UPDATES

ട്രെന്‍ഡിങ്ങ്

12 വർഷങ്ങൾക്ക് ശേഷം കാവേരി തർക്ക ട്രൈബ്യൂണൽ അനുവദിച്ച കബനിയിലെ ജലം ഉപയോഗിക്കാൻ കേരളം ഒരുങ്ങുന്നു; കടമാൻതോടിൽ അണകെട്ടും

കിഴക്കോട്ട് ഒഴുകുന്ന കേരളത്തിലെ മൂന്നു നദികളിൽ ഏറ്റവും വലുതാണ് കബനി.

വയനാട്ടിലെ കബനീ നദീ തടത്തിൽ നിന്നുള്ള 21 ടി.എം.സി വെള്ളം ഉൾപ്പെടെ മൊത്തത്തിൽ 30 ടി.എം.സി വെള്ളം കാവേരി ജലതർക്ക ട്രൈബ്യൂണൽ കേരളത്തിന് അനുവദിച്ചിട്ട് നീണ്ട പന്ത്രണ്ട് വർഷങ്ങൾ പിന്നിട്ടെങ്കിലും ഈ വിഭവശേഷിയെ ഏതെങ്കിലും വിധത്തിൽ ഉപയോഗപ്പെടുത്താൻ സംസ്ഥാനത്തിന് നാളിതുവരെ ആയിട്ടില്ല. ഇക്കാലമത്രയും അനുവദിക്കപ്പെട്ട ജലം കര്ണാടകയിലേക്കും തമിഴ്നാട്ടിലേക്കും ഒഴുകുകയും അവർ അതുകൂടി ഉപയോഗപ്പെടുത്തുകയും ചെയ്തുവരികയായിരുന്നു. അട്ടപ്പാടിയിലെ ശിരുവാണി നദിയിൽ ചെറിയൊരു അണകെട്ടാൻ കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ശ്രമം ഉണ്ടായെങ്കിലും അതിശക്തമായ എതിർപ്പാണ് തമിഴ്‌നാട് സർക്കാരിൽ നിന്നും കോയമ്പത്തൂർ-തിരുപ്പൂർ-ഈറോഡ് മേഖലയിലെ കർഷകരിൽ നിന്നും ആ ശ്രമത്തിനു നേരെ ഉണ്ടായത്. അങ്ങനെ ആ പദ്ധതി മരവിക്കപ്പെട്ടു.

വയനാട്ടിൽ കബനീ നദി ഒഴുക്കുന്ന പുൽപ്പള്ളി-മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്തുകൾ കഴിഞ്ഞ കുറെ വർഷങ്ങളായി അതികഠിനമായ വരൾച്ചയുടെ പിടിയിലാണ്. മുൻപ് കാപ്പിയും കുരുമുളകും തഴച്ചു വളർന്നിരുന്ന ഇവിടെ ഇന്ന് കുടിവെള്ളം കിട്ടാക്കനിയാണ്. ഈയൊരു അവസ്ഥയിലാണ് നീണ്ട കാലമായി മുടങ്ങി കിടക്കുന്ന കടമാൻതോട് ജലസേചന-കുടിവെള്ള പദ്ധതിക്ക് സംസ്ഥാന സർക്കാർ പുതുജീവൻ നൽകുന്നത്. അയല്‍ സംസ്ഥാനങ്ങളിൽ നിന്നെന്നപോലെ നാളിതുവരെ പദ്ധതി നടപ്പായാൽ ബാധിക്കപ്പെടുന്ന തദ്ദേശീയരിൽ നിന്നും കടുത്ത എതിർപ്പാണ് കടമാൻതോട് നേരിട്ടിരുന്നത്. ഈ വൻകിട പദ്ധതി വന്നാൽ ഉയർന്ന ജനസാന്ദ്രതയുള്ള ഒരു പ്രദേശത്ത് വലിയ തോതിൽ ആളുകളെ മാറ്റിപാർപ്പിക്കേണ്ടി വരും എന്നുള്ളതാണ് എതിർപ്പിന് കാരണം. കബനീ നദിയുടെ പ്രധാന കൈവഴികളിൽ ഒന്നായ കടമാൻ തോടിൽ അണകെട്ടുമ്പോൾ ഉണ്ടാകാവുന്ന പരിസ്ഥിതിപരവും സാമൂഹികവുമായ നിരവധി ആശങ്കകൾ ഉണ്ട്. എന്നിരിക്കിലും രൂക്ഷമായ വരൾച്ചയും കുടിവെള്ള ക്ഷാമവും പദ്ധതിയോടുള്ള തദ്ദേശവാസികളുടെ എതിർപ്പ് കാര്യമായി ഇപ്പോൾ കുറച്ചിട്ടുണ്ട് എന്ന അനുമാനത്തിലാണ് സർക്കാർ പദ്ധതിക്ക് പുനർജീവൻ നൽകുന്നത്. സിപിഎം ആകട്ടെ കുടിവെള്ള ക്ഷാമത്തിന് ഉള്ള ഏക പരിഹാരം പദ്ധതി ആണെന്ന നിലയിലുള്ള അതിശക്തമായ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു.

പദ്ധതി പുനര്‍ജീവിപ്പിക്കുന്ന കാര്യം സ്ഥിരീകരിച്ച മന്ത്രി കെ കൃഷ്ണൻകുട്ടി എന്നാൽ ഈ വിഷയത്തിൽ മറ്റൊരു കാരണമാണ് പറയുന്നത്. കാവേരി ട്രൈബ്യൂണലിനേയും കുടിവെള്ള ക്ഷാമത്തെയും മാറ്റി നിർത്തി ഭാവിയിലെ വെള്ളപ്പൊക്കങ്ങളിൽ നിന്നും വയനാടിനെ രക്ഷിക്കാൻ ഉള്ള ഒന്നായാണ് ഇതിനെ മന്ത്രി അവതരിപ്പിക്കുന്നത്. ഡാമുകൾ പ്രളയ രക്ഷ നടത്തുന്നത് സംബന്ധിച്ച് വയനാട്ടിൽ നിലവിൽ വലിയ ആശങ്കകൾ ഉണ്ട്. പ്രത്യേകിച്ചും കഴിഞ്ഞ വർഷത്തെ പ്രളയ സമയത്ത് ബാണാസുര സാഗർ തുറന്നു വിട്ടതിന് ശേഷം ഉണ്ടായ ദുരിതങ്ങളുടെ പശ്ചാത്തലത്തിൽ.

കേരള സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് ആന്റ് എൻവയോൺമെന്റ് സെന്റർ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ കടമാൻതോട് ജലസേചന പദ്ധതിക്കും തോണ്ടാർ പദ്ധതിക്കുമായുള്ള സാധ്യതാ റിപ്പോർട്ട് ഉടൻ കേന്ദ്ര ജല കമ്മീഷന്റെ അംഗീകാരത്തിനായി സമർപ്പിക്കുമെന്നാണ് മന്ത്രി പറയുന്നത്. ട്രൈബ്യൂണൽ അനുവദിച്ച ജലത്തിന്റെ പരിധിയിൽ വരുന്നതിനാൽ കേന്ദ്രം എതിർക്കില്ല എന്ന് സംസ്ഥാനം കണക്കു കൂട്ടുന്നു.

28 മീറ്റർ ഉയരവും 490 മീറ്റർ നീളവുമുള്ള അണക്കെട്ടാണ് കടമാന്‍തോട്ടിൽ വിഭാവനം ചെയ്യുന്നത്. 1940 ഹെക്ടറിൽ ജലസേചനം എത്തിക്കാനും പുൽപ്പള്ളി-മുള്ളൻകൊല്ലി മേഖലയുടെ ജലക്ഷാമം തീർക്കാനും സർക്കാർ പദ്ധതി വഴി ലക്ഷ്യമിടുന്നു. ജലസേചന വകുപ്പിന്റെ കാവേരി സെൽ ചീഫ് എഞ്ചിനീയർ എസ് തിലകൻ പറയുന്നത്, സാധ്യതാ റിപ്പോർട്ടിന് കേന്ദ്ര ജല കമ്മീഷന്റെ അംഗീകാരം ലഭിച്ചാൽ ഉടൻ തന്നെ പദ്ധതിക്കായി തറനിരപ്പ് അന്വേഷണ പഠനങ്ങൾ ആരംഭിക്കും എന്നാണ്. മൊത്തത്തിൽ അനുവദിച്ച ജലത്തിൽ വെറും 0.52 ടിഎംസി മാത്രമേ പദ്ധതിക്കായി ഉപയോഗിക്കു എന്നും അതുകൊണ്ട് അയൽ സംസ്ഥാനങ്ങൾ വലിയ തോതിൽ എതിർപ്പ് ഉയർത്തില്ല എന്നും അദ്ദേഹം പറയുന്നു.

കബനീ തടത്തിലെ ജലത്തിന്റെ വിഹിതം വിനിയോഗിക്കാൻ ബാണാസുര സാഗർ ഡാം, കരപ്പുഴ ജലസേചന പദ്ധതി എന്നീ രണ്ട് പദ്ധതികൾ മാത്രമാണ് കേരളത്തിന് നിലവിൽ ഉള്ളത്. ഇവയ്ക്ക് 3.64 ടിഎംസി വെള്ളം മാത്രം ഉപയോഗിക്കാനുള്ള ശേഷിയുണ്ട്. കബനി തടത്തിൽ കേരളം ഉപയോഗപ്പെടുത്താത്ത 16 ടിഎംസി വെള്ളത്തിനുമേൽ അവകാശവാദം ഉന്നയിച്ച് തമിഴ്‌നാട് അടുത്തിടെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതും സർക്കാരിനെ ജാഗ്രതപ്പെടുത്തുന്നു.

വയനാട്ടിൽ കബനീ തടത്തിലെ മറ്റ് നിർദ്ദിഷ്ട പദ്ധതികളിൽ നൂൽപ്പുഴ, തിരുനെല്ലി, കല്ലമ്പതി, ചെങ്ങാട്ട്, പെരിങ്ങോട്ടുപുഴ എന്നിവ ഉൾപ്പെടുന്നു, അവയെല്ലാം തന്നെ വലിയ പരിസ്ഥിതി നാശത്തിന്റെയും കുടിയൊഴിപ്പിക്കലുകളുടെയും പേരിൽ എതിർപ്പ് നേരിടുകയാണ്. കഷ്ടിച്ച് വേനൽമഴയും തുച്ഛമായ കാലവർഷവും ലഭിച്ച പുൽപള്ളി മേഖലയിൽ മണ്ണിന്റെ ഈർപ്പം നിലനിർത്താൻ നിർദിഷ്ട കടമാൻതോട് ജലസംഭരണ ജലസേചന പദ്ധതി നടപ്പാക്കണമെന്ന ആവശ്യം സിപിഎം ശക്തമായി ഏറ്റെടുത്തിട്ടുണ്ട്. ഇത് സംബന്ധിച്ച് ആലോചിക്കാൻ ഈ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ഒരു സർവകക്ഷി യോഗം പാർട്ടിയുടെ മുൻകൈയിൽ വിളിച്ചിട്ടുണ്ട്. എന്നാൽ ജില്ലാ കോൺഗ്രസ്സ് കമ്മറ്റി അധ്യക്ഷനും സ്ഥലം എംഎൽഎയുമായ ഐ സി ബാലകൃഷ്ണൻ ഇക്കാര്യത്തിൽ സംശയകരമായ നിസ്സംഗത പുലർത്തുകയാണ് എന്ന് സിപിഎം കുറ്റപ്പെടുത്തുന്നു. കടമാൻ തോടിൽ നിന്നൊഴുകുന്ന വെള്ളം ഇപ്പോൾ പ്രയോജനപ്പെടുന്നത് ബീച്ചനഹള്ളി അണക്കെട്ടിലൂടെ കർണാടകക്കാർക്ക് മാത്രമാണ്.

390 കോടി രൂപ ചെവലിൽ 1986ൽ കർണാടക സർക്കാർ ബീച്ചനഹള്ളിയിൽ നിർമിച്ച അണക്കെട്ട് 45729 ഹെക്ടർ സ്ഥലത്ത് ജലസേചനം, രണ്ട് വൈദ്യുത നിലയങ്ങൾ, മൈസൂരു, ബംഗളൂരു നഗരങ്ങളിൽ കുടിവെള്ളം എന്നിവയ്ക്ക് ഉപയോഗിക്കുമ്പോൾ കബനി നദി അരപ്പട്ടയായിട്ടുള്ള മുള്ളൻകൊല്ലി, പുൽപ്പള്ളി പഞ്ചായത്തുകളിലെ കൃഷിയിടങ്ങൾ കടുത്ത വരൾച്ചയിൽ ഉണങ്ങി നശിക്കുന്നു.

കാലവർഷം സമൃദ്ധമായി ലഭിച്ചിരുന്ന മുള്ളൻകൊല്ലി, പുൽപ്പള്ളി, പൂതാടി പ്രദേശങ്ങളിൽ 2004 മുതലാണ് കാലാവസ്ഥാ വ്യതിയാനഫലമായി വരൾച്ചയും ജലക്ഷാമവും രൂക്ഷമായി തുടങ്ങിയത്. പ്രതിവർഷം 2000 മെട്രിക് ടെൺ കുരുമുളക് ഉത്പ്പാദിപ്പിച്ചിരുന്ന പുൽപ്പള്ളി മേഖലയിൽ ഇപ്പോൾ 200 ടൺ പോലും ഉത്പ്പാദിപ്പിക്കാൻ കഴിയുന്നില്ല. നഞ്ചയും പുഞ്ചയും നെൽകൃഷി നടത്തിയിരുന്ന വയലുകൾ ശൂന്യമാണ്. കാവേരി വാട്ടർ ഡിസ്പ്യൂട്ട് ട്രിബ്യൂണൽ കബനി സബ‌്ബേസിൽനിന്നും കേരളത്തിന് അനുവദിച്ചിട്ടുള്ള 21 ടിഎംസി ജലം ഉപയോഗപ്പെടുത്തുന്നതിനുള്ള 9 പദ്ധതികൾക്ക് വയനാട് കബനി സബ‌് ബേസിൻ പ്രോജക്ട്സ് രൂപം നൽകിയിരുന്നു. ഇതിന്റെ ഒന്നാം ഘട്ടമാണ് നൂൽപ്പുഴ, കടമാൻതോട്, ചുണ്ടാലിപ്പുഴ പദ്ധതികൾ.

കടമാൻ തോട് പദ്ധതി ആദ്യം വിഭാവനം ചെയ്തിരുന്നത് പുൽപ്പള്ളി പഞ്ചാത്തിലെ പാളക്കൊല്ലിയിലായിരുന്നു. എന്നാൽ ജനകീയ പ്രശ്നങ്ങൾ പരിഗണിച്ച് സമീപത്തുള്ള ആനപ്പാറയാണ് പദ്ധതി രേഖകളിൽ ഇപ്പോൾ ഇടം പിടിച്ചിരിക്കുന്ന സ്ഥലം. വൃഷ്ടി പ്രദേശം 4779.7 ഹെക്ടർ, ബേയ്സ് ലെവൽ 728 മീറ്റർ, സംഭരണ ശേഷി 14.62 മില്യൺ ക്യൂബിറ്റ് മീറ്റർ ജലം. ഈ പദ്ധതിയിൽ തുറന്ന കനാലിനുപകരം പൈപ്പുകളിലൂടെ കൃഷി സ്ഥലങ്ങളിൽ ജലമെത്തിക്കാനാണ് നിർദേശം. ഇതുമൂലം ഭൂമി ഏറ്റെടുക്കൽ പരമാവധി കുറക്കാൻ കഴിയും. റോഡരിക്, പുഴയോരം തുടങ്ങിയവ പരമാവധി ഉപയോഗിച്ചായിരിക്കും പൈപ്പുകൾ സ്ഥാപിക്കുന്നത്. കൂടാതെ ജലം പരമാവധി ഉപയുക്തമാക്കുന്നതിനും ജലനഷ്ടം ഒഴിവാക്കുന്നതിനും സ്പ്രിംഗ്ളർ, ഡ്രിപ്പ് ജലസേചന രീതിയും ഉദ്ദേശിക്കുന്നുണ്ട്. പുൽപ്പള്ളി പഞ്ചായത്തിലെ ചെമ്പകമൂല, മുടിക്കോട് തോടുകൾ കൂടിച്ചേർന്ന് പുൽപ്പള്ളി ടൗണിലൂടെ ഒഴുകി മുള്ളൻകൊല്ലി പഞ്ചായത്തിൽ കടന്ന് കബനി നദിയിൽ ചെരുന്ന കടമാൻ തോടിന് 20 കിലോമീറ്ററാണ് നീളം. തോടിന്റെ ഇരു വശവും കൈയ്യേറി കമുക്, വാഴ, തെങ്ങ് തുടങ്ങിയവ കൃഷി ചെയ്തിട്ടുണ്ട്. തോടിനും പുറമ്പോക്കിനും 20 മീറ്റർ വീതിയുണ്ടായിരുന്നത് ഇപ്പോൾ ശരാശരി 5 മീറ്ററാണ്.

കിഴക്കോട്ട് ഒഴുകുന്ന കേരളത്തിലെ മൂന്നു നദികളിൽ ഏറ്റവും വലുതാണ് കബനി. വയനാട്ടിലെ കടമാന്‍തോട് ഉള്‍പ്പെടെയുളള ചെറുതും വലുതുമായ നീരൊഴുക്കുകളുടെ ആകെത്തുകയാണ് കബനീനദി. ആകെ 210 കിലോമീറ്ററാണ് കബനിയുടെ നീളം. ഇതില്‍ 56 കിലോമീറ്റര്‍ മാത്രമാണ് വയനാട്ടിലൂടെ ഒഴുകുന്നത്. കാവേരി നദീതടത്തിലേക്ക് കേരളം സംഭാവന ചെയ്യുന്ന 147 ടിഎംസി ജലത്തില്‍ 96 ടിഎംസിയും നല്‍കുന്നത് കബനിയാണ്. 2007 ലെ കാവേരി നദീജല ട്രിബ്യൂണല്‍ വിധിപ്രകാരം തമിഴ്‌നാടിന് 419 ടിഎംസിയും കര്‍ണ്ണാടകക്ക് 270 ടിഎംസിയും കേരളത്തിന് 30 ടിഎംസിയും പോണ്ടിച്ചേരിക്ക് ഏഴ് ടിഎംസി ജലവുമാണ് അനുവദിച്ചിട്ടുളളത്. കേരളത്തിന് ലഭിക്കുന്ന 30 ല്‍ 21 ടിഎംസിയും കബനിയുടെ വൃഷ്ടി പ്രദേശത്ത് സംരക്ഷിക്കണമെന്നാണ് വിധിയില്‍ പറയുന്നത്. ആറ് ടിഎംസി ഭവാനിപുഴയുടെ തീരത്തും മൂന്ന് ടിഎംസി പാമ്പാര്‍ തടത്തിലുമാണ് ഉപയോഗപ്പെടുത്തേണ്ടത്.

Azhimukham Read: അന്ന് രാഷ്ട്രപതിയുടെ പ്രത്യേക അതിഥി, ഇന്ന് ബീഡി തെറുപ്പുകാരി; കൊറഗ വിഭാഗത്തിലെ ആദ്യ എം.ഫില്‍ ബിരുദധാരിയുടെ ജീവിതം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍