UPDATES

ട്രെന്‍ഡിങ്ങ്

മെഡിക്കല്‍ കോളേജിലെ ‘സുഖവാസം’ തുടരുമോ അതോ പുറത്തിറങ്ങുമോ? ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ മ്യൂസിയം പൊലീസ് നല്‍കിയ അപേക്ഷയും ഇന്ന് പരിഗണിക്കും

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യാപേക്ഷ ഇന്ന് മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. ജാമ്യാപേക്ഷയോടൊപ്പം തന്നെ ശ്രീറാമിനെ കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ മ്യൂസിയം പൊലീസ് നല്‍കിയ അപേക്ഷയും തിരുവനന്തപുരം ചീഫ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്നു തന്നെ പരിഗണിക്കും.

സാധാരണ നിലയില്‍ ശ്രീറാമിന്റെ ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് കോടതി തള്ളാനാണ് സാധ്യത. എന്തെങ്കിലും പ്രത്യേക സാഹചര്യം നിലനില്‍ക്കുന്നുണ്ടെങ്കില്‍ മാത്രമാണ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം നല്‍കുക. അങ്ങനെ സംഭവിക്കാത്ത പക്ഷം വീണ്ടും ജാമ്യാപേക്ഷയുമായി സെഷന്‍സ് കോടതിയെ സമീപിക്കണം. അവിടെ നിന്നും ജാമ്യം കിട്ടാനും സാഹചര്യമുണ്ട്.

ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാമിന്റെ കേസില്‍ പൊലീസ് പ്രതിക്കനുകൂലമായി പല വിട്ടുവീഴ്ച്ചകളും നടത്തിയെന്ന ആക്ഷേപം നിലനില്‍ക്കുന്നതിനാല്‍ ഒരുപക്ഷേ മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നു തന്നെ ശ്രീറാമാന് ജാമ്യം കിട്ടാനും സാധ്യതയുണ്ടെന്ന് നിയമവിദഗ്ദധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ജാമ്യം കിട്ടാത്ത പക്ഷം ശ്രീറാമിനെ റിമാന്‍ഡ് ചെയ്യണം. പൊലീസിന്റെ കസ്റ്റഡിയപേക്ഷയില്‍ അനുകൂലമായി ഉത്തരവ് ഇടുകയാണെങ്കിലും ശ്രീറാമിനെ റിമാന്‍ഡ് പ്രതിയായി ജയിലില്‍ പാര്‍പ്പിക്കുകയാണ് വേണ്ടത്. എന്നാല്‍ പ്രതിയുടെ ആരോഗ്യാവസ്ഥ മോശമാണെന്നു പറഞ്ഞ് ചികിത്സയില്‍ കഴിയുന്ന മെഡിക്കല്‍ കോളേജിലെ പൊലീസ് സെല്ലില്‍ പോലും പ്രതിയെ പ്രവേശിപ്പിച്ചിട്ടില്ല. പകരം മള്‍ട്ടി സെപ്ഷ്യാലിറ്റി ഐ സിയുവിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ശ്രീറാമിന് ആന്തരികക്ഷതം ഉണ്ടെന്നും അതിനാലാണ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ഐ സി യുവില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നുമാണ് ആശുപത്രിയധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ ശ്രീറാമിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് ഇതുവരെ ഔദ്യോഗികമായി എന്തെങ്കിലും റിപ്പോര്‍ട്ട് പുറത്തു വിടാനും മെഡിക്കല്‍ കോളേജ് അധികൃതര്‍ തയ്യാറായിട്ടില്ലെന്നതാണ് ശ്രദ്ധേയം. ശ്രീറാമിനെ പൊലീസ് കസ്റ്റഡിയിലേക്ക് വിടാതിരിക്കാന്‍ സംസ്ഥാനത്തെ ഐഎഎസ് ലോബി നടത്തുന്ന ശ്രമങ്ങളാണ് ഇതിനു പിന്നില്‍ നടക്കുന്നതെന്നാണ് ആക്ഷേപം.

304 പ്രകാരമാണ് ശ്രീറാമിനെതിരെ കേസ് എടുത്തിട്ടുള്ളതെന്നു പറയുമ്പോഴും ആ വകുപ്പ് നിലനില്‍ക്കുമോ എന്ന ചോദ്യം ശക്തമായി ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യം കൂടിയാണ് ഇപ്പോഴുള്ളത്. അതില്‍ പ്രധാനം ശ്രീറാമിന്റെ രക്തപരിശോധന റിപ്പോര്‍ട്ട് ആണ്. തിരുവനന്തപുരം കെമിക്കല്‍ ലാബ് ഇന്നലെ പൊലീസിന് കൈമാറിയ റിപ്പോര്‍ട്ടില്‍ ശ്രീറാമിന്റെ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം ഇല്ലായിരുന്നു. ഈയൊരൊറ്റ റിപ്പോര്‍ട്ടില്‍ തന്നെ പ്രതിക്ക് ജാമ്യം നേടാനുള്ള സാഹചര്യമുണ്ട്. അപകടം നടന്ന് പത്തു മണിക്കൂറിനു ശേഷമാണ് ശ്രീറാമിന്റെ രക്തം പരിശോധനയ്ക്ക് എടുത്ത്. പൊലീസ് നടത്തിയ ഗുരുതരമായ വീഴ്ച്ചയാണ് ഇത്രയം വൈകി രക്തപരിശോധന നടത്തേണ്ടി വന്നത്. പത്തു മണിക്കൂറോളം വൈകി പരിശോധിച്ചാല്‍ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താന്‍ കഴിയില്ലെന്ന് പരിശോധന ലാബില്‍ നിന്നും മുന്‍കൂര്‍ തന്നെ പൊലീസിനെ അറിയിച്ചിരുന്നുവെന്നും പറയുന്നു.

രക്തപരിശോധനയ്ക്ക് പുറമെ ഫോറന്‍സിക് പരിശോധന ഫലങ്ങളും ശ്രീറാമിന് അനുകൂലമായാണ് വന്നിരിക്കുന്നതെന്നും വാര്‍ത്തകളുണ്ട്. വാഹനം ഓടിച്ചത് ശ്രീറാം തന്നെയാണെന്നു തെളിയിക്കാന്‍ വിരലടയാളങ്ങള്‍ പ്രധാനമായിരുന്നു. കാറിന്റെ സ്റ്റിയറിംഗില്‍ നിന്നും വിരലടയാളം ശേഖരിക്കാന്‍ കഴിഞ്ഞെങ്കിലും ശ്രീറാമിന്റെ വിരലടയാളം എടുക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നാണ് വിവരം. കിംസില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ വിരലടയാളം എടുക്കാന്‍ പൊലീസ് എത്തിയിരുന്നുവെങ്കിലും ഡോക്ടര്‍മാര്‍ അനുവദിച്ചില്ല. ഒരു കൈയ്ക്ക് പരിക്കേറ്റതിനാല്‍ അനക്കാന്‍ കഴിയില്ലെന്നും മറ്റേ കൈയില്‍ ഡ്രിപ്പ് ഇട്ടിരിക്കുന്നതിനാല്‍ അതും അനക്കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതനുസരിച്ച് പൊലീസ് വിരലടയാളം എടുക്കാതെ പോയി എന്നാണ് പറയുന്നത്. സ്റ്റിയറിംഗിലെ വിരലടയാളം ശ്രീറാമിന്റെതുമായി ഒത്തുവന്നാല്‍ മാത്രമാണ് ശ്രീറാമാണ് അപകട സമയത്ത് വാഹനം ഓടിച്ചതെന്ന് ശ്രാസ്ത്രീയമായി തെളിയിക്കാന്‍ സാധിക്കൂ. ഇതില്‍ പരാജയപ്പെട്ടാല്‍ കോടതിയില്‍ കേസ് ദുര്‍ബലപ്പെടും. അതേസമയം മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ ഒപ്പിട്ടിരിക്കുന്നതും ഡോക്ടര്‍മാര്‍ രണ്ടു കൈയും അനക്കാന്‍ വയ്യെന്നു പറഞ്ഞ ശ്രീറാം തന്നെയാണ്. ശ്രീറാമിനെ മജിസ്‌ട്രേറ്റിന്റെ വസതിയില്‍ എത്തിച്ചപ്പോള്‍ അഭിഭാഷകര്‍ ആംബുലന്‍സില്‍ കയറി ഒപ്പിടീക്കുകയായിരുന്നുവെന്നാണ് ഇതുസംബന്ധിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിരലടയാളം എടുക്കാന്‍ പൊലീസിനെ സമ്മതിക്കാത്തവണ്ണം ഗുരുതരമായ പരിക്കൊന്നും ശ്രീറാമിന്റെ കൈകള്‍ക്ക് ഇല്ലെന്നാണ് അറിയാന്‍ കഴിയുന്നത്. ഇത് പൊലീസിന് മനസിലാകാതെ പോയതാണോ അതോ മനഃപൂര്‍വം വിരലടയാളം എടുക്കാതിരുന്നതാണോ എന്ന ചോദ്യം ശക്തമായി ഉയരുന്നുണ്ട്.

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍