UPDATES

ട്രെന്‍ഡിങ്ങ്

“മെത്രാന്മാരും മഠത്തിലെ മദറുമാരും കൊടിയ ദാരിദ്ര്യത്തിലാണോ കഴിയുന്നതെന്നു കൂടി നോക്കിയിട്ടു വേണം എന്നെ വിചാരണ ചെയ്യാന്‍ വരാന്‍”-സിസ്റ്റര്‍ ലൂസി കളപ്പുര

തന്നെ പുറത്താക്കുമെന്ന ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍(എഫ്‌സിസി) അധികൃതരുടെ ഭീഷണിയെ തള്ളിക്കളയുകയാണെന്നു സിസ്റ്റര്‍ ലൂസി കളപ്പുര

തന്നെ പുറത്താക്കുമെന്ന ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍(എഫ്‌സിസി) അധികൃതരുടെ ഭീഷണിയെ തള്ളിക്കളയുകയാണെന്നു സിസ്റ്റര്‍ ലൂസി കളപ്പുര. സഭ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നു കാണിച്ച് എഫ്‌സിസി അധികൃതര്‍ മൂന്നാമതും മുന്നറിയിപ്പ് കത്ത് നല്‍കിയതിനു പിന്നാലെയാണ് സി. ലൂസി തന്റെ നിലപാട് ആവര്‍ത്തിച്ചത്. മഠത്തില്‍ നിന്നു പോകാന്‍ താന്‍ തയ്യാറല്ലെന്നും ആര്‍ക്കും തന്നെ പുറത്താക്കാന്‍ കഴിയില്ലെന്നും സി. ലൂസി അഴിമുഖത്തോട് പറഞ്ഞു.

ജനുവരിയിലും ഫെബ്രുവരിയിലും ഓരോ മുന്നറിയിപ്പ് കത്തുകള്‍ അയച്ചതിനു പിന്നാലെ കഴിഞ്ഞ ദിവസം എഫ്‌സിസി സുപ്പീരിയര്‍ ജനറല്‍ ആന്‍ ജോസഫും ജനറല്‍ കൗണ്‍സില്‍ സി. ഫില്‍ബിയും ചേര്‍ന്ന് ഒപ്പിട്ട ദീര്‍ഘമായ മൂന്നാമത്തെ കത്തും സി. ലൂസിക്ക് അയച്ചിരിക്കുന്നത്. സി. ലൂസിയുടെ തെറ്റുകള്‍ വിശദീകരിച്ചുകൊണ്ട് എഴുതിയിരിക്കിക്കുന്ന കത്തില്‍ പറയുന്നത്, സ്വയം പുറത്തുപോകാന്‍ തയ്യാറാകണമെന്നും അല്ലെങ്കില്‍ പുറത്താക്കുമെന്നുമാണ്. അതിനുള്ള അവകാശം കോണ്‍ഗ്രിഗേഷന്‍ ചട്ടങ്ങളും കാനോന്‍ നിയമങ്ങളും അനുസരിച്ച് തങ്ങള്‍ക്ക് ഉണ്ടെന്നാണ് സുപ്പീരിയര്‍ ജനറലും ജനറല്‍ കൗണ്‍സില്‍ സെക്രട്ടറിയും പറയുന്നത്. ഇത്തരത്തില്‍ പുറത്താക്കുകയാണെങ്കില്‍ യാതൊരു ആനുകൂല്യങ്ങള്‍ക്കും സി. ലൂസിക്ക് അവകാശമുണ്ടായിരിക്കില്ലെന്നും ചൂണ്ടിക്കാണിക്കുന്നു.

കാനോന്‍ നിയമപ്രകാരം കന്യാസ്ത്രീ പാലിക്കേണ്ട ചട്ടങ്ങള്‍ പാലിച്ചില്ലെന്നാണ് പുറത്താക്കാന്‍ കാരണമായി മൂന്നാമത്തെ കത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. പുറത്ത് പോവുന്നില്ലെങ്കില്‍ അതിനുള്ള കാരണം കാണിക്കണമെന്നും നോട്ടീസ് പറയുന്നു. സിനഡിന്റെ തീരുമാനത്തിന് വിരുദ്ധമായി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തെന്നും സന്യാസിനികള്‍ ആചരിക്കേണ്ട ദാരിദ്ര്യ വ്രതം ഉള്‍പ്പെടെ ലംഘിച്ചെന്നും പുതിയ നോട്ടീസില്‍ കുറ്റാരോപണങ്ങളുണ്ട്. കാര്‍ വാങ്ങിയതും ശമ്പളം മഠത്തിന് നല്‍കിയില്ലെന്നതുള്‍പ്പെടെയാണ് ഇതിന് തെളിവായി നോട്ടീസ് ചൂണ്ടിക്കാട്ടുന്നത്.

നേരത്തെ നല്‍കിയിരുന്ന രണ്ട് നോട്ടീസുകള്‍ക്ക് സിസ്റ്റര്‍ ലൂസി കളപ്പുര മറുപടി നല്‍കിയിരുന്നു. കന്യാസ്ത്രീ സമരങ്ങളില്‍ പങ്കെടുത്തതുള്‍പ്പെടെ ഉള്ളതായിരുന്നു മുന്‍ നോട്ടീസുകളിലെ ആരോപണങ്ങള്‍ എന്നിരിക്കെ ഇത്തവണ അക്കാര്യം പരാമര്‍ശിക്കുന്നില്ല. അതേസമയം സി. ലൂസിക്കു വേണ്ടി സഭ ചെയ്ത കാര്യങ്ങള്‍ കണക്കുകള്‍ സഹിതം പറയുന്നുമുണ്ട്. സിസ്റ്ററെ പുറത്താക്കനുള്ള സഭ/കാനോന്‍ ച്ട്ടങ്ങളും വിശദീകരിക്കുന്നു.

എന്നാല്‍ ഇതെല്ലാം തള്ളിക്കളഞ്ഞാണ് സി. ലൂസി അഴിമുഖത്തോട് സംസാരിച്ചത്. എന്തുവന്നാലും നേരിടാന്‍ താന്‍ തയ്യാറാണെന്നും ആത്മവിശ്വാസത്തോടെ അവര്‍ പറയുന്നു.

വ്രതവാഗ്ദാനത്തില്‍ നിന്നും (ദാരിദ്ര്യം, അനുസരണം, ബ്രഹ്മചര്യം എന്നിങ്ങനെ കന്യാസ്ത്രീകള്‍ അനുഷ്ഠിക്കേണ്ട മൂന്നു വ്രതങ്ങളുണ്ട്) മോചനം നല്‍കാമെന്നാണ് അവര്‍ എന്നോട് പറയുന്നത്. അതായത് ഞാന്‍ സ്വയം ഒഴിഞ്ഞു പോയ്‌ക്കോളണമെന്ന്. അതിനു തയ്യാറല്ലെങ്കില്‍ ആണ് പുറത്താക്കുന്നത്. രണ്ട് മുന്നറിയിപ്പ് കത്തുകള്‍ എനിക്ക് മുമ്പേ നല്‍കിയിട്ടുണ്ടെന്നതിനാല്‍ സഭയുടെ നിയമപ്രകാരം എന്നെ പുറത്താക്കാന്‍ അവര്‍ക്ക് അവകാശമുണ്ടെന്നാണ് പറയുന്നത്. അങ്ങനെ പുറത്താക്കുകയാണെങ്കില്‍ യാതൊരു ആനുകൂല്യത്തിനും എനിക്ക് അവകാശമില്ലെന്നും പറയുന്നു. എന്നെ പുറത്താക്കാന്‍ കഴിയും എന്നു കാണിക്കാന്‍ എഫ്‌സിസി ചട്ടങ്ങളും കാനോന്‍ നിയമങ്ങളും നമ്പരുകള്‍ സഹിതം ആ കത്തില്‍ എഴുതിയിട്ടുണ്ട്. ഇതൊക്കെ കണ്ടാല്‍ ഞാന്‍ പേടിച്ചു പോകുമെന്നു കരുതിയോ? സിസ്റ്റര്‍ ലൂസി ചോദിക്കുന്നു.

ഞാന്‍ ഒരിടത്തേക്കും പോകുന്നില്ല, അവര്‍ക്ക് എന്നെ ഇവിടെ നിന്നും പറഞ്ഞു വിടാനും കഴിയില്ല. പറഞ്ഞു വിടുമെന്നാണെങ്കില്‍, അതെങ്ങനെയാണ് നടപ്പാക്കാന്‍ പോകുന്നതെന്ന് നോക്കാം; സി. ലൂസി തുടരുന്നു. എന്നെ പുറത്താക്കുകയാണെങ്കില്‍ ഇത്രയും കാലം ഞാന്‍ ജോലി ചെയ്തതിന്റെ ശമ്പളം പലിശ സഹിതം തിരിച്ചു തരണം. മഠത്തിനു പുറത്തായാലും എനിക്ക് ജീവിക്കണ്ടേ? എനിക്ക് വേണ്ടി സഭ ചെലവാക്കിയതിന്റെയൊക്കെ കണക്ക് അവര്‍ പറയുന്നുണ്ട്. ആ ചെലവാക്കിയ തുക എത്രയാണെന്നു പറഞ്ഞാല്‍ അത് പിടിച്ചിട്ട് ബാക്കി തുക എനിക്ക് തരണം. ഒരു കന്യാസ്ത്രീ കണക്ക് പറയുന്നോ എന്നു കരുതരുത്. എന്നോട് അവര്‍ കാണിച്ചത് നോക്കൂക. എന്നോടവര്‍ ഓരോന്നിനും കണക്കു പറഞ്ഞിരിക്കുകയല്ലേ? ഭക്ഷണം തന്നതിനു വരെ കണക്ക്! ആദ്യ കാലത്ത് മാസം 500 രൂപയാണ് ചെലവിനായി തന്നിരുന്നത്.ഇപ്പോഴത് 2500 രൂപ ആക്കിയിട്ടുണ്ട്. ഈ 2,500 രൂപ കൊണ്ട് വേണം എല്ലാം നിവര്‍ത്തിക്കാന്‍. ഞാനൊരു ജോലിക്കാരിയാണെന്നു കൂടിയോര്‍ക്കണം. ജോലി ചെയ്തി കിട്ടുന്ന ശമ്പളം മുഴുവന്‍ അവര്‍ക്കായിരുന്നു കൊടപക്കേണ്ടത്. എനിക്ക് എന്റെതായ ചില കാര്യങ്ങള്‍ നടത്താന്‍ പണം വേണമെന്ന ഘട്ടത്തിലാണ് സ്‌കൂളില്‍ നിന്നുള്ള ശമ്പളം സ്വയം എടുക്കാന്‍ തുടങ്ങിയത്. അതിപ്പോള്‍ എനിക്കെതിരേയുള്ള കുറ്റങ്ങളില്‍ ഒന്നാണ്.

എനിക്ക് സൗജന്യഭക്ഷണവും താമസവും നല്‍കിയെന്ന്. അതിനുവരെ കണക്ക് എഴുതിയവരുടെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് ആലോചിച്ചൂ നോക്കൂ. സ്‌കൂളില്‍ ഭക്ഷണം തുടങ്ങിയതില്‍ പിന്നെ ഞായറാഴ്ച്ച ദിവസം ഒഴിച്ച്, ഉച്ചയ്ക്ക് ഞാന്‍ മഠത്തില്‍ നിന്നും കഴിച്ചിട്ടില്ല. പിന്നെ ഈ ക്ലാര മഠത്തിലെ ഒരാഴ്ച്ചത്തെ ഭക്ഷണത്തിന്റെ ലിസ്റ്റ് നോക്കിയാല്‍ ഞെട്ടും. വലിയ കണക്കു പറഞ്ഞവര്‍ എന്താണ് കന്യാസ്ത്രീകള്‍ക്ക് കഴിക്കാന്‍ കൊടുത്തിരുന്നതെന്നു കൂടി പറയണം. ഞാനിതൊക്കെ പറയുമ്പോള്‍ ദാരിദ്ര്യവ്രതത്തിന്റെ ലംഘനമായി പലരും വ്യാഖ്യാനിക്കാം. ഇവിടുത്തെ മെത്രാന്മാരും പുരോഹിതരും മഠത്തിലെ മദറുമാരൊക്കെ കൊടിയ ദാരിദ്ര്യത്തിലാണോ കഴിയുന്നതെന്നു കൂടി നോക്കിയിട്ടു വേണം എന്നെ വിചാരണ ചെയ്യാന്‍ വരാന്‍.

എങ്ങനെയെങ്കിലും മാനസികമായി തകര്‍ത്ത് എന്നെ പുറത്താക്കണം എന്നതാണ് അവരുടെ ലക്ഷ്യം. അതിനാണ് എന്റെ മേല്‍ തെറ്റുകളുടെ മല മറിച്ചിടുന്നത്. ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. തെറ്റ് ചെയ്തിട്ടുണ്ടെന്ന് അവര്‍ പറഞ്ഞാല്‍ അത് അംഗീകരിക്കുകയുമില്ല.എന്റെ സാന്നിധ്യം അവര്‍ ഭയക്കുന്നുണ്ട്. ഞാന്‍ ഇവിടെ നിന്നാല്‍ അവരുടെ പല കള്ളത്തരങ്ങളും പുറത്തു വരും. അവരുടെ അനീതികള്‍ ചോദ്യം ചെയ്യപ്പെടും. അതുകൊണ്ടാണവര്‍ എന്നെ പറഞ്ഞു വിടാന്‍ നോക്കുന്നത്.

അവര്‍ എനിക്ക് മുന്നില്‍ ഒരു സൗജന്യം വച്ചിട്ടുണ്ട്. ഞാന്‍ ഇതുവരെ ചെയ്തതെല്ലാം സന്യാസത്തിനു വിരുദ്ധമായിരുന്നു. പൂര്‍ണമായിട്ടും ഞാന്‍ നിങ്ങളോട് മാപ്പ് ചോദിക്കുന്നു. ഇനി മേലില്‍ ഇത്തരത്തിലുള്ള ഒരു പ്രവര്‍ത്തികളിലും ഏര്‍പ്പെടില്ല. എന്നൊക്കെ എഴുതി കൊടുത്താല്‍ അവര്‍ കൂടെ നിര്‍ത്തും. അങ്ങനെയൊന്നു ഞാന്‍ എഴുതി കൊടുക്കാന്‍ വേണ്ടിയാണ് അവര്‍ കാത്തിരിക്കുന്നതും ഇത്രയും ലെറ്ററുകള്‍ തരുന്നതും. പക്ഷേ, ഞാന്‍ കീഴടങ്ങി ജീവിക്കുമെന്ന് ആരും കരുതേണ്ട.

അങ്ങനെ കീഴടങ്ങിയിരുന്നെങ്കില്‍ കര്‍ത്താവിന് കുരിശു മരണം കിട്ടില്ലായിരുന്നു. യഹൂദ നിയമങ്ങള്‍ മുഴുവന്‍ എടുത്തു കൊണ്ടുവന്നാണ് യേശുവിനെ വിചാരണ ചെയ്തത്. ദൈവദൂഷണം പറയുന്നു. ഞാന്‍ ദൈവമാണെന്നു പറയുന്നു. എന്നൊക്കെ കുറ്റങ്ങള്‍ ചുമത്തിയല്ലേ അവര്‍ ശേയുവിനെ വധിക്കുന്നത്. ഇത് തന്നെയാണ് എന്റെ കാര്യത്തിലും നടക്കുന്നത്. കുറെ തെറ്റായ നിയമങ്ങള്‍ കൊണ്ടുവന്നു വിധിക്കുകയാണ്. കര്‍ത്താവിനെ യഥാര്‍ത്ഥത്തില്‍ പിന്തുടരുന്നവര്‍ക്കൊക്കെ അദ്ദേഹത്തിന്റെ ഗതിയാണ്. കള്ളത്തരത്തില്‍ പിന്തുടരുകയാണെങ്കില്‍ സുഖമായിട്ട് ജീവിക്കാം. വിധേയപ്പെട്ടാല്‍ എനിക്കും സുഖമായിട്ട് ജീവിക്കാം. പക്ഷേ, ഒന്നും മിണ്ടാതെ, കേള്‍ക്കാതെ പറയാതെ ജീവിച്ചോളണം. കാലു തിരുമ്മാന്‍ പറഞ്ഞാല്‍ കാലു തിരുമ്മണം, കൈതിരുമ്മാന്‍ പറഞ്ഞാല്‍ അത് ചെയ്യണം. തുണിയലക്കി കൊടുക്കണം, തുന്നി കൊടുക്കണം. ഇപ്പോഴുള്ള കന്യാസ്ത്രീകളെല്ലാം ഇത്തരം അടിമ പണികളല്ലേ ചെയ്യുന്നത്. ഒരു നിലപാടും ഇല്ലാതെ ജീവിക്കുന്ന കുറെയധികം കന്യാസ്ത്രീകളുണ്ട്. പല സാഹചര്യത്തില്‍ നിന്നും വരുന്നവരാണവരൊക്കെ. കുടുംബത്തിലെ ദാരിദ്ര്യം കൊണ്ടു വരുന്നവരുണ്ട്, സ്വന്തമായ തീരുമാനത്തിന്റെ പുറത്തല്ലാതെ വരുന്നവര്‍ കാണും. നിവൃത്തിയില്ലാതെ അവര്‍ക്ക് പലതും സഹിക്കേണ്ടി വരും. സാഹചര്യം മുതലെടുക്കപ്പെടുകയും ചെയ്യുന്നു. എന്റെ സ്‌കൂളിലെ ഒരു കന്യാസ്ത്രീ ഞാന്‍ അവര്‍ക്ക് വിധേയപ്പെട്ടു നില്‍ക്കാന്‍ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്. എനിക്കെതിരേ കിട്ടുന്ന അവസരങ്ങള്‍ എല്ലാം അവര്‍ മുതലാക്കുന്നുമുണ്ട്. പക്ഷേ, അവരെന്താണോ ആഗ്രഹിക്കുന്നത് അതൊരിക്കലും നടക്കാന്‍ പോകുന്നില്ലെന്നു മാത്രം.

എന്നെ പഠിപ്പിച്ചതിന്റെ കണക്കും പറയുന്നുണ്ട്. പത്താം ക്ലാസില്‍ മാര്‍ക്ക് കുറവായിരുന്ന എന്നെ പഠിപ്പിച്ച് ടീച്ചര്‍ ആക്കിയത് അവരാണെന്നാണ് അവകാശവാദം. പത്താം ക്ലാസ് വരെ എന്റെ വീട്ടില്‍ നിന്നാണ് പഠിച്ചത്. പ്രീ ഡിഗ്രിക്ക് എഫ്‌സിസി സിറ്റേഴ്‌സിന്റെ തന്നെ ഹോസ്റ്റലില്‍ നിന്നാണ് പഠിച്ചത്. ദൈവവിളി നഷ്ടപ്പെടുത്തേണ്ടെന്ന കരുതി. പക്ഷേ, പീഡ്രിക്ക് നിര്‍മല ഗിരി കോളേജില്‍ എന്നെ ചേര്‍ക്കുന്നത് എന്റെ ചാച്ചനായിരുന്നു. ചേര്‍ക്കാന്‍ വന്ന ദിവസം തന്നെ മുഴുവന്‍ ഫീസും ചാച്ചന്‍ അടച്ചിരുന്നു. കാരണം, അന്നത്തെ എഫ്‌സിസി കോണ്‍ഗ്രിഗേഷന്റെ അവസ്ഥ മോശമായിരുന്നു. ദാരിദ്ര്യത്തിലായിരുന്നു സിസ്റ്റര്‍മാര്‍. നിര്‍മലഗിരിയില്‍ തന്നെയാണ് ബിഎസ്‌സിക്കു ചേര്‍ന്നതും. അത് ഞാന്‍ സിസ്റ്റര്‍ ആയി കഴിഞ്ഞാണ്. അന്ന് എഫ്‌സിസിയിലെ സിസ്റ്റര്‍മാരാണ് എന്നെ ചേര്‍ക്കാന്‍ കൊണ്ടു വരുന്നത്. ഇതേ ദിവസം തന്നെയാണ് എന്റെ സഹോദരനെ ചേര്‍ക്കാന്‍ ചാച്ചനും വരുന്നത്. എന്നെ കണ്ടപാടെ ഞാന്‍ ചേര്‍ത്തോളം അവളെ എന്നു പറഞ്ഞ്, ചാച്ചന്‍ സിസ്റ്ററുടെ അടുത്ത് നിന്നും എന്നെ കൂട്ടിക്കൊണ്ടു പോയി. അപ്പോഴും എന്റെ ഫീസ് മുഴുവനും ചാച്ചനാണ് കൊടുത്തത്. ഡഗ്രിക്ക് എന്റെ പഠനത്തിനായി സിസ്റ്റര്‍മാര്‍ ഒരു പൈസയും കളഞ്ഞിട്ടില്ല. ബിഎഡ് ആണ് അവരെന്നെ പഠിപ്പിച്ചതെന്നു പറയുന്നത്. മൈസൂര്‍ യൂണിവേഴ്‌സിറ്റിക്കു കീഴിലുള്ള കര്‍ണാടകയിലെ ഒരു ബിഎഡ് സെന്ററിലാണ് ചേര്‍ക്കുന്നത്. ആ ബാച്ചില്‍ അഡ്മിഷന്‍ കിട്ടി വന്നവരില്‍ ടോപ്പ് മാര്‍ക്ക് എനിക്കായിരുന്നു. പക്ഷേ, എന്നെ ഏറ്റവും അവസാനം ചേര്‍ത്തതുകൊണ്ട് 10,000 രൂപ അടയ്‌ക്കേണ്ടി വന്നു. 1992 ല്‍ ആ പതിനായിരം രൂപ കൊടുത്തതാണ് എന്റെ പഠനത്തിനായി സഭ മുടക്കിയിട്ടുള്ള ആകെ തുക. പിന്നെങ്ങനെയാണ് അവരാണ് എന്നെ പഠിപ്പിച്ചതെന്നു കണക്കു പറയുന്നത്?

എനിക്ക് ജോലി കിട്ടിയത് ഒരു അച്ചന്‍ ആരംഭിച്ച സ്‌കൂളിലാണ്. ഡൊണേഷനൊന്നും വാങ്ങി നിയമനം നടത്തേണ്ടെന്ന നിലപാടുള്ള ഒരച്ചനായിരുന്നു അത്. അതുകൊണ്ട് എനിക്ക് ജോലി കിട്ടാനും ഒരു പൈസപോലും ആര്‍ക്കും കൊടുക്കേണ്ടി വന്നില്ല. അതായത്, എനിക്ക് ജോലി വാങ്ങി തരാനും സഭയ്ക്ക് നയാപൈസ ചെലവായിട്ടില്ലെന്ന്. എന്നിട്ടും പറയുന്നത് ഞങ്ങള്‍ പഠിപ്പിച്ചിട്ടാണ് ഇവിടെ വരെ എത്തിയതെന്ന്. എന്തിനാണ് ഇങ്ങനെ അല്‍പ്പത്തരം പറയുന്നത്?

എനിക്ക് ദൈവം ചില കഴിവുകള്‍ തന്നിട്ടുണ്ടെന്നു വിശ്വസിക്കുന്നൊരാളാണ് ഞാന്‍. പക്ഷേ ആ കഴിവുകള്‍ പുറത്തെടിക്കാന്‍ സാധിച്ചിട്ടില്ല. നിയമം പറഞ്ഞ് അവര്‍ ഒന്നിനും സമ്മതിക്കാതെ ഒതുക്കിയിടുകയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ചെയ്യണമെന്നാഗ്രഹിച്ചിരുന്ന ചില കാര്യങ്ങള്‍ ഞാന്‍ ചെയ്തത്. എന്റെ കവിതകള്‍ ഒരു ആല്‍ബം ആയി പുറത്തിറക്കിയതൊക്കെ അതിന്റൈ ഭാഗമാണ്. ശരിക്കും വെല്ലുവിളി നടത്തിയിട്ടാണ് ഇതൊക്കെ ചെയ്തത്. അവര്‍ അതൊക്കെ തെറ്റായി പറയുന്നു. ആ തെറ്റില്‍ ഞാന്‍ അഭിമാനിക്കുന്നു. നിയമങ്ങള്‍ മാറ്റണം. 1858 ല്‍ ഉണ്ടാക്കിയ നിയമമാണ് ഇപ്പോഴും. 1973 ല്‍ അത് മറ്റിയെഴുതിയിട്ടുണ്ട്. മാറ്റിയെഴുതിയെന്നാല്‍ കൂടുതല്‍ കര്‍ശനമാക്കി എന്നുമാത്രം. മനുഷ്യര്‍ക്കാണ് പ്രധാന്യം. നിയമത്തിനല്ല. അതുകൊണ്ട് അവര്‍ ഇപ്പോള്‍ പറയുന്ന നിയമങ്ങളെ ഞാന്‍ ഗൗനിക്കുന്നില്ല. ദൈവത്തിന്റെ നിയമങ്ങള്‍ക്ക് അനുസരിച്ചാണ് ഞാന്‍ ജീവിക്കുന്നത്. അതുകൊണ്ട് തന്നെ ദൈവം എന്നെ വിചാരണ ചെയ്യില്ല. കുറെ അധികാരികള്‍ അതിനു ശ്രമിച്ചാല്‍, ഞാനതിന് തലകുനിച്ച് നില്‍ക്കുകയുമില്ല; സിസ്റ്റര്‍ ലൂസി പറഞ്ഞു.

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍