UPDATES

ഓന്‍ എല്ലാര്‌ടേം ആളായിരുന്നു, കൊടി നോക്കാതെ എല്ലാരേം സഹായിക്കും, എന്നിട്ടുമെന്തിനാണെന്റെ മോനെ… ഒരു പിതാവിന്റെ ചോദ്യമാണ്‌

അവന്‍ ശരിക്കും പാവമായിരുന്നു. അവനെ കേള്‍ക്കാന്‍ ഇഷ്ടമില്ലാത്തവരായി ആരുമില്ലായിരുന്നു

എടയന്നൂര്‍ ദേശീയ പാതയോരത്തെ കുന്നിന് മുകളിലെ ഷുഹൈബിന്റെ വീട്ടില്‍ ആളൊഴിഞ്ഞ് തുടങ്ങിയിരുന്നു. മുറ്റത്തേക്ക് നീട്ടിക്കെട്ടിയ പന്തലിനടിയില്‍ കസേരയിട്ട് നാലഞ്ച് ചെറുപ്പക്കാര്‍ സംസാരിക്കുന്നുണ്ട്. ഷുഹൈബിന്റെ കൂട്ടുകാര്‍. ഇടയ്ക്ക് ആരോ ഷുഹൈബിന്റ ഉപ്പ മുഹമ്മദിനെ വിളിച്ചു കൊണ്ടുവന്നു. ഞാനൊന്ന് ഉറങ്ങിപ്പോയി… കണ്ണീര് വറ്റിപ്പോയ രണ്ടുകണ്ണുകളില്‍ കണ്‍പോളകള്‍ തടിച്ചു കിടന്നിരുന്നു.

ഒന്ന് നീട്ടി ശ്വാസം വിട്ടു മുഹമ്മദ്‌… ഇനിയെന്ത് പറയാനാ.. എല്ലാം കയിഞ്ഞില്ലേ… പറയേണ്ടതെല്ലാം പറഞ്ഞു. ലോകത്ത് ഒരച്ഛനും അമ്മയ്ക്കും ഇങ്ങനെയൊരു ഗതി വരാന്‍ പാടില്ല.., ഓന്റ ഉമ്മ ആത്തിണ്ട്. കരഞ്ഞ്…കരഞ്ഞ് പനിപിടിച്ച്…ഒരേ കെടപ്പാ.. ഞാനങ്ങോട്ട് പോലില്ല.. ഓന്റെ പെങ്ങമ്മാറിണ്ട്..

ഓന്‍ വെല്യ കുട്ട്യായല്ലേ… ഓനോട് രാഷ്ട്രീയം വേണ്ടാന്നെല്ലം പറയാന്‍ പറ്റ്വാ.. ശരിയും തെറ്റും തിരിച്ചറിയാന്‍ ഓനറിയും. ഇതുവരെ ഒരു പ്രശ്‌നത്തിനും നിന്നിട്ടില്ല. ചെറിയ പെറ്റി കേസുകളല്ലാതെ ഓന്‍ കൊയപ്പക്കാരനൊന്നും അല്ലേനും…

ഓന്റെ ഇളയത് മൂന്ന് പെണ്‍ കുഞ്ഞ്യളാന്ന്. എല്ലാം കൂടി എനിക്ക് ഒറ്റക്ക് താങ്ങൂലാന്ന് പറഞ്ഞ് ഓനെന്ന്യാന്ന് പ്ലസ് ടു കഴിഞ്ഞ് പഠിത്തം നിര്‍ത്തി, ദുബായ്ക്ക് പോയത്. ഓനും ബിജാരിച്ച പോലെ ഭംഗിയായിറ്റ് മൂന്ന് മക്കളേം കെട്ടിച്ച്. ഓന് വേണ്ടി ഒരു കൂട്ടരോട് സംസാരിച്ച്റ്റ്ണ്ടായിന്. ഓന്‍ പോയേന്റെ അട്ത്ത ദിവസേനും പെണ്ണ് കാണാന്‍ പോകണ്ടീര്ന്നത്…

രാഷ്ട്രീയപ്രവര്‍ത്തനം, അതോന്റെ ജീവനേനും. ഓന്‍ എല്ലാവര്‌ടേം ആളായിരുന്നു. കൊടി നോക്കാതെ എല്ലാരേം സഹായിക്കും. എന്നിട്ടും എന്റെ മോനെ…

കണ്ണീരടക്കാനാകാതെ.. പറഞ്ഞു തുടങ്ങിയ വാക്കുകള്‍ തീര്‍ക്കാനാകാതെ ആ പിതാവ്‌ അകത്തേക്ക് പോയി.

"</p

വീട്ടിലേക്ക് പലരും കടന്നുവരുന്നു. ഊണിലും, ഉറക്കത്തിലും ഷുഹൈബിനിനൊപ്പമുണ്ടായിരുന്ന അസറുദ്ദീന് മരണത്തില്‍ നിന്നും തന്റെ കളിക്കൂട്ടുകാരനെ രക്ഷിക്കാനായില്ലല്ലോ എന്ന കുറ്റബോധമാണ് മനസ്സ് നിറയേ…. വെട്ടേല്‍ക്കുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പ് ഷുഹൈബ് കാണണമെന്ന് പറഞ്ഞപ്പോള്‍ എടയന്നൂരിലെ കടയടക്കാതെ ഞാന്‍ ഷുഹൈബിന്റെ വീട്ടിലെത്തി. അതേ സമയം ഷുഹൈബ് എന്നെ തേടി സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് ചെന്നു. അതിനോട് ചേര്‍ന്ന പെട്ടിക്കടയില്‍ ചായ കുടിച്ചുകൊണ്ട് നില്‍ക്കുമ്പോഴായിരുന്നു, സംഭവം… അവന് എന്നോട് എന്തായിരിക്കും പറയാനുണ്ടായിരിക്കുക…? ഇപ്പോഴും എനിക്കൊരു പിടിയുമില്ല.

അവന്‍ ശരിക്കും പാവമായിരുന്നു. അവനെ കേള്‍ക്കാന്‍ ഇഷ്ടമില്ലാത്തവരായി ആരുമില്ലായിരുന്നു. ഇന്ന് അവനെ കൊല്ലിച്ച സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍വരെ അവന്റെ സുഹൃത്തുക്കളായിരുന്നു. അവനോട് ആര്‍ക്കും ഇങ്ങനെയൊന്നും ചെയ്യാന്‍ കഴിയില്ല. പാവപ്പെട്ട കുട്ടികളുടേയും, മറ്റും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി എന്നും ഷുഹൈബ് മുന്നിലുണ്ടായിരുന്നു. പെങ്ങളുടെ സ്വര്‍ണം വിറ്റിട്ട് വരെ അവന്‍ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. അതെനിക്കറിയാം. ഈ വിഷയങ്ങളെല്ലാം പാര്‍ട്ടിക്കപ്പുറത്ത് മനുഷ്യന്‍മാരായി ഞങ്ങള്‍ സംസാരിക്കുമായിരുന്നു. കമ്മ്യൂണിസ്റ്റ് ആശയത്തില്‍ വിശ്വസിക്കുന്നവര്‍ക്കിടയിലും, കോണ്‍ഗ്രസുകാരന്‍ എന്നതിനപ്പുറം ഷുഹൈബിന് ഒരിടമുണ്ടായിരുന്നു. അതായിരിക്കാം അവരെ ചൊടിപ്പിച്ചത്. എസ്.വൈ.എസ്, സാന്ത്വനം ഇങ്ങനെ നിരവധി പ്രവര്‍ത്തനങ്ങളുമായി അവനെന്നും തിരക്കിലായിരുന്നു.

സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളില്‍, ചിലര്‍ നേരത്തേ ചില സൂചനകള്‍ തന്നിരുന്നു. എന്നാലും കൊന്നുകളയുമെന്ന് ആരും കരുതിയിരുന്നില്ല. വാട്‌സ് ആപ്പ് മെസേജുകളുടെ കാര്യം ആരോടും അവന്‍ പറഞ്ഞില്ല. കാറും, ബൈക്കും, അങ്ങനെ പല വാഹനങ്ങളും അവനെ വട്ടമിട്ട് തുടങ്ങിയ കാര്യം ഞങ്ങളെയൊന്നും അറിയിച്ചില്ല. മരണം നടന്ന ദിവസം ഈ നാട്ടിലെ ഇടത് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരും ജോലിക്ക് പോയിട്ടില്ല, ഷുഹൈബിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുകയായിരുന്നു, അവരുടെ ജോലി. ആരും ഫോണ്‍വഴി വിഷയം സംസാരിച്ചില്ല. വണ്ടികള്‍ ഉപയോഗിച്ച് പെട്ടെന്ന് തന്നെ സംസാരങ്ങള്‍ നടന്നു. സെക്കന്റുകള്‍ക്കുള്ളിലാണ് ഷുഹൈബ് ആക്രമിക്കപ്പെടുന്നത്; അസറുദ്ദീന്‍ പറഞ്ഞു.

സിപിഎമ്മുമായി ഒരു വിഷയത്തിനും ഷുഹൈബ് ഉണ്ടായിരുന്നില്ല. കഴിഞ്ഞമാസം എടയന്നൂര്‍ സ്‌കൂളില്‍ തിഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, കൊടിയുടെ പേരില്‍ എസ്എഫ്‌ഐ- കെഎസ്‌യു കുട്ടികള്‍ തമ്മില്‍ പ്രശ്‌നമുണ്ടായതില്‍ ഇടപെട്ടപ്പോഴാണ് ഷുഹൈബ് അറസ്റ്റിലാകുന്നത്. അന്ന് അറസ്റ്റിലായവരുടെ കൂട്ടത്തില്‍ ഇടതു പാര്‍ട്ടിയുടെ പല ഘടകങ്ങളില്‍ നിന്നും ആളുകളുണ്ടായിരുന്നു. അവിടെ നിന്നു തന്നെ ഷുഹൈബിനെതിരെ ഗൂഢാലോചന തിരിച്ചറിഞ്ഞിരുന്നു. സുധാകരന്‍ സാറൊക്കെ ഇടപെട്ടിട്ടാണ് അവിടെ നിന്നും ഒന്നും നടക്കാതിരുന്നത്.

ഇതിന് പിന്നില്‍ കളിച്ചവരെയല്ലാം ഞങ്ങക്കറിയാം. പിന്നെ കണ്ണൂര്‍ ജില്ലയിലെ സിപിഎമ്മിന്റെ കൊലപാതക രീതിയെക്കുറിച്ച് പാര്‍ട്ടിയില്‍ തന്നെയുള്ള ഒരു സുഹൃത്ത് പറഞ്ഞതാണ്, കൊല്ലാനാണെങ്കിലും അവര്‍ കഴുത്തിനൊന്നും വെട്ടില്ല. പകരം വെട്ട് മുഴുവന്‍ കാലിനായിരിക്കും. വെട്ടാവുന്ന മാക്‌സിമം കാല് വെട്ടും. എന്നിട്ട് പോകും. ഇതിന് ചികിത്സ നല്‍കാനുള്ള ആശുപത്രി ജില്ലയിലില്ല. ജില്ലയ്ക്ക് വെളിയിലേക്ക് പോകുമ്പോഴേക്കും ജീവന്‍ പോയിരിക്കും. വെട്ട് കാലിനായതു കൊണ്ട് തന്നെ കൊലപാതക ശ്രമമാകില്ല. ശിക്ഷയില്‍ ഇളവും കിട്ടും.

പല റിപ്പോര്‍ട്ടുകളിലും കൊലപാതകികള്‍ നാലു പേരെന്നാണ് പറയുന്നത്. അത് തെറ്റാണ്. അവര്‍ അഞ്ചുപേരുണ്ടായിരുന്നു. ഒരാള്‍ ഡ്രൈവറായി കാറിനകത്ത് തന്നെ ഇരുന്നു. ഒരാള്‍ കാറിന്റെ ഡോറിനടുത്ത് നിന്ന് ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കി, മൂന്ന് പേരാണ് വെട്ടിയത്. കൊലപാതകകത്തിന് പദ്ധതി തയ്യാറാക്കിയ ലോക്കല്‍ കമ്മിറ്റി മുതലുള്ള ആളുകള്‍ അറസ്റ്റ് ചെയ്യപ്പെടണം എന്നതാണ് ഞങ്ങളുടെയെല്ലാം ആവശ്യം. അതിന് കേരള പോലീസില്‍ ഞങ്ങള്‍ക്ക് വിശ്വാസമില്ല. സി.ബി.ഐ അന്വേഷിക്കട്ടെ. സത്യം എല്ലാപേരും അറിയട്ടേ…; അസറുദ്ദീന്‍ ഉറച്ച ശബ്ദത്തോടെ പറഞ്ഞു നിര്‍ത്തുന്നു.

 

 

ദില്‍ന വികസ്വര

ദില്‍ന വികസ്വര

മാധ്യമ പ്രവര്‍ത്തക. കണ്ണൂര്‍ സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍