UPDATES

വട്ടവടയ്ക്കും മഹാരാജാസിനുമിടയില്‍ അഭിമന്യു താണ്ടിയ ദൂരങ്ങള്‍; നിലച്ചു പോയത് ഒരു നാടാണ്

“ഇവിടെയുള്ളവര്‍ക്ക് മാത്രമാണ് അവനോട് ഇഷ്ടമെന്ന് ഞങ്ങളോര്‍ത്തു. പക്ഷേ, ഇപ്പോള്‍ ഈ വീട്ടിലേക്ക് എത്ര പേരാണ് വരുന്നത്. എവിടെ നിന്നെല്ലാം, അവനെ ഇത്രയും പേര്‍ക്ക് ഇഷ്ടമാണെന്ന് ഞങ്ങളിപ്പോഴാണ് മനസിലാക്കുന്നത്…”

ആ ഒറ്റമുറി വീട്ടിലേക്ക് ആളുകള്‍ എത്തിക്കൊണ്ടേയിരിക്കുകയാണ്…

കോവിലൂരില്‍ നിന്നും പൂര്‍ത്തിയാകാത്ത കൊച്ചി-കൊടൈക്കനാല്‍ ദേശീയപാതയിലൂടെ (ദേശീയപാത എന്നു കേള്‍ക്കുമ്പോള്‍ മനസില്‍ വരുന്ന ചിത്രം ഈ റോഡിന്റെ കാര്യത്തില്‍ മാറ്റിവയ്ക്കുക) കൊട്ടാക്കാമ്പൂരിലേക്കുള്ള യാത്രയില്‍ പഞ്ചായത്ത് ഓഫീസും പിന്നിട്ട് മുന്നോട്ടു പോകുമ്പോള്‍ റോഡിന് മേല്‍ത്തട്ടുപോലെ നില്‍ക്കുന്ന ഗ്രാന്റിസ് മരങ്ങള്‍ നിറഞ്ഞ ഭൂമി ചൂണ്ടിക്കാട്ടി അളകേശന്‍ പറഞ്ഞു; ഇവിടെയാണ് അഭിമന്യുവിന്റെ കുടുംബത്തിന് വീടു വയ്ക്കാനായി സ്ഥലം വാങ്ങിയിരിക്കുന്നത്…

ജീപ്പ് പിന്നെയും മുന്നോട്ടു നീങ്ങി… ഒരുവശം പശ്ചിമഘട്ട മലനിരകള്‍, അതിനപ്പുറം കൊടൈക്കനാലാണ്. ഇവിടെ നിന്നും മുപ്പത്-മുപ്പത്തി രണ്ട് കിലോമീറ്റര്‍ ദൂരമേയുള്ളൂ കൊടൈക്കനാലിലേക്ക്. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് മധുരയില്‍ നിന്നും പലായനം ചെയ്തവരില്‍ ഒരു വിഭാഗം ഈ വഴിയാണ് വട്ടവടയിലേക്ക് എത്തിയത്. ഇപ്പുറത്ത് ശീതകാല പച്ചക്കറി കൃഷിക്ക് പെരുമ കേട്ട വട്ടവടയുടെ പ്രത്യേകതയായ തട്ടുകൃഷി. ചെരിഞ്ഞ ഭൂമിയില്‍ തട്ടുകളായി കാബേജും ബീന്‍സും കാരറ്റും വെളുത്തുള്ളിയും സ്‌ട്രോബറിയുമെല്ലാം…

റോഡിന് അപ്പുറവും ഇപ്പുറവുമായി രണ്ട് കോവിലുകള്‍. കൊട്ടാക്കാമ്പൂര്‍ ഊരിന്റെ കവാടം എന്നപോലെ സിമന്റില്‍ തീര്‍ത്ത ആര്‍ച്ച്. ചെറു പീടികകള്‍ കഴിഞ്ഞാല്‍ വീതിയേറിയ ഒരിടം. ഓട്ടോ, ജീപ്പ് സ്റ്റാന്‍ഡ് എന്നു തോന്നിക്കും. അതിന്റെ അരിക് ചേര്‍ന്ന് നാട്ടിയിരിക്കുന്ന തൂണുകളില്‍ വിവിധ പാര്‍ട്ടികളുടെ കൊടികള്‍ കാറ്റില്‍ വീശിയടിക്കുന്നു.

"</p

ഈക്കൂട്ടത്തിലേക്കാണ് അഭിമന്യു ആദ്യമായി ഒരു കൊടി ഉയര്‍ത്തി നാട്ടിയത്. എസ്എഫ്ഐയുടെ കൊടി. കോവിലൂരിലെ പാര്‍ട്ടി ഓഫിസില്‍ ഇരുന്ന് ഒരു വെള്ളത്തുണിയില്‍ ചുവന്ന ചായം മുക്കി ‘സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം’ എന്നെഴുതി രക്തവര്‍ണ താരകം വരച്ച് കൊട്ടക്കാമ്പൂരില്‍ ഉയര്‍ത്തുന്നത്, വട്ടവടയില്‍ ആദ്യമായി എസ്എഫ്ഐ യൂണിറ്റ് രൂപീകരിച്ചുകൊണ്ടായിരുന്നു. ഒരു കാലത്ത് കോണ്‍ഗ്രസ് ആധിപത്യത്തിലായിരുന്ന വട്ടവടയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഒരുപാട് പ്രതിബന്ധങ്ങള്‍ മറികടന്നാണ് പ്രവര്‍ത്തനം ആരംഭിച്ചത്. മൂന്നാറില്‍ നിന്നും വന്ന സഖാവ് മാണിക്യത്തിനും അദ്ദേഹത്തിന്റെ സ്വാധീനത്തില്‍ പാര്‍ട്ടിയിലേക്ക് വന്ന വിരലിലെണ്ണാവുന്ന മറ്റു സഖാക്കള്‍ക്കും നിരവധി ആക്രമണങ്ങള്‍ ഏറ്റുവാങ്ങേണ്ടിയിരുന്നു. കമ്യൂണിസ്റ്റുകാരായവരെ നാട്ടില്‍ നിന്നും അടിച്ചോടിക്കുമായിരുന്നു. അതിനെയെല്ലാം അതിജീവിച്ച് പാര്‍ട്ടി കെട്ടിപ്പടുത്ത്, ഇന്നിപ്പോള്‍ വട്ടവട പഞ്ചായത്ത് ഭരിക്കുമ്പോഴും ഇപ്പോഴത്തെ മുതിര്‍ന്ന നേതാക്കന്മാര്‍ക്കും പോലും എസ്എഫ്ഐ യൂണിറ്റ് ഇവിടെ രൂപീകരിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാലത് അഭിമന്യുവിനു സാധിച്ചു.

പല രാഷ്ടീയങ്ങളുടെ കൊടി പാറുന്നയിടം മന്തൈ ആണ്. വ്യവഹാരരഹിത പഞ്ചായത്തായിരുന്നു വട്ടവട. ഇവിടെ പൊലീസ് സ്റ്റേഷന്‍ ഇല്ല. ഊരുകളില്‍ ഉണ്ടാകുന്ന വഴക്കു, തര്‍ക്കങ്ങള്‍ക്കും മറ്റ് പ്രശ്‌നങ്ങള്‍ക്കും മന്തൈയില്‍ കൂടുന്ന യോഗത്തില്‍ ഊരു മൂപ്പന്‍മാര്‍ തീരുമാനം ഉണ്ടാക്കും. മന്തൈ തൊട്ട് വീടുകള്‍ തുടങ്ങിയിരിക്കുന്നു. തമിഴ്‌നാട്ടില്‍ നിന്നും വന്നവരുടെ ആറാമത്തെ തലമുറയും അവരുടെ കുട്ടികളുമാണ് ഇപ്പോള്‍ ഉള്ളത്. വന്യമൃഗങ്ങളുടെ ആക്രമണ ഭീഷണി ഉള്ളതിനാല്‍ കൃഷിയിടങ്ങള്‍ വ്യത്യസ്തമായിരിക്കുമ്പോഴും എല്ലാവരും ഒരുമിച്ച് ചേര്‍ന്നായിരുന്നു താമസിച്ചിരുന്നത്. ആ രീതിയാണ് ഇപ്പോഴും. രണ്ട് വശങ്ങളുമായി നിരപോലെ വീടുകള്‍. വീട് എന്നാല്‍ ഒറ്റമുറി വീട്. ലയങ്ങള്‍ എന്നു പറയുംപോലെ ഇവരുടെ വീടുകള്‍ നില്‍ക്കുന്നയിടം തെരുവ് എന്നാണ് പറയുന്നത്. ആദ്യകാലത്ത് പുല്ല് മേഞ്ഞ മേല്‍ക്കൂരകളായിരുന്നു. ഇപ്പോള്‍ ഷീറ്റ് ആണ്. ചുരുക്കം ചില വീടുകള്‍ കോണ്‍ക്രീറ്റ് ചെയ്തിട്ടുണ്ട്. അപകടം തിരിച്ചറിയും മുമ്പ് ഗ്രാന്റിസ് കൃഷിയില്‍ നിന്നും കിട്ടിയ ലാഭത്തില്‍ തീര്‍ത്ത കോണ്‍ക്രീറ്റ് വീടുകള്‍.

"</p

പതിനെട്ട് ഡിഗ്രിക്ക് അടുത്താണ് തണുപ്പ്. തറയില്‍ നിന്നും കാലിലൂടെ അരിച്ചു മുകളിലേക്ക് കയറി പോകുന്ന തണുപ്പ് വൈകുന്നേര സമയമാകുമ്പോള്‍ അതിന്റെ രൂക്ഷത കൂട്ടി തുടങ്ങിയിരിക്കുകയാണ്. പക്ഷേ, അഭിമന്യുവിന്റെ ആ ഒറ്റമുറി വീട്ടിലേക്ക് കയറിയപ്പോള്‍ തണുപ്പ് വിട്ടകന്നു.

കയറുപാകിയ ഒരു കട്ടില്‍. അതിന്റെ കാല്‍ഭാഗത്തായി ഒരു തട്ടില്‍ കേടായിപ്പോയ ഒരു ടി വി. മറുവശത്തായി ഒരു ഇരുമ്പ് അലമാര. അലമാരയ്ക്ക് അപ്പുറം മാറി ഭക്ഷണം പാകം ചെയ്യാനായി ഒരുക്കിയിരിക്കുന്ന ഇടം. പാത്രങ്ങള്‍ അടുക്കി വച്ചിരിക്കുന്ന ഒരു തട്ട്… ഒന്നു രണ്ട് തകരപ്പെട്ടികള്‍… ഇതൊക്കെയാണ് ആ വീട്. ആ വീട്ടിലാണ് മനോഹരനും ഭൂപതിയും അവരുടെ മക്കളായ പരിജിത്തും കൗസല്യയും അഭിമന്യുവും കഴിഞ്ഞിരുന്നത്. അഞ്ചുപേര്‍ക്ക് ഒരുമിച്ച് താമസിക്കാന്‍ കഴിയാത്തതിനാല്‍ പരിജിത്തിനെ വട്ടവടയിലുള്ള അമ്മാവന്റെ വീട്ടിലേക്ക് അഞ്ചു വയസ് ആയപ്പോഴെ കൊണ്ടുപോയിരുന്നു. മനോഹരനും ഭൂപതിക്കും മക്കളുമൊത്ത് ഒരുമിച്ച് ജീവിക്കാന്‍ അധികം കഴിഞ്ഞിട്ടില്ല. പത്താം ക്ലാസ് വരെയേ പരിജിത്തും കൗസല്യയും പഠിച്ചിട്ടുള്ളൂ. പരിജിത്തിനെക്കാള്‍ നന്നായി പഠിക്കുമായിരുന്നു കൗസല്യ, എങ്കിലും പത്ത് കഴിഞ്ഞ് ഒരു വര്‍ഷം ടാലി പഠിച്ചശേഷം നിര്‍ത്തി. ഇപ്പോള്‍ പെരുമ്പാവൂരിലെ കിറ്റെക്‌സ് കമ്പനിയില്‍ ജോലി നോക്കുന്നു. ഓഗസ്റ്റില്‍ വിവാഹം തീരുമാനിച്ചിരുന്നു. അഭിമന്യുവിന്റെ വേര്‍പാടിനെ തുടര്‍ന്ന് ഒന്നു രണ്ടുമാസം നീട്ടിവച്ചിരിക്കുകയാണു വിവാഹം. പരിജിത്തിനും പഠിക്കാന്‍ മോഹമുണ്ടായിരുന്നു. പക്ഷേ, വീട്ടിലെ അവസ്ഥ മനസിലാക്കിയപ്പോള്‍ ആഗ്രഹം ഉപേക്ഷിച്ചു. ഇപ്പോള്‍ തട്ടാന്‍പറമ്പിലുള്ള കൃഷിയിടത്തില്‍ അദ്ധ്വാനം; ഒപ്പം മനോഹരനും ഭൂപതിയും. ഇവരുടെയെല്ലാം കഷ്ടപ്പാട് പ്രധാനമായും ഒരാള്‍ക്കു വേണ്ടിയായിരുന്നു; അഭിമന്യുവിന് വേണ്ടി. തങ്ങള്‍ രണ്ടുപേരെക്കാള്‍ നന്നായി പഠിക്കുന്ന അനിയന്‍, അവന്‍ ആഗ്രഹിക്കുന്നത്ര പഠിക്കട്ടെയെന്ന് തീരുമാനിച്ചവരാണ് പരിജിത്തും കൗസല്യയും. മകന്റെ ആഗ്രഹം പോലെ പഠിക്കാന്‍ എന്തു കഷ്ടപ്പാടും സഹിക്കാന്‍ തയ്യാറായവരായിരുന്നു മനോഹരനും ഭൂപതിയും. പക്ഷേ…

“രണ്ട് കൊല്ലം മാത്രമാണ് അഭിമന്യു ഞങ്ങള്‍ക്കൊപ്പം നിന്നു പഠിച്ചത്. പ്ലസ് വണ്ണിനും പ്ലസ് ടുവിനും. നാലാം ക്ലാസ് വരെ മറയൂരിലെ പല്ലനാട് സ്‌കൂളിലായിരുന്നു പഠിച്ചത്. ഹോസ്റ്റലില്‍ നിന്ന്. അവധിക്ക് വീട്ടില്‍ വന്നു തിരിച്ചു പോകുമ്പോള്‍ കാന്തല്ലൂര് വരെ ഞാന്‍ തോളില്‍ ചുമന്നു കൊണ്ടുപോകും. കാന്തല്ലൂര് നിന്നേ മറയൂര്‍ക്ക് ബസ് കിട്ടൂ. അഞ്ചാം ക്ലാസ് മുതല്‍ എട്ട് വരെ ഇടപ്പള്ളി സെന്റ്. സേവ്യര്‍ സ്‌കൂളില്‍ പഠിച്ചു. ഒമ്പതും പത്തും കോവില്‍ക്കടവ് ഗവ. സ്‌കൂളില്‍. നാച്ചുവയലിലെ ഹോസ്റ്റലില്‍ ആയിരുന്നു ആ സമയം. പ്ലസ് വണ്ണും പ്ലസ് ടുവും വട്ടവടയില്‍ ഗവ. സ്‌കൂളില്‍ പഠിച്ചു. ഈ രണ്ടു കൊല്ലം മാത്രമായിരുന്നു അവന്‍ ഞങ്ങള്‍ക്കൊപ്പം താമസിച്ചു പഠിച്ചത്. വീട്ടില്‍ നിന്നു ഭക്ഷണം കൊണ്ടു പോയി കഴിച്ചതും ആ രണ്ട് കൊല്ലം മാത്രമാണ്”, മനോഹരന്‍ ഓര്‍ത്തെടുത്ത് പറയുകയായിരുന്നു.

പ്ലസ് ടു കഴിഞ്ഞ് എറണാകുളത്ത് കോളേജില്‍ പോയി പഠിക്കണം എന്നത് അഭിമന്യുവിന്റെ തീരുമാനമായിരുന്നു. വട്ടവടയിലെ ജനങ്ങളുടെ പ്രധാന വരുമാര്‍ഗം, ഈ നാടിന്റെ വികസനത്തിന് ഏറ്റവും അധികം പ്രയോജനം ചെയ്യുന്നത്, അത് കൃഷിയാണ്. സാങ്കേതികകമായി കൃഷി രീതികള്‍ വികസിപ്പിച്ചെടുക്കുന്നതിലൂടെ വട്ടവട കൂടുതല്‍ പുരോഗതി കൈവരിക്കുമെന്ന് അഭിമന്യു തിരിച്ചറിഞ്ഞിരുന്നു. പഠിച്ച് ഒരു ശാസ്ത്രജ്ഞനാകണം എന്ന് അഭിമന്യു ആഗ്രഹിച്ചതും വട്ടവടയ്ക്ക് വേണ്ടിയായിരുന്നു.

“മഹാരാജാസില്‍ പഠനം കഴിഞ്ഞ് ഡല്‍ഹിയില്‍ പോയി പഠിക്കണം എന്നായിരുന്നു അവന്റെ ആഗ്രഹം. ഡല്‍ഹിയില്‍ പഠനം ശരിയാക്കി തരണമെന്ന് അഭ്യര്‍ത്ഥിച്ച് അവന്‍ പലരേയും പോയി കണ്ടിട്ടുണ്ടായിരുന്നു. ഞങ്ങളോടും പറഞ്ഞിട്ടുണ്ട്, എറണാകുളത്തെ പഠനം കഴിഞ്ഞ് ഞാന്‍ ഡല്‍ഹിയില്‍ പോകുമെന്ന്”, കൗസല്യയുടെ വാക്കുകള്‍.

അഭിമന്യു എറണാകുളത്ത് പഠിക്കുന്നുവെന്ന് അറിയാമെങ്കിലും നാലോ അഞ്ചോ പേര്‍ക്കൊഴിച്ച് കൊട്ടക്കാമ്പൂരില്‍ മറ്റാര്‍ക്കും മഹാരാജാസ് എന്താണെന്ന് അറിയില്ലായിരുന്നു. എന്നാല്‍ ഇന്നിപ്പോള്‍ വട്ടവടയ്ക്കും മഹാരാജാസിനും തമ്മില്‍ വലിയൊരു ബന്ധം ഉണ്ടായി കഴിഞ്ഞിരിക്കുകയാണ്. വട്ടവടക്കാര്‍ക്കെല്ലാം മഹാരാജാസ് അറിയാം. മഹാരാജാസിനും വട്ടവടയ്ക്കും ഇടയില്‍ ഇനിയൊരിക്കലും തകരാത്തൊരു പാലം അഭിമന്യു നിര്‍മിച്ചിട്ടുണ്ട്.

“മൂന്നു കോളേജുകളില്‍ അഡ്മിഷന് ശ്രമിച്ചിരുന്നു. അഡ്മിഷന്‍ കിട്ടിയാല്‍ കുറച്ച് പണം വേണ്ടി വരും എന്നതുകൊണ്ട് അവന്‍ എറണാകുളത്ത് ഹോട്ടലിലും മറ്റും മൂന്നു നാലു മാസങ്ങള്‍ ജോലി ചെയ്തിരുന്നു. കുറച്ച് പണം ഉണ്ടാക്കാന്‍ ഇവിടെ ഞങ്ങളും ശ്രമിച്ചു. അമ്മാവന്‍മാരുമൊക്കെ അവനെ സഹായിക്കാന്‍ സന്തോഷമായിരുന്നു”, മനോഹരന്‍ ഓര്‍ക്കുന്നു. അവരവര്‍ക്ക് ജീവിക്കാന്‍ കഷ്ടപ്പാടാണെങ്കിലും അഭിമന്യു പഠിക്കട്ടെ, അതിന് എന്തു സഹായവും ചെയ്യാം എന്നായിരുന്നു എല്ലാവരുടെയും വാക്ക്.

"</p

പാര്‍ട്ടി കുടുംബമാണ് തങ്ങളുടെതെന്നാണ് മനോഹരന്‍ പറയുന്നത്. അഭിമന്യുവിന്റെ മുത്തശ്ശന്‍ തൊട്ട് പാര്‍ട്ടിക്കാരനാണ്. “പാര്‍ട്ടിയോട് അവനും വലിയ താത്പര്യമായിരുന്നു. അവന്റെ ഇഷ്ടങ്ങള്‍ക്ക് ഞങ്ങളാരും എതിരു നിന്നില്ല. ഒന്നിനും പോകരുതെന്നോ പോകണമെന്നോ പറഞ്ഞിട്ടില്ല. അവന്‍ അവന്റെതായ രീതിയിലാണ് പോയത്. കോളേജില്‍ നിന്നും വന്നാല്‍ വീട്ടില്‍ നില്‍ക്കാറില്ല. ഭക്ഷണം കഴിക്കാനും കുളിക്കാനും കിടക്കാനും മാത്രം വരും. ബാക്കി സമയം മുഴുവന്‍ നാട്ടുകാരുടെ കൂടെയാണ്. പഞ്ചായത്ത് ഓഫിസിലും വില്ലേജ് ഓഫിസിലും പോയി ഓരോരുത്തര്‍ക്കും വേണ്ട അപേക്ഷകള്‍ പൂരിപ്പിച്ചു കൊടുക്കും. ഭൂരിഭാഗം പേര്‍ക്കും മലയാളം വായിക്കാനും എഴുതാനും അറിയില്ല. അവര്‍ക്കൊക്കെ വേണ്ട സഹായം ചെയ്തു കൊടുക്കും. പിന്നെ പാര്‍ട്ടി പ്രവര്‍ത്തനം. അവന് എപ്പോഴും നാട്ടുകാരെ കുറിച്ചും നാടിനെ കുറിച്ചും പറയാന്‍ മാത്രമെ സമയം ഉണ്ടായിരുന്നുള്ളൂ”, കൗസല്യ പറയുന്നു.

“ഇവിടെ ഒരു പ്രസവ കേസ് ഉണ്ടായാല്‍ അടിമാലി വരെ പോകണം. മൂന്നു മണിക്കൂറോളം യാത്ര. ആരോഗ്യരംഗത്ത് വട്ടവടയില്‍ വേണ്ട സൗകര്യം ഉണ്ടാകണമെന്നത് അഭിമന്യുവിന്റെ ആഗ്രഹമായിരുന്നു. അതുപോലെ, ഇവിടെ സര്‍ക്കാര്‍ ജോലിക്കാരായ ആളുകള്‍ ഉണ്ടാകണമെന്നും അവന്‍ എപ്പോഴും പറയും. സര്‍ക്കാര്‍ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം എന്നുപോലും അറിയാത്തവരുണ്ട്. വായനശീലം ഉണ്ടാക്കുക, പി എസ് സി കോച്ചിംഗ് നല്‍കുക എന്നതൊക്കെ അവന്റെ നിര്‍ദേശങ്ങളാണ്. പഞ്ചായത്തില്‍ നിന്നും ഞങ്ങള്‍ പിരിയുമ്പോള്‍ രാത്രി പത്തര പതിനൊന്നു മണിയാകും. ഈ സമയം വരെ അഭിമന്യുവും അവിടെ വന്നിരിക്കും. ഓരോരോകാര്യങ്ങള്‍ ചോദിച്ചറിയും. നമുക്ക് അങ്ങനെ ചെയ്യണം, ഇങ്ങനെ ചെയ്യണം, ഈ നാട് രക്ഷപ്പെടുത്തിയെടുക്കണം എന്നൊക്കെ പറയും. അവന്‍ ഒരിക്കലും വെറുതെയിരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല” വട്ടവട പഞ്ചായത്ത് പ്രസിഡന്റ് രാമരാജിന്റെ വാക്കുകള്‍…

വട്ടവടയില്‍ ഉടന്‍ തന്നെ അഭിമന്യുവിന്റെ പേരില്‍ ഒരു ലൈബ്രറി ഉണ്ടാകും. പിഎസ് സി കോച്ചിംഗ് സൗകര്യം ഉടന്‍ ആരംഭിക്കും. പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി വികസിപ്പിച്ചിരുന്നു. ഇനിയും വട്ടവടയില്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് രാമരാജ് ഉള്‍പ്പെടെ ഉറപ്പ് പറയുകയാണ്. പക്ഷേ, അതൊന്നും കാണാന്‍ അഭിമന്യു ഇല്ലെന്നു മാത്രം.

ഒരിക്കല്‍ അഭിമന്യു ഇളയ അമ്മാവന്‍ ലോകനാഥനുമായി വാട്‌സ് ആപ്പ് മെസേജ് ചെയ്യുന്നതിനിടയില്‍ അമ്മാവന്‍ ചോദിച്ചു, നിനക്കെന്തിനാണ് രാഷ്ട്രീയം. നീ പഠിച്ച് ജീവിതം രക്ഷപ്പെടുത്താന്‍ നോക്കൂ. അന്നവന്‍ പറഞ്ഞത്, നമുക്ക് മുമ്പുള്ളവര്‍ ഇങ്ങനെ ചിന്തിച്ചിരുന്നെങ്കില്‍ നമ്മളൊക്കെ കാണുമായിരുന്നോ എന്നാണ്. അത്രയ്ക്ക് തീവ്രമായിരുന്നു അവന് രാഷ്ട്രീയം. അഭിമന്യുവിന്റെ കൊലപാതകം നടന്നു കഴിഞ്ഞ് ഒരുപാട് പേര്‍ പറഞ്ഞ ഒരു വാചകമാണ്; ആ കുടുംബത്തിന് പോയി’, മറ്റുള്ളവര്‍ക്ക് എന്ത് നഷ്ടമെന്ന്. അഭിമന്യുവിന്റെ നഷ്ടം അവന്റെ കുടുംബത്തിന് മാത്രമല്ലെന്ന് വട്ടവട എന്ന പഞ്ചായത്ത് എങ്കിലും പറഞ്ഞു തരും. ഒരിക്കലെങ്കിലും ഇവിടെ വന്ന് അഭിമന്യുവിനെ കുറിച്ച് ചോദിച്ചാല്‍ അത് മനസിലാകും; അളകേശന്‍ ഇതു പറയുമ്പോള്‍ മനോഹരനും കൗസല്യയും പരിജിത്തും അത് സമ്മതിക്കുന്നതുപോലെ തലയാട്ടി.

അളകേശന്‍ അഭിമന്യുവിന്റെ ബന്ധുവാണ്. ചേട്ടായി എന്നാണ് സ്വകാര്യ നിമിഷങ്ങളില്‍ വിളിക്കുക, അല്ലാത്തപ്പോള്‍ സഖാവ്. “എന്നെക്കാള്‍ പ്രായം കുറവാണെങ്കിലും എനിക്കവന്‍ നേതാവായിരുന്നു. അവന്റെ സംസാരം കേട്ടിരിക്കുമ്പോള്‍ ബഹുമാനമാണ് തോന്നുക. ഇവിടെ ഞങ്ങളും ഞങ്ങള്‍ക്കു മുമ്പുള്ളവരുമൊക്കെ ശ്രമിച്ചിട്ടും നടക്കാതെ പോയൊരു കാര്യമായിരുന്നു എസ്എഫ്ഐ യൂണിറ്റ്. അഭിമന്യു അതു സാധിച്ചു. ഇവിടുത്തെ പിള്ളേര്‍ക്കിടയില്‍ അവനുണ്ടായിരുന്നു സ്വാധീനമായിരുന്നു അതിനു പിന്നില്‍. യൂണിറ്റ് രൂപീകരിക്കുമ്പോള്‍ ഒരു കൊടി ഉണ്ടാക്കുന്നതിനുള്‍പ്പെടെ കുറച്ച് ചിലവ് വരുമെന്ന് അവന്‍ പറഞ്ഞിരുന്നു. സ്വന്തം കഷ്ടപ്പാട് മറച്ചുവച്ച് ഇങ്ങനെയുള്ള കാര്യങ്ങളെ കുറിച്ചോര്‍ത്തായിരുന്നു അവന്റെ ഉത്കണ്ഠ. എനിക്ക് ശമ്പളം കിട്ടാന്‍ താമസിക്കും. കിട്ടിയാല്‍ നിനക്ക് ഞാന്‍ അഞ്ഞൂറു രൂപ തരാമെന്ന് വാക്കു കൊടുത്തിരുന്നെങ്കിലും കൊടുക്കാന്‍ കഴിഞ്ഞില്ല. കൊടി വാങ്ങാന്‍ പണം ഇല്ലാതിരുന്നതുകൊണ്ട് ഒരു വെള്ളത്തുണിയില്‍ അവന്‍ തന്നെ വരച്ച് എഴുതിയാണ് ഒരു കൊടി ഉണ്ടാക്കിയത്. ആ കൊടി അവന്‍ നാട്ടുമ്പോള്‍, വട്ടവടയില്‍ എസ്എഫ്ഐയുടേതായി പാറിയ ആദ്യത്തെ കൊടിയായിരുന്നു അത് (ഈ കൊടിയിപ്പോള്‍ പാര്‍ട്ടി ഓഫിസില്‍ സൂക്ഷിക്കുകയാണ്; അഭിമന്യുവിന്റെ സ്മാരകമായി). അവനെ ഈ നാടിന് വേണമായിരുന്നു. ഈ വട്ടവടയിലെ ഏറ്റവും വലിയ നേതാവായി അഭി മാറുമായിരുന്നു. വിദ്യാഭ്യാസം, വായന, കാര്യങ്ങളില്‍ ഇടപെടാനുള്ള കഴിവ്… ഇതൊക്കെ അവന്റെ ഗുണങ്ങളായിരുന്നു. ആരോടും അവന്‍ ദേഷ്യപ്പെട്ട് കണ്ടിട്ടില്ല. എപ്പോഴും ചിരി. കുഞ്ഞുനാളു മുതല്‍ക്കെ അവന്റെ മുഖത്ത് ആ ചിരിയുണ്ടായിരുന്നു. പാര്‍ട്ടി അവന് ജീവനായിരുന്നു”.

"</p

പാര്‍ട്ടിയോടുള്ള ആവേശം എനിക്കുമുണ്ട്. അത് കുട്ടിക്കാലത്തെ ഉള്ളില്‍ കയറിയതാണ്. അളകേശന്‍ ജീവിതം പറയുമ്പോള്‍ വട്ടവടയിലെ മറ്റൊരു അഭിമന്യുവിനെയാണ് അതില്‍ കാണാനാകുന്നത്. അളകേശന്‍ പറയുകയാണ്; “പത്താംക്ലാസില്‍ നല്ല മാര്‍ക്ക് നേടിയാണ് ഞാന്‍ ജയിച്ചത്. തുടര്‍ന്ന് പഠിക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു. പക്ഷേ, രോഗിയായ അച്ഛന്‍, അമ്മ മാത്രമാണ് ജോലി ചെയ്യുന്നത്, കൃഷിയും മറ്റ് കൂലിപ്പണികളും. എനിക്കൊരു അനിയനുമുണ്ട്. ആഗ്രഹിച്ചപോലെയെന്നും പഠിക്കാന്‍ കഴിയില്ലെന്ന് മനസിലായി. എങ്കിലും എന്തെങ്കിലും പഠിക്കണമെന്ന ആഗ്രഹത്തിലാണ് പെരുമ്പാവൂരില്‍ മാര്‍ത്തോമാക്കാരുടെ ഒരു ഐടിഐയില്‍ ചേര്‍ന്നത്. രണ്ട് വര്‍ഷത്തെ ഇലക്ട്രീഷ്യന്‍ കോഴ്‌സിനായിരുന്നു ചേര്‍ന്നത്. കോഴ്‌സ് തുടങ്ങി നാല് മാസമൊക്കെ കഴിഞ്ഞപ്പോള്‍ പഠനം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്തയത്ര സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടു. ഭക്ഷണം കഴിക്കാന്‍ കാശില്ല, ഹോസ്റ്റല്‍ ഫീസ് അടയ്ക്കാന്‍ വഴിയില്ല. പഠിത്തം നിര്‍ത്തേണ്ടി വരുമെന്ന് ഉറപ്പായി. ഒരോണക്കാലത്ത് അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് വീട്ടിലെ അവസ്ഥ തീര്‍ത്തും മോശമാണെന്ന് ബോധ്യപ്പെട്ടത്. തിരിച്ച് പെരുമ്പാവൂരെത്തി ഇനി ഞാന്‍ പഠിക്കുന്നില്ലെന്ന് അറിയിച്ചപ്പോള്‍ ആലുവായില്‍ നിന്നും വരുന്നൊരു സാറാണ് തടഞ്ഞത്. സാറ് സഹായിക്കാമെന്നു പറഞ്ഞു. അങ്ങനെ രണ്ട് വര്‍ഷത്തെ കോഴ്‌സില്‍ നിന്നും മാറി ഒരു വര്‍ഷത്തെ ഡീസല്‍ മെക്കാനിക്കിന് ചേര്‍ന്നു. ശനിയും ഞായറും സാറിന്റെ വീട്ടില്‍ പറമ്പില്‍ പണിയെടുക്കും. അതിന്റെ കൂലായായി മാസം അഞ്ഞൂറു രൂപയുടെ ചെക്ക് തരും. അത് കോളേജില്‍ കൊണ്ടു പോയി കൊടുക്കും. അങ്ങനെ കോഴ്‌സ് കഴിഞ്ഞ് പിന്നീട് അതുമായി ബന്ധപ്പെട്ട് ചിലയിടങ്ങളിലൊക്കെ ജോലി നോക്കി. ഹിറ്റാച്ചി ഓപ്പറേറ്ററായും ജോലിയെടുത്തു. പിന്നെ ഗള്‍ഫില്‍ പോകാന്‍ ഒരവസരം കിട്ടി. അതിനുള്ള പണമൊക്കെ പലവിധത്തില്‍ സ്വരുക്കൂട്ടി വച്ചപ്പോഴാണ് അമ്മയുടെ ആരോഗ്യം മോശമായത്. ആ അവസ്ഥയില്‍ അമ്മയെ വിട്ടുപോകാന്‍ മനസ് തോന്നിയില്ല. പിന്നീട് പല പല ജോലികള്‍ ചെയ്ത് ഇപ്പോള്‍ ജീവിക്കുന്നു. വിവാഹം കഴിഞ്ഞതോടെ ബാധ്യതയേറി. ഇതോടെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ അത്രകണ്ട് സജീവമാകാന്‍ കഴിഞ്ഞില്ല. അതു മനസിലാക്കി ഒരിക്കല്‍ സ്വകാര്യമായി അഭിമന്യു എന്നോട് ചോദിക്കുകയും ചെയ്തു, ചേട്ടായി എന്താ ഇപ്പോള്‍ ആക്ടീവ് അല്ലാത്തതെന്ന്. ഞാനവനോട് കാര്യം പറഞ്ഞപ്പോള്‍ അവന്‍ എന്നെ ആശ്വസിപ്പിക്കുകയായിരുന്നു. ചേട്ടായി, കുടുംബത്തെ പട്ടിണിക്കിടരുത്, ഇവിടെ ഞാനൊക്കെയില്ലേ, പാര്‍ട്ടി കാര്യങ്ങളൊക്കെ ഞങ്ങള്‍ നല്ലതുപോലെ നോക്കിക്കൊള്ളാം; അതായിരുന്നു അവന്‍. അവന്‍ പട്ടിണിയായിരിക്കും, എന്നാലും മറ്റുള്ളവരുടെ കാര്യത്തിലാണ് അവന്റെ തിരക്കല്‍. ഈ നാട്ടില്‍ എന്നെപ്പോലെ, അഭിയെ പോലെ ഒരുപാട് പേരുണ്ട്. പഠിക്കാനും വലിയ ജോലി നേടാനുമൊക്കെ ആഗ്രഹിക്കുന്നവര്‍. പക്ഷേ, കഴിയാതെ പോകുന്നു. അതൊക്കെ മാറി എല്ലാവരും നന്നായി പഠിക്കണം, സര്‍ക്കാര്‍ ജോലിയോ മറ്റോ നേടണമെന്നുള്ളവര്‍ക്ക് അതിനു കഴിയണം, കൃഷിയില്‍ നില്‍ക്കാന്‍ കഴിയുന്നവര്‍ക്ക് അതിനും. ഇടത്തട്ടുകാരുടെ ചൂഷണം ഇല്ലാതാക്കി, കൃഷിയില്‍ നിന്നും മാന്യമായ വരുമാനം നേടി നല്ലതുപോലെ ജീവിക്കാന്‍ കഴിയണം, ശാസ്ത്രീയമായ രീതിയില്‍ കൃഷി വികസിപ്പിക്കണം; ഇതൊക്കെയായിരുന്നു അവന്റെ ലക്ഷ്യങ്ങള്‍. അവനതൊക്കെ നേടുകയും ചെയ്യുമായിരുന്നു. പക്ഷേ, അതിനു മുന്നേ…”

വട്ടവടക്കാര്‍ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും ബന്ധുത്വം ഉള്ളവരാണ്. പല സമുദായങ്ങള്‍ ആണെങ്കിലും അവരെല്ലാം ഒന്നായിരുന്നു. ഏതൊരു വീട്ടില്‍ എന്ത് ചടങ്ങ് നടന്നാലും എല്ലാവരും ഒന്നിച്ചു കൂടും. അവര്‍ക്കിടയില്‍ കടുത്ത ശത്രുതകളോ ഭിന്നതകളോ ഉണ്ടായിരുന്നില്ല. ആകെ വരുന്ന തര്‍ക്കങ്ങള്‍ രാഷ്ട്രീയത്തിന്റെ കാര്യത്തിലാണ്. തെരഞ്ഞെടുപ്പ് സമയത്ത് ആ തര്‍ക്കങ്ങള്‍ക്ക് കുറച്ച് മൂര്‍ച്ഛ കൂടും. എന്നാല്‍ അതൊരിക്കലും അടിപിടിയിലേക്കോ മറ്റോ പോകില്ല. ഇവിടെ കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസും ബിജെപിയുമൊക്കെയുണ്ട്. പക്ഷേ, അതിലെല്ലാം ഉപരി അവര്‍ സഹോദരങ്ങളായിരുന്നു. വര്‍ഗീയതയോ അതിന്റെ പ്രചാരകരെയോ അവര്‍ക്ക് പരിചയമില്ലായിരുന്നു. അതുകൊണ്ട് തന്നെ അഭിമന്യുവിന്, അഭിമന്യുവിനെന്നല്ല ഒരു വട്ടവടക്കാരനും ഇങ്ങനെയൊരു ഗതി വരുമെന്ന് അവര്‍ വിശ്വസിച്ചിരുന്നില്ല.

“മേയ് 16-ന് ഡിവൈഎഫ്‌ഐയുടെ മേഖല സമ്മേളനം നടത്താന്‍ നിശ്ചയിച്ചിരുന്നതാണ്. പ്രതികൂല കാലാവസ്ഥ കാരണം ജൂലൈ ഒന്നിലേക്ക് മാറ്റി. അഭിമന്യു എപ്പോഴും ഓര്‍മിപ്പിച്ചിരുന്ന കാര്യമാണ് എപ്പോള്‍ സമ്മേനം നടത്താന്‍ തീരുമാനിച്ചാലും അറിയിക്കണം, ഞാന്‍ വരുമെന്ന്. അതനുസരിച്ചാണ് അന്നവന്‍ ഇങ്ങോട്ടു വന്നതും. ഇവിടെ വന്നപ്പോള്‍ തൊട്ട് പറയുന്ന കാര്യമാണ്, കോളേജില്‍ പുതിയ കുട്ടികള്‍ വരുമ്പോള്‍ അവരെ സ്വീകരിക്കാന്‍ ഞാന്‍ ഉണ്ടാകണം, ഞാന്‍ ആദ്യമായി ചെന്നപ്പോള്‍ എന്നെ സ്വീകരിക്കാന്‍ എസ്എഫ്ഐ സഖാക്കന്മാര്‍ ഉണ്ടായിരുന്നുവെന്നൊക്കെ. സമ്മേളനം നടക്കുമ്പോഴൊക്കെ അവന് കോളേജില്‍ നിന്നും ഫോണ്‍ വരുമായിരുന്നു. അഭിക്കായിരുന്നു പുതിയ കുട്ടികളെ സ്വീകരിക്കാനുള്ള പരിപാടിയുടെ നേതൃത്വം എന്നാണ് അറിഞ്ഞത്. അന്നേ ദിവസം ഞാന്‍ ഇവിടെയില്ല, തമിഴ്‌നാട്ടിലാണ്. സമ്മേളനം കഴിഞ്ഞ് അഭിയും നേതാക്കന്മാരില്‍ ചിലരുമൊക്കെ ചേര്‍ന്ന് ചായക്കുടിക്കാന്‍ പോയിരുന്നു. ഇന്ന് എല്ലാവര്‍ക്കും അഭി പൊറോട്ട വാങ്ങി തരുമെന്ന് ആരോ പറഞ്ഞപ്പോള്‍, ഇപ്പോള്‍ എന്റെ കൈയില്‍ നൂറു രൂപയേ ആകെയുള്ളൂ, അടുത്തതവണ ഞാന്‍ വാങ്ങിത്തരാമെന്നായിരുന്നു അവന്‍ പറഞ്ഞത്. അന്ന് വൈകിട്ടു തന്നെ പോകണോ എന്ന് ചോദിച്ചപ്പോള്‍ പോകണമെന്ന് അവന് നിര്‍ബന്ധമായിരുന്നു. പക്ഷേ, നാലു മണിയുടെ കെഎസ്ആര്‍ടിസി അപ്പോഴേക്കും പോയിരുന്നു. പിന്നെ ബസ് ഇല്ല. ഹോര്‍ട്ടികോര്‍പ്പിന്റെ ഒരു ലോറി എറണാകുളത്തേക്ക് പോകുന്നുണ്ട്. അതില്‍ പോകാമെന്നായി. അവര്‍ ആദ്യം സമ്മതിച്ചില്ല, ഉദ്യോഗസ്ഥര്‍ ആരൊക്കെയോ ഉണ്ടെന്നു പറഞ്ഞായിരുന്നു വിസ്സമ്മതം പറഞ്ഞത്. പിന്നീട് പാര്‍ട്ടി നേതാക്കള്‍ ആരോ ഇടപെട്ടാണ് ആ ലോറിയില്‍ കയറി അഭി എറണാകുളത്തേക്ക് പോകുന്നത്. രാത്രി എട്ടരയോടെ ഞാനവനെ വിളിച്ചു. അപ്പോള്‍ പറഞ്ഞു, കോതമംഗലം എത്തിയതേയുള്ളൂ, വണ്ടിയിലായതുകൊണ്ട് ഒന്നും കേള്‍ക്കാന്‍ വയ്യാ, ഹോസ്റ്റലില്‍ ചെന്നിട്ട് വിളിക്കാമെന്ന്… പിന്നീടവന്‍ എന്നെ വിളിച്ചിട്ടില്ല...”, അളകേശന്‍ പറഞ്ഞു നിര്‍ത്തി.

“അഭി പോകുമ്പോള്‍ ഞാന്‍ പറമ്പിലാണ്. എന്നെ ഫോണില്‍ വിളിച്ചു. ചേട്ടായി, എറണാകുളത്തേക്ക് പോണം, എന്റെ കൈയില്‍ കാശൊന്നും ഇല്ല, ആരോടെങ്കിലും വിളിച്ചു പറഞ്ഞ് ഒരു മുന്നൂറു രൂപ വാങ്ങിത്തരാമോന്നു ചോദിച്ചു. ഞാനൊരു കൂട്ടുകാരന്റെ കടയിലേക്ക് വിളിച്ച് അഭിക്ക് അഞ്ഞുറൂ രൂപ കൊടുക്കാമോ എന്ന് ചോദിച്ചു,അവന്‍ സമ്മതിക്കുകയും ചെയ്തു. അവിടെ നിന്നും അഞ്ഞൂറു രൂപയും വാങ്ങിയാണ് പോയത്. ഹോസ്റ്റലില്‍ എത്തിക്കഴിഞ്ഞ് എന്നെ വിളിച്ചിരുന്നു, ചേട്ടായി ഞാനിവിടെ എത്തിയെന്നു പറഞ്ഞു. വല്ലതും കഴിച്ചോ എന്നു ചോദിച്ചപ്പോള്‍ കഴിച്ചെന്നും പറഞ്ഞു. പിന്നെ വിളിക്കാമെന്ന് പറഞ്ഞു ഫോണ്‍ വച്ചു. 10.52- നായിരുന്നു ആ കോള്‍. അതിപ്പോഴും എന്റെ ഫോണിലെ കോള്‍ ലിസ്റ്റിലുണ്ട്”; പരിജിത്തിന്റെ ശബ്ദം വിറച്ചിരുന്നു.

ഇവനെ വിളിച്ചു കഴിഞ്ഞാണ് എന്നെ വിളിക്കുന്നത്; പരിജിത്തിനെ ചൂണ്ടി മനോഹരന്‍ പറഞ്ഞു. “ഞാനപ്പോള്‍ പെരുമ്പാവൂര് മോളെ കാണാന്‍ പോയിരിക്കുകയായിരുന്നു. അന്നവിടെ ഒരു മുറിയെടുത്ത് താമസിക്കുകയാണ്. അച്ഛാ, ഞാന്‍ കോളേജില്‍ എത്തി എന്നുമാത്രം പറഞ്ഞു ഫോണ്‍ വച്ചു”.

ഇവരാരും തന്നെ തങ്ങളെ തേടി പിന്നാലെ വരുന്ന ദുരന്ത വാര്‍ത്തയെ കുറിച്ച് അപ്പോള്‍ അറിഞ്ഞിരുന്നേയില്ല.

“ഞാന്‍ ഉറങ്ങാതെ കിടക്കുകയായിരുന്നു, രാത്രി രണ്ട് മണിയായി കാണും, പഞ്ചായത്ത് പ്രസിഡന്റിന്റെ ഫോണ്‍. അഭിക്ക് ചെറിയൊരു വണ്ടി അപകടം, പേടിക്കാനൊന്നുമില്ല, ആശുപത്രിയില്‍ ആക്കിയിട്ടുണ്ട്, മനോഹരനെ കൂട്ടാന്‍ ആളു വരും, അവരുമായി ബസ് സ്റ്റാന്‍ഡിലേക്ക് പോയ്‌ക്കോളൂ, അവിടെ ഒരു കാര്‍ വരും അതില്‍ കയറി എറണാകുളത്തേക്ക് പോരൂ എന്നായിരുന്നു പ്രസിഡന്റ് പറഞ്ഞത്. കൂടുതലൊന്നും പറഞ്ഞില്ല”, മനോഹരന്‍ ആ രാത്രി ഓര്‍ക്കുന്നു.

ഇതേസമയം തന്നെ വട്ടവടയില്‍ താമസിക്കുന്ന അഭിമന്യുവിന്റെ മൂത്ത അമ്മാവനും ഒരു ഫോണ്‍ വന്നു. പാര്‍ട്ടി നേതാവാണ് വിളിച്ചത്. അഭിമന്യുവിന്റെ നമ്പര്‍ ചോദിച്ചു, ഈ രാത്രിയില്‍ എന്തിനാ നമ്പര്‍ എന്നു ചോദിച്ചപ്പോള്‍ ഒരാവശ്യത്തിനാണ് എന്നു പറഞ്ഞു. നമ്പര്‍ കൊടുത്തപ്പോഴാണ് അഭിക്ക് ചെറിയ ആക്‌സിഡന്റ് പറ്റിയെന്ന് വിവരം പറഞ്ഞത്. “ഞാനുടനെ കോവിലൂര്‍ താമസിക്കുന്ന അനിയനെ വിളിച്ചു. കൊട്ടക്കമ്പാരൂരില്‍ പോയി ഒന്നന്വേഷിക്കാന്‍ പറഞ്ഞു. അഭിയെ ആശുപത്രിയില്‍ ആക്കിയിരിക്കുകയാണെന്ന് അറിഞ്ഞതോടെ ഞങ്ങള്‍ രണ്ട് അനിയന്‍മാരും അഭിയുടെ അമ്മയും പരിജിത്തും കൗസല്യയും പാര്‍ട്ടിക്കാര്‍ രണ്ടുപേരും കൂടി എറണാകുളത്തേക്ക് തിരിച്ചു. അടിമാലിയില്‍ എത്തിയപ്പോള്‍ വണ്ടി നിര്‍ത്തിച്ച്, എന്നെയും അനിയനെയും മാറ്റി നിര്‍ത്തിയിട്ട് കാര്യം പറഞ്ഞു. മറ്റാരോടും ഒന്നും പറഞ്ഞില്ല”; അഭിമന്യുവിന്റെ മൂത്ത അമ്മാവന്റെ വാക്കുകള്‍.

“ഫോണ്‍ കോളുകള്‍ ഇങ്ങനെ വന്നുകൊണ്ടിരിക്കുകയായിരുന്നു. ഒരു കോളിലെ സംഭാഷണം ഞാന്‍ ശ്രദ്ധിച്ചു. ‘നിങ്ങള്‍ അവിടുയുള്ള കാര്യങ്ങളൊക്കെ സെറ്റപ്പ് ചെയ്യണം’ എന്നായിരുന്നു കാറില്‍ ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്ന സഖാവിനോട് ആരോ പറഞ്ഞത്. അതു കേട്ടപ്പോള്‍ എനിക്ക് മനസിലായി അഭി പോയെന്ന്. പിറ്റേദിവസം രാവിലെ 7.20 ആയപ്പോള്‍ ഞങ്ങള്‍ ആശുപത്രിയില്‍ എത്തി. പേടിച്ചത് തന്നെയാണ് സംഭവിച്ചിരിക്കുന്നത്”; പരിജിത്ത് കണ്ണുകള്‍ തുടച്ചു കൊണ്ട് പറഞ്ഞു.

വിവരം നാട്ടില്‍ ആരെയും അറിയിക്കാതിരുന്നത് മന:പൂര്‍വമായിരുന്നുവെന്ന് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ചന്ദ്രശേഖരന്‍ പറഞ്ഞിരുന്നു. “അറിഞ്ഞാല്‍ ഈ നാട് മുഴുവന്‍ ആ രാത്രി തന്നെ എറണാകുളത്ത് എത്തും. അതാണ് ഇവിടുത്തെ മനുഷ്യരുടെ പ്രത്യേകത. മാത്രമല്ല, അഭി പോയെന്ന് ഞങ്ങള്‍ക്കാര്‍ക്കും വിശ്വാസം വന്നില്ലായിരുന്നു. കാരണം, അവന്‍ ഇവിടെ തന്നെയുണ്ടെന്നായിരുന്നു കരുതിയത്. സമ്മേളനം കഴിഞ്ഞ് അവന്‍ എറണാകുളത്തേക്ക് പോയെന്ന് പലരും അറിഞിരുന്നില്ല. ഈ വിവരം അറിയുമ്പോള്‍ അത് അഭിയല്ലായിരിക്കുമെന്നും മറ്റാരോ ആണെന്നുമായിരുന്നു വിശ്വാസം, പിന്നീട് അഭി വൈകുന്നേരം തന്നെ പോയി എന്നറിഞ്ഞതോടെയാണ് അതവന്‍ തന്നെയാണെന്ന് ഉറപ്പായത്”; ചന്ദ്രശേഖരന്റെ വാക്കുകള്‍.

അഭിമന്യു ഇനി തങ്ങളുടെ കൂടെയില്ലെന്ന് മനോഹരനും ഭൂപതിക്കും പരിജിത്തിനും കൗസല്യക്കും മാത്രമല്ല, കൊട്ടക്കാമ്പൂരിലെ ആര്‍ക്കും വിശ്വസിക്കാന്‍ കഴിയുന്നില്ല; അഭി എന്നു വിളിച്ച് ആ വീട്ടിലേക്ക് വന്ന പലരെയും കണ്ടു. ചുമരില്‍ ഒട്ടിച്ചു വച്ചിരിക്കുന്ന ആ ചെറിയ പോസ്റ്ററിലെ അഭിമന്യുവിന്റെ ചിരിക്കുന്ന ഫോട്ടോയില്‍ തട്ടിയാണ് ആ വീടിനുള്ളില്‍ അവന്‍ ഉണ്ടെന്ന തോന്നല്‍ അവരുടെയെല്ലാം ഉള്ളില്‍ തകര്‍ന്നു വീഴുന്നത്.

അഭിമന്യുവിന് അങ്ങനെ സംഭവിച്ചത് ഈ രാഷ്ട്രീയം കാരണമല്ലേ എന്ന് പലരും ചോദിക്കുന്ന കാര്യം കൗസല്യയോടും പരിജിത്തിനോടും പറഞ്ഞു. അതിനവരുടെ മറുപടി ഇങ്ങനെയായിരുന്നു; “അവന്റെ രീതിക്കാണ് അവന്‍ പോയത്. ഞങ്ങള്‍ അതില്‍ ഒന്നും പറഞ്ഞിരുന്നില്ല. പോകണ്ടായെന്നോ പോണമെന്നോ പറഞ്ഞിട്ടില്ല. എസ്എഫ്ഐ യൂണിറ്റ് രൂപീകരിക്കണമെന്നു പഞ്ഞപ്പോഴും എതിരൊന്നു പറഞ്ഞില്ല. ഇവിടെ പാര്‍ട്ടിയെ വളര്‍ത്തുകയാണ് ലക്ഷ്യമെന്നും പറഞ്ഞപ്പോഴും ആരുമവനെ തടഞ്ഞില്ല. അവന്‍ നന്നായി പഠിക്കുമായിരുന്നു. അവന്‍ ആഗ്രഹിച്ച നിലയില്‍ എത്തിച്ചേരുമെന്നും ഞങ്ങള്‍ ഉറപ്പാക്കിയിരുന്നു. ഞങ്ങളുടെ അനിയന്‍, അവനായിട്ട് ഒരു ചീത്തപ്പേര് കുടുംബത്തിന് ഉണ്ടാക്കിയിട്ടില്ല, ഈ നാടിനും ഉണ്ടാക്കിയിട്ടില്ല. അവന്‍ തെറ്റായ വഴിയെ പോയിട്ടില്ല. അവന്‍ ശരിയായി തന്നെയാണ് പോയത്. അതിഷ്ടപ്പെടാത്തവര്‍ അവനെ…”

“അവനെ എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു. ഇവിടെയുള്ളവര്‍ക്ക് മാത്രമാണ് ആ ഇഷ്ടമെന്ന് ഞങ്ങളോര്‍ത്തു. പക്ഷേ, ഇപ്പോള്‍ ഈ വീട്ടിലേക്ക് എത്ര പേരാണ് വരുന്നത്. എവിടെ നിന്നെല്ലാം, അവനെ ഇത്രയും പേര്‍ക്ക് ഇഷ്ടമാണെന്ന് ഞങ്ങളിപ്പോഴാണ് മനസിലാക്കുന്നത്. എപ്പോഴും മറ്റുള്ളവരെ സഹായിക്കാന്‍ താത്പര്യമായിരുന്നു. അവന് ഉള്ളത് മറ്റൊരാള്‍ക്ക് കൊടുക്കാന്‍ ഉത്സാഹമായിരുന്നു. ഓരോ ക്ലാസ് കഴിയുമ്പോഴും ആ ക്ലാസില്‍ പഠിച്ച പുസ്തകങ്ങള്‍ മറ്റുള്ളവരെ അങ്ങോട്ട് വിളിച്ചു കൊടുക്കുമായിരുന്നു. അതുപോലെ ഓരോ കാര്യത്തിനും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനും. ക്രിക്കറ്റും ഫുട്‌ബോളും അവന് ഇഷ്ടമാണ്. അതുപോലെ തന്നെയാണ് കൊട്ടക്കാമ്പൂരില്‍ വോളിബോള്‍ കളിക്കുന്നവരെയും അവന്‍ പ്രോത്സാഹിപ്പിക്കുന്നത്. ഒരിക്കല്‍ ഞങ്ങളുടെ അമ്മയുടെ വീട്ടില്‍ പോയപ്പോഴാണ്, അത് കോവിലൂര്‍ ആണ്. അന്ന് കൊട്ടക്കാമ്പൂരിലെയും കോവിലൂരിലെയും ടീമുകള്‍ തമ്മില്‍ വോളിബോള്‍ മത്സരമാണ്. അഭി കൊട്ടക്കമ്പൂര്‍ ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ ശബ്ദം ഉണ്ടാക്കുകയാണ്. ഇവിടെ വന്നിട്ട് ഇങ്ങനെ മറ്റേ ടീമിനു വേണ്ടി പറയാതെ ഒന്നുകില്‍ മിണ്ടാതിരിക്കണം, അല്ലെങ്കില്‍ കോവിലൂര്‍ ടീമിനെ പ്രോത്സാഹിപ്പിക്കൂ എന്നു അഭിയോട് പറഞ്ഞു. അല്ലെങ്കില്‍ പ്രശ്‌നമാകുമെന്നും ഓര്‍മിപ്പിച്ചപ്പോള്‍ അവന്റെ മറുചോദ്യം, ഞാനാരെയാണ് പേടിക്കേണ്ടത്? എന്റെ നാടിനുവേണ്ടിയല്ലേ ഞാന്‍ പറയേണ്ടത്, എന്നായിരുന്നു. അങ്ങനയെ അഭി പെരുമാറുകയുള്ളായിരുന്നു. അവന് ശരിയെന്ന് തോന്നുന്നത് ചെയ്യും.”

കൗസല്യ അഭിയെ കുറിച്ച് പറയുമ്പോള്‍ തിണ്ണയില്‍ ഇരുന്ന് മനോഹരനും ഭൂപതിയും അത് ശ്രദ്ധിക്കുകയായിരുന്നു. ഭൂപതി, അഭിമന്യുവിനെ പെറ്റ അവന്റെ അമ്മ, തന്റെ മകനെ കുറിച്ച് ഓരോരുത്തരും പറയുന്ന കാര്യങ്ങള്‍ കേട്ടിരിക്കും. ഇടയ്ക്ക് ഇറ്റുവരുന്ന കണ്ണീര്‍ തുള്ളികള്‍ കൈത്തലം കൊണ്ട് തുടയ്ക്കും. ആ അമ്മയുടെ മനസില്‍ എന്ത് വികാരമാണ് അപ്പോഴെല്ലാം ഉള്ളതെന്ന് അറിയില്ല. ഒന്നും ചോദിച്ചില്ല… പക്ഷേ, മനോഹരന്‍ പറഞ്ഞു. അഭിമന്യു പറഞ്ഞ അതേ കാര്യം;

വര്‍ഗീയത ഉളിയട്ടേ…യെന്‍ മകനക്ക് നടന്തതുപോലെ ഇനിയാര്‍ക്കും ഇന്തമാതിരി നടക്കക്കൂടാത്. അത് നടക്കാമെ പാര്‍ക്കത്ക്ക് ഗവണ്‍മെന്റ് തകിന്തതയ്ക്ക് ഒരു നടപടിയെടുക്കണം…

കേരളം ഇന്ന് ഏറ്റു പറയുന്ന അതേ കാര്യം തന്നെ… വര്‍ഗീയത തുലയട്ടെ… ഇനിയൊരു അഭിമന്യുവിനും ജീവന്‍ നഷ്ടപ്പെടാതിരിക്കട്ടെ എന്നു തന്നെ…

കാശിനാഥന്‍; അഭിമന്യുവിനു മുന്നേ വട്ടവടയില്‍ രക്തസാക്ഷിയായ കമ്യൂണിസ്റ്റുകാരന്‍

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍