ആയിരം രൂപയ്ക്കും പുതിയ വീടുകള്‍ക്കുമപ്പുറം വയനാട് ആവശ്യപ്പെടുന്നുണ്ട് ദീര്‍ഘകാല ചികിത്സ
കുന്നിടിഞ്ഞെത്തിയ മണ്ണിനടിയില്‍പ്പെട്ട് വീടും കൃഷിസ്ഥലവും നഷ്ടപ്പെട്ട, വനഭൂമിയെന്ന തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ ദുരിതാശ്വാസം ലഭിക്കാതെ പോയ പഞ്ചാരക്കൊല്ലിയിലെ കൗസല്യ. തറയടക്കം വിള്ളല്‍ വീണുപൊളിഞ്ഞ, ഒന്നു തൊട്ടാല്‍ ചുമരുകള്‍ ഇളകിയാടുന്ന വീടിന് കാര്യമായ പരിക്കുകളൊന്നും പറ്റിയില്ലെന്ന് ഉദ്യോഗസ്ഥര്‍ വിധിയെഴുതിയതിനാല്‍ ജീവന്‍ കൈയിലെടുത്ത് അവിടെത്തന്നെ താമസിക്കേണ്ടിവരുന്ന തച്ചറക്കൊല്ലിയിലെ ചന്ദ്രന്‍. ഗൃഹപ്രവേശത്തിന്റെ തലേദിവസം ഉരുള്‍പൊട്ടലില്‍പ്പെട്ട് ഒരു ജീവിതകാലത്തെ സമ്പാദ്യം മുഴുവന്‍ ഒലിച്ചുപോകുന്നത് കണ്ടു നില്‍ക്കേണ്ടവന്ന, ഇപ്പോഴും താല്‍ക്കാലിക ഷെഡില്‍ താമസിക്കുന്ന കുറിച്യാര്‍മലയിലെ റുബീന. നോക്കിനില്‍ക്കേ വീടിനകത്ത് വിള്ളല്‍ വീഴുന്നതു കണ്ട് ഭയന്നുപോയ, പിറന്നുവളര്‍ന്ന ഊരുവിട്ട് മറ്റിടങ്ങളിലേക്ക് കുടിയേറാന്‍ ഇപ്പോഴും മനസ്സനുവദിക്കാത്ത ചിന്നു അടക്കമുള്ള പ്ലാമൂലയിലെ ആദിവാസി സമൂഹം. പ്രളയത്തിന്റെ ഓര്‍മകള്‍ പോലും പേടിപ്പിക്കുന്ന വയനാടന്‍ ഉള്‍ഗ്രാമങ്ങളിലെ സാധാരണജീവിതത്തിന്റെ നേര്‍ച്ചിത്രങ്ങളാണ് ഇവരോരോരുത്തരും.
മണ്ണിനോടും മലകളോടും പടവെട്ടി കൃഷി ചെയ്തും കൂലിപ്പണിയെടുത്തും ജീവിച്ചുപോന്നിരുന്ന വയനാട്ടിലെ ഭൂരിഭാഗം ജനവിഭാഗത്തിനും പ്രളയക്കെടുതിയില്‍ നിന്നും ആറുമാസത്തിനു ശേഷവും കരകയറാനായിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഭൂമിയില്‍ വിള്ളല്‍ വീഴലുമെല്ലാം ചേര്‍ന്ന് താറുമാറാക്കിക്കളഞ്ഞ പ്രദേശങ്ങളിലെല്ലാം, ഇപ്പോഴും ഇനിയെന്ത് എന്നറിയാതെ നില്‍ക്കുന്നവരുടെ കഥകള്‍ ധാരാളം കേള്‍ക്കാം. മറ്റിടങ്ങളിലെന്ന പോലെ, മഴപെയ്ത് വെള്ളം കയറിയതല്ല വയനാടിനെ ഉലച്ചിരിക്കുന്നത്. അധികമഴയുണ്ടായിട്ടുണ്ടെന്ന് അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ടെങ്കിലും, പൊഴുതന ഭാഗത്തെ ചില പ്രദേശങ്ങളും മറ്റു ചിലയിടങ്ങളുമൊഴികെ അധികമൊന്നും വെള്ളത്തിനടിയിലായിട്ടില്ല. എന്നാല്‍, കുന്നുകള്‍ ഇടിഞ്ഞു നിരന്നും അതിശക്തമായ ഉരുള്‍പൊട്ടലുകളുണ്ടായും, ഒപ്പം നാളിതുവരെ കണ്ടു പരിചയിച്ചിട്ടില്ലാത്ത തരത്തില്‍ ഭൂമിയില്‍ വലിയ വിള്ളലുകള്‍ വീണും ജില്ലയിലുണ്ടായിട്ടുള്ള നാശനഷ്ടങ്ങള്‍ക്ക് കൈയും കണക്കുമില്ല താനും. ആഗസ്തിലെ പ്രളയകാലത്ത് ആറു മരണങ്ങളാണ് വയനാട്ടില്‍ മാത്രമുണ്ടായിട്ടുള്ളത്. കൃഷിനാശമടക്കം 2251.12 കോടി രൂപയുടെ നഷ്ടങ്ങളാണ് ജില്ലയില്‍ കണക്കാക്കപ്പെട്ടിട്ടുള്ളത്. വ്യക്തികളുടെ സ്വത്തുവകകള്‍ക്കുണ്ടായിട്ടുള്ള നഷ്ടം ഇതിനുപുറമെയാണ്. റോഡുകളിലും ചുരങ്ങളിലും മണ്ണിടിഞ്ഞു മൂടി വയനാട് തീര്‍ത്തും ഒറ്റപ്പെട്ടുപോയ ദിവസങ്ങളായിരുന്നു പ്രളയകാലത്ത്.
വയനാട്ടിലെ പ്രളയക്കെടുതിയുടെ ഉത്തരവാദിത്തം പാതി മഴയുടെ അളവിനുമേല്‍ ചാരാമെങ്കില്‍, മറുപാതി ഏറ്റെടുക്കേണ്ടത് അശാസ്ത്രീയമായ കെട്ടിടനിര്‍മാണ രീതികള്‍ തന്നെയാണ്. ജില്ലയ്ക്കകത്തും പുറത്തുമുള്ള പരിസ്ഥിതിപ്രവര്‍ത്തകര്‍ വര്‍ഷങ്ങളായി ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങള്‍ തന്നെയാണ് മണ്ണിടിച്ചിലും വിള്ളലുമായി കഴിഞ്ഞ ആഗസ്തില്‍ മുന്നില്‍വന്നു നിന്നത്. ഒറ്റനോട്ടത്തില്‍ത്തന്നെ അപകടകരം എന്നു തിരിച്ചറിയാനാകുന്ന നിര്‍മാണ രീതികളും, പ്രകൃതിവിഭവങ്ങളുടെ ചൂഷണവും വയനാട്ടില്‍ ഇപ്പോള്‍ ബാക്കിയാക്കിയത് ഒരു ജനതയുടെ ഇനിയും വര്‍ഷങ്ങള്‍ നീണ്ടേക്കാവുന്ന ദുരിത പര്‍വമാണ്. പലര്‍ക്കും പുതിയ വീടുകള്‍ ഒരുങ്ങുന്നുണ്ട്. അപേക്ഷിച്ചവരില്‍ എല്ലാവര്‍ക്കും തന്നെ അടിയന്തിര ധനസഹായമായ പതിനായിരം രൂപ എത്തിച്ചുകഴിഞ്ഞുവെന്ന് ജില്ലാ ഭരണകൂടം അവകാശപ്പെടുന്നുണ്ട്. എന്നാല്‍, ഭൂപ്രകൃതിക്കു വന്നിട്ടുള്ള മാറ്റവും കാര്‍ഷിക മേഖലയ്‌ക്കേറ്റ ആഘാതവുമെല്ലാം ചേര്‍ന്ന് സൃഷ്ടിച്ച ഭീഷണികളില്‍നിന്നും വയനാട് എന്നു മുക്തമാകുമെന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ ഇപ്പോഴും വിദഗ്ധര്‍ക്കില്ല. പ്രളയത്തിന്റെ കണക്കെടുപ്പുകള്‍ക്കും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കുമൊപ്പം, പ്രളയത്തിന്റെ കാരണങ്ങളെക്കുറിച്ചുള്ള സമഗ്രമായ പഠനങ്ങള്‍ കൂടി നടക്കേണ്ടുന്നതിന്റെ ആവശ്യകതയുമതാണ്.
നഷ്ടത്തിന്റേയും നഷ്ടപരിഹാരത്തിന്റേയും സര്‍ക്കാര്‍ കണക്കുകള്‍, കണക്കുകളിലില്ലാത്ത ചില യാഥാര്‍ത്ഥ്യങ്ങള്‍
ജില്ലാ ഭരണകൂടത്തിന്റെ കണക്കുകള്‍ പ്രകാരം വയനാട്ടിലെ പുനരധിവാസ പ്രവര്‍ത്തനങ്ങളും പുനര്‍നിര്‍മാണവും ധ്രുതഗതിയില്‍ത്തന്നെയാണ് മുന്നോട്ടു പോകുന്നത്. സര്‍ക്കാരിന്റെ റീബില്‍ഡ് ലിസ്റ്റ് പ്രകാരം പൂര്‍ണമായും നാശനഷ്ടം സംഭവിച്ചിരിക്കുന്നത് 710 വീടുകള്‍ക്കാണ്. മാത്രമല്ല, 103 കുടുംബങ്ങള്‍ക്ക് വീടും സ്ഥലവും മുഴുവനായും നഷ്ടപ്പെട്ടിട്ടുണ്ട്. 6569 വീടുകള്‍ക്കാണ് ഭാഗിക നഷ്ടം കണക്കാക്കിയിട്ടുള്ളത്. ഇവയില്‍, പൂര്‍ണമായും നശിച്ചുപോയ 237 വീടുകള്‍ക്ക് ദുരിതാശ്വാസത്തിലെ ആദ്യ ഗഡുവായി 1,01,900 രൂപ വീതം അനുവദിച്ചിട്ടുണ്ടെന്നും, 25% ശതമാനം നിര്‍മാണം പൂര്‍ത്തീകരിച്ച് രണ്ടാം ഗഡുവായി 1,49,050 രൂപ വീതം ലഭിച്ച 44 വീടുകളുണ്ടെന്നും ഡെപ്യൂട്ടി കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കൂടാതെ 15% നാശനഷ്ടം സംഭവിച്ച 3951 വീടുകള്‍ക്ക് 10,000 രൂപ വീതവും 16.29% നാശനഷ്ടം സംഭവിച്ച 1159 വീടുകള്‍ക്ക് 60,000 രൂപ വീതവും അനുവദിച്ചതായും കണക്കുകളുണ്ട്. 72 വീടുകളാണ് കെയര്‍ ഹോം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. രണ്ടു പേര്‍ക്ക് ഭൂമി വാങ്ങാനുള്ള തുകയും വകയിരുത്തിയതായി ഭരണകൂടം അവകാശപ്പെടുന്നു. ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 12 വീടുകള്‍, പ്രധാന്‍മന്ത്രി ആവാസ് യോജന വഴി 13 വീടുകള്‍, പട്ടികവര്‍ഗ്ഗ വകുപ്പ് മുഖേന 10 വീടുകള്‍, വിവിധ സന്നദ്ധ സംഘടനകളുടെ സ്‌പോണ്‍സര്‍ഷിപ്പ് മുഖേന 17 വീടുകള്‍ എന്നതാണ് പദ്ധതി. സന്നദ്ധത അറിയിച്ചിട്ടുള്ള സ്വകാര്യവ്യക്തികളുടെ സ്ഥലമേറ്റെടുത്തും വീടുകള്‍ നിര്‍മിച്ചുനല്‍കാന്‍ ധാരണയായിട്ടുണ്ട്.
ഇത്രയേറെ ചെയ്തു കഴിഞ്ഞതായി ജില്ലാ ഭരണകൂടം അവകാശപ്പെടുമ്പോള്‍ത്തന്നെ, സര്‍ക്കാര്‍ പട്ടികകളില്‍പ്പെടാതെ പോയതിനാല്‍ പ്രളയകാലത്തിനു ശേഷം നാളിത്രയായിട്ടും അനിശ്ചിതത്വത്തില്‍ കഴിയുന്നവരുടെ എണ്ണം ഒട്ടും ചെറുതല്ല എന്നത് ഗുരുതരമായ പ്രശ്‌നമായിത്തന്നെ കാണേണ്ടതുണ്ട്. മാനന്തവാടി താലൂക്കിലുള്‍പ്പെട്ട പഞ്ചാരക്കൊല്ലിയിലെ ഇരുപതോളം കുടുംബങ്ങളുടെ അവസ്ഥ ഇക്കൂട്ടത്തില്‍ ഒന്നുമാത്രമാണ്. വനഭൂമിയാണെന്നും അല്ലെന്നുമുള്ള തര്‍ക്കം നടക്കുന്നതിനാല്‍, ഇവരുടെയാരുടെയും സ്ഥലത്തിന്റെ പട്ടയം നിലവില്‍ സാധുവല്ല. കേസ് കോടതിയിലായതിനാല്‍ കനത്ത കൃഷിനാശവും സാമ്പത്തിക നഷ്ടവുമുണ്ടായിട്ടും പതിനായിരം രൂപയുടെ ധനസഹായം പോലും ഇവിടത്തുകാര്‍ക്ക് ലഭിച്ചിട്ടില്ല. കൃഷിയെ മാത്രമാശ്രയിച്ചു കഴിഞ്ഞുപോന്നിരുന്ന ഒരു വിഭാഗമാളുകളുടെ ജീവിതം തന്നെ വഴിമുട്ടിപ്പോയിരിക്കുന്നു. ഡെപ്യൂട്ടി കലക്ടറുടെ റിപ്പോര്‍ട്ടില്‍ ഇടം പിടിക്കാനുള്ള അടിസ്ഥാന യോഗ്യതയില്ലാതെ പോയ ഇവരെപ്പോലെ എത്രയോ പേര്‍ ജില്ലയുടെ പല ഭാഗങ്ങളിലായി വിധിയെ പഴിച്ചു കഴിയുന്നുണ്ട്. തൃശ്ശിലേരിയിലെ തച്ചറക്കൊല്ലിക്കാരുടെ ഗതിയും മറ്റൊന്നല്ല. വിള്ളല്‍ വീണ ശേഷം എപ്പോള്‍ വേണമെങ്കിലും തകര്‍ന്നു വീഴാമെന്ന നിലയിലുള്ള വീടുകളില്‍ താമസിക്കേണ്ടിവരുന്നവര്‍ ദിനംപ്രതി സഹിക്കേണ്ടവരുന്ന സമ്മര്‍ദ്ദം ഭീകരമാണ്. ഇവരുടെ വീടുകളും വാസയോഗ്യമല്ലാത്ത വീടുകളുടെ കണക്കില്‍പ്പെട്ടിട്ടില്ല.
മാത്രമല്ല, അടിയന്തിര ധനസഹായമായ പതിനായിരം രൂപ ലഭിക്കുന്നതിനായി ആകെ ലഭിച്ചിട്ടുള്ള 8269 അപേക്ഷകളില്‍ 190 പേര്‍ക്കൊഴികെ ബാക്കിയെല്ലാവര്‍ക്കും വിതരണം ചെയ്തു കഴിഞ്ഞുവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നുണ്ട്. ബാക്കിയുള്ള 190 അപേക്ഷകള്‍ അയോഗ്യമെന്നു കണ്ട് തള്ളിയവയാണെന്നും, ആ അര്‍ത്ഥത്തില്‍ അര്‍ഹരായ എല്ലാവര്‍ക്കും പതിനായിരം രൂപ കിട്ടിക്കഴിഞ്ഞെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അപ്പോഴും, കൗസല്യയെപ്പോലുള്ളവര്‍ സര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ക്കു പുറത്താണ്. അപകടസാധ്യതയൊഴിയാത്ത സ്ഥലങ്ങളില്‍ താമസിക്കരുതെന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെങ്കിലും, താല്‍ക്കാലികമായി വാടകവീട്ടിലേക്ക് മാറാനുള്ള സാമ്പത്തിക ശേഷി പോലുമില്ലാത്ത കൗസല്യയടക്കമുള്ളവര്‍ മണ്ണിടിഞ്ഞയിടത്തുള്ള പഴയ വീട്ടിലേക്ക് തിരികെയെത്തിയിട്ടുണ്ട്. കൃഷി ചെയ്തു ജീവിച്ചിരുന്ന കൗസല്യയ്ക്കും അയല്‍വാസിയായ ലീലയ്ക്കും അടിയന്തിര സാമ്പത്തിക സഹായം ലഭിച്ചിട്ടില്ല. അര്‍ഹരായ തങ്ങളെ പട്ടികയ്ക്കു പുറത്താക്കിയ സര്‍ക്കാര്‍ ഇനിയും തങ്ങളുടെ കാര്യത്തില്‍ ഇടപെടുമെന്ന് വിശ്വസിക്കണോ എന്ന ലീലയുടെ ചോദ്യത്തിനു മാത്രം ഉത്തരമില്ല.
പ്രളയകാലത്തിന്റെ വയനാടന്‍ ചിത്രങ്ങള്‍
വയനാട് ജില്ലയിലെ മൂന്നു താലൂക്കുകളില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ മാത്രമാണ് പ്രളയക്കെടുതി കാര്യമായി ബാധിക്കാതിരുന്നിട്ടുള്ളത്. താരതമ്യേന നിരപ്പായ പ്രദേശമായതിനാലും, നദികളോ ഡാമുകളോ അടുത്തെങ്ങുമില്ലാത്തതിനാലും സുല്‍ത്താന്‍ ബത്തേരിയില്‍ നാശനഷ്ടങ്ങള്‍ കുറവായിരുന്നെങ്കിലും, വൈത്തിരിയിലും മാനന്തവാടിയിലും കാര്യങ്ങള്‍ നേരെ തിരിച്ചായിരുന്നു. മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഏറെ ശക്തമായുണ്ടായ പഞ്ചായത്താണ് വൈത്തിരി. വൈത്തിരിയിലും പൊഴുതനയിലുമെല്ലാം പലയിടങ്ങളിലാണ് മലയില്‍ നിന്നും മണ്ണിടിഞ്ഞു വീണത്. റോഡു ഗതാഗതവും കുടിവെള്ളവിതരണവുമെല്ലാം ബാധിക്കപ്പെട്ടു. പൊഴുതനയില്‍ കുറിച്യാര്‍മലയിലും അമ്മാറയിലുമെല്ലാം മലമുകളില്‍ നിന്നുമുള്ള നീര്‍ച്ചാലുകളില്‍ പൈപ്പിട്ടാണ് പ്രദേശവാസികള്‍ വെള്ളമെടുത്തിരുന്നത്. ഉരുള്‍പൊട്ടലില്‍ തകര്‍ന്നുപോയ കുടിവെള്ളപ്പൈപ്പുകള്‍ ആറുമാസത്തിനു ശേഷം ഫെബ്രുവരിയിലാണ് പുനഃസ്ഥാപിക്കപ്പെട്ടത്. ആയിരക്കണക്കിന് വീടുകള്‍ തകര്‍ന്നിട്ടുള്ള വൈത്തിരിയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും തന്നെയാണ് ദുരിതം വിതച്ചത്. ഏക്കറുകണക്കിന് തേയിലത്തോട്ടവും മറ്റുമാണ് കുറിച്യമലയില്‍ നശിച്ചുപോയത്. ഉരുള്‍പൊട്ടി നശിച്ചുപോയ ഭൂമി മണ്ണും കല്ലുമടിഞ്ഞ് കണ്ണെത്താത്ത ദൂരത്തോളം പരന്നുകിടക്കുകയാണ്.
സ്വതവേ ദുര്‍ബലമായ ഭൂപ്രകൃതിയില്‍ മല പാതി ചെത്തിയുള്ള കെട്ടിടനിര്‍മാണം കൂടിയായതാണ് ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടാകാനുള്ള പ്രധാന കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പൂക്കോട് വെറ്റിനറി കോളേജും കോളേജിനു മുകള്‍വശത്തായി മലയ്ക്കുമുകളില്‍ ഒരുങ്ങുന്ന ‘എന്‍ ഊര്’ എന്ന ആദിവാസി പൈതൃകഗ്രാമ പദ്ധതിയും വൈത്തിരിയില്‍ ഇനി അപകടമുണ്ടാകാന്‍ സാധ്യതയുള്ളയിടങ്ങളായാണ് വിലയിരുത്തപ്പെടുന്നത്. ഏതാനും ദിവസങ്ങള്‍ കൂടി മഴ തുടര്‍ന്നിരുന്നെങ്കില്‍ വെറ്റിനറി കോളേജടക്കം തകര്‍ന്നുവീഴുമായിരുന്നുവെന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ സക്കീര്‍ വിശദീകരിക്കുന്നു. അശാസ്ത്രീയവും വേണ്ടത്ര പഠനങ്ങളുടെ പിന്‍ബലമില്ലാത്തതുമായ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് പൂക്കോട് വെറ്റിനറി കോളേജ് നിലനില്‍ക്കുന്ന മലമുകളില്‍ നടക്കുന്നതെന്നാണ് പ്രദേശത്തെ പരിസ്ഥിതി പ്രവര്‍ത്തകരുടെ പക്ഷം. വെറ്റിനറി കോളജിലെയും പരിസരപ്രദേശങ്ങളിലെയും അപകടസാധ്യതയെക്കുറിച്ച് പരിസ്ഥിതി പ്രവര്‍ത്തകനായ ധര്‍മരാജന്‍ പറയുന്നതിങ്ങനെയാണ്: ‘എന്‍ ഊര് എന്ന ട്രൈബല്‍ ക്രാഫ്റ്റ് വില്ലേജിലടക്കം കുടിലുകള്‍ തകര്‍ന്നിരുന്നു. അവിടെ സത്യത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പാടില്ലാത്തതാണ്. അത്യധികം ദുര്‍ബലമായ പ്രദേശമാണത്. 2009ലെ എക്‌സ്‌പേര്‍ട്ട് കമ്മറ്റി റിപ്പോര്‍ട്ടിലടക്കം എടുത്തു പറയുന്ന ഒരു വസ്തുതയിതാണ്. നവോദയ സ്‌കൂളും ഈ കോംപൗണ്ടിനകത്താണ്. ഓഗസ്തിലെ മഴ പന്ത്രണ്ടു മണിക്കൂര്‍ കൂടി നീണ്ടിരുന്നെങ്കില്‍ വെറ്റിനറി സര്‍വകലാശാലയടക്കം ഒന്നും ബാക്കിയുണ്ടാകില്ലായിരുന്നു. മലകള്‍ ഇടിച്ചു നിരത്തിയും പുല്‍മേടുകള്‍ ഇല്ലാതെയാക്കിയുമാണ് അവിടെ നിര്‍മാണങ്ങള്‍ നടന്നത്.’
ഒരു പക്ഷേ വൈത്തിരിയേക്കാളധികം തകര്‍ക്കപ്പെട്ടിട്ടുള്ളത് മാനന്തവാടി താലൂക്കാണ്. ആദിവാസി ഊരുകള്‍ ധാരാളമുള്ള മാനന്തവാടിയില്‍ പലയിടത്തും മണ്ണിടിച്ചിലിനൊപ്പം ഭൂമിയില്‍ വിള്ളല്‍ വീഴുന്ന പ്രതിഭാസമാണുണ്ടായത്. തിരുനെല്ലി പഞ്ചായത്തിലെ പ്ലാമൂലയിലെ ആദിവാസി കോളനിയില്‍ വീടുകള്‍ക്കകത്ത് വിള്ളലുകള്‍ വീണതും നോക്കിനില്‍ക്കേ വലുതായി വന്ന് പിളര്‍ന്ന്, വീടിന്റെ ഒരു ഭാഗം മുഴുവന്‍ തകര്‍ന്നു വീണതും പ്രദേശവാസികള്‍ക്കും ഭൗമശാസ്ത്രജ്ഞര്‍ക്കും പുതിയ അനുഭവമായിരുന്നു. വിള്ളലുകള്‍ വീഴാനുള്ള കാരണം ഏകദേശം കണ്ടെത്താനായിട്ടുണ്ടെങ്കിലും, ഇവിടങ്ങള്‍ ഇനി വാസയോഗ്യമാണോയെന്നും ഇനിയും അപകടങ്ങള്‍ ഉണ്ടാകുമോയെന്നും തീരുമാനിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. മണ്ണില്‍ വെള്ളമിറങ്ങി, ഉള്ളിലുള്ള പാളികള്‍ കളിമണ്ണിന്റെ ചതുപ്പു സ്വഭാവത്തലേക്കെത്തുകയും, പുറമേയുള്ള പാളികള്‍ തെന്നിനീങ്ങി ‘സബ്‌സിഡന്‍സ്’ എന്ന പ്രതിഭാസമുണ്ടാകുകയുമാണ് ചെയ്തിരിക്കുന്നത്. വിള്ളല്‍ വീണ് തെന്നിനീങ്ങിയ കുന്നിനു മുകളിലെ ഭൂമി, താഴേക്ക് നിരങ്ങിനീങ്ങി താഴ്‌വാരത്തുള്ള റോഡും വയലുകളും അല്പം പൊന്തിപ്പോയിട്ടുണ്ട് തൃശ്ശിലേരിയില്‍ പലയിടത്തും. മക്കിമലയില്‍ ശക്തമായ ഉരുള്‍പൊട്ടലുണ്ടായപ്പോള്‍, തലപ്പുഴയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. തലപ്പുഴയിലെ ശിവന്‍കുന്നിലുള്ള എഞ്ചിനീയറിംഗ് കോളേജിന്റെ നിര്‍മാണവും, കുന്നിനുമുകളില്‍ വലിയ ഗ്രൗണ്ടുണ്ടാക്കിയതുമെല്ലാം ദുരന്തത്തിന്റെ ആഘാതം കൂട്ടിയതായാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ നിരീക്ഷണം. കുന്നിനു മുകളില്‍ പണിതീര്‍ത്ത വലിയ ഗ്രൗണ്ടില്‍ വെള്ളം കെട്ടിക്കിടക്കുകയും, സ്വാഭാവികമായും ആ പ്രദേശം താഴ്ന്നിരുന്നു പോകുകയും ചെയ്യുകയായിരുന്നു. ഓരോയിടത്തും പലതരത്തിലുള്ള പാരിസ്ഥിതികാഘാതങ്ങള്‍ ഒരേ സമയം നേരിടേണ്ടിവന്നത് വയനാടിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ദൗര്‍ബല്യവും കൊണ്ടുതന്നെയാണെന്നതില്‍ തര്‍ക്കമില്ല.
എന്താണ് വയനാട്ടില്‍ സംഭവിച്ചത്?
‘ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഭൂമി തെന്നിമാറലും എവിടെയെല്ലാമാണ് ഉണ്ടായിരിക്കുന്നതെന്ന് കണ്ടെത്തി മാപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മാപ്പെടുത്ത് വയനാടിന്റെ ഭൂപടത്തിനു മുകളില്‍വച്ചാല്‍ ശ്രദ്ധേയമായൊരു കാര്യം കാണാം. മണ്ണിടിച്ചില്‍ ഉണ്ടായിട്ടുള്ളത് അധികവും റോഡുകളുടെ വശത്തുകൂടിയോ അല്ലെങ്കില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നിരിക്കുന്നിടങ്ങളിലൂടെയോ ആണ്. തൃശ്ശിലേരിയിലും മറ്റുമാണ് കൂടുതലും ഈ പ്രശ്‌നങ്ങളുണ്ടായത്. ഭൂമിശാസ്ത്രപരമായി വളരെയേറെ പ്രത്യേകതകളുള്ള ഭൂപ്രദേശമാണ് തൃശ്ശിലേരി. വളരെയധികം പഴക്കം ചെന്ന പാറക്കെട്ടുകളും മറ്റുമാണ് അവിടെയുള്ളത്. ജിയോളജിസ്റ്റുകളാണ് ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തി പറഞ്ഞു തരേണ്ടത്. ജിയോളജിസ്റ്റുകള്‍ കൂടി ഉള്‍പ്പെട്ടിട്ടുള്ള ഒരു മീറ്റിംഗില്‍ ഞങ്ങളുടെ കണ്ടെത്തല്‍ അവതരിപ്പിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച ശേഷം റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കും.‘ സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സുമ വിഷ്ണുദാസ് പറയുന്നു. വയനാട് ജില്ലയില്‍ വ്യാപകമായി മണ്ണിടിച്ചിലുണ്ടായതിന്റേയും ഭൂമിയില്‍ വിള്ളല്‍ വന്നതിന്റേയും കാരണങ്ങളെക്കുറിച്ചും സുമയ്ക്ക് ശാസ്ത്രീയമായ വിശദീകരണം നല്‍കാനുണ്ട്.
‘മഴ കൂടുമ്പോള്‍ മലകളില്‍ വെള്ളം അധികമാകുന്നതു കൊണ്ടാണ് ഉരുള്‍പൊട്ടലുണ്ടാകുന്നത്. വെള്ളം കൊണ്ടുള്ള സമ്മര്‍ദ്ദം മലകളില്‍ അധികമാകുമ്പോള്‍ ഏതെങ്കിലും ഭാഗം വഴി ഇതു പുറത്തുവിട്ടേ മതിയാകൂ. സാധാരണ ഗതിയിലാണെങ്കില്‍ ഉറവകളിലൂടെ പുറത്തുവരും. അങ്ങിനെ ശക്തമായ ഉറവകളെക്കുറിച്ച് പഴയ കര്‍ഷകര്‍ പറഞ്ഞു കേട്ടിട്ടുമുണ്ട്. പക്ഷേ ഉറവ രൂപപ്പെടാനാവശ്യമായ പുല്‍മേടുകളോ, മരങ്ങളോ സസ്യങ്ങളോ ഒന്നുംതന്നെ ഇപ്പോഴില്ല. പല തരത്തിലുള്ള ഭൂപ്രകൃതികളാണ് ഇപ്പോള്‍ നമ്മുടെ മലകളില്‍ മുകളില്‍ കാടായിരിക്കും. അതിനു താഴെ നേരെ കട്ടു ചെയ്ത് കാപ്പിത്തോട്ടം. അതിനു താഴെ തേയിലത്തോട്ടം. ചെറിയ ചെറിയ കഷണങ്ങളില്‍ വീടുകള്‍. പ്രകൃതിദത്തമായ രീതിയില്‍ ഒരേ വെജിറ്റേഷനുള്ളപ്പോഴാണ് കൃത്യമായി വെള്ളം സംഭരിക്കാന്‍ സാധിക്കുക. അങ്ങനെയല്ലാതെയാകുമ്പോള്‍ സമ്മര്‍ദ്ദം സമമായി വീതിക്കപ്പെടില്ലല്ലോ. അതുകൊണ്ടുതന്നെ ഇത് ഏതെങ്കിലുമൊരു ഭാഗത്ത് പുറന്തള്ളപ്പെടും. മലയും മണ്ണും വേര്‍പെടുകയും, ആ ഭാഗത്തൂടെ വെള്ളവും മറ്റും പുറത്തേക്ക് കുത്തിയൊഴുകുകയും ചെയ്യും. ഇങ്ങനെയാണ് വയനാടന്‍ കുന്നുകളില്‍ ഉരുള്‍പൊട്ടലുണ്ടായത്.’
ആദ്യകാലങ്ങളില്‍ ചതുപ്പായിരുന്ന നിലങ്ങള്‍ ചെമ്മണ്ണിട്ടു നികത്തി കൃഷിഭൂമികളുണ്ടാക്കിയിടങ്ങളിളാണ് വിള്ളലുകള്‍ കണ്ടെത്തിയതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വെള്ളം ചെന്നപ്പോള്‍ അടിയിലെ മണ്ണ് ചതുപ്പു സ്വഭാവത്തിലെത്തി, മുകളിലെ മണ്ണില്‍ നിന്നും തെന്നിമാറിയതിന്റെ ഭാഗമായാണ് സബ്‌സിഡന്‍സ് ഉണ്ടായതെന്നും പൈപ്പിംഗ് എന്ന പ്രതിഭാസത്തിന്റെ അനന്തരഫലമാണിതെന്നും ജില്ലാ മണ്ണു സംരക്ഷണ വിഭാഗം മേധാവി ദാസും പറയുന്നുണ്ട്. തുരങ്കമാതൃകയിലുള്ള പൊള്ളയായ ഭാഗങ്ങള്‍ മണ്ണിനടിയിലുണ്ടെന്നും, വെള്ളമിറങ്ങി ഇവ നിറഞ്ഞപ്പോള്‍ മണ്ണിന്റെ സ്വഭാവം മാറി മേല്‍പ്പാളിയില്‍ നിന്നും തെന്നിനീങ്ങിയതെന്നുമാണ് കണ്ടെത്തിയത്. എന്തെല്ലാം പാരിസ്ഥിതിക വിശദീകരണങ്ങള്‍ തന്നാലും, അശാസ്ത്രീയ നിര്‍മാണത്തിന്റെ പങ്ക് ഈ പ്രളയക്കെടുതിയില്‍ കുറച്ചുകാണാനാകില്ലെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ പക്ഷം. ‘വയനാടിന്റെ മാത്രമല്ല, പശ്ചിമഘട്ടത്തിന്റെ മൊത്തം പ്രശ്‌നമാണിത്. ഭൂമി ദുര്‍ബലമാണെന്നു തിരിച്ചറിയാതെ നടത്തുന്ന അനിയന്ത്രിതമായ ഭൂപരിവര്‍ത്തനം, റോഡു നിര്‍മാണങ്ങള്‍. ചെരിഞ്ഞ ഭൂപ്രദേശത്ത് എന്തെല്ലാം തരത്തിലുള്ള നിര്‍മാണങ്ങളാണ് നടത്താനാകുക? നീര്‍ച്ചാലുകള്‍, അരുവികള്‍ തോടുകള്‍ എന്നിവയെ തരംമാറ്റുകയോ വഴിതിരിച്ചുവിടുകയോ ചെയ്യരുതെന്നെല്ലാം എത്രയെത്ര പഠനങ്ങളില്‍ പറഞ്ഞിട്ടുള്ളതാണ്. ഇങ്ങനെയാണ് പശ്ചിമഘട്ടത്തോട് ഇടപെടേണ്ടതെന്ന് കൃത്യമായി പറയുന്ന റിപ്പോര്‍ട്ടുകളെല്ലാം അവഗണിക്കപ്പെട്ടതിന്റെ പ്രത്യാഘാതമാണ് ഇപ്പോള്‍ കണ്ട ദുരന്തം. ഇതുവരെയുണ്ടായ ദുരന്തങ്ങളൊന്നും അപ്രതീക്ഷിതമായി വന്നതല്ല. കൃത്യമായ പഠനങ്ങളുടെ പിന്തുണയോടെ വര്‍ഷങ്ങളായി ഞങ്ങള്‍ ആവര്‍ത്തിക്കുന്നതാണ്. അങ്ങേയറ്റം ദുര്‍ബലപ്രദേശമാണെന്നു കണ്ടിട്ടും അനവധി ക്വാറികള്‍ നിര്‍ബാധം പ്രവര്‍ത്തിക്കുന്ന ബാണാസുരസാഗറിനോടു ചേര്‍ന്നുള്ള പടിഞ്ഞാറത്തറ പ്രദേശത്താണ് ഇനി അടുത്ത ദുരന്തമുണ്ടാകാന്‍ പോകുന്നത്.
പ്രളയം കടന്നുപോയി, പ്രതിസന്ധികള്‍ ഇനിയും ബാക്കി
ഭൂപ്രകൃതിയെക്കുറിച്ചും പശ്ചിമഘട്ടത്തിന്റെ ദുര്‍ബലതയെക്കുറിച്ചും വലിയ ചര്‍ച്ചകള്‍ കൊടുമ്പിരിക്കൊള്ളുന്ന കാലത്തു പോലും, വയനാടിന്റെ ഭൂമിശാസ്ത്രപരമായ പ്രശ്‌നങ്ങളെക്കുറിച്ച് ഗൗരവമായ സമഗ്രപഠനങ്ങള്‍ നടന്നിട്ടില്ലെന്നത് വലിയൊരു പ്രശ്‌നം തന്നെയാണ്. പ്രളയത്തിനു ശേഷവും, എന്തുകൊണ്ടാണ് വയനാട്ടില്‍ പലയിടത്തായി പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടതെന്നു കണ്ടെത്താനും, ഇത്തരം പ്രദേശങ്ങളുടെ സുരക്ഷ വിലയിരുത്താനും, തുടര്‍ന്നും പ്രശ്‌നങ്ങളില്ലാതിരിക്കാന്‍ ചെയ്യേണ്ടതെന്തെന്ന് കണ്ടെത്താനുമുതകുന്ന പഠനങ്ങള്‍ യാതൊന്നും നടന്നിട്ടില്ലെന്നും അമ്പരപ്പുണ്ടാക്കുന്ന വസ്തുതയാണ്. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയടക്കമുള്ള ദേശീയ ഏജന്‍സികള്‍ പഠനത്തിനായി വയനാട്ടിലെത്തിയിരുന്നെങ്കിലും, സമഗ്രമായ പഠനം നടന്നിട്ടുണ്ടോയെന്ന ആശങ്കയാണ് ഗവേഷകര്‍ക്ക് പങ്കുവയക്കാനുള്ളത്. ഇനി വിശദമായ പഠനങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കില്‍ത്തന്നെ, സാധാരണക്കാര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാക്കിക്കൊടുക്കുന്ന വിധത്തില്‍ റിപ്പോര്‍ട്ട് വിശദീകരിക്കാനോ, പഠിതാക്കള്‍ക്ക് ഉപയോഗപ്പെടുന്ന രീതിയില്‍ പരസ്യമായി പ്രസിദ്ധീകരിക്കാനോ ഇത്തരം ഏജന്‍സികള്‍ തയ്യാറാകാറില്ലെന്നും ഇവര്‍ പറയുന്നു. ഭൂമിയില്‍ വിള്ളല്‍ വീഴുന്ന പ്രതിഭാസം ആദ്യമായി കണ്ട് ഭയന്നു പോയ തച്ചറക്കൊല്ലിക്കാര്‍ക്കും സമാനമായ പരാതികളുണ്ട്. ഈ പ്രതിസന്ധിയുടെ എല്ലാ സങ്കീര്‍ണതകളും ഏറ്റവുമടുത്തു നിന്നു കാണുകയും, എല്ലാ പരിണിതഫലങ്ങളും ഏറ്റവുമാദ്യം അനുഭവിക്കുകയും ചെയ്യുന്ന തങ്ങള്‍ക്ക് വിശദീകരിച്ചു തരാനാകില്ലെങ്കില്‍, പിന്നെ പഠനങ്ങള്‍ നടത്തുന്നതെന്തിന് എന്നാണ് ഇവരുടെ ചോദ്യം. ആ ചോദ്യത്തില്‍ കഴമ്പുണ്ടുതാനും. പഠനം നടത്തി തിരികെപ്പോയ ഏജന്‍സികളാരും ഇതേവരെ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പങ്കുവയ്ക്കുക പോലും ചെയ്തിട്ടില്ല. പ്രദേശം വാസയോഗ്യമാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ വിലയിരുത്താന്‍ ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതുവരെ കാത്തിരിക്കേണ്ടിവരികയും ചെയ്യും.
പ്രളയാനന്തരമെങ്കിലും വയനാട്ടിലെ പരിസ്ഥിതിയെയും നിര്‍മാണമേഖലയിലെ പ്രശ്‌നങ്ങളെയും ഗൗരവമായി കണക്കിലെടുക്കണമെന്ന മുറവിളികള്‍ ഉയരുന്നതിനിടയില്‍ത്തന്നെ, അടുത്ത ഘട്ട പ്രതിസന്ധികളിലേക്കുള്ള ടിക്കറ്റും തയ്യാറാകുന്നുണ്ട്. മണ്ണിച്ചിലിനെത്തുടര്‍ന്ന് റോഡുഗതാഗതം തടസ്സപ്പെട്ടപ്പോള്‍, ഇടിഞ്ഞ മണ്ണു നീക്കുന്നതിലുള്ള നിയമതടസ്സം ഭാഗികമായി എടുത്തുമാറ്റിയിരുന്നു. റോഡുകളില്‍ നിന്നും മണ്ണു നീക്കാന്‍ സ്വകാര്യവ്യക്തികള്‍ക്കും സന്നദ്ധസംഘടനകള്‍ക്കും സാധ്യമാകുന്ന രീതിയിലായിരുന്നു ഈ ഭേദഗതി. ഗതാഗതം എത്രയുംപെട്ടന്ന് പുനഃസ്ഥാപിക്കുക എന്ന ഉദ്ദേശത്തോടെ ചെയ്ത ഈ നീക്കവും പക്ഷേ, അപകടത്തിലാണ് കലാശിച്ചത്. റോഡില്‍ നിന്നും സ്വകാര്യവ്യക്തികള്‍ നീക്കം ചെയ്ത മണ്ണ് എത്തിച്ചേര്‍ന്നത് വയനാടിന്റെ പലഭാഗങ്ങളിലുള്ള നീര്‍ത്തടങ്ങളിലാണ്. നിയമപ്രകാരം സംരക്ഷിക്കപ്പെടേണ്ട നീര്‍ത്തടങ്ങളെല്ലാം പ്രളയാനന്തരം ഇങ്ങനെ നികത്തപ്പെട്ടു എന്നതാണ് യാഥാര്‍ത്ഥ്യം. വൈത്തിരിയിലും പനമരത്തും ഏക്കറുകണക്കിന് തണ്ണീര്‍ത്തടങ്ങളാണ് ഇത്തരത്തില്‍ നികത്തപ്പെട്ടത്. ഗുരുതരമായ പ്രശ്‌നങ്ങളിലൊന്നായാണ് പരിസ്ഥിതി പ്രവര്‍ത്തകരും ഗവേഷകരും ഇത് ചൂണ്ടിക്കാട്ടുന്നത്.
വയനാട്ടില്‍ ഇനി ശ്രദ്ധിക്കേണ്ട മറ്റൊരു പ്രശ്‌നം ചുരങ്ങളുടെ സുരക്ഷയാണ്. താമരശ്ശേരി ചുരം, നാടുകാണിച്ചുരം, പാല്‍ച്ചുരം, പെരിയ ചുരം, പക്രന്തളം ചുരം എന്നിങ്ങനെ ചുരങ്ങള്‍ വഴിയാണ് വയനാട് മറ്റു ജില്ലകളുമായും സംസ്ഥാനങ്ങളുമായും ബന്ധിക്കപ്പെടുന്നത്. ജില്ലയിലെ അസംഖ്യം ക്വാറികളില്‍ നിന്നുള്ള അസംസ്‌കൃത വസ്തുക്കള്‍ കടത്താനും, കര്‍ണാടകത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമുള്ള ചരക്ക് എത്തിക്കാനുമുള്ള വലിയ വാഹനങ്ങള്‍ സഞ്ചരിക്കുന്നതു മുതല്‍, വലിയ കെട്ടിടങ്ങളും റിസോര്‍ട്ടുകളും ചുരങ്ങളില്‍ പണിയുന്നതുവരെയുള്ള കാര്യങ്ങള്‍ ചേര്‍ന്ന് വയനാടിനെ വലിയ ആഘാതത്തിലേക്കാണ് കൊണ്ടെത്തിക്കാന്‍ പോകുന്നതെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ പക്ഷം. താമരശ്ശേരി ചുരവും പാല്‍ച്ചുരവും ഇടയ്ക്കിടെ മണ്ണിടിയുന്ന പതിവുമുണ്ട്. പശ്ചിമഘട്ടത്തിലെ ചുരങ്ങള്‍ പോലുള്ള ഭൂവിഭാഗങ്ങള്‍ അങ്ങേയറ്റം സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടുന്നതിന്റെ ആവശ്യകതയാണ് ഇനി ചര്‍ച്ചയാകേണ്ടത്. ചുരത്തില്‍ മള്‍ട്ടി സ്‌റ്റോറി കെട്ടിടങ്ങള്‍ക്കുള്ള അനുമതി മുന്‍ ജില്ലാ കലക്ടര്‍ നിഷേധിച്ചത് പ്രതീക്ഷയ്ക്കു വകയുള്ള കാര്യമാണെങ്കിലും, തുരങ്കപാത പോലുള്ള ആശയങ്ങളുമായി വീണ്ടും ചുരത്തിനെ സമീപിക്കുന്നവര്‍ ഇനിയെങ്കിലും വയനാട്ടിലെ നിലനില്‍പ്പിന്റെ പ്രശ്‌നങ്ങള്‍ പഠിക്കേണ്ടതുണ്ടെന്ന് ഇവര്‍ പറയുന്നു.
1924ലെ പാരിസ്ഥിതികാഘാതത്തിനു ശേഷം വയനാട് കണ്ട ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോഴുള്ളത്. കാര്‍ഷികരംഗം എന്നു കരകയറുമെന്നതിനു പോലും വ്യക്തമായ ഉത്തരമില്ല. ഭൂപ്രകൃതിയും മണ്ണിന്റെ ഘടനയും പാടേ മാറിപ്പോയതിനാല്‍ കര്‍ഷകര്‍ ഇനിയേറെ പണിപ്പെട്ടാലേ നഷ്ടമായ വിളവ് തിരിച്ചുപിടിക്കാനാകൂ. ജില്ലയിലെ പ്രധാന വിളയായിരുന്ന കുരുമുളക് അടക്കമുള്ളവ ഇനിയെന്നാണ് വീണ്ടും പഴയ പ്രതാപത്തിലേക്കെത്തുക എന്ന ചിന്തയിലാണ് ഇവിടത്തെ കര്‍ഷകര്‍. സംസ്ഥാനത്തെങ്ങും പ്രളയത്തിനു ശേഷം എടുത്തിട്ടുള്ള നയങ്ങളുടെ പരിധിയില്‍ മാത്രം പെടുത്താതെ, വയനാടിനെ പ്രത്യേകമായി പരിഗണിക്കുകയും ജൈവവൈവിധ്യവും പാരിസ്ഥിതികമായ ബലഹീനതയും കണക്കിലെടുത്ത് ഇനിയുള്ള കാലമെങ്കിലും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവരികകൂടി ചെയ്യണമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ ആവശ്യം. നിലവിലെ സാഹചര്യത്തില്‍ എത്രത്തോളം പ്രാവര്‍ത്തികമാകുമെന്നതിനേക്കുറിച്ച് സംശയമുണ്ടെങ്കിലും, അതിനായി പോരാടാനുള്ള ഒരുക്കത്തിലാണിവര്‍.