UPDATES

നവകേരള നിര്‍മ്മാണത്തിന് 6 കമ്യൂണിറ്റി റേഡിയോകള്‍ ഒത്തുചേരുന്നു; പദ്ധതി ഇന്ത്യയിലാദ്യമായി

യൂണിസെഫ് (UNICEF) ഏകോപിച്ചിരിക്കുന്ന പരിപാടി കേരളസര്‍ക്കാരിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും സഹകരണത്തോടെയാണ് നടത്തുന്നത്

നവ കേരള നിര്‍മ്മിതിക്കായി കമ്യൂണിറ്റി റേഡിയോകള്‍ കൈകോര്‍ക്കുന്നു. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു സംരംഭം. പ്രളയ ബാധിത പ്രദേശങ്ങളിലുള്ള ആറോളം കമ്മ്യൂണിറ്റി റേഡിയോകളാണ് ‘പുതുനാമ്പുകള്‍’ – ‘നവകേരളത്തിന്റെ ശംഖൊലി’ എന്നു പേരിട്ടിക്കുന്ന പദ്ധതിയില്‍ ഒത്തു ചേര്‍ന്നിരിക്കുന്നത്.

ഈ കൂട്ടായ്മയില്‍ ഒരു ഭാഗമായ റേഡിയോ മാറ്റോലിയുടെ അസിസ്റ്റന്‍ന്റ് ഡയറക്ടര്‍ ഫാ. മനോജ് കാക്കോനാല്‍ നവകേരളത്തിനായിട്ടുള്ള ഈ പരിപാടിയെക്കുറിച്ച് വിശദീകരിക്കുന്നു, “നവകേരളത്തിനായി സംസ്ഥാനത്തെ ആറ് കമ്മ്യൂണിറ്റി റേഡിയോകള്‍ ഒന്നിച്ച് ചേര്‍ന്ന് ഒരു പരിപാടി പ്രൊഡ്യൂസ് ചെയ്ത് ഒരു പേരില്‍ പ്രക്ഷേപണം ചെയ്യുകയാണ്. റേഡിയോ മീഡിയ വില്ലേജ് (ചങ്ങനാശ്ശേരി), റേഡിയോ മാറ്റോലി (മാനന്തവാടി), ജനവാണി (കണ്ണൂര്‍), റേഡിയോ നെയ്ത്തല്‍ (ആലപ്പുഴ), റേഡിയോ മംഗളം (കോട്ടയം), ഹലോ റേഡിയോ (തൃശൂര്‍) എന്നീ കമ്മ്യൂണിറ്റി റേഡിയോകളാണ് ഇതില്‍ പങ്കാളികളാകുന്നത്. കേരളത്തന്റെ പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പല മേഖലകള്‍ പ്രത്യേകിച്ച് ഭവന നിര്‍മ്മാണം, എങ്ങനെ പണിയണം?, ഉപയോഗിക്കുന്ന മെറ്റിരീയല്‍സ്, അതിന്റെ ഫണ്ടിംഗ്, പുനര്‍നിര്‍മ്മാണം, ശുചീകരണം, ആരോഗ്യം, ഉപജീവനം, ക്ഷീര – കാര്‍ഷിക മേഖലകള്‍ ഉള്‍പ്പടെ പല വിഭാഗങ്ങളെ കുറിച്ചും ജനങ്ങളെ ജനങ്ങളെ ബോധവാന്മാരുക എന്ന് ലക്ഷ്യമിട്ടുള്ള റേഡിയോ പരിപാടികള്‍ പ്രേക്ഷപണം ചെയ്യുകയാണ് ഈ കമ്മ്യൂണിറ്റി റേഡിയോകള്‍.

‘പുതുനാമ്പുകള്‍’ – ‘നവകേരളത്തിന്റെ ശംഖൊലി’ എന്ന റേഡിയോ മാഗസിന്‍ ഒരു പ്രോഗ്രാമില്‍ തന്നെ പല പരിപാടികള്‍ ചേര്‍ന്ന് വരുന്ന രീതിയിലാണ് സംവിധാനം ചെയ്തിരിക്കുന്നത്. പരിപാടിയിലൂടെ ജനകീയ പങ്കാളിത്തത്തോടെയുള്ള പുനര്‍നിര്‍മ്മാണമാണ് ലക്ഷ്യമിടുന്നത്. യൂണിസെഫ് (UNICEF) ഏകോപിച്ചിരിക്കുന്ന പരിപാടി കേരളസര്‍ക്കാരിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും സഹകരണത്തോടെയാണ് നടത്തുന്നത്. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള ഒരു റേഡിയോ പരിപാടി. ഒരു റേഡിയോ ടീം ചെയ്യുന്ന പരിപാടികള്‍ മറ്റ് റേഡിയോകള്‍ക്ക് ഷെയര്‍ ചെയ്ത് നല്‍കാറുണ്ട്. എന്നാല്‍ ഒരു പരിപാടിയുടെ പല ഭാഗങ്ങള്‍ പല റേഡിയോ സ്‌റ്റേഷനുകള്‍ നിര്‍മ്മിച്ച് അത് ഒരു പരിപാടി ആക്കി ആറ് കമ്മ്യൂണിറ്റി റേഡിയോകള്‍ ഒരു പേരില്‍ ഷെയര്‍ ചെയ്യുന്നത് ആദ്യമായിട്ടാണ്.

പുതുനാമ്പില്‍ ഓരോ റേഡിയോ ടീമിനും ഓരോ ഉത്തരവാദിത്വങ്ങളുണ്ട് ഞങ്ങള്‍ക്കും (റേഡിയോ മാറ്റോലി) റേഡിയോ നെയ്ത്തലിലും തന്നിരിക്കുന്ന ചുമതല പരിപാടിയിലെ പരിപാടി പ്രേക്ഷപണം ചെയ്യുന്ന വിഷയത്തിലെ ചെറു നാടകമാണ്. മീഡിയ വില്ലേജിന് വിഷയുമായി ബന്ധപ്പെട്ട വിദഗ്ദ്ധരുമായുള്ള അഭിമുഖം, റേഡിയോ മംഗളത്തിന് വിഷയത്തിനെക്കുറിച്ചുള്ള സാരനിരൂപണവും, ചെറിയ വ്യാഖ്യാനങ്ങളും, റേഡിയോ ഹലോയ്ക്കും ജനവാണിക്കും പൊതുസേവനങ്ങളെക്കുറിച്ചുള്ള പ്രഖ്യാപനങ്ങളും, ജിംഗിള്‍സും, പ്രമോയും തുടങ്ങിയ ഉത്തരവാദിത്വങ്ങളാണ്. ആഴ്ചയില്‍ രണ്ട് എപ്പിസോഡുകളാണ് പ്രക്ഷേപണം ചെയ്യുന്നത്. മൊത്തം 24 എപ്പിസോഡുകളാണുള്ളത്.”

റേഡിയോ മാറ്റോലി സ്‌റ്റേഷനില്‍ നിന്ന് ആദ്യ പ്രക്ഷേപണം നടത്തിയ ‘പുതുനാമ്പുകള്‍’ കേള്‍ക്കാം

 

ജനുവരി 29 മുതല്‍ പ്രമോഷന്‍ നല്‍കി തുടങ്ങിയ പരിപാടി ഫെബ്രുവരി അഞ്ച് മുതല്‍ ആറ് റേഡിയോ സ്‌റ്റേഷനുകളിലും പ്രേക്ഷേപണം ചെയ്ത് തുടങ്ങിയിട്ടുണ്ട്. ആഴ്ചയില്‍ രണ്ട് പരിപാടികളാണ് പ്രക്ഷേപണം നടത്തുന്നത്. എല്ലാ ചൊവ്വാഴ്ചകളിലും വെള്ളിയാഴ്ചകളിലുമാണ് ഇത് പ്രക്ഷേപണം നടത്തുക. കൂടാതെ പുന:സംപ്രേക്ഷണവും ചെയ്യും. ഓരോ റേഡിയോ സ്റ്റേഷനുകളും വ്യത്യസ്ത സമയത്താണ് പ്രേക്ഷപണം നടത്തുക. അരമണിക്കൂര്‍ സമയമാണ് ‘പുതുനാമ്പുകള്‍’ക്കായി നിശ്ചയിച്ചിരിക്കുന്നത്. അതില്‍ 15 മിനുട്ട് എല്ലാ സ്റ്റേഷനുകളിലും തയ്യാറാക്കിയ ഭാഗങ്ങള്‍ ഒരു പരിപാടിയായി മാറ്റി അവതരിപ്പിക്കുന്നതാണ്. ബാക്കി 15 മിനിറ്റ് ഓരോ പ്രദേശത്തെയും സാഹചര്യങ്ങളനുസരിച്ചുള്ള വിഷയം അവര്‍ തന്നെ കണ്ടെത്തി അവതരിപ്പിക്കുന്നതാണ്.’ ഫാ. മനോജ് കാക്കോനാല്‍ പറഞ്ഞുനിര്‍ത്തി.

റേഡിയോ മാറ്റോലി വയനാട്ടിലെ ആദിവാസികള്‍ക്ക് മനസ്സിലാക്കാനായി അവരുടെ ഭാഷയിലേക്ക് പരിപാടികള്‍ തര്‍ജ്ജമ ചെയ്യും. പ്രളയത്തിന് ശേഷം ദുരന്തത്തില്‍ നിന്ന് ജനങ്ങളെ കരകയറ്റാനുള്ള പദ്ധതികളുമായി ഞങ്ങള്‍ സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ടിരുന്നുവെന്നും വളരെ പെട്ടെന്ന് തന്നെ സര്‍ക്കാര്‍ ഇതിനോട് പ്രതികരിച്ചുവെന്നും ഈ പരിപാടികളുടെ ഭാഗമായ യൂണിസെഫിലെ അനു പുരി പറഞ്ഞതായി ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. കേരളത്തിലാണ് ഇത്തരമൊരു പ്രോഗ്രാം ആദ്യമായിട്ട് ആരംഭിച്ചത്. ഫെബ്രുവരി അവസാനം ദേശീയ തലത്തില്‍ കമ്മ്യൂണിറ്റി റേഡിയോ ചുമതല വഹിക്കുന്നവര്‍ ഒന്നിച്ച് കൂടുന്നുണ്ട്. ഇനി ഈ മാതൃകയില്‍ ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും ഇത് നടപ്പിലാക്കാന്‍ പോവുകയാണ്.

കമ്മ്യൂണിറ്റി റേഡിയോ?

ഇന്ത്യയില്‍ പ്രധാനമായും വാണിജ്യപരമായതും പൊതുപ്രക്ഷേപണപരവുമായ പ്രക്ഷേപണങ്ങള്‍ നടത്തുന്ന റേഡിയോ സ്‌റ്റേഷനുകളാണുള്ളതാണ്. എന്നാല്‍ അതിനോടൊപ്പം തന്നെയുള്ള ഒരു മൂന്നാം റേഡിയോ സേവനമാണ് കമ്മ്യൂണിറ്റി റേഡിയോ എന്നത്. കമ്മ്യൂണിറ്റി റേഡിയോയിലൂടെ ലക്ഷ്യമിടുന്നത് ഭൂമിശാസ്ത്രപരമായി വേറിട്ട സമൂഹത്തിന്റെയോ സമുദായത്തിന്റെയോ താല്പര്യങ്ങള്‍ക്കനുസരിച്ചുള്ള പ്രക്ഷേപണമാണ്. ഈ പ്രക്ഷേപണം പ്രധാന്യമുള്ളതും ജനങ്ങള്‍ക്ക് താല്‍പര്യമുള്ളതും പ്രാദേശികമായ ജനങ്ങള്‍ക്കുവേണ്ടിയുള്ളതുമാണ്. അതുകൊണ്ട് തന്നെ ഇതിന്റെ പ്രക്ഷേപണ ദൂരത്തിന് നിശ്ചിത പരിധിയുണ്ടായിരിക്കും.

വാണിജ്യ മുഖ്യധാരാ മാധ്യമ പ്രേക്ഷരെ കമ്മ്യൂണിറ്റി റേഡിയോ ലക്ഷ്യംവയ്ക്കുന്നില്ല. ഒരു കമ്മ്യൂണിറ്റി റേഡിയോ പ്രക്ഷേപണ കേന്ദ്രത്തിന്റെ ഉടമസ്ഥത അത് പ്രവര്‍ത്തിക്കുന്ന പ്രത്യേകസമൂഹത്തിന്റെയോ സമുദായത്തിന്റെയോ സേവനങ്ങള്‍ക്കുവേണ്ടിയായിരിക്കും. പൊതുവെ ഇത് ലാഭേച്ഛയില്ലാത്തതും വ്യക്തികളെയോ ഒരു കൂട്ടത്തെയോ പ്രാപ്തമാക്കുന്നതിനുള്ളതുമായിരിക്കും. വ്യക്തികള്‍, ഗ്രൂപ്പുകള്‍, സമൂഹം, സമുദായം എന്നിവയുടെ കാര്യങ്ങളും നിര്‍ദേശങ്ങളും പങ്കുവയ്ക്കാനുമൊക്കെയാണ് കമ്മ്യൂണിറ്റി റേഡിയോ പ്രക്ഷേണം നടത്തുക.

കൃഷ്ണ ഗോവിന്ദ്

കൃഷ്ണ ഗോവിന്ദ്

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍