറിവുകളൊക്കെയും ഉരുകിയുരുകി തീരുമീ മെഴുകുതിരി… ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതയാണ്. നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടുകൊന്നില്ലേ… കടമ്മനിട്ടയുടെ വരികള്‍… ഇതെല്ലാം സമൂഹത്തോടുള്ള ചോദ്യങ്ങളാണ്. ഇന്നാ സമൂഹം മാറിക്കഴിഞ്ഞൂ. അവിടെയാണ് ഒരു പുനര്‍ വിചിന്തനത്തിന്റെ ആവശ്യം വരുന്നത്. ഓരോരോ വാര്‍ത്തകളായി മാത്രം മാറരുത് ഒന്നും. പൊലീസ് ഒരാളെ കൊണ്ടു പോയി അടിക്കുന്നു, മരിക്കുന്നു, കുറച്ച് ദിവസത്തേക്ക് വാര്‍ത്ത, അതു കഴിഞ്ഞാല്‍ തീര്‍ന്നു. കാരണം അതൊന്നും നമ്മളെ ബാധിക്കുന്നില്ല.

Also Read: ഈ വീട് കണ്ടോ? ഇതായിരുന്നു അഭിമന്യുവിന്റെ വീട്…

അഭിമന്യുവിന്റെ കൊലപാതകം രാഷ്ട്രീയമല്ല എന്നു പറയാന്‍ കാരണമുണ്ട്. കാമ്പസ് ഫ്രണ്ട് എന്നത് ഒരു പൊളിറ്റിക്കല്‍ ഓര്‍ഗനൈസേഷന്‍ അല്ല, അതൊരു റിലീജിയസ് ഓര്‍ഗനൈസേഷന്‍ ആണ്. അവര്‍ പറയുന്നത് ഞങ്ങള്‍ ദളിതന്റെ കൂടെയാണ്, സമൂഹത്തിന്റെ മാറ്റമാണ് ആഗ്രഹിക്കുന്നതെന്നൊക്കെയാണ്. ഇടതുപക്ഷാഭിമുഖ്യമുള്ളവരെപോലും ആകര്‍ഷിക്കുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങളാണ് അവര്‍ പറയുന്നത്. എന്ത് മാറ്റമാണ് അവര്‍ ആഗ്രഹിക്കുന്നത്? ഇസ്ലാമിക് സ്റ്റേറ്റ് അംഗങ്ങളെ റിക്രൂട്ട് ചെയ്തപ്പോള്‍ അതില്‍ കേരളത്തില്‍ നിന്നും ആളുകളുണ്ടായിരുന്നു. ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയില്‍ മരിച്ചു വീണ തീവ്രവാദികളിലും കേരളത്തില്‍ നിന്നുള്ളവരുണ്ടായിരുന്നു. തീവ്രവാദികള്‍ ഇവിടെ നിന്നും റിക്രൂട്ട്‌മെന്റ് വഴി അങ്ങോട്ട് പോവുകയാണ്. ഇത്തരം ഓര്‍ഗനൈസേഷന്റെ പല മാസ്റ്റര്‍ ബ്രെയിനുകളും ഇവിടെയുണ്ട്. ഇതാണ് കേരളത്തിന്റെ സ്‌ഫോടനാത്കമായിട്ടുള്ള മാറ്റം. അതുകൊണ്ടാണ് ഞാന്‍ പറയുന്നത് നമ്മള്‍ പുനര്‍വിചിന്തനം നടത്തണം.

മലയാളിയുടെ മൈന്‍ഡ് സെറ്റ് എന്നത് ഈസി ആക്‌സെപ്റ്റബിള്‍ ആണ്. ഞാന്‍ ഒന്നിനും റിസ്‌ക് എടുക്കാന്‍ തയ്യാറല്ല. റിസ്‌ക് എടുക്കണ്ട, പകരം ഒരു പൊതു ധാര്‍മിക ബോധം രൂപപ്പെടുത്തിക്കൂടേ? സോഷ്യല്‍ മീഡിയയ്ക്ക് അതില്‍ വലിയൊരു പങ്ക് വഹിക്കാം. ഞാന്‍ ആത്മഹത്യ ചെയ്യുന്നത് എന്റെ മനസാണ് തീരുമാനിക്കുന്നത്. ഞാന്‍ കൊല്ലുന്നതും ഒരു മനസാണ്. അഭിമന്യുവിനെ കൊന്നത് ഒരു കൈയാണെങ്കിലും അതിലൊരു മനസ് വേണം. ഇതൊരു സൈക്കിക് കണ്ടീഷന്‍ ആണ്. മനസിന്റെ ശാസ്ത്രമാണ് ബുദ്ധന്‍ പറഞ്ഞത്; ഇറ്റ് വില്‍ കം ആന്‍ഡ് ഗോ. നമുക്ക് അങ്ങനെ കാണാന്‍ കഴിയുന്നില്ല. വരുന്നുമില്ല പോകുന്നുമില്ല. എല്ലാം തന്നെ പകയുടെ പണിശാലയായി മാറ്റിയിരിക്കുകയാണ് മലയാളി. അതാണ് ഞാന്‍ പറയുന്നത്, സോഷ്യല്‍ മീഡിയ, ദേ കാന്‍ ക്രിയേറ്റ് എ മൈന്‍ഡ്. സമൂഹ്യപരതയുടെ ഒരു മനസിനെ ക്രിയേറ്റ് ചെയ്യാനായിട്ട് സോഷ്യല്‍ മീഡിയയ്ക്ക് കഴിയും. വാട്‌സ് ആപ്പിനും കഴിയും. വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ക്ക് ചര്‍ച്ച ചെയ്യാലോ. ചെറിയ ചെറിയ കൂട്ടായ്മകള്‍ ഉണ്ടാക്കി കൊണ്ട് ചര്‍ച്ചകള്‍ നടത്തണം. എന്തുകൊണ്ട് അതൊന്നും നടക്കുന്നില്ല. അവര്‍ക്കത് അറിയില്ല. അപ്പോള്‍ അത് ചൂണ്ടിക്കാണിക്കണം. എനിക്ക് ചൂണ്ടിക്കാണിക്കാനേ കഴിയുള്ളൂ.

കേരളം ഇങ്ങനെയായിരുന്നില്ല. നമ്മള്‍ നവോത്ഥാനത്തെ കുറിച്ച് പറയും, ആരുടെ മനസില്‍ ഇന്ന് നവോഥാനം ഉണ്ട്? തീവ്ര ദളിത് പക്ഷമുണ്ട്. തീവ്ര ഇടതുപക്ഷമുണ്ട്. നമ്മള്‍ ഇപ്പോള്‍ എതിര്‍ക്കേണ്ടത് ക്രിമിനാലിറ്റിയെയാണ്. അതെവിടെ കണ്ടാലും രാഷ്ട്രീയ-മത-ജാതി ഭേദമില്ലാതെ എതിര്‍ക്കാന്‍ ഇനി കഴിഞ്ഞില്ലെങ്കില്‍ അടുത്ത കൊലപാതകത്തിനു വേണ്ടി നമുക്ക് കാത്തിരിക്കാം. ഓരോ കൊലപാതകങ്ങളും ഓരോ ആഘോഷങ്ങളാക്കി മാറ്റുകയാണ്. ഒരു കൊലപാതകം നടക്കുമ്പോള്‍ നമുക്കൊരു ഹര്‍ത്താല്‍ കിട്ടുന്നു. നമുക്കൊരു കുപ്പി വാങ്ങിക്കാം, നമുക്ക് ആഘോഷിക്കാം. ഈ ചിന്താഗതി അപകടമാണ്.

എന്റെ വീടിന്റെ മുന്നിലൊരു കിളിക്കൂടുണ്ട്. അതിലെ കുഞ്ഞുങ്ങളെ നോക്കാന്‍ അമ്മ വരാറുണ്ട്. അത് പ്രകൃതിയുടെ നിയമമാണ്. ഞാന്‍ മാത്രമല്ല ഭൂമിയില്‍. ഞാന്‍ മാത്രം ജീവിക്കണമെന്ന് തോന്നിയാല്‍ പരസ്പരം വെട്ടിക്കൊല്ലും. പ്രകൃതിക്ക് ഒരു നിയമമുണ്ട്. അത് ബാലന്‍സിംഗ് ആയൊരു ജീവിതമാണ്. അത് മലയാളിക്ക് നഷ്ടപ്പെട്ടു എന്നതാണ് അഭിമന്യുവിന്റെ കൊലപാതകം പഠിപ്പിക്കുന്നത്. അഭിമന്യുവിന്റെ കൊലപാതകം ഒരു സമൂഹിക പ്രശ്‌നമാണ്, അതൊരു മാനസിക പ്രശ്‌നമാണ്. ഏറ്റവും കൂടുതല്‍ ആത്മഹത്യ നടക്കുന്ന സംസ്ഥാനം കേരളം അല്ലേ. ഈ നാട്ടില്‍ കൊലപാതകങ്ങള്‍ പെരുകുന്നില്ലേ… കുട്ടികളേയും സ്ത്രീകളേയും പീഡിപ്പിക്കുന്നില്ലേ? സ്ത്രീകള്‍ സുരക്ഷിതരാണോ?

മഹാരാജാസ് കോളേജിലെ ഒരു അധ്യാപിക അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ചോദിച്ചത്, എന്തിനാണ് അവന്‍ രാത്രിയില്‍ അവിടെ പോയതെന്നാണ്? അതേ ചോദ്യം എനിക്ക് എന്നോടും ചോദിക്കാവുന്നതാണ്, നീ എന്തിനാടാ ആശുപത്രിയില്‍ പോയത്, അതുകൊണ്ടല്ലേ കുത്തുകൊണ്ടത്… ഇതേ പോലെയല്ലേ മുന്‍പ് ഒരു ചോദ്യം ഉണ്ടായത്, എന്തിനാണ് ആ പെണ്‍കുട്ടി രാത്രിയില്‍ ബസില്‍ പോയത്, അതുകൊണ്ടല്ലേ, പീഡിപ്പിച്ചതും കൊന്നതും? നിര്‍ഭയ എന്ന പെണ്‍കുട്ടിക്കു നേരെ ഉയര്‍ത്തിയ ചോദ്യം. ഇത്തരം മൈന്‍ഡ് സെറ്റാണ് അപകടം. കാമ്പസുകളില്‍ കാരുണ്യം നഷ്ടപ്പെട്ടു. വലിയ യുജിസി ശമ്പളം പറ്റുമ്പോഴും സാമൂഹിക പ്രതിബദ്ധത ഇല്ലാത്തവരായ അധ്യാപകരാണ് കോളേജുകളില്‍ ഉള്ളത്. സമൂഹത്തെയാണവര്‍ കുട്ടികളിലൂടെ അവരുടെ രീതിയില്‍ മോള്‍ഡ് ചെയ്യുന്നത്. വിദ്യാഭ്യാസം, മതം, രാഷ്ട്രീയം എല്ലാം നമ്മുടെ കുട്ടികളെ മോള്‍ഡ് ചെയ്യാന്‍ ഇടപെടാറുണ്ട്. രാഷ്ട്രീയം ഇന്ന് വെറും അധികാരത്തിനു വേണ്ടിയായി മാറി. നീ ഇത്രനാളും രാഷ്ട്രീയത്തില്‍ നടന്നിട്ടും ഒരു പഞ്ചായത്ത് മെംബര്‍ പോലും ആയിലല്ലോ എന്നാണ് ഒരു പൊതുപ്രവര്‍ത്തകന്‍ കേള്‍ക്കുന്ന പരിഹാസം, അപ്പോള്‍ അവന്‍ എങ്ങനെയെങ്കിലും അധികാരം നേടാന്‍ ശ്രമിക്കും. രാഷ്ട്രീയം സേവനമാണ് എന്ന സങ്കല്‍പ്പം മാറി. ഗ്ലോബലൈസേഷനെ എതിര്‍ക്കാന്‍ പറയുകയാണ്. എങ്ങനെയാണ് എതിര്‍ക്കേണ്ടത്? ഗ്ലോബലൈസേഷന്റെ ആശയം തന്നെ വ്യക്തികളെ ഓരോരോ തുരുത്തുകളാക്കുകയെന്നതാണ്. നാം അങ്ങനെയായി നില്‍ക്കുകയല്ലേ?

ഒരു പുതിയ ദിശാബോധം നമുക്ക് ഉണ്ടാക്കണം. അഭിമന്യുവിന്റെതുപോലുള്ള കൊലപാതകങ്ങള്‍ സാമൂഹിക പ്രശ്‌നമായിട്ട് കാണണം. അപരനെ നമ്മളായിട്ട് കാണണം. അഭിമന്യുവിന്റെ കൊലപാതക വാര്‍ത്തയറിഞ്ഞശേഷം ഒരു സ്ത്രീ എന്നെ വിളിച്ചു. ഇന്നലെ അവര്‍ക്ക് ജോലിക്ക് പോകാന്‍ കഴിഞ്ഞില്ലെന്നു പറഞ്ഞു. പക്ഷേ ആ വേദന നാളെ മറക്കും നമ്മള്‍. പിന്നെയെപ്പോഴെങ്കിലും ഓര്‍ത്താല്‍ തന്നെ അത് വേദനിച്ചിട്ടായിരിക്കില്ല. മലയാളി സമൂഹം ഉയര്‍ത്തെഴുന്നേല്‍ക്കണം. ഒരുപാട് പേരുടെ ജീവന്‍ കൊടുത്താണ് സ്വാതന്ത്ര്യം നേടിയത്. ഒരുപാടു പേരുടെ പ്രയത്‌നം കൊണ്ടാണ് സമൂഹത്തില്‍ നവോത്ഥാനമൂല്യങ്ങള്‍ ഉണ്ടായത്. ഭയപ്പാടിന്റെ ഒരു കാലഘട്ടത്തിലേക്ക് തിരിച്ചു പോവുകയാണെങ്കില്‍ ആ മൂല്യങ്ങള്‍ക്ക് ഒരു വിലയുമില്ലാതാവും. നമ്മുടെ സമൂഹം നമ്മള്‍ കെട്ടിപ്പടുക്കണം, മറ്റുള്ളവരല്ല ചെയ്യേണ്ടത്. അതുകൊണ്ട്, വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍, സോഷ്യല്‍ മീഡിയകള്‍, മാധ്യമങ്ങള്‍, പൗരസമൂഹങ്ങള്‍ എല്ലാം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടൊരു കാലം നമുക്ക് സ്വന്തമാകണം. അതോടൊപ്പം തന്നെ മതങ്ങളും രാഷ്ട്രീയപ്പാര്‍ട്ടികളും സ്വമേധയാ ഉണര്‍ന്നിരിക്കണം. അങ്ങനെയൊരു കാലത്തെ കുറിച്ചുള്ള ശുഭാപ്തി വിശ്വാസം എനിക്കുണ്ട്.

Also Read:  ക്യാമ്പസ് ഫ്രണ്ടിനെ അത്രയെളുപ്പം തള്ളിപ്പറയാന്‍ പറ്റുമോ എസ്ഡിപിഐക്ക്?

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍