UPDATES

ചൂണ്ടിക്കാട്ടുന്നവരുടെ വിരല്‍ അവര്‍ കൊത്തിയരിയും; ഫാദര്‍ വട്ടോളിയെ പുറത്താക്കാനുള്ള സഭയുടെ നീക്കത്തിനെതിരെ സിസ്റ്റര്‍ ജെസ്മി

അച്ചനെ പുറത്താക്കില്ലായിരിക്കും, ഒന്നു ഭീഷണിപ്പെടുത്തി നിര്‍ത്താനുള്ള ശ്രമം. ഒരു മുന്നറിയിപ്പ്; അതെല്ലാവര്‍ക്കും കൂടിയുള്ളതാണ്- അതായിരിക്കും ലക്ഷ്യം:

ഫാദര്‍ അഗസ്റ്റിന്‍ വട്ടോളിയ്‌ക്കെതിരേ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുന്ന എറണാകുളം-അങ്കമാലി അതിരൂപത നേതൃത്വത്തിനെതിരേ വിശ്വാസികള്‍ക്കിടയില്‍ നിന്നടക്കം വിവിധ കോണുകളില്‍ നിന്നും പ്രതിഷേധം ശക്തമാവുന്നു. പൗരോഹിത്യ പ്രവര്‍ത്തികളില്‍ വീഴ്ച്ച വരുത്തിയെന്നും സഭയെ പൊതുസമൂഹത്തില്‍ അപമാനിക്കുന്ന തരത്തില്‍ സമരങ്ങളും പ്രസ്താവനകളും നടത്തുന്നു എന്നതൊക്കെയാണ് ഫാ. വട്ടോളിക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. എന്നാല്‍ എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടന്ന വിവാദ ഭൂമിയിടപാട്, ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ കന്യാസ്ത്രീ പീഡനക്കേസ് എന്നിവയില്‍ ഫാ. വട്ടോളി നടത്തുന്ന ഇടപെടലുകളാണ് സഭ നേതൃത്വം അദ്ദേഹത്തിനെതിരേ പ്രതികാര നടപടികള്‍ക്ക് തുനിയുന്നതിന് കാരണമെന്നാണ് വിമര്‍ശനം. ഫാ. വട്ടോളിക്കെതിരേ നടപടിയുണ്ടായാല്‍ ശക്തമായ പ്രതികരണം ഉണ്ടാകുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

തെറ്റുകാരായ ബിഷപ്പുമാരുടെയും പുരോഹിതരുടെയും കള്ളത്തരങ്ങള്‍ വെളിയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന ഫാ. വട്ടോളിക്കെതിരേ കരുതിക്കൂട്ടി നടത്തുന്ന പ്രതികാരത്തിന്റെ ഭാഗം തന്നെയാണ് ഇപ്പോള്‍ അദ്ദേഹത്തിന് നല്‍കിയിരിക്കുന്ന കാരണം കാണിക്കല്‍ നോട്ടീസ് എന്നാണ് സിസ്റ്റര്‍ ജെസ്മി ഈ വിഷയത്തില്‍ ചൂണ്ടിക്കാണിക്കുന്നത്. തനിക്കു നേരിടേണ്ടി വന്ന അനുഭവങ്ങളോട് ചേര്‍ത്താണ്, ഫാ. വട്ടോളിയെ പുറത്താക്കാനുള്ള സഭ മേലധികാരികളുടെ പ്രവര്‍ത്തികളെ ജെസ്മി കാണുന്നത്.

ഫാ. വട്ടോളിയെപോലൊരാള്‍ ഇത്രയും നാള്‍ പുരോഹിതന്റെ കുപ്പായത്തില്‍ നില്‍ക്കുന്നത് തന്നെ അത്ഭതമാണെന്നാണ് ജെസ്മി പറയുന്നത്. തങ്ങള്‍ക്കെതിരേ ശബ്ദിക്കുന്നവരെ ഏതുവിധേനയും നിശബ്ദരാക്കിയിട്ടുള്ള ചരിത്രമാണ് കത്തോലിക്ക സഭയ്ക്കുള്ളത്. അതുകൊണ്ട് തന്നെ ഫാ. വട്ടോളിക്കെതിരേ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന നടപടികളെയും ആ രീതിയില്‍ തന്നെ കാണേണ്ടതുണ്ടെന്നും അവര്‍ അഴിമുഖത്തോട് പ്രതികരിക്കുന്നു.

ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരേയുള്ള പോരാട്ടത്തിന്റെ പേരില്‍ മാത്രമാകില്ല ഫാ. വട്ടോളിക്കെതിരേ അവര്‍ തിരിഞ്ഞിരിക്കുന്നത്. മൂടിവയ്ക്കാന്‍ ഉള്ളത് ഫ്രാങ്കോയ്ക്ക് മാത്രമല്ല. മറ്റു പലര്‍ക്കും പലതും മൂടിവയ്‌ക്കേണ്ടതുണ്ട്. ഒരാള്‍ പിടിയിലായാല്‍ പിറകെ മറ്റുള്ളവരും വീഴും. അതുണ്ടാകരുത്. അതിനുവേണ്ടിയാണ് ചൂണ്ടിക്കാട്ടുന്നവരുടെ വിരല്‍ അവര്‍ കൊത്തിയരിയുന്നത്; ജെസ്മി വ്യക്തമാക്കുന്നു.

താന്‍ തിരുവസ്ത്രം ഉപേക്ഷിച്ച് പുറത്തു വന്ന സമയത്ത് പലരും ചോദിച്ചത് ഉള്ളില്‍ നിന്നുകൊണ്ട് തന്നെ നവീകരണത്തിനായി ശ്രമിക്കാമായിരുന്നില്ലേ എന്നായിരുന്നുവെന്ന് ജസ്മി പറയുന്നു. അതിനുള്ള തന്റെ മറുപടി; പത്തുമുപ്പതുകൊല്ലത്തോളം ഞാന്‍ അകത്ത് നിന്നുകൊണ്ട് തന്നെയാണ് ശബ്ദിച്ചത്. തിരുത്തേണ്ടതിനെ ചൂണ്ടിക്കാണിച്ചു കൊടുത്തത്, ചര്‍ച്ചകളില്‍ പങ്കാളിയായി പറയേണ്ടത് പറഞ്ഞത്. അവര്‍ എന്നെ നിശബ്ദയാക്കാന്‍ നോക്കി., ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കാതിരിക്കാന്‍ ശ്രദ്ധിച്ചു, ഞാന്‍ പറയുന്നത് രേഖപ്പെടുത്തേണ്ടതില്ലെന്നു തീരുമാനിച്ചു. ഒടുവില്‍ എന്നെ മാനസികരോഗിയാക്കി ചികിത്സയ്ക്കയക്കാന്‍ ശ്രമം ഉണ്ടായി. അപ്പോഴാണ് ഞാന്‍ രക്ഷപ്പെട്ടത്. ഇല്ലായിരുന്നെങ്കില്‍ ഇന്ന് സിസ്റ്റര്‍ ജെസ്മിയെക്കുറിച്ച് നിങ്ങളാരും അറിയില്ലായിരുന്നു, ഞാന്‍ പറയുന്നതൊന്നും ആരും കേള്‍ക്കുകയുമില്ലായിരുന്നു; ഇതായിരുന്നുവെന്ന് ജെസ്മി പറയുന്നു.

കുപ്പായം ഊരി പുറത്തേക്കു പോയ്‌ക്കോളൂ എന്നൊക്കെ പറയും. പക്ഷേ, അത് എളുപ്പമാണെന്നു കരുതുന്നുണ്ടോ എന്നു ജെസ്മി ചോദിക്കുന്നു. ഞങ്ങളാരെയും കെട്ടിയിട്ടില്ല, പോകേണ്ടവര്‍ക്ക് പോകാമെന്നു പറയുന്നത് വെറുതേയാണ്. അവര്‍ പൂട്ടിയിടും. പുറത്തിറങ്ങാനാകാതെ തളച്ചിടും, നോട്ടപുള്ളിയാകും, അവരുടെ പൂര്‍ണ നിരീക്ഷണത്തിലാക്കും നമ്മുടെ ഓരോ ചലനവും. രക്ഷപ്പെടാന്‍ നിവൃത്തിയില്ല. ആകെയുള്ള ഒരു വഴി ആത്മഹത്യയാണ്. എന്റെ സഹോദരിയോട് ഞാന്‍ പറഞ്ഞതാണ്, രക്ഷപ്പെടാന്‍ പറ്റിയില്ലെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യുമെന്ന്. ദൈവം സഹായിച്ച് എനിക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞു. തിരുവസ്ത്രം ഉപേക്ഷിക്കില്ലെന്നൊരു വിശ്വാസം അവര്‍ക്കെന്നെ കുറിച്ചുണ്ടായിരുന്നു. പോകുമെന്ന് കരുതിയില്ല. ഞാന്‍ പോയത് അവര്‍ക്ക് അപ്രതീക്ഷിതമായിരുന്നു; ജെസ്മിയുടെ വാക്കുകള്‍.

കന്യാസ്ത്രീകളെക്കാള്‍ സ്വാതന്ത്ര്യം വൈദികര്‍ക്കുണ്ട്. അതുകൊണ്ടാണ് ഫാ. വട്ടോളിക്ക് ഇത്രകാലം സഭയ്ക്ക് ഉള്ളില്‍ നിന്നുകൊണ്ട് തന്നെ ശബ്ദിക്കാനും പോരാടാനും കഴിഞ്ഞതെന്നാണ് ജെസ്മി ചൂണ്ടിക്കാണിക്കുന്നത്. ഒരു കന്യാസ്ത്രീക്കതിന് കഴിയില്ല, വൈദികനായതുകൊണ്ട് അച്ചന് ഇത്രയുമെങ്കിലുമൊക്കെ പറ്റി. എങ്കില്‍ കൂടി ഫാ. വട്ടോളിയെപോലൊരാള്‍ ഇവരെയൊക്കെ എതിര്‍ത്ത് ഇക്കാലമത്രയും നിന്നത് തന്നെ വലിയൊരു അത്ഭുതമാണ്.

അച്ചനെതിരേ അവര്‍ നിരത്തിയിരിക്കുന്ന കുറ്റങ്ങള്‍ കേട്ടു. കുര്‍ബാന ചൊല്ലുന്നില്ല, കുര്‍ബാനയില്‍ കര്‍ദിനാളിനെ സ്മരിക്കുന്നില്ല, എവിടെയൊക്കെയോ പോയി പ്രസംഗിച്ചു എന്നൊക്കെയാണ് അവര്‍ പറയുന്നത്. അഴിമതിക്കാരും പീഡകരുമൊക്കെ ഒരു കുഴപ്പവുമില്ലാതെ കഴിയുമ്പോഴാണെന്നോര്‍ക്കണം. ഫാ. വട്ടോളി അഴിമതി കാണിച്ചെന്ന് അവര്‍ പറയുന്നില്ല, ആരെയെങ്കിലും കൊല്ലാന്‍ നോക്കിയെന്നും പറയുന്നില്ല, ബ്രഹ്മചര്യ ജീവിതം തെറ്റിച്ചെന്നോ ആരെയെങ്കിലും ബലാത്സംഗം ചെയ്‌തെന്നോ കുറ്റമില്ല. കാനോന്‍ നിയമങ്ങള്‍ തെറ്റിച്ചെന്ന് ആരോപിക്കുകയാണ്. ഒരുപക്ഷേ, അച്ചനെ പുറത്താക്കില്ലായിരിക്കും, ഒന്നു ഭീഷണിപ്പെടുത്തി നിര്‍ത്താനുള്ള ശ്രമം. ഒരു മുന്നറിയിപ്പ്; അതെല്ലാവര്‍ക്കും കൂടിയുള്ളതാണ്- അതായിരിക്കും ലക്ഷ്യം: സിസ്റ്റര്‍ ജെസ്മി പറയുന്നു.

പലതും ഇനിയും പുറത്തുവരാനുണ്ട്, വട്ടോളി അച്ചന്‍ നിശബ്ദനാകേണ്ടത് അവരുടെ ആവശ്യമാണ് -കന്യാസ്ത്രീകള്‍

Exclusive: ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി എന്ന പുരോഹിതനെ കത്തോലിക്ക സഭാ നേതൃത്വം കല്ലെറിയുന്നതിന് കാരണങ്ങള്‍ ഇതൊക്കെയാണ്

കന്യാസ്ത്രീയെ പീഡിപ്പിച്ച ഫ്രാങ്കോയുടെ ഫോട്ടോ കലണ്ടറില്‍, കന്യാസ്ത്രീകള്‍ക്കൊപ്പം നിന്ന ഫാ. വട്ടോളി പുറത്തേക്ക്

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍