UPDATES

സംവരണാനുകൂല നിലപാടെടുത്ത പ്രിന്‍സിപ്പലിനെ മാനേജ്മെന്റ് സസ്പെന്റ് ചെയ്തു; സംഭവം കേരളത്തില്‍

”കോളേജില്‍ നടക്കുന്ന അനധികൃത നിയമനങ്ങള്‍ക്കും ക്രമക്കേടുകള്‍ക്കുമെതിരെ പ്രതികരിച്ചതിനാണ് ഇപ്പോള്‍ സസ്പന്‍ഡ് ചെയ്തിരിക്കുന്നത്.”

സംവരണത്തിനനുകൂലമായി വാദിച്ച അധ്യാപികക്ക് സസ്പെന്‍ഷന്‍. എറണാകുളം മൂത്തകുന്നം എസ്എന്‍എം ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എം.പി അനിതയ്‌ക്കെതിരെയാണ് കോളേജ് മാനേജ്‌മെന്റിന്റെ നടപടി. കോളേജിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പ്രതികരിച്ചു എന്നും ആ പ്രതികരണം കോളേജിന്റെ താത്പര്യത്തെ ഹനിക്കുന്നതാണെന്നും കാണിച്ചാണ് മാനേജ്‌മെന്റ് അധ്യാപികയെ സര്‍വീസില്‍ നിന്ന് സസ്പന്‍ഡ് ചെയ്തത്.

കഴിഞ്ഞ വര്‍ഷം എയ്ഡഡ് മേഖല സംവരണ പ്രക്ഷോഭ സമിതി, സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന മുഴുവന്‍ സ്ഥാപനങ്ങളിലെയും തൊഴില്‍ വ്യാപ്തിയുടെ പത്ത് ശതമാനം പട്ടികജാതി-പട്ടികവര്‍ഗ സംവരണം നടപ്പിലാക്കണമെന്ന ആവശ്യമുന്നയിച്ച് സര്‍ക്കാരിന് മെമ്മോറാണ്ടം നല്‍കിയിരുന്നു. എയ്ഡഡ് മേഖലയില്‍ സര്‍ക്കാര്‍ ചെലവഴിക്കുന്ന പൊതുഫണ്ടിന്റെ പത്ത് ശതമാനം വിഹിതം എസ് സി-എസ്.ടി. വിഭാഗങ്ങള്‍ക്ക് ഉറപ്പ് വരുത്തണം തുടങ്ങി അഞ്ച് ആവശ്യങ്ങളുന്നയിച്ചായിരുന്നു മെമ്മോറാണ്ടം നല്‍കിയത്. ഇത് കണക്കിലെടുത്ത സര്‍ക്കാര്‍, കോളേജ് വിദ്യാഭ്യാസ ഉപമേധാവിക്ക് ഈ മെമ്മോറാണ്ടം കൈമാറി. എയ്ഡഡ് മേഖലയിലെ സ്ഥാപനങ്ങളില്‍ സംവരണം നടപ്പാക്കുന്നുണ്ടോ എന്ന് അന്വേഷിക്കാനും സര്‍ക്കാര്‍ കോളേജ് വിദ്യാഭ്യാസ ഉപമേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് കോളേജ് വിദ്യാഭ്യാസ ഉപമേധാവി അതത് സ്ഥാപനങ്ങളില്‍ സംവരണം എങ്ങനെ നടപ്പാക്കിയിരിക്കുന്നു എന്നതിന്റെ റിപ്പോര്‍ട്ട് നല്‍കാനും, പ്രിന്‍സിപ്പല്‍മാരോട് ഇക്കാര്യത്തിലുള്ള അഭിപ്രായവും ആരാഞ്ഞ് എല്ലാ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും പ്രിന്‍സിപ്പല്‍മാര്‍ക്ക് മെമ്മോറാണ്ടവും നിര്‍ദ്ദേശവും കൈമാറി. എസ്എന്‍എം ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പല്‍ എ.പി അനിത ഇതിന് മറുപടിയായി നല്‍കിയ രേഖകളും അഭിപ്രായങ്ങളുമാണ് മാനേജ്മെന്റിനെ ചൊടിപ്പിച്ചത്.

എസ് എന്‍ എം ട്രെയിനിങ് കോളേജിലെ ആകെ ജീവനക്കാരില്‍ ഒരു അധ്യാപിക മാത്രമാണ് പട്ടികജാതി വിഭാഗത്തില്‍ പെടുന്നത് എന്ന് മറുപടി കത്തില്‍ അനിത സൂചിപ്പിച്ചിരുന്നു. അധ്യാപകരുടേയും അനധ്യാപക ജീവനക്കാരുടേയും കൃത്യമായ കണക്കുകള്‍ അവതരിപ്പിച്ചുകൊണ്ട് കോളേജില്‍ സംവരണം നടപ്പിലാവുന്നില്ലെന്നും കത്തില്‍ പറയുന്നു. അനിതയുടെ മറുപടി കത്തിലെ പ്രസക്തഭാഗങ്ങള്‍; “എയ്ഡഡ് മേഖല സംവരണ പ്രക്ഷോഭ സമിതി മെമ്മോറാണ്ടത്തിലെ വസ്തുതകള്‍ അടിയന്തിരമായി പരിഗണിക്കേണ്ടതാണ്. ഞങ്ങളുടേതടക്കം അറിയുന്നിടത്തോളം പ്രൈവറ്റ് സ്ഥാപനങ്ങള്‍ക്കും ശമ്പളം മാത്രമല്ല, വന്‍തോതില്‍ സാമ്പത്തിക സഹായവും (കോടികള്‍ ആണ്) യുജിസിയും സര്‍ക്കാറും വിവിധ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്കും നിര്‍മ്മാണങ്ങള്‍ക്കുമായി നല്‍കുന്നു. അതായത്, ഫലത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളാണ്. പക്ഷേ ഇവയൊന്നും സംവരണ തത്വങ്ങള്‍ പാലിക്കുന്നില്ല. ഗവണ്‍മെന്റിന്റെ ഉദാര സമീപനവും മാനേജ്‌മെന്റുകളുടെ അഴിമതിയും സ്വജനപക്ഷപാതവും ആണ് മെമ്മോറാണ്ടത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന തികഞ്ഞ സമൂഹിക അനീതിക്ക് കാരണം.

മെമ്മോറാണ്ടത്തില്‍ പറഞ്ഞിരിക്കുന്നത് പോലെ അധ്യാപക നിയമനങ്ങളില്‍ യാതൊരു കാരണവശാലും സംവരണ തത്വങ്ങള്‍ പാലിക്കപ്പെടാതെ പോകരുത്. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നമ്മുടെ വിദ്യാഭ്യാസ മേഖല വളര്‍ത്തുകയല്ല, തകര്‍ക്കുകയാണ്. ചിലരുടെ കീശവീര്‍പ്പിക്കല്‍ നടക്കുന്നുണ്ട്. എസ്എന്‍എം ട്രെയിനിങ് കോളേജിന്റെ കാര്യത്തില്‍ കോര്‍പ്പറേറ്റ് മാനേജ്‌മെന്റായതിനാല്‍ അനധ്യാപകര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലും ട്രെയിനിങ് കോളേജിലും പൊതുവായാണ് നിയമിക്കപ്പെടുന്നത്. അത് ആദ്യ പോസ്റ്റിങ് പ്യൂണ്‍ ആയിട്ടാണ്. ഭൂരിഭാഗം പേരും വെറും എസ് എസ് എല്‍ സി വിദ്യാഭ്യാസ യോഗ്യത മാത്രമുള്ളവരാണ്. ഇതുപോലും ഇല്ലാത്തവര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം തുല്യതാപരീക്ഷയെഴുതി എസ്എസ്എല്‍സി പാസ്സാവുന്നു. ഇവരാണ് പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ക്ലര്‍ക്കുമാരാകുന്നത്. ഇത് കോളേജ് ഓഫീസ് പ്രവര്‍ത്തനങ്ങളെ വളരെയധികം വിപരീതമായി ബാധിക്കുന്നു. ഈ നിയമനങ്ങളില്‍ സംവരണം എന്തെന്ന് അറിയാത്തത് പോലെയാണ് മാനേജ്‌മെന്റുകള്‍ പ്രവര്‍ത്തിക്കുന്നത്. അധ്യാപക നിയമനങ്ങളും അന്യായമായ രീതിയിലാണ്. ഞങ്ങളുടെ കോളേജുകളിലെ പ്രത്യേക സാഹചര്യം ഈ സാക്ഷരകേരളത്തിന് യോജിച്ചതാണോ എന്ന് സംശയം ഉളവാക്കുന്നതാണ്”.

മറുപടി കത്ത് അയച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം മാനെജ്മെന്റ് അനിതയ്ക്ക് മെമ്മോ നല്‍കി. രണ്ട് കാര്യങ്ങളാണ് മെമ്മോയില്‍ പരാമര്‍ശിച്ചിരുന്നത്. ഒന്ന്, അധ്യാപക നിയമനത്തിന്റെ കാര്യങ്ങള്‍ പരാമര്‍ശിച്ചുകൊണ്ട് അനിത 2016 ജനുവരിയില്‍ കോളേജ് വിദ്യാഭ്യാസ ഉപമേധാവിക്ക് അയച്ച് കത്ത് വസ്തുതകളെ തെറ്റായി കാണിക്കുന്നതാണ്. അതുവഴി കൃത്യവിലോപം, മോശം പെരുമാറ്റം, മേലധികാരികളെ ധിക്കരിക്കല്‍ തുടങ്ങിയ പ്രവര്‍ത്തികളാണ് അനിത ചെയ്തിരിക്കുന്നതെന്നും അതില്‍ ചൂണ്ടിക്കാട്ടുന്നു. രണ്ടാമതായി സംവരണ പ്രക്ഷോഭ സമിതി മെമ്മോറാണ്ടത്തിനുള്ള മറുപടിയായി കോളേജ് വിദ്യാഭ്യാസ ഉപമേധാവിക്ക് അനിത അയച്ച കത്തിലൂടെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നതെന്ന് മെമ്മോയില്‍ പറയുന്നു. കത്തിലൂടെ കോളേജിനും സര്‍ക്കാരിനുമെതിരായി ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ സ്ഥാപനത്തിന്റെ താത്പര്യത്തെ ഹനിക്കുന്നതാണ്. ഒരു പ്രിന്‍സിപ്പലില്‍ നിന്ന് ഉണ്ടാവേണ്ട കാര്യങ്ങളല്ല ഇത്. ഇതുവഴി സര്‍ക്കാരിനും വിദ്യാഭ്യാസ വകുപ്പ് അധികാരികള്‍ക്കും മാനേജ്‌മെന്റിനും വെല്ലുവിളിയുയര്‍ത്തിയിരിക്കുകയാണ്. നിരീക്ഷണങ്ങളും വിലയിരുത്തലുകളും സ്ഥാപനത്തിന്റെ അന്തസ്സിനേയും മാന്യതയേയും ബാധിക്കുന്നതാണെന്നും മെമ്മോയില്‍ മാനേജ്‌മെന്റ് ചൂണ്ടിക്കാട്ടിയിരുന്നു. ഇത് സംബന്ധിച്ച് ഏഴ് ദിവസത്തിനകം മറുപടി നല്‍കണമെന്നും വ്യക്തമാക്കിയിരുന്നു. എ്ന്നാല്‍ അനിത നല്‍കിയ മറുപടികള്‍ തൃപ്തികരമല്ലെന്ന് വ്യക്തമാക്കിയാണ് സസ്പന്‍ഡ് ചെയ്യാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചത്.

നടപടിക്ക് വിധേയയായ അധ്യാപിക അനിത സംസാരിക്കുന്നു; “കോളേജില്‍ നടക്കുന്ന അനധികൃത നിയമനങ്ങള്‍ക്കും ക്രമക്കേടുകള്‍ക്കുമെതിരെ പ്രതികരിച്ചതിനാണ് ഇപ്പോള്‍ സസ്പന്‍ഡ് ചെയ്തിരിക്കുന്നത്. ഞാന്‍ ഇതില്‍ തെറ്റൊന്നും ചെയ്തിട്ടില്ല. സ്ഥാപനത്തിലെ പ്രിന്‍സിപ്പല്‍ എന്ന നിലക്ക് അനീതികള്‍ നടക്കുമ്പോള്‍ പ്രതികരിക്കേണ്ടതും അധികാരികളെ അറിയിക്കേണ്ടതും എന്റെ ചുമതലയാണ്. എന്നാല്‍ അത് മാനേജ്‌മെന്റിനെ അസ്വസ്ഥതപ്പെടുത്തുന്നതാണ്. അതിനാലാണ് ഇപ്പോള്‍ ഈ നടപടി. ഇതിന് മുമ്പും അവര്‍ എന്നെ സസ്പന്‍ഡ് ചെയ്തിട്ടുണ്ട്. അതും അനധികൃത നിയമനത്തിനെതിരെ പ്രതികരിച്ചതിന്റെ പേരില്‍ തന്നെയായിരുന്നു. ഒന്നരവര്‍ഷത്തോളം സസ്പന്‍ഷനിലായ എനിക്ക് അന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ പലതും ഇപ്പോഴും ലഭിച്ചിട്ടില്ല. അത് സംബന്ധിച്ച കേസുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. പ്രതികരിക്കുന്നവരെ ഒഴിവാക്കുക എന്നതാണ് മാനേജ്‌മെന്റിന്റെ നിലപാട്.”

മെമ്മോ ഓഫ് ചാര്‍ജസ് ലഭിച്ചയുടനെ അനിത എംജി യൂണിവേഴ്‌സിറ്റ് വൈസ് ചാന്‍സലര്‍ക്ക് പരാതിയും അയച്ചിരുന്നു. “2014 മെയ് അഞ്ച് മുതല്‍ 2015 സപ്തംബര്‍ 30 വരെ സസ്പന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ സസ്പന്‍ഷന്‍ കാലയളവ് എന്ത് ചെയ്യണമെന്ന് പറയാതിരിക്കുകയും 2013ന് ശേഷമുള്ള ഒരു വാര്‍ഷിക ഇന്‍ക്രിമെന്റ് പാസ്സാക്കാതിരിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പിനും, വിദ്യാഭ്യാസ മന്ത്രിക്കും നിവേദനങ്ങള്‍ നല്‍കിയിരുന്നു. എനിക്കെതിരെ തെളിഞ്ഞു എന്ന് പറയുന്ന കുറ്റങ്ങള്‍ കേരള സര്‍ക്കാരിന്റെയോ യൂണിവേഴ്‌സിറ്റിയുടേയോ ഭാരത സര്‍ക്കാരിന്റേയോ നിയമങ്ങള്‍ അനുസരിച്ച് കുറ്റകരമല്ലെന്നിരിക്കെ ഇത്തരം നിയമവിരുദ്ധ ശിക്ഷാ നടപടികളില്‍ നിന്നും സംരക്ഷണം നല്‍കണമെന്ന് അപേക്ഷിച്ചിട്ടും യാതൊരു നിവൃത്തിയും ഇല്ലാത്തത് സങ്കടകരമാണ്. എനിക്കെതിരെ മാനേജ്‌മെന്റ് ഈ നടപടികള്‍ സ്വീകരിച്ചതിന് കാരണം സര്‍ക്കാരില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങി നിയമപരമായി നടത്തിയ അധ്യാപക നിയമനം മൂലം ഇപ്പോഴത്തെ മാനേജ്‌മെന്റിന് താത്പര്യമുണ്ടായിരുന്ന അധ്യാപികയെ നിയമിക്കാന്‍ സാധിക്കാത്തതാണെന്ന് ഞാന്‍ അനുമാനിക്കുന്നു.

ഈ നിയമനങ്ങളെ ചൊല്ലിയുണ്ടായ വിവിധ കേസുകളില്‍ അവസാനത്തേതില്‍ സര്‍ക്കാര്‍ ഉത്തരവും യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ ഉത്തരവും ഹൈക്കോടതി തള്ളിക്കളയുകയും രണ്ട് മാസത്തിനുള്ളില്‍ സര്‍ക്കാരിനോട് ഉത്തരവ് പുന:പരിശോധിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതിനായി പേഴ്‌സണല്‍ ഹിയറിങ് നടക്കുമ്പോള്‍ ഞാന്‍ പ്രിന്‍സിപ്പലായി തുടരുന്നത് തടയുന്നതിനായാണ് സസ്പന്‍ഡ് ചെയ്തിരിക്കുന്നത്. കോളേജിലെ നിയമനങ്ങളെക്കുറിച്ച് പ്രിന്‍സിപ്പല്‍ അഭിപ്രായം രേഖപ്പെടുത്തണമെന്ന് കാണിച്ച് കോളേജ് വിദ്യാഭ്യാസ ഉപമേധാവി നല്‍കിയ കത്തിനാണ് ഞാന്‍ മറുപടിയെഴുതിയിട്ടുള്ളത്. ആ കത്ത് എങ്ങനെ മാനേജ്‌മെന്റിന് ലഭിച്ചു എന്നറിയില്ല. മെമ്മോ ഓഫ് ചാര്‍ജസിന് മറുപടി കിട്ടിയാല്‍ ഉടനെ സസ്പന്‍ഡ് ചെയ്യുമെന്ന് മാത്രമല്ല ഉടനടി പുറത്താക്കുമെന്നും പലരും ഭീഷണിപ്പെടുത്തിയിരുന്നു” അനിത തുടര്‍ന്നു.

ഇക്കാര്യത്തില്‍ പ്രതികരണം ആരാഞ്ഞ് കോളേജ് മാനേജ്‌മെന്റ് അധികൃതരെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും അവര്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍