UPDATES

ട്രെന്‍ഡിങ്ങ്

ശമ്പളവുമില്ല, കുടിശികയുമില്ല, സമരം ചെയ്‌താല്‍ പോലീസ് ഭീഷണിയും; എറണാകുളം പിവിഎസ് ആശുപത്രിയിലെ ‘മാലാഖ’മാരുടെ അവസ്ഥ ഇങ്ങനെ

ലേബര്‍ ഓഫീസറുടെ മധ്യസ്ഥതയില്‍ ഉണ്ടാക്കിയ കരാര്‍ പോലും ആശുപത്രി അധികൃതര്‍ ലംഘിക്കുകയാണ് എന്നാണ് ആരോപണം

എറണാകുളം പിവിഎസ് മെമ്മോറിയല്‍ ആശുപത്രിയിൽ ഒരുമാസത്തിലേറെയായി തുടരുന്ന ജീവനക്കാരുടെ ശമ്പള കുടിശ്ശിക പ്രശ്നത്തിൽ പരിഹാരം കാണാതെ അധികൃതർ. ജീവനക്കാരുടെ പ്രതിഷേധത്തെ തുടർന്ന് പോലീസുമായി ചേർന്ന് ഭീഷണി നാടകം കളിക്കുകയാണ് ഇപ്പോൾ ആശുപത്രി അധികൃതര്‍ എന്നാണ് ആരോപണം. ആശുപത്രി അടച്ചുപൂട്ടലിന്റെ വക്കിലാണ് എന്ന ഊഹാപോഹങ്ങൾ പ്രചരിക്കവേ മാസങ്ങളോളം തങ്ങൾ പണിയെടുത്തതിന്റെ ശമ്പളവും എക്സ്പീരിയൻസ് സർട്ടിഫിക്കറ്റും നൽകണമെന്ന ആവശ്യമാണ് ജീവനക്കാർ മുന്നോട്ട് വെച്ചിട്ടുള്ളത്. 150-ലേറെ ജീവനക്കാരാണ് ഇപ്പോഴും ആശുപത്രിയുടെ മാനസിക പീഡനത്തിന് ഇരയായിക്കൊണ്ടിരിക്കുന്നത് എന്ന് ജീവനക്കാരുടെ പ്രതിനിധികള്‍ പറയുന്നു.

2018 ഓഗസ്റ്റ് മാസം മുതല്‍ ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് ആശുപത്രിക്കു മുന്നില്‍ ജീവനക്കാര്‍ നടത്തിവന്ന അനശ്ചിതകാല സമരം തൊഴില്‍ വകുപ്പിന്റെ ഇടപെടലിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 20-ഓടെയാണ് ഒത്തു തീര്‍ന്നത്. എന്നാല്‍ അന്നുണ്ടാക്കിയ കരാര്‍ അനുസരിച്ചും ശമ്പള കുടിശികയടക്കം നല്‍കാന്‍ ആശുപത്രി അധികൃതര്‍ തയാറായില്ലെന്നാണ് ജീവനക്കാരുടെ ആരോപണം. തുടര്‍ന്ന് നഴ്സുമാര്‍ അടക്കം വീണ്ടും സമരത്തിനിറങ്ങിയെങ്കിലും പോലീസിനെ ഉപയോഗിച്ച് സമരം പൊളിക്കുകയായിരുന്നു അധികൃതര്‍ എന്നാണ് ജീവനക്കാര്‍ പറയുന്നത്.

പിവിഎസ് ഹോസ്പിറ്റലിലെ ജീവനക്കാരനായ നിതിൻ പറയുന്നതിങ്ങനെ: “പ്രശ്നം തുടങ്ങിയ സമയത്ത് ഇവിടുത്തെ സ്റ്റാഫിനെ ഒന്നും ഇവർ ഡ്യൂട്ടിക്ക് കയറാൻ സമ്മതിക്കുന്നുണ്ടായിരുന്നില്ല. ഇവർ ബലമായി ഓരോ ഫ്ലോറുകൾ പൂട്ടുകയും നമ്മളുടെ യൂണിഫോം അകത്ത് വച്ച് പൂട്ടുകയും ഒക്കെ ചെയ്ത് ഡ്യൂട്ടിക്ക് കയറാൻ അനുവദിക്കാതെയിരിക്കുകയായിരുന്നു. അപ്പോൾ ഞങ്ങൾ ഇത് നേരെ തന്നെ പോലീസിനെ അറിയിച്ചിരുന്നു. ഞങ്ങളെ ഡ്യൂട്ടിക്ക് കയറാൻ സമ്മതിക്കുന്നില്ല, യൂണിഫോം അകത്താണ്, രോഗികൾ വരുമ്പോൾ നമുക്ക് നോക്കാൻ പറ്റുന്നില്ല എന്നെല്ലാം വിശദമായ പരാതി രേഖാമൂലം കൊടുത്തു. എന്നാല്‍ മാനേജ്മെന്റിന് എതിരെ ഒരു നടപടിയും പോലീസ് എടുത്തില്ല. ഒരു സ്ഥാപനത്തിലെ ജീവനക്കാരെ ജോലിയിൽ പ്രവേശിക്കാൻ അനുവദിക്കാതെ തടസ്സം നിന്നാൽ അങ്ങനെ നിൽക്കുന്നവരെ അറസ്റ്റുചെയ്യാൻ നിയമത്തിൽ വകുപ്പുണ്ട് എന്നിരിക്കെ ജീവനക്കാരായ ഞങ്ങളെ ഡ്യൂട്ടിക്ക് കയറുന്നതിന് തടസ്സം നിന്ന മാനേജ്മെന്റിനെ അറസ്റ്റ് ചെയ്യാത്ത സമീപനമാണ് പോലീസ് സ്വീകരിച്ചത്.

ഒന്നോ രണ്ടോ പോലീസുകാർ മാത്രം വന്ന്, ഞങ്ങൾ വിളിച്ചിട്ട് കിട്ടുന്നില്ല നിങ്ങൾ എന്താണെന്ന് വച്ചാൽ ചെയ്യുക എന്ന് മേയ് രണ്ടാം തീയതി ഞങ്ങളോട് പറഞ്ഞതാണ്. പക്ഷേ ഇപ്പോള്‍ സ്റ്റാഫിനെതിരെ മാനേജ്മെൻറ് പരാതി നൽകിയതിനു തൊട്ടുപിന്നാലെ പ്രതിഷേധിക്കുന്ന മുഴുവൻ ജീവനക്കാരെയും അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിയുമായി രണ്ടു വണ്ടി പോലീസ് ആണ് വന്നത്. ഇവരെ ജോലിയിൽ കയറുന്നതിൽ നിന്ന് ബലമായി തടഞ്ഞു എന്നാണ് ഞങ്ങൾക്കെതിരെ കൊടുത്ത പരാതി. മാനേജ്മെൻറ് പരാതി കൊടുത്ത അടുത്തനിമിഷം പോലീസ് ഇവിടെയെത്തി ഞങ്ങളെ അറസ്റ്റ് ചെയ്യും എന്നു പറഞ്ഞു. ഞങ്ങൾ എല്ലാവിധ തെളിവുകളും നിരത്തി. അധികൃതരുമായി ഞങ്ങൾ തയ്യാറാക്കിയിരുന്ന എഗ്രിമെന്റും പോലീസിന് നൽകിയ പരാതിയും അത് സ്വീകരിച്ചതായി പോലീസ് നൽകിയ രസീതിയും ഹാജരാക്കി. ഇതേ അവസ്ഥ ഞങ്ങൾക്ക് വന്നപ്പോൾ എന്തുകൊണ്ട് മാനേജ്മെൻറ് അധികാരികളെ അറസ്റ്റ് ചെയ്യാൻ തയ്യാറായില്ല എന്ന ചോദ്യത്തിന് പോലീസിന് ഉത്തരം ഉണ്ടായിരുന്നില്ല. അവർക്ക് ഒരു ഉത്തരമേയുള്ളൂ, നിങ്ങൾ ഇപ്പോൾ ഇവരെ ജോലി ചെയ്യാൻ അനുവദിച്ചില്ലെങ്കിൽ നിങ്ങൾ അറസ്റ്റ് ചെയ്യപ്പെടും. നമ്മൾ ചോദിക്കുന്ന മറ്റൊരു ചോദ്യങ്ങൾക്കും അവർക്ക് ഉത്തരമില്ല. ഇതെന്തൊരു നീതിയാണ് ഞങ്ങൾക്ക് ജോലി ചെയ്യാൻ വേണ്ടി ചോദിച്ചപ്പോൾ അധികാരികളെ ചോദ്യം ചെയ്യലോ അറസ്റ്റോ ഒന്നുമുണ്ടായില്ല. അധികാരികളെ പറഞ്ഞു മനസ്സിലാക്കാനുള്ള ശ്രമം പോലും ഉണ്ടായില്ല.

റീജിയണൽ ലേബർ ഓഫീസർ കെ. ശ്രീലാലിൻറെ നേതൃത്വത്തിൽ നടന്ന സന്ധി സംഭാഷണത്തിൽ ജീവനക്കാർക്കെല്ലാം ആദ്യഗഡു ശമ്പളം മേയ് 24-നും രണ്ടാംഗഡു ജൂൺ പത്തിനും മൂന്നാമത്തെ അഥവാ അവസാനത്തെ ഗഡുവായി മുഴുവൻ കുടിശ്ശികയും ഓഗസ്റ്റ് 20-ന് തന്നു തീർക്കാം എന്നുമായിരുന്നു കരാർ. ഒട്ടുമിക്ക ജീവനക്കാരും വളരെ താഴ്ന്ന നിലയിൽ ജീവിക്കുന്നവരാണ്. ശമ്പളം തരും എന്ന് പറഞ്ഞ തീയതി വെച്ച് കടം കൊടുക്കാനുള്ളത് ഉൾപ്പെടെ തിരിച്ചടയ്ക്കാം എന്ന വാക്ക് കൊടുത്തിട്ടുള്ളവരായിരിക്കും. പറഞ്ഞ ദിവസം ശമ്പളം കിട്ടിയില്ല എന്നത് വളരെ വേദനാജനകമാണ്. എന്നിട്ടും രണ്ടുദിവസം കൂടി നമ്മൾ പ്രതീക്ഷയോടെ, ക്ഷമയോടെ കാത്തിരുന്നു. എന്നിട്ടും ഒരു തീരുമാനവും ആയില്ല. അതുകൊണ്ടാണ് പ്രതിഷേധിക്കാൻ തീരുമാനിച്ചത്. പിടിച്ചു നിൽക്കാൻ പറ്റില്ല എന്ന അവസ്ഥയിൽ ചെയ്തതാണ്. അതുകൊണ്ടാണ് ഞങ്ങൾക്ക് ശമ്പളം കിട്ടിയിട്ട് ഇനി മറ്റുള്ളവരും ജോലി ചെയ്താൽ മതിയെന്ന നിലപാട് സ്വീകരിക്കേണ്ടി വന്നത്. അവസാനം നമുക്ക് അത്ര പിടിപാടില്ലാത്തതുകൊണ്ട് പോലീസിന് മുന്നിൽ കീഴടങ്ങണ്ടിവന്നു. ഞങ്ങൾ താഴേക്കിടയിലുള്ള ജീവനക്കാരാണ്. മുതലാളിമാരുടെ കൂടെയുള്ള നീതി ഇവിടുത്തെ പാവപ്പെട്ടവരായ ഞങ്ങളെ എങ്ങനെ തുണയ്ക്കാനാണ്? ഇവിടെത്തന്നെ ശമ്പളവും മറ്റും കിട്ടാനായി കടിച്ചുതൂങ്ങി കിടക്കേണ്ടി വരുന്ന 150-ലേറെ ജീവനക്കാരാണുള്ളത്. എന്നും രാവിലെ ഇവിടെ വന്ന് പഞ്ച് ചെയ്യുകയും വൈകുന്നേരം പഞ്ച് ഔട്ട് ചെയ്യുകയും ഒക്കെ ചെയ്യുന്നുണ്ട്. ഞങ്ങളെ ആരും തിരിഞ്ഞുനോക്കുന്നില്ല എന്നുമാത്രം. നമുക്കു കിട്ടാൻ ഒരു നീതിയും ഇല്ല, ഒരു ന്യായവുമില്ല. ഇതൊന്നും കാണിക്കാൻ മാധ്യമങ്ങളുമില്ല”. ഇല്ല.

മേയ് 24-ന് കൊടുക്കാം എന്ന് പറഞ്ഞ ആദ്യഗഡു തന്നെ 10- 12 പേർക്കു കൂടി കിട്ടാനുണ്ട്. അവർക്ക് രണ്ടാമത്തെ ഗഡുവിൻറെ കൂടെ അതും കൂടി ചേർത്ത് കൊടുക്കാം എന്ന് പറഞ്ഞിരുന്നു. എന്നാൽ രണ്ടാമത്തെ ഗഡു കൊടുക്കേണ്ട ജൂൺ 10 കഴിഞ്ഞ് മൂന്നു ദിവസമായിട്ടും ഒരു രൂപ പോലും ആർക്കും തന്നിട്ടില്ല. ഞങ്ങൾ അധികൃതരെ തടയുന്നത് കൊണ്ടാണ് ഞങ്ങൾക്ക് പൈസ ഇട്ടു തരാൻ പറ്റാത്തത് എന്നൊരു വിചിത്ര വാദമാണ് അധികൃതർ ഉന്നയിച്ചത്. അതിൻ പ്രകാരം ഞങ്ങൾ തുറന്നു കൊടുക്കുക തന്നെ ചെയ്തു. പക്ഷേ തരാനുള്ള ശമ്പളം തന്നില്ലെങ്കിൽ വീണ്ടും പ്രതിഷേധവുമായി മുന്നോട്ടു പോവുക തന്നെ ചെയ്യും”, നഴ്സിങ് സ്റ്റാഫ് ആയ വൈശാഖ് പറഞ്ഞു.

ഇക്കാര്യത്തില്‍ ആശുപത്രി അധികൃതരുടെ അഭിപ്രായം അറിയാന്‍ ബന്ധപ്പെട്ടെങ്കിലും ഫോണിലോ അല്ലാതെയോ ഒന്നും പറയാന്‍ കഴിയില്ല എന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്.

ഹോസ്പിറ്റൽ മാനേജ്മെന്റിനെതിരെ ലേബർ ഓഫീസിന്റെ ഉൾപ്പെടെ ശക്തമായ നിയമനടപടിയുമായി മുന്നോട്ടുപോകണമെന്ന ആവശ്യമാണ് തൊഴിലാളികൾക്ക് പറയാനുള്ളത്. മാലാഖമാർ എന്ന് പേരിട്ടു വിളിക്കുന്നവരുടെ നീതിയും ന്യായവും എന്ന് ലഭിക്കുമെന്നത് ഇപ്പോഴും അനിശ്ചിതത്വത്തിൽ തുടരുകയാണ്.

Azhimukham Special: അവര്‍ ചത്തു തീരുകയാണ്; ഇനിയെങ്കിലും ഈ അമ്മയ്ക്കും മക്കള്‍ക്കും വേണ്ടി സര്‍ക്കാര്‍ കണ്ണുതുറന്നേ മതിയാകൂ

ജയശ്രീ ശ്രീനിവാസന്‍

ജയശ്രീ ശ്രീനിവാസന്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക. കാലടി ശ്രീശങ്കരാചാര്യ സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍