UPDATES

ട്രെന്‍ഡിങ്ങ്

കോര്‍പ്പറേറ്റായി മാറുന്ന സിപിഎം; തോമസ് ചാണ്ടിമാരാണ് അതിന്റെ വിഴുപ്പ്

‘പാവങ്ങളുടെ പടത്തലവന്‍’ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന എകെജിയുടെ പേരിലുള്ള കേന്ദ്രം ഒരു പാര്‍ട്ടി ഓഫീസല്ല. മറിച്ച്, അതൊരു കോര്‍പ്പറേറ്റ് കമ്പനിയുടെ ഹെഡ്ഓഫീസാണ്

‘ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്കപ്പുറം സിപിഐ (എം) ന് മറ്റൊരു താല്‍പര്യവുമില്ലാത്തതിനാല്‍, എന്ത് വില കൊടുക്കേണ്ടി വന്നാലും ഞങ്ങള്‍ ജനങ്ങളുടെ പോരാട്ടത്തോടൊപ്പമായിരിക്കും. അടിയന്തിരാവസ്ഥയ്‌ക്കെതിരെ, അതിന് കീഴില്‍ സ്വീകരിച്ചിരിക്കുന്ന എല്ലാ അടിച്ചമര്‍ത്തല്‍ നടപടികള്‍ക്കുമെതിരെ, ജനാധിപത്യ നിഷേധത്തിനെതിരെ പോരാടുകയും എല്ലാ ചൂഷകര്‍ക്കെതിരെയും ജനശക്തിയില്‍ അധിഷ്ടിതമായ വിശാല ഐക്യപോരാട്ടം സംഘടിപ്പിക്കുകയും ചെയ്യുക എന്നത് ജനങ്ങളുടെ താല്‍പര്യം ആവശ്യപ്പെടുന്ന ഒന്നാണ്. ഞങ്ങള്‍ അധികാരവര്‍ഗ്ഗങ്ങള്‍ക്ക് മുന്നില്‍ ഒരിക്കലും സ്വയം കീഴടങ്ങില്ല. നമ്മുടെ രാജ്യത്തെ അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളെയും ജനാധിപത്യശക്തികളെയും ഞങ്ങള്‍ ഒരിക്കലും ഒറ്റികൊടുക്കില്ല. ചരിത്രം ഞങ്ങളുടെ നിലപാടുകളെ നീതീകരിക്കും.’

രാജ്യത്തിന്റെ കറുത്ത ഏട് എന്ന വിശേഷിപ്പിക്കപ്പെടുന്ന അടിയന്തിരാവസ്ഥയ്ക്ക് പാര്‍ലമെന്റിന്റെ അംഗീകാരം തേടിക്കൊണ്ട് അന്നത്തെ കേന്ദ്ര കൃഷി മന്ത്രി ജഗജീവന്‍ റാം അവതരിപ്പിച്ച പ്രസംഗത്തിന് മറുപടിയായി അന്നത്തെ പ്രതിപക്ഷ നേതാവ് ശ്രീ എകെ ഗോപാലന്‍ നടത്തിയ ചരിത്ര പ്രാധാന്യമുള്ള പ്രസംഗം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്.

സാധാരണ മനുഷ്യര്‍ക്കുള്ള അവയവങ്ങള്‍ മാത്രമേ എകജിക്ക് ഉണ്ടായിരുന്നുളളൂ. ഇല്ലാത്ത അവയവത്തെ കുറിച്ച് അണികളെ കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ച് മേനി നടിച്ച് നടക്കുന്ന ശീലം തീരെ ഇല്ലാതിരുന്ന ഒരു നേതാവായിരുന്നു അദ്ദേഹം. ഇന്ത്യ എന്ന രാജ്യത്തെ ആദ്യമായി ഏകാധിപത്യത്തിന്റെ രുചി അറിയിച്ച മഹതിയെ നോക്കിയായിരുന്നു അദ്ദേഹം അന്ന് ലോക്‌സഭയെ അഭിസംബോധന ചെയ്തത്. പക്ഷെ, അവരുടെ മുഖത്ത് നോക്കി സംസാരിക്കുമ്പോഴും അദ്ദേഹം ഒരിക്കലും ‘എടോ ഗോപാലകൃഷ്ണ’ പോലെയുള്ള ഭീഷണികള്‍ മുഴക്കിയില്ല. പക്ഷെ, തനിക്ക് പറയാനുള്ള രാഷ്ട്രീയം കൃത്യമായി ആ പ്രസംഗത്തിലെ ഓരോ വാക്കുകളിലും മുഴങ്ങി നിന്നു താനും. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ നേരിട്ട് കേള്‍ക്കാന്‍ ഭാഗ്യം സിദ്ധിച്ചിട്ടില്ലാത്ത തലമുറയില്‍ പെടുന്ന ഒരാളാണ് ഞാന്‍. പക്ഷെ പറഞ്ഞു കേട്ടിടത്തോളം എതിരാളികളെയോ അനുയായികളെയോ കൈചൂണ്ടി ഭീഷണിപ്പെടുത്തി സംസാരിക്കുന്ന ഒരു രീതി അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. ‘ഓര്‍ത്തോളണം’ എന്ന വാമൊഴിവഴക്കം കണ്ണൂരുകാരനായ അദ്ദേഹത്തിന് പഥ്യമായിരിന്നില്ല എന്നാണ് അറിയാന്‍ സാധിച്ചിട്ടുള്ളത്. ഭൂമിക്ക് വേണ്ടിയുള്ള കര്‍ഷകസമരങ്ങളുടെ മുന്നണി പോരാളിയായിരുന്നു എകെജി എന്ന് ഈ ലേഖകന്‍ പറയേണ്ട കാര്യമില്ല. പക്ഷെ സമരങ്ങളിലേക്ക് എടുത്ത് ചാടുന്നതിന് സ്ഥാനമാനങ്ങള്‍ അദ്ദേഹത്തിന് ഒരു പ്രശ്‌നമേ അല്ലായിരുന്നു. അമരാവതി ഭൂസമരം സംഘടിപ്പിക്കുമ്പോള്‍ അദ്ദേഹം ഔദ്ധ്യോഗികമായല്ലായിരുന്നെങ്കിലും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായിരുന്നു. കണ്ണൂരില്‍ നിന്നും മദ്രാസിലേക്കുള്ള 750 മൈല്‍ ദൂരം അദ്ദേഹം നയിച്ച പട്ടിണി മാര്‍ച്ചിനെ കുറിച്ചും കാസറഗോഡു നിന്നും തിരുവനന്തപുരത്തേക്ക നയിച്ച കര്‍ഷക മാര്‍ച്ചിനെ കുറിച്ചും ചുരുളി-കീരിത്തോട്, കൊട്ടിയൂര്‍ കുടിയൊഴിപ്പിക്കലുകള്‍ക്കെതിരെ അദ്ദേഹം നടത്തിയ പോരാട്ടങ്ങളെ കുറിച്ചു സിപിഎം കേരള ഘടകത്തിന്റെ വെബ്‌സൈറ്റില്‍ നിന്നും വായിച്ചെടുക്കാം.

ആരൊരാളുണ്ട് ഈ ‘മിനി കോര്‍പ്പറേറ്റി’നെ പിടിച്ചുകെട്ടാന്‍? തിരുവല്ലയിലെ ജാതിപ്പുഴുക്കള്‍

പക്ഷെ, ഇന്ന് അദ്ദേഹത്തിന്റെ ശിഷ്യന്മാരല്ലെങ്കിലും അനുയായികള്‍ സംസ്ഥാനം ഭരിക്കുമ്പോള്‍, അദ്ദേഹം സ്ഥാപിച്ച പാര്‍ട്ടിക്ക് മൃഗീയ മേല്‍ക്കോയ്മയുള്ള കീഴാറ്റൂര്‍ എന്നൊരു ഗ്രാമം തങ്ങളുടെ കൃഷി ഭൂമിയും കുടിവെള്ളവും പരിസ്ഥിതിയും സംരക്ഷിക്കാനുള്ള സമരത്തിലാണ്. ഒരു ഗ്രാമം എന്നാല്‍ ആ ഗ്രാമത്തിലെ മുഴുവന്‍ മനുഷ്യരും എന്ന് തന്നെ വായിച്ചെടുക്കണം. വികസനം എന്ന പേരില്‍ തങ്ങളുടെ ഭൂമി തട്ടിയെടുക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെയാണ് സമരം. തളിമ്പറമ്പ് പട്ടണത്തിലെ കടകള്‍ ഒഴിപ്പിച്ച് എന്‍എച്ച്-17ന് വീതി കൂട്ടി വികസനം കൊണ്ടുവരാനുള്ള മടിമൂലം കൃഷിയോഗ്യമായ നെല്‍വയലുകള്‍ കൈയേറി ബൈപ്പാസ് നിര്‍മ്മിക്കാനുള്ള സമരത്തിനെതിരെയാണ് അവര്‍ സമരം നടത്തുന്നത്. എന്നാല്‍ എകെജിയുടെ പിന്മുറക്കാരനായ സിപിഎം ജില്ല സെക്രട്ടറി അവിടെ എത്തി പ്രസംഗിച്ചത് സമരം ചെയ്യുന്നത് പാര്‍ട്ടി വിരുദ്ധരാണെന്നാണ്. സിപിഎമ്മുകാരന്‍ തന്നെയായ സ്ഥലം എംഎല്‍എ നല്‍കിയ വാഗ്ദാനം ആധുനിക പൈപ്പുവഴി ഗ്രാമത്തില്‍ കുടിവെള്ളം എത്തിക്കാം എന്നാണ്. ശുദ്ധമായ കുടിവെള്ളം ലഭ്യമാകുന്ന ഒരു ജനതയുടെ മുന്നില്‍ ചെന്ന് പൈപ്പുവഴി കുടിവെള്ളം നല്‍കാം എന്ന് ഉളുപ്പില്ലാതെ വാഗ്ദാനം ചെയ്യുന്ന തരത്തിലേക്ക് എകെജിയുടെ പിന്മുറക്കാര്‍ അധപ്പതിച്ചിരിക്കുന്നു. ഈ പാടങ്ങള്‍ നഷ്ടമായാല്‍ എവിടെ നിന്നും കുടിവെള്ളം ലഭ്യമാക്കും? എന്ന് സമരത്തിന്റെ മുന്‍നിരയില്‍ നില്‍ക്കുന്ന ജാനുവേടത്തി മനോരമ ന്യൂസിലെ ചൂണ്ടുവിരല്‍ പരിപാടില്‍ ഉയര്‍ത്തിയ ചോദ്യത്തിന് ഉത്തരം പറയാന്‍ ജെയിംസ് മാത്യു ബാധ്യസ്ഥനാണ്. ഭൂമി സംരക്ഷിക്കാനും മനുഷ്യരെ കുടിയിറക്കുന്നത് ഒഴിവാക്കാനും സ്ഥാനമാനങ്ങള്‍ നോക്കാതെ എടുത്ത് ചാടിയിരുന്ന എകെജിയില്‍ നിന്നും സിപിഎം ഒരുപാട്, ഒരുപാട് വളര്‍ന്നിരിക്കുന്നു. തളിപ്പറമ്പയിലെ വ്യാപാര സുഹൃത്തുക്കള്‍ നീട്ടിയ ഔദാര്യങ്ങളുടെ പ്രലോഭനമാണ് ബൈപാസ് ആശയത്തിന് പിന്നില്‍ എന്ന പരസ്യരഹസ്യങ്ങളും പാടിക്കേള്‍ക്കുന്നുണ്ട്. 25 വര്‍ഷം നീണ്ട തന്റെ പാര്‍ലമെന്ററി ജീവിതക്കാലത്ത് തന്റെ പാര്‍ട്ടിയിലെ ഒരോ യുവ എംപിയുടെയും താമസസ്ഥലം സന്ദര്‍ശിക്കുന്ന എകെജിയെ കുറിച്ച് ഒരു കഥ കേട്ടിട്ടുണ്ട്. അവരുടെ ജീവിതരീതിയില്‍ എന്തെങ്കിലും അനഭിലഷണീയ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ടോ എന്നറിയാനാണിത്. പാര്‍ലമെന്ററി ജനാധിപത്യം എളുപ്പം വീഴാവുന്ന ചളിക്കുഴിയാണെന്നും അതിനെതിരെയുള്ള ജാഗ്രതായണിതെന്നും അദ്ദേഹം വിശദീകരിച്ചിരുന്നതായും കേട്ടിട്ടുണ്ട്.

ഒരു വ്യക്തിയുടെയോ ഏതാനും ചില വ്യക്തികളുടെയോ മാറ്റമല്ല സിപിഎമ്മില്‍ സംഭവിക്കുന്നത്. ഇന്നോ ഇന്നലെയോ തുടങ്ങിയതുമല്ല. 1991ലെ നയനാര്‍ മന്ത്രിസഭയിലെ അംഗങ്ങള്‍ക്ക് നേരെ ചില അഴിമതി സൂചനകള്‍ ഉയര്‍ന്നിരുന്നെങ്കിലും അത് കൂടുതല്‍ വെളിപ്പെട്ടത് 1996ലെ മൂന്നാം നയനാര്‍ മന്ത്രിസഭ കാലത്തായിരുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയെ ചുറ്റിപ്പറ്റിയായിരുന്നു ആരോപണങ്ങളില്‍ ഏറെയും കറങ്ങിയിരുന്നത്. 2006ലെ വിഎസ് അച്യുതാനന്ദന്‍ മന്ത്രിസഭ അഴിമതിയോ ഭരണ നേട്ടങ്ങളോ ആയിരുന്നില്ല വാര്‍ത്തയില്‍ നിറഞ്ഞത്. പാര്‍ട്ടിയും മുഖ്യമന്ത്രിയും തമ്മിലുള്ള പോരായിരുന്നു. ഇരുഭാഗവും പത്രസമ്മേളനങ്ങളില്‍ ഇതിനു വേണ്ട ആക്കം കൂട്ടുകയും ചെയ്തു. ഏതായാലും മന്ത്രിസഭ ബക്കറ്റില്‍ വീണ കുട്ടിയായത് മിച്ചം. സിപിഎമ്മിന്റെ നേതൃത്വത്തില്‍ കേരളത്തെ ഭരിച്ചിരുന്ന ഇതുവരെയുള്ള ഇടതു മന്ത്രിസഭകളില്‍ നിന്നും തുലോം വ്യത്യസ്തമാണ് ഇപ്പോഴത്തെ സര്‍ക്കാര്‍. ഇകെ നയനാര്‍ മുഖ്യമന്ത്രിയും വിഎസ് അച്യുതാനന്ദന്‍ പാര്‍ട്ടി സെക്രട്ടറിയുമായിരുന്ന 1980ലെ മന്ത്രിസഭയെ കുറിച്ച് എംപി നാരായണപിള്ള ഒരു ലേഖനത്തില്‍ രസകരമായ ഒരു നിരീക്ഷണം നടത്തിയിട്ടുണ്ട്. നായനാര്‍ പാര്‍ട്ടി സെക്രട്ടറിയും വിഎസ് മുഖ്യമന്ത്രിയുമാവുന്ന ഒരു സുദിനമാണ് നായനാരുടെ സ്വപ്‌നമെന്ന്. ഭരണം എകെജി സെന്ററിലാണ് നടക്കുന്നത് എന്ന് എല്ലാ ഇടതുമന്ത്രിസഭ കാലത്തും ഉയര്‍ന്ന് വരാറുള്ള ഒരു ആരോപണമായിരുന്നു. കൂട്ടായ ഏകാധിപത്യമായിരുന്നു അല്ലെങ്കില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ ഏകാധിപത്യമായിരുന്നു നടന്നിരുന്നതെന്ന് സാരം. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും രണ്ട് വഴിക്ക് നീങ്ങിയിരുന്ന വിഎസ് മന്ത്രിസഭ കാലത്തുപോലും ഇത് ഒരു യാഥാര്‍ത്ഥ്യമായി നിലനിന്നിരുന്നു.

സിപിഎം സ്വയം കുഴി തോണ്ടിക്കോളൂ; പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂര്‍ നന്ദിഗ്രാമാക്കാന്‍ കുമ്മനം അരികിലുണ്ട്

ഇതില്‍ നിന്നും സ്പഷ്ടവും വ്യക്തവുമായ ഒരു വ്യതിചലനമാണ് ഇപ്പോഴത്തെ ഇടതു സര്‍ക്കാര്‍. ചങ്ങാത്ത മുതലാളിത്തത്തിന്റെ ഈ കാലഘട്ടത്തില്‍ ഏത് കുത്തകസ്ഥാപനത്തിനും ഒരു സിഇഒ ആവശ്യമാണ്. ബാക്കിയുള്ളവരെല്ലാം അദ്ദേഹത്തിന് താഴെയെ വരു. അല്ലെങ്കില്‍, വരാവൂ. എന്നാലെ മറ്റ് കമ്പനികളുമായുള്ള കച്ചവട ഇടപാടുകളില്‍ വ്യക്തത വരൂ. ലാഭനഷ്ട കണക്കുകള്‍ വിലയിരുത്തുന്നതിനും അതാവും നല്ലത്. ഈ സര്‍ക്കാരിന്റെ തുടക്കം മുതല്‍ ഈ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതാണ്. മറ്റ് കമ്പനികളുമായുള്ള കൊടുക്കല്‍ വാങ്ങല്‍ ബന്ധങ്ങളുടെ നീണ്ടകഥകളാല്‍ വിരചിതമാണ് ഈ ഒന്നര വര്‍ഷക്കാലം. വിവരാവകാശ നിയമം അട്ടിമറിച്ചുകൊണ്ട് തുടങ്ങിയ ആദ്യ തീരുമാനം മുതല്‍ തന്നെ ഇത് വ്യക്തമാണ്. ‘എല്ലാ കാര്യങ്ങളും എല്ലാവരെയും അറിയിക്കാനാവില്ല’ എന്ന വാക്കുകള്‍ക്ക് അര്‍ത്ഥം ചില ഇടപാടുകള്‍ പൊതുജനങ്ങളില്‍ നിന്നും മറച്ചുവെക്കേണ്ടുതുണ്ട് എന്നതാണ്. പിന്നീട് കേരളത്തില്‍ അരങ്ങേറിയ ഓരോ സംഭവവികാസങ്ങളിലും കൃത്യമായി പണിയെടുക്കുന്ന ഒരു സിഇഒയുടെ കൃതഹസ്തമായ ഇടപെടല്‍ കാണാന്‍ സാധിക്കും. കാര്യങ്ങള്‍ വിചാരിക്കുന്നിടത്ത് എത്തിക്കുക എന്നതാണ് മിടുക്കനായ ഒരു സിഇഒയുടെ ദൗത്യം. ലോഅക്കാദമി സമരം, ജിഷ്ണു പ്രണോയ് സംഭവം, സ്വാശ്രയ ഫീസ് നിര്‍ണയം, മൂന്നാര്‍ കൈയേറ്റ ഭൂമി പിടിച്ചെടുക്കല്‍, ഫലിക്കാതെ പോയ ആതിരപ്പള്ളി വെടിക്കെട്ട്, ഹാദിയ കേസ്, എന്തിന് നടി പീഡിപ്പിക്കപ്പെട്ട കേസില്‍ പോലും അതിന്റെ പ്രതിഫലനങ്ങള്‍ കണ്ടെടുക്കാന്‍ സാധിക്കും. ടിപി സെന്‍കുമാര്‍ കേസില്‍ മാത്രമാണ് ചുവട് ഒന്നു പിഴച്ചത്. ഇതില്‍ ഏറ്റവും അവസാനത്തേതാണ് ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന തോമസ് ചാണ്ടി വിലാസം ബാലെ. മറ്റെന്തിനേക്കാളും പ്രാധാന്യം ലാഭത്തിനാണ് എന്നാണ് ചങ്ങാത്ത മുതലാളിത്തം നമ്മെ പഠിപ്പിക്കുന്നത്. അവിടെ ഉപഭോക്താക്കളോ കമ്പനിയിലെ മറ്റ് ജീവനക്കാരോ ഒരു പരിഗണനയും പ്രതീക്ഷിക്കരുത്. കമ്പനിക്ക് ലാഭം നേടിക്കൊടുക്കാനാവാത്ത ഇപി ജയരാജനും ഏകെ ശശീന്ദ്രനും പെട്ടെന്ന് തന്നെ പണി നിറുത്തി പോകേണ്ടി വരും. പക്ഷെ, തോമസ് ചാണ്ടിക്ക് അത് വേണ്ടി വരില്ല. കാരണം, കൃത്യമായി ‘ടാര്‍ജറ്റ് അച്ചീവ്’ ചെയ്യുന്ന മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവാണ് അദ്ദേഹം.

സാധാരണ പാര്‍ട്ടി അണികളുടെ നാവിന് പോലും വഴങ്ങാത്ത പേരുള്ള കാറില്‍ കയറുന്നതും, ഒരു വെയിറ്ററെ പരസ്യമായി ശാസിക്കുന്നതും കടക്ക് പുറത്ത് എന്ന് മറ്റുള്ളവരോട് അരിശം കൊള്ളുന്നതുമൊന്നും ഒരു പ്രത്യേക വ്യക്തിയുടെ സ്വഭാവത്തിന്റെ പ്രശ്‌നമല്ല. ഏഷ്യാനെറ്റ് ന്യൂസിലെ സിന്ധു സൂര്യകുമാര്‍ കഴിഞ്ഞ കവര്‍സ്‌റ്റോറിയില്‍ പറഞ്ഞതുപോലെ അതൊരു മാനസികാവസ്ഥയാണ്. അധികാരവും ചുറ്റിലുമുള്ള സ്തുതിപാഠകരും സൃഷ്ടിക്കുന്ന ഒരു പ്രത്യേക മാനസികാവസ്ഥ. അത് മറികടക്കുക എന്നത് അത്ര എളുപ്പവുമല്ല. കാരണം, ‘പാവങ്ങളുടെ പടത്തലവന്‍’ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന എകെജിയുടെ പേരിലുള്ള കേന്ദ്രം ഒരു പാര്‍ട്ടി ഓഫീസല്ല. മറിച്ച്, അതൊരു കോര്‍പ്പറേറ്റ് കമ്പനിയുടെ ഹെഡ്ഓഫീസാണ്.

ആരൊരാളുണ്ട് ഈ ‘മിനി കോര്‍പ്പറേറ്റി’നെ പിടിച്ചുകെട്ടാന്‍? തിരുവല്ലയിലെ ജാതിപ്പുഴുക്കള്‍

ശരത് കുമാര്‍

ശരത് കുമാര്‍

കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍