UPDATES

രാമന്‍ നായരും പ്രമീള ദേവിയും ഒരു കൂട്ടക്കൊഴിഞ്ഞു പോക്കിന്റെ തുടക്കമോ? അന്തംവിട്ട്‌ കോണ്‍ഗ്രസ് അണികള്‍

സിപിഎമ്മും ബിജെപിയും താഴെത്തട്ടില്‍ പ്രചരണങ്ങളും നിലപാട് വിശദീകരണവും കൃത്യമായി നടപ്പാക്കുമ്പോള്‍ എന്ത് നിലപാട് സ്വീകരിക്കണമെന്നറിയാതെ അന്തംവിട്ട് നില്‍ക്കുകയാണ് കോണ്‍ഗ്രസ് അണികളും യുഡിഎഫും

രാമന്‍ നായരും പ്രമീളാദേവിയും ഒരു തുടക്കമോ? ശബരിമല വിഷയത്തില്‍ യുഡിഎഫ് നിലപാടിലെ വ്യക്തതയില്ലായ്മ വലിയ കൊഴിഞ്ഞ് പോക്കിലേക്ക് നയിക്കുമെന്ന് സൂചന നല്‍കി അണികളും നേതാക്കളും. ശബരിമലയില്‍ സ്ത്രീകളെ കയറ്റരുതെന്ന് വാദിക്കുന്നവര്‍ക്കൊപ്പം നില്‍ക്കണോ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനെ സ്വാഗതം ചെയ്യണോ? ശബരിമല വിഷയത്തില്‍ തുടക്കം മുതല്‍ യുഡിഎഫില്‍ തുടരുന്ന ആശയക്കുഴപ്പമാണിത്. സിപിഎമ്മും ബിജെപിയും താഴെത്തട്ടില്‍ പ്രചരണങ്ങളും നിലപാട് വിശദീകരണവും കൃത്യമായി നടപ്പാക്കുമ്പോള്‍ എന്ത് നിലപാട് സ്വീകരിക്കണമെന്നറിയാതെ അന്തംവിട്ട് നില്‍ക്കുകയാണ് കോണ്‍ഗ്രസ് അണികളും യുഡിഎഫും. ശനിയാഴ്ച വൈകിട്ട് കോട്ടയത്ത് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലും ഈ ആശയക്കുഴപ്പമാണ് മുഴച്ചു നിന്നത്. രാഷ്ട്രീയ വിശദീകരണ യോഗത്തിലും യുഡിഎഫ് നേതാക്കളായ കെ എം മാണിയും രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഇതേ നിലപാട് ആവര്‍ത്തിച്ചതോടെ താഴെത്തട്ടില്‍ ഏത് തരം പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നറിയാതെ അണികള്‍ ആശയക്കുഴപ്പത്തിലാണ്.

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സിപിഎമ്മും ബിജെപിയും നേര്‍ക്കുനേര്‍ നിന്ന് പോരടിക്കുമ്പോള്‍ രാഷ്ട്രീയ വിശദീകരണ യോഗത്തിലെങ്കിലും വ്യക്തതയുള്ള തീരുമാനമോ നിലപാടോ ഉണ്ടാവുമെന്ന് പ്രതീക്ഷയിലായിരുന്നു യുഡിഎഫ് പ്രവര്‍ത്തകര്‍. രാമന്‍ നായരും പ്രമീളാ ദേവിയും ഉള്‍പ്പെടെയുള്ളവരുടെ കൊഴിഞ്ഞുപോക്ക് ഒരു വാണിങ് ബെല്‍ ആയിത്തന്നെയാണ് താഴെത്തട്ടിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടക്കം എടുത്തിട്ടുള്ളത്. കോണ്‍ഗ്രസോ യുഡിഎഫോ കൃത്യതയുള്ള ഒരു നിലപാട് സ്വീകരിക്കാത്തത് എല്ലാ പ്രവര്‍ത്തകരിലും ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ടെന്നും അത് വലിയ രീതിയിലുള്ള കൊഴിഞ്ഞ് പോക്കിലേക്ക് നയിക്കുമെന്നുമാണ് പ്രവര്‍ത്തകരുടെ ആശങ്ക. ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഇത് സംബന്ധിച്ച് പ്രതികരിച്ചത് ഇങ്ങനെ: “രണ്ട് തോണിയിലും കാലിട്ട് നില്‍ക്കല്‍ നേതാക്കള്‍ക്ക് വലിയ പ്രശ്‌നമില്ലായിരിക്കും. പക്ഷെ താഴെത്തട്ടില്‍ അത് വലിയ ഇംപാക്ട് ഉണ്ടാക്കും. എന്താണ് നിലപാട് എന്ന് വ്യക്തത വരുത്താതെ ബൂത്ത്‌ലെവല്‍ പ്രവര്‍ത്തനം പോലും അസാധ്യമായിരിക്കുകയാണ്. ആളുകളോടും അണികളോടും നമ്മള്‍ എന്താണ് പറയേണ്ടത്? നിങ്ങള്‍ രണ്ട് വശത്തേയും അംഗീകരിക്കണമെന്നോ? ഇനിയെങ്കിലും നേതാക്കള്‍ കൃത്യമായ നിലപാട് സ്വീകരിച്ചില്ലെങ്കില്‍ പ്രതീക്ഷിക്കുന്നതിലുമധികം ആളുകളുടെ കൊഴിഞ്ഞ് പോക്കുണ്ടാവും. കാരണം താഴെത്തട്ടിലുള്ള പ്രവര്‍ത്തകരോട് സംസാരിക്കുമ്പോള്‍ അത് വളരെ വ്യക്തമാവുന്നുണ്ട്. നിലപാടില്ലാത്തവരേക്കാള്‍ അവരുടെ നിലപാടിനോട് ചേര്‍ന്ന് നില്‍ക്കുന്നവരോട് ചേരാനേ ആളുകള്‍ നോക്കൂ. മറ്റ് രണ്ട് കൂട്ടരും വളരെ കൃത്യതയോടെ പ്ലാന്‍ ചെയ്ത് മുന്നോട്ട് പോവുമ്പോള്‍ കോണ്‍ഗ്രസിനോ യുഡിഎഫിലെ മറ്റ് സഖ്യകക്ഷികള്‍ക്കോ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ പോലുമായിട്ടില്ല. രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ ഞങ്ങള്‍ പലതും പ്രതീക്ഷിച്ചിരുന്നു. പക്ഷെ രണ്ട് പക്ഷത്തും നില്‍ക്കാതെയുള്ള നിലപാട് ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്.”

ശബരിമലയില്‍ യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമാണെന്ന് ആവര്‍ത്തിക്കുന്നതിനൊപ്പം ആചാരം സംരക്ഷിക്കണമെന്നും ആവശ്യപ്പെടുകയുമായിരുന്നു കോട്ടയത്ത് നടന്ന യുഡിഎഫ് രാഷ്ട്രീയ വിശദീകരണ യോഗം. യോഗത്തില്‍ കെ.എം മാണി പറഞ്ഞതിങ്ങനെ: “ശബരിമല കലാപ ഭൂമിയാക്കാന്‍ സര്‍ക്കാര്‍ കൂട്ടു നില്‍ക്കരുത്. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള വിധി തത്വത്തില്‍ സ്വാഗതാര്‍ഹമാണ്. പക്ഷേ ഇത് ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ചിട്ടാണോ എന്ന് പരിശോധിക്കണം. വിധി പ്രഖ്യാപിക്കും മുമ്പ് ആചാരാനുഷ്ഠാനങ്ങള്‍ എന്താണെന്ന് സുപ്രീംകോടതി പരിഗണിക്കേണ്ടതായിരുന്നു. ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍ ഇടതുമുന്നണി സര്‍ക്കാര്‍ ശ്രദ്ധിച്ചിട്ടില്ല. ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണ്. സര്‍ക്കാര്‍ അത് പാലിക്കണം. ആചാരാനുഷ്ഠാനങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണ്. ശബരിമലയിലെ ആചാരങ്ങളെ സംരക്ഷിക്കാന്‍ സുപ്രീംകോടതിയില്‍ യുഡിഎഫ് നല്‍കിയ സത്യവാങ്മൂലം തിരുത്തിയത് എല്‍ഡിഎഫാണ്.”

രമേശ് ചെന്നിത്തലയും ഇതിന് സമാനമായ നിലപാടാണ് യോഗത്തില്‍ വിശദീകരിച്ചത്: “സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമാണ്. എന്നാല്‍ ആചാരങ്ങള്‍ പാലിക്കണം. ശബരിമലയിലെ ആചാരങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.അമിത് ഷാ വര്‍ഗീയത ആളിക്കത്തിക്കുന്നു. കേരളത്തിന്റെ മതേതര മനസ്സിനെ തകര്‍ക്കാന്‍ പിണറായിയും അമിത് ഷായും ശ്രമിക്കുകയാണ്. കോടതി വിധിയുടെ പേരില്‍ വിശ്വാസത്തെ ചവിട്ടിമെതിക്കാന്‍ ശ്രമിക്കുന്നു. നാമജപഘോഷയാത്ര നടത്തുന്നത് തെറ്റാണോ? ഘോഷയാത്ര നടത്തുന്ന സ്ത്രീകള്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യുന്നു. ഓരോ മതത്തിനും ഓരോ ആചാരമുണ്ട്”, ചെന്നിത്തലയുടെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ.

നേതാക്കളുടെ വിശദീകരണവും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ യുവനിരയില്‍ പ്രധാനിയായ വി.ടി ബല്‍റാം ഉള്‍പ്പെടെയുള്ളവരുടെ നിലപാടുമെല്ലാം അണികളുടെ ആശ്യക്കുഴപ്പം വര്‍ധിപ്പിച്ചിട്ടേയുള്ളൂ എന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. കെപിസിസി അംഗമായ മുതിര്‍ന്ന നേതാവ് പറയുന്നതിങ്ങനെ: “പുരോഗമനം പറയുകയും വേണം എന്നാല്‍ ഞങ്ങള്‍ക്ക് വിശ്വാസവും ആചാരവും തന്നെയാണ് വലുതെന്നാണ് കോണ്‍ഗ്രസുകാരും യുഡിഎഫ് നേതാക്കളും പറയുന്നത്. ശരിയാണ്, കോണ്‍ഗ്രസുകാരായ പലര്‍ക്കും, നേതാക്കള്‍ക്കും താഴെത്തട്ടിലുള്ള പ്രവര്‍ത്തകര്‍ക്കും പാര്‍ട്ടി അനുഭാവികള്‍ക്കും വരെ വിശ്വാസസംരക്ഷണം ആവശ്യമായിരിക്കും. പാര്‍ട്ടി പറയാന്‍ ശ്രമിക്കുന്നതും അത് തന്നെയാണ്. പക്ഷെ അപ്പോഴും പുരോഗമനം കാണിക്കാന്‍ വിധിയെ സ്വാഗതം ചെയ്യുമ്പോള്‍ അത് കൂടുതല്‍ ആശയപ്രതിസന്ധിയുണ്ടാക്കും. വിശ്വാസ സംരക്ഷണം എന്ന ആവശ്യം ഉന്നയിക്കുന്ന അണികളും അനുഭാവികളുമെല്ലാം, രണ്ട് നിലപാടും സ്വീകരിക്കുന്ന കോണ്‍ഗ്രസിനേക്കാള്‍ വിശ്വാസികള്‍ക്കായി ഉറച്ച് നില്‍ക്കുന്ന ബിജെപിയിലേക്ക് പോയാല്‍ മതിയല്ലോ എന്ന ഒരു ചിന്ത ഉണ്ടായി വന്നിട്ടുണ്ട്. അത്തരത്തില്‍ വലിയ ഒരു മാറ്റം ഉണ്ടായി വരാനുള്ള എല്ലാ സാധ്യതകളും സാധാരണ പാര്‍ട്ടി അനുഭാവികളോടുള്‍പ്പെടെ സംസാരിക്കുമ്പോള്‍ തെളിഞ്ഞുവരുന്നുണ്ട്. അത് പാര്‍ട്ടി ഗൗരവമായി കണക്കാക്കേണ്ടതാണ്.”

സിപിഎം ഈ വിഷത്തില്‍ നിലപാട് ശക്തമാക്കിയതിന് ശേഷം താഴെത്തട്ടില്‍ ഇതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയിട്ടുണ്ട്. സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തിലുള്ള  അയ്യപ്പ കര്‍മ്മ സമിതി ഗ്രാമഗ്രാമാന്തരം വീടുകള്‍ കയറിയിറങ്ങിയുള്ള പ്രചരണവും രാഷ്ട്രീയ വിശദീകരണവും ആരംഭിച്ചിട്ടുണ്ട്. അങ്ങനെയിരിക്കെ നിലപാട് പോലും സ്വീകരിക്കാന്‍ കഴിയാതെ യുഡിഎഫ് അണികള്‍ പ്രതിസന്ധിയിലായിരിക്കുന്നതായാണ് ലഭിക്കുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.

രാഹുല്‍ ഈശ്വറിന്റെ രോമത്തിന് കാവല്‍ നില്‍ക്കുന്ന ‘കോജെപി’ നേതാവ് അജയ് തറയില്‍

ചെന്നിത്തല ഗാന്ധി മനസിലാക്കേണ്ട ഒന്നുണ്ട്, ഈ പാര്‍ട്ടി ഉണ്ടെങ്കിലേ നേതാവ് കളി പറ്റൂ എന്ന്

മിസ്റ്റര്‍ ചെന്നിത്തല, എത്ര പെട്ടെന്നാണ് നിങ്ങള്‍ വെറുമൊരു രാഷ്ട്രീയ മുതലെടുപ്പുകാരനായി ചുരുങ്ങിയത്

ശബരിമല: പിണറായിയെ വലിച്ചുതാഴെയിടാനാവശ്യപ്പെട്ട് ബിജെപി ഗവര്‍ണര്‍ സദാശിവത്തെ കാണാത്തതെന്ത്?

‘തൂണും ചാരി നിന്നവന്‍ പെണ്ണ് കൊണ്ടുപോകുന്ന’ രാഷ്ട്രീയകളിക്ക് വെള്ളാപ്പള്ളിയില്ല?

കരക്കിരുന്ന് മീന്‍ പിടിക്കുന്ന കോണ്‍ഗ്രസിനും കുളം കലക്കുന്ന ബിജെപിക്കും വേണ്ടാത്ത ഒന്നുണ്ട്; നവോത്ഥാന കേരളം

“വിശ്വാസികളുടെ ശക്തി പിണറായി കാണാനിരിക്കുന്നതേയുള്ളൂ”; രണ്ടാം ഘട്ട പ്രതിഷേധ ഒരുക്കങ്ങളുമായി ശബരിമല കര്‍മസമിതി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍