UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇരിപ്പിന്റെ രാഷ്ട്രീയം; ഭയത്തിന്റെ പ്യൂപ്പകളില്‍ നിന്നു പൂമ്പാറ്റകള്‍ ഉണ്ടാകുന്ന വിധം ഇരിപ്പിന്റെ രാഷ്ട്രീയം; തൊഴിലിടങ്ങളെന്ന് വിളിക്കപ്പെടുന്ന തടവറകള്‍ -1

Avatar

കാന്തന്‍

 

(ഇരിപ്പിന്റെ രാഷ്ട്രീയം; തൊഴിലിടങ്ങളെന്ന് വിളിക്കപ്പെടുന്ന തടവറകള്‍ – ഭാഗം1)

ഭാഗം -2 
ചെറുകടകളില്‍ നിന്നും വന്‍ ഷോപ്പിംഗ് മാളുകളിലേക്കും സൂപ്പര്‍ മാര്‍ക്കറ്റുകളിലേക്കും ഉപഭോഗം മാറുക വഴി ഒട്ടേറെ പുതിയ ഉപഭോഗരീതികള്‍ ഉടലെടുക്കുന്നു. ഇതിനായി രൂപപെടുത്തി എടുക്കുന്ന തൊഴില്‍ സേന ലഭ്യമാകുന്നത് അടിസ്ഥാന ജനവിഭാഗങ്ങളില്‍ നിന്നാണ്. (ഏറ്റവും കുറഞ്ഞ നിരക്കില്‍ അധ്വാനം വിലയ്ക്ക് വാങ്ങാവുന്ന പ്രദേശങ്ങളില്‍ തൊഴിലാളികളെ കണ്ടെത്തുന്ന ഔട്ട്സോഴ്സിങ് എന്ന പേരില്‍ അറിയപെടുന്ന ഈ പ്രക്രിയയാണ് ആഗോളീകരണത്തിന്റെ കാലത്തെ ചൂഷണത്തെ വ്യതിരിക്തമാകുന്നത്). ഇതില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. കൃഷി മേഖലകളിലെ തളര്‍ച്ചയും മറ്റു മേഖലകളിലെ സാധ്യതകളില്‍ വന്ന ഇടിവും ചെറുകടകളിലേതിനേക്കാള്‍ വന്‍ ഷോപ്പിംഗ് മാളുക്കളും മറ്റും ‘സുരക്ഷിതം’ എന്ന പുരുഷാധിപത്യ മനോഭാവത്തിനു അനുകൂലമായി നിലകൊള്ളുന്നത് കൊണ്ട് പലരും ഇത്തരത്തിലുള്ള തൊഴില്‍ പരിസരങ്ങളിലെ ജോലി തിരഞ്ഞെടുക്കുവാന്‍ നിര്‍ബന്ധിതരാവുന്നു. (ചെറുകടകളില്‍ അധീശത്വത്തിന്റെ തോത് കുറവാണ് എന്നേയുള്ളു).

സ്വന്തമായി ഒരു ജോലി എന്നത് ആധുനിക ജീവിത പരിസരങ്ങളില്‍ അത്യന്താപേഷികമായ ഒരു ഘടകമായി മാറിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് തൊഴില്‍ ഒരു തരത്തിലുള്ള സ്വാതന്ത്ര്യ പ്രഖ്യാപനവുമാണ്. (ആണോ? ഗാര്‍ഹിക ബാധ്യതകള്‍ തുല്യമായി പങ്കു വെക്കപ്പെടാത്ത സാഹചര്യത്തില്‍ സ്ത്രീകള്‍ക്ക് അത് ഇരട്ടി അധ്വാനവും ചൂക്ഷണവുമാണ്). എന്നാല്‍ പലര്‍ക്കും ഇത് സ്വന്തം നിലനില്‍പ്പിനായുള്ള വരുമാന മാര്‍ഗമാണ്. അതിനാല്‍ തന്നെ എല്ലാ ചൂഷണോപാധികള്‍ക്കും വിധേയരായി പ്രവര്‍ത്തിക്കേണ്ടി വരികയും ചെയ്യുന്നു.

ടെക്സ്റ്റൈല്‍ ഷോപ്പുകള്‍ അടക്കമുള്ള മേഖലകളില്‍ പൊതുവെ സ്ത്രീകള്‍ക്കാണ് മുന്‍ഗണന. സ്ത്രീകള്‍ അസംഘടിതരാണ്, അവര്‍ക്കിടയില്‍ വര്‍ഗബോധം കുറവാണ്, പുരുഷാധിപത്യ സമുഹത്തിലെ സ്ത്രീകളുടെ വിധേയ മനോഭാവം എന്നിങ്ങനെയുള്ള മുന്‍വിധികളുടെ പശ്ചാത്തലത്തിലാണ് സ്ത്രീകളെ കൂടുതലായി ഈ മേഖലകളിലേക്ക് തെരഞ്ഞെടുക്കുന്നതിനു മുതലാളിമാര്‍ മുതിരുന്നത്. പലപ്പോഴും തങ്ങളുടെ സ്ഥാപനങ്ങളെ അലങ്കരിക്കാനുള്ള ഒരു ‘ചരക്കാ’യി ഇവര്‍ സ്ത്രീകളെ വിനിയോഗിക്കുന്നു. മുതലാളിത സംസ്‌കൃതി സ്ത്രീയെ അവളുടെ സ്വത്വത്തില്‍ നിന്നും വേര്‍പെടുത്തി വെറും ഉപഭോഗ വസ്തുവായി മാത്രം മാറ്റുന്നു. ഈ കാരണങ്ങളാല്‍ തന്നെ പ്രായമായവരോ കറുത്തവരോ നിര്‍വിചിതമായ സൌന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് പുറത്തുള്ളവരോ ആയ സ്ത്രീകള്‍ പുറന്തള്ളപെടുന്നു. ഇത് മാനസികമായ മറ്റൊരു ചൂഷണമാണ്. സ്വന്തം ശരീരത്തെ കുറിച്ചും സൌന്ദര്യത്തെ കുറിച്ചും ആശങ്കകളും അപകര്‍ഷതാബോധവും അരക്ഷിതാവസ്ഥയും ഉണര്‍ത്തുന്ന തരത്തിലുള്ളവയാണ് ഇത്തരം അവഗണനകള്‍.

 

 

ഉത്തരവാദിത്തപ്പെട്ടവരുടേയും മറ്റു സംഘടനകളുടെയും നിലപാടുകള്‍ 

ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ് ആക്ട് പ്രകാരം കടകള്‍ സന്ദര്‍ശിക്കേണ്ടതും തൊഴിലാളിക്കളുടെ ആശങ്കകള്‍ പരിഹരിക്കേണ്ടതും ക്ഷേമം ഉറപ്പു വരുത്തേണ്ടതും ലേബര്‍ ഓഫീസര്‍മാരുടെ ചുമതലയാണ്. രണ്ട് തൊഴിലാളികള്‍ക്കായി ഒരു ഇരിപ്പിടം എന്ന അനുപാതത്തിന്റെ അടിസ്ഥാനത്തിലാണ് നിയമമെങ്കിലും മൊത്തം തൊഴിലാളികള്‍ക്കായി ഒരു ഇരിപ്പിടമെങ്കിലും എന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇരിക്കാന്‍ ഇരിപ്പിടമുണ്ടോ എന്ന് മാസത്തിന്‍റെ ആദ്യ ആഴ്ചകളില്‍ ആക്രോശിക്കുന്ന ഉദ്യോഗസ്ഥര്‍ പിന്നീട് സ്ഥാപനത്തിലേക്കൊന്ന് എത്തി നോക്കുക പോലുമില്ല. ഏതെങ്കിലും തൊഴിലാളി പരാതി നല്കുകയാണെങ്കില്‍ ആ തൊഴിലാളിയുടെ പേരുവിവവരങ്ങള്‍ വെളിപ്പെടുത്തിയാണ് മുതലാളിമാരെ വിളിക്കുക. ഓഫീസര്‍ക്കും തൊഴിലാളിക്കും കിട്ടേണ്ടത് കിട്ടും. കൈക്കൂലി കൊണ്ട് ഓഫീസര്‍ മടങ്ങുമ്പോള്‍ പിരിച്ചു വിട്ടതിനാല്‍ തൊഴിലാളിയും കൂടെ ഇറങ്ങും. ഇത് ഭയന്ന് ഉള്ള ജോലി കാക്കാനായി ഒരാളും ഓഫീസിലേക്ക് വിളിക്കുകയില്ല.

 

തൊഴിലാളികളുടെ തൊഴില്‍ മാറി; പാര്‍ട്ടിയുടെയും എന്ന ശീര്‍ഷകത്തെ അന്വര്‍ത്ഥമാക്കുന്ന വിധത്തിലാണ് ഒരു കാലഘട്ടത്തിലെ കേരളത്തിലെ ഇടതുപക്ഷ പൊതുബോധത്തിന്റെ ഏറ്റവും മികച്ച സംഘടിതശക്തിയെന്ന് അവകാശപ്പെടുന്ന പാര്‍ട്ടിയുടെ നിലപാട് എന്നത് ദു:ഖകരമാണ്. എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും അവരുടെ കീഴിലുള്ള തൊഴിലാളി യുണിയനുകളുടെയും നിലപാടുകളെ കുറിച്ച് ചോദിക്കുമ്പോള്‍ ‘കയിച്ചിട്ടു തുപ്പാനും മധുരിച്ചിട്ട് ഇറക്കാനും പറ്റാത്ത അവസ്ഥയാണ് ‘ എന്നാണ് AMTU പ്രവര്‍ത്തകന്‍ ഷഫീഖ് പറയുന്നത്. പലപ്പോഴും ഇവര്‍ (യുണിയനും പാര്‍ട്ടിയും) മുതലാളിമാരുടെയും തൊഴിലാളികളുടെയും ഇടയില്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ചുകൊണ്ട് തങ്ങളുടെ ലാഭങ്ങള്‍ക്ക് അനുസൃതമായി തൊഴിലാളികളെ വിട്ടുവീഴ്ച ചെയ്യാന്‍ പ്രേരിപ്പിക്കുന്നു.

 

  തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന വോട്ട് ആന്‍ഡ് ടോക്ക് എന്നാ പ്രോഗ്രാമില്‍ ‘ടെക്സ്റ്റൈല്‍ മേഖലയിലെ തൊഴിലാളികള്‍ക്കായി താങ്കളെന്തു ചെയ്തു’ എന്ന ചോദ്യത്തിന് ഒരു സ്ഥാനാര്‍ഥി ‘ഞങ്ങള്‍ അസംഘടിത മേഖലയിലെ തൊഴിലാളിക്കള്‍ക്ക് പ്രസവാവധി കൊണ്ടുവന്നില്ലേ?’ എന്നാണ് മറുപടി നല്കിയത്. ഒന്നാമതായി ഗര്‍ഭിണിയാണെന്ന് അറിയുന്ന പക്ഷം പിരിച്ചുവിടപ്പെടുന്ന സാഹചര്യമാണ് ഈ മേഖലയിലുള്ളത്. അപ്പോള്‍ പ്രസവാനുകൂല്യത്തിന്റെ കാര്യം ചര്‍ച്ചയ്ക്ക് പോലും വരാത്ത സാഹചര്യത്തില്‍ ഇത്തരം പ്രസ്താവനകള്‍ പ്രഹസനങ്ങളായി പോവുന്നു. രണ്ടാമതായി പ്രസവാനുകൂല്യം നിയമപ്രകാരം നിലവിലുള്ളതാണ്. പ്രസ്തുത

വിഷയവുമായി ബന്ധപ്പെട്ട് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞത് ‘ഇരിക്കണോ വേണ്ടയോ എന്ന് ഞാന്‍ ഒന്ന് പഠിക്കട്ടെ’ എന്നാണ്.

സമകാലിക രാഷ്ട്രീയ മേഖലയിലും പ്രവര്‍ത്തനങ്ങളിലും കാര്യമായ സംഭാവനകള്‍ ഒന്നും തന്നെ അവകാശപെടാനില്ലാത്ത മഹിളാ സംഘടനയുടെ മെമ്പറായ നൂര്‍ബീന ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞത് ‘അവര്‍ക്ക് അവിടെ ഒരു പ്രശ്‌നവുമില്ല; അവര്‍ എസിയിലാണ് വര്‍ക്ക് ചെയുന്നത് ‘ എന്നാണ്. തങ്ങളുടെ അന്നദാതാകള്‍ക്ക് എതിരെ വാചിക, അംഗിക, ആഹാര്യ ഭാഷയില്‍ ഒരു പ്രതിഷേധം പോലും ഇവര്‍ ഉയര്‍ത്തുകയില്ലന്ന ഉറപ്പാണ് ഇത്തരം സ്റ്റീരിയോടൈപ്പിംഗ് നയങ്ങള്‍. മുതലാളിമാരോടുള്ള കൂറ് കൂടിയാണ് ഇത് വ്യക്തമാക്കുന്നത്. എല്ലാവരും ഇങ്ങനെയാണ് എന്നല്ല. സ്‌റ്റേറ്റ് യൂത്ത് കമ്മിഷന്‍ ഇതിനെ കുറിച്ച് അനേഷിച്ച് രണ്ടാഴ്ച്ചക്കുളില്‍ ഒരു റിപ്പോര്‍ട്ട് നല്‍കുന്നതാണ് എന്ന് ഉറപ്പു നല്കിട്ടുണ്ട്.

 

ഇതുവരെയുള്ള പ്രതിഷേധങ്ങള്‍
മൂത്രമൊഴിക്കാനുള്ള സമയത്തിനും സ്ഥലത്തിനും വേണ്ടി 2008-ല്‍ പെണ്‍കൂട്ട് എന്ന സ്ത്രീ തൊഴിലാളി പ്രസ്ഥാനവും AMTU-യുവും ചേര്‍ന്ന് മിട്ടായി തെരുവ് കേന്ദ്രീകരിച്ച് സമരം നടത്തുകയും കോര്‍പ്പറേഷനെ കൊണ്ട് ടോയ്ലറ്റ് നിര്‍മിപ്പിക്കുകയും ചെയ്തു. (മൂത്രപ്പുര സമരം). ഇനിയും ഈ പ്രശ്നം പൂര്‍ണമായും പരിഹരിക്കപ്പെട്ടിട്ടില്ല. ഇതിനു ശേഷം പ്രത്യക്ഷത്തില്‍ ഒരു സമരം നടന്നത് മിട്ടായിതെരുവില്‍ സാര്‍വദേശീയ തൊഴിലാളി ദിനമായ മെയ് 1-ന് ആയിരുന്നു. പല തൊഴിലാളികളും തൊഴിലിടങ്ങളില്‍ ഇരുന്നും പ്രതിഷേധിച്ചു. അടുത്തിടെ സാറാ ജോസഫിന്റെ നേതൃത്വത്തില്‍ തൃശൂരില്‍ ഇരിക്കല്‍ സമരത്തിന്റെ നോട്ടീസ് വിതരണം നടത്തി എല്ലാ തൊഴിലാളികളോടും ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

 

 

ഇപ്പോഴുള്ള സമര നടപടികള്‍
ഏകമുഖമായതും ഏകകേന്ദ്രീതവുമായ ഒരു പ്രതിഷേധരീതിയല്ല AMTU (അസംഘടിത മേഖലാ തൊഴിലാളി യുണിയന്‍) വിഭാവനം ചെയ്യാന്‍ ആഗ്രഹിക്കുന്നത്. ആദ്യമായി തൊഴിലാളികളെ സംഘടിതരാക്കുവാന്‍ ശ്രമിക്കുകയാണ് ഇവര്‍. ഇവരെ ആവരണം ചെയ്തിരിക്കുന്ന ഭയത്തിന്റെ പ്യുപ കീറി പൂമ്പാറ്റകളെ ഉണര്‍ത്തുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രതിഷേധാത്മക മാര്‍ഗങ്ങള്‍ തൊഴിലിടങ്ങളിലേക്ക് വ്യാപിപ്പിക്കാനായുള്ള ശ്രമങ്ങളും നടന്നു വരുന്നുണ്ട്.

 
ഇരിക്കല്‍ സമരത്തിന്റെ ഉദ്യമം കൂടുതല്‍ ആളുകള്‍ അറിയുവാനായി ഡോക്യുമെന്‍ററി ചിത്രീകരണവും നടക്കുന്നുണ്ട്.

 

ആരാണ് AMTU പ്രവര്‍ത്തകര്‍
സമീപ കാലത്തെ ഒരു പത്രറിപ്പോര്‍ട്ടില്‍ AMTU ഒരു എന്‍.ജി.ഓ ആണെന്ന് പരാമര്‍ശിക്കുകയുണ്ടായി. എന്‍.ജി.ഓകള്‍ പലപ്പോഴും തങ്ങളുടെ മൂലധന വക്താക്കളുടെ ഇച്ഛാനുസരണമാണ് കാര്യങ്ങള്‍ നീക്കുക. അപ്പോള്‍ ആശയപരമായി എന്‍.ജി.ഓ രാഷ്ട്രീയത്തെ എതിര്‍ക്കുന്നവരെ എന്‍.ജി.ഓയുമായി കൂട്ടി ഇണക്കുന്നത്ര വൈരുദ്ധ്യാത്മകത വേറെയില്ല.

വിവിധ പ്രസ്ഥാനങ്ങളില്‍ നിന്നും ഈ സമരത്തിനായി ഐക്യപ്പെടുന്നവരാണ് മിക്കവരും. ഇവരില്‍ ഇടതു പ്രസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഫെമിനിസ്റ്റുകളും വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകരും ഒക്കെ ഉള്‍പ്പെടും. പക്ഷെ ഏതെങ്കിലും ഒരു സംഘടനയുടെ അതിപ്രസരം ഇതില്‍ കാണാന്‍ പറ്റില്ല.

 

If we don’t stand up to a problem, we contribute to it – jhumpa lahiri, lowland

കാലത്തിന്റെ വാര്‍ത്തുളാകൃതിയിലുള്ള ഗതിവിശേഷം മൂലമോ എന്തോ നവ ലിബറല്‍ മുതലാളിത്തത്തിന്റെ തേര്‍വാഴ്ച നമ്മെ പഴയ ഫ്യൂഡല്‍ കാലഘട്ടത്തിലെ അതെ സമ്പദ് വ്യവസ്ഥയിലേക്കു എത്തിച്ചിരിക്കുന്നു. പ്രത്യക്ഷമായ അധീശത്വത്തിനു പകരം നിയോ കോളോണിയല്‍ ഘട്ടത്തിലെ പരോക്ഷമായ അധീശത്വമാണ് കേരളത്തില്‍ ഇന്ന് നടമാടുന്നത്. മൂത്രപ്പുര സമരത്തോട് സമാനമായ ഒരു പ്രതിഷേധം ഈയിടെ പൂനെയില്‍ ‘Sakal’ എന്നാ പത്രത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട് . അപ്പോള്‍ തന്നെ ഇത് മിട്ടായി തെരുവിലെയും കോഴിക്കോടിനേയും മാത്രം ബാധിക്കുന്ന ഒരു പ്രശ്‌നമല്ലെന്നും ദേശീയ തലത്തിലും ആഗോളതലത്തിലുമുള്ള വ്യാപ്തിയും നമ്മുക്ക് മനസിലാവുന്നതാണ്.

 
‘അപ്പോള്‍ അന്ധത ഒരുത്തമ കവചമല്ലാതായി’ എന്ന്‍ കെ.ജി ശങ്കരപ്പിള്ള എഴുതിയിട്ടുണ്ട്. മുതലാളിത്ത ചൂഷണങ്ങള്‍ക്ക് എതിരെ ചെറുതായെങ്കിലും സ്വയം എന്ത് ചെയ്യാനാകും എന്ന ചിന്തയില്‍ നിന്നുമാണ് ഈ ലേഖനം ഞാനെഴുതുന്നത്. ഇങ്ങനെയൊരു സമരത്തിന് സാമ്പത്തികമായും അല്ലാതെയും പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരും. ഇവരെ സഹായിക്കുക എന്നതും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്.

 

ഓരോ പ്രതിഷേധങ്ങളിലും വിപ്ലവം കാംക്ഷിക്കുന്നവരാണ് നമ്മള്‍. വളവു തിരിഞ്ഞാല്‍ ലക്ഷ്യം എത്തും എന്ന് ചിന്തിക്കുന്നത് പോലെ. വളവുകളില്‍ ദൂരെയുള്ളത് അടുത്തായി തോന്നുന്നതും സാധാരണം. പക്ഷെ വിദൂരങ്ങളില്‍ നടന്നു തന്നെ എത്തേണ്ടതുണ്ട്.

 

കാന്തന്‍

 

ഓരോ കാലത്തിന്റെയും നൈസര്‍ഗീകമായ രേഖപ്പെടുത്തലുകളാണ് സമരങ്ങള്‍. ഓരോ കാലഘട്ടത്തിലെയും ചൂഷിതരെയും ചൂക്ഷകരെയും അറിയുവാന്‍ അതാത് കാലങ്ങളിലെ സമരങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാവും. ചൂഷിതര്‍ മുന്നോട്ടു വെക്കുന്ന ആവശ്യങ്ങള്‍, ചൂഷകരുടെ മൂലധനാവശ്യങ്ങള്‍ക്ക് അനുസ്യൂതമായി പ്രാവര്‍ത്തികമാക്കപ്പെടുന്ന കുത്സിത താല്‍പര്യങ്ങളും പീഡനാത്മക രീതികളും മറ്റും എപ്രകാരമാണ് എന്ന് വ്യക്തമാക്കുന്നതില്‍ സമരങ്ങളുടെ പങ്ക് വളരെ വലുതാണ്. സമരമില്ലാത്ത ഒരു കാലഗതി വര്‍ത്തമാനത്തെ നിരാകരിച്ചു കൊണ്ടുള്ള കാലത്തിന്റെ വ്യാവഹരമായും അഥവാ ഒരു സമരത്തില്‍ നിന്നും മറ്റൊരു സമരത്തിലേക്കുള്ള യാത്രകളായും വ്യാഖ്യാനിക്കാവുന്നതാണ് .

മെയ് 1-ന് ശേഷം AMTU പ്രവര്‍ത്തകര്‍ തൊഴിലാളികള്‍ക്ക് തൊഴിലിടങ്ങളില്‍ ഇരിക്കാനുള്ള അവകാശത്തിനു വേണ്ടി ഇത്തരത്തിലുള്ള ഒരു യാത്രയിലാണ് ഏര്‍പെട്ടിരിക്കുന്നത്. തൊഴിലാളികള്‍ തൊഴില്‍ മേഖലകളില്‍ ഇരിക്കാന്‍ പാടില്ലെന്നുള്ള, അലിഖിത നിയമത്തോടുള്ള, പീഡന മുറകളോടുള്ള പ്രതികരണമാണ് ഇരിക്കല്‍ സമരം. കൂടാതെ ഇരിക്കാനുള്ള തൊഴിലാളിക്കളുടെ പൊതുവായ അവകാശം നിഷേധിക്കുക വഴി മുതലാളിത്തം എപ്രകാരമാണ് മനുഷ്യാവകാശ ധ്വംസനങ്ങളുടെ പ്രതിനിധാനങ്ങളായി മാറുന്നു എന്നത് ഒരിക്കല്‍ കൂടി നമ്മെ ഓര്‍മ്മപ്പെടുത്തുകയാണ് ഇരിക്കല്‍ സമരം. ഇരിക്കുക എന്നത് ഒരു മനുഷ്യാവകാശമായി എടുത്തു പറയേണ്ട പരിതാപകരമായ അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്, രാഷ്ട്രീയ പ്രബുദ്ധര്‍ എന്ന് ഊറ്റം കൊള്ളുന്ന കേരള സമുഹത്തിലെ തൊഴിലാളികളുടെ അവസ്ഥ.

 

കാര്‍ഷികമേഖലയിലെ തളര്‍ച്ചയും ദ്രുതഗതിയിലുള്ള നഗരവത്കരണവും 1990-കള്‍ക്ക് ശേഷം വ്യാപകമായ ആഗോളവത്കരണവും നമ്മുടെ ഉപഭോഗകച്ചവട സംസ്‌കൃതികളില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങള്‍ കേരളത്തിലെ നിലവിലുള്ള മറ്റേതു മേഖലയേക്കാള്‍ ഉത്പാദനക്ഷമമായതും തൊഴില്‍ വാഗ്ദാനങ്ങള്‍ നല്കുന്നതുമായ മേഖലയായി വ്യവസായ മേഖലയെ (ട്രേഡ് സെക്ടര്‍) മാറ്റിയിരിക്കുന്നു. നമ്മുടെ ഒരു വലിയ വിഭാഗം യുവത്വം ആകൃഷ്ടരാവുന്ന മേഖലയായി ഐ.റ്റി മേഖല മാറിയിരിക്കുന്നു . പഠനം കഴിഞ്ഞാല്‍ ഉടനെ നല്ലൊരു സാമ്പത്തിക അടിത്തറയോട് കൂടിയ ജോലി എന്ന നിലക്കാണ് പലരും ഐ.റ്റി മേഖല തിരഞ്ഞെടുക്കുന്നത്. എന്നാല്‍ അതേ സമുഹത്തിലെ മറ്റൊരു വിഭാഗം, സെയില്‍സ്മാന്‍മാരും സെയില്‍സ് ഗേള്‍സുമാരുമായി സ്വയം തിരഞ്ഞെടുക്കുന്ന അഥവാ തിരഞ്ഞെടുക്കേണ്ടി വരുന്ന ഒരു മേഖലയാണ് ടെക്സ്റ്റൈല്‍ മേഖല. ഈ തൊഴില്‍ പരിസരങ്ങള്‍ അങ്ങേയറ്റം ചൂഷണാധിഷ്ഠിതവും പീഡനാത്മകവുമായി മാറിയിരിക്കുന്ന അന്തരിക്ഷമാണ് ഇന്ന് നിലനില്ക്കുന്നത്. മാത്രമല്ല സമുഹത്തിന്റെ സവര്‍ണ മനോഭാവത്തിന്റെ മൂര്‍ത്തമായ ചിഹ്നങ്ങളായി മാറിയിരിക്കുകയാണ് ഇത്തരം തൊഴിലിടങ്ങള്‍.

 

മാറി നില്ക്കുന്ന നിയമം

തൊഴില്‍ വ്യവസ്ഥ അനുസരിച്ച് എട്ട് മണിക്കൂര്‍ ജോലി, എട്ട് മണിക്കൂര്‍ വിനോദം, എട്ട് മണിക്കൂര്‍ വിശ്രമം എന്നാണ് നിയമങ്ങള്‍. ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് നിയമപ്രകാരം ഓവര്‍ടൈം അടക്കം 10 മണിക്കൂറില്‍ കൂടുതല്‍ ഒരു കാരണവശാലും ജോലി ചെയ്യേണ്ടതില്ല. പക്ഷേ കോഴിക്കോട് നഗരത്തിലെ ടെക്സ്റ്റൈല്‍ മേഖലയില്‍ 10 മണിക്കൂറില്‍ കുറഞ്ഞ് ജോലി ചെയുന്ന ഒരു തൊഴിലാളിയുമുണ്ടാവില്ല. ഓവര്‍ടൈം ചെയേണ്ടിവരുന്നപക്ഷം സ്ഥാപന ഉടമ ഇരട്ടി വേതനം നല്‌കേണ്ടതാണ്. മിനിമം വേജസ് ആക്റ്റ് പ്രകാരം ഒരു ദിവസം പണി എടുത്താല്‍ പോലും മിനിമം വേതനം (7500 രൂപ) നല്‍കേണ്ടതാണ്. എന്നാല്‍ ഇവിടെ 10-12 മണിക്കൂര്‍ നില്ക്കാതെയും മൂത്രമൊഴിക്കാതെയും പണി എടുത്താലും ഇവര്‍ക്ക് 4000 രൂപ മുതലാണ് ശമ്പളം. മൂന്നു വര്‍ഷം കഴിഞ്ഞവര്‍ക്ക് പോലും പരമാവധി ലഭ്യമാകുന്ന ശമ്പളം 8500 രൂപയാണ്. നിത്യ ചിലവിനു പോലും തികയാത്ത ഈ ശമ്പളം വെച്ച് തന്നെ സ്ഥാപനത്തിന്റെ അന്തസ്സിനൊത്ത യുണിഫോം വാങ്ങുകയും വേണം.

 

എട്ട് മണിക്കൂറില്‍ നാലു മണിക്കൂര്‍ അധ്വാനത്തിന്, ഒരു മണിക്കൂര്‍ ഇടവേള എന്ന നിയമം നിലനില്‌ക്കെയാണ് ഇരിക്കാനും മൂത്രമൊഴിക്കാനുമുള്ള അവകാശത്തിനായി ഇവര്‍ക്ക് പൊരുതേണ്ടി വരുന്നത്. ഭക്ഷണത്തിനായി അര മണിക്കൂറും മൂത്രമൊഴിക്കാനായി 10 മിനിട്ടുമാണ് അനുവദിച്ചു കിട്ടുന്നത്. അഞ്ചും ആറും നിലകളുള്ള കെട്ടിടങ്ങളില്‍ ഒന്നാമത്തെ നിലയിലോ, വേറെ ഏതെങ്കിലും ഒരു നിലയിലോ മാത്രമേ ടോയ്ലറ്റ് സൌകര്യം ഉണ്ടാവുകയുള്ളൂ. ഈ സാഹചര്യത്തില്‍ മറ്റു നിലകളിലുള്ള സ്റ്റാഫുകള്‍ക്ക് കോണി ഇറങ്ങി (ഉപോഭോക്താവ് ഒഴിച്ച് മറ്റാരെങ്കിലും ലിഫ്റ്റ് ഉപയോഗിക്കുന്നത് കര്‍ശനമായി വിലക്കിയിരുക്കയാണ് ) താഴെ വരാനും മൂത്രമൊഴിക്കാനും 10 മിനിട്ട് തികയാതെ വരികയും അങ്ങനെ എടുക്കുന്ന ഓരോ അധിക നിമിഷങ്ങളുടെയും കണക്കുകള്‍ കൃത്യമായി രേഖപ്പെടുത്തുകയും ചെയും. ഈ അധിക നിമിഷങ്ങളുടെ കടം തൊഴിലാളി തന്നെ പണി എടുത്തു വീട്ടണം. ഓരോ ദിവസവും ഒരു തൊഴിലാളിയില്‍ നിന്നും ഒരു മിനിട്ട് എന്ന തോതില്‍ 300ഉം 400ഉം തൊഴിലാളികളുള്ള ഒരു സ്ഥാപനത്തിന് 150-200 മണിക്കൂര്‍ കൂലിയില്ലാ അധ്വാനം ലഭിക്കുന്നു. ഇത്തരം തൊഴിലിടങ്ങളില്‍ പുരുഷന്മാര്‍ക്ക് സൌകര്യപ്രദമായ ഏകീകൃത വസ്ത്രമുള്ളപ്പോള്‍ സ്ത്രീകള്‍ പാരമ്പര്യവും (?) കുടുംബ, സദാചാര മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന ‘സാരി’ തന്നെ ധരിക്കണം എന്നുള്ളത് ഏത് കോപ്പിലെ നിയമമാണ്? സാരിയുടെ കഷ്ടതകള്‍ അത് ഉടുക്കുന്നവര്‍ക്ക് അറിയാം. അപ്പോള്‍ 10 മിനിട്ട് മൂത്രമൊഴിക്കാന്‍ കിട്ടുന്നതിന്റെ ന്യായവും (?) അന്യായവും ഒരു പോലെ സ്പഷ്ടമാവും.

മിഠായി തെരുവിലെ പല കെട്ടിടങ്ങളിലും ടോയ്ലറ്റ് – ഡ്രൈനേജ് സൌകര്യങ്ങളില്ല. മുതലാളിമാരുടെ മുന്‍കൂട്ടിയുള്ള അനുവാദത്തിന്റെ അടിസ്ഥാനത്തില്‍ ഏതെങ്കിലും ഹോട്ടലുകളില്‍ ചായ കുടിക്കാന്‍ എന്ന വ്യാജേനയോ പൊതു മൂത്രപ്പുരകളിലോ പോവേണ്ടി വരുന്നു. പ്രശസ്തമായ shawshank redemption എന്നാ സിനിമയില്‍ മോര്‍ഗന്‍ ഫ്രീമാന്‍ ജയില്‍ മോചിതനായി ഒരു ഷോപ്പില്‍ ജോലി ചെയ്യുമ്പോള്‍ ഭക്ഷണം കഴിക്കാനും ടോയ്ലറ്റില്‍ പോകാനും ഷോപ്പ് ഉടമയോട് അനുവാദം ചോദിക്കുകയും ഓരോവട്ടവും തന്നോട് അനുവാദം ചോദിക്കണ്ട എന്ന് ഷോപ്പ് ഉടമ പറയുന്നതും, കഴിഞ്ഞ നാല്പതു വര്‍ഷമായി ദിനവും താന്‍ മൂത്രം ഒഴിക്കാന്‍ പോകുന്നത് പോലും അനുവാദം ചോദിച്ചിട്ടാണ് എന്നുള്ള മോര്‍ഗന്റെ ആത്മഗതം ഇവിടെ നല്ലൊരു ഐറണിയാവുകയാണ്. തൊഴിലിടങ്ങളും തടവറകളും തമ്മില്‍ തമ്മില്‍ മാറി പോവുന്നു ഇവിടെ.

 

 

 

ഇത്തരം അവസരങ്ങളില്‍ സ്ത്രീ തൊഴിലാളികള്‍ക്ക് മുതലാളിമാരുടെ അശ്ശീല ചുവയുള്ള കമന്റുകളും മറ്റും അഭിമുഖീകരിക്കേണ്ടി വരുന്നു. ബേബി നാപ്കിന്‍ പോലുള്ള വാക്കുകള്‍ ഇവരുടെ നാക്കുകളില്‍ കൊടുമ്പിരി കൊള്ളുന്നു. സ്ത്രീകള്‍ ട്യൂബിട്ടു സഞ്ചി ഫിറ്റ് ചെയേണ്ടതാണെന്നും, കുത്തി ഇരിക്കാനാണ് അവിടെ പോകുന്നതെന്നും ആക്ഷേപിക്കുന്നവരുമുണ്ട്. മൂത്രമൊഴിക്കുക എന്നതൊരു ജൈവികമായ ആവശ്യമാണ് എന്ന് പോലും അവര്‍ അംഗീകരിക്കുന്നില്ല. നിന്ന് നിന്ന്‍ കാല് കഴയ്ക്കുമ്പോള്‍ ഒരു നേരത്തെ ആശ്വാസത്തിനായി ടോയ്ലറ്റുകളിലെക്കും മറ്റും ഓടുന്ന അവര്‍ മനുഷ്യരാണെന്ന വസ്തുത മുതലാളിമാരുടെ അബോധത്തില്‍ പോലും നിലനില്‍ക്കുന്നില്ലന്നു തോന്നും. പല സ്ത്രീ തൊഴിലാളികളും ഇതെല്ലാം ഭയന്ന് വീട്ടില്‍ എത്തുന്നത് വരെ മൂത്രമൊഴിക്കാറില്ല. ഒട്ടനേകം രോഗങ്ങളാണ് ഇവരെ കാത്തിരിക്കുന്നത് എന്ന് നിസ്സംശയം പറയാം. മിഠായി തെരുവിലെ നിലവിലുള്ള കമ്പോളവില അനുസരിച്ച് ഒരു സ്ക്വയര്‍ ഫീറ്റിന് 100 രൂപയാണ് വാടക. ലാഭക്കൊതി മൂലം ടോയ്ലറ്റ് സൌകര്യങ്ങള്‍ക്കായി അനുവദിച്ചിരിക്കുന്ന ഇടംപോലും കടകളായി മാറ്റുന്നു. മിഠായി തെരുവിലെ യുണിറ്റി ടവര്‍, കോയെങ്കോ ബസാറുള്‍പ്പെടയുള്ള സ്ഥാപങ്ങളില്‍ കക്കൂസുകള്‍ പൊളിച്ചു കടകളാക്കി മാറ്റിയിരിക്കുകയാണ്. ഇതില്‍ നിന്നും കിട്ടുന്ന ലാഭത്തിന്റെ നേരിയ വിഹിതം മതി കൈക്കൂലി നല്കാന്‍.

അവര്‍ ഒന്നിരുന്നോട്ടെ

ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് ആക്ടിലെ അവധികളെ കുറിച്ച് പ്രതിപാദിപ്പിക്കുന്ന പ്രകാരം ആഴ്ചയില്‍ ഒരു ദിവസം നിര്‍ബന്ധമായും തൊഴിലാളിക്ക് അവധി കൊടുക്കണം. കൂടാതെ 12 മാസം പൂര്‍ത്തിയാക്കിയ ഒരു തൊഴിലാളി 12 ദിവസത്തെ ശമ്പളത്തോട് കൂടിയ അവധിക്ക് അര്‍ഹരാണ്. സിക്ക് ലീവും സ്ത്രീ തൊഴിലാളികള്‍ക്ക് പ്രസവാനുകൂല്യങ്ങളും വേറെ. എന്നാല്‍ നഗരത്തിലെ മിക്ക കടകളിലും മാസം കേവലം രണ്ട് അവധി മാത്രമാണ് നല്ക്കുന്നത്. ഇത്തരം ആനുകൂല്യങ്ങള്‍ക്ക് പുറമേ ഇ.എസ്.എ സൌകര്യം, ബോണസ്, അഡ്വാന്‍സ്, ഇന്‍ഷുറന്‍സ്, പെന്‍ഷന്‍, പ്രോവിഡന്‍റ് ഫണ്ട് എന്നീ ആനുകൂല്യങ്ങള്‍ക്കും നിയമപരമായി ഇവര്‍ അര്‍ഹരാണെങ്കിലും ഇതൊന്നും തന്നെ ഇവര്‍ക്ക് ലഭ്യമാക്കുന്നില്ല. നിയമപരമായി തൊഴിലാളികളുടെ വിവരങ്ങള്‍ യഥാതഥമായി രേഖപെടുത്തേണ്ടതാണെങ്കിലും ദീര്‍ഘകാലമായി പണി എടുക്കുന്നവര്‍ ആണെങ്കിലും ഓരോ ആറ് മാസം തികയുമ്പോഴും ഇവരെ പിരിച്ചു വിടുകയും പുതിയതായി നിയമിക്കുകയും ചെയ്തു കൊണ്ടുള്ള രേഖകള്‍ സ്ഥാപനങ്ങള്‍ ഉണ്ടാക്കുന്നു. സ്വാഭാവികമായി ഇവര്‍ താത്കാലിക ജീവനക്കാരായി തുടരുകയും ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുകയും ചെയുന്നു. പല തൊഴിലാളികള്‍ക്കും ഇത്തരത്തിലുള്ള നിയമങ്ങള്‍ ഉള്ളതായി പോലും അറിവില്ല. ഈ അജ്ഞതയുടെ ഉത്തരവാദിത്തവും സ്ഥാപന ഉടമകള്‍ക്ക് തന്നെയാണ്, കേരള ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ് ആക്റ്റിന്റെ പ്രസക്ത ഭാഗങ്ങളുടെ മലയാള പരിഭാഷ ഓരോ കടയിലും പ്രദര്‍ശിപ്പിക്കേണ്ടതുണ്ട്. എന്നാല്‍ മിഠായി തെരുവിലെ കടകളില്‍ ഇങ്ങനെയുള്ള വ്യവസ്ഥകളും നീതിന്യായ സംവിധാനങ്ങളും ഒരു തീണ്ടാപ്പാട് അകലെ മാറി നില്‍ക്കുന്നു.

(തുടരും)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍