UPDATES

ട്രെന്‍ഡിങ്ങ്

സി. അമലയുടെ കൊലപാതകം; ഒടുവില്‍ സതീഷ് ബാബുവിന് ജീവപര്യന്തം, പക്ഷേ, നാസറിന്റെ കീഴടങ്ങല്‍ എന്തിനായിരുന്നുവെന്ന് ഇന്നും ദുരൂഹം

2015 സെപ്തംബര്‍ 16 ന് രാത്രിയിലായിരുന്നു പാല കര്‍മലീത്ത മഠത്തിലെ സ്വന്തം മുറിയില്‍ വച്ച് സിസ്റ്റര്‍ അമല കൊല ചെയ്യപ്പെടുന്നത്‌

പാല  കര്‍മലീത്ത മഠത്തിലെ സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി സതീഷ് ബാബുവിന് ജീവപര്യന്തം. പാല അഡീഷണല്‍ ജില്ല സെഷന്‍സ് കോടതിയുടെതാണ് വിധി. 2,10,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. 2015 സെപ്തംബര്‍ 16 ന് രാത്രി മഠത്തിലെ സ്വന്തം മുറിയില്‍ വച്ചായിരുന്നു 69 കാരി സിസ്റ്റര്‍ അമല കൊല ചെയ്യപ്പെടുന്നത്. തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കാസറഗോഡ് സ്വദേശി 41 കാരനായ പ്രതി സതീഷ് ബാബു ഈ കേസില്‍ കുറ്റക്കാരനാണെന്നു കോടി നേരത്തെ കണ്ടെത്തിയിരുന്നു.

സിസ്റ്റര്‍ അഭയ കൊലക്കേസ് പോലെ കേരളത്തെ ഞെട്ടിച്ച കൊലപാതക വാര്‍ത്തയായിരുന്നു പാല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, കത്തോലിക്ക സഭയില്‍പ്പെട്ട കര്‍മലീത്ത മഠത്തിലെ സി. അമലയുടെത്. 34 കന്യാസ്ത്രീകളും 17 ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥിനികളും ഇവിടെ അന്തേവാസികളായി ഉണ്ടായിരുന്നു. മഠത്തിന്റെ മൂന്നാം നിലയിലായിരുന്നു സി. അമലയുടെ മുറി. സെപ്തംബര്‍ 16 രാത്രിയിലാണ് കൊല നടന്നത്. പിറ്റേദിവസം(17) രാവിലത്തെ പ്രാര്‍ത്ഥനയ്ക്ക് സി.അമലയെ കാണാതിരുന്നതിനെ തുടര്‍ന്ന് മഠത്തിലുണ്ടായിരുന്നവര്‍ സിസ്റ്ററുടെ മുറിയില്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തുന്നത്. രക്തം തളംകെട്ടി നില്‍ക്കുന്ന സ്ഥിതിയിലായിരുന്നു മൃതദേഹം കാണുന്നത്. തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിച്ചു.

പൊലീസ് എത്തിയപ്പോഴേക്കും മൃതദേഹത്തിന്റെ വസ്ത്രം മാറ്റുകയും മുഖത്തെ രക്തം തുടച്ചു കളയുകയും ചെയ്തിരുന്നു. മഠം അധികൃതരായിരുന്നു ഇങ്ങനെ ചെയ്തതെന്നും മറ്റ് അസ്വഭാവികതകളൊന്നും ആ പ്രവര്‍ത്തിയില്‍ ഉണ്ടായിരുന്നില്ലൈന്നും പൊലീസ് അറിയിച്ചിരുന്നു. സി.അമലയുടേത് കൊലപാതകമാണെന്ന് കണ്ടെത്തിയതോടെ പ്രതിക്കായുള്ള തിരിച്ചില്‍ പൊലീസ് ശക്തമാക്കി. അമലയുടെ കൊല നടക്കുന്ന രാത്രിയില്‍ മഠത്തിന്റെ ടെറസില്‍ ആരോ നില്‍ക്കുന്നതായി കണ്ടിരുന്നുവെന്ന് ഒരു കന്യാസ്ത്രീ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. കൊലപാതകത്തിനു രണ്ടു ദിവസങ്ങള്‍ക്കു മുമ്പ് മഠത്തിനു നേരെ ഒരാക്രമണം നടന്നിരുന്നുവെന്നും 72 കാരിയായ ഒരു കന്യാസ്ത്രീക്ക് ഇതില്‍ പരിക്കേറ്റിരുന്നതായും മദര്‍ അലക്‌സ മരിയയും പൊലീസിനെ അറിയിച്ചിരുന്നു.

അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് കോട്ടയം സ്വദേശി നാസര്‍ എന്ന 48 കാരന്‍ സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയത് താന്‍ ആണെന്ന് അവകാശപ്പെട്ട് മാഹി പൊലീസില്‍ കീഴടങ്ങുന്നത്. സി. അമലയെ കൊലപ്പെടുത്തിയതും അതിനു ദിവസങ്ങള്‍ക്കു മുമ്പ് മഠത്തിനു നേരെ കല്ലെറിഞ്ഞതും താന്‍ ആണെന്നായിരുന്നു നാസറിന്റെ മൊഴി. പൊലീസ് നാസറിനെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് നല്‍കിയ വിശദീകരണത്തില്‍ അമലയുടെ കൊലപാതകി നാസര്‍ എന്നു തന്നെയായിരുന്നു ഉറപ്പിച്ചത്. ബുദ്ധിഭ്രമം ഉള്ള ആളാണ് നാസര്‍ എന്നും ഉറങ്ങി കിടക്കുന്ന സമയത്ത് കന്യാസ്ത്രീകളെ അവരുടെ മുറിയില്‍ കയറി തലയ്ക്കടിക്കുക നാസറിന്റെ സ്വഭാവമായിരുന്നുവെന്നും എന്നാല്‍ ആദ്യമായാണ് തന്റെ അക്രമത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതെന്നും അതിന്റെ മാനസിക വിഷമമാണ് കീഴടങ്ങാന്‍ പ്രേരിപ്പതെന്നുമാണ് നാസര്‍ മൊഴി നല്‍കിയതെന്നും പൊലീസ് അറിയിച്ചിരുന്നു.

എന്നാല്‍ തുടര്‍ ദിവസങ്ങളില്‍ സിസ്റ്റര്‍ അമലയുടെ കൊലപാതകി നാസര്‍ അല്ലെന്നു പൊലീസിന് ബോധ്യം വന്നു. അവര്‍ അന്വേഷണം കൂടുതല്‍ ഊര്‍ജ്ജിതമാക്കി. അങ്ങനെയാണ് സതീഷ് ബാബുവിലേക്ക് എത്തുന്നത്. കേരള പൊലീസ് ആയിരുന്നില്ല സതീഷ് ബാബുവിനെ കണ്ടെത്തുന്നത്. കൊലപാതകത്തിനു ശേഷം ഉത്തരാഖണ്ഡില്‍ എത്തിയ സതീഷ് ബാബു അവിടെയുള്ള ഒരു അയ്യപ്പ ക്ഷേത്രം വക ആശ്രമത്തില്‍ തങ്ങാന്‍ ശ്രമം നടത്തി. ഇയാളെക്കുറിച്ച് സംശയം തോന്നിയ ആശ്രമം അധികൃതര്‍ ഉത്തരാഖണ്ഡ് പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സിസ്റ്റര്‍ അമലയുടെ കൊലപാതകത്തില്‍ കുറ്റസമ്മതം നടത്തുന്നത്. തുടര്‍ന്ന് കേരള പൊലീസില്‍ വിവരം അറിയിക്കുകയും അവരെത്തി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുകയുമായിരുന്നു.

ചോദ്യം ചെയ്യലില്‍ സിസ്റ്റര്‍ അമലയെ കൂടാതെ മറ്റൊരു കന്യാസ്ത്രീയെ കൂടി കൊലപ്പെടുത്തിയിട്ടുണ്ടെന്നു സതീഷ് ബബു സമ്മതിച്ചു. 2015 ല്‍ തന്നെ ഏപ്രില്‍ മാസം പത്താം തീയതി കോട്ടയം ചേറ്റുതോട് തിരുഹൃദയ മഠത്തിലെ സിസ്റ്റര്‍ റോസ് മേരിയെയാണ് കൊലപ്പെടുത്തിയതെന്ന് സതീഷ് ബാബു വെളിപ്പെടുത്തി. തലയ്ക്കടിച്ച് സിസ്റ്റര്‍ അമലയെ കൊന്ന അതേ രീതിയില്‍ തന്നെയായിരുന്നു സിസ്റ്റര്‍ റോസ്‌മേരിയേയും കൊല ചെയ്തത്. അധികം മൂര്‍ച്ചയില്ലാത്ത ആയുധം കൊണ്ടായിരുന്നു രണ്ട് കൊലപാതകങ്ങളും സതീഷ് ബാബു നടത്തിയത്. അതുകൊണ്ട് തന്നെ സിസ്റ്റര്‍ റോസ്‌മേരിയുടേത് കട്ടിലില്‍ നിന്നും താഴെ വീണ് തലയിടിച്ചുള്ള മരണമായാണ് കരുതിയത്. സതീഷ് ബാബുവിന്റെ വെളിപ്പെടുത്തലിലാണ് അതും കൊലപാതകമായിരുന്നുവെന്ന് തെളിഞ്ഞത്. കൊലപാതകങ്ങള്‍ കൂടാതെ മഠങ്ങള്‍ കേന്ദ്രീകരിച്ച് മോഷണവും ഇയാള്‍ നടത്തിയിരുന്നു. ചേറ്റുതോട് കോണ്‍വെന്റില്‍ നിന്നും എഴുപതിനായിരം രൂപയും ഈരാട്ടുപേട്ടയിലെ ഒരു മഠത്തില്‍ നിന്നും ആറ് ലക്ഷവും താന്‍ മോഷ്ടിച്ചിട്ടുണ്ടെന്ന് സതീഷ് ബാബു പൊലീസിനോട് സമ്മതിച്ചിരുന്നു.

എന്തിന് ജനനേന്ദ്രിയത്തിലെ മുറിവ് മറച്ചുവെച്ചു? സിസ്റ്റര്‍ ജ്യോതിസിന്റെ ദുരൂഹമരണത്തില്‍ 20 വര്‍ഷത്തിനു ശേഷം വഴിത്തിരിവ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍