UPDATES

ട്രെന്‍ഡിങ്ങ്

തെറ്റ് ചെയ്തതിനാണ് ശിക്ഷയെങ്കില്‍ സഭയിലെ 7033 പേരെയും പുറത്താക്കട്ടെ, എന്നിട്ടാകാം എന്റെ കാര്യം; സി. ലൂസി കളപ്പുര

സര്‍ക്കാരിന്റെ ശമ്പളം പറ്റുന്നൊരാളാണ് ഞാന്‍. അതൊന്നും പാടില്ലെന്നാണെങ്കില്‍ ഈ സന്ന്യാസ സഭയുടെ ആരംഭകാലത്തിലെ പോലെ യാചന നടത്തിയും മറ്റും എല്ലാവരും ജീവിക്കട്ടെ

ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്ന്യാസി സമൂഹത്തിലെ അംഗം സി. ലൂസി കളപ്പുരയ്‌ക്കെതിരേ അച്ചടക്കലംഘനങ്ങളും അനുസരണവ്രതങ്ങളുടെ നിഷേധവും ചൂണ്ടാക്കാട്ടി വിശദീകരണം ആവശ്യപ്പെട്ട് മദര്‍ സപ്പീരിയര്‍ നോട്ടീസ് അയച്ചിരുന്നു. നേരിട്ട് എത്തി വിശദീകരണം നല്‍കണമെന്ന ആവശ്യത്തിന് തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് സി. ലൂസിക്ക് വീണ്ടും മഠം മേലധികാരി നോട്ടീസ് അയച്ചിരിക്കുകയാണ്. ഇത്തവണ സിസ്റ്റര്‍ക്കെതിരേയുള്ള കുറ്റങ്ങള്‍ കൂടിയിട്ടുമുണ്ട്. നേരത്തെ െ്രെഡവിംഗ് പഠിച്ചു, ലൈസന്‍സ് എടുത്തു, കാര്‍ വാങ്ങി, കവിത സമാഹാരം പ്രസിദ്ധീകരിച്ചു, ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു, പത്രങ്ങളിലും ആഴ്ച്ചപ്പതിപ്പുകളിലും എഴുതി തുടങ്ങിയ മുന്‍കുറ്റങ്ങള്‍ക്കൊപ്പം രാത്രിയില്‍ വൈകി മഠത്തില്‍ വരുന്നു, ചുരിദാര്‍ ധരിക്കുന്നു തുടങ്ങിയ പുതിയ കുറ്റങ്ങളും ചേര്‍ത്തിട്ടുണ്ട്. കന്യാസ്ത്രീ പീഢനക്കേസിലെ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവിശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തിയ സമരത്തില്‍ പങ്കെടുക്കുകയും കന്യാസ്ത്രീകളുടെ നീതിക്കായി ശബ്ദിക്കുകയും ചെയ്തതോടെയാണ് സി.ലൂസി കളപ്പുരയ്‌ക്കെതിരേ നടപടികളും നീക്കങ്ങളും തുടങ്ങിയതെന്ന ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് ഇപ്പോള്‍ സിസ്റ്ററെ അച്ചടക്കലംഘനത്തിന്റെ പേരില്‍ പുറത്താക്കാനുള്ള നടപടികളും ശക്തമാക്കിയിരിക്കുന്നത്. എന്നാല്‍ തനിക്കെതിരേയുള്ള കുറ്റാരോപണങ്ങളിലും നിക്കങ്ങളിലും സി. ലൂസി കളപ്പുരയ്ക്ക് വ്യക്തമായ മറുപടികളും വിശദീകരണങ്ങളുമുണ്ട്. അതവര്‍ അഴിമുഖത്തിനോട് പങ്കുവയ്ക്കുകയാണ്.

ശക്തമായി നടപടിയിലേക്ക് പോകുമെന്നാണ് കേള്‍ക്കുന്നത്. അങ്ങനെയൊരു നടപടിയടുക്കാന്‍ അവര്‍ക്കെങ്ങനെയാണ് സാധിക്കുക? അവര്‍ ആദ്യം വിശദീകരണം ചോദിച്ചിട്ട് ഞാന്‍ മറുപടി കൊടുത്തിരുന്നില്ല. അതിനെ തുടര്‍ന്ന് മദര്‍ സുപ്പീരിയറിന്റെ പ്രതിനിധികള്‍ എന്നെ കാണാന്‍ വന്നിരുന്നു. വിശദീകരണം നല്‍കാന്‍ എന്തുകൊണ്ട് വന്നില്ല എന്നുമാത്രമായിരുന്നു വന്നവര്‍ക്ക് ചോദിക്കാനുണ്ടായിരുന്നത്. എന്തുകൊണ്ട് പോയില്ല എന്നു വ്യക്തമായി അവരോട് പറയുകയും ചെയ്തതാണ്. ഇപ്പോഴവര്‍ പുതിയ കുറച്ച് കുറ്റങ്ങളും കൂടി ചേര്‍ത്ത് എന്നെ പുറത്താക്കാന്‍ തയ്യാറെടുക്കുന്നു.

എനിക്കെതിരേയുള്ള കുറ്റങ്ങള്‍ എന്തൊക്കെയാണ്. ഞാന്‍ രാത്രിയില്‍ താമസിച്ചു വരുന്നതാണ് ഒരു അപരാധമായി പറയുന്നത്. അത്യാവശ്യം വരുമ്പോള്‍ സഭയിലെ എല്ലാവരും തന്നെ പുറത്തു പോകാറും താമസിച്ച് വരാറുമില്ലേ? എന്റെ കാര്യത്തില്‍ മാത്രം പിന്നെയെന്തിനൊരു ചോദ്യം ചെയ്യല്‍? അങ്ങനെ പോകുന്നത് തെറ്റാണെങ്കില്‍ ആരും പോകരുത്. വൈകുന്നേരം ആയാല്‍ എല്ലാവരും മഠത്തിനകത്ത് ആയിരിക്കണം. ഞാനെവിടെയാണ് പോയിരിക്കുന്നതെന്ന് പൊതുജനം കാണുന്നുണ്ട്. അത് ചാനലുകളിലാണ്. അതുപോലെ എല്ലാവരും എവിടെയൊക്കെ പോകുന്നുണ്ടെന്ന് അറിയാമോ? അതുകൊണ്ട് തന്നെ ഇത്തരമൊരു ആരോപണത്തിന് എന്തു മറുപടി പറയണം?

Read More: ‘ഉടുപ്പൂരിക്കാന്‍ നോക്കുന്നതിന്റെ ഭാഗമാണ് ഈ ട്രാന്‍സ്ഫറും, പക്ഷേ ചാകേണ്ടി വന്നാലും അതീ തിരുവസ്ത്രത്തില്‍ തന്നെയായിരിക്കും’

ചുരിദാറ് ഇടുന്നതാണ് മറ്റൊരു കുറ്റം. ബെംഗളൂരുവില്‍ ഒരുവര്‍ഷത്തെ സഭ കോഴ്‌സില്‍ പങ്കെടുക്കാന്‍ എന്നെ മഠത്തില്‍ നിന്നും വിട്ടിരുന്നു. വൈദീകരും ബ്രദേഴ്‌സും സിസ്റ്റര്‍മാരും എല്ലാവരും ഒരുമിച്ചുള്ള കോഴ്‌സ് ആയിരുന്നു. അവിടെവച്ച് എത്രയോ ദിവസങ്ങളില്‍ ഞാന്‍ ചുരിദാര്‍ ധരിച്ചു. യോഗ പരിശീലനത്തിലും കായിക പരിശീലനത്തിലും കലാ പരിപാടികളില്‍ പങ്കെടുക്കുമ്പോഴുമൊക്കെ വേഷം ചുരിദാര്‍ ആയിരുന്നു. ഇതൊക്കെ അച്ചന്‍മാരുള്‍പ്പെടെയുള്ളവരുടെ മുന്നില്‍വച്ചാണ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് ബിഎഡ്ഡും ടിടിസിയുമൊക്കെ പഠിക്കാന്‍ പോകുമ്പോള്‍ ആ സ്‌കൂളിന്റെ നിയമമനുസരിച്ചുള്ള വേഷം ധരിക്കണമെങ്കില്‍ അങ്ങനെയാണ് സിസ്റ്റര്‍മാര്‍ ചെയ്യറുള്ളത്. ഇതൊക്കെ സ്വഭാവികമായി നടന്നുവരുന്ന കാര്യങ്ങളാണ്. ആഢംബര വസ്ത്രധാരണമല്ലല്ലോ, വളരെ ലളിതമായ വേഷമല്ലേ ധരിക്കുന്നത്. അതെങ്ങനെയാണ് കുറ്റമായി മാറുന്നത്? ഹസാരിബാഗില്‍ എഫ്‌സിസിയുടെ ഒരു പ്രൊവിന്‍സില്‍ സാരിയുടുക്കാന്‍ അനുവാദമുണ്ട്. അവിടെ  കൂടുതല്‍  സിസ്റ്റര്‍മാരും സാരിയാണ് ഉടുക്കുന്നത്. അവിടുത്തെ പ്രവര്‍ത്തനമേഖലയ്ക്ക് സൗകര്യപ്രദമായ വസ്ത്രം സാരിയാണ്. ഇഷ്ടമുള്ളവര്‍ സഭ വസ്ത്രം ധരിക്കും. പക്ഷേ കൂടുതല്‍ പേരും സാരിയാണ്. അങ്ങനെയൊക്കെ നടന്നുപോരുമ്പോള്‍ എന്റെ കാര്യത്തില്‍ ഇതൊക്കെയെങ്ങനെയാണ് കുറ്റമായി മാറുന്നത്? ചുരിദാര്‍ ഇടുന്നത് അത്രവലിയ അപരാധമാണെങ്കില്‍ ഇതേ പ്രൊവിന്‍സില്‍ നിന്നുതന്നെയല്ലേ ബെംഗളൂരുവിലെ കോഴ്‌സിനു പോകാനായിട്ട്‌ എനിക്ക് ചുരിദാര്‍ തയ്ച്ചു തന്നുവിട്ടതും! എത്ര ബാലിശമായ ആരോപണങ്ങളാണിതൊക്കെ.

മാധ്യമങ്ങളില്‍ എഴുതരുത്. ചാനലില്‍ സംസാരിക്കരുത് എന്നൊക്കെയാണ് വിലക്ക്. സിനഡിലും ഇതേ തീരുമാനം എടുത്തിട്ടുണ്ട്. മീഡിയായുടെ മുന്നില്‍ പോയിരിക്കല്‍ മാത്രമല്ലല്ലോ കാര്യങ്ങള്‍ അറിയാനും അറിയിക്കാനും ഉള്ള വഴി. ഇവിടെ എല്ലാ പുരോഹിതരും എത്രയോ അധികം കന്യാസ്ത്രീകളും ഇന്റര്‍നെറ്റ് ഉള്ള സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നില്ലേ. വാട്‌സ്ആപ്പ്, മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം ഇതെല്ലാം ഇവര്‍ ഉപയോഗിക്കുന്നില്ലേ. എത്രയോ വീഡിയോകളാണ് ഇവര്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നത്. നോബിള്‍ പാറയ്ക്കലിനെ പോലുള്ളവര്‍ എത്ര വീഡിയോകളാണ് ഇട്ടിരിക്കുന്നത്. പുരോഹിത വേഷത്തിലും അല്ലാതെയും. ചാനലില്‍ പോയിരിക്കരുതെന്നു പറഞ്ഞാല്‍ ആരോടും ഒന്നും പറയാതിരിക്കും എന്നാണോ? എല്ലാവരുടെയും കൈയില്‍ സ്മാര്‍ട്ട് ഫോണ്‍ ഉള്ള കാലത്തോ? അതും തടയാനാണെങ്കില്‍ ഒരു കാര്യം ചെയ്യണം. പിതാക്കന്മാരും പുരോഹിതരും കന്യാസ്ത്രീകളും എല്ലാവരും ലാന്‍ഡ് ഫോണ്‍ മാത്രം ഉപയോഗിക്കാവൂ എന്ന് നിയമം ഉണ്ടാക്കണം. അല്ലാതെ ചിലര്‍ മാത്രം ഈ സൗകര്യങ്ങള്‍ ഉപയോഗിക്കരുതെന്ന് പറയുന്നത് നീതിയല്ല.

33 വര്‍ഷം കഴിഞ്ഞു ഞാനീ സന്യസ്ത ജീവിതം തുടങ്ങിയിട്ട്. തുടക്കം മുതല്‍ ചാനലുകളില്‍ ചര്‍ച്ചകളില്‍ പോവുകയോ മാധ്യമങ്ങളില്‍ എഴുതുകയോ ഒന്നുമുണ്ടായിരുന്നില്ലല്ലോ! സാഹചര്യങ്ങളാണ് എന്നെ അതിനൊക്കെ നിര്‍ബന്ധിതയാക്കിയത്. ആ കന്യാസ്ത്രീകളുടെ സമരവുമായി ബന്ധപ്പെട്ട് ഞാന്‍ അല്ലായിരുന്നു ചാനലില്‍ പോകേണ്ടിയിരുന്നത്. ഞാനല്ലായിരുന്നു സമരത്തില്‍ പങ്കെടുക്കാന്‍ പോകേണ്ടിയിരുന്നത്. എന്തുകൊണ്ട് പോകേണ്ടവര്‍ പോകാതിരുന്നു? നിശബ്ദരായിട്ടിരുന്നു. അവരെ വിമര്‍ശിച്ചു? ഇതുകൊണ്ടൊക്കെയാണ് ഞാന്‍ പോകേണ്ടി വന്നത്. സംംസാരിക്കേണ്ടി വന്നത്. സഭയ്ക്ക് വിധേയപ്പെട്ടു നിന്നു ജീവിച്ചു പോന്നവളാണ് ഞാന്‍. ഇപ്പോഴും ഇനിയും അങ്ങനെ തന്നെയായിരിക്കും.

Read More: ശിക്ഷിക്കാന്‍ വേണ്ടിയാണ് അനുസരണവ്രതമെങ്കില്‍ അത് ലംഘിക്കുക തന്നെ വേണം; ട്രാന്‍സ്ഫര്‍ അംഗീകരിക്കരുതെന്ന് കുറിവലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളോട് സി. ലൂസി കളപ്പുര

സഭയ്ക്ക് വിധേയപ്പെട്ടു എന്നു പറയുമ്പോള്‍ ആര് എന്തു പറഞ്ഞാലും അനുസരിക്കുക എന്നല്ല. അനുസരണം എന്നാല്‍ ഒന്നോ രണ്ടോ പേര്‍ക്ക് മാത്രം ബാധകമായതല്ല. എന്നോട് ചെയ്യരുതെന്ന് പറയുന്ന കാര്യങ്ങള്‍ മറ്റാരും തന്നെ ചെയ്യരുത്. ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സഭയില്‍ 7034 പേരുണ്ട്. ഇതില്‍ ഞാനൊഴിച്ച് ബാക്കി 7033 പേരും പൂര്‍ണമായി ശരിയായവരാണോ? ഇവര്‍ക്ക് അങ്ങനെ പറയാന്‍ പറ്റുമോ? തെളിയിക്കാന്‍ പറ്റുമോ? അതുകൊണ്ട് 7033 പേരും പൊയ്ക്കഴിഞ്ഞിട്ട് മതി എന്നെ മഠത്തില്‍ നിന്നും പറഞ്ഞു വിടുന്നത്.

ഞാന്‍ ഒരു ചാനലില്‍ പബ്ലിക് ആയിട്ട് സംസാരിക്കാനാണ് പോകുന്നത്. അല്ലാതെ ഒരു ഇരുണ്ട മുറിയില്‍ പോയിരുന്ന് എന്തെങ്കിലും ചെയ്യുകയല്ലായിരുന്നു. രാത്രി ഒരു മണിക്കും രണ്ടുമണിക്കുമൊക്കെ ഫോണ്‍ ചെയ്യുകയും ചാറ്റ് ചെയ്യുന്നവരുമില്ലേ? അതൊക്കെ ആരും അന്വേഷിക്കുകയും കുറ്റം ചുമത്തുകയൊന്നും ചെയ്യുന്നില്ലല്ലോ. ഇത്തരം യാഥാര്‍ത്ഥ്യങ്ങളൊക്കെ മനഃപൂര്‍വം മറച്ചുവച്ചുകൊണ്ട് എന്നെ പുറകെ നടന്ന് പീഢിപ്പിക്കാന്‍ നോക്കുന്നത് ശരിയായ കാര്യമാണോ? ചില കാര്യങ്ങള്‍ക്ക് എനിക്ക് മുന്നിട്ടിറങ്ങേണ്ടി വന്നു, ഇറങ്ങി. അതിലൊരു തെറ്റും ഞാന്‍ കാണുന്നില്ല.

ഞാനാരെയും പ്രകോപിക്കുന്നില്ല. അവര്‍ സ്വയം പ്രകോപനം കൊള്ളുന്നതാണ്. അതവര്‍ അംഗീകരിച്ചാല്‍ മതി. ഞാന്‍ ചാനലില്‍ പോയിരുന്ന് സംസാരിക്കുന്നതുകൊണ്ട് മാത്രമാണോ സഭയിലെ പ്രശ്‌നങ്ങള്‍ ലോകം അറിയുന്നത്. എന്റെ മേശപ്പുറത്ത് ലാപ്‌ടോപ്പ് ഉണ്ട്, ഇന്റര്‍നെറ്റ് കണക്ഷനോടെ, എന്റെ കൈയില്‍ സ്മാര്‍ട്ട് ഫോണുണ്ട്, അതിലും ഇന്റര്‍നെറ്റ് ഉണ്ട്. ഇതുപോലെ എത്രയോ സിസ്റ്റര്‍മാര്‍ക്കുണ്ട്. അതുകൊണ്ട് എനിക്ക് ചാനലില്‍ പോയിരുന്നാല്‍ മാത്രമെ കാര്യങ്ങള്‍ സംസാരിക്കാന്‍ പറ്റൂ എന്നില്ലല്ലോ! എല്ലാവരും ഇങ്ങനത്തെ സാഹചര്യങ്ങളൊക്കെ ഉപേക്ഷിക്കട്ടെ, പരിപൂര്‍ണമായ ഇല്ലായ്മയിലേക്ക്, സാങ്കേതിക വിദ്യകളൊന്നും വളരാത്ത കാലത്തിലേക്ക് എല്ലാവരും തിരിച്ചുപോട്ടെ. എന്നെ കുറ്റപ്പെടുത്തുന്നവര്‍ ഉള്‍പ്പെടെ. അല്ലാതെ തൊണ്ണൂറു ശതമാനവും പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുകയും പത്തു ശതമാനത്തതിനുമേല്‍ ഇതിന്റെ കുറ്റം വെറുതെ അടിച്ചേല്‍പ്പിക്കുന്നതും ശരിയല്ല. ശരിയായിട്ടുള്ളത് കാണാന്‍ പറ്റാത്തതുകൊണ്ടാണ് അവര്‍ നോക്കുന്നതെല്ലാം തെറ്റായി തോന്നുന്നത്.

മറ്റൊരു കുറ്റം രാത്രിയില്‍ ഭക്ഷണം ഞാന്‍ കൂട്ടായ്മയില്‍ കഴിക്കുന്നില്ലെന്നതാണ്. ഞാനൊരു അധ്യാപികയാണ്. സ്‌കൂളിലെ കഞ്ഞിയാണ് കുടിക്കുന്നത്. രാവിലത്തെ ഭക്ഷണം മഠത്തിലെ എല്ലാവരേയും പോലെയായിരുന്നു ഞാനും കഴിച്ചുകൊണ്ടിരുന്നത്. കന്യാസ്ത്രീകളുടെ സമരത്തിനു പോയി വന്നശേഷം എന്നോട് നല്ല സമീപനമല്ലായിരുന്നു അവിടെയുള്ളവരില്‍ നിന്നും ഉണ്ടായത്. അങ്ങനെയുള്ളവര്‍ക്കിടയില്‍ ഒരു അപരിചതയെപോലെ നില്‍ക്കാന്‍ എനിക്ക് തോന്നിയില്ല. അതുകൊണ്ട് മഠത്തിന്റെ അടുക്കളയില്‍ പോയി ഭക്ഷണം എടുത്ത് അവിടെയിരുന്നു തന്നെ കഴിക്കും. വൈകിട്ട് ഓരോരുത്തരും ഓരോ സമയത്താണ് വരുന്നത്. അടുക്കളയില്‍ പോയി ഓരോരുത്തരായി കഴിച്ചു പോരുകയാണ് പതിവ്. ശാരീരികപ്രശ്‌നമുള്ളതുകൊണ്ട് ഭക്ഷണം പൊതുവെ കുറവാണ് ഞാന്‍ കഴിക്കാറുള്ളത്. അതുകൊണ്ട് രാത്രി ഭക്ഷണം കഴിക്കാറില്ല.

ജോലി ചെയ്യുന്നതിന്റെ ശമ്പളത്തിന്റെ കാര്യത്തില്‍ ഓരോ സന്ന്യാസ സമൂഹത്തിലും ഓരോ രീതിയാണ്. ഞങ്ങളുടെ കോണ്‍ഗ്രിഗേഷനില്‍ സ്വന്തമായി പൈസ ഉപയോഗിക്കുന്ന രീതിയല്ല നിലവിലുള്ളത്. ഇത്രനാളും ജോലി ചെയ്തിട്ട് ഒരു പൈസപോലും ഞാനും എടുത്തിട്ടില്ലായിരുന്നു. ഈയൊരു വര്‍ഷമായി ഞാന്‍ എന്റെ ശമ്പളം എടുക്കുന്നുണ്ടെങ്കില്‍ അതിന്റെ കാര്യം എല്ലാവരോടും പറഞ്ഞു കഴിഞ്ഞതാണ്. ഇതുവരെ എല്ലാം ഞാന്‍ മഠത്തിനു തന്നെയാണ് നല്‍കിയിരുന്നത്. ശുശ്രൂഷ മേഖലകളില്‍ എനിക്ക് ചെലവാക്കാന്‍ സാമ്പത്തികം ചോദിച്ചപ്പോള്‍ അവര്‍ തരാതിരിക്കുകയാണ് ചെയ്തത്. ചെയ്യേണ്ടെന്നാണ് പറയുന്നത്. എത്രയോ വര്‍ഷങ്ങള്‍ നിസ്സഹായായി എനിക്കവരെ കേള്‍ക്കേണ്ടി വന്നു. ഒടുവിലാണ് എനിക്ക് സ്വന്തമായി നിലപാട് എടുക്കേണ്ടി വന്നത്. എനിക്ക് ആരുടെയും മുന്നില്‍ പോയി കൈനീട്ടേണ്ടതിന്റെയോ അടിമയായി നില്‍ക്കേണ്ടതിന്റെയോ ആവശ്യമില്ലെന്നു തോന്നി. എനിക്ക് സ്വതന്ത്രയായി നില്‍ക്കാന്‍ ഞാന്‍ ജോലി ചെയ്യുന്നുണ്ട്. 25 വര്‍ഷമായി ഞാന്‍ അധ്യാപികയായി ജോലി ചെയ്യാന്‍ തുടങ്ങിയിട്ട്. എനിക്കുള്ള ശമ്പളത്തില്‍ നിന്നും ഇതുവരെ ഒരു പൈസപോലും സ്വന്തം കാര്യത്തിന് എടുക്കാതെ മൊത്തം മഠത്തില്‍ കൊടുത്തൊരാളാണ്. അല്ലാതെ എല്ലാക്കാലവും എന്റെ ശമ്പളം ഞാന്‍ തന്നെ എടുത്ത് ഉപയോഗിക്കുകയല്ലായിരുന്നു. ഞാന്‍ പണം സുതാര്യമായി തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. കാശ് കള്ളക്കൈകാര്യം ചെയ്യുന്ന എത്രയോ പേര്‍ വേറെയുണ്ട്.

എന്റെ വ്യക്തിത്വവും നിലപാടുകളും നിരാശപ്പെടുത്തി ഒരു ജീവിതം ഞാന്‍ ആഗ്രഹിക്കുന്നില്ല. അങ്ങനെ ജീവിക്കാമെന്ന് ഒരു വ്രതവും ഞാന്‍ എടുത്തിട്ടുമില്ല. ഞാന്‍ ഈ ലോകത്തിലാണ് ജോലി ചെയ്യുന്നത്. സര്‍ക്കാരിന്റെ ശമ്പളം പറ്റുന്നൊരാളാണ് ഞാന്‍. അതൊന്നും പാടില്ലെന്നാണെങ്കില്‍ ഈ സന്ന്യാസ സഭയുടെ ആരംഭകാലത്തിലെ പോലെ യാചന നടത്തിയും മറ്റും എല്ലാവരും ജീവിക്കട്ടെ. അല്ലാതെ കക്ഷത്തില്‍ ഉള്ളതു പോവുകയുമരുത് ഉത്തരത്തില്‍ ഇരിക്കുന്നത് വേണമെന്നും പറയരുത്. ചിലര്‍ക്ക് മാത്രമായി നിയമം വളച്ചൊടിക്കരുത്. മഠത്തിലെ കന്യാസ്ത്രീകളോടൊത്ത് ജീവിക്കുന്ന സമയത്തിനെക്കാള്‍ കൂടുതല്‍ ലോകത്തോടൊത്ത്, അധ്യാപകരോടൊത്ത്, വിദ്യാര്‍ത്ഥികളോടൊത്ത് ജീവിക്കുന്ന അധ്യാപികയായൊരു കന്യാസ്ത്രീയാണ് ഞാന്‍. അങ്ങനെ ജീവിക്കാനാണ് മാര്‍പാപ്പ പറയുന്നതും. തെരുവ് മക്കളുടെ കൂടെ ജീവിക്കാനാണ് മാര്‍പാപ്പ പറയുന്നത്. ആ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് ഞാന്‍ ജീവിക്കുന്നത്. അവയ്ക്ക് വിരുദ്ധമായിട്ടല്ല. സാമൂഹ്യപ്രവര്‍ത്തനം ചെയ്യാനാണ് ഞാന്‍ ഈ സഭയിലേക്ക് വന്നത്. ബിഎഡ് എടുക്കാന്‍ വേണ്ടിയല്ല. എന്നെയത് പഠിപ്പിക്കാന്‍ വിട്ടതല്ലേ. ഇപ്പോഴും എന്റെ അധ്യാപക ജീവിതത്തിനിടയിലും എന്നെക്കൊണ്ടാവുന്ന എല്ലാ നന്മകളും ഈ സമൂഹത്തിനുവേണ്ടി ചെയ്യാന്‍ ശ്രമിക്കാറുണ്ട്. ചെയ്യാറുമുണ്ട്. പോവുക പഠിപ്പിക്കുക തിരിച്ചു വരിക, അതിനിടയ്ക്ക് കാരുണ്യപ്രവര്‍ത്തികളൊന്നും ചെയ്യേണ്ട എന്ന നിര്‍ദേശവും എനിക്ക് കിട്ടിയിട്ടുണ്ട്. എന്തിനാണവര്‍ എന്നെ ഇങ്ങനെ ഭയക്കുന്നത്?

ഞാന്‍ ഇപ്പോഴും പറയുന്നു; ഒരു തെറ്റും ഞാന്‍ ചെയ്തിട്ടില്ല. ചെയ്യാത്ത തെറ്റുകള്‍ അംഗീകരിക്കണമെന്നു പറഞ്ഞാല്‍ നിഷേധിക്കും. എന്താണ് അതിന്റെ പേരില്‍ എന്നോട് ചെയ്യാന്‍ പോകുന്നതെന്ന് നോക്കാം.

Read More: സി.ലൂസി എന്തിനു മഠത്തില്‍ തുടരുന്നതെന്നു ചോദിക്കുന്നവരോട്, അത് ആ സിസ്റ്ററുടെ അവകാശമാണ്; ജെസ്മി പ്രതികരിക്കുന്നു

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍