UPDATES

ന്യൂസ് അപ്ഡേറ്റ്സ്

24 വര്‍ഷങ്ങള്‍ക്കുശേഷം കേരളത്തില്‍ നിന്നും ആ അമ്മയെത്തി; സൈനികനായ മകന്റെ ശവകൂടീരം കാണാന്‍

Avatar

അഴിമുഖം പ്രതിനിധി

ത്രേസ്യാമ്മ ജോസഫിന്റെയും അവരുടെ രണ്ട് പെണ്‍മക്കളുടെയും ജീവിതത്തിലെ സുപ്രധാന ദിവസമായിരുന്നു ഇന്നലെ. 1992ല്‍ ഭീകരരുമായുള്ള ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ട അവരുടെ മകന്‍ സെക്കന്റ് ലഫ്റ്റനന്റ് ജോസഫ് മരിച്ച് 24 വര്‍ഷത്തിന് ശേഷം ആദ്യമായാണ് അവര്‍ നാഗാലാന്റിലെ ചകമ്പയിലുള്ള അദ്ദേഹത്തിന്റെ ശവകുടീരം സന്ദര്‍ശിക്കുന്നത്. കേരളത്തിലെ ജന്മഗ്രാമത്തിലേക്ക് അദ്ദേഹത്തിന്റെ ഭൗതീകാവശിഷ്ടങ്ങള്‍ മാറ്റുന്നതിന്റെ ഭാഗമായി പൂര്‍ണമായ മത, സൈനിക ബഹുമതികളോടെ ശേഷിപ്പുകള്‍ വീണ്ടെടുക്കുകയായിരുന്നു. പ്രദേശിക സൈനിക ഉദ്യോഗസ്ഥരും രക്തസാക്ഷിയുടെ സഹപാഠികളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. 

തങ്ങളുടെ പുത്രന്റെ ഭൗതികാവശിഷ്ടങ്ങള്‍ കേരളത്തിലേക്ക് മാറ്റിയാല്‍ അദ്ദേഹത്തിന്റെ കല്ലറ ഇടയ്ക്കിടെ സന്ദര്‍ശിക്കാനാകും എന്നു മാതാപിതാക്കള്‍ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന്, നാഗലാന്‍ഡ് ജില്ല ഭരണകൂടത്തില്‍ നിന്നും നിയമപ്രകാരമുള്ള അനുമതികള്‍ വാങ്ങിയ ശേഷം ഭൗതികവശിഷ്ടങ്ങള്‍ വീണ്ടെടുക്കാന്‍ സൈന്യം നേതൃത്വം നല്‍കുകയായിരുന്നു. പ്രദേശ നിവാസികള്‍ സ്‌തോത്രം പാടിയ ചടങ്ങില്‍ ഒരു കത്തോലിക്ക വൈദികനും പങ്കെടുത്തിരുന്നു. രക്തസാക്ഷിയുടെ ഓര്‍മ്മയ്ക്ക് മുന്നില്‍ ആദരം അര്‍പ്പിച്ചുകൊണ്ട് ഒരു ആര്‍മി വിഭാഗം ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. 

വീണ്ടെടുത്ത ഭൗതീകവശിഷ്ടങ്ങള്‍ ദിമാപൂരിലേക്ക് കൊണ്ടുപോയതായി ബന്ധുജനങ്ങളുടെ യാത്രയ്ക്ക് സൗകര്യങ്ങളൊരുക്കിയ രക്തസാക്ഷിയുടെ അടുത്ത സഹപാഠിയായിരുന്ന കോണല്‍ സാജന്‍ മൊയ്തീന്‍ (റിട്ട) പറഞ്ഞു. ‘തേഡ് കോര്‍പ്പ്‌സ് ആസ്ഥാനത്ത് നടക്കുന്ന പുഷ്പാര്‍ച്ചന ചടങ്ങിനുശേഷം കൊല്‍ക്കത്തയിലേക്ക് മാറ്റുന്ന ഭൗതീകാവശിഷ്ടങ്ങള്‍ കിഴക്കന്‍ കമാന്‍ഡ് ആസ്ഥാനത്ത് വച്ച് വീണ്ടും ആദരിക്കപ്പെടും.’

തുടര്‍ന്ന് കൊച്ചിയിലെത്തിക്കുന്ന ഭൗതീകാവശിഷ്ങ്ങള്‍ പൂര്‍ണ സൈനിക ബഹുമതികളോടെ ഏറ്റുവാങ്ങുമെന്നും തുടര്‍ന്ന് സംസ്‌കാരത്തിനായി സൈനിക അകമ്പടിയോടെ കോട്ടയത്തേക്ക് കൊണ്ടുപോകുമെന്നും സെക്കന്റ് ലഫ്റ്റനന്റ് ജോസഫിന്റെ ബാച്ച് അംഗമായ മേജര്‍ ആര്‍ എസ് വിര്‍ക് (റിട്ട) അറിയിച്ചു. ‘കൊച്ചി വിമാനത്താവളത്തില്‍ നിന്നും കാഞ്ഞിരമറ്റം ഗ്രാമത്തിലേക്കുള്ള ഭൗതികാവശിഷ്ട യാത്രയില്‍ പോലീസിന്റെ അകമ്പടി ഉറപ്പാക്കുന്നതിനായി കൊച്ചിയിലെയും കോട്ടയത്തെയും ഡപ്യൂട്ടി കമ്മീഷണര്‍മാരുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കൊച്ചി സ്റ്റേഷന്‍ കമാന്‍ഡര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ രക്തസാക്ഷിക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ ഹാജരാവും,’ മേജര്‍ വിര്‍ക് കൂട്ടിച്ചേര്‍ത്തു. 

സെപ്റ്റംബര്‍ മൂന്നിന് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്തത് പോലെ, 1991ല്‍ മിലിട്ടറി അക്കാദമിയില്‍ നിന്നും പാസായ ബാച്ചിന്റെ 25-ാം വാര്‍ഷികം പ്രമാണിച്ചാണ് സെക്കന്റ് ലഫ്റ്റനന്റ് ജോസഫിന്റെ കുടുംബത്തിന്റെ സന്ദര്‍ശനം സംഘടിപ്പിച്ചത്. കോഴ്‌സിന്റെ 25-ാം വാര്‍ഷികത്തില്‍ പങ്കാളികളാവണമെന്ന് കോട്ടയത്തിന് സമീപമുള്ള ഒരു ഗ്രാമത്തില്‍ താമസിക്കുന്ന സെക്കന്റ് ലഫ്റ്റനന്റ് ജോസഫിന്റെ പിതാവ് സുബേദാര്‍ മേജര്‍ എ ടി ജോസഫ് (റിട്ട) ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ അറിയിക്കുകയായിരുന്നു. ശവസംസ്‌കാര സമയത്ത് പിതാവിന് മാത്രമേ പങ്കെടുക്കാന്‍ സാധിച്ചിരുന്നുള്ളു എന്നതിനാല്‍, രക്തസാക്ഷിയുടെ മാതാവിനും സഹോദരിമാര്‍ക്കും അന്ത്യോപചാരം അര്‍പ്പിക്കാനുള്ള അവസരം നല്‍കണമെന്ന് സഹപാഠികള്‍ തീരുമാനിക്കുകയായിരുന്നു. തങ്ങളുടെ പുത്രനെ അടക്കംചെയ്ത സ്ഥലം സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചതില്‍ അങ്ങേയറ്റം സന്തോഷമുണ്ടെന്ന് രക്തസാക്ഷിയുടെ പിതാവ് സുബേദാര്‍ മേജര്‍ ജോസഫ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ‘എന്റെ ഭാര്യയ്ക്ക് ഒടുവില്‍ അല്‍പം ആശ്വാസം ലഭിച്ചിരിക്കുകയാണ്. എല്ലാം ഭംഗിയായി സംഘടിപ്പിച്ച കരസേനയോടും എന്റെ മകന്റെ സഹപാഠികളോടും അങ്ങേയറ്റത്തെ കടപ്പാടുണ്ട്. ഞങ്ങളുടെ ഗ്രാമത്തില്‍ മകനെ അടക്കം ചെയ്യുന്നത് കാത്തിരിക്കുകയാണ് ഞങ്ങള്‍,’ അദ്ദേഹം പറഞ്ഞു. 

ദേശീയ പ്രതിരോധ അക്കാദമിയില്‍ (എന്‍ഡിഎ) ചേര്‍ന്ന സെക്കന്റ് ലഫ്റ്റനന്റ് ജോസഫ് 1991ല്‍ അവിടെ നിന്നും ഐഎംഎ കോഴ്‌സ് പാസായി. സൈനിക രഹസ്യാന്വേഷണ വിഭാഗത്തിലേക്ക് കമ്മീഷന്‍ ചെയ്യപ്പെട്ട അദ്ദേഹം നാഗലാന്റിലെ നാലാം ഗൂര്‍ഘ റൈഫിള്‍സ് (1/5 ജിആര്‍) ഒന്നാം ബറ്റാലിയനില്‍ സേവനമനുഷ്ടിച്ചുവരികയായിരുന്നു. ഗൂര്‍ഖ റൈഫിള്‍സിലെ സേവനം അവസാനിപ്പിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ചില ഭീകരരുടെ സാന്നിധ്യത്തെ കുറിച്ച് അറിവ് ലഭിച്ച ജോസഫ് അവരെ നേരിടാന്‍ സ്വയം ഇറങ്ങിത്തിരിക്കുകയായിരുന്നുവെന്ന് സഹപാഠികള്‍ ഓര്‍ക്കുന്നു. 1992ല്‍ നടന്ന ഈ സൈനിക നടപടിക്കിടയിലാണ് അദ്ദേഹത്തിന്റെ ജീവന്‍ നഷ്ടപ്പെട്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍