UPDATES

“ഇപ്പ ശരിയാക്കി തരാം”; റോഡ്‌ റോളര്‍ ഓടിക്കുന്ന സ്ത്രീകളെ മുമ്പ് കണ്ടിട്ടുണ്ടോ? ഷിനി എന്ന പ്രതിഭാസത്തെ പരിചയപ്പെടൂ!

“ഞങ്ങൾ മൂന്നു പെണ്മക്കളായിരുന്നു വീട്ടിൽ. അതുകൊണ്ടുതന്നെ അച്ഛൻ എപ്പോഴും പറയും. പെണ്ണാണെന്ന് പറഞ്ഞ് എവിടെയും മാറിനിൽക്കരുതെന്ന്. സ്വന്തം കാലിൽ നിൽക്കാൻ പഠിക്കണമെന്നും”.

രണ്ടാഴ്ച മുൻപ് പാലക്കാട് റോഡ് റോളർ വാടകയ്ക്ക് നൽകുന്ന സ്ഥലത്തെത്തി ഷിനി പറഞ്ഞു: “എനിക്ക് ഒരു ദിവസത്തേക്ക് റോഡ് റോളർ വാടകയ്ക്ക് വേണം.”

“എവിടെയാണ് വർക്കെ“ന്ന ഉടമയുടെ മറുചോദ്യത്തിനുള്ള ഷിനിയുടെ മറുപടി അല്‍പ്പം പരുങ്ങലോടെയായിരുന്നു: “വർക്കിനല്ല, എനിക്ക് ഓടിക്കാനാണ്.”

മുന്നിൽ നിൽക്കുന്ന പെൺകുട്ടിക്ക് കാര്യമായി എന്തെങ്കിലും തകരാറുണ്ടോ എന്ന് സംശയിച്ചു നിന്ന ഉടമയോടു ഷിനി പറഞ്ഞു; “റോഡ് റോളർ ഓടിക്കാനറിയാം. ഏഴു വാഹനങ്ങളുടെ ലൈസൻസ് ഞാനെടുത്തിട്ടുണ്ട്”. ഷിനി എന്തെല്ലാം പറഞ്ഞിട്ടും ഉടമ വഴങ്ങിയില്ല. “ഇതൊന്നും നടക്കണ കാര്യമല്ലെ”ന്ന് പറഞ്ഞ് ഉടമ ഷിനിയെ മടക്കിവിട്ടു. വീട്ടിലെത്തിയ ഉടനെ ഷിനി തനിക്ക് കിട്ടിയ ലൈസൻസിന്റെയെല്ലാം ഫോട്ടോയെടുത്ത് ഉടമയുടെ വാട്ട്സ് ആപ്പിൽ അയച്ചുകൊടുത്തു. അതോടെ റോഡ് റോളർ കിട്ടി.

ഒരു ദിവസത്തെ പരിശീലനം. ജൂലൈ രണ്ടിന് ടെസ്റ്റിനായി ഷിനി മലമ്പുഴയിലെ സ്‌കൂൾ ഗ്രൗണ്ടിലെത്തി. വാഹനം ഓടിക്കാൻ തയ്യാറെടുക്കും മുൻപ് മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥൻ സരസമായി ചോദിച്ചു. “ഇത് വല്ലതും ശരിയാകുമോ?” ഉടനെ വന്നു ഷിനിയുടെ നർമത്തിൽ പൊതിഞ്ഞ മറുപടി: “ഇപ്പൊ ശരിയാക്കിത്തരാം”. പറഞ്ഞപോലെതന്നെ എല്ലാം ശരിയാക്കി വാഹനത്തിൽ നിന്നും തിരിച്ചിറങ്ങുമ്പോൾ ചുറ്റും അഭിനന്ദന പ്രവാഹവുമായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. ഷിനിക്ക് തന്റെ രണ്ടു വർഷത്തെ അഭിലാഷം യാഥാർഥ്യമായതിന്റെ ചാരിതാർഥ്യവും. റോഡ് റോളറിൽ ലൈസൻസ് നേടുന്ന സംസ്ഥാനത്തെ ആദ്യ വനിതയെന്ന ബഹുമതി കൂടി സ്വന്തമാക്കിയ മുഹൂർത്തമായി മാറി അത്.

ശിഷ്യനെ ഗുരുവാക്കി ആദ്യ പരിശീലനം.

2016-ലാണ് ആദ്യമായി റോഡ് റോളറിൽ ഷിനി ഒരു കൈ നോക്കുന്നത്. എറണാകുളം കാക്കനാട് കൃഷിവകുപ്പിനു കീഴിലുള്ള കർമസേനയിലും അഗ്രോ സർവീസ് സെന്ററിലും ഡ്രൈവിംഗ് പരിശീലകയായി ഒരു വർഷം ജോലി ചെയ്തിരുന്നു. ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനിടെ തന്റെ ഒരു ശിഷ്യൻ റോഡ് റോളർ ഓടിക്കുന്നുണ്ടെന്നറിഞ്ഞു. ഡ്രൈവിംഗ് വല്ലാത്തൊരു ക്രേസ് ആയി മനസ്സിൽ കൊണ്ടുനടക്കുന്ന ഷിനി ഉടനെ ശിഷ്യനെ തന്റെ ആഗ്രഹമറിയിച്ചു. അങ്ങനെ ശിഷ്യനായ ബേബി ചേട്ടൻ ഒരു ദിവസത്തേക്ക് റോഡ് റോളറിൽ ഷിനിയുടെ ഗുരുവായി. അന്നത്തെ ഒരു ദിവസത്തെ പരിശീലനം കൊണ്ട് റോഡ് റോളറിനെ ഷിനി തന്റെ വരുതിയിലാക്കി. ഒറ്റ ദിവസം കൊണ്ട് നേടിയ ആത്മവിശ്വാസം ഒന്നുകൊണ്ടു മാത്രമാണ് ഒരു മാസം മുൻപ് റോഡ് റോളറിന്റെ ലൈസൻസിനായി ഷിനി അപേക്ഷ നൽകിയതും ലൈസൻസ് നേടിയെടുത്തതും. എറണാകുളം നോർത്ത് പറവൂർ തത്തപ്പിള്ളിയിൽ സദാശിവന്റേയും ദേവിയുടെയും മൂന്നു പെൺമക്കളിൽ ഇളയവളാണ് ഷിനി. നോർത്ത് പറവൂർ കരിമാളൂർ തട്ടാംപടിയിൽ താന്തോന്നിക്കൽ വീട്ടിൽ ടി.എം വിനോദിന്റെ ഭാര്യയും.

ഡ്രൈവിംഗ് കമ്പം

അച്ഛനായിരുന്നു തന്റെ ആദ്യഗുരുവെന്ന് ഷിനി. “പറവൂർ കവലയിലുള്ള വർക്ക് ഷോപ്പിലായിരുന്നു അച്ഛന് ജോലി. ചെറുപ്പം മുതലേ അച്ഛൻ ഞങ്ങളെ ബൈക്കിലിരുത്തി പൂരം കാണാനൊക്കെ കൊണ്ടുപോകും. അന്നുതുടങ്ങി ഡ്രൈവിങ്ങിനോട് കമ്പമുണ്ട്. ചെറുപ്പത്തിൽ അച്ഛൻ സൈക്കിൾ ഓടിക്കാനാണ് പഠിപ്പിച്ചത്. പക്ഷെ അച്ഛന്റെ കൂടെ ബൈക്കിൽ യാത്ര ചെയ്യുമ്പോഴെല്ലാം ബൈക്ക് ഓടിക്കാനുള്ള ആഗ്രഹം കൂടിക്കൂടി വന്നു. ഒരു ദിവസം അച്ഛനില്ലാത്ത സമയത്ത് വീട്ടിലിരുന്ന എസ്.ഡി ജാവ ബൈക്കെടുത്തങ്ങട് ഓടിച്ചു. 14-ആം വയസ്സിലായിരുന്നു അത്. പിന്നീട് ട്രാക്ടർ ഓടിക്കാനാണ് പഠിച്ചത്. അതിനും ശേഷമാണു ഫോർ വീലറിന്റെയും ത്രീ വീലറിന്റെയും ലൈസൻസ് എടുത്തത്”.

മലമ്പുഴ സർക്കാർ ഐ.ടി.ഐയിൽ ട്രാക്ടർ മെക്കാനിക്ക് കോഴ്സ് ചെയ്യുന്ന ഷിനി ബസ്, ലോറി, കൊയ്ത്തുയന്ത്രം, മെതിയന്ത്രം, ജെ.സി.ബി എന്നിവയും ഓടിക്കും. റോഡ് റോളറിന് പുറമെ ട്രാക്ടർ വിത്ത് ട്രെയ്‌ലർ, ക്രയിൻ എന്നിവയുടെ ടെസ്റ്റും ജൂലൈ രണ്ടിന് വിജയകരമായി പൂർത്തിയാക്കി ലൈസൻസ് നേടി. റോഡ് റോളർ ഓടിക്കുന്ന ഒരു പെൺകുട്ടിയെ ഇതുവരെ കണ്ടിട്ടില്ലെന്ന് ഷിനിയുടെ പരിശീലകനും 34 വർഷം പി.ഡബ്ല്യു.ഡിയിൽ റോഡ് റോളർ ഡ്രൈവറുമായിരുന്ന കെ. മുത്തുകകൃഷ്ണൻ പറയുന്നു. മോട്ടോർ വാഹന വകുപ്പിലും റോഡ് റോളർ ലൈസൻസിനായി ഇതേവരെ ആരും അപേക്ഷ നൽകിയിട്ടില്ലെന്ന് മോട്ടോർ വാഹന വകുപ്പും പറയുന്നു.

ലക്ഷ്യം

സർക്കാർ ജോലി സംഘടിപ്പിക്കണം. പിന്നെ 14 വീലുള്ള കണ്ടെയ്നർ ഓടിക്കണം. പറ്റുമെങ്കിൽ ട്രെയിനും. ഷിനിയുടെ ആഗ്രഹങ്ങൾ നീളുകയാണ്..

ബ്രേക്ക് പോലുമില്ലാത്ത റോഡ് റോളർ തുടങ്ങിയ വാഹനങ്ങൾ ഓടിക്കുമ്പോൾ പേടി തോന്നുന്നില്ലേ എന്ന് ചോദിച്ചാൽ വളരെ നിസാരമായി ഷിനി പറയും: “അതൊന്നുമില്ല. ഞങ്ങൾ മൂന്നു പെണ്മക്കളായിരുന്നു വീട്ടിൽ. അതുകൊണ്ടുതന്നെ അച്ഛൻ എപ്പോഴും പറയും. പെണ്ണാണെന്ന് പറഞ്ഞ് എവിടെയും മാറിനിൽക്കരുതെന്ന്. സ്വന്തം കാലിൽ നിൽക്കാൻ പഠിക്കണമെന്നും”.

ഭർത്താവ് വിനോദും ഷിനിയുടെ ആഗ്രഹങ്ങളോടൊപ്പം തന്നെയുണ്ട്. ഏഴിലും രണ്ടിലും പഠിക്കുന്ന അമൽ, വിമൽ എന്നിവർ മക്കളാണ്.

സന്ധ്യ വിനോദ്

സന്ധ്യ വിനോദ്

മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍