UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ശിശുമരണ നിരക്കില്‍ രാജ്യത്തിന് മാതൃകയായി കേരളം; അമേരിക്കയ്ക്ക് തുല്യം

ആണ്‍ പെണ്‍ അനുപാതത്തിലും ഇന്ത്യയുടെ നിരക്കിനെ കേരളം മറികടന്നിട്ടുണ്ട്

ശിശുമരണ നിരക്കില്‍ ഒറ്റയക്കത്തിലെത്തി കേരളത്തിന് മികച്ച മുന്നേറ്റം. ഒരുവയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളുടെ മരണത്തിന്റെ കണക്കില്‍ ആയിരം കുട്ടികളില്‍ ആറ് പേര്‍ മാത്രമാണ് കേരളത്തില്‍ മരിക്കുന്നത് എന്നാണ് പുതിയ കണക്ക്. ഈ കണക്ക് അനുസരിച്ച് ഇന്ത്യയുടെ നിരക്ക് 41 ആണെന്നിരിക്കെ മറ്റ് സംസ്ഥാനങ്ങളെയെല്ലാം മറികടന്ന് മികച്ച നേട്ടമാണ് കേരളം നേടിയിരിക്കുന്നത്.

2005-06ലെ കണക്കനുസരിച്ച് കേരളത്തിന്റെ നിരക്ക് 15 ആയിരുന്നു. സ്ത്രീകളുടെ വിദ്യാഭ്യാസത്തിലുണ്ടായ വര്‍ദ്ധനവാണ് മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി കേരളത്തെ എത്തിച്ചത്. കേരളത്തിന്റെ ശിശുമരണ നിരക്ക് അമേരിക്കയുടേതിന് സമാനമാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേയുടെ റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍ ഉള്ളത്. പത്ത് വര്‍ഷം കൂടുമ്പോഴാണ് ഈ സര്‍വേ സംഘടിപ്പിക്കുന്നത്. 2005-06ല്‍ ഇന്ത്യയുടെ ശിശുമരണ നിരക്ക് 57 ആയിരുന്നു. അത് താഴ്ന്ന് 2015-16ല്‍ 41 ആയിട്ടുണ്ട്. ഇന്ത്യയുടെ ഈ നേട്ടത്തിന് കേരളമാണ് മുഖ്യകാരണം. തമിഴ്‌നാടും കേരളത്തിനൊപ്പം തന്നെയുണ്ട്. 21 ആണ് തമിഴ്‌നാട്ടിലെ ശിശുമരണ നിരക്ക്.

അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളുടെ മരണനിരക്കിലും കേരളം മെച്ചപ്പെട്ടിട്ടുണ്ട്. ഏഴ് ആണ് കേരളത്തിന്റെ കഴിഞ്ഞ പത്ത് വര്‍ഷത്തെ നിരക്ക്. മുന്‍ സര്‍വേയില്‍ ഇത് 16 ആയിരുന്നു. ആണ്‍ പെണ്‍ അനുപാതത്തിലും ഇന്ത്യയുടെ നിരക്കിനെ കേരളം മറികടന്നിട്ടുണ്ട്. 2011ല്‍ നടന്ന സര്‍വേയില്‍ ഇന്ത്യയുടെ നിരക്ക് 914 ആയിരുന്നത് 919 ആയി ഉയര്‍ന്നിരുന്നു.  എന്നാല്‍ കേരളത്തിന്റെ കാര്യത്തില്‍ ഈ നിരക്കില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായത്. മുന്‍ സര്‍വേയില്‍ കേരളത്തിന്റെ നിരക്ക് 925 ആയിരുന്നത് ഇക്കുറി 1047 ല്‍ എത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍