UPDATES

“ഒരു സ്ത്രീയോട് ഇത്തരത്തില്‍ പെരുമാറാന്‍ ലജ്ജയില്ലേ? ഈ വൈദികന്‍ വ്യാജ പ്രൊഫൈലിലൂടെയും എന്നെ ആക്രമിച്ചു”; സോഷ്യല്‍ മീഡിയയിലൂടെ ‘അനാശാസ്യ’ പ്രചാരണം നടത്തിയ ഫാ. നോബിളിനെതിരെ സി. ലൂസി കളപ്പുരയ്ക്കല്‍

ഇത്തരം അപവാദങ്ങള്‍ ഒരു വര്‍ഷത്തോളമായി തനിക്കെതിരേ നടന്നു വരുന്നതാണെന്നും അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരില്‍ പ്രധാനിയാണ് ഫാ. നോബിള്‍ എന്നും സി. ലൂസി

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ വീഡിയോ പ്രചരിപ്പിച്ചതിനെതിരേ മാനന്തവാടി ബിഷപ്പ് ഹൗസിലെ വൈദികന്‍ ഫാ. നോബിളിനെതിരേ സി. ലൂസി കളപ്പുര പൊലീസില്‍ പരാതി നല്‍കി. ജില്ല പൊലീസ് സൂപ്രണ്ടിന് നേരിട്ട് എത്തിയാണ് സി. ലൂസി പരാതി നല്‍കിയത്. അപവാദപ്രചാരണങ്ങള്‍ നടത്തി സമൂഹത്തിനു മുന്നില്‍ ഒരു സ്ത്രീയെന്ന നിലയില്‍ അപമാനിക്കുകയാണ് ഫാ. നോബിള്‍ ചെയ്തതെന്നാണ് സി.ലൂസി പരാതിയില്‍ ആരോപിക്കുന്നത്.

മദര്‍ സുപ്പീരിയറിന്റെ അനുമതിയില്ലാതെ സ്ത്രീ സന്ദര്‍ശകര്‍ക്ക് പോലും പ്രവേശനം ഇല്ലാത്ത സ്ത്രീ സന്ന്യസ്ത സമൂഹത്തിന്റെ ആശ്രമത്തിലേക്ക് അടുക്കള വാതില്‍ വഴി രണ്ടു പുരുഷന്മാരെ പ്രവേശിപ്പിച്ചെന്ന വ്യാഖ്യാനത്തോടെ അശ്ലീലധ്വനിയോടെയുള്ള ആരോപണങ്ങളായിരുന്നു ഫാ. നോബിള്‍ പാറക്കല്‍ വീഡിയോയില്‍ ഉയര്‍ത്തിയത്. ഇത്തരം അപവാദങ്ങള്‍ ഒരു വര്‍ഷത്തോളമായി തനിക്കെതിരേ നടന്നു വരുന്നതാണെന്നും അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരില്‍ പ്രധാനിയാണ് ഫാ. നോബിള്‍ എന്നുമാണ് സി. ലൂസി അഴിമുഖത്തോട് പറയുന്നത്.

മഠത്തിലെ സിസിടിവി ദൃശ്യങ്ങള്‍ വൈദികന്റെ കൈയില്‍ എത്തിയതും ഗൂഢാലോചനയുടെ ഭാഗം തന്നെയാണെന്നും സി. ലൂസി പറയുന്നു. ആ ദൃശ്യങ്ങള്‍ എങ്ങനെ വൈദികന് കിട്ടിയെന്നു ചോദിച്ചാല്‍ ഉത്തരമില്ല. അദ്ദേഹത്തിന് എഫ്‌സിസിയുടെ എന്തെങ്കിലും ഉത്തരവാദിത്വമില്ല. സഭയിലെ അധികാരപ്പെട്ടവനുമല്ല. അങ്ങനെയൊരാള്‍ക്ക് ഒരു കന്യാസ്ത്രീ മഠത്തിലെ സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയിട്ടുണ്ടെങ്കില്‍, അതാ മഠത്തില്‍ ഉള്ളവര്‍ തന്നെ കൊടുത്തത്തതാകാനേ താരമുള്ളൂ. എനിക്കെതിരേ നടക്കുന്ന ഗൂഢാലോചനയില്‍ എന്റെ മഠത്തില്‍, എനിക്കൊപ്പം താമസിക്കുന്ന കന്യാസ്ത്രീകളും കൂട്ടുനിന്നുണ്ടാകണം.

ഇതിപ്പോള്‍ ആദ്യത്തെ സംഭവമല്ല. കൃത്യമായി പറഞ്ഞാല്‍ 2018 സ്‌പെ്തംബര്‍ 23 ന് ശേഷമാണ് എന്നെയവര്‍ പലതരത്തില്‍ ആക്രമിക്കാന്‍ തുടങ്ങിയത്. 2018 സെപ്തംബര്‍ 23 ന് ആയിരുന്നു ഞാന്‍ എറണാകുളം വഞ്ചി സ്‌ക്വയറില്‍ പോയത്. ബലാത്സംഗ കേസ് പ്രതി ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തി വന്ന സമരത്തില്‍ പങ്കു ചേര്‍ന്ന് എന്റെ പിന്തുണ അറിയിക്കാന്‍. അവിടെ നിന്നും വന്നതിനു പിന്നാലെയാണ് ഞാന്‍ പലരുടെയും ശത്രുവായത്. പലതരത്തിലാണവര്‍ എന്നെ കുറ്റവാളിയും അച്ചടക്കമില്ലാത്തവളും വഴിവിട്ട് ജീവിക്കുന്നവളുമാക്കാന്‍ നോക്കിയത്. അന്നു തൊട്ട് ഫാ. നോബിള്‍ ആ ശത്രുപക്ഷത്തു നിന്നും എന്നെ ആക്രമിക്കുന്നുണ്ട്. ആ വൈദികന്റെ പല സോഷ്യല്‍ മീഡിയ പോസ്റ്റുകളും കണ്ടപ്പോഴാണ്, അങ്ങനെയൊരാളെ കുറിച്ച് ഞാന്‍ കേള്‍ക്കുന്നത് തന്നെ. എന്നെ വൈദികനും അതിനു മുമ്പ് അറിയാന്‍ വഴിയില്ല. ഒരുപക്ഷേ, ഞാന്‍ ആര്‍ക്കെതിരിയാണോ സംസാരിച്ചത്, അയാളെ സംരക്ഷിക്കാന്‍ നില്‍ക്കുന്നവര്‍ക്ക് സ്വഭാവികമായി തോന്നിയ പ്രതികാരമായിരിക്കാം കാണിച്ചത്. ഫാ. നോബിള്‍ ആദ്യ കാലങ്ങളില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി വരെ എനിക്കെതിരേ അപവാദങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. മഠത്തില്‍ നിന്നും എന്നെക്കുറിച്ച് ഓരോരോ വിവരങ്ങള്‍ ആ വൈദികനെ അറിയിച്ചുകൊണ്ടേയിരുന്നു. എന്താണോ ആ വൈദികന്‍ ഇത്രനാളും എനിക്കെതിരേ ചെയ്തു കൊണ്ടിരുന്നത് അതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ ഇറക്കിയിരിക്കുന്ന വീഡിയോയും.

യഥാര്‍ത്ഥത്തില്‍ എന്താണ് ആ മഠത്തില്‍ സംഭവിച്ചത്, അയാള്‍ എന്താണ് പറഞ്ഞു പരത്തുന്നത്. ഒരു പുരോഹിതന്‍ കാണിക്കേണ്ട മാന്യത മറന്നുകൊണ്ടുള്ള പ്രവര്‍ത്തിയല്ലേ ചെയ്തിരിക്കുന്നത്. ഒരു സ്ത്രീയോട് ഇത്തരത്തില്‍ പെരുമാറാന്‍ ലജ്ജയില്ലേ? ജൂണ്‍ ഒന്നിന് നടന്നൊരു കാര്യത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. മഠത്തില്‍ എന്നെ പൂട്ടിയിട്ടസംഭവത്തില്‍ പരാതി നല്‍കിയപ്പോള്‍, അതിനെതിരേ ഉപയോഗിക്കാന്‍ ആയിരിക്കണം ഇത്തരമൊരു വീഡിയോ ഇറക്കിയത്. ഞാനൊരു മോശക്കാരിയാണെന്നും പറയുന്നതെല്ലാം കള്ളങ്ങളാണെന്നും സ്ഥാപിക്കാന്‍ വേണ്ടി. വഴിവിട്ട ജീവതമായിരുന്നു ആഗ്രഹിച്ചതെങ്കില്‍, എനിക്ക് സഭ വിട്ട് പോരേണ്ടി വരില്ലായിരുന്നു. അവിടെയുള്ളവരുടെ നീതികേടിന് കൂട്ടു നിന്നിരുന്നെങ്കില്‍ സുഖിച്ച് ജീവിക്കായിരുന്നു. ഞാന്‍ പിന്തുടരുന്നത് കര്‍ത്താവിന്റെ വഴിയാണ്. കര്‍ത്താവ് സഹിച്ചതെന്തോ, അതൊക്കെ സഹിക്കാന്‍ സന്തോഷമേയുള്ളൂ. കൊല്ലുമെങ്കില്‍ കൊല്ലട്ടെ എന്ന നിലപാടില്‍ തന്നെയാണ് മുന്നോട്ടു പോകുന്നത്.

ജൂണ്‍ ഒന്നാം തീയതി ശനിയാഴ്ച്ചയായിരുന്നതുകൊണ്ട് സ്‌കൂള്‍ അവധിയായിരുന്നു. അതുകൊണ്ടാണ് എന്നെക്കാണാനായി അതിഥികള്‍ ആ ദിവസം വന്നതും. അന്നേ ദിവസം തന്നെയായിരുന്നു അഞ്ചാം മൈലിലെ അഞ്ചുകുന്നിലുള്ള പള്ളി പുനരുദ്ധാരണം കഴിഞ്ഞ് വെഞ്ചരിക്കുന്ന ചടങ്ങും. ആ ചടങ്ങില്‍ പങ്കെടുക്കാന്‍ മഠത്തില്‍ പുതിയതായി വന്ന നാല് കന്യാസ്ത്രികളും പോയി. സാധാരണ മഠം പൂട്ടി പോകുമ്പോള്‍ താക്കോല്‍ സ്ഥിരമായി വയ്ക്കുന്നൊരിടമുണ്ട്. അന്നവര്‍ മഠത്തിന്റെ മൂന്‍ വാതില്‍ പൂട്ടിയശേഷം താക്കോല്‍ കൊണ്ടുപോയി സുപ്പീരയര്‍ സി. ലിജി മരിയയുടെ മുറിയില്‍ കൊണ്ടുപോയി വച്ചു. ഞാനിതൊന്നും അറിയുന്നേയില്ല. അതിഥികള്‍ വന്ന വിവരം അറിഞ്ഞപ്പോള്‍, പതിവു പോലെ മുന്‍ വാതില്‍ തുറക്കാന്‍ ചെന്നപ്പോഴാണ് അത് പൂട്ടിയിരിക്കുകയാണെന്നു മനസിലായത്. താക്കോല്‍ നോക്കിയപ്പോള്‍ പതിവായി വയ്ക്കുന്നിടത്ത് കാണുന്നുമില്ല. കണാന്‍ വന്നവരാണെങ്കില്‍ പുറത്തു നില്‍ക്കുകയുമാണ്. എന്റെ അതിഥികളാണ്, വാതില്‍ തുറക്കാന്‍ കഴിയില്ല നിങ്ങള്‍ തിരിച്ചു പോയ്‌ക്കോ എന്നു പറയാന്‍ കഴിയില്ല. അവരെ അപമാനിക്കാന്‍ പാടില്ല. എവിടെയെങ്കിലും വാതില്‍ പൂട്ടാതെയുണ്ടോയെന്ന് അന്വേഷിച്ചപ്പോല്‍ അടുക്കള ഭാഗത്തെ വാതില്‍ തുറന്നിട്ടുണ്ടെന്ന് മനസിലായി. സാധാരണ ഞങ്ങള്‍ മഠത്തില്‍ ഉള്ളവര്‍ പുറത്തേക്ക് ഇറങ്ങാനും കയറാനും ഉപയോഗിക്കുന്ന വാതിലാണ്. അതുവഴി ഞാന്‍ പുറത്തിറങ്ങി എന്നെ കാണാന്‍ വന്നവരെ ഉള്ളിലേക്ക് ക്ഷണിച്ചു കൊണ്ടു വരികയായിരുന്നു. ഉള്ളില്‍ ഭക്ഷണ മുറിയില്‍ ഇരുന്ന് ഞങ്ങള്‍ സംസാരിക്കുകയും അതിനുശേഷം അവര്‍ യാത്ര പറഞ്ഞ് പോവുകയുമാണ് ചെയ്തത്. ഇതാണ് എഡിറ്റ് ചെയ്ത്, അവര്‍ക്കാവശ്യമുള്ള ഭാഗങ്ങള്‍ മാത്രം എടുത്ത് പ്രചരിപ്പിച്ചത്. ഞാനവിടെ പലരേയും കൊണ്ടുവന്നു കയറ്റുന്നുവെന്നാണല്ലോ ആരോപണം. പൊലീസ് വന്ന് എല്ലാ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കട്ടെ, അപ്പോള്‍ മനസിലാകുമല്ലോ ഞാനെത്രപേരെ അവിടെ കയറ്റി പാര്‍പ്പിച്ചിട്ടുണ്ടെന്ന്.

എന്നെ സഭയില്‍ നിന്നും പുറത്താക്കുകയാണെന്ന് അറിയിക്കാനായി മദര്‍ സുപ്പീരയര്‍ 84 വയസുള്ള എന്റെ അമ്മയ്ക്ക് ഒരു കത്ത് എഴുതിയിരുന്നു. എത്ര മോശമായ വാക്കുകളും മാനസികമായി തകര്‍ക്കുന്ന അപവാദങ്ങളും നിറഞ്ഞതായിരുന്നു ആ കത്ത്. പ്രായമായൊരു അമ്മയ്ക്കാണ് ഇതൊക്കെ എഴുതി വിടുന്നതെന്നോര്‍ക്കേണ്ടേ? ആ കത്തില്‍ എനിക്കെതിരേയുള്ള ആരോപണങ്ങളില്‍ ഒന്ന്, ഒരു രാത്രിയില്‍ എന്റെ മുറിയില്‍ ഞാനൊരു അന്യ വ്യക്തിയെ പാര്‍പ്പിച്ചു എന്നാണ്. ഒരമ്മയോട് മകളെ കുറിച്ച് പറയുന്ന അപവാദമാണെന്നോര്‍ക്കണം. എന്നെ കാണാനായി ഒരു ജേര്‍ണലിസം വിദ്യാര്‍ത്ഥി വന്നിരുന്നു. ആ കുട്ടിക്ക് അന്നു തിരിച്ചു പോകാന്‍ കഴിയാതെ വന്നപ്പോള്‍ മഠത്തിന്റെ ഗസ്റ്റ് റൂമില്‍ താമസിപ്പിക്കാന്‍ നോക്കി. പക്ഷേ, മഠത്തില്‍ ഉള്ളവര്‍ ഗസ്റ്റ് റൂം തുറന്നു കൊടുക്കാന്‍ തയ്യാറായില്ല. അതോടെയാണ് എനിക്കാ കുട്ടിയെ എന്റെ മുറിയില്‍ നിലത്ത് കിടത്തേണ്ടി വന്നത്. അതിനെയാണ് എന്റെ സ്വഭാവം ശരിയല്ലെന്നു സ്ഥാപിക്കാന്‍ വേണ്ടി കള്ളപ്രചാരണത്തിന് ഉപയോഗിച്ചത്.

എഫ് സി സി പ്രൊവിന്‍ഷ്യാള്‍ സുപ്പീരിയര്‍ സി. ലൂസി കളപ്പുരയുടെ മാതാവ് റോസമ്മ സ്‌കറിയയ്ക്ക് എഴുതിയ കത്തില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെയാണ്;

പ്രിയപ്പെട്ട റോസമ്മ ചേട്ടത്തി അറിയുവാന്‍,

എഫ് സിസി സഭാംഗമായിരുന്ന ലൂസി കളപ്പുരയെ പ്രസ്തുത സഭയില്‍ നിന്നും സഭയുടെ ജനറാളമ്മ പുറത്താക്കിയ വിവരം ഖേദപൂര്‍വം അറിയിച്ചുകൊള്ളുന്നു. സഭ നിയമങ്ങളുടെ തുടര്‍ച്ചയായുള്ള ലംഘനങ്ങളാണ് പുറത്താക്കലിന് കാരണം. 2015 മുതല്‍ തുടര്‍ച്ചയായി അനുസരണ, ദാരിദ്ര്യ വ്രതങ്ങള്‍ ലൂസി ലംഘിച്ചുകൊണ്ടിരിക്കുന്നത് പലപ്പോഴും ശ്രദ്ധയില്‍പ്പെടടുത്തുകയും ജീവിതശൈലയില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നുവെങ്കിലും ലൂസി തിരുത്തലുകള്‍ക്ക് തയ്യാറായില്ല. 2015 ല്‍ കൊടുത്ത സ്ഥലംമാറ്റം സ്വീകരിക്കാതിരുന്നത് കൂടാതെ, അനുവാദം കൂടാതെ, പുസ്തകം പ്രസിദ്ധീകരിച്ചതും കാര്‍ വാങ്ങിയതും, ശമ്പളം സഭയ്ക്ക് കൈമാറാതിരുന്നതും അനുവാദം കൂടാതെയുള്ള യാത്രകളും രാത്രിയില്‍ മുറിയില്‍ ഒരു വ്യക്തിയെ താമസിപ്പിച്ചതും സന്യാസ വസ്ത്രത്തെപ്പറ്റിയുള്ള സഭാ നിയമം ലംഘിച്ചതും അനുവാദമില്ലാതെ ടെലിവിഷന്‍ പരിപാടികളില്‍ പങ്കെടുത്തതുമെല്ലാം ഈ തിരുമാനത്തിന് കാരണമായിട്ടുണ്ട്. കത്തോലിക്ക സഭയുടെ കാനോനിക നിയമസംഹിതയും ക്ലാരിസ്റ്റ് സഭയുടെ നിയമവുമനുസരിച്ചുള്ള നടപടിക്രമങ്ങളുടെ ഭാഗമായി വത്തിക്കാനില്‍ നിന്ന് പൗരസ്ത്യ തിരുസംഘത്തിന്റെയും ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതിയുടെയും അംഗീകാരത്തോടു കൂടിയാണ് ഈ നടപടി. എന്നിരുന്നാലും ഈ നടപടിക്കെതിരായി ലൂസിക്ക് പൗരസ്ത്യ തിരുസംഘത്തിന് പത്തു ദിവസത്തിനകം അപേക്ഷ നല്‍കാവുന്നതാണ്. അങ്ങനെ ലൂസി പൗരസ്ത്യ തിരുസംഘത്തോട് അപേക്ഷിക്കാത്ത പക്ഷം ലൂസിയെ ഈ മാസം 17 ആം തീയതിയോടൂകൂടി ഇപ്പോള്‍ താമസിക്കുന്ന കാരയ്ക്കാമല മഠത്തില്‍ നിന്നും കൂട്ടിക്കൊണ്ടു പോകേണ്ടതാണ്.

കുടുംബത്തിലെ ലൂസിയുടെ വിഹിതം സ്വത്ത് സഭയ്ക്ക് നല്‍കിയിട്ടില്ലാത്തതിനാല്‍ അത് ലൂസിയുടെ വിഹിതമായി അവിടെ ഉണ്ടാകമല്ലോ. അതുകൂടാതെ 2017 ഡിംസബര്‍ മുതല്‍ ലൂസിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ശമ്പളം ലൂസിയുടെ കൈവശം ഉണ്ടായിരിക്കും. മാസം അമ്പതിനായിരം രൂപയ്ക്ക് മുകളില്‍ ശമ്പളമായി കൈയില്‍ കിട്ടുന്ന ലൂസിയ്ക്ക്, കണക്ക് കൂട്ടിയാല്‍ ഇപ്പോള്‍ പത്തുലക്ഷത്തോളം രൂപ ആ രീതിയില്‍ തന്നെ കൈവശമുണ്ടായിരിക്കേണ്ടതാണ്. സ്‌കൂള്‍ ജോലിയില്‍ നിന്നും റിട്ടയര്‍ ചെയ്യുമ്പോള്‍ കിട്ടുന്ന ആനുകൂല്യങ്ങളും പെന്‍ഷനുമെല്ലാം കൂടികൂട്ടുമ്പോള്‍ സാമ്പത്തിക സുരക്ഷയില്‍ ലൂസിയ്ക്ക് ജീവിക്കാനാകുമെന്ന് സഭ കരുതുന്നു. സഭയില്‍ നിന്ന് പുറത്താകുന്നതുവരെയുള്ള ലൂസിയുടെ ശമ്പളം സഭയ്ക്ക് അവകാശപ്പെട്ടതാണെങ്കിലും, അതിനായി സഭ അവകാശമുന്നയിക്കില്ലെന്ന് ഇതിനാല്‍ തന്നെ അറിയിക്കുന്നു. എന്തെങ്കിലും കാരണവശാല്‍ സഭയില്‍ നിന്ന് സ്വയം പിരിഞ്ഞുപോവുകയോ സഭയില്‍ നിന്നും പുറത്താക്കപ്പെടുകയോ ചെയ്താല്‍ സഭയിലായിരുന്ന കാലഘട്ടത്തില്‍ സഭയില്‍ ചെയ്ത സേവനങ്ങള്‍ക്ക് പ്രതിഫലത്തിന് യാതൊരു അവകാശവും ഉണ്ടായിരിക്കുകയില്ല എന്ന് ലൂസി സ്വന്തം കൈപ്പടിയില്‍ സഭയില്‍ നിത്യവ്രതം ചെയ്യുന്ന സമയത്ത് എഴുതി തന്നിട്ടുള്ള വിവരം കുടുംബാംഗങ്ങള്‍ക്ക് അറിവുണ്ട് എന്നു കരുതുന്നു. സഭയില്‍ ചേരുന്ന സമയത്ത്, പിരിഞ്ഞു പോകുമ്പോള്‍, അഥവ പുറത്താക്കപ്പെടുമ്പോള്‍ പലിശയില്ലാതെ തിരിച്ചു തരുന്നതാണ് എന്നറിയിച്ചുകൊണ്ട് ലൂസിക്ക് വേണ്ടി നിങ്ങളില്‍ നിന്നും സ്വീകരിച്ച പത്രമേനി, ലൂസിയുടെ കൈവശം മഠത്തില്‍ നിന്നും തീര്‍ത്തു പോകുമ്പോള്‍ നല്‍കുന്നതാണ്.

തന്നെ പുറത്താക്കിയ നടപടിയെ ചോദ്യം ചെയ്യുമെന്നും തലയും താഴ്ത്തി താന്‍ മഠം വിട്ടു പോകില്ലെന്നുമാണ് സി. ലൂസി പറഞ്ഞിരിക്കുന്നത്. പുറത്താക്കിയ നടപടിക്കെതിരേ അപ്പീല്‍ നല്‍കുമെന്നും സിസ്റ്റര്‍ പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ എഫ് സി സി അധികൃതര്‍ പറയുന്ന നിയമങ്ങളും ചട്ടങ്ങളുമെല്ലാം തകര്‍ത്ത് എറിയണമെന്നു കൂടി പറഞ്ഞിരുന്നു സി. ലൂസി. മഠങ്ങളില്‍ നിന്നും കന്യാസ്ത്രീകളെ പുറത്താക്കുന്നത് ഭരണഘടന അനുശാസിക്കുന്ന പൗരാവകാശങ്ങളുടെ ലംഘനം ആണെന്നാണ് സി. ലൂസി പറയുന്നത്. സ്ത്രീയെന്ന നിലയില്‍ നല്‍കേണ്ട സുരക്ഷയോ സഹായങ്ങളോ പോലും സഭ അധികൃതര്‍ നല്‍കുന്നില്ലെന്നതുമാണ് സി. ലൂസി ചൂണ്ടിക്കാണിക്കുന്ന തെറ്റുകള്‍.

സഭയില്‍ നിന്നും പുറത്താക്കുകയാണെങ്കില്‍, ആ വ്യക്തിക്ക് പുനരധിവാസം ഏര്‍പ്പെടുത്താന്‍ സഭ തയ്യാറാകണം. നാളെ തന്നെ ഇറങ്ങിപ്പോക്കോളണം എന്നൊക്കെ പറഞ്ഞ് ആരെയും ഇറക്കി വിടാന്‍ പാടില്ല. എല്ലാം ഉപേക്ഷിച്ച് സന്ന്യസ്ത ജീവിതം നയിക്കാന്‍ വരുന്നവരെയാണ് ഒരു ദിവസം പെട്ടെന്ന് പുറത്താക്കുന്നത്. മാതാപിതാക്കളെയും സഹോദരങ്ങളെയും ബന്ധുക്കളെയും വീടും എല്ലാം ത്യജിച്ചിട്ട് വരുന്നവര്‍. അങ്ങനെയുള്ളൊരാളെ മഠത്തില്‍ നിന്നും പുറത്താക്കിയാല്‍ അവര്‍ എവിടെ പോകും? ആരുണ്ട് സംരക്ഷിക്കാന്‍? കയറിക്കിടക്കാന്‍ ഒരിടമുണ്ടോ? എന്നൊക്കെയുള്ള ചോദ്യങ്ങളാണ് സി. ലൂസി ഉയര്‍ത്തുന്നത്. സി. ലൂസിക്ക് ജോലി ഉണ്ടെന്നും അതുകൊണ്ട് ജീവിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാകില്ലെന്നും എഫ് സി സി അധികൃതര്‍ പറയുമ്പോള്‍, ഈ വാദത്തെ സി. ലൂസി എതിര്‍ക്കുന്നത് അങ്ങനയെല്ലാത്തവരുടെ കാര്യം ആലോചിക്കൂ എന്നു പറഞ്ഞാണ്.

കന്യാസ്ത്രീ പീഡനക്കേസ് പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്തിനു പിന്നാലെയാണ് സി. ലൂസി കളപ്പുരയ്‌ക്കെതിരേ എഫ് സി സി അധികൃതര്‍ അച്ചടക്കലംഘനങ്ങള്‍ ആരോപിക്കുന്നത്. ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എറണാകുളം ഹൈക്കോടതി ജംഗ്ഷനിലെ വഞ്ചി സ്‌ക്വയറില്‍ നടന്ന മിഷണറീസ് ഓഫ് ജീസസ് കോണ്‍ഗ്രിഗേഷനിലെ അഞ്ചു കന്യാസ്ത്രീകള്‍ നടത്തിയ സമരത്തില്‍ എഫ് സി സി അംഗമായ സി. ലൂസിയും പങ്കെടുത്തിരുന്നു. സോഷ്യല്‍ മീഡിയ വഴിയും വാര്‍ത്ത മാധ്യമങ്ങളിലൂടെയും സി. ലൂസി ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരേ നിരന്തരം ശബ്ദം ഉയര്‍ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പലതരത്തില്‍ സഭയിലെ അച്ചടക്ക ലംഘനം നടത്തുന്നുവെന്ന് കാണിച്ച് കാരണം കാണിക്കല്‍ നോട്ടീസുകള്‍ അധികൃതര്‍ നല്‍കിയത്. തുടര്‍ന്ന് മേയ് 11 ചേര്‍ന്ന എഫ് സി സി ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ സി. ലൂസിയെ പുറത്താക്കാന്‍ തീരുമാനം എടുത്തു. ഈ തീരുമാനം വത്തിക്കാനില്‍ അറിയിച്ച് അനുമതി വാങ്ങിയശേഷം ഓഗസ്റ്റ് ഏഴിന് പുറത്താക്കല്‍ ഉത്തരവ് സി. ലൂസിക്ക് കൈമാറുകയായിരുന്നു. പത്തു ദിവസത്തിനുള്ളില്‍ മഠം വിടണമെന്നായിരുന്നു ഉത്തരവില്‍ പറഞ്ഞിരുന്നത്. ഇന്ന്(ഓഗസ്റ്റ് 16)സമയപരിധി അവസാനിക്കുകയാണ്. അതിനു മുന്നോടിയായാണ് സി.ലൂസിയുടെ കുടുംബാംഗങ്ങള്‍ക്ക് കത്ത് നല്‍കി സിസ്റ്ററെ കൂട്ടിക്കൊണ്ടു പോകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. (തന്നെ പുറത്താക്കിയ എഫ്സിസി ജനറല്‍ കൗണ്‍സിലിന്റെ ഉത്തരവിനെതിരേ സി. ലൂസി വത്തിക്കാനില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. അപ്പീല്‍ നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ പുറത്താക്കല്‍ ഉത്തരവ് താത്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്. വത്തിക്കാനില്‍ നിന്നും അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ കാരയ്ക്കാമലയിലെ മഠത്തില്‍ സി. ലൂസിക്ക് തുടര്‍ന്നു താമസിക്കാനാകുമെന്നതിനാലാണ് ഇപ്പോഴും മഠത്തില്‍ തുടരുന്നത്).

Read More: സ്ത്രീകള്‍ മാത്രം താമസിക്കുന്നിടത്തെ സിസിടിവി ദൃശ്യങ്ങള്‍ എങ്ങനെ ഒരു വൈദികന് കിട്ടി? മഠത്തിലെ ഊണുമുറിയിലെ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തത് എന്തിന്?

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍