UPDATES

ഇത് ഒരു ലൈംഗികചൂഷണ കുറ്റം മാത്രമല്ല; രണ്ടായിരത്തോളം മണിക്കൂര്‍ സോളാര്‍ കമ്മീഷനില്‍ ഇരുന്ന അഡ്വക്കേറ്റിന്റെ വെളിപ്പെടുത്തലുകള്‍

സരിതയെ അറിയില്ലെന്നു പറഞ്ഞ ഉമ്മന്‍ ചാണ്ടി, പിന്നെ പറഞ്ഞത് അവരെ പോലൊരു ‘വഷള്’ സ്ത്രീയുമായി തനിക്ക് ബന്ധമുണ്ടെന്നു പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ എന്നായിരുന്നു

സോളാര്‍ കേസ് ഒരു ലൈംഗിക ചൂഷണ കഥയായി ‘ആഘോഷിക്കുക’യല്ല, ഒരു ഭരണാധികാരി തന്റെ അധികാരം ദുര്‍വിനിയോഗം ചെയ്ത് നടത്തിയ അഴിമതിയായി വേണം കേരളം ചര്‍ച്ച ചെയ്യേണ്ടത്: സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മിഷനില്‍ ആദ്യന്തം പങ്കെടുത്ത അഭിഭാഷകനായ ജോണ്‍ ജോസഫ് പറയുന്നു. കമ്മീഷന്റെ ഭാഗമാകാന്‍ എട്ടോളം പാര്‍ട്ടികള്‍ അപേക്ഷ നല്‍കിയിരുന്നു. ഇതില്‍ എഫ് പാര്‍ട്ടിയായിരുന്ന അഡ്വ. ജോണും ഇ പാര്‍ട്ടിയായ ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയനുമാണ് പൂര്‍ണമായി കമ്മിഷന്റെ ഭാഗമായി പങ്കെടുത്തത്. ഇതൊരു പൊതുതാത്പര്യവിഷയമായതിനാലാണ് താന്‍ കമ്മീഷനില്‍ തുടക്കം മുതല്‍ അവസാനം വരെ തുടര്‍ന്നതെന്ന് ജോണ്‍ പറയുന്നു.

നാല്‍പ്പതു വര്‍ഷത്തിലേറെയായി പൊതുപ്രവര്‍ത്തനരംഗത്ത് കക്ഷിരാഷ്ട്രീയമില്ലാതെ, അഴിമതിക്കും സ്വജനപക്ഷപാതത്തിനും അധികാരത്തിന്റെ തണലില്‍ സമൂഹത്തിന് ബദലായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ/ ഭരണാധികാരി വര്‍ഗത്തിനുമെതിരേ ശക്തമായി പോരാട്ടം നടത്തുന്ന അഡ്വ. ജോണ്‍, രണ്ടായിരത്തോളം മണിക്കൂര്‍ സോളാര്‍ ജുഡീഷ്യല്‍ കമ്മീഷനില്‍ തന്റെ സമയം ചെലവിട്ടിരുന്നതായി പറയുന്നു. കമ്മീഷന്‍ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ജോണ്‍ ഉറപ്പിച്ചു പറയുന്ന കാര്യങ്ങള്‍, സോളാര്‍ കേസ് ചര്‍ച്ച ചെയ്യേണ്ടത് കേരളം കണ്ട അഴിമതിയായാണ്. ഒരു ഭരണാധികാരിയും അയാള്‍ നയിച്ച സര്‍ക്കാരിന്റെയും പ്രതിനിധാനം ചെയ്ത രാഷ്ട്രീയ പാര്‍ട്ടിയുടെയും മുന്നണിയുടേയും ആളുകളും നടത്തിയ നീചവും ജനവിരുദ്ധവുമായ കുത്സിത പ്രവര്‍ത്തികളുമായാണെന്നുമാണ്. ഉമ്മന്‍ ചാണ്ടിയെന്ന ‘ജനനേതാവ്’ യഥാര്‍ത്ഥത്തില്‍ എന്താണെന്ന് ജനം മനസിലാക്കണമെന്നുമാണ്.

"</p

അഡ്വക്കേറ്റ് ജോണ്‍ ജോസഫ്

സോളാറും ഉമ്മന്‍ ചാണ്ടിയും
പൊതുവില്‍ കേരളം വിശ്വസിക്കുന്നൊരു കഥയുണ്ട്. സരിത എസ് നായര്‍, ഉമ്മന്‍ ചാണ്ടിയുമായി ബന്ധപ്പെടുന്നത് മുഖ്യമന്ത്രിയുടെ ഓഫിസിലെ ചിലരിലൂടെയാണെന്ന്. ജോപ്പനും ജിക്കുമോനുമെല്ലാമാണ് സരിതയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫിസിലേക്കുള്ള വഴി തുറന്നു കൊടുത്തതും പിന്നീടതുവഴി ക്ലിഫ് ഹൗസിന്റെ അകത്തളങ്ങളില്‍ വരെ സരിത സ്വതന്ത്രയായി വിഹരിച്ചതുമെന്നുമാണ് കേട്ട കഥകള്‍. യാഥാര്‍ത്ഥ്യമതല്ലെന്നു ജോണ്‍ പറയുന്നു.

പുറത്തുവന്നത് അഴിമതിയുടെയും ലൈംഗിക ചൂഷണത്തിന്റെയും നാറിയ കഥകള്‍: സോളാര്‍ റിപ്പോര്‍ട്ട് പൂര്‍ണരൂപം

കരുണാകരന്റെ കാലത്തെ ‘പാവം പയ്യനാ’യ സി.എല്‍ ആന്റോ 2011-ല്‍ ഉമ്മന്‍ ചാണ്ടിക്കു മുന്നില്‍ ഒരു പ്രൊജക്റ്റ് സമര്‍പ്പിച്ചിരുന്നു. സോളാര്‍ എനര്‍ജി പ്രൊഡക്ഷനും വേസ്റ്റ് മാനേജുമെന്റും ആയിരുന്നു പുസ്തകരൂപത്തിലാക്കിയ ആ പ്രൊജക്റ്റില്‍ വിശദീകരിച്ചിരുന്നത്. ഇതു വായിച്ചു മനസിലാക്കിയ ഉമ്മന്‍ ചാണ്ടി, അമേരിക്ക തുടങ്ങിയ വിദേശരാജ്യങ്ങളിലെ സോളാര്‍ എനര്‍ജി ഉപയോഗത്തെക്കുറിച്ചു കൂടി കൂടുതല്‍ അറിഞ്ഞ് ഈ രംഗത്തെ സാധ്യതകള്‍ മനസിലാക്കിയായിരുന്നു. പിന്നീടാണ് മന്ത്രിയായിരുന്ന ഗണേഷ് കുമാറിന്റെ ഓഫീസ് മുഖാന്തരം സരിത നായര്‍ (അന്ന് ലക്ഷ്മി നായര്‍) ഉമ്മന്‍ ചാണ്ടിയുടെ മുന്നില്‍ സോളാര്‍ പ്രൊജക്റ്റുമായി എത്തുന്നത്. ഉമ്മന്‍ ചാണ്ടി അറിഞ്ഞുകൊണ്ട് ചെയ്യുന്ന ആദ്യത്തെ തെറ്റ്; സരിതയെ കുറിച്ച് മുന്‍കൂര്‍ കിട്ടിയ വിവരം അനുസരിച്ച് പ്രവര്‍ത്തിച്ചില്ല എന്നാണ്. അതായത് സരിത അഥവ ലക്ഷ്മി നായര്‍ ആരായിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നും വിവരങ്ങള്‍ ഉമ്മന്‍ ചാണ്ടിക്ക് കിട്ടിയിരുന്നു. അവര്‍ ഒരു ക്രിമിനല്‍ കേസ് പ്രതിയാണെന്നും ജയിലില്‍ കിടന്നിട്ടുണ്ടെന്നും ജയിലില്‍വച്ച് പ്രസവിച്ചിട്ടുണ്ടെന്നും കൂട്ടാളി ബിജു രാധാകൃഷ്ണന്റെയും സരിതയുടെയും പേരില്‍ പല കേസുകളുണ്ടെന്നും ഉമ്മന്‍ ചാണ്ടിക്ക് വിവരം കിട്ടിയിരുന്നു. അതൊന്നും പക്ഷേ ആ യുഡിഎഫ് മുഖ്യമന്ത്രി കാര്യമാക്കിയില്ല. അല്ലെങ്കില്‍ സോളാര്‍ പദ്ധതിയുടെ സാധ്യതകള്‍ മനസിലാക്കിയ ഉമ്മന്‍ ചാണ്ടിയിലെ ബിസിനസുകാരന്‍ മറ്റൊരു തരത്തില്‍ ചിന്തിക്കുകയായിരുന്നു. സരിതയാകട്ടെ, തന്റെ വാഗ്‌വൈഭവത്താല്‍ കിട്ടിയ അവസരം നന്നായി ഉപയോഗിക്കുകയും ചെയ്തു. മുന്‍പേര്‍ തന്നെ സോളാര്‍ പദ്ധതിയുടെ സാധ്യതകള്‍ മനസിലാക്കിയ ഉമ്മന്‍ ചാണ്ടി, സരിതയുടെ അവതരണം കൂടിയായപ്പോള്‍ ആ ‘സംരംഭകരെ’ അവരുടെ ക്രിമിനല്‍ പശ്ചാത്തലം പോലും മറന്ന് പ്രോത്സാഹിപ്പിക്കുകയായിരുന്നു.

ഇരയല്ല, താനൊരു പോരാളിയെന്ന് സരിത

സരിതയ്ക്ക് മുഖ്യമന്ത്രിയുടെ മേല്‍ കിട്ടിയിരിക്കുന്ന സ്വാതന്ത്ര്യമാണ് യഥാര്‍ത്ഥത്തില്‍ ജോപ്പനേയും ജിക്കുമോനെയുമെല്ലാം അവരിലേക്ക് അടുപ്പിക്കുന്നതും പിന്നീട് സരിതയുമായി അവര്‍ ബന്ധം സ്ഥാപിക്കുന്നതിനും കാരണമാകുന്നതും. ജോപ്പന്‍ സരിതയുടെ കൈയില്‍ നിന്നും പണം വാങ്ങിയെടുത്തപ്പോള്‍ ജിക്കുമോന് ഫോണ്‍ സുഖമായിരുന്നു ആവശ്യം.

"</p

അധികാരം ദുര്‍വിനിയോഗം ചെയ്യുന്നു
ആദ്യം സോളാര്‍ എക്വിപ്‌മെന്റ്‌സിന്റെ മാര്‍ക്കറ്റിംഗിനായിരുന്നു സരിതയും ബിജുവും ശ്രമിച്ചതും സര്‍ക്കാര്‍ സഹായം തേടിയതും. ഇതിന്റെ ഭാഗമായി പല ജില്ലകളിലുമായി സോളാര്‍ മാര്‍ട്ടുകള്‍ സ്ഥാപിച്ചു. ഈ സോളാര്‍ മാര്‍ട്ടുകളെല്ലാം തന്നെ ഉദ്ഘാടനം ചെയ്തത് യുഡിഎഫ് മന്ത്രിമാരും മറ്റു ജനപ്രതിനിധികളുമായിരുന്നു. തൃപ്പൂണിത്തുറയില്‍ ഗണേഷ് കുമാര്‍, വയനാട്ടില്‍ ജയലക്ഷ്മി, തൊടുപുഴയില്‍ പി ജെ ജോസഫ് അങ്ങനെ. ഹരിജന്‍ കോളനികളില്‍ സൗജന്യ സോളാര്‍ വിളക്കുകള്‍ സ്ഥാപിക്കുന്നതിന്റെ ഒരു പ്രൊജക്റ്റും സര്‍ക്കാരില്‍ സമര്‍പ്പിച്ച് അനുമതി വാങ്ങിയെടുത്തിരുന്നു. ഇതിന്റെ പൈലറ്റ് പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം കടുത്തുരുത്തിയില്‍ എംഎല്‍എ മോന്‍സ് ജോസഫിന്റെ സഹായത്തോടെ നടത്തപ്പെടുകയും ചെയ്തിരുന്നു. ആ ഉദ്ഘാടനത്തില്‍ പങ്കെടുത്തത് മന്ത്രി കെ സി ജോസഫ് ആയിരുന്നു. മന്ത്രിമാരെയെല്ലാം ഏര്‍പ്പാടിക്കൊടുത്തതാകട്ടെ മുഖ്യമന്ത്രിയുടെ ഓഫിസും. എംഎല്‍എമാരുടെ സഹായവും സരിതയ്ക്കായി ഉമ്മന്‍ ചാണ്ടി ഒരുക്കി കൊടുത്തു. എംഎല്‍എ ഫണ്ടില്‍ നിന്നും സോളാര്‍ പദ്ധതിക്കായി പണം അനുവദിക്കാന്‍ ഉമ്മന്‍ ചാണ്ടി റെക്കമന്‍ഡ് ചെയ്തു. ഹൈബി ഈഡന്‍, പിസി വിഷ്ണുനാഥ് എന്നീ എംഎല്‍എമാരും കോന്നി ജനപ്രതിനിധിയും മന്ത്രിയുമായിരുന്ന അടൂര്‍ പ്രകാശുമെല്ലാം സരിതയെ സഹായിക്കാന്‍ വരുന്നതങ്ങനെയാണ്. തങ്ങളുടെ നിയോജകമണ്ഡലങ്ങളില്‍ സോളാര്‍ പദ്ധതികള്‍ കൊണ്ടുവന്ന എംഎല്‍എമാര്‍ പക്ഷേ അതിനുള്ള പ്രതിഫലം സരിതയോട് ചോദിച്ചു വാങ്ങുകയും ചെയ്തു.

ഉമ്മന്‍ ചാണ്ടി നിസ്സഹായാവസ്ഥയില്‍ എന്നെ ചൂഷണം ചെയ്തു: സരിത മുഖ്യമന്ത്രിക്കയച്ച കത്ത് പുറത്ത്

സോളാര്‍ എക്വിപ്‌മെന്റ്‌സ് മാര്‍ക്കറ്റിംഗില്‍ തുടങ്ങി അധികം വൈകാതെ സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിലേക്ക് സരിതയും ബിജും എത്തി. ആഭ്യന്തര ഉപയോഗത്തിനുള്ള സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കല്‍. സോളാര്‍ വൈദ്യുതി, ഇലക്ട്രിസിറ്റി ബോര്‍ഡിനു കൂടി വില്‍ക്കുന്ന തരത്തില്‍ തങ്ങളുടെ സോളാര്‍ പ്ലാന്റുകളെ മുന്‍നിര്‍ത്തി സരിതയും ബിജുവും പ്രചാരണം നടത്തി. ഇതില്‍ വീണവരുടെ കൂട്ടത്തിലാണ് പെരുമ്പാവൂരുകാരന്‍ സജാദ് ഒക്കെ. നാല്‍പ്പത് ലക്ഷമാണ് സജാദ് നല്‍കിയത്. കണ്ണൂരില്‍ പത്തു ഡോക്ടര്‍മാരുടെ സംഘം വീടുകളില്‍ സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനായുും പണം മുടക്കിയിരുന്നു.

സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിലേക്ക് ബിസിനിസ് മാറിയതോടെ കൂടുതല്‍ കാശും ചോദിച്ച് എംഎല്‍എമാരും മന്ത്രിമാരുമൊക്കെ സരിതയെ സമീപിക്കാന്‍ തുടങ്ങി. കൈയില്‍ നിന്നും വന്‍തുകകള്‍ ഒഴുകാന്‍ തുടങ്ങിതോടെ സരിത പരാതിയുമായി ഉമ്മന്‍ ചാണ്ടിയെ കണ്ടു. ‘എല്ലാവരും വലിയ കാശ് ചോദിക്കുന്നു. ഇങ്ങനെപോയാല്‍ ക്ലൈന്റ്‌സിനോടുള്ള കമ്മിറ്റ്‌മെന്റ് നടപ്പാക്കന്‍ സാധിക്കാതെ വരും’, സരിത ആവലാതി പറഞ്ഞു. അപ്പോള്‍ ഒരു മുഖ്യമന്ത്രിയായല്ല, ബിസിനസ് പാര്‍ട്ണര്‍ എന്ന പോലെയാണ് ഉമ്മന്‍ ചാണ്ടി അവിടെ ഇടപെട്ടത്.

‘നിങ്ങള്‍ വലിയ വലിയ പ്രൊജക്റ്റുകള്‍ ചെയ്യൂ’, ഉമ്മന്‍ ചാണ്ടിയുടെ ഉപദേശം.

അങ്ങനെയാണ് ടീം സോളാര്‍ മെഗാ പ്രൊജക്റ്റുകളുമായി രംഗത്തു വരുന്നത്. ഇതിലാണ് മല്ലേലില്‍ ശ്രീധരന്‍ നായരെ പോലുള്ളവര്‍ ഇരകളാക്കപ്പെടുന്നത്. മെഗാ പ്രൊജക്ടറ്റുകള്‍ക്കായി സര്‍ക്കാര്‍ സ്ഥലം വിട്ടുതരാമെന്ന ഉറപ്പും ഉമ്മന്‍ ചാണ്ടി വകയുണ്ടായിരുന്നു. ശ്രീധരന്‍ നായരെ കാണിച്ച പാലക്കാട്ടെ കിന്‍ഫ്രയുടെ ഭൂമിയും ഇടുക്കിയിലെ ഇരുന്നൂറോളം ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയുമൊക്കെ സരിതയും ബിജുവും തട്ടിപ്പിനായി ഉപയോഗപ്പെടുത്തുന്നത് ആ ഉറപ്പിനു പുറത്തായിരുന്നു. മെഗാ പ്രൊജക്റ്റുകള്‍ വഴി പണം ഉണ്ടാക്കാന്‍ തുടങ്ങിയതോടെയാണ് ഉമ്മന്‍ ചാണ്ടി പങ്കു ചോദിക്കാന്‍ തുടങ്ങിയത്.

സരിത നമ്മുടെ മഗ്ദലന മറിയമോ?

പണം കൊണ്ടു വന്നിട്ടുണ്ടോ?
ആറുകോടിയോളം രൂപ ഉമ്മന്‍ ചാണ്ടി വാങ്ങിയെന്നായിരുന്നു ആരോപണം. അത്രയും പണം വാങ്ങിയെന്നതിന് തെളിവില്ല. എന്നാല്‍ രണ്ടരക്കോടിയോളം രൂപ ഉമ്മന്‍ ചാണ്ടി വാങ്ങിയെന്നതിനുള്ള തെളിവുകള്‍ കമ്മിഷനു കിട്ടി. ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്നത് കേട്ടോളൂ. അന്നവിടെ മുഖ്യമന്ത്രിയും മന്ത്രി കെ.സി ജോസഫും ഉണ്ട്. ഉമ്മന്‍ ചാണ്ടി എത്തുമെന്നറിഞ്ഞ് തലേന്നു തന്നെ സരിത ഡല്‍ഹിയില്‍ എത്തിയിരുന്നു. തോമസ് കുരുവിളയാണ് ഏര്‍പ്പാടുകള്‍ ചെയ്തത്. വിജ്ഞാന്‍ ഭവനിലെ പരിപാടി കഴിഞ്ഞ് ഉമ്മന്‍ ചാണ്ടിയും ജോസഫും ധൃതിയില്‍ പുറത്തേക്കിറങ്ങി. വൈകിട്ട് അഞ്ചരയ്‌ക്കോ മറ്റോ ആണ് വിമാനം. ഈ സമയം പുറത്ത് സരിത കാത്തുനില്‍പ്പുണ്ട്. തോമസ് കുരുവിളയുടെ അറേഞ്ച്‌മെന്റ്. കാറുമായി അയാളുമുണ്ട്, അല്‍പം മാറി. വിജ്ഞാന്‍ ഭവനു പുറത്തെത്തിയ മുഖ്യമന്ത്രിയേയും മന്ത്രി ജോസഫിനെയും കാണാന്‍ മാധ്യമപ്രവര്‍ത്തകരുമുണ്ട്. അവരെ ഡീല്‍ ചെയ്യുന്ന ജോലി ജോസഫിനെ ഏല്‍പ്പിച്ച് ഉമ്മന്‍ ചാണ്ടി സരിതയുടെ അടുത്തെത്തി. ‘പണം കൊണ്ടു വന്നിട്ടുണ്ടോ? ഉണ്ട്. എയര്‍പോര്‍ട്ടില്‍ വിട്ടിട്ട് തോമസ് കുരുവിള മടങ്ങി വരും, അപ്പോള്‍ പണം കൊടുത്താല്‍ മതി’, ഇങ്ങനെയായിരുന്നു സരിതയ്ക്കും ഉമ്മന്‍ ചാണ്ടിയും ഇടയിലെ സംഭാഷണം. പറഞ്ഞപോലെ ഉമ്മന്‍ചാണ്ടിയേയും ജോസഫിനെയും എയര്‍പോര്‍ട്ടില്‍ വിട്ടിട്ട് തോമസ് കുരുവിള മടങ്ങിയെത്തി. ഒരു കാറില്‍ വച്ചിരുന്ന പണം തോമസ് കുരുവിളയുടെ കാറിലേക്ക് മാറ്റി. 40 ലക്ഷം രൂപ. ശേഷം തോമസ് കുരുവിളയും സരിതയും കാപ്പി കുടിച്ചു പിരിഞ്ഞു.

ക്ലിഫ് ഹൗസില്‍ നേരിട്ട് ഒരു കോടി, ഡല്‍ഹിയില്‍ വച്ച് 40 ലക്ഷം, എയര്‍പോര്‍ട്ടില്‍വച്ച് 50 ലക്ഷം (ഇതു വാങ്ങാന്‍ നേരിട്ടെത്തിയത് ചാണ്ടി ഉമ്മനും തോമസ് കുരുവിളയും) മറ്റൊരിക്കല്‍ 25 ലക്ഷവും. ഇങ്ങനെയാണ് ഉമ്മന്‍ ചാണ്ടിക്കു പണം നല്‍കിയ കണക്കുകള്‍ സരിത പറയുന്നത്. തന്റെ ഫീസ് ഇനത്തില്‍ ഒരു ലക്ഷം രൂപയാണ് തോമസ് കുരുവിള ഈടാക്കിയത്.

ഉമ്മന്‍ ചാണ്ടിയെ ‘പൂര്‍വ്വകാല പാപങ്ങള്‍’ വേട്ടയാടുന്നു

ഏത് സരിത? കള്ളങ്ങള്‍ക്കു മേല്‍ കള്ളങ്ങള്‍
ഒരു നാടിന്റെ മുഖ്യമന്ത്രി കള്ളങ്ങള്‍ക്കു മേല്‍ കള്ളങ്ങള്‍ പറയുകയായിരുന്നുവെന്ന് കമ്മിഷനു ബോധ്യപ്പെട്ടിരുന്നു. സരിതയെ അറിയില്ലെന്നു പറയുന്നത്, മല്ലേലില്‍ ശ്രീധരന്‍ നായരെ കണ്ടിട്ടില്ലെന്നതെല്ലാം ഉമ്മന്‍ ചാണ്ടി ആവര്‍ത്തിച്ചു പറഞ്ഞ കള്ളങ്ങളായിരുന്നു. തിരുവനന്തപുരത്ത് ഒരു ഡോക്ടര്‍ മാത്യുവുണ്ട്. മാത്യുവും കുടുംബവും ഉമ്മന്‍ ചാണ്ടിയുടെ കുടുംബവും ഒരേ പള്ളിയിലാണ് പോകുന്നത്. അങ്ങനെയുള്ള ബന്ധമുണ്ട്. ആ ബന്ധമുപയോഗിച്ചാണ് മാത്യുവിനെ സോളാര്‍ പ്രൊജക്ടിലേക്ക് ഉമ്മന്‍ ചാണ്ടി എത്തിക്കുന്നത്. പക്ഷേ പണം നല്‍കി കബളിപ്പിക്കപ്പെട്ടു കഴിഞ്ഞപ്പോള്‍ പരാതി പറയാന്‍ മാത്യു, ഉമ്മന്‍ ചാണ്ടിയെ നേരില്‍ കാണാനെത്തി. തന്റെ പണം എങ്ങനെയെങ്കിലും വാങ്ങിത്തരണമെന്ന് അപേക്ഷിച്ചു. മറിയാമ്മ ഉമ്മനും ഇടപെട്ടു. എങ്ങനെയെങ്കിലും മാത്യുവിന്റെ പരാതി പരിഹരിക്കണം. പക്ഷേ ഉമ്മന്‍ ചാണ്ടിക്ക് മാത്യു പറയുന്ന സരിതയെ ‘മനസിലാകുന്നില്ല’. ഉമ്മന്‍ ചാണ്ടി ആരാണാ സ്ത്രീയെന്ന് ഓര്‍ത്തെടുക്കാന്‍ പാടുപെടുന്നപോലെ. പക്ഷെ അവിടെയുണ്ടായിരുന്ന ഒരു പോലീസുകാരന്‍ ഉമ്മന്‍ ചാണ്ടിയുടെ ‘സഹായത്തിന്’ എത്തി. ക്ലിഫ് ഹൗസില്‍ ഇടയ്ക്കിടയ്ക്ക് വരാറുള്ള ലക്ഷ്മി നായരെ കുറിച്ചാണ് പറയുന്നതെന്ന് കേട്ടതോടെ ഉമ്മന്‍ ചാണ്ടിക്ക് ചുവട് തെറ്റി. എന്നാല്‍ ഇതിന്റെ ആന്റി ക്ലൈമാക്‌സ് ഇങ്ങനെയായിരുന്നു. പിറ്റേ ദിവസം ഡോ. മാത്യുവിന് സരിതയുടെ ഫോണ്‍ ഭീഷണി. മുഖ്യമന്ത്രിയെ കണ്ട് പരാതിപ്പെട്ടതിന്. സരിതയെ അറിയില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞെങ്കിലും മാത്യു അദ്ദേഹത്തെ കാണാന്‍ വന്നതും പരാതി പറഞ്ഞതും സരിതയറിഞ്ഞു. ഉമ്മന്‍ ചാണ്ടി പറഞ്ഞ കള്ളങ്ങളില്‍ ഒന്നാണിത്.

കടപ്ലാമറ്റത്ത് നടന്ന പരിപാടിക്കിടയില്‍ സരിത ഉമ്മന്‍ ചാണ്ടിയുടെ ചെവിയില്‍ സംസാരിക്കുന്നതിന്റെ ചിത്രത്തെ കുറിച്ചും ഉമ്മന്‍ ചാണ്ടിക്കു പറയാനുണ്ടായിരുന്നത് അതാരാണെന്ന് തനിക്കറിയില്ല എന്നായിരുന്നു. അവിടെ പലരും വന്നു തന്നോട് സംസാരിച്ചുവെന്നും മോന്‍സ് ജോസഫ് പറഞ്ഞതിന്‍പ്രകാരമാണ് ആ സ്ത്രീയും വന്നു സംസാരിച്ചതെന്നും പക്ഷേ അവരെ വ്യക്തിപരമായി അറിയില്ലെന്നുമായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ വാദം. മല്ലേലില്‍ ശ്രീധരന്‍ നായരെ കണ്ടതുമായി ബന്ധപ്പെട്ട് അമ്പതിലേറെ നുണകള്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞിട്ടുണ്ടെന്നാണ് കമ്മിഷന്‍ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ ഓഫിസില്‍വച്ച് ശ്രീധരന്‍ നായരെ സരിതയ്‌ക്കൊപ്പം ഉമ്മന്‍ ചാണ്ടി കണ്ടെന്നതിന് തെളിവുകള്‍ കമ്മിഷനു കിട്ടിയിരുന്നു. അന്നേ ദിവസം വൈകുന്നേരത്തിനുശേഷം ആരെയും കാണുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചിരുന്നത്. എന്നാല്‍ സരിതയോടും ശെല്‍വരാജ് എംഎല്‍എയോടും കാണാം എന്നും പറഞ്ഞിരുന്നു (രണ്ടും രണ്ടുകാര്യം). ബിഷപ്പ് ഹൗസിലെ ഒരു വിരുന്നില്‍ പങ്കെടുത്ത ശേഷമായിരുന്നു ഉമ്മന്‍ ചാണ്ടി അന്നു വന്നത്. സരിതയെ അവിടെ വച്ച് കണ്ടിരുന്നതായി ഒരിക്കല്‍ ശെല്‍വരാജ് പറഞ്ഞുപോയിട്ടുണ്ട്. പിന്നെയത് തിരുത്തി. ആ ദിവസമാണ് സരിത, ശ്രീധരന്‍ നായരെ കൂട്ടി ഉമ്മന്‍ ചാണ്ടിയെ കാണുന്നത്. ഇത്തരത്തില്‍ എത്രയോ നുണകളാണ് ഒരു നാടിന്റെ മുഖ്യമന്ത്രി താന്‍ ചെയ്ത തെറ്റുകള്‍ മറച്ചുവയ്ക്കാന്‍ പറഞ്ഞുകൂട്ടിയത്.

‘വെറുമൊരു മോഷ്ടാവായൊരെന്നെ കള്ളനെന്നു വിളിച്ചില്ലേ’; ഇനി ഉമ്മന്‍ ചാണ്ടിയുടെ പതനമോ?

അതിബുദ്ധി വിനയായി
ഉമ്മന്‍ ചാണ്ടിക്ക് ഇപ്പോള്‍ വീണ കുരുക്ക് ഒരുതരത്തില്‍ അദ്ദേഹം സ്വയം കുരുക്കിയിട്ടതാണ്. സോളാര്‍ അഴിമതിയില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടിയിലെ രാഷ്ട്രീയക്കാരന് ഭയമേതുമില്ലായിരുന്നു. വിശ്വസ്തനായ അഡ്വക്കേറ്റ് ജനറല്‍ ദണ്ഡപാണി, ജസ്റ്റിസ് ശിവരാജനെ തന്നെ ജുഡീഷ്യല്‍ കമ്മിഷനായി കണ്ടെത്തുകയും ചെയ്തു. ജ. ശിവരാജനില്‍ അവര്‍ക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്നു. കമ്മീഷനാകട്ടെ ഉമ്മന്‍ ചാണ്ടിയെന്ന ജനനേതാവിലും മുഖ്യമന്ത്രിയിലും വലിയ മതിപ്പും. പക്ഷേ യാഥാര്‍ത്ഥ്യങ്ങള്‍ ഓരോന്നായി കമ്മീഷനെ ഞെട്ടിക്കുകയായിരുന്നു. മുന്നില്‍ വന്ന തെളിവുകള്‍, രേഖകള്‍, മൊഴികള്‍… ഉമ്മന്‍ ചാണ്ടി വിസ്തരിക്കപ്പെടുന്നതിനു മുന്നേ കിട്ടിയ വിവരങ്ങള്‍ ശരിവയ്ക്കുന്നതായിരുന്നു പതിനാറു മണിക്കൂറോളം വന്നിരുന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞ അസത്യങ്ങളോരോന്നും.

ശരിക്കും കമ്മീഷനു മുന്നിലേക്ക് ഉമ്മന്‍ ചാണ്ടി വോളന്റിയര്‍ ചെയ്തു കയറി വന്നത് ഒരു അതിബുദ്ധിയായിരുന്നു. മുഖ്യമന്ത്രിയെന്ന നിലയില്‍ താന്‍ പറയുന്നതൊക്കെ കമ്മീഷന്‍ വിശ്വസിക്കുമെന്ന ആത്മവിശ്വാസം. അതോടൊപ്പം തന്റെ സുതാര്യത ഒരിക്കല്‍ കൂടി ജനങ്ങളെ കാണിക്കാനുള്ള രാഷ്ട്രീയതന്ത്രം. പക്ഷേ ഉമ്മന്‍ ചാണ്ടിക്കു പഴിച്ചു. ആയിരക്കണക്കിനു സാക്ഷികളെ കമ്മീഷന്‍ അതിനു മുന്നേ വിസ്തരിച്ചിരുന്നു. പല തെളിവുകളും മൊഴികളും രേഖകളും കിട്ടിയിരുന്നു. അതില്‍ പറയുന്ന കാര്യങ്ങളൊക്കെ ശരിവയ്ക്കുന്നതായിരുന്നു ഉമ്മന്‍ ചാണ്ടി പറഞ്ഞതെല്ലാം. ഓരോ തവണയും ഉമ്മന്‍ ചാണ്ടി കള്ളങ്ങളാണ് പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന് കമ്മീഷന് മനസിലായി, പക്ഷേ ആ കാര്യം ഉമ്മന്‍ ചാണ്ടിക്ക് മനസിലായില്ല.

കമ്മീഷനു മുന്നില്‍ ഉമ്മന്‍ ചാണ്ടിക്ക് ഹാജരാകാതെയും ഇരിക്കാമായിരുന്നു. എങ്കില്‍ ഇപ്പോഴത്തെ അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുമായിരുന്നുമില്ല. സരിത, ഉമ്മന്‍ ചാണ്ടിയുടെ നിയന്ത്രണത്തിലുമായിരുന്നു. പക്ഷേ അതിബുദ്ധിയോ അവിവേകമോ എല്ലാം തെറ്റിച്ചു. കമ്മീഷനില്‍ വന്നിരുന്ന് ഉമ്മന്‍ ചാണ്ടി സരിതയെ തള്ളിപ്പറഞ്ഞു. ആയിരക്കണക്കിന പേര്‍ തന്നെ ഒരോദിവസവും കാണുന്നു, അവരില്‍ ആരാണ് സരിതയെന്ന് എങ്ങനെയറിയാമെന്നു ചോദിച്ച ഉമ്മന്‍ ചാണ്ടി, പിന്നെ പറഞ്ഞത് അവരെ പോലൊരു ‘വഷള്’ സ്ത്രീയുമായി തനിക്ക് ബന്ധമുണ്ടെന്നു പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ എന്നായിരുന്നു.

എന്നെ തളര്‍ത്താന്‍ നോക്കണ്ട, നൂറിരട്ടി ശക്തിയോടെ തിരിച്ചുവരും: ഉമ്മന്‍ ചാണ്ടി

ഉമ്മന്‍ ചാണ്ടിയുടെ ഈ പ്രതികരണങ്ങള്‍ സരിതയെ വല്ലാതെ അപമാനപ്പെടുത്തി. തനിക്കെതിരേയുള്ള കേസുകള്‍ തീര്‍ക്കാനായി പണം കിട്ടിക്കൊണ്ടിരുന്ന കാലത്താണ് ഉമ്മന്‍ ചാണ്ടി തനിക്ക് പിതൃതുല്യനാണെന്ന് സരിത പ്രഖ്യാപിച്ചത്. പിന്നീട് പണം നല്‍കല്‍ നിര്‍ത്തി. തമ്പാനൂര്‍ രവിയും ബന്നി ബഹനാനുമൊക്കെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിക്കലും സമാധനപ്പെടുത്തലും മാത്രമായി. ഇതിനോടൊപ്പമാണ് കമ്മീഷനു മുന്നില്‍ പോയി ഉമ്മന്‍ ചാണ്ടി സരിതയെ മാത്രം മോശക്കാരിയാക്കി സംസാരിച്ചതും. അതോടെയാണ് കമ്മീഷനു മുന്നില്‍ ഹാജരാകാന്‍ സരിത തയ്യാറാകുന്നതും.

സരിതയുടെ മൊഴി മാത്രം വിശ്വസിച്ചാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും ഇത് രാഷ്ട്രീയ പകപോക്കലാണെന്നുമൊക്കെ ഉമ്മന്‍ ചാണ്ടിയും അദ്ദേഹത്തിന്റെ വിശ്വസ്തരും അണികളുമൊക്കെ പറയും. പക്ഷേ വസ്തുതകള്‍ അനുസരിച്ച്, കമ്മീഷന്‍ എഴുതിയ റിപ്പോര്‍ട്ടാണിത്. ഈ റിപ്പോര്‍ട്ട് കണ്ടെത്തിയ വസതുതകള്‍ ശരിവയ്ക്കുന്നത് ഒരു മുഖ്യമന്ത്രിയുടെ അധികാരദുര്‍വിനിയോഗവും അഴിമതിയുമാണ്… കേരളം അതിനെ അങ്ങനെ ചര്‍ച്ച ചെയ്യണം. നിയമം ആ വഴിക്ക് ഉമ്മന്‍ ചാണ്ടിക്കെതിരേ നീങ്ങണം…. അഡ്വ. ജോണ്‍ ജോസഫ് പറയുന്നു.

സ്ത്രീകളേ, നിങ്ങളിങ്ങനെ ഇരുന്നോ!

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍