UPDATES

ട്രെന്‍ഡിങ്ങ്

മല്‍സ്യത്തൊഴിലാളികള്‍ക്ക് പേടിസ്വപ്നമായി കപ്പലുകള്‍ തലങ്ങും വിലങ്ങും പായുന്ന അറബിക്കടല്‍

ബോട്ടപകടത്തിൽ മരണമടഞ്ഞ മത്സ്യതൊഴിലാളികളുടെ കുടുംബങ്ങളെയും ബോട്ട് നഷ്ടപ്പെട്ട കുടുംബത്തെയും സഹായിക്കുവാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ അടിയന്തിര നടപടി കൈക്കൊള്ളണം

കടലില്‍ പണിക്ക് പോകുന്ന പരമ്പരാഗത മല്‍സ്യത്തൊഴിലാളികളുടെയും ബോട്ടുകാരുടെയും പേടിസ്വപ്‌നമാണ് കപ്പലുകള്‍. മുനമ്പത്തുനിന്നും 15 പേരുമായി പോയ ഓഷ്യാന മല്‍സ്യബന്ധന ബോട്ടില്‍ എം വി ദേശ് ശക്തി എന്ന്‍ ഇന്ത്യന്‍ കപ്പലിടിച്ച് മൂന്നു പേര്‍ മരിക്കുകയും 12 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ബോട്ടില്‍ ഇടിച്ച ശേഷം കപ്പല്‍ നിര്‍ത്താതെ പോവുകയായിരുന്നു.

തമിഴ്നാട് രാമൻതുറ സ്വദേശികളായ യുഗനാഥൻ (45), മണക്കുടി (50), യാക്കൂബ് (57) എന്നിവരാണു മരിച്ചത്. രണ്ടു പേരെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. ഒന്‍പത് പെര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

“കേരള തീരത്ത് നിന്നും 30 നോട്ടിക്കല്‍ മൈല്‍ അകലെയായണ് അപകടം നടന്നതായി അറിയാന്‍ സാധിച്ചത്. റോഡുകളില്‍ നടക്കുന്ന അപകടം പോലെയല്ല കടലിലേത്. പലപ്പോഴും കപ്പല്‍ അടുത്തെത്തി കഴിയുമ്പോഴാണ് അറിയാന്‍ സാധിക്കുന്നത് തന്നെ. തീരത്തിന് അടുത്തുകൂടി പോകുന്ന കപ്പലുകള്‍ വല നശിപ്പിക്കുന്ന സംഭവങ്ങള്‍ നിരവധി തവണ ഉണ്ടായിട്ടുണ്ട്. വല വിരിച്ചതിന് ശേഷം ബോട്ടില്‍ കിടന്നുറങ്ങാറാണ് പരമ്പാരാഗത മല്‍സ്യത്തൊഴിലാളികളുടെ പതിവ്. അതുകൊണ്ട് തന്നെ കപ്പല്‍ അടുത്തെത്തി കഴിയുമ്പോഴാകും മല്‍സ്യബന്ധനത്തൊഴിലാളികള്‍ക്ക് അറിയാന്‍ കഴിയുക. കൂടാതെ കപ്പല്‍ ഉണ്ടാക്കുന്ന ഓളങ്ങളില്‍ പെട്ട് ചെറുവള്ളങ്ങളും ബോട്ടുകളും മറിഞ്ഞ് അപകടം ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. കടലില്‍ ഉണ്ടാകുന്ന ഇത്തരം അപകടങ്ങള്‍ക്ക് മരണമടഞ്ഞാല്‍ മാത്രമേ നഷ്ടപരിഹാരം കിട്ടാറുള്ളൂ. മറ്റൊന്നിനും നഷ്ടപരിഹാരം കിട്ടാറില്ല.” തിരുവനന്തപുരത്തെ തീരദേശവാസിയായ ഷിജു ബേസില്‍ പറയുന്നു.

“അന്തര്‍ദേശീയ കപ്പല്‍ ചാലുകളിലൂടെയാണ് കപ്പലുകള്‍ പോകേണ്ടത്. എന്നാല്‍ പലപ്പോഴും അവര്‍ തീരത്തിനടുത്തേക്ക് എത്താറാണ് പതിവ്. ഏകദേശം 70 കിലോമീറ്റര്‍ വരെ പരമ്പരാഗത മല്‍സ്യത്തൊഴിലാളികളും പോകാറുണ്ട്. ട്രോളിങ് ബോട്ടുകള്‍ ഉള്‍ക്കടലിലേക്കും പോകാറുണ്ട്. ചില അവസരങ്ങളില്‍ അവര്‍ കപ്പലുകള്‍ കരയിലേക്ക് വന്ന് ഇത്തരത്തിലുള്ള അപകടങ്ങള്‍ ഉണ്ടാക്കാറുണ്ട്”, സൗത്ത് ഇന്ത്യന്‍ ഫെഡറേഷന്‍ ഫോര്‍ ഫിഷര്‍മെന്‍ സൊസൈറ്റിയുടെ ബോര്‍ഡ് അംഗമായ അല്‍ഫോന്‍സ് അഭിപ്രായപ്പെട്ടു.

“കഴിഞ്ഞ കുറെ നാളുകളായി കേരള കടലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്ന ബോട്ടുകളെയും വള്ളങ്ങളെയും കപ്പലിടിച്ച്‌ അപകടം വരുത്തുന്നത് നിത്യസംഭവമായി മാറിയിരിക്കുന്നു. നിരധി മത്സ്യതൊഴിലാളികൾ അപകടത്തിൽ മരണപ്പെടുകയും ബോട്ടുകളും വള്ളങ്ങളും നഷ്ടപ്പെടുകയും ചെയ്തു. നമ്മുടെ കടലിലെ ഇന്നസെൻറ് പാസ്സേജിലൂടെ കപ്പലുകൾക്ക് സഞ്ചരിക്കാൻ മാത്രമേ അവകാശമുള്ളൂ. മത്സ്യബന്ധനത്തിൽ ഏർപ്പെടുന്ന ബോട്ടുകളെയും വള്ളങ്ങളെയും കണ്ടാൽ കപ്പലുകൾ ഒഴിഞ്ഞുപോകണമെന്നത് അന്താരാഷ്ട്ര കടൽ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. കടൽ നിയമങ്ങൾ പാലിക്കാതെയാണ് വിദേശത്തെയും സ്വദേശത്തെയും കപ്പലുകൾ അറേബ്യൻ കടലിലൂടെ തലങ്ങും വിലങ്ങും സഞ്ചരിക്കുന്നത്. കൊച്ചിൻ പോർട്ട് ട്രസ്റ്റിൻറെ വീഴ്ച്ചയുടെ ഒടുവിലത്തെ ഉദാഹരണമാണ് ഇന്നത്തെ മുനമ്പം ബോട്ടപകടം. ഇതുവഴി കടന്നുപോകുന്ന എല്ലാ കപ്പലുകളും അവരുടെ സഞ്ചാരപഥവും യാത്രാവിവരങ്ങളും പോർട്ട് ട്രസ്റ്റിനെ അറിയിക്കേണ്ടതാണ്. ഇക്കാര്യത്തിൽ ആരാണ് വീഴ്ച്ച വരുത്തിയതെന്ന് പരിശോധിക്കപ്പെടേണ്ടതാണ്. ബോട്ടപകടത്തിൽ മരണമടഞ്ഞ മത്സ്യതൊഴിലാളികളുടെ കുടുംബങ്ങളെയും ബോട്ട് നഷ്ടപ്പെട്ട കുടുംബത്തെയും സഹായിക്കുവാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ അടിയന്തിര നടപടി കൈക്കൊള്ളണം. പാർലമെൻറ് സമ്മേളനം നടക്കുന്ന പശ്ചാത്തലത്തിൽ സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്തു് ഈ വിഷയം പാർലമെൻറിൽ ഉന്നയിക്കുവാൻ കേരളത്തിലെ എം.പിമാർ തയ്യാറാകണം.” നാഷണൽ ഫിഷ് വർക്കേഴ്സ് ഫോറവും കേരള സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷനും ഇറക്കിയ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

മത്സ്യതൊഴിലാളികൾക്ക് 200 നോട്ടിക്കൽ മൈൽ വരെയുള്ള ഇന്ത്യൻ കടലിൽ മീൻപിടിക്കാനായുള്ള അവകാശമുണ്ട്. ഈ മത്സ്യതൊഴിലാളികളുടെ സംരക്ഷണവും കടൽ സുരക്ഷയും ഉറപ്പുവരുത്തേണ്ടത് മറൈൻ എൻഫോഴ്സ്മെൻറ്റിൻറ്റെയും കോസ്റ്റ് ഗാർഡിൻറെയും ചുമതലയാണ്. വീഴ്ച്ച വരുത്തുന്ന ഉദ്യോഗസ്ഥരുടെമേൽ നടപടി കൈക്കൊള്ളാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ തയ്യാറാകണം. ബോട്ടിനെ ഇടിച്ച കപ്പലിനെ പിടിച്ചുകെട്ടാൻ ഊർജ്ജിതമായ നടപടിയാണ് ഉടനെ വേണ്ടത്. കപ്പലിനെ പിടിച്ചെടുത്താൽ കൊലക്കുറ്റത്തിന് കേസ്സെടുക്കുകയും വിചാരണ തീരുന്നതുവരെ കപ്പലിനെയോ ജീവനക്കാരെയോ ഇവിടെനിന്നും മോചിപ്പിക്കാൻ അവസരം നൽകുകയുമരുത്. ഇതിനുമുമ്പ് ഇത്തരം സംഭവങ്ങൾ ഉണ്ടായപ്പോൾ മൃദു സമീപനമാണ് നമ്മുടെ സർക്കാരുകൾ കൈക്കൊണ്ടത്. നമ്മുടെ കടലിൽ ഇത്തത്തിൽ ഇനിയൊരു അപകടം ഉണ്ടാകാതിരിക്കുവാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ കർശനമായ നടപടി കൈക്കൊള്ളണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു.

ആരതി എം ആര്‍

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍