UPDATES

ആയിരം ദിവസമായി സെക്രട്ടറിയേറ്റ് പടിക്കല്‍ കിടക്കുന്ന ഈ മനുഷ്യനെ എല്ലാവരും മറന്നോ? ശ്രീജിത്തിനെ തിരിച്ചു കൊണ്ടുവരേണ്ടതുണ്ട്

സിബിഐ അന്വേഷണം അനുവദിച്ചതില്‍ പിന്നെ ശ്രീജിത്ത് വീണ്ടും സമരം തുടരേണ്ടതുണ്ടോ എന്ന് സ്വാഭാവികമായും സമൂഹത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ചോദ്യമുയര്‍ന്നിരുന്നു.

സഹോദരന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആരംഭിച്ച ശ്രീജിത്തിന്റെ സമരം നാളെ 1000 ദിവസം പിന്നിടുകയാണ്. പുതിയ സമരമുറകളിലേക്ക് കടക്കുമെന്നും സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം ചെയ്തു തന്നെ ജീവിതം തീര്‍ക്കുമെന്നും ശ്രീജിത്ത് പറയുന്നു. ഇതിനിടയില്‍ ആത്മഹത്യാ ഭീഷണിയും ശ്രീജിത്തില്‍ നിന്നുണ്ടായി. ഈ സാഹചര്യത്തിലാണ് ഞങ്ങള്‍ ശ്രീജിത്തിന്റെ അവസ്ഥ പൊതുസമൂഹത്തിന്റെ മുന്നില്‍ വീണ്ടും കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. സിബിഐ അന്വേഷണത്തിന് ഉത്തരവായിട്ടും മഴയും വെയിലും വകവയ്ക്കാതെ സമരം തുടരുന്ന, ഇപ്പോള്‍ ആത്മഹത്യാ ഭീഷണിയും മുഴക്കിയിരിക്കുന്ന ഒരാളുടെ കാര്യത്തില്‍ ഇടപെടാന്‍ സമൂഹത്തിനു കഴിയേണ്ടതില്ലേ? ഒരു വ്യക്തിയുടെ ജീവന്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ ഭരണകൂടത്തിന് ഉത്തരവാദിത്തമില്ലേ? ചികിത്സ ആവശ്യമുണ്ടെങ്കില്‍ അതും ഏര്‍പ്പെടുത്തി അയാളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരേണ്ടതില്ലേ?

പാറശ്ശാല പോലീസിന്റെ കസ്റ്റഡിയിലിരിക്കെ സഹോദരന്‍ ശ്രീജീവ് കൊല്ലപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി 2015 മെയ് 22-നാണ് ശ്രീജിത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരവുമായെത്തിയത്. സമരത്തിന്റെ 760ാം ദിവസം പിന്നിട്ടപ്പോഴേക്കും ശ്രീജിത്തിന്റെ സമരത്തിന് ജനകീയ പിന്തുണ ലഭിച്ചു തുടങ്ങി. പിന്നീട് ഫെയ്സ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ ‘ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത്’ എന്ന ഹാഷ്ടാഗ് ക്യാംപെയ്ന്‍ ആരംഭിക്കുകയും തുടര്‍ന്ന് വലിയ ജനപിന്തുണയോടെ ജനുവരി 14ന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും ബഹുജനജാഥ ആരംഭിക്കുകയും ചെയ്തു. കേരളത്തില്‍ ആദ്യമായാണ് ഒരു വ്യക്തിയുടെ സമരം സമൂഹമാധ്യമങ്ങളിലൂടെ ജനകീയമായത്. ശ്രീജിവിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണം എന്നതായിരുന്നു അന്ന് ശ്രീജിത്ത് മുന്നോട്ട് വെച്ച ആവശ്യം. ആ ആവശ്യം നടപ്പിലാക്കുന്നത് വരെ ശ്രീജിത്തിനൊപ്പമാണെന്നാണ് ഫെയ്സ്ബുക്ക് കൂട്ടായ്മയിലൂടെ പിന്തുണയുമായി എത്തിയവരും അറിയിച്ചിരുന്നു. തുടര്‍ന്ന് സിബിഐ അന്വേഷണ വിജ്ഞാപനമിറക്കുകയും ഉത്തരവ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജന്‍ ശ്രീജിത്തിന് കൈമാറുകയും ചെയ്തു. എന്നാല്‍ സിബിഐ മൊഴി എടുക്കും വരെ സമരം തുടരാനാണ് ശ്രീജിത്ത് തീരുമാനിച്ചത്. 782ാം ദിവസം സിബിഐ അന്വേഷണനടപടികള്‍ ആരംഭിച്ചതോടെ 786ാം ദിവസം ശ്രീജിത്ത് സമരം അവസാനിപ്പിച്ചു. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ശ്രീജിത്ത് സമരം വീണ്ടും ആരംഭിച്ചു കൊണ്ട് സെക്രട്ടറിയേറ്റ് പടിക്കല്‍ വീണ്ടും എത്തുകയായിരുന്നു.

സിബിഐ അന്വേഷണം അനുവദിച്ചതില്‍ പിന്നെ ശ്രീജിത്ത് വീണ്ടും സമരം തുടരേണ്ടതുണ്ടോ എന്നും സ്വാഭാവികമായും സമൂഹത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും സംശയമുയര്‍ന്നു. “സിബിഐ കേസ് ഏറ്റെടുത്തുവെന്നതിന് യാതൊരു ആധികാരികമായ രേഖകളും എനിക്ക് ലഭിച്ചിട്ടില്ല. കൂടാതെ സഹോദരനെ കൊലപ്പെടുത്തിയവര്‍ അധികാരങ്ങളില്‍ തുടരുന്നു. അവരെ സര്‍വീസില്‍ നിന്ന് പുറത്താക്കിയാല്‍ മാത്രമേ കേസ് അന്വേഷണം ശരിയായ രീതിയില്‍ മുന്നോട്ട് പോകൂ. ഇപ്പോഴത്തെ അവസ്ഥയില്‍ അവര്‍ക്ക് തെളിവുകള്‍ നശിപ്പിക്കാനാകും. അവരെ പുറത്താക്കി അന്വേഷണം തുടരുന്നത് വരെ എനിക്ക് നീതി ലഭിച്ചതായി തോന്നുന്നില്ല” ശ്രീജിത്ത് സമരം തുടരുന്നതിനുള്ള കാരണങ്ങള്‍ വിശദീകരിച്ചു.

“കുറ്റാരോപിതരായിരുന്ന പോലീസുകാരെ ജോലിയില്‍ തുടരാന്‍ അനുവദിക്കരുതായിരുന്നു. അത് അവര്‍ക്ക് തെളിവുകള്‍ ഇല്ലാതാക്കാനും വ്യാജരേഖകള്‍ ഉണ്ടാക്കാനും സമയം നല്‍കും. കസ്റ്റഡി മരണം എന്നു പറയുന്നത് പോലീസുകാര്‍ മാത്രം പ്രതികളാകുന്ന ഒരു വിഷയമല്ല. ഹോസ്പിറ്റല്‍ ജീവനക്കാരും സര്‍ക്കാരുമെല്ലാം അതില്‍ പങ്കാളിയാണ്”, ശ്രീജിത്ത് തുടര്‍ന്നു.

“ഇവിടെ ഒരു പോലീസുകാരനോ രാഷ്ട്രീയക്കാരനോ കുറ്റവാളിയാകുന്ന കേസില്‍ അവരുടെ തെറ്റ് പൂര്‍ണമായി ബോധ്യപ്പെടുന്നത് വരെ അവര്‍ സ്വതന്ത്രരാണ്. ഒരു സാധാരണക്കാരനാണെങ്കില്‍ ചെറിയ സംശയത്തിന്റെ പേരില്‍ പോലും സ്റ്റേഷനില്‍ കൊണ്ടുപോകാനും മര്‍ദ്ദിച്ചു കൊല്ലാനും ആകും. ഇതൊരു അനീതിയാണ്. ഇവിടെ ഒരു രാഷ്ട്രീയ നേതാവിന്റെയോ പ്രമുഖന്റെയോ മക്കള്‍ കസ്റ്റഡി മരണത്തില്‍ മരിക്കുന്നില്ല. സാധാരണക്കാരാണ് എപ്പോഴും ഇരകളാകുന്നത്. ഉദയകുമാറും എന്റെ സഹോദരന്‍ ശ്രീജീവും അതിന്റെ ഉദാഹരണങ്ങളാണ്” ശ്രീജിത്ത് പറഞ്ഞു.

ഫോര്‍ട്ട്‌ പോലീസ് ലോക്കപ്പില്‍ വച്ച് കൊലപ്പെടുത്തിയ ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ  പതിമൂന്ന് വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ അനുകൂലമായ ഹൈക്കോടതി വിധി സമ്പാദിച്ചതിനെ കുറിച്ച് ചോദിക്കുമ്പോഴും ശ്രീജിത്തിന് പ്രതീക്ഷകളില്ല. “ഉദയകുമാറിന്റെ കേസില്‍ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തു കൊണ്ട് പ്രതികള്‍ സുപ്രീം കോടതിയില്‍ പോകും. അത് ഉറപ്പായ കാര്യമാണ്. ഉദാഹരണത്തിന് സൗമ്യ വധക്കേസ് തന്നെയെടുക്കാം. ഹൈക്കോടതി വധശിക്ഷ വിധിച്ച ഗോവിന്ദച്ചാമി നിഷ്പ്രയാസം ഊരിപ്പോന്നു. അതുകൊണ്ട് തന്നെ ഉദയകുമാറിന്റെ കേസില്‍ നീതി ലഭിച്ചെന്ന് പറയാന്‍ പറ്റില്ല” എന്നാണ് ശ്രീജിത്തിന്റെ മറുപടി.

ശ്രീജിവിന്റെത് കൊലപാതകമാണെന്നും സിബിഐ അന്വേഷണം ഏറ്റെടുത്ത് നടപടി സ്വീകരിക്കണമെന്നുമായിരുന്നു ശ്രീജിത്ത് ആദ്യം മുതല്‍ക്ക് തന്നെ മുന്നോട്ട് വെച്ച ആവശ്യങ്ങള്‍. എന്നാല്‍ മൂന്നര വര്‍ഷം കേരളാ പോലീസ് തന്നെ കബളിപ്പിക്കുകയായിരുന്നുവെന്ന് ശ്രീജിത്ത് പറയുന്നു; “ഞാന്‍ എന്റെ ജീവിതവും യൗവ്വനവും നശിപ്പിച്ചാണ് ഇവിടെ സമരമിരിക്കുന്നത്.”

ഫെയ്സ്ബുക്ക് കൂട്ടായ്മയിലൂടെ തനിക്ക് കിട്ടിയ പിന്തുണ, തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ എല്ലാം അബദ്ധമായാണ് ശ്രീജിത്ത് തന്നെ വിലയിരുത്തുന്നത്. അന്ന് വന്ന ആരും ഇന്ന് കൂടെയില്ല. പലരും രാഷ്ട്രീയപരമായി മുതലെടുപ്പുകള്‍ നടത്തി. പൊതുജനത്തിന്റെ ശ്രദ്ധ ലഭിച്ചതില്‍ പിന്നെ ശ്രീജിത്ത് സമരം അവസാനിപ്പിച്ചിരുന്നു. എന്നാല്‍ ഇന്ന് അതിനെ കുറിച്ച് ആലോചിക്കുമ്പോള്‍ ഒരു അബദ്ധ തീരുമാനമായാണ് ശ്രീജിത്തിന് തോന്നുന്നത്. അതുകൊണ്ട് തന്നെയാണ് സമരവുമായി തിരികെ എത്തിയതെന്നും ശ്രീജിത്ത് പറയുന്നു. “ഒരു മനുഷ്യന് ചെയ്യാവുന്നതില്‍ മാക്‌സിമം ഞാന്‍ ചെയ്തു കഴിഞ്ഞു. സിബിഐ ഓഫീസര്‍മാര്‍ വന്ന് സംസാരിച്ചു. പക്ഷേ അന്വേഷണസംബന്ധിയായ ആധികാരികമായ രേഖകള്‍ ഒന്നും തന്നെ കിട്ടിയിട്ടില്ല. സിബിഐ കേസ് ഏറ്റെടുക്കണമെന്നുള്ള കരട് വിജ്ഞാപനമാണ് അന്ന് മന്ത്രി കൊണ്ട് വന്നത്. സിബിഐ കേസ് ഏറ്റെടുത്ത ഉത്തരവായാണ് ആ കരട് വിജ്ഞാപനത്തിനെ എല്ലാവരും അവതരിപ്പിച്ചതും ആഘോഷിച്ചതും. സമരം അവസാനിപ്പിക്കാനുള്ള സമ്മര്‍ദ്ദം ഉണ്ടായിരുന്നു. ചിലര്‍ ആ അവസരത്തെ അവരുടെ രാഷ്ട്രീയ വളര്‍ച്ചയ്ക്ക് മുതലെടുത്തു. അന്ന് അവരുടെ വാക്ക് കേട്ട് സമരം അവസാനിപ്പിച്ചത് ഒരു അബദ്ധമായാണ് എനിക്ക് തോന്നുന്നത്. ഇപ്പോള്‍ എനിക്ക് നീതി കിട്ടുമോ എന്ന് അറിയില്ല. എന്നെ അവര്‍ ഒരു ഇരയാക്കിയെന്നതാണ് സത്യം.” ശ്രീജിത്ത് പറഞ്ഞു.

ശ്രീജിത്തിന് നീതി കിട്ടുന്നത് വരെ കൂടെയുണ്ടാകുമെന്ന് പറഞ്ഞവര്‍ അധികമാരും ഇന്ന് ശ്രീജിത്തിനെ തേടി എത്താറില്ല. തന്റെ സമരം പരാജയപ്പെട്ടതില്‍ സമൂഹമാധ്യമത്തില്‍ നിന്ന് എത്തിയ ആളുകള്‍ക്ക് വലിയ പങ്കുണ്ടെന്ന് ശ്രീജിത്ത് അഭിപ്രായപ്പെടുന്നുണ്ട്. “കാര്യങ്ങളൊന്നും അറിയാതെ എത്തിയവരുണ്ടായിരുന്നു. അവരൊക്കെ സമരം വഴിതിരിയാന്‍ കാരണമായി. സമരത്തിന്റെ ആദ്യ നാള്‍ മുതല്‍ കൂടെയുണ്ടായിരുന്നവരില്‍ ചിലര്‍ മാത്രമാണ് ഇപ്പോഴും കൂടെയുള്ളത്. ബാക്കിയുള്ളവര്‍ എന്നെപറ്റി മോശം അഭിപ്രായം പറഞ്ഞ് നടപ്പുണ്ടെന്ന് അറിയാന്‍ കഴിഞ്ഞു”, ശ്രീജിത്ത് പറഞ്ഞു.

അതേസമയം, ശ്രീജിത്തിനെ പിന്തുണച്ചു കൊണ്ടെത്തിയവരുടെ നേതൃത്വത്തില്‍ രൂപീകരിച്ച കോര്‍ കമ്മിറ്റിയിലെ അംഗവും സാമൂഹ്യ പ്രവര്‍ത്തകനുമായ ശ്യാം തമ്പാനൂര്‍ ശ്രീജിത്ത് സമരം തുടരുന്നതിനെ കുറിച്ച് അഭിപ്രായപ്പെടുന്നതിങ്ങനെയാണ്: “ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത്’ എന്ന ഹാഷ്ടാഗില്‍ നടന്ന ഓണ്‍ലൈന്‍ ക്യാംപെയിന്‍ ഒരു തരത്തിലുള്ള രാഷ്ട്രീയചായ്വുകളും ഇല്ലാതെയാണ് രൂപം കൊണ്ടത്. ജനുവരി 24ന് ഫെയ്‌സ്ബുക്ക് കൂട്ടായ്മ സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രകടനം നടത്തുകയും ചെയ്തിരുന്നു. അതിന് മുമ്പ് ജനുവരി 12ന് തന്നെ ശ്രീജിത്തിനെ പിന്തുണച്ചു കൊണ്ടെത്തിയവരുടെ നേതൃത്വത്തില്‍ ഒരു കോര്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു. സിബിഐ അന്വേഷണം വേണമെന്നാണ് ആദ്യം ശ്രീജിത്ത് തന്നെ കാണുമ്പോള്‍ ആവശ്യപ്പെടുന്നത്. ആ ആവശ്യം അത്ര ആത്മാര്‍ത്ഥമാണെന്ന് കണ്ടുകൊണ്ടാണ് എന്നാല്‍ കഴിയുന്ന എല്ലാ പിന്തുണയും നല്‍കി കോര്‍ കമ്മിറ്റി രൂപീകരിച്ച് എല്ലാ സഹായങ്ങളും നല്‍കി കൊണ്ട് നിന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് ഡ്രാഫ്റ്റ് വന്നിട്ടും സമരം നിര്‍ത്താന്‍ ഞങ്ങള്‍ തയാറായിരുന്നില്ല. കാരണം സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് നടപ്പാക്കാതെ ഒരിക്കല്‍ പറ്റിക്കപ്പെട്ടത് കൊണ്ട് വീണ്ടും പറ്റിക്കപ്പെടും എന്നൊരു തോന്നല്‍ ശ്രീജിത്തിനും ഉണ്ടായിരുന്നു. 2018 ജനുവരി 24ാം തീയതി സിബിഐ കേസ് ഏറ്റെടുത്തുവെന്നുളള ഹൈക്കോടതി നോട്ടീസ് എനിക്ക് അഭിഭാഷകന്‍ അയച്ചു തന്നിരുന്നു. അത് ശ്രീജിത്തിനും നല്‍കിയതാണ്. പക്ഷേ ഇന്ന് അങ്ങനൊരു രേഖ ലഭിച്ചിട്ടില്ല എന്ന് പറഞ്ഞുകൊണ്ടാണ് ശ്രീജിത്ത് സമരം തുടരുന്നത്. അനാവശ്യമായ ഭയമാണ് ശ്രീജിത്തിനുള്ളത്. അത് മനസിലാക്കി തന്നെ നിംസ് ആശുപത്രിയില്‍ വെച്ച് ചികിത്സ നല്‍കാന്‍ ശ്രമിച്ചിരുന്നു. ശ്രീജിത്ത് അതിന് സഹകരിക്കാതെ സമരത്തിലേക്ക് തിരിച്ച് വരികയായിരുന്നു. ചികിത്സ നേടണമെന്ന് ആവശ്യപ്പെടുന്നവരെ ശ്രീജിത്ത് ഒഴിവാക്കാനാണ് ശ്രമിക്കുന്നത്”.

സമരം തുടരുന്നതില്‍ പല അഭിപ്രായങ്ങളും ആളുകള്‍ ശ്രീജിത്തിനോട് നേരിട്ട് വന്ന് പറയാറുണ്ട്. സമരം അവസാനിപ്പിക്കണമെന്നും തുടരണമെന്നും ആളുകള്‍ അഭിപ്രായപ്പെടുന്നു. പലപ്പോഴും വഴിയാത്രക്കാരായി എത്തുന്നവര്‍ ശ്രീജിത്തിനെ പ്രകോപിതനാക്കുന്ന രീതിയില്‍ സംസാരിക്കുന്ന സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. അവരെയൊക്കെ അവഗണിക്കുകയാണ് ശ്രീജിത്ത് ഇപ്പോള്‍ ചെയ്യുന്നത്.

അന്വേഷണത്തെ സംബന്ധിച്ചുള്ള ആധികാരിക രേഖ ലഭ്യമാക്കണമെന്ന് ചൂണ്ടിക്കാട്ടി ജൂലൈ 27ന് ശ്രീജിത്ത് വിവരാവകാശ കമ്മീഷന് പരാതി നല്‍കിയിരുന്നു. പരാതിയിന്മേലുള്ള വിവരങ്ങള്‍ സിബിഐയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നുള്ള മറുപടിയാണ് ഓഗസ്റ്റ് എട്ടാം തീയതി ലഭിച്ചത്.

“എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ മാത്രമേ ഞാന്‍ വീട്ടില്‍ പോകാറുള്ളൂ. ഓര്‍ഫനേജില്‍ വളര്‍ന്ന ഞാനും ശ്രീജിവും കൂട്ടുകാരെ പോലെയായിരുന്നു. അമ്മ തിരിച്ച് വരാന്‍ ആവശ്യപ്പെടുന്നുണ്ട്. പക്ഷേ അവന് നീതി കിട്ടാതെ തിരിച്ചു പോകാന്‍ എനിക്ക് പറ്റില്ല. പല സമയത്തും കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ജസ്റ്റിസ് നാരായണക്കുറുപ്പ് ഇതില്‍ പോലീസിന്റെ പങ്ക് പുറത്തു കൊണ്ടു വന്നതാണ്. വരാപ്പുഴയില്‍ നടന്ന ശ്രീജിത്തിന്റെ മരണവും ഇതുപോലൊരു കേസാണ്. പോലീസിനെ എങ്ങനെ സംരക്ഷിക്കാമെന്നാണ് സര്‍ക്കാര്‍ നോക്കുന്നത്”, ശ്രീജിത്ത് ആരോപിക്കുന്നു.

ശ്രീജിത്ത് ഇപ്പോഴും സമരം ചെയ്യുന്നതിനെ കുറിച്ചും ആത്മഹത്യാ ഭീഷണി മുഴക്കുന്നതിനെ കുറിച്ചും അമ്മ രമണി പറഞ്ഞത് ഇങ്ങനെയാണ്: “ഒന്നും ചെയ്യരുത്… കാല് പിടിക്കാമെന്ന് ഞാന്‍ അവനോട് പറഞ്ഞിട്ടുണ്ട്.

“കഴിക്കാന്‍ വാങ്ങി വെച്ച ഭക്ഷണം കഴിക്കാന്‍ സമ്മതിക്കാതെയാണ് ശ്രീജീവിനെ അവര്‍ കൊന്നു കളഞ്ഞത്. ഹോട്ടലില്‍ വെച്ചാണ് അവനെ അറസ്റ്റ് ചെയ്തത്. പക്ഷേ എഫ്‌ഐആറില്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ച് പിടിച്ചെന്നാണ് പറഞ്ഞിരിക്കുന്നത്. അങ്ങനെ ഒരുപാട് കള്ളങ്ങള്‍ അവര്‍ എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്. എന്നാലും എന്റെ മകന് നീതി കിട്ടും. മകന് നീതി കിട്ടാനായി പ്രഭാവതിയമ്മ 13 വര്‍ഷം നീതിക്കായി കയറിയിറങ്ങിയതാണ്. എന്തൊക്കെ പ്രശ്‌നങ്ങളാണ് അവര്‍ നേരിട്ടത്. മൊഴി മാറ്റിപ്പറഞ്ഞും കൂറുമാറിയും നിരവധി പേര്‍ അവരെ കൈയൊഴിഞ്ഞിട്ടും അവസാന വിജയം അവര്‍ക്കായിരുന്നു. അതുപോലെ എന്റെ മകനും നീതി കിട്ടും.”

ഉദയകുമാറിന്റെ കേസിലേത് പോലെ തന്നെ ശ്രീജിവിന്റെ കേസിലും കുറ്റാരോപിതരായ പോലീസുകാര്‍ ഇപ്പോഴും സര്‍വീസില്‍ തുടരുന്നുണ്ട്. അതുകൊണ്ട് തന്നെ കേസ് അന്വേഷണം എങ്ങനെ സത്യസന്ധമായി നടക്കുമെന്നതില്‍ രമണിക്ക് സംശയമുണ്ട്. “പോലീസ് യൂണിഫോമില്‍ അവരെ കാണുമ്പോള്‍ ഇപ്പോഴും എനിക്ക് നെഞ്ച് മിടിക്കാറുണ്ട്. എന്റെ മകനെ അവര്‍ കൊന്നുകളഞ്ഞിട്ട് അവര്‍ എന്റെ മുന്നിലൂടെ ഞെളിഞ്ഞ് നടക്കുന്നു” കണ്ണ് നിറഞ്ഞു കൊണ്ട് രമണി ശ്രീജിത്തിനെ കുറിച്ച് പറയാന്‍ തുടങ്ങി.

‘എന്റെ കുടുംബം പോറ്റിക്കൊണ്ടുപോകാനുള്ളവനാണ് ശ്രീജിത്ത്. ശ്രീജീവിന്റെ മരണത്തില്‍ അവന്‍ ആകെ തകര്‍ന്നിരിക്കുകയാണ്. നീതി ലഭിക്കുകയോ നടപടിയുണ്ടാകുകയോ ചെയ്തില്ലെങ്കില്‍ അവന്‍ എന്തെങ്കിലും കടുംകൈ കാണിക്കുമോ എന്നാണ് പേടി. അവന്‍ മരിച്ചാല്‍ ഇന്നാട്ടിലെ ആര്‍ക്കും ഒരു പ്രശ്‌നവുമുണ്ടാകില്ല. എനിക്ക് മാത്രമാകും നഷ്ടവും വേദനയും. ഇനിയൊരു മകനെ കൂടി നഷ്ടപ്പെടാന്‍ എനിക്ക് പറ്റില്ല. ഒന്നും ചെയ്യരുത്… കാല് പിടിക്കാമെന്ന് ഞാന്‍ അവനോട് പറഞ്ഞിട്ടുണ്ട്. അവനൊരു ചെറുപ്പക്കാരനല്ലേ”, രമണിയുടെ ശബ്ദം ഇടറി.

“സിബിഐ അന്വേഷണം നടക്കുന്നുണ്ടെന്നാണ് പറയുന്നത്. ആ സാഹചര്യത്തിലും കേരളാ പോലീസ് കംപ്ലെയിന്റ് അതോറിറ്റിയില്‍ നിന്നും അന്വേഷണമുണ്ടെന്ന് പറഞ്ഞ് പേപ്പര്‍ വന്നിരുന്നു. അതിനായി ജൂലൈ 21ാം തീയതി മുട്ടത്തറയിലുള്ള സിബിഐ ഓഫീസില്‍ പോയിരുന്നു. അവര്‍ പറയുന്നത് നല്ല വക്കീലിനെ ഏര്‍പ്പെടുത്തണമെന്നാണ്. സിബിഐ അന്വേഷിക്കുന്ന കേസില്‍ എന്തിനാണ് മറ്റൊരു അന്വേഷണം എന്ന് എനിക്കറിയില്ല. വക്കീലിനെ ഏര്‍പ്പാടാക്കാനുള്ള സാമ്പത്തിക സ്ഥിതിയിലല്ല ഞാന്‍ ഇപ്പോള്‍. മൂത്ത മകന്‍ ശ്രീജുവിന് ഒരു അപകടം ഉണ്ടായതില്‍ പിന്നെ അവന് ജോലിക്ക് പോകാന്‍ പറ്റില്ല. ശ്രീജിത്ത് സമരത്തിലാണ്. എനിക്ക് എന്ത് ചെയ്യണമെന്ന് തന്നെയറിയില്ല.

കരട് വിജ്ഞാപനം മാത്രമേ കിട്ടിയിട്ടുള്ളൂവെന്നും സിബിഐ അന്വേഷണം ഏറ്റെടുത്തു എന്നതിന് തെളിവൊന്നും കിട്ടിയിട്ടില്ലെന്നുമാണ് ശ്രീജിത്ത് പറയുന്നത്. അതിന് വേണ്ടി കൂടിയാണ് അവന്‍ വീണ്ടും സമരം കിടക്കുന്നത്. ആഹാരം കഴിച്ചാല്‍ മാത്രമേ ആരോഗ്യമുണ്ടാകുകയുള്ളൂവെന്നും എന്നാല്‍ മാത്രമേ കേസ് നടത്താനാകൂവെന്നും ഞാന്‍ പറയാറുണ്ട്. എന്നാല്‍ ശ്രീജിത്ത് ഒന്നും കഴിക്കാതെ കിടക്കുന്നു. അവന് തൈറോയ്ഡ് ഉള്ളതാണ്. മരുന്ന് പോലും ശരിക്കും കഴിക്കുന്നില്ല. സര്‍ക്കാരിന് എന്റെ അടുത്ത മകന്റെയും മരണം കാണണം, അതാണ് അവന്റെ ആവശ്യങ്ങളെ ആരും പരിഗണിക്കാത്തത്. ശ്രീജിത്തിലാണ് ഈ കുടുംബത്തിന്റെ പ്രതീക്ഷ. നീതിക്ക് വേണ്ടി മഴയും വെയിലും നനഞ്ഞ് സര്‍ക്കാരിന്റെ മുന്നില്‍ കിടക്കുന്നത്. എന്റെ കുഞ്ഞിനെ ഓര്‍ത്ത് നെഞ്ചുപൊട്ടിയാണ് ഞാന്‍ ഇവിടെ കഴിയുന്നത്. അവനെ കാണാന്‍ പോലും പോകാന്‍ പറ്റാറില്ല എനിക്ക്. അവന്റെ വയറ് കാണുമ്പോള്‍ എന്റെ നെഞ്ച് കാളും. ശ്രീജിത്തിന്റെ അച്ഛന്‍ 1991-ലാണ് മരിക്കുന്നത്. അപ്പോള്‍ മൂത്ത മകന്‍ ശ്രീജുവിന് 6 വയസാണ്. അവനെ എന്റെ സഹോദരി ഡല്‍ഹിയില്‍ കൊണ്ടു പോയി. ശ്രീജിവും ശ്രീജിത്തും ഹോസ്റ്റലില്‍ നിന്നാണ് പഠിച്ചത്. ശ്രീജിവ് നാലാം ക്ലാസ് കഴിഞ്ഞപ്പോള്‍ തിരികെയെത്തി. മകള്‍ എന്നോടൊപ്പം ഉണ്ടായിരുന്നു. ശ്രീജുവും അപ്പോഴേക്കും തിരിച്ചെത്തി. പിന്നെ മക്കളെ നോക്കാനായി ഞാന്‍ കഴിയുന്ന എല്ലാ ജോലിയും ചെയ്തിരുന്നു”, ചെറിയ ഓടിട്ട വീട്ടില്‍ അവര്‍ അനുഭവിച്ചിരുന്ന സങ്കടങ്ങളും ബുദ്ധിമുട്ടുകളുമെല്ലാം വാക്കുകളിലൂടെ പുറത്തേക്കൊഴുകി. ഇടയ്ക്കിടെ നിറയുന്ന കണ്ണുകള്‍ തുടച്ച് അവര്‍ തുടര്‍ന്നു.

ഇപ്പോള്‍ ശ്രീജിത്ത് പറയുന്ന കാര്യങ്ങള്‍ക്ക് പലപ്പോഴും ബന്ധമുണ്ടാവറില്ല. അവന് ചികിത്സ വേണം. പക്ഷേ ചികിത്സ നേടാന്‍ അവന് പേടിയുണ്ട്. സഹോദരനെ കൊന്നുകളഞ്ഞതു പോലെ അവനെയും ചികിത്സയ്ക്കിടയില്‍ കൊന്നു കളയുമോ എന്നാണ് അവന്‍ പേടിക്കുന്നത്. മുഖ്യമന്ത്രിയുടെ അടുത്ത് സംസാരിക്കാന്‍ കൊണ്ടു പോയപ്പോള്‍ അവന്റെ തല ഇടിച്ചിരുന്നു. അതിന് ശേഷം കടുത്ത തലവേദന അവനുണ്ട്. അവന് വേണ്ട ചികിത്സ ലഭ്യമാക്കണമെന്ന് എനിക്ക് ഉണ്ട്. ഇതിന് മുമ്പ് ഡോക്ടര്‍ അവനെ വന്ന് കണ്ടിട്ടുണ്ട്. അന്ന് അവന് പ്രശ്‌നമില്ല എന്നും ഭക്ഷണം കഴിക്കണമെന്നുമാണ് ഡോക്ടര്‍ പറഞ്ഞിരുന്നത്. ശ്രീജിത്ത് സമരം അവസാനിപ്പിച്ചതില്‍ പിന്നെ കുറച്ച് നാള്‍ നിംസ് ഹോസ്പിറ്റലില്‍ ആയിരുന്നു. ആ സമയത്തെല്ലാം പല ആളുകള്‍ വിളിച്ച് സമരം അവസാനിപ്പിക്കരുത് എന്നൊക്കെ പറഞ്ഞിരുന്നു. ആകെ നാല് ദിവസമാണ് അവന്‍ ആശുപത്രിയില്‍ കഴിഞ്ഞത്. സോഷ്യല്‍ മീഡിയ വഴി എത്തിയവരും പിന്നീട് ശ്രീജിത്തിനെ മോശമായി പറഞ്ഞു. ശ്രീജിത്തിന് നിര്‍ബന്ധിച്ച് ഭക്ഷണം വാങ്ങി നല്‍കി കാറിനുള്ളില്‍ വെച്ച് കഴിപ്പിച്ചിട്ട് വീഡിയോ എടുത്ത് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. വീഡിയോ പുറത്ത് വിട്ട് നിരാഹരം നാടകമാണെന്ന് വരുത്തി തീര്‍ക്കുമെന്നാണ് അവര്‍ പറഞ്ഞത്. അതൊക്കെ മറികടന്നാണ് എന്റെ മകന്‍ അവിടെ കിടക്കുന്നത്. അവനെയും നഷ്ടപ്പെടുത്താന്‍ എനിക്കിനി വയ്യ. അതുകൊണ്ട് കേസില്‍ എത്രയും പെട്ടെന്ന് നടപടിയുണ്ടാകണം എന്ന് എന്റെ അപേക്ഷയാണ്.”

ശ്രീജിത്തുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ നഗരത്തിലെ പ്രമുഖ മന:ശാസ്ത്രജ്ഞരിലൊരാള്‍ (പേര് വെളിപ്പെടുത്താന്‍ താത്പര്യമില്ല) പറഞ്ഞത് ഇതാണ്: “ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടെന്ന് കണ്‍സ്ട്രക്ട് ചെയ്യാന്‍ പല കാരണങ്ങളുണ്ട്. ഒരുപാട് നാളുകള്‍ ആവശ്യത്തിന് ഭക്ഷണം കഴിക്കാതിരിക്കുകയും ന്യൂട്രീഷന്‍ ലഭിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടെന്ന് തോന്നുകയും കാണുകയും ചെയ്യാനുള്ള സാധ്യതയുണ്ട്. സ്വാഭാവികമായി ഇത്രയധികം നാള്‍ നിരാഹാരം കിടക്കുന്ന ശ്രീജിത്തിനും ഇതിനുള്ള സാധ്യതയുണ്ട്. ഇത്രയും നാളുകൊണ്ട് യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്നുണ്ടായ സംഘര്‍ഷങ്ങള്‍ ശ്രീജിത്തിനെ സ്വാധീനിച്ചിട്ടുണ്ട്. അതുകൊണ്ട് ചിന്തകള്‍ വഴിതെറ്റുകയും സംസാരത്തില്‍ പരസ്പര ബന്ധമില്ലായ്മ ഉണ്ടാകുകയും ചെയ്യുന്നുണ്ട്. ശ്രീജിത്തുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ കൊഗ്നീറ്റീവ് ആയുള്ള പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുള്ള ആളാണ് ശ്രീജിത്ത്. നിര്‍ബന്ധബുദ്ധിയുള്ള പ്രകൃതക്കാരനാണ്. അതുകൊണ്ട് തന്നെയാണ് ഇങ്ങനെയൊരു തീരുമാനത്തില്‍ ഉറച്ച് നില്‍ക്കാന്‍ സാധിക്കുന്നതും. ശ്രീജിത്ത് അമ്മയോടും മറ്റുള്ളവരോടും ആത്മഹത്യയെ പറ്റി സൂചിപ്പിക്കുന്നതിനാല്‍ അതിനെ നിസാരവത്ക്കരിക്കാന്‍ പറ്റില്ല. പഠനങ്ങള്‍ അനുസരിച്ച് ആത്മഹത്യ ചെയ്യുന്ന ഭൂരിഭാഗം ആളുകളും എന്തെങ്കിലും സൂചനകളോ മുന്നറിയിപ്പുകളോ നല്‍കുമെന്നാണ് പറയുന്നത്. ആരോഗ്യം വളരെ മോശമായ അവസ്ഥയിലാണ് ശ്രീജിത്ത്. നേരെ നില്‍ക്കാന്‍ കൂടി അയാള്‍ക്ക് പറ്റുന്നില്ല. ചിന്തയിലെ പ്രശ്‌നങ്ങള്‍ സംസാരത്തിലും പ്രതിഫലിക്കുന്നുണ്ട്. മാനസികമായും ശാരീരികമായും സഹായം ആവശ്യമുള്ളയാളാണ് ശ്രീജിത്ത്. സംശയം, മറവി, ചിന്തകളിലെ തുടര്‍ച്ചയില്ലായ്മ എല്ലാം അയാളില്‍ പ്രത്യക്ഷമാണ്. മാനസികരോഗം എന്ന് പറയാന്‍ പറ്റില്ലെങ്കിലും മാനസിക ബുദ്ധിമുട്ടുകള്‍ നല്ല രീതിയില്‍ ശ്രീജിത്ത് അനുഭവിക്കുന്നുണ്ട്. അതിന് വേണ്ട സഹായം ലഭ്യമാക്കേണ്ടതുണ്ട് എന്നാണ് മന:ശാസ്ത്രജ്ഞന്‍ എന്ന നിലയിലുള്ള അഭിപ്രായം”.

ശ്രീജിവിന്റെ സഹോദരന്റെ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം തുടരവെ 33 വയസുള്ള ശ്രീജിത്ത് എന്ന പൗരന്റെ മനുഷ്യാവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അതോടൊപ്പം ശ്രീജിത്തിന് മെഡിക്കല്‍ സഹായം ആവശ്യമെങ്കില്‍ അതും ലഭ്യമാക്കേണ്ടതാണ്. എന്നാല്‍ നഗരമധ്യത്തില്‍ തന്നെ ആത്മഹത്യഭീഷണിയുമായി 1000 ദിവസം ഒരാള്‍ സമരം തുടര്‍ന്നിട്ടും ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടില്ല എന്നാണ് ജില്ലാ പോലീസ് മേധാവി പ്രകാശ് ഐപിഎസ് പറഞ്ഞത്.

ഇനിയൊരു മകന്റെ ശവം കൂടി മണ്ണിനടിയിലേക്ക് തള്ളേണ്ട ഗതികേട് ഉണ്ടാക്കരുതേ; ഒരമ്മയുടെ അപേക്ഷയാണ്‌

ഒരു മകനെ കൊന്നു; ഒരാളെ അപകടത്തില്‍പ്പെടുത്തി; ഇളയവന്‍ നീതിക്കായി മരണം കാത്ത് സെക്രട്ടറിയേറ്റ് പടിക്കല്‍

ശ്രീജിത്ത് സമരം ചെയ്യുന്നതെന്തിനാണെന്നാണ് സര്‍ക്കാര്‍ ചോദിക്കുന്നത്; നീതിക്കു വേണ്ടി എന്നാണ് മറുപടി

ആരതി എം ആര്‍

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍