ദാരിദ്രവ്രതവും അനുസരണവും കന്യാത്രീകള്‍ക്ക് മാത്രമല്ല ബാധകമെന്നും ഓര്‍ക്കണം
കന്യാസ്ത്രീ ജീവിതത്തില്‍ കര്‍ശനമായി പാലിക്കേണ്ട അനുസരണവ്രതം, ദാരിദ്ര്യവ്രതം എന്നിവ തെറ്റിച്ച ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ മഠത്തിലെ സിസ്റ്റര്‍ ലൂസി കളപ്പുര സഭ വസ്ത്രം ഉപേക്ഷിച്ച് പുറത്തുവരണമെന്നാവിശ്യമാണ് ഇപ്പോള്‍ ഉയരുന്നത്. എസ് എഫ് ഐ മുന്‍ നേതാവ് സിന്ധു ജോയിയെ പോലുള്ളവരും ഇതേ ആവശ്യം ഉയര്‍ത്തിയിരുന്നു. അതേസമയം സി.ലൂസിക്കെതിരേ നിരത്തിയിരിക്കുന്ന തെറ്റുകളെയും എടുക്കാന്‍ പോകുന്ന നടപടിയേയും അപലപിച്ചുകൊണ്ട് നിരവധിപേരാണ് സഭയ്ക്കുള്ളിലും പുറത്തും നിന്നും എത്തുന്നത്. ഈയവസരത്തില്‍ സി.ലൂസി കളപ്പുരയില്‍ മഠത്തില്‍ നിന്നു പുറത്തുപോകണോ, അതോ ഉള്ളില്‍ നിന്നുകൊണ്ട് തന്നെ തന്റെ പ്രവര്‍ത്തനങ്ങളും നിലപാടുകളുമായി മുന്നോട്ടുപോവുകയാണോ വേണ്ടതെന്ന ചോദ്യത്തിനോട് പ്രതികരിക്കുകയാണ് സി. ജെസ്മി. ഇപ്പോള്‍ സി. ലൂസി നേരിടുന്ന സാഹചര്യങ്ങളിലൂടെ കടന്നു വന്നിട്ടുള്ള, കന്യാസ്ത്രീ ജീവിതം ഉപേക്ഷിച്ച് പുറത്തു വന്ന ജെസ്മിക്ക് ഈക്കാര്യത്തില്‍ പറയാനുള്ളത് അഴിമുഖത്തോട് പങ്കുവയ്ക്കുകയാണ്;
ഞാന്‍ ഇറങ്ങേണ്ടി വന്നത് മറ്റൊരു രീതിയിലാണ് കാണേണ്ടത്. ഇപ്പോള്‍ സിസ്റ്റര്‍ ലൂസി നേരിടുന്നതുപോലുള്ള പ്രശ്‌നങ്ങള്‍ എനിക്കും ഉണ്ടായിട്ടുണ്ട്. പലവട്ടം എന്നെ വിളിപ്പിച്ചു, ചോദ്യം ചെയ്യലുകള്‍ നടത്തി, കുറ്റാരോപണങ്ങള്‍ നിരത്തി…അതൊക്കെ തരണം ചെയ്ത തന്നെയാണ് ഞാന്‍ തുടര്‍ന്നത്. ഒരു ഊമക്കത്തിന്റെ പുറത്ത് എനിക്കെതിരേ നടപടിയെടുക്കാന്‍ വരെ തയ്യാറെടുത്തിരുന്നു. എനിക്കെതിരേയുള്ള പരാതിയാണെങ്കില്‍ ആ കത്ത് വായിക്കാന്‍ എന്നെ അനുവദിച്ചിട്ട് മറുപടി നല്‍കാമെന്നു നിര്‍ബന്ധം പിടിച്ചപ്പോള്‍ അവര്‍ക്ക് പിന്മാറേണ്ടി വന്നു. ഇതുപോലെ എത്രയോ സംഭവങ്ങള്‍. പിന്നെ എന്തുകൊണ്ട് ഞാന്‍ തിരുവസ്ത്രം ഊരി പുറത്തു വന്നു, സി. ലൂസി അതെന്തുകൊണ്ട് ചെയ്യുന്നില്ല എന്ന് ചോദിക്കുന്നവരോട്, എന്നെ ഒരു മാനസികരോഗിയാക്കി തീര്‍ത്ത് ഭ്രാന്താശുപത്രിയില്‍ അടയ്ക്കുന്ന സാഹചര്യം ഉണ്ടായപ്പോള്‍, രക്ഷപ്പെടല്‍ എന്ന നിലയിലാണ് ഞാന്‍ സഭ വിട്ട് പുറത്തു വരുന്നത്. അന്നങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് എന്നെക്കുറിച്ച് ഒന്നും അറിയാതെ പോകുമായിരുന്നു. അങ്ങനെയൊന്നു സംഭവിച്ചില്ലായിരുന്നുവെങ്കില്‍ ഇന്നും ഞാന്‍ മഠത്തില്‍ ഉണ്ടാകുമായിരുന്നു. സി. ലൂസി അങ്ങനെയൊരു സാഹചര്യത്തിലേക്ക് എത്തിയിട്ടില്ല. അതുകൊണ്ട് സന്നസ്യജീവിതം തുടരുന്നതില്‍ നിന്നും ആര്‍ക്കും അവരെ നിര്‍ബന്ധിച്ച് പുറത്തിറക്കാന്‍ സാധ്യമല്ല. സി.ലൂസിയെ എങ്ങനെയെങ്കിലും പുറത്താക്കണമെന്ന് ആരെങ്കിലും തീരുമാനം എടുത്തിട്ടുണ്ടെങ്കില്‍ ഏതുവഴിയിലും അവരത് നടത്തുമെന്നത് മറ്റൊരുകാര്യം. എന്നാല്‍ സ്വയം പുറത്തുപോരേണ്ട യാതൊരു ആവശ്യവും സി. ലൂസിയെ സംബന്ധിച്ചില്ല. സിന്ധു ജോയിയെ പോലുള്ളവര്‍ പറയുന്നതുപോലെ തിരുവസ്ത്രത്തില്‍ തുടരുന്നതില്‍ യാതൊരു അപാകതയും സിസ്റ്ററുടെ മേല്‍ പറയാനുമില്ല. വ്യഭിചാരമോ, കള്ളക്കച്ചവടമോ, ഭീഷണിപ്പെടുത്തലോ ഒന്നും തന്നെ സി.ലൂസി ചെയ്തിട്ടില്ലല്ലോ, മനുഷ്യസേവനവമല്ലേ ചെയ്യുന്നത്, നീതി നിഷേധിക്കപ്പെട്ടവരുടെ കൂടെ നില്‍ക്കുന്നത് എങ്ങനെ കര്‍ത്താവിനു നിരക്കാത്തതാകും? തെറ്റു ചെയ്തവര്‍ നിരവധി അകത്തുണ്ടല്ലോ, പുറത്തു പോകേണ്ടത് അവരല്ലേ, അവര്‍ക്കെതിരേയല്ലേ ശബ്ദം ഉയരേണ്ടത്? അക്കാര്യത്തിലൊക്കെ നിശബ്ദത പാലിച്ചിട്ട്, സി.ലൂസി കളപ്പുര എന്തിനു മഠത്തില്‍ തുടരുന്നതെന്നു ചോദ്യം ഉയര്‍ത്തുന്നവരോട് പറയാനുള്ളത്; അത് ആ സിസ്റ്ററുടെ അവകാശമാണ്…അത് ചോദ്യം ചെയ്യാന്‍ നിങ്ങള്‍ക്കാകില്ല.
തന്റെ ജീവിതം പൂര്‍ണമായി സന്ന്യസജീവിതത്തിന് സമര്‍പ്പിച്ചൊരാളാണ് ഒരു കന്യാസ്ത്രീ. ലൗകികസുഖങ്ങളെല്ലാം ഉപേക്ഷിച്ച് ആത്മീയജീവിതം തെരഞ്ഞെടുക്കുന്നൊരാള്‍. അങ്ങനെയൊരാളെ പെട്ടെന്നൊരു ദിവസം എല്ലാം വിട്ടിട്ട് പോയ്‌ക്കോളൂ എന്നു പറയുന്നതില്‍ എന്ത് നീതിയാണ്? സി.ലൂസിക്ക് അവരുടെ സന്ന്യസജീവിതം തുടരേണ്ടതുണ്ട്. അവരുടെ പ്രവര്‍ത്തനങ്ങള്‍ തുടരേണ്ടതുണ്ട്.
മഠങ്ങളില്‍ കന്യാസ്ത്രീകളെ അടച്ചുപൂട്ടിയിടുന്നതിന് ഏറ്റവുമധികം ഉപയോഗിക്കുന്നത് അനുസരണ വ്രതമാണ്. അനുസരണവ്രതം കൊണ്ട് ഉദ്ദേശിക്കുന്നത് കന്യാസ്ത്രീകളെ അടിമകളാക്കി നിര്‍ത്തുകയാണ്. അതുകൊണ്ട്, വേറെ ഏതു പാപം ചെയ്താലും ക്ഷമിക്കും, അനുസരണക്കേട് അങ്ങനെയല്ല. തങ്ങള്‍ക്ക് അനുചിതമായത് ചെയ്യരുത്, തങ്ങളെ ചോദ്യം ചെയ്യരുത് ഇതൊക്കെ അനുസരണക്കേടിന്റെ പട്ടികയില്‍പ്പെടുത്തുകയാണ്. അതുകൊണ്ട് സി.ലൂസി കുറച്ചുകൂടി ശ്രദ്ധയോടെ മുന്നോട്ടു പോവേണ്ടതായിരുന്നു. ഞാനത് വളരെയേറെ ശ്രദ്ധിച്ചിരുന്നൊരാളായിരുന്നു. അതിനര്‍ത്ഥം അവര്‍ക്ക് പൂര്‍ണമായി കീഴടങ്ങിക്കൊണ്ടാണ് ജീവിച്ചതെന്നല്ല, അനുസരണവ്രതം അതിന്റെ ആലങ്കാരികമായ രീതിയില്‍ പിന്തുടര്‍ന്നു. അവര്‍ക്കെന്നെ പിടിക്കാന്‍ അവസരം കൊടുക്കാതെ. ഒരു വക്കീലിന്റെ ബുദ്ധിയോടുകൂടിയാണ് ഞാന്‍ നിന്നിരുന്നത്. ഒരിക്കല്‍ എന്നോട് പ്രൊവിന്‍ഷ്യാളമ്മ വിളിച്ചിട്ട് പറഞ്ഞത് ഗാര്‍ഗിയില്‍ ഇനി മുതല്‍ സിസ്റ്റര്‍ പങ്കെടുക്കരുതെന്നായിരുന്നു. ഞാനത് അനുസരിച്ചു. ഗാര്‍ഗി രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് ഞാനതിന്റെ മെംബര്‍ ആകണമെന്നു പറഞ്ഞു വന്നവരോട്, ഞാനൊന്നും അറിയുന്നില്ല, നിങ്ങള്‍ എന്താ ചെയ്യുക ചെയ്യാതിരിക്കുക എന്നുവച്ചാല്‍ ചെയ്‌തോ എനിക്ക് വിരോധമില്ല, പക്ഷേ പ്രവര്‍ത്തിക്കാന്‍ ഞാന്‍ വരില്ല എന്നായിരുന്നു. ഞാന്‍ ഗാര്‍ഗിയില്‍ പങ്കെടുത്തില്ല എന്നെയുള്ളു, മറ്റു പ്രവര്‍ത്തനങ്ങള്‍ക്കൊക്കെ പോയി. അപ്പോള്‍ പ്രൊവിന്‍ഷ്യാളമ്മ വീണ്ടും വിളിച്ചിട്ട് പറഞ്ഞത്, ഗാര്‍ഗിയില്‍ മാത്രമല്ല, ഗാര്‍ഗിപോലുള്ള ഒരു പ്രവര്‍ത്തിയിലും പങ്കെടുക്കരുതെന്നാണ് സിസ്റ്ററോട് ആവശ്യപ്പെട്ടിരുന്നതെന്ന്. അവിടെ എനിക്ക് മറുപടിയുണ്ടായിരുന്നു. ഗാര്‍ഗിയില്‍ പോകരുതെന്നു മാത്രമാണ് എന്നോട് പറഞ്ഞിരുന്നത്, അത് ഞാന്‍ അനുസരിച്ചു. ഇതുപോലെ പല അവസരങ്ങളിലും അനുസരണ വ്രതം തെറ്റിക്കാതെയും എന്നാല്‍ എന്റെ പ്രവര്‍ത്തികളില്‍ നിന്നും പിന്നാക്കം പോകാതെയും ഞാന്‍ നിലനിന്നു. ഞാന്‍ പുറത്തിറക്കി കഴിഞ്ഞ് എനിക്കെതിരേ ഉയര്‍ത്തിയ ആരോപണങ്ങളില്‍ ഒന്ന്, ഞാന്‍ കാര്‍ വാങ്ങി കറങ്ങി നടക്കുകയായിരുന്നുവെന്നാണ്. പക്ഷേ, എനിക്ക് സ്വന്തമായി ഒരു കാര്‍ ഇല്ലെന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്നതായതുകൊണ്ട് അവരുടെ പ്രചാരണം പൊളിഞ്ഞു. എന്റെ അമ്മയ്ക്കുവേണ്ടി ഒരു കാര്‍ വാങ്ങാമെന്നു കരുതിയപ്പോഴും സഹോദരന്‍ തടയുകയായിരുന്നു. കാര്‍ വാങ്ങിയെന്ന് ഒരു ചീത്തപ്പേര് നേരത്തെ ഉള്ളതുകൊണ്ട് ഇപ്പോള്‍ വാങ്ങിയാലും അത് പ്രശ്‌നമുണ്ടാക്കുമെന്നു പറഞ്ഞപ്പോള്‍ വേണ്ടെന്നു വച്ചു. അതാണ് പ്രശ്‌നം, ഒരു കന്യാസ്ത്രീ കാര്‍ വാങ്ങിയാല്‍ അത് ചീത്തപ്പേര് ആണ്. അതേസമയം ഒരു വൈദികനു സ്വന്തമായി എത്ര കാര്‍ ഉണ്ടെങ്കിലും കുഴപ്പമില്ല. സ്‌കൂള്‍ അധ്യാപകനായി ജോലി നോക്കിയിരുന്ന ഞങ്ങളുടെ ഒരച്ചന് രണ്ടു കാറുകള്‍ ഉണ്ടായിരുന്നു. അച്ചനതിലാണ് മാറിമാറി സഞ്ചരിച്ചിരുന്നത്.
സാമൂഹിക പ്രവര്‍ത്തനം നടത്തുന്ന ഒരു കന്യാസ്ത്രീക്ക് സ്വന്തമായി ഒരു വാഹനം ഉണ്ടാവുക എന്നത് ഒരു അത്യാവശ്യകാര്യം തന്നെയാണ്. ഇന്നലെ വരെ അങ്ങനെയല്ലായിരുന്നുവെന്നു പറയുന്നത് സാഹചര്യങ്ങള്‍വച്ച് വേണം ഞാന്‍ ചര്‍ച്ച ചെയ്യാന്‍. സി.ലൂസി കളപ്പുര വാങ്ങിയത് ഒരു ആഢംബര കാര്‍ അല്ലെന്നും ഓര്‍ക്കണം. നമ്മുടെ പല പിതാക്കന്മാരും വൈദികരുമൊക്കെ സഞ്ചരിക്കുന്ന വാഹനങ്ങള്‍ ഏതൊക്കെയാണെന്നതും നമുക്കറിയാവുന്നതാണ്.
നിര്‍ബന്ധപൂര്‍വം മഠത്തില്‍ ചേര്‍ത്തതിന്റെ പ്രതികാരമാണ് സിസ്റ്റര്‍ ലൂസി നടത്തുന്നതെന്നൊക്കെ ആരോപിക്കുന്നവര്‍ക്ക് മറുപടി നല്‍കേണ്ടത് സിസ്റ്റര്‍ തന്നെയാണ്. എന്നാലും ആരോപണക്കാരോട് ചോദിക്കാനുള്ളത്, ഇങ്ങനെയൊക്കെ പറയുന്നത് എന്തെങ്കിലും വാസ്തവത്തിന്റെ അടിസ്ഥാനത്തിലാണോ? അതോ എന്തും വിളിച്ചു പറയാമെന്നുള്ളതുകൊണ്ടോ? ഒരിക്കല്‍ ഞാന്‍ നേരിട്ടൊരു ചോദ്യം സിസ്റ്റര്‍ക്ക് ചുരിദാര്‍ ഇടാന്‍ കൊതിയുണ്ടായിട്ടല്ലേ മഠത്തില്‍ നിന്നും പോന്നത് എന്നതായിരുന്നു. അത്രയും മണ്ടത്തരമായി ചോദ്യം ചോദിക്കുന്നവരോടും ആക്ഷേപം പറയുന്നവരോടും എന്ത് മറുപടി പറയാനാണ്. വെറുതെ ആളാകാന്‍ വേണ്ടിയാണ് ഇത്തരം മണ്ടത്തരങ്ങളൊക്കെ അവര്‍ ചോദിച്ചുകൊണ്ടിരിക്കും, സിന്ധുവിനും അത്തരത്തില്‍ ആളാകണമെന്നു തോന്നിയിട്ടാവും ഈവക ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത്. എന്തായാലും വേറെ പണികള്‍ക്കൊന്നും സി. ലൂസി പോയിട്ടില്ലല്ലോ. അതിനൊക്കെ പോയവര്‍ ഇപ്പോഴും രാജകീയപദവിയില്‍ തുടരുകയും ചെയ്യുന്നുണ്ട്. മുമ്പ് കന്യാസ്ത്രീമാര്‍ക്ക് മഠത്തിലെ അടുക്കളയില്‍ കയറുന്നതിന് വിലക്ക് ഉണ്ടായിരുന്നു. നമുക്ക് ഇഷ്ടമുള്ളൊരു ഭക്ഷണം ആവശ്യപ്പെടാന്‍ കഴിയില്ലായിരുന്നു. എന്റെ ബാച്ചിലുള്ള സിസ്റ്റര്‍മാര്‍ അപ്പോള്‍ ചോദിക്കുമായിരുന്നു, കുറച്ച് ചമ്മന്തി കൂട്ടണമെന്നു തോന്നിയാല്‍ നമുക്ക് വീട്ടില്‍ പോയി കഴിക്കാന്‍ പറ്റില്ലല്ലോ! നമുക്ക് ഇവിടുത്തെ അടുക്കളയില്‍ പോയി കുറച്ച് ചമ്മന്തി ഉണ്ടാക്കാന്‍ പറ്റണം, അതിനുള്ള സ്വാതന്ത്രമെങ്കിലും നമുക്ക് വേണ്ടേ? ഇതു കേട്ടപ്പോള്‍ ഞാന്‍ അടുക്കളിയില്‍ കയറാന്‍ തുടങ്ങി. സ്വന്തമായി ചായ തിളപ്പിക്കാന്‍ തുടങ്ങി. ഒരു ചൊവയുമില്ലാത്ത ചായയാണ് കിട്ടിക്കൊണ്ടിരുന്നത്, ഒരു ചായയെങ്കിലും വായ്ക്ക് രുചിയായി കുടിക്കണമല്ലോ! അനുസരണ വ്രതം പറഞ്ഞു പേടിപ്പിച്ച് ചെറിയ ചെറിയ കാര്യങ്ങളില്‍ പോലും നമുക്ക് സ്വാതന്ത്ര്യം തരാതെ പൂട്ടിയിടുകയാണവര്‍.
ദാരിദ്രവ്രതവും അനുസരണവും കന്യാത്രീകള്‍ക്ക് മാത്രമല്ല ബാധകമെന്നും ഓര്‍ക്കണം. സന്ന്യാസജീവിതം നയിക്കേണ്ട പുരോഹിതരുടെ സ്ഥിതി എന്താണെന്നു കൂടി അന്വേഷിക്കാം. വൈദികരില്‍ അനുസരണ വ്രതവും ദാരിദ്ര്യവ്രതവും പറഞ്ഞ് ആരെയെങ്കിലും ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കില്‍ അത് അധികാരപ്പെട്ടവരുടെ തെറ്റുകള്‍ ചോദ്യം ചെയ്യുന്നവരെയാകും. ആ രീതിയില്‍ പല അച്ചന്മാരെയും ബുദ്ധിമുട്ടുക്കുന്നുമുണ്ട്. പക്ഷേ, എല്ലാവരുടെ കാര്യത്തിലും ഈ വ്രതങ്ങള്‍ ബാധകമാക്കാറുണ്ടോ? തെറ്റിക്കുന്നവരെ ചോദ്യം ചെയ്യാറുണ്ടോ? അതെന്തുകൊണ്ട് ഉണ്ടാകുന്നില്ല എന്നതായിരുന്നു സിന്ധു ജോയിയെ പോലുള്ളവര്‍ ഇപ്പോള്‍ ഉന്നയിക്കേണ്ടിയിരുന്ന ചോദ്യം.