UPDATES

വൈറല്‍

വിനീത് ശ്രീനിവാസന്‍ വൈറലാക്കിയ തെരുവോര ഗായകൻ മുഹമ്മദ് ഗസ്നി റെയിൽവേ സ്റ്റേഷനിൽ അവശനിലയിൽ; പണമടങ്ങിയ ബാഗ് ആരോ തട്ടിയെടുത്തു

ഗസ്നിയെ തിരിച്ചറിഞ്ഞത് പാട്ടുകാരി പ്രിയ; സാമ്പത്തിക സഹായത്തിന് അഭ്യര്‍ത്ഥന

തെരുവില്‍ നിന്ന് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ കണ്ടെത്തിയ പ്രതിഭയാണ് മുഹമ്മദ് ഗസ്നി. ഫ്ലവേഴ്സ് ചാനലിലെ കോമഡി ഉത്സവം എന്ന പരിപാടിയിലൂടെ ശ്രദ്ധേയനായ ഗസ്നി ഇക്കഴിഞ്ഞ ദിവസം ആലുവ റെയിൽവേ സ്റ്റേഷനിൽ തലചുറ്റി വീണു. പാട്ടുകാരിയായ പ്രിയയാണ് വീണു കിടക്കുന്ന ഗസ്നിയെ തിരിച്ചറിഞ്ഞത്.

ഗസ്നിയെ ആശുപത്രിയിലെത്തിക്കാൻ പ്രിയ തിടുക്കം കൂട്ടിയപ്പോൾ അയാൾ മദ്യപിച്ച് വീണു കിടക്കുകയാണെന്നാണ് കണ്ടു നിന്നവർ പറഞ്ഞത്. എന്നാൽ കാലിലെ മുറിവിൽ‌ ഒരു കെട്ടുമായി വീണു കിടക്കുന്നയാൾ മദ്യപിച്ച് വീണതാണെന്ന് പ്രിയയ്ക്ക് തോന്നിയില്ല. വീണു കിടക്കുന്നയാൾ ഗസ്നിയാണെന്ന് തട്ടി വിളിച്ചപ്പോഴാണ് മനസ്സിലായത്. ഒടുവിൽ പൊലീസിനെ വിളിച്ചാണ് പ്രിയ ഗസ്നിയെ ആശുപത്രിയിലെത്തിച്ചത്.

5000 രൂപയും ഫോണുമെല്ലാം അടങ്ങിയ ഗസ്നിയുടെ ബാഗ് ഇതിനിടെ നഷ്ടമായിരുന്നു. തെരുവുകളിൽ പാടിക്കിട്ടിയ പണമായിരുന്നു ബാഗിലുണ്ടായിരുന്നത്.

വയനാട്ടിലാണ് ഗസ്നിയുടെ വീട്. തെരുവുകളിൽ പാടിയാണ് ഉപജീവനം. ഇതിനിടെയാണ് ഗസ്നിയെ വിനീത് ശ്രീനിവാസൻ കാണുന്നതും ഫ്ലവേഴ്സിലെ പരിപാടിയിലൂടെ പ്രശസ്തനാകുന്നതും. 67 വയസ്സാണ് ഗസ്നിക്ക്.

ഗസ്നിയെ മാധ്യമങ്ങളിലൂടെ ലോകത്തിന് പരിചയപ്പെടുത്തിയ മാധ്യമപ്രവർത്തകൻ പ്രജോദ് കടയ്ക്കൽ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ഇവിടെ വായിക്കാം.

യാദൃശ്ചികത എന്നത് ഇത്രയേറെ ഞെട്ടിക്കുന്നതാണെന്നു ഏറെ ബോധ്യപ്പെട്ടതാണ് ഇന്നത്തെ പ്രഭാതം. തെരുവുഗായകന്‍ മുഹമ്മദ് ഗസ്‌നിയെ എരുമേലി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് പരിസരത്തുനിന്നു കണ്ടെത്തി ലോകത്തെ അറിയിച്ചിട്ട് ഒരു വര്‍ഷം തികയുന്നു എന്ന ഫേസ്ബുക്കിന്റെ ഓര്‍മപ്പെടുത്തലോടെയാണ് ഈ പ്രഭാതത്തിലേക്ക് മിഴി തുറന്നത്. കഴിഞ്ഞ ദിവസം ഇതേ ദിവസമായിരുന്നു, അന്നും തികച്ചും യാദൃശ്ചികമായി എരുമേലിയില്‍വെച്ച് മുഹമ്മദ് ഗസ്‌നിയുടെ പാട്ട് കേള്‍ക്കാന്‍ ഇടയായതും അത് ഫേസ്ബുക്കില്‍ ലൈവ് ചെയ്യാന്‍ തോന്നിയതും. എരുമേലിയില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ആയിരങ്ങളാണ് ആ ഗാനം ഷെയര്‍ ചെയ്തത്. പിറ്റേദിവസം ഗായകന്‍ വിനീത് ശ്രീനിവാസന്‍ ആ ഗാനം ഷെയര്‍ ചെയ്തുവെന്നും മുഹമ്മദ് ഗസ്‌നിയെ തിരയുന്നു എന്നും അറിയിക്കുന്നത് വിദേശത്തുള്ള സുഹൃത്ത് സിജു (Siju Kadakkal) ആണ്. തുടര്‍ന്ന് വിനീതിനെ ഫോണില്‍ ബന്ധപ്പെട്ടു. ഏറെ നേരം സംസാരിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളിലൊക്കെ മുഹമ്മദ് ഗസ്‌നിയുടെ നമ്പര്‍ കണ്ടെത്താനുള്ള ശ്രമമായിരുന്നു. ഒടുവില്‍ എരുമേലിയില്‍ തന്നെയുള്ള ഒരു ഫോട്ടോ സ്റ്റുഡിയോയുടെ നമ്പരില്‍ വിളിച്ച് അതിന്റെ ഉടമയോട് കാര്യം അവതരിപ്പിച്ചു. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ അദ്ദേഹം തിരിച്ചു വിളിക്കുമ്പോള്‍ മുഹമ്മദ് ഗസ്‌നിയും ഒപ്പമുണ്ടായിരുന്നു. ആ അനുഗ്രഹീത തെരുവുഗായകനോട് വിശദമായി സംസാരിച്ചു. അങ്ങനെ മുഹമ്മദ് ഗസ്‌നി എന്ന മനുഷ്യന്‍ എന്റെകൂടി ജീവിതത്തിലേക്ക് കടന്നുവരികയായിരുന്നു. അദ്ദേഹത്തിന്റെ നമ്പര്‍ വിനിത് ശ്രീനിവാസന് കൈമാറി. സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന വിനീതിന്റെ സ്റ്റേജ് ഷോയില്‍ പാടാന്‍ അവസരം കൊടുക്കാമെന്നു വിനീത് പറഞ്ഞിരുന്നു. അതിനുശേഷം ഏഷ്യാനെറ്റ്, ഫ്‌ളവേഴ്‌സ്, കൈരളി ചാനലുകള്‍ മുഹമ്മദ് ഗസ്‌നിയെ അവരുടെ ചില പ്രോഗ്രാമുകളിലേക്ക് ക്ഷണിച്ചു. അതിനിടെ ഗള്‍ഫിലുള്ള ഒരു പ്രവാസി സുഹൃത്ത് ഇരുപത്തിയയ്യായിരം രൂപ എനിക്ക് അയച്ചിട്ടു മുഹമ്മദ് ഗസ്‌നിക്ക് കൈമാറാന്‍ പറഞ്ഞിരുന്നു. ഈ തുക തിരുവനന്തപുരം കവടിയാര്‍ ജവഹര്‍നഗര്‍ പാര്‍ക്കില്‍ നടന്ന ചെറിയ ഒരു ചടങ്ങില്‍ അന്നത്തെ മ്യൂസിയം സബ് ഇന്‍സ്‌പെക്ടര്‍ അദ്ദേഹത്തിനു കൈമാറി. അതിനിടെ ദൃശ്യമാധ്യമ മേഖലയിലെ ചലച്ചിത്ര ടെലിവിഷന്‍ മേഖലകളിലെ ചിലര്‍ ഇടപെട്ട് മുഹമ്മദ് ഗസ്‌നിയുടെ മകളുടെ വിവാഹം നടത്താന്‍ സാമ്പത്തിക സഹായം ഉള്‍പ്പടെ ലഭ്യമാക്കി, മംഗളകരമായി ആ ചടങ്ങ് നടന്നു. പക്ഷേ, നിര്‍ഭാഗ്യവശാല്‍ ഓണം അടുത്തപ്പോള്‍ മുഹമ്മദ് ഗസ്‌നിയെ ഫോണില്‍ കിട്ടുന്നില്ലെന്നറിയിച്ച് വിനീത് ശ്രീനിവാസന്റെ പ്രോഗ്രാം മാനേജര്‍ വിളിച്ചിരുന്നു. ഞാനും പരിശ്രമിച്ചെങ്കിലും അദ്ദേഹത്തെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. അങ്ങനെ ആ അവസരം നഷ്ടമായി. ക്രമേണ മുഹമ്മദ് ഗസ്‌നി എല്ലാവരുടെയും (എന്റെയും) ദൈനംദിന ഓര്‍മകളില്‍നിന്നും പതിയെ മടങ്ങാന്‍ തുടങ്ങി.

ഇന്ന് ഇതാ ഒരു വര്‍ഷം തികയുമ്പോള്‍, ഫേസ്ബുക്കിന്റെ ഓര്‍മപ്പെടുത്തല്‍ ഷെയര്‍ ചെയ്ത ആ പോസ്റ്റിന് കീഴെ, മുഹമ്മദ് ഗസ്‌നിയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് അന്വേഷിക്കുന്ന സുഹൃത്ത് സനോജിന്റെ കമന്റ് (Sanoj Thekkekara). അതിനെക്കുറിച്ച് ആലോചിച്ച് ഇരിക്കുമ്പോഴാണ്, ഒരു മണിക്കൂര്‍ കഴിഞ്ഞ് ജ്യേഷ്ഠ സുഹൃത്ത് ഷാഹുല്‍ ഇക്ക (Shahul Hameed) എന്നെ ഒരു പോസ്റ്റില്‍ മെന്‍ഷന്‍ ചെയ്തുകൊണ്ടുള്ള ഒരു നോട്ടിഫിക്കേഷന്‍ വരുന്നത്. ഗായിക പ്രിയ അച്ചു (Priya Achu) ലൈവ് ചെയ്ത വിഡിയോ ഉള്‍പ്പെടുന്ന ആ പോസ്റ്റ് കണ്ട് ശരിക്കും ഞെട്ടിപ്പോയി. അവശനിലയില്‍ ആലുവ റെയില്‍വേ സ്‌റ്റേഷനില്‍ കണ്ട മുഹമ്മദ് ഗസ്‌നിയെ പ്രിയ ആശുപത്രിയില്‍ എത്തിച്ചതു സംബന്ധിച്ച പോസ്റ്റായിരുന്നു അത്. ആ പോസ്റ്റിനോടൊപ്പം ഉണ്ടായിരുന്ന നമ്പരില്‍ പ്രിയയെ വിളിച്ചു സംസാരിച്ചു. പ്രിയ ഫോണ്‍ മുഹമ്മദ് ഗസ്‌നിക്ക് കൈമാറി. ഏതാണ്ട് ഒരു വര്‍ഷത്തിനിപ്പുറം അദ്ദേഹവുമായി വീണ്ടും സംസാരിച്ചു. കാക്കനാട് വച്ച് ബസില്‍ കയറുന്നതിനിടെ കാല്‍ ഫുട്‌ബോഡില്‍ വന്നിടിച്ചു. മുറിവിന്റെ വേദനയും ക്ഷീണവും കാരണമാണ് മൂന്നാംദിനം ആലുവ റെയില്‍വേ സ്‌റ്റേഷനില്‍ വന്നിരിക്കേ തളര്‍ന്നുവീണത്. കണ്ടുനിന്നവരൊക്കെ മദ്യപാനിയാണെന്നു വിലയിരുത്തി കടന്നുപോയി. ആ സമയം സ്‌റ്റേഷനിലുണ്ടായിരുന്ന പ്രിയയാണ് ചിലരുടെ സഹായത്തോടെ ആ മനുഷ്യനെ ആശുപത്രിയില്‍ എത്തിച്ചത്. മുഹമ്മദ് ഗസ്‌നിയെ പോലെ തെരുവുകളില്‍ പാടിയിരുന്ന ഗായികയാണ് പ്രിയ എന്നതു മറ്റൊരു യാദൃശ്ചികത ആകാം. ആശുപത്രിയില്‍ അദ്ദേഹം സുഖം പ്രാപിച്ചുവരുന്നു. ഇന്ന് വീട്ടുകാരാലും സുഹൃത്തുക്കളാലും ഉപേക്ഷിക്കപ്പെട്ട് മുഹമ്മദ് ഗസ്‌നി ഒറ്റക്കാണ്. സമൂഹത്തില്‍നിന്നും പത്തിലേറെ കുട്ടികളെ കണ്ടെത്തി പുനരധിവസിപ്പിച്ച പ്രിയ, ആ മനുഷ്യനെ സ്വന്തം അച്ഛന്റെ സ്ഥാനത്തു പരിഗണിച്ച് പരിചരിക്കുമെന്നു എന്നോട് പറഞ്ഞപ്പോള്‍ ഏറെ സന്തോഷം തോന്നി.

ഈ പോസ്റ്റ് വായിക്കുന്നവരോട് പറയാനുള്ളത് ഒരു കാര്യം മാത്രം. നിങ്ങളാല്‍ കഴിയുന്ന സഹായം മുഹമ്മദ് ഗസ്‌നിക്ക് നല്‍കാന്‍ കഴിഞ്ഞാല്‍ അത് വലിയൊരു ആശ്വാസമാകും. പ്രിയയുടെ നമ്പര്‍ ഇവിടെ ചേര്‍ക്കുന്നു. മുഹമ്മദ് ഗസ്‌നിയുടെ പേരില്‍ ഉടന്‍ ബാങ്ക് അക്കൗണ്ട് എടുപ്പിക്കുമെന്നു പ്രിയ പറഞ്ഞിട്ടുണ്ട്. സഹായിക്കാന്‍ സന്മനസ്സ് ഉള്ളവര്‍ക്ക് പ്രിയയുടെ 7736253319 ഈ നമ്പരില്‍ ബന്ധപ്പെടാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍