UPDATES

ട്രെന്‍ഡിങ്ങ്

രാജ്കുമാറിന്റെ കസ്റ്റഡി രേഖപ്പെടുത്താതിരുന്നത് എസ്‌പി വേണുഗോപാൽ പറഞ്ഞിട്ട്: എസ്ഐയുടെ മൊഴി

എസ്ഐ സാബുവിന്റെയും സിപിഒ സജീവ് ആന്റണിയുടെയും ജാമ്യാപേക്ഷ ഇന്ന് പീരുമേട് കോടതി പരിഗണിക്കും.

നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ ഹരിത ഫിനാൻസ് ഉടമ രാജ്കുമാർ ഉരുട്ടലിനു വിധേയമായി കൊല ചെയ്യപ്പെട്ട സംഭവത്തിൽ ഇടുക്കി എസ്‌പി കെബി വേണുഗോപാലിനുള്ള പങ്ക് വെളിപ്പെടുത്തി എസ്ഐ കെഎ സാബുവിന്റെ മൊഴി. രാജ്കുമാറിനെ കസ്റ്റഡിയിലെടുത്ത വിവരം എസ്‌പിയെ ഉടൻ തന്നെ അറിയിച്ചിരുന്നെന്ന് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത എസ്ഐ കെഎ സാബു മൊഴി നൽകി. മംഗളമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

സ്പെഷ്യൽ ബ്രാഞ്ച് വാട്സാപ്പ് ഗ്രൂപ്പിലും രേഖാമൂലവും രാജ്കുമാറിനെ കസ്റ്റഡിയിലെടുത്ത വിവരം താൻ എസ്‌പിയെ അറിയിച്ചിരുന്നെന്ന് എസ്ഐ സാബു പറയുന്നു. രാജ്കുമാറിനൊപ്പം കസ്റ്റഡിയിലെടുത്ത സ്ത്രീകളെ ഉടൻ റിമാൻഡ് ചെയ്യണമെന്നും രാജ്കുമാറിനെ മജിസ്ട്രേറ്റിനു മുമ്പിൽ ഹാജരാക്കരുതെന്നും ആവശ്യപ്പെട്ടത് എസ്‌പിയാണ്. രാജ്കുമാർ‌ തട്ടിയ പണം കണ്ടെത്തിയതിനു ശേഷം മതി മജിസ്ട്രേറ്റിനു മുമ്പിൽ‌ ഹാജരാക്കലെന്നും എസ്‌പി വേണുഗോപാൽ നിർദ്ദേശിച്ചു.

എസ്‌പി അറിയാതെ സ്റ്റേഷനിൽ ആരെയെങ്കിലും മൂന്നു ദിവസം കസ്റ്റഡിയിൽ വെക്കുക അസാധ്യമാണെന്ന് എസ്ഐ സാബു മൊഴിയിൽ പറഞ്ഞു. ഓരോ സ്റ്റേഷനിലും സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥന്റെ സാന്നിധ്യമുണ്ട്. സ്റ്റേഷനിൽ നടക്കുന്നതെല്ലാം അതാതാ ദിവസം ഈ ഉദ്യോഗസ്ഥൻ എസ്പിയെ അറിയിക്കും.

ചോദ്യം ചെയ്യലിൽ പണം എവിടെയാണെന്ന കാര്യം രാജ്കുമാർ പറഞ്ഞില്ല. ഇതോടെ കുറെക്കൂടി കടുത്ത പ്രയോഗം നടത്താൻ പൊലീസ് ഡ്രൈവർമാരായ നിയാസിനും സജിമോൻ ആന്റണിക്കും എസ്ഐ നിർദ്ദേശം നൽകുകയായിരുന്നു.

അതെസമയം എസ്ഐ സാബുവിന്റെയും സിപിഒ സജീവ് ആന്റണിയുടെയും ജാമ്യാപേക്ഷ ഇന്ന് പീരുമേട് കോടതി പരിഗണിക്കും. നിലവിലെ സാഹചര്യത്തിൽ ജാമ്യം നിഷേധിക്കാനാണ് സാധ്യത. കേസിലെ ഒളിവിലുള്ള രണ്ടും മൂന്നും പ്രതികളുടെ അറസ്റ്റ് ഇന്നോ നാളെയോ ഉണ്ടാകും.

ഗുരുതരമായ കേസുകളിലൊഴികെ രാത്രികാല കസ്റ്റഡി ഒഴിവാക്കണമെന്ന് വാക്കാലുള്ള നിർദ്ദേശം പൊലീസിന് ലഭിച്ചതായി സമകാലിക മലയാളം റിപ്പോർട്ട് ചെയ്യുന്നു. ജനക്കൂട്ടം പിടിച്ചു നൽകുന്ന പ്രതികളെ ആദ്യം വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണം. അതിനു ശേഷമേ സ്റ്റേഷനിലേക്ക് കൊണ്ടുപോകാവൂ. സ്റ്റേഷൻ ലോക്കപ്പിലുള്ള പ്രതികളുടെ വിവരങ്ങൾ അതാത് സമയങ്ങളിൽ പൊലീസ് മേധാവിയെ അറിയിച്ചിരിക്കണം. മദ്യപിച്ച് ഡ്രൈവ് ചെയ്തതുൾപ്പെടെയുള്ള സംഭവങ്ങളിൽ പ്രതികളെ നേരെ ആശുപത്രിയിലേക്കാണ് കൊണ്ടുപോകേണ്ടത്.

രാത്രികാലങ്ങളിൽ കഴിയുന്നതും സ്റ്റേഷൻ ലോക്കപ്പ് ഒഴിച്ചിടാനാണ് നിർദ്ദേശം. വാഹനം നിര്‍ത്താതെ പോകുന്ന സംഭവങ്ങളിൽ പിന്തുടർന്ന് പിടികൂടേണ്ടതില്ലെന്നും കുറെക്കൂടി സുരക്ഷിതമായ നിയമ നടപടികളിലേക്ക് നീങ്ങുകയാണ് വേണ്ടതെന്ന് നിർദ്ദേശമുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍