UPDATES

സോഷ്യൽ വയർ

തലയിൽ മുണ്ടിട്ടു നടന്നിരുന്ന കത്തോലിക്കാ സഭ ഇന്ന് ഉളുപ്പില്ലാതെ ‘വിമോചന സമര’ത്തിന്റെ 60ാം വാർഷികം ആഘോഷിക്കുമ്പോൾ

‘തമ്പ്രാനെന്നു വിളിപ്പിക്കും, പാളയിൽ കഞ്ഞി കുടിപ്പിക്കും’, ചാത്തൻ പൂട്ടാൻ പോകട്ടെ, ചാക്കോ നാടു ഭരിക്കട്ടെ’, തുടങ്ങി ദളിതർക്കെതിരായ കൃത്യമായ രാഷ്ട്രീയ മുദ്രാവാക്യത്തോടൊപ്പം, ഗൗരിയമ്മയെയും മറ്റും പേരെടുത്തു പറഞ്ഞ്, സ്ത്രീകൾക്കെതിരെ കേട്ടാലറയ്ക്കുന്ന അശ്ലീല പ്രയോഗങ്ങളോടെ കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ തൊപ്പിപ്പാളക്കാരും കുറുവടിക്കാരും തെരുവുകളിൽ ആഭാസ നൃത്തമാടിയതു മാത്രമല്ല വിമോചന സമരത്തിന്റെ സവിശേഷത.

കേരളത്തിലെ ആദ്യത്തെ ജനാധിപത്യ സർക്കാരിനെ അട്ടിമറിക്കാൻ കത്തോലിക്കാ സഭയും, നായർ-മുസ്ലിം സംഘടനകളും കോൺഗ്രസ്സിനൊപ്പം ചേർന്ന് നടത്തിയ വൻ നീക്കമായിരുന്നു വിമോചന സമരം. തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിനെ അന്യായമായ വഴിയിലൂടെ അട്ടിമറിച്ചുവെന്ന കുറ്റം പേറുന്ന കത്തോലിക്കാസഭ പക്ഷെ ഇപ്പോൾ ആ സംഭവത്തിന്റെ അറുപതാം വാർഷികം ആഘോഷിക്കാൻ തയ്യാറെടുക്കുകയാണ്. ഒരു കാലത്ത് തങ്ങളുടെ ഈ ചെയ്തിയുടെ പേരിൽ തലയിൽ മുണ്ടിട്ട് നടന്നിരുന്ന കത്തോലിക്കാസഭയ്ക്ക് ഈ ‘ഉളുപ്പില്ലായ്മ’ കാണിക്കാൻ ധൈര്യം നൽകിയത് കേരളത്തിലെ ഇടതുപക്ഷത്തിന്റെ അപചയമാണെന്ന് നിരീക്ഷിക്കുകയാണ് ജെയിംസ് പിജെ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

1959 ലെ വിമോചന സമരത്തിന്റെ 60-ാം വാർഷികാചരണത്തിന് 2019 ജൂൺ 16 ന് അങ്കമാലി സെന്റ് ജോർജ് ബസിലിക്കയിൽ കേരള കത്തോലിക്കാ സഭ തുടക്കമിടുന്നു വെന്ന വാർത്തയാണ് ഈ കുറിപ്പിനാധാരം.

വിമോചന സമരം പൗരസമൂഹ (civil society) ത്തിന്റെ ഭാഗത്തു നിന്നുണ്ടായ ‘ജനാധിപത്യ ഇടപെടലാ’ ണെന്ന പോസ്റ്റ് മോഡേൺ വ്യാഖ്യാനങ്ങൾ പ്രതിലോമ ശക്തികൾ കുഴിമാടങ്ങളിൽ നിന്നും തല പൊക്കിയിട്ടുള്ള ഈ നവ ഉദാര കാലത്ത് കേട്ടു തുടങ്ങിയിട്ടുണ്ട്. അതേസമയം, ആധുനിക കേരള ചരിത്രത്തിലെ ഏറ്റവും മ്ലേച്ഛമായ ഒരധ്യായമായിരുന്നു വിമോചന സമരമെന്ന കാര്യത്തിൽ ജനാധിപത്യ ശക്തികൾ ഏകാഭിപ്രായക്കാരാണ്. ‘തമ്പ്രാനെന്നു വിളിപ്പിക്കും, പാളയിൽ കഞ്ഞി കുടിപ്പിക്കും’, ചാത്തൻ പൂട്ടാൻ പോകട്ടെ, ചാക്കോ നാടു ഭരിക്കട്ടെ’, തുടങ്ങി ദളിതർക്കെതിരായ കൃത്യമായ രാഷ്ട്രീയ മുദ്രാവാക്യത്തോടൊപ്പം, ഗൗരിയമ്മയെയും മറ്റും പേരെടുത്തു പറഞ്ഞ്, സ്ത്രീകൾക്കെതിരെ കേട്ടാലറയ്ക്കുന്ന അശ്ലീല പ്രയോഗങ്ങളോടെ കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ തൊപ്പിപ്പാളക്കാരും കുറുവടിക്കാരും തെരുവുകളിൽ ആഭാസ നൃത്തമാടിയതു മാത്രമല്ല വിമോചന സമരത്തിന്റെ സവിശേഷത. ലോകത്തിലാദ്യമായി ബാലറ്റിലൂടെ അധികാരത്തിലെത്തിയ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാരിനെ അട്ടിമറിക്കാൻ അമേരിക്കൻ സാമ്രാജ്യത്വം നേരിട്ട് പണമൊഴുക്കിയെന്നതും വിമോചന സമരത്തെ ശ്രദ്ധേയമാക്കുന്നു. ഇതിനുള്ള പണം അന്ന് കോൺഗ്രസിന്റെ സംഘടനാ ചുമതലയുണ്ടായിരുന്ന ഇന്ദിരാ ഗാന്ധിക്ക് നേരിട്ടു കൈമാറിയതായി ഐക്യരാഷ്ട്ര സഭയിലെ അമേരിക്കൻ അംബാസഡറായിരുന്ന പാട്രിക് മൊയ്നിഹാൻ A Dangerous Place (പേജ് 41) എന്ന തന്റെ വിഖ്യാത പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇഎംഎസ് സർക്കാർ തുടക്കമിട്ട ഭൂപരിഷ്കരണത്തിന്റെയും വിദ്യാഭ്യാസ നയത്തിന്റെയും പിൽക്കാലത്തെ ഏറ്റവും വലിയ ഗുണഭോക്താക്കൾ കത്തോലിക്കാ മതശക്തികളായിരുന്നെങ്കിലും ഈ നിയമങ്ങൾക്കെതിരെയായിരുന്നു അവരുടെ വിമോചന സമരമെന്നതാണ് ചരിത്രത്തിലെ വിരോധാഭാസം. കേന്ദ്രത്തിലെ നെഹ്രു സർക്കാർ വിമോചന സമരത്തെ മറയാക്കി സംസ്ഥാന സർക്കാരിനെ പിരിച്ചു വിട്ടെങ്കിലും തുടർന്നു വന്ന തെരഞ്ഞെടുപ്പിൽ കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ അടിത്തറയായിരുന്ന തൊഴിലാളികളും ദളിതർ ഉൾപ്പെടെയുള്ള മർദ്ദിത ജനതയും 1957 ലേതിനേക്കാൾ കൂടുതൽ വോട്ട് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് നൽകി എന്നതും ചരിത്രമാണ്.

എന്നാൽ, അമ്പതുകൾ വരെയുള്ള കേരളത്തിന്റെ പുരോഗമനധാരയെ നേരെ എതിർദിശയിലേക്കു തിരിച്ചുവിട്ട വിമോചനസമര ശക്തികളെ തൊഴിലാളികളും മർദ്ദിതരുമായ ജനങ്ങളെ അണിനിരത്തി നേരിടേണ്ടതിനു പകരം, പിന്തിരിപ്പൻ മത-ജാതി ശക്തികളെ പ്രീണിപ്പിച്ച് എങ്ങനെയും അധികാരം പങ്കിടുന്നതിന് ആശയപരവും രാഷ്ട്രീയവുമായി വ്യവസ്ഥാപിത കമ്യൂണിസ്റ്റ് നേതൃത്വങ്ങൾ അപചയത്തിനു വിധേയമായതിന്റെ ഫലമായി കൂടിയാണ് ‘വിമോചന സമരാഭാസം’ അനുസ്മരിക്കാനുള്ള ഭൗതിക സാഹചര്യം കത്തോലിക്കാ മതമേധാവിത്വത്തിന് ഇപ്പോൾ ഉണ്ടാക്കിക്കൊടുത്തിട്ടുള്ളത്.

ഏവർക്കും അറിവുള്ളതു പോലെ, വിമോചന സമരത്തിലെ തൊപ്പിപ്പാളക്കാരും കുറുവടിക്കാരും നവഉദാര കാലത്തെ ഭൂമാഫിയയും വിദ്യാഭ്യാസ മാഫിയയുമായി പരിണമിച്ചിരിക്കുന്നു. ഭൂമിയും വിദ്യാഭ്യാസവും ചികിത്സാ രംഗവുമെല്ലാം കയ്യടക്കിയ മതമാഫിയ ദളിതരുടെയും ആദിവാസികളുടെയും സർവോപരി സ്ത്രീകളുടെയും കേരളത്തിലെ ഒന്നാം നമ്പർ ശത്രുവായി നിലകൊള്ളുന്നു. ഉന്നത മത മേധാവികൾ തന്നെ സാമ്പത്തിക തട്ടിപ്പിന്റെയും ബലാത്സത്തിന്റെയും പേരിൽ കോടതികൾ കയറിയിറങ്ങുന്നു. ഫ്രാങ്കോമാരിൽ നിന്നും രക്ഷതേടി കന്യാസ്ത്രീകൾ പോലും തെരുവിലറങ്ങേണ്ടിവരുന്നു. തൊഴിലാളിവർഗ്ഗത്തെയും മർദ്ദിത ജനതകളെയും കയ്യൊഴിച്ച് മൂലധന പക്ഷത്തേക്കു ചുവടു മാറിയ ‘ഇടതു മുന്നണി’ യാകട്ടെ, ഏറ്റവുമൊടുവിലത്തെ കാർട്ടൂൺ വിവാദവും മറ്റും സൂചിപ്പിക്കുന്നതു പോലെ മതമാഫിയയ്ക്കു പാദസേവ ചെയ്യാൻ വലതു മുന്നണിയുമായി മത്സരിക്കുന്നു.

വളരെ ചുരുക്കത്തിൽ, കേരളം നേരിടുന്ന സർവതല സ്പർശിയായ രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക ജീർണ്ണതക്കകത്താണ്, വിമോചന സമരത്തിന്റെ പേരിൽ മുൻകാലത്തു തലയിൽ മുണ്ടിട്ടു നടന്നിരുന്ന കത്തോലിക്കാ മത നേതൃത്വം ഇന്നൊരുളുപ്പുമില്ലാതെ വിമോചന സമര വാർഷികം ആചരിക്കുന്നതെന്നു നാം തിരിച്ചറിയണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍