UPDATES

സോളാര്‍ റിപ്പോര്‍ട്ട്: എന്താകും ഉമ്മന്‍ ചാണ്ടിയുടെ ഭാവി? നാലു സാധ്യതകള്‍

ജുഡീഷ്യല്‍ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ മുന്‍ മുഖ്യമന്ത്രിക്ക് ക്ലീന്‍ ചിറ്റ് ആണ് ഉണ്ടാവുന്നതെങ്കില്‍ അത് ഉമ്മന്‍ ചാണ്ടിക്ക് നല്‍കുന്ന ഊര്‍ജ്ജം വളരെ വലുതായിരിക്കും.

സോളാര്‍ കേസിലെ ജുഡീഷ്യല്‍ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് റിട്ടയേര്‍ഡ് ജഡ്ജി ജസ്റ്റിസ് ജി. ശിവരാജന്‍ ഇന്നു സര്‍ക്കാരിന് സമര്‍പ്പിക്കുകായാണ്. ഈ മാസം 27 ന് കമ്മിഷന്‍ കാലാവധി അവസാനിക്കാനിരിക്കേ, ആറുമാസം കൂടി സമയം നീട്ടി ചോദിച്ചിട്ടും സര്‍ക്കാരിന്റെ നിര്‍ബന്ധത്തിന്റെ പുറത്താണ് കമ്മിഷന്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. യുഡിഎഫ് സര്‍ക്കാരിനെ അടിമുടി നാറ്റിച്ച ഒരു അഴിമതി കേസില്‍ ഇന്നു സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് യുഡിഎഫിനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മാത്രമല്ല, ഇടതുപക്ഷ സര്‍ക്കാരിനും നിര്‍ണായകമാണ്. എങ്കിലും മുഖ്യമന്ത്രി പിണറായി വിജയനു മുമ്പാകെ ജസ്റ്റീസ് ശിവരാജന്‍ കൈമാറുന്ന റിപ്പോര്‍ട്ട് ഏറ്റവും നിര്‍ണായകമാവുക ഉമ്മന്‍ ചാണ്ടിക്കു തന്നെ.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഉണ്ടായ വന്‍തോല്‍വിക്ക് ഒരു പ്രധാന കാരണം സോളാര്‍ അഴിമതി തന്നെയായിരുന്നു. ഇതിന്റെ ഉത്തരവാദിത്വം പരോക്ഷമായി ഏറ്റെടുത്തു തന്നെയാണ് ഉമ്മന്‍ ചാണ്ടി ഇപ്പോള്‍ സ്വയം ഒഴിഞ്ഞു നില്‍ക്കുന്നതുപോലും. റിപ്പോര്‍ട്ടില്‍ ക്ലീന്‍ ചിറ്റാണ് കിട്ടുന്നതെങ്കില്‍ ഉമ്മന്‍ ചാണ്ടിയുടെ ശക്തമായ തിരിച്ചുവരവും പ്രതികൂലമാണെങ്കില്‍ കേരള രാഷ്ട്രീയത്തിലെ ഏറ്റവും ശക്തനായ നേതാവ് കൂടുതല്‍ പ്രതിരോധത്തിലേക്ക് പോകുന്നതും കാണാം.

ഇപ്പുറത്ത് ഇടതുപക്ഷത്തിന്റെ അവസ്ഥയും ഏതാണ്ട് തുല്യമാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷം ഏറ്റവുമധികം ആയുധമാക്കിയതും പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചതും സോളാറിന്റെ പേരിലായിരുന്നു. തെരഞ്ഞെടുപ്പിലും അതവര്‍ക്ക് ഗുണം ചെയ്യുകയും ചെയ്തു. റിപ്പോര്‍ട്ട് ഉമ്മന്‍ ചാണ്ടിക്ക് എതിരാണെങ്കില്‍ ഇടതുപക്ഷത്തിനത് രാഷ്ട്രീയമായ നേട്ടമാണ്. പ്രത്യേകിച്ച് മന്ത്രി തോമസ് ചാണ്ടി വിഷയം കത്തി നില്‍ക്കുമ്പോള്‍. കൂടാതെ വേങ്ങര ഉപതെരഞ്ഞെടുപ്പ്, പാര്‍ട്ടി കോണ്‍ഗ്രസ് എന്നിവ അടുത്തെത്തി നില്‍ക്കുകയുമാണ്. എന്നാല്‍ റിപ്പോര്‍ട്ടില്‍ ഉമ്മന്‍ ചാണ്ടി വിശുദ്ധനാക്കപ്പെടുകയാണെങ്കില്‍ സര്‍ക്കാരും പാര്‍ട്ടിയും ഒരുപോലെ പ്രതിരോധത്തിലാകും. സോളാര്‍ വിഷയത്തില്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞുകൊണ്ടിരുന്ന നീതിശാസ്ത്രം പിന്തുണയ്ക്കപ്പെടുകയും എല്‍ഡിഎഫിന്റേത് രാഷ്ട്രീയനാടകമായിരുന്നുവെന്നു വിമര്‍ശനം ഉണ്ടാവുകയും ചെയ്യും.

സരിത നായര്‍, ബിജു രാധാകൃഷ്ണന്‍ എന്നിവര്‍ ടീം സോളാര്‍ എന്ന പേരില്‍ കമ്പനി ഉണ്ടാക്കി ലക്ഷങ്ങള്‍ തട്ടിയെടുത്തു എന്നായിരുന്നു ഈ കേസിലെ ആദ്യ പരാതി. പിന്നീട് സരിതയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധമുണ്ടെന്നും ഉമ്മന്‍ ചാണ്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ ചിലരുടെ ഒത്താശയോടെ കൂടുതല്‍ തട്ടിപ്പ് നടത്താന്‍ കഴിഞ്ഞു എന്ന വിവരങ്ങളും പുറത്തു വന്നു. ഇത് രാഷ്ട്രീയമായി പ്രതിഷേധങ്ങള്‍ ഉയര്‍ത്തുകയും എല്‍ഡിഎഫിന്റ നേതൃത്വത്തില്‍ സെക്രട്ടേറിയേറ്റ് ഉപരോധം പോലുള്ള വന്‍സമരങ്ങള്‍ അരങ്ങേറുകയും ചെയ്തു. ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യത്തില്‍ ഉയര്‍ന്ന സമരങ്ങള്‍ക്കൊടുവിലാണ് റിട്ടയേര്‍ഡ് ജസ്റ്റിസ് ജി ശിവരാജന്റെ നേതൃത്വത്തില്‍ 2013 ഒക്ടോബര്‍ 28 ന് ജുഡീഷ്യല്‍ കമ്മിഷനെ യുഡിഎഫ് സര്‍ക്കാര്‍ നിയോഗിക്കുന്നത്. 2015 ജനുവരി 12 ന് ആരംഭിച്ച കമ്മിഷന്‍ സാക്ഷിവിസ്താരവും തെളിവുശേഖരിക്കലും 2017 ഫെബ്രുവരി 15 നാണ് അവസാനിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് ഇടപാടുകള്‍ നടന്നെന്നു കണ്ടെത്തിയ കമ്മിഷനില്‍, ഉമ്മന്‍ ചാണ്ടിക്കെതിരേയും പരാതി കിട്ടി. സരിതയും ഉമ്മന്‍ ചാണ്ടിയും നേരിട്ടു സംസാരിച്ചിട്ടുണ്ടെന്നും ദൂതന്‍ മുഖേന സരിതയുമായി ഉമ്മന്‍ ചാണ്ടി സന്ധിസംഭാഷണങ്ങള്‍ അടക്കം നടത്തിയെന്നും പരാതികള്‍ വന്നു. ഒടുവില്‍ 14 മണിക്കൂര്‍ നീണ്ട മൊഴിയെടുപ്പിനും ഉമ്മന്‍ ചാണ്ടി കമ്മിഷനു മുന്നാകെ വന്നു.

"</p

മാധ്യമങ്ങളും പ്രതിപക്ഷവും സജീവ ചര്‍ച്ചയാക്കി നിര്‍ത്തി ഈ കേസ് കോണ്‍ഗ്രസിനെയും യുഡിഎഫിനെയും കടുത്ത പ്രതിരോധത്തിലാക്കി. തെരഞ്ഞെടുപ്പില്‍ അവരുടെ നായീകരണങ്ങളെല്ലാം ജനം അവഗണിച്ചു. ഉമ്മന്‍ ചാണ്ടിക്കെതിരേ അമ്പുകള്‍ എയ്യാന്‍ പാര്‍ട്ടിയില്‍ ഉള്ളവര്‍ തന്നെ സോളാര്‍ ആയുധമാക്കി. ഇന്നത്തെ റിപ്പോര്‍ട്ടില്‍ ഇതിന്റെയെല്ലാം ഒരു ക്ലൈമാക്‌സ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജ. ശിവരാജന്‍ സമര്‍പ്പിക്കുന്ന സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി നാലു നിഗമനങ്ങള്‍ മുന്നോട്ടു വയ്ക്കാം

ഉമ്മന്‍ ചാണ്ടിക്ക് ക്ലീന്‍ ചിറ്റ്
സോളാര്‍ കേസിന്റെ ജുഡീഷ്യല്‍ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ മുന്‍ മുഖ്യമന്ത്രിക്ക് ക്ലീന്‍ ചിറ്റ് ആണ് ഉണ്ടാവുന്നതെങ്കില്‍ അത് ഉമ്മന്‍ ചാണ്ടിക്ക് നല്‍കുന്ന ഊര്‍ജ്ജം വളരെ വലുതായിരിക്കും. കോണ്‍ഗ്രസിലും യുഡിഎഫിലും മാത്രമല്ല, സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തന്നെ അദ്ദേഹം അതിശക്തനായി തിരിച്ചുവരും. നിയമസഭ തെരഞ്ഞെടുപ്പിനു പിന്നാലെ തിരശ്ശീലയ്ക്കു പിന്നിലേയ്ക്കു മറഞ്ഞതാണ് ഉമ്മന്‍ ചാണ്ടി. പ്രതിപക്ഷസ്ഥാനം രമേശ് ചെന്നിത്തല ഏറ്റെടുക്കുകയും കെപിസിസിയില്‍ സുധീരന്‍ ഇരിക്കുകയും ചെയ്തതോടെ ഉമ്മന്‍ ചാണ്ടിയുടെ പ്രാധാന്യം കോണ്‍ഗ്രസില്‍ കുറയുന്നൂവെന്നു ചിലരെങ്കിലും കരുതി. എന്നാല്‍ ഉമ്മന്‍ ചാണ്ടി കളത്തിനു പുറത്തു നിന്നു ചരടുവലിക്കുന്നുണ്ടായിരുന്നു. സുധീരന്‍ മാറി, താത്കാലികമായെങ്കിലും ഹസന്‍ വരുന്നത് അതിന്റെ ദൃഷ്ടാന്തമായിരുന്നു (കെപിസിസി പ്രസിഡന്റായിരുന്ന സുധീരന്‍ മുന്‍കൈയെടുത്ത് കഴിഞ്ഞ തവണ സീറ്റ് നിഷേധിച്ച ബെന്നി ബഹനാനെ തന്നെ സുധീരന്റെ കസേരിയില്‍ കൊണ്ടിരുത്താന്‍ പോവുകയാണ് ഉമ്മന്‍ ചാണ്ടിയെന്നും കേള്‍ക്കുന്നു).

ചെന്നിത്തലയുടെ പ്രതിപക്ഷ കസേരയില്‍ തൊട്ടില്ലെങ്കിലും പലസമയത്തും പലരെക്കൊണ്ടും ആ സ്ഥാനത്ത് രമേശ് ഇരിക്കുന്നതിലെ പൊരുത്തക്കുറവ് പറയിപ്പിച്ചുകൊണ്ടേയിരുന്നു. എന്നിരിക്കിലും നേരിട്ടുവന്നൊരു കളിക്ക് ഉമ്മന്‍ ചാണ്ടി തയ്യാറായില്ല. അതിനു കാരണം സോളാര്‍ കേസ് തന്നെ. സര്‍ക്കാരിന് തുടര്‍ച്ചയുണ്ടാകാതെ പോയത് സോളാറും മറ്റ് അഴിമതിക്കഥകളും അതിലെല്ലാം പരോക്ഷമായി വീണ ഉമ്മന്‍ ചാണ്ടിയുടെ നിഴലുമാണെന്നു ഡല്‍ഹിയില്‍ ഉള്ളവരെ ബോധിപ്പിച്ചെടുക്കാന്‍ കേരളത്തിലെ ചില നേതാക്കന്മാര്‍ക്ക് കഴിഞ്ഞിരുന്നു. അതിനെ പ്രതിരോധിക്കാനോ എതിര്‍ക്കാനോ ഉമ്മന്‍ ചാണ്ടി തുനിഞ്ഞതുമല്ല. പകരം കാത്തിരുന്നു, അതിനിടയില്‍ കഴിയാവുന്ന കരുക്കള്‍ നീക്കുകയും ചെയ്തു. സോളാര്‍ കറയില്‍ നിന്നുകൂടി വിമുക്തനായാല്‍ അതോടെ ഉമ്മന്‍ ചാണ്ടി പ്രത്യക്ഷരാഷ്ട്രീയത്തിലേക്ക് തിരിച്ചിറങ്ങും.

നിലവില്‍ കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് ഗ്രൂപ്പുസമവാക്യങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇനി പുതിയ കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കണം. അവിടെ ഉമ്മന്‍ ചാണ്ടിയുടെ നോമിനി വരും. പകരം രമേശിനു പ്രതിപക്ഷനേതാവിന്റെ കസേര കാലാവധി നീട്ടുകൊടുക്കും. ഏതെങ്കിലും പദവി ഏറ്റെടുക്കാന്‍ ഇപ്പോള്‍ ഉമ്മന്‍ ചാണ്ടി തയ്യാറാകില്ല. പകരം വരുന്ന മൂന്നുവര്‍ഷം തന്റെ പ്രതിഛായ മിനുക്കെയുക്കാനും തന്ത്രങ്ങള്‍ പുതുക്കിയെടുക്കാനും ചെലവഴിക്കും. അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ രമേശിനൊപ്പം നേതാവായി ഇറങ്ങും. വിജയം നേടാനായാല്‍ രമേശിനു വേണ്ടിയാകില്ല, ഉമ്മന്‍ ചാണ്ടിക്കുവേണ്ടിയായിരിക്കും കൂടുതല്‍ പേര്‍ കൈപൊക്കുന്നത്.

"</p

ഉമ്മന്‍ ചാണ്ടി കുറ്റക്കാരന്‍
സോളാര്‍ റിപ്പോര്‍ട്ടില്‍ ഈ അഴിമതിക്കേസില്‍ ഉമ്മന്‍ ചാണ്ടിക്കും പങ്കുണ്ടെന്നാണെങ്കില്‍ മേല്‍പ്പറഞ്ഞ നിഗമനത്തിന് എതിരായി കാര്യങ്ങള്‍ നടക്കും. ഉമ്മന്‍ ചാണ്ടി കൂടുതല്‍ പ്രതിരോധത്തിലാകും. പാര്‍ട്ടിയില്‍ അദ്ദേഹത്തിന് ഒരു തിരിച്ചുവരവ് കൂടുതല്‍ ബുദ്ധിമുട്ടാകും. പാളയത്തിലെ എതിരാളികള്‍ കൂടുതല്‍ ശക്തരാകും. രാഷ്ട്രീയമായി ഉണ്ടാകുന്ന പ്രതിസന്ധി കൂടാതെ നിയമനടപടികള്‍ക്കും വിധേയമാകണം. സര്‍ക്കാര്‍ ഉമ്മന്‍ ചാണ്ടിയെ ബുദ്ധിമുട്ടിലാക്കാന്‍ തീരുമാനിച്ചാല്‍ അവര്‍ക്ക് അടുത്ത തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ പ്രതിനിധ്യം പോലും സംശയത്തിലാക്കാന്‍ കഴിയും. കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കേസില്‍ ചെറിയ തോതിലാണെങ്കില്‍ കൂടി പങ്കാളിയാണെന്നു വരികില്‍ അദ്ദേഹത്തിന്റെ ജനകീയ പ്രതിച്ഛായയ്ക്കും മങ്ങല്‍ ഏല്‍ക്കും. അന്നത്തെ പ്രതിപക്ഷം ഉമ്മന്‍ ചാണ്ടിക്കെതിരേ പറഞ്ഞതൊക്കെയും ശരിയായിരുന്നുവെന്നു വരികയും അതുവഴി ഇടതുപക്ഷത്തിനുണ്ടാകുന്ന രാഷ്ട്രീയത്തിനൊപ്പം മുന്നോട്ടുള്ള വഴികള്‍ കൂടുതല്‍ ഇരുണ്ട് കിടക്കും ഉമ്മന്‍ ചാണ്ടിക്ക്.

സര്‍ക്കാരിന് തിരിച്ചടി
ശിവരാജന്‍ കമ്മിഷന്‍ ഉമ്മന്‍ ചാണ്ടിക്ക് ക്ലിന്‍ ചീറ്റ് നല്‍കുകയാണെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് അതുണ്ടാക്കുന്ന തിരിച്ചടി ചെറുതല്ല. ഇടതുപക്ഷം ഇത്രയും നാള്‍ ഉമ്മന്‍ ചാണ്ടിക്കെതിരേ പറഞ്ഞുനടന്നതെല്ലാം വ്യാജാരോപണങ്ങളാണെന്നു സ്ഥാപിക്കപ്പെടുകയാണ്. സെക്രട്ടേറിയേറ്റ് വളയല്‍ ഉള്‍പ്പെടെയുള്ള സമരപരമ്പരകളുടെ പേരില്‍ പോലും സര്‍ക്കാരും എല്‍ഡിഎഫും പരിഹസിക്കപ്പെടും. അതിനേക്കാള്‍ നിലവിലെ സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ നിരപരാധിത്വം പ്രതിപക്ഷം സര്‍ക്കാരിനെതിരേ നന്നായി ഉപയോഗിക്കും. മന്ത്രി തോമസ് ചാണ്ടിയുടെ വിഷയത്തില്‍ സര്‍ക്കാര്‍ വിഷമവൃത്തത്തില്‍ നില്‍ക്കുകയാണ്. റിപ്പോര്‍ട്ട് ഉമ്മന്‍ ചാണ്ടിക്ക് എതിരാണെങ്കില്‍ മാത്രമാണ്, ഇപ്പോള്‍ തങ്ങള്‍ പെട്ടുകിടക്കുന്ന കുരുക്കിലേക്ക് പ്രതിപക്ഷത്തിന്റെ കഴുത്തും കൂടി സര്‍ക്കാരിന് കയറ്റാന്‍ പറ്റൂ. ഏറ്റവും കുറഞ്ഞത് ഒരു സമാവായത്തിനെങ്കിലും സാധ്യത ഉണ്ടാകുമായിരുന്നു. തിരിച്ചാണെങ്കില്‍ സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലാകും. കഴിഞ്ഞ സര്‍ക്കാരിനെതിരേ ഉയര്‍ത്തിയ അഴിമതിയാരോപണങ്ങളും അഴിമതിക്കാരെ സംരക്ഷിക്കുന്നതായി ഉമ്മന്‍ ചാണ്ടിക്കെതിരേ നടത്തിയ ആക്ഷേപങ്ങളും ഒറ്റയടിക്ക് ഇടതുപക്ഷ സര്‍ക്കാരിനും പിണറായി വിജയനും മേല്‍ വന്നു വീഴും. വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ സ്ഥിതി കൂടുതല്‍ ദയനീയവുമാകും. അങ്ങനെ വരുകില്‍, കമമ്മിഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയാനും അന്വേഷണം തുടരാനും സര്‍ക്കാര്‍ തയ്യാറായിക്കൂടെന്നുമില്ല.

"</p

ഉമ്മന്‍ ചാണ്ടിക്കെതിരേ പരാമര്‍ശം
ക്ലീന്‍ ചിറ്റോ പൂര്‍ണമായ ഉത്തരവദിത്വമോ ഉമ്മന്‍ ചാണ്ടിക്കു നല്‍കാതെ ഈ അഴിമതി തടയുന്നതില്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ ഉമ്മന്‍ ചാണ്ടി ജാഗ്രതക്കുറവ് കാണിച്ചെന്നോ മറ്റോ ഉള്ള പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉണ്ടാവുക എന്നതാണ് നാലാമത്തെ സാധ്യത. ഇങ്ങനെ വന്നാല്‍ സര്‍ക്കാരും ഉമ്മന്‍ ചാണ്ടിയും അതിനെ എങ്ങനെ ഉപയോഗിക്കും/ മറികടക്കും എന്നുള്ളതാണ് പ്രധാന ചോദ്യം. ജാഗ്രത കുറവ് ആണെങ്കില്‍ അത് നേരിട്ടൊരു കുറ്റം ചെയ്യലല്ല. എന്നാല്‍ ധാര്‍മികമായ ഉത്തരവാദിത്വം പേറേണ്ടി വരും. തന്റെ ഓഫിസ് കേന്ദ്രീകരിച്ചു നടന്ന കള്ളത്തരങ്ങള്‍ അറിയാതെ പോയതും അറിഞ്ഞിരുന്നെങ്കില്‍ അതിനെതിരേ നടപടിയെടുക്കാതെ പോയതും ഒരേതരത്തില്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ ഉമ്മന്‍ ചാണ്ടിയുടെ വീഴ്ചയാണ്. ഇതിനെ ഉമ്മന്‍ ചാണ്ടി പ്രതിരോധിക്കുക, കുഴപ്പം കാണിച്ച ആരെയും തന്നെ താന്‍ സംരക്ഷിച്ചില്ലെന്നും നിയമത്തിനു മുന്നിലേക്ക് വിട്ടുകൊടുത്തുവെന്നും പറഞ്ഞായിരിക്കും. താന്‍ ഈ അഴിമതിയില്‍ ഒരു തരത്തിലും പങ്കാളിയായിട്ടില്ലെന്നും കുറ്റക്കാര്‍ക്ക് കൂട്ടുനിന്നില്ലെന്നും ഉമ്മന്‍ ചാണ്ടി ആവര്‍ത്തിക്കും. ഒരുപക്ഷേ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യുന്നതിനായി കോടതിയെ സമീപിക്കാനും വഴിയുണ്ട്.

ഇനി സര്‍ക്കാര്‍ എങ്ങനെ നീങ്ങും എന്നു നോക്കാം. ജാഗ്രതക്കുറവ് ഉമ്മന്‍ ചാണ്ടിയുടെ വീഴ്ച തന്നെയാണെന്നു സര്‍ക്കാര്‍ സ്ഥാപിക്കാന്‍ ശ്രമിക്കാം. ഒരു മുഖ്യമന്ത്രിക്ക് തന്റെ ഓഫിസ് കേന്ദ്രീകരിച്ച് നടന്ന കള്ളത്തരങ്ങള്‍ അറിയാതെ പോവുകയെന്നാല്‍ അത് അഴിമതിയെ പിന്തുണച്ചതിനു തുല്യമാണ്. മത്രമല്ല, ഉമ്മന്‍ ചാണ്ടിക്കെതിരേ നിയമനടപടികളുമായി സര്‍ക്കരിനു മുന്നോട്ടുപോവുകയും ചെയ്യാം. ജാഗ്രതക്കുറവ് എന്നത് അഴിമതിയില്‍ പങ്ക് ഉണ്ടെന്നു തന്നെയാണ് അര്‍ത്ഥമെന്നും അതിലേക്ക് കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പറഞ്ഞ് ഉമ്മന്‍ ചാണ്ടിയെ സമ്മര്‍ദ്ദത്തിലാക്കാനും സാധിക്കും. ഇനി മറ്റൊരു വഴി സര്‍ക്കാരിനു നോക്കാം; ഈ റിപ്പോര്‍ട്ട് വച്ച് ഉമ്മന്‍ ചാണ്ടിക്കെതിരേ നടപടിയെടുക്കാതിരിക്കാം. അതൊരു രാഷ്ട്രീയതന്ത്രമാണ്. പകരത്തിനു പകരം. ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നിന്നും സര്‍ക്കാരിനു രക്ഷനേടല്‍, അതിന് ഉമ്മന്‍ ചാണ്ടിയുടെ സഹായം. പക്ഷേ ആ സാധ്യത സംഭവിക്കാന്‍ വിരളമാണ്. കാരണം പാര്‍ട്ടി സമ്മേളനങ്ങള്‍ വരികയാണ്. ചോദ്യങ്ങള്‍ ഉയരാം. വേങ്ങരയിലും ഈ ഒത്തുതീര്‍പ്പ് ചര്‍ച്ച ചെയ്യപ്പെടും. അത് സര്‍ക്കാരിനും ഇടതുപക്ഷത്തിനും പ്രത്യേകിച്ച് സിപിഎമ്മിനും തിരിച്ചടിയുണ്ടാക്കുകയേയുള്ളൂ…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍