UPDATES

കേരളം

ദുരൂഹതകള്‍ ഒഴിയാതെ കോണ്‍ക്രീറ്റ് വീപ്പയിലെ ജഡം

ശകുന്തളയുടെ കൊലപാതകി സജിത്ത് ആണെന്ന നിഗമനവും അതിനൊപ്പം സജിത്തിന്റെ ദുരൂഹത നിറഞ്ഞ മരണവും ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും അവശേഷിപ്പിച്ചിരിക്കുകയാണ്

ചോറ്റാനിക്കരയില്‍ എരുവേലി ജംഗ്ഷനില്‍ നിന്നും രണ്ടര കിലോമീറ്ററോളം മാറി, പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ശാന്തിതീരം ശ്മശാനവും കഴിഞ്ഞുള്ള, തന്റെ ഉടമസ്ഥതയിലുള്ള വീട്ടിലേക്ക് ശകുന്തളയും മകള്‍ അശ്വതിയും രണ്ട് കുട്ടികളും വാടകയ്ക്ക് താമസിക്കാന്‍ വരുന്നത് ടൈറ്റസ് ജോര്‍ജ് ഓര്‍ക്കുന്നുണ്ട്. തങ്ങള്‍ അമ്മയും മകളുമാണെന്നും കുട്ടികള്‍ അശ്വതിയുടേതാണെന്നും മറ്റാരും ബന്ധുക്കളായി ഇല്ലെന്നുമായിരുന്നു പറഞ്ഞത്. മാസം 6000 രൂപ വാടകയ്ക്കായിരുന്നു തന്റെ പഴയ വീട് ഇവര്‍ക്കായി വാടകയ്ക്ക് കൊടുത്തതെന്നും ടൈറ്റസ് ജോര്‍ജ് ഓര്‍ക്കുന്നു. തുടക്കകാലത്ത് ഇവരുടെ പെരുമാറ്റത്തിലോ നടപ്പിലോ അസ്വാഭാവികതയൊന്നുമില്ലായിരുന്നു. അതുകെണ്ട് തന്നെ വാടകക്കാരുടെ വ്യക്തിപരമായ കാര്യങ്ങള്‍ ഒന്നും തിരക്കാറില്ലായിരുന്നു. മരിച്ച ശകുന്തളയ്ക്ക് ഒരു ടു വീലര്‍ ഉണ്ടായിരുന്നു. അവര്‍ അതിലായിരുന്നു സഞ്ചരിച്ചിരുന്നത്. എന്നാല്‍ അയല്‍വാസികളായോ നാട്ടുകാരായോ ഇവര്‍ക്ക് സൗഹൃദ ബന്ധങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ടൈറ്റസ് ജോര്‍ജ് അഴിമുഖത്തോടു പറഞ്ഞു. ശകുന്തള വീട്ടില്‍ ഉണ്ടാകുന്ന സമയം കുറവായിരുന്നു, ടൂ വീലറില്‍ നിന്നും വീണു കാലിനു പരിക്കേറ്റ് പുറത്ത് പോകാന്‍ കഴിയാതെ വീട്ടില്‍ തന്നെയായിരുന്ന സമയത്താണ് ഇവരെ തങ്ങളില്‍ പലരും ശരിക്കും കാണുന്നതെന്നും മറ്റുള്ള അയല്‍ക്കാര്‍ പറയുന്നു.

ഒരിക്കല്‍ ശകുന്തള താമസിക്കുന്നിടത്ത് ഒരു ചെറുപ്പക്കാരനെ കണ്ടു. ആതാരാണെന്നു ചോദിച്ചപ്പോള്‍ ചേച്ചിയുടെ മകനാണ്, കുറച്ചു ദിവസം ഇവിടെ കാണും എന്നായിരുന്നു ശകുന്തളയുടെ മറുപടിയെന്നും ടൈറ്റസ് ജോര്‍ജ് പറഞ്ഞു.

ആ ചെറുപ്പക്കാരന്‍ സജിത് ആയിരുന്നു. ശകുന്തളയുടെ കൊലപാതികയാണെന്നും സംശയിക്കുന്ന സജിത്തിന്റെ മരണത്തിലും ദുരൂഹതകള്‍ അവശേഷിക്കുകയാണ്.

ഉപേക്ഷിക്കപ്പെട്ട ഒരു കുഞ്ഞ്, വഴിതെറ്റിപ്പോയ ജീവിതം
വര്‍ഷങ്ങള്‍ക്കു മുമ്പ് ഉദയംപേരൂര്‍ വലിയകുളം പ്രദേശത്ത് ഉപേക്ഷിച്ച നിലയില്‍ ഒരു കുഞ്ഞിനെ കണ്ടു കിട്ടി. വയറ്റാട്ടി സരസു, ആ കുഞ്ഞിനെ എടുത്തു വളര്‍ത്തി. അച്ഛനും അമ്മയയും ആരെന്നറിയാതെ സരസുവിന്റെ വളര്‍ത്തു മകളായാണ് ശകുന്തള വളര്‍ന്നത്; ഉദയംപേരൂര്‍ തേരേയ്ക്കല്‍ കവലയിലെ നാട്ടുകാര്‍ തങ്ങള്‍ക്ക് അറിയാവുന്ന ശകുന്തളയുടെ ജീവിതകഥ പങ്കുവയ്ക്കുകയാണ്. പത്താം ക്ലാസ് കഴിഞ്ഞ് തയ്യല്‍ പഠനത്തിനു പോയി. ഉദയംപേരൂര്‍ സ്വദേശിയായ ദാമോദരനാണ് ശകുന്തളയെ വിവാഹം കഴിച്ചത്. ശകുന്തളയ്ക്കും ദാമോദരനും രണ്ടു മക്കളായിരുന്നു; ഒരാണും ഒരു പെണ്ണും. ബിജെപി അനുഭാവിയായിരുന്നു ദാമോദരന്‍. 1982 ല്‍ വീട്ടിലേക്ക് ബോംബ് എറിഞ്ഞ് സിപിഎം നേതാവിന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ദാമോദരന്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായി. ഇതോടെ ശകുന്തളയുടെ കുടുംബജീവിതം താളം തെറ്റി. ഭര്‍ത്താവ് ജയില്‍ ആയതോടെ ശകുന്തള തെറ്റായ വഴികളിലൂടെ പോവുകയായിരുന്നു. ശിക്ഷ കഴിഞ്ഞ ദാമോദരന്‍ തിരിച്ചു വരുമ്പോഴേക്കും ശകുന്തള ആകെ മാറിയിരുന്നു. ഭര്‍ത്താവ് തിരികെ വന്നെങ്കിലും അവരുടെ ദാമ്പത്യബന്ധം പഴയതുപോലെ മുന്നോട്ടു പോയില്ല. വൈകാതെ ഇരുവരും പിരിയുകയും ചെയ്തു.

ദാമോദരന്‍ ജയിലില്‍ പോകുന്നതിനും മുന്നേ തന്നെ മകള്‍ അശ്വതിയുടെ വിവാഹം കഴിഞ്ഞിരുന്നു. അയല്‍വാസിയായ സുധി എന്ന ചെറുപ്പക്കാരനുമായി അശ്വതി ഇഷ്ടത്തിലായിരുന്നു. ആ ബന്ധം അറിഞ്ഞതിനെ തുടര്‍ന്ന് ദാമോദരന്‍ തന്നെ മുന്‍കൈയെടുത്താണ് വിവാഹം നടത്തിയത്. തന്റെ കുടുംബസ്വത്ത് വിറ്റായിരുന്നു ദാമോദരന്‍ അശ്വതിയുടെ വിവാഹം നടത്തിയത്. ഇതേ സ്വത്ത് വിറ്റു കിട്ടിയ പണം കൊണ്ടു തന്നെ ഉണ്ടാക്കിയ ഒരു ചെറിയ വീട്ടിലായിരുന്നു ദാമോദരനും ശകുന്തളയും താമസിച്ചിരുന്നതും. എന്നാല്‍ ദാമോദരന്‍ ജയിലില്‍ നിന്നും ശിക്ഷ കഴിഞ്ഞു തിരിച്ചെത്തുമ്പോള്‍ ശകുന്തള അത്യാവശ്യം സമ്പന്നയായി കഴിയുന്നതാണ് കാണുന്നത്. ഇതെല്ലം തെറ്റായ മാര്‍ഗങ്ങളിലൂടെയാണ് നേടിയതെന്നു മനസിലാക്കിയതോടെയാണ് ദാമോദരന്‍ ശകുന്തളുമായി അകലുന്നത്. പിന്നീട് ദാമോദരന്‍ ഒരു മദ്യപാനിയായി മാറി. അതോടെ ദാമോദരന്‍ എല്ലാവരില്‍ നിന്നും അകലുകയും ഒറ്റപ്പെട്ടുള്ള ജീവിതം നയിക്കുകയും ചെയ്തു. ഇപ്പോള്‍ ഉദയംപേരൂര്‍ തേരേയ്ക്കലെ വള്ളങ്ങള്‍ കയറ്റിയിടുന്ന ലാന്‍ഡിംഗിലും കടത്തിണ്ണയിലുമാണ് രാത്രി വാസം.

മകന്റെയും മകളുടെയും ജീവിതത്തകര്‍ച്ച
ശകുന്തളയുടെ മൂത്തമകന്‍ വിവാഹം കഴിച്ചിരുന്നില്ല. ഇയാള്‍ ഒരപകടത്തില്‍പ്പെട്ട് കിടപ്പിലാവുകയും പിന്നീട് ആത്മഹത്യ ചെയ്യുകയുമായിരുന്നു. മകന്റെ അകാലത്തിലുള്ള വേര്‍പാട് ശകുന്തളയെ മാനസികമായി തളര്‍ത്തിയിരുന്നു. ഇതിനൊപ്പമായിരുന്നു മകളുടെ കുടുംബജീവിതത്തിലെ അസ്വാരസ്യങ്ങള്‍. ആ ദാമ്പത്യബന്ധവും നീണ്ടുനില്‍ക്കാതെ പൊടുന്നനെ അവസാനിച്ചു. അശ്വതിയും ഭര്‍ത്താവ് സുധിയും നിയമപരമായി പിരിഞ്ഞു. വിവാഹമോചനം അനുവദിക്കുമ്പോള്‍ കുട്ടികളെ സംരക്ഷിക്കുന്നതിന്റെ ചെലവിലേക്കായി സുധിയില്‍ നിന്നും മാസം തോറുമുള്ള നഷ്ടപരിഹാര തുകയും അശ്വതിക്ക് അനുകൂലമായി കോടതി വിധിച്ചിരുന്നു. സുധിയുമായി പിരിഞ്ഞതിനുശേഷം അശ്വതി അമ്മയുടെ അടുക്കലേക്ക് തിരിച്ചെത്തി. എന്നാല്‍ ശകുന്തളയുമായും അകന്ന അശ്വതി പിന്നീട് കോഴിക്കോട് സ്വദേശി അനൂപുമൊത്തായി താമസം. എന്നാല്‍ ഒരു അനാശാസ്യകേസില്‍ അകപ്പെട്ടതോടെ അശ്വതിയെ അനൂപ് ഉപേക്ഷിച്ചു. ഇതോടെ വീണ്ടും ശകുന്തളയുടെ അടുക്കലേക്ക് തന്നെ മകള്‍ തിരിച്ചെത്തി.

സജിത്തിനെ അശ്വതി ശകുന്തളയ്ക്കും പരിചയപ്പെടുത്തി. ശകുന്തളയുടെയും അശ്വതിയുടെയും ജീവിതത്തില്‍ സജിത്ത് ഒരു സഹായിയായി മാറി. സാമ്പത്തികമായും അല്ലാതെയും സജിത്തിന്റെ പിന്തുണ ഇരുവര്‍ക്കും ലഭിച്ചു. ശകുന്തളയ്ക്ക് ഇരുചക്ര വാഹനം വാങ്ങിക്കൊടുത്തതും തിരുവാങ്കുളത്ത് വീട് വാകയ്‌ക്കെടുത്ത് കൊടുത്തതും തയ്യല്‍ക്കട ഇട്ട് കൊടുത്തതുമെല്ലാം സജിത്തായിരുന്നു. എന്നാല്‍ സജിത്തിനെ ശരിക്കും മനസിലായതോടെ ശകുന്തള അയാളുമായി തെറ്റി.

ദുരൂഹതകളുമായി വന്ന അതിഥി
കൊച്ചിയില്‍ ട്രാഫിക് വാര്‍ഡനായിരുന്ന സജിത്ത് പിന്നീട് എരൂരില്‍ നാല് കുതിരകളുമായി കുതിര സവാരി പഠിപ്പിക്കാനുള്ള സ്ഥാപനം തുടങ്ങി. ഈ ബിസിനസ് തകര്‍ന്നതോടെയാണ് മൃഗക്ഷേമ സംഘടനയായ എന്‍പിസിപി ഇന്‍സ്‌പെക്ടറായത്. ഉദ്യോഗ തലത്തിലും പുറത്തും ഇയാള്‍ക്ക് വലിയ ബന്ധങ്ങളുണ്ടായിരുന്നു. മയക്കു മരുന്നു കേസുകളില്‍പ്പെട്ടവരുമായി ഉള്‍പ്പെടെ പല തെറ്റായ ബന്ധങ്ങളും സജിത്തിനുണ്ടായിരുന്നത്രേ. അശ്വതിയുടെയും മക്കളുടെയും സംരക്ഷണമേറ്റെടുക്കാന്‍ സജിത്തിന് സമ്പാദ്യമുണ്ടായിരുന്നു. ഇരുവരും ആഡംബരത്തോടെയായിരുന്നു ജീവിച്ചത്. ഇതിന്റെ പങ്കായിരുന്നു ശകുന്തളയും അനുഭവിച്ചത്. എന്നാല്‍ സജിത്തിന് നിയമാനുസൃതമായി വേറെ ഭാര്യയും കുടുംബവും ഉണ്ടെന്ന് ശകുന്തള മനസിലാക്കിയതോടെ ഇരുവരും തെറ്റി.

സജിത്തുമായി തെറ്റിയതിനൊപ്പം മകളുമായും ശകുന്തളയ്ക്ക് അകല്‍ച്ചയുണ്ടായി. അതിനു കാരണം, തന്നോട് ചര്‍ച്ച ചെയ്യാതെ സ്വന്തം പേരിലുണ്ടായിരുന്ന വേങ്ങൂരിലെ ഭൂമി വിറ്റ് ചോറ്റാനിക്കരയില്‍ സ്ഥലം വാങ്ങി വീടുവയ്ക്കാന്‍ ശകുന്തള ശ്രമിച്ചതില്‍ അശ്വതിക്കുണ്ടായ വിയോജിപ്പായിരുന്നു. മകന്‍ ആത്മഹത്യ ചെയ്യുന്നതിനു മുമ്പ് ഒരു അപകടത്തില്‍പ്പെട്ടിരുന്നു. അതിന്റെ നഷ്ടപരിഹാരമായി കിട്ടിയതും ശകുന്തളയക്ക് സംഭവിച്ച വാഹനാപകടത്തിന്റെ നഷ്ടപരിഹാര തുകയും അമ്മ തന്നെ കൈവശം വച്ചതിലും അശ്വതിക്ക് അമര്‍ഷം ഉണ്ടായിരുന്നു. ഇതിനെ ചൊല്ലി അമ്മയും മകളും കലഹത്തിലായിരുന്നു.

വാടക വീടൊഴിഞ്ഞ് മരണത്തിലേക്ക്?
എരുവേലിയിലെ വാടക വീട് ഒഴിയുമ്പോള്‍ ശകുന്തളയ്ക്ക് ഒപ്പം സജിത്തും അശ്വതിയും ഉണ്ടായിരുന്നു. മക്കളെ കോട്ടയത്തെ ബന്ധുവീട്ടില്‍ താമസിപ്പിച്ചിരിക്കെയാണെന്നും വീടിന്റെ സ്ഥാനം ശരിയല്ലെന്നും ഇവിടം വിട്ടുപോവുകയാണെന്നുമാണ് വീടൊഴിയാനുള്ള കാരണമായി അശ്വതി തന്നോടു പറഞ്ഞതെന്നു വീട്ടുടമ ഓര്‍ക്കുന്നു. ഈ സമയം അപകടത്തെ തുടര്‍ന്ന് കാലില്‍ പ്ലാസ്റ്റര്‍ ഇട്ട നിലയില്‍ വിശ്രമത്തിലായിരുന്നു ശകുന്തള. ആ സമയത്ത് അവര്‍ക്ക് അഞ്ചാം പനിയും പിടിപെട്ടിരുന്നതായും വീട്ടുടമ ടൈറ്റസ് ജോര്‍ജ് പറയുന്നു. പോയതിനുശേഷം ശകുന്തള ഇങ്ങോട്ട് തിരികെ വന്നതായി ആരും കണ്ടിട്ടില്ല. ദിവസങ്ങള്‍ കഴിഞ്ഞ് വീട്ടുസാധനങ്ങള്‍ എടുക്കാന്‍ സജിത്ത് സുഹൃത്തുക്കളുമായി എത്തിയിരുന്നു. രാത്രി പത്തരയോടെയായിരുന്നു വീട്ടുസാധനങ്ങള്‍ എടുക്കാനെത്തിയത്. വീട്ട് കൈമാറി കഴിഞ്ഞപ്പോള്‍ വീട് തുടച്ച് വൃത്തിയാക്കിയാണ് നല്‍കിയിരുന്നതെന്നു വീട്ടുടമ പറയുന്നു.

ഇതിനുശേഷം ശകുന്തളയെ കുറിച്ച് എരുവേലിക്കാര്‍ കേള്‍ക്കുന്നത് കുമ്പളം കായലില്‍ കോണ്‍ക്രീറ്റ് നിറച്ച വീപ്പയ്ക്കുള്ളില്‍ കണ്ടെത്തിയ അസ്ഥികൂടം ശകുന്തളയുടേതാണെന്നു കണ്ടെത്തിയതോടെയാണ്. ശകുന്തളയുടെ കൊലപാതകി സജിത്ത് ആണെന്ന നിഗമനവും അതിനൊപ്പം സജിത്തിന്റെ ദുരൂഹത നിറഞ്ഞ മരണവും ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും അവശേഷിപ്പിച്ചിരിക്കുകയാണ്.

അമല്‍ ജോയ്‌

അമല്‍ ജോയ്‌

അഴിമുഖം റിപ്പോര്‍ട്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍