UPDATES

അമ്മ മരിച്ചതുപോലും ശിവാളിയെ അറിയിച്ചില്ല, കോഴിക്കോട്ട് അടിമയാക്കിയ യുവതിയുടെ ബന്ധുക്കളെ അട്ടപ്പാടിയില്‍ കണ്ടെത്തി

യുവതിയുടെ മോചനത്തിനുള്ള വഴി തെളിയുന്നു

അട്ടപ്പാടി മേലെ ചാവടിയൂരിലെ രാമന്റെ വീട്ടിലെ റേഷന്‍ കാര്‍ഡില്‍ ഇപ്പോഴും മകള്‍ ശിവാളിന്റെ പേരുണ്ട്. പത്താം വയസ്സില്‍ ജോലിക്കായി കോഴിക്കോടേക്ക് കൊണ്ടുപോയ പെണ്‍കുട്ടി ഈ കുടുംബത്തിലെയാണെന്നതിന് അവശേഷിക്കുന്ന ഏക തെളിവ്. മകള്‍ തിരികെ വരാന്‍, മകളുടെ ശബ്ദം കേള്‍ക്കാന്‍ ഈ അച്ഛന്‍ വര്‍ഷങ്ങളായി കാത്തിരിക്കുകയാണ്. “ഞാന്‍ മരിക്കുന്നതിന് മുമ്പെങ്കിലും അവളെ കാണാന്‍ കഴിയുമോ?” കോഴിക്കോട് നഗരത്തിലെ വീട്ടില്‍ ‘അടിമ’യാക്കപ്പെട്ട യുവതിയുടെ അച്ഛന്‍ രാമന് തന്നെ അന്വേഷിച്ചെത്തുന്നവരോടെല്ലാം ചോദിക്കാന്‍ ഈ ഒരു ചോദ്യമേയുള്ളൂ.

കോഴിക്കോട് കല്ലായിയിലെ ഒരു വീട്ടില്‍ എല്ലാ വിധ മനുഷ്യാവകാശങ്ങളും ലംഘിച്ച് ആദിവാസി യുവതിയെ അടിമപ്പണി ചെയ്യിക്കുന്നതിനെ കുറിച്ചുള്ള വാര്‍ത്ത‍ ഇന്നലെ അഴിമുഖം പുറത്തുവിട്ടിരുന്നു– 28 വര്‍ഷമായി അടിമവേല; ഭക്ഷണമില്ല, ശമ്പളമില്ല, ജീവിച്ചിരിക്കുന്നതിന് തെളിവുമില്ല; കോഴിക്കോട്ടെ ഒരു വീട്ടില്‍ അട്ടപ്പാടിയില്‍ നിന്നുള്ള ആദിവാസി സ്ത്രീയുടെ നരകജീവിതം

പുതൂര്‍ സ്‌കൂളില്‍ മൂന്നാംക്ലാസില്‍ പഠിക്കുമ്പോഴാണ് അട്ടപ്പാടിയില്‍ നിന്ന് ജോലിക്കായി ശിവയെ കൊണ്ടുപോവുന്നത്. പണം വാഗ്ദാനം ചെയ്തായിരുന്നു അതെങ്കിലും ആയിരം രൂപ ഒരിക്കല്‍ കിട്ടിയതല്ലാതെ മറ്റൊന്നും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് യുവതിയുടെ ബന്ധുക്കള്‍ പറയുന്നു. കല്ലായിയിലെ വീട്ടില്‍ തിരിച്ചറിയല്‍ രേഖകളില്ലാതെ, മനുഷ്യാവകാശങ്ങളും സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ട് ദുരിത ജീവിതം അനുഭവിക്കുന്ന യുവതിയെ സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്ത് വന്നപ്പോഴാണ് അട്ടപ്പാടിയിലെ സാമൂഹിക പ്രവര്‍ത്തകര്‍ യുവതിയുടെ വീട് തേടിയിറങ്ങിയത്. ഒടുവില്‍ തേടിപ്പിടിച്ച് മേലെ ചാവടിയൂരിലെത്തിയപ്പോള്‍ മകള്‍ക്കായി, സഹോദരിക്കായി കാത്തിരിക്കുന്ന കുടുംബത്തെയാണ് അവര്‍ കണ്ടത്.

ശിവാളിനെ കാണാന്‍ അച്ഛനും അമ്മ രങ്കിയും രണ്ട് തവണ പോയിട്ടുണ്ട്. ഇരുപതിലധികം വര്‍ഷങ്ങള്‍ക്ക് മുമ്പ്. “ഒരു തവണ നൂറും വേറൊരു തവണ ഇരുന്നൂറും രൂപ തന്ന് ഞങ്ങളെ വിട്ടു. ഓര് ഭക്ഷണവും തന്നു” രാമന്‍ പറയുന്നു. പക്ഷെ 2002ല്‍ ശിവാളിന്റെ അമ്മ രങ്കിയെ കാട്ടാന ചവിട്ടി കൊലപ്പെടുത്തി. അമ്മ മരിച്ച വിവരം കല്ലായിയിലെ വീട്ടിലേക്ക് വിളിച്ചറിയിച്ചു. “പക്ഷേ അവര് ഓളെ അറിയിച്ച് പോലുമില്ല. അമ്മ മരിച്ചിട്ട് കൂടി അവര് വിട്ടില്ല. അയിന് ശേഷം പല തവണ ഞങ്ങള്‍ ബന്ധപ്പെടാന്‍ നോക്കി. ഫോണില് വിളിക്കുമ്പോ എന്തെങ്കിലുമൊക്കെ കാര്യം പറഞ്ഞ് അവര് ചേച്ചിക്ക് കൊടുക്കില്ല. ചേച്ചിയെ കാണാന്‍ സമ്മതിക്കില്ല. പല തവണ ഞങ്ങള്‍ വിളിച്ച് നോക്കി. ഓരോ തവണ വിളിക്കുമ്പോഴും അടുത്തയാഴ്ച വാ, അടുത്തയാഴ്ച വാ എന്ന് പറയും. അവര് സ്ഥലത്തില്ല അവിടെയാണ്, ഇവിടെയാണ് എന്നൊക്കെ പറയും. ഒരിക്കലും ഞങ്ങള്‍ അങ്ങോട്ട് ചെല്ലാന്‍ അവര് സമ്മതിച്ചിട്ടില്ല. ഇങ്ങോട്ട് വിടാനും തയ്യാറായിട്ടില്ല. പോയത് മാത്രേയുള്ളൂ. ഇങ്ങോട്ട് ചേച്ചി തിരിച്ചുവന്നിട്ടില്ല. വിളിച്ചിട്ടുമില്ല, വന്നിട്ടുമില്ല”, ശിവാളിന്റെ സഹോദരി മസാനി പറയുന്നു. ഏതാണ്ട് പതിനഞ്ച് വര്‍ഷത്തിലധികമായി സഹോദരിയുടെ ശബ്ദപോലും കേട്ടിരുന്നില്ല എന്നും മസാനി പറയുന്നു.

അമ്മ രങ്കി മരിച്ചതിന് ശേഷം അച്ഛന്റെ സഹോദരി ചെല്ലിയും ഭര്‍ത്താവ് തോബിയും ശിവയെ കാണാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അന്ന് ഇവരെ അറിയില്ല എന്ന് ശിവാള്‍ പറഞ്ഞു. “അന്ന് ശിവയെ പുറത്ത് കൊണ്ടുവന്ന് കാണിച്ചു. പുറത്ത് നിന്നാണ് സംസാരിച്ചതും. പൊയ്‌ക്കോ പൊയ്‌ക്കോ എന്ന് പറഞ്ഞ് ഓടിക്കുകയായിരുന്നു അവര്. ഞങ്ങളെ അറിയില്ലെന്ന് ശിവ പറഞ്ഞു. അതെന്തുകൊണ്ടാണെന്ന് അറിയില്ല. പൊയ്‌ക്കോ എന്ന് പറഞ്ഞെങ്കിലും ആയിരം രൂപയും ഭക്ഷണവും തന്നു. അതെന്തിനാണ്?” ചെല്ലി ചോദിക്കുന്നു. പിന്നീടാരും കല്ലായിയിലെ വീട്ടിലേക്ക് ശിവാളിനെ അന്വേഷിച്ച് പോയിട്ടില്ല. വീട്ടിലേക്ക് ചെല്ലാന്‍ ശ്രമിക്കുമ്പോഴൊക്കെ ഓരോ കാരണങ്ങള്‍ പറഞ്ഞ് കല്ലായിയിലെ വീട്ടുകാര്‍ തങ്ങളെ പിന്തിരിപ്പിച്ചതായാണ് ബന്ധുക്കള്‍ പറയുന്നത്. വര്‍ഷങ്ങളായി ശിവാളിനോട് സംസാരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും കഴിഞ്ഞ മെയ് മാസം മുതല്‍ ഫോണില്‍ ശിവാളുമായി സംസാരിക്കാന്‍ കഴിയുന്നുണ്ടെന്നും ഇവര്‍ പറയുന്നു.

മസാനി പറയുന്നു: “കഴിഞ്ഞ ഫെബ്രുവരിയില്‍ ഒരു നൂറ് രൂപ അച്ഛന്റെ പേരിലേക്ക് അയച്ച് തന്നു. ഈ നൂറ് രൂപ വന്നതിന് പിന്നാലെ 3000 രൂപ കൂടി അയച്ചു. അതിന് മുമ്പൊന്നും ഒന്നും കിട്ടിയിട്ടില്ല. ആളുണ്ടോ ഇല്ലയോ എന്നൊക്കെ അറിയാനാണ് ഞങ്ങള്‍ നൂറ് രൂപ അയച്ചതെന്ന് അവര് കത്തും അയച്ചിരുന്നു. കത്ത് കിട്ടിയ ശേഷം ഞാന്‍ അങ്ങോട്ട് കത്തയച്ചു. ഞങ്ങളുടെ ഫോണ്‍ നമ്പര്‍ എഴുതിയാണ് അയച്ചത്. അത് അയച്ചശേഷം അവര് വിളിച്ചു. അപ്പോള്‍ ഞങ്ങള്‍ക്ക് അവരുടെ ഫോണ്‍ നമ്പറും കിട്ടി. അതിന് ശേഷം വിളിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ മക്കളുടെ അടുത്തെല്ലാം ഫോണ്‍ കൊടുത്ത് ഓളോട് സംസാരിപ്പിച്ചു. അപ്പോ, ഞാന്‍ അട്ടപ്പാടിക്ക് വരാം, എന്നെ വന്ന് കൊണ്ടുപൊക്കോ എന്നെല്ലാം പറഞ്ഞു. ഞങ്ങള് കൂട്ടാന്‍ വരും എന്ന് അവരുടെയടുത്ത് പറഞ്ഞിട്ടുണ്ട്. പക്ഷെ അവര് ഇപ്പ വരണ്ട, ഞങ്ങള്‍ ഹോസ്പിറ്റലിലാണ്, ഇപ്പോ വരണ്ട എന്ന് ഒരിക്കല്‍ പറഞ്ഞു. പത്താംതീയതിയാവുമ്പോ വരാന്‍ പറഞ്ഞു. ഞങ്ങളെല്ലാവരും കൂടി പോവാന്ന് പറഞ്ഞാണ് ഇരുന്നത്. പിന്നെ വിളിച്ചപ്പോള്‍, ഈ പത്താം തീയതി വരണ്ട, ഞങ്ങള്‍ ചെന്നൈയ്ക്ക് പോകുവാണ്, വീട്ടില്‍ ആരുമില്ല എന്ന് പറഞ്ഞ്. അങ്ങനെ മാറ്റിമാറ്റി പറയുവാണ്. നിങ്ങള് വന്നാല്‍ വിടും എന്ന് മൊതലാളി പറയുന്നതുകൊണ്ട് ഞങ്ങള്‍ ആരുടേയും സഹായം ചോദിച്ചില്ല. മിണ്ടാതിരുന്നു. ഞങ്ങള്‍ക്ക് ശിവച്ചേച്ചിയെ കൊണ്ടുവരണമെന്നാണ്. ചേച്ചി ഞങ്ങളുടെ കൂടെ തന്നെ ഇരിക്കട്ടെ.”

ശിവാളിന്റെ സഹോദരന്‍ മുരുകന്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലാണ്. അച്ഛന്‍ രാമന് പരസഹായമില്ലാതെ നടക്കാന്‍ പോലുമാവില്ല. മറ്റുള്ളവര്‍ കൃഷിപ്പണി ചെയ്തും ആട് വളര്‍ത്തിയുമാണ് കുടുംബം പുലര്‍ത്തുന്നത്. ശിവാളിന് വിവാഹാലോചനകള്‍ നിരവധി വന്നെങ്കിലും അതിനായി പോലും കല്ലായിയിലെ വീട്ടുകാര്‍ അനുവദിച്ചില്ലെന്നും ബന്ധുക്കള്‍ പറയുന്നു.

യുവതി ജോലി ചെയ്യുന്ന വീട്ടിലെ ഗൃഹനാഥന്റെ സഹോദരിയുടെ വീട്ടില്‍ ജോലിക്ക് നിന്ന ഹോം നേഴ്‌സ് ആയ ഗീതയാണ് അവരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറംലോകത്തെ അറിയിച്ചത്. സംഭവത്തെക്കുറിച്ച് ഗീത അഴിമുഖത്തോട് പറഞ്ഞതിങ്ങനെ: “വീട്ടുകാര്‍ ആശുപത്രിയിലോ മറ്റോ പോയപ്പോഴാണ് ഞാന്‍ ജോലിക്കു നിന്നിരുന്ന വീട്ടില്‍ അവളെ കൊണ്ടാക്കുന്നത്. ആ വീട്ടിലായാലും ഞാന്‍ നിന്നിരുന്ന വീട്ടിലായാലും എത്തിക്കഴിഞ്ഞാല്‍ പിന്നെ അവള്‍ അടുക്കളയില്‍ നിന്നു പുറത്തിറങ്ങില്ല. ഭയങ്കര വിഷമമുള്ള മുഖഭാവവും. സംസാരിച്ചു തുടങ്ങിയപ്പോഴേക്കും സങ്കടം മുഴുവന്‍ തുറന്നു പറഞ്ഞു. പതിനൊന്നാം വയസ്സില്‍ ജോലിക്ക് എത്തിയതാണ് ഇവിടെ. വീട്ടുടമയുടെ രണ്ടാമത്തെ കുട്ടിയെ നോക്കാനാണ് വന്നത്. ഇപ്പോള്‍ വന്നിട്ട് 28 കൊല്ലമായി. അച്ഛന്‍ ആദ്യമേ മരിച്ചിരുന്നു. അമ്മ പിന്നീട് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു. അമ്മ മരിച്ച കാര്യം പോലും ഒരാഴ്ച കഴിഞ്ഞാണ് അവളറിഞ്ഞത്. അപ്പോള്‍പ്പോലും വീട്ടിലേക്ക് വിട്ടില്ലത്രേ. അമ്മയുടെ രണ്ടാമത്തെ വിവാഹത്തില്‍ രണ്ടു സഹോദരങ്ങളുണ്ട് എന്നവള്‍ക്കറിയാം. അവരേയും പക്ഷേ ഇതുവരെ കണ്ടിട്ടില്ല. കണ്ടാല്‍പ്പോലും തിരിച്ചറിയില്ല. സഹോദരങ്ങളുടെ നമ്പര്‍ വീട്ടുടമയുടെ ഫോണിലാണുള്ളത്. ഇടയ്ക്ക് വിളിക്കുമ്പോള്‍ സംസാരിക്കാറുണ്ടെന്നു മാത്രം. ഇവിടുന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്നുണ്ട് എന്നെല്ലാമാണ് എന്നോട് പറഞ്ഞത്. വീട്ടില്‍ അവള്‍ക്ക് സ്വന്തമായി ഒരു മുറിയില്ല. സ്‌റ്റോര്‍ റൂമിലെ കാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍ തുണികള്‍ അടുക്കിവച്ച് അടുക്കളയിലാണ് കിടന്നുറങ്ങുന്നത്. സ്വന്തമായി ഇന്നുവരെ ഭക്ഷണം പോലും ആവശ്യത്തിന് വിളമ്പിക്കഴിക്കാന്‍ വീട്ടുകാര്‍ അനുവദിച്ചിട്ടില്ല. തൊട്ടടുത്തുള്ള പലചരക്കു കടയിലേക്കല്ലാതെ മറ്റൊരിടത്തും വീടിനു പുറത്തേക്ക് അവള്‍ പോയിട്ടില്ല. വീട്ടുകാര്‍ പുറത്തേക്കു പോകുമ്പോള്‍ സഹോദരിയുടെ വീട്ടില്‍ ആക്കിയിട്ടു പോകും. ഫോണ്‍ കൈകാര്യം ചെയ്യാന്‍ പോലും അവള്‍ക്കറിയില്ല. രാവിലെ ആറുമണിക്ക് തുടങ്ങുന്ന ജോലി തീരാന്‍ രാത്രി പന്ത്രണ്ടുമണിയാകും. സഹിച്ചു മടുത്തു, രക്ഷപ്പെടണം എന്നാണ് എന്നോട് സംസാരിച്ച രണ്ടു ദിവസവും പറഞ്ഞത്. എന്നോടു മാത്രമല്ല, വീടിനടുത്തുള്ള പലരോടും അവള്‍ സങ്കടം പറയുകയും സഹായം ചോദിക്കുകയും ചെയ്തിട്ടുണ്ട്. ഈ പെണ്‍കുട്ടിയുടെ സങ്കടം കേട്ടിട്ടാണ് എന്റെ കൂടെ വന്നാല്‍ ഞാന്‍ ജോലി ചെയ്യുന്ന ഏജന്‍സിയില്‍ സംസാരിച്ച് ഹോംനഴ്‌സിന്റെ ജോലി വാങ്ങിത്തരാം എന്നു ഞാന്‍ പറഞ്ഞത്. ആധാര്‍ കാര്‍ഡൊന്നും ഇല്ലാത്തതുകൊണ്ട് ജോലി വാങ്ങിക്കുന്നതിനു മുന്നെ അത് ആദ്യം ശരിയാക്കണം എന്നൊക്കെ ഞാന്‍ പറഞ്ഞുകൊടുക്കുകയും ചെയ്തു. ഒന്നോ രണ്ടോ ദിവസം മാത്രം കണ്ടു പരിചയമുള്ള എന്റെ കൂടെ വരാന്‍ പോലും അവള്‍ തയ്യാറായി.

സാമൂഹ്യപ്രവര്‍ത്തകര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് വിവരമന്വേഷിക്കാന്‍ ശിവാള്‍ ജോലി ചെയ്യുന്ന വീട്ടില്‍ പോലീസ് എത്തിയെങ്കിലും താന്‍ സംതൃപ്തയാണെന്ന മൊഴിയാണ് യുവതി നല്‍കിയത്. ഇതോടെ കേസ് അവസാനിപ്പിക്കാനിരിക്കെയാണ് തങ്ങള്‍ക്ക് ശിവാളിനെ തിരികെ വേണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ എത്തിയിരിക്കുന്നത്. ശിവാളിനെ തിരികെ വീട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് ബന്ധുക്കള്‍. സാമൂഹ്യപ്രവര്‍ത്തകരും ആദിവാസി- ദളിത് സംഘടനകളും യുവതിയുടെ മോചനമാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.

ഇതിനിടെ വയനാട്ടിലെ സാമൂഹ്യപ്രവര്‍ത്തകര്‍ ശിവാള്‍ ജോലി ചെയ്യുന്ന വീട്ടിലും അവരുടെ അട്ടപ്പാടിയിലുള്ള വീട്ടിലും എത്തി ശിവാളിനേയും ബന്ധുക്കളേയും സന്ദര്‍ശിച്ചു. സാമൂഹ്യപ്രവര്‍ത്തകനായ ജോയ് പറയുന്നു: “യുവതിയുമായി നേരില്‍ സംസാരിച്ചു. അവര്‍ക്ക് എങ്ങനെയെങ്കിലും രക്ഷപെടണമെന്നുണ്ട്. ഒട്ടും സ്വാതന്ത്ര്യമില്ലാത്ത അവസ്ഥയാണ്. അടുക്കളയില്‍ കിടക്കും. സ്‌റ്റോര്‍ റൂമിലാണ് ഇപ്പോഴും വസ്ത്രങ്ങള്‍ വയ്ക്കുന്നത്. പുറത്തിറക്കില്ല. അയല്‍വീടുകളിലെ ആളുകളുമായി പോലും ഇടപഴകാനോ സംസാരിക്കാനോ അനുവദിക്കില്ല. വീട്ടുകാര്‍ യാത്രയിലായിരിക്കുമ്പോള്‍ യുവതിയെ ഗൃഹനാഥന്റെ സഹോദരിയുടെ വീട്ടിലാക്കും. തിരികെ കൊണ്ടുവരും. അത്രമാത്രം. ഇപ്പോഴും എഴുതാനും പഠിക്കാനും ആഗ്രഹമുണ്ടെന്നും അവര്‍ എന്നോട് നേരില്‍ പറഞ്ഞു”, പോലീസ് കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് വിഷയത്തില്‍ ഇടപെട്ട സാമൂഹ്യപ്രവര്‍ത്തകര്‍ പരാതിപ്പെടുന്നു. എന്നാല്‍ എന്ത് വിധേനയും ശിവാളിനെ നാട്ടിലെത്തിക്കാന്‍ ബന്ധുക്കള്‍ തയ്യാറെടുക്കുന്നതോടെ ഇപ്പോഴത്തെ അടിമജീവിതത്തില്‍ നിന്ന് മോചനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

28 വര്‍ഷമായി അടിമവേല; ഭക്ഷണമില്ല, ശമ്പളമില്ല, ജീവിച്ചിരിക്കുന്നതിന് തെളിവുമില്ല; കോഴിക്കോട്ടെ ഒരു വീട്ടില്‍ അട്ടപ്പാടിയില്‍ നിന്നുള്ള ആദിവാസി സ്ത്രീയുടെ നരകജീവിതം

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍