UPDATES

അതിരപ്പിള്ളി വേണ്ട, സൗരോര്‍ജ പദ്ധതി നടപ്പാക്കാമെന്ന് എന്‍ടിപിസി; പക്ഷേ സര്‍ക്കാര്‍ മിണ്ടുന്നില്ല

സംസ്ഥാനം വൈദ്യുതി വാങ്ങുന്നില്ലെങ്കില്‍ നിലയങ്ങള്‍ അടച്ചുപൂട്ടാമെന്ന ആലോചനകള്‍ എന്‍.ടി.പി.സി ഔദ്യോഗിക തലത്തില്‍ തുടങ്ങിക്കഴിഞ്ഞു

കണ്ടാല്‍ പഠിയ്ക്കാത്തവന്‍ കൊണ്ടാല്‍ പഠിയ്ക്കുമെന്നാണല്ലോ. എന്നാല്‍ കണ്ടാലും കൊണ്ടാലും പഠിക്കില്ലെന്നുറച്ചാണ് സര്‍ക്കാര്‍. ജൈവ കലവറയായ അതിരപ്പള്ളിയെ കീറിമുറിച്ച് വൈദ്യുതി നിലയമുണ്ടാക്കണോ അതോ പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത സോളാര്‍ പാടങ്ങളെ ഉപയോഗപ്പെടുത്തി ആസന്നമായ വൈദ്യുതി പ്രതിസന്ധിയെ മറികടക്കണോ? ഈ ചോദ്യം സര്‍ക്കാരിന് മുന്നിലെത്തിയിട്ട് നാള് കുറച്ചൊന്നുമല്ല. എന്നാല്‍ പരിസ്ഥിതി സൗഹൃദ വികസന വാഗ്ദാനവും ലക്ഷ്യവുമായി അധികാരത്തിലേറിയ സര്‍ക്കാരിന് ആദ്യത്തേതില്‍ മാത്രമാണ് താത്പര്യമെന്നാണ് ഓരോ സംഭവും തെളിയിക്കുന്നത്.

അതിരപ്പള്ളി പദ്ധതിയില്‍ നിന്ന് ഉത്പാദിപ്പിക്കാമെന്ന് കണക്കാക്കുന്നതിലേറെ വൈദ്യുതി സോളാര്‍ പാടങ്ങളില്‍ നിന്ന് ലഭിക്കുമെന്ന ഉറപ്പിന് സര്‍ക്കാര്‍ ഒരു വിലയും കല്‍പ്പിച്ചിട്ടില്ല. സൗരോര്‍ജ്ജ വൈദ്യുതി ഉദ്പാദനത്തിനായി കായംകുളം എന്‍.ടി.പി.സി സര്‍ക്കാരിന് പദ്ധതി സമര്‍പ്പിച്ചിട്ട് മാസങ്ങളായി. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മൗനം തുടരുകയാണ്. ‘അതിരപ്പള്ളിയ്ക്ക് ഒരു ബദല്‍’ എന്ന നിര്‍ദ്ദേശവുമായി സമര്‍പ്പിക്കപ്പെട്ട പദ്ധതി അക്കാര്യം കൊണ്ടു മാത്രം തഴയപ്പെടുകയാണെന്ന സംശയിക്കേണ്ടിയിരിക്കുന്നു. അതല്ലെങ്കില്‍ അതിരപ്പള്ളി പദ്ധതിയേക്കാള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍, ചുരുങ്ങിയ ചെലവില്‍ നടപ്പിലാക്കാവുന്ന പദ്ധതി സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നതെന്തെന്ന സംശയമാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്.

350 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതിയാണ് നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷ (എന്‍.ടി.പി.സി.)ന്റെ കായംകുളം നിലയം സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്നത്. അതിരപ്പള്ളി പദ്ധതിയ്ക്ക് ഇതെന്തുകൊണ്ട് ബദല്‍ ആയിരിക്കുമെന്ന വ്യക്തമായ റിപ്പോര്‍ട്ടടക്കമാണ് പദ്ധതി സര്‍ക്കാരില്‍ സമര്‍പ്പിച്ചിരിക്കുന്നത്. എന്‍.ടി.പി.സി. മുന്നോട്ട് വയ്ക്കുന്ന പ്രധാന കാര്യങ്ങള്‍ ഇവയൊക്കെയാണ്:

1. സര്‍ക്കാര്‍ ആലോചനയിലുള്ള അതിരപ്പള്ളി പദ്ധതിവഴി ഉത്പാദിപ്പിക്കാന്‍ കഴിയുമെന്ന് പറയുന്നത് പരമാവധി 200 മെഗാവാട്ടില്‍ താഴെ മാത്രം വൈദ്യുതി. എന്നാല്‍ എന്‍.ടി.പി.സി. തയ്യാറാക്കിയിരിക്കുന്ന സൗരോര്‍ജ്ജ പദ്ധതി വഴി ചുരുങ്ങിയത് 350 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയും.

2. സൗരോര്‍ജ്ജ പദ്ധതിക്കായി സര്‍ക്കാരിന് ഭൂമിയേറ്റെടുക്കേണ്ടതില്ല. എന്‍.ടി.പി.സി.യുടെ കൈവശമുള്ള 900 ഏക്കര്‍ കായല്‍ നിലത്തില്‍ 200 ഏക്കറോളം മാത്രമേ നിലവില്‍ ഏതെങ്കിലും തരത്തില്‍ ഉപയോഗപ്പെടുത്തിയിട്ടുള്ളൂ. ബാക്കിവരുന്ന 700 ഏക്കറിലധികം കായല്‍ നിലം പദ്ധതിക്ക് പര്യാപ്തമാണ്.

3. പദ്ധതി നടപ്പാക്കാന്‍ 400 കോടി രൂപയില്‍ താഴെ മാത്രമേ ചെലവ് വരൂ. അതിരപ്പള്ളി പദ്ധതിയ്ക്ക് 1500 കോടിയിലേറെ ചെലവ് വരുമെന്നാണ് ഇപ്പോള്‍ കണക്കാക്കപ്പെടുന്നത്.

4. പരിസ്ഥിതിയ്ക്ക് ഒരു വിധത്തിലുമുള്ള തകരാര്‍ സൗരോര്‍ജ്ജപദ്ധതി മൂലം സംഭവിക്കില്ല. അതിരപ്പള്ളിയിലെ അത്യപൂര്‍വ്വ പുഴയോരക്കാടുകള്‍ നാമാവശേഷമാക്കുന്ന പദ്ധതിയേക്കാള്‍ പരിസ്ഥിതി സൗഹൃദ പദ്ധതിയാണ് കേരളത്തിന് ഇണങ്ങുക.

5. വളരെ ചുരുങ്ങിയ തുകയ്ക്ക് വൈദ്യുതി നല്‍കാനാവും. യൂണിറ്റിന് മൂന്ന് രൂപയില്‍ താഴെ നിരക്കില്‍ സൗരോര്‍ജ്ജത്താല്‍ ഉത്പാദിപ്പിച്ച വൈദ്യുതി നല്‍കാനാവുമെന്നാണ് എന്‍.ടി.പി.സി.യുടെ കണക്കുകൂട്ടല്‍. എന്നാല്‍ 1500 കോടി മുടക്കി തുടങ്ങാനുദ്ദേശിക്കുന്ന ജലവൈദ്യുത പദ്ധതിയിലൂടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയ്ക്ക് ഒരു യൂണിറ്റിന് ഏഴ് മുതല്‍ എട്ട് രൂപ വരെ ചുരുങ്ങിയത് നല്‍കേണ്ടി വരും.

6. വൈദ്യുതി ട്രാന്‍സ്മിറ്റ് ചെയ്യാന്‍ സ്വന്തമായി ലൈനുകളുള്ളതിനാല്‍ ഇതുവഴി വരുന്ന അധിക ചെലവും ഒഴിവാക്കാനാവും.

രാജ്യത്തെ ഏറ്റവും വലിയ ഫ്‌ലോട്ടിങ് സോളാര്‍ പ്ലാന്റ് കഴിഞ്ഞയിടെയാണ് കായംകുളത്ത് പ്രവര്‍ത്തനം തുടങ്ങിയത്. 100 കിലോവാട്ട് വൈദ്യുതി ഉത്പാദന ശേഷിയുള്ള സോളാര്‍ പ്ലാന്റാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ഇതില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയാണ് എന്‍.ടി.പി.സി. ഓഫീസ് പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നത്. എന്‍.ടി.പി.സി.യുടെ റിസര്‍ച്ച് വിഭാഗമായ ‘നേത്ര’യും സിപെറ്റും (സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക് എഞ്ചിനീയറിങ് ടെക്‌നോളജി) ചേര്‍ന്ന് സ്ഥാപിച്ച സോളാര്‍ പ്ലാന്റ് സംരംഭം വിജയമായതിന്റെ ആത്മവിശ്വാസത്തിലാണ് എന്‍.ടി.പി.സി പുതിയ പദ്ധതി സര്‍ക്കാരിന്റെ അനുമതിയ്ക്കായി നല്‍കിയത്. ‘100 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള സോളാര്‍ പ്ലാന്റ് കായലില്‍ സ്ഥാപിച്ചതോടൊപ്പം കരയിലും പ്ലാന്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ആകെ 244 കിലോവാട്ട് വൈദ്യുതി ഉത്പാദനം ഇവിടെ നടക്കുന്നുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ പദ്ധതി വിജയിച്ചു. അതുകൊണ്ടാണ് സൗരോര്‍ജ്ജ വൈദ്യുതി ഉത്പാദന പ്ലാന്റുകള്‍ തുടങ്ങാമെന്ന ആശയം സര്‍ക്കാരിനെ അറിയിച്ചത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇതേവരെ ഒരറിയിപ്പും നല്‍കിയിട്ടില്ല. സര്‍ക്കാരില്‍ നിന്നുള്ള നല്ല തീരുമാനത്തിനായി ഞങ്ങള്‍ കാത്തിരിക്കുകയാണ്’ എന്‍.ടി.പി.സി. പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ പറഞ്ഞു.

വലിയ മുതല്‍മുടക്കുള്ള ജലവൈദ്യുത പദ്ധതിക്കായി കോപ്പുകൂട്ടുന്ന സര്‍ക്കാരിന് താരതമ്യേന ചുരുങ്ങിയ ചെലവ് മാത്രം വരുന്ന പദ്ധതി എന്തുകൊണ്ട് ഏറ്റെടുത്തുകൂട എന്ന ചോദ്യമാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്. പുഴ അനുബന്ധ വനങ്ങളും ജീവജാലങ്ങളും നിറഞ്ഞ മേഖലയാണ് ചാലക്കുടിപുഴയോരങ്ങള്‍. ജീവജാലങ്ങളുടെ സമ്പന്നതയും വൈവിധ്യവും കൊണ്ട് ഏറെ ശ്രദ്ധനേടിയ നദിയുമാണ്. പുഴയനുബന്ധ കാടുകള്‍ ആവശ്യാനുസരണമുള്ള കേരളത്തിലെ അപൂര്‍വം നദികളിലൊന്ന്. വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നവയുള്‍പ്പെടെ 98 ഇനം മത്സ്യങ്ങള്‍, പശ്ചിമഘട്ടത്തിന്റെ തദ്ദേശീയ ഇനങ്ങളായ 24 സപുഷ്പികളുള്‍പ്പെടെ 319 സപുഷ്പികള്‍, 264 ഇനം പക്ഷികള്‍ തുടങ്ങി ജൈവസമ്പത്തിന്റെ കലവറയാണ് ചാലക്കുടിപ്പുഴ. വേഴാമ്പലിന്റെ കേരളത്തില്‍ കാണപ്പെടുന്ന നാലിനങ്ങളും ജീവിക്കുന്ന ഏക പ്രദേശവും ഇത് തന്നെ. ഇവയെല്ലാം ഇല്ലാതാക്കി, ചാലക്കുടിപ്പുഴയുടെ വന്യസൗന്ദര്യത്തെ നശിപ്പിച്ചുകൊണ്ട് തന്നെ ഒരു വൈദ്യുതി പദ്ധതി വേണമെന്ന് ആര്‍ക്കാണ് നിര്‍ബന്ധം?

163 മെഗാവാട്ട് വൈദ്യുതി പ്രതീക്ഷിക്കുന്ന ജലവൈദ്യുത പദ്ധതിയാണ് അതിരപ്പള്ളി. ഇത് നടപ്പാക്കുക വഴി 138 ഹെക്ടര്‍ വനം വെള്ളത്തിനടിയിലാവുമെന്ന് കെ.എസ്.ഇ.ബി. വ്യക്തമാക്കിയിട്ടുണ്ട്. 28.4 ഹെക്ടര്‍ അത്യപൂര്‍വ പുഴയോരക്കാടുകള്‍ ഇല്ലാതാവുമെന്നത് തന്നെയാണ് പദ്ധതികൊണ്ടുണ്ടാവുന്ന ഏറ്റവും പ്രധാന പാരിസ്ഥിതിക പ്രത്യാഘാതം. പറമ്പിക്കുളം കടുവ സംരക്ഷണ കേന്ദ്രത്തിനും പൂയംകുട്ടി വനങ്ങള്‍ക്കുമിടയിലെ ആനത്താര ഓര്‍മ്മയാവും. അതിരപ്പള്ളിക്കാടുകളിലെ കാടാര്‍ഗോത്രവിഭാഗത്തില്‍ പെട്ട ജനത കുടിയിറക്കപ്പെടും. കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ കേരളത്തിലെ വൈദ്യുതി പ്രതിസന്ധിയ്ക്ക് പരിഹാരം അതിരപ്പള്ളി മാത്രമാണെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. വികസനത്തിന്റെ പേരില്‍ അതിരപ്പള്ളിയുടെ കടയ്ക്കല്‍ കത്തിവയ്ക്കാന്‍ ഒരുങ്ങുന്ന സര്‍ക്കാര്‍ പലരുടേയും സാമ്പത്തിക താത്പര്യം സംരക്ഷിക്കാന്‍ നോക്കുകയാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിയ്ക്ക് പരിഹാരം എന്ന നിര്‍ദ്ദേശവുമായി എന്‍.ടി.പി.സി. പദ്ധതി സമര്‍പ്പിച്ചിരുന്നെങ്കില്‍ സര്‍ക്കാരില്‍ നിന്ന് ഗുണകരമായ പ്രതികരണങ്ങള്‍ ഉണ്ടായേനെ. അതിരപ്പള്ളിയ്ക്ക് ബദല്‍ എന്ന നിലയ്ക്കാണ് അവര്‍ മോഡല്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇക്കാരണം കൊണ്ട് മാത്രമാവണം സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മൗനംപാലിക്കുന്നത്. കാരണം പലയിടങ്ങളില്‍ നിന്നും, ഘടകകക്ഷികളില്‍ നിന്നു പോലും എതിര്‍പ്പുകളുടെ സ്വരം ഉയരുമ്പോഴും അതിരപ്പള്ളി പദ്ധതി നടപ്പാക്കുകയെന്നത് അഭിമാന പ്രശ്‌നമായാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. ഇതനുസരിച്ച് മുന്നോട്ട് പോവുമ്പോള്‍ അതിന് ബദല്‍ മാതൃകകളുണ്ടായാല്‍, അതംഗീകരിച്ചാല്‍ സര്‍ക്കാരിനെന്തോ നഷ്ടപ്പെടുമെന്ന ഭീതിയാണ്. ദുരഭിമാനമാണ് സര്‍ക്കാരിനെ നയിക്കുന്നതെന്ന് തോന്നുന്നു. കേരളത്തിന്റെ നിലനില്‍പ്പിനെ തന്നെ ഇല്ലാതാക്കാന്‍ ശേഷിയുള്ളതാണ് അതിരപ്പള്ളി ജലവൈദ്യുത പദ്ധതി. ചുരുങ്ങിയ സമയത്തിനുള്ളില്‍ ചുരുങ്ങിയ ചെലവില്‍, ചുരുങ്ങിയ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കുന്ന പദ്ധതിയാണ് എന്‍.ടി.പി.സി. മുന്നോട്ട് വച്ചിരിക്കുന്നത്. ഒറ്റനോട്ടത്തിലോ, ചുഴുഞ്ഞുനോട്ടത്തിലോ ആര്‍ക്കും അതില്‍ ഒരു പോരായ്മയും പറയാനാവില്ല. പിന്നെയെന്തുകൊണ്ട് സര്‍ക്കാര്‍ അനങ്ങുന്നില്ല എന്ന ചോദ്യമുണ്ട്. ഈ പദ്ധതിയ്ക്ക് അനുവാദം നല്‍കിയാല്‍ അതിരപ്പള്ളിയുടെ പ്രസക്തിയില്ലാതാവുമെന്നതുകൊണ്ട് തന്നെയാണിത്. ലോക രാജ്യങ്ങളെല്ലാം പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ടുള്ള ഇത്തരം വികസന മാതൃകകള്‍ വേണ്ടെന്ന് തീരുമാനിയ്ക്കുമ്പോള്‍ നമ്മള്‍ മാത്രം എന്തുകൊണ്ട് പഠിയ്ക്കുന്നില്ല. അതിരപ്പള്ളി പദ്ധതി നടപ്പാക്കിയാലും കേരളത്തിന് വേണ്ടത്ര മെച്ചമുണ്ടാവില്ല എന്നതാണ് മറ്റൊരു കാര്യം. പുഴ, അണക്കെട്ട്, പവര്‍ഹൗസ്- ഇവ തമ്മിലുള്ള ദൂരവും ഉയരവും കണക്കാക്കുമ്പോള്‍ ജലവൈദ്യുത പദ്ധതിയ്ക്ക് അനുയോജ്യമായ ഒരു ലൊക്കേഷനല്ല ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നതെന്ന് മനസ്സിലാവും. അത്തരം പദ്ധതികള്‍ക്ക് അനുയോജ്യമായ മേഖലകളിലെല്ലാം മുമ്പ് തന്നെ ജലവൈദ്യുത പദ്ധതികള്‍ വന്നു കഴിഞ്ഞു. ഇനിയുള്ള പദ്ധതി ചിലരുടെ പോക്കറ്റ് വീര്‍പ്പിക്കാന്‍ മാത്രമേ ഉതകൂ. ഇത്തരം വന്‍കിട ജലവൈദ്യുത പദ്ധതികള്‍ സാമ്പത്തികമായി മെച്ചമില്ലാത്തതാണെന്നതാണ് മറ്റൊരു വസ്തുത. ഒരു മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ഏതാണ്ട് പത്തുകോടി രൂപ വരെ ചെലവ് വരും. നിലവില്‍ ജലവൈദ്യുത പദ്ധതികളില്‍ നിന്നുള്ള വൈദ്യുതി യൂണിറ്റിന് ഏഴ്, എട്ട് രൂപ നിരക്കിലാണ് ലഭിക്കുന്നത്. അതിരപ്പള്ളി പദ്ധതി നടപ്പിലായാല്‍ ഇത് യൂണിറ്റിന് 15 രൂപയെങ്കിലുമാവുമെന്നാണ് കണക്കാക്കപ്പെടുന്നത്. സര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന പോലെ വൈദ്യുതി ഈ പദ്ധതിയില്‍ നിന്ന് ലഭിയ്ക്കുകയുമില്ല.

വന്‍കിട ജലവൈദ്യുത പദ്ധതികളുടെ കാലം എന്നേ കഴിഞ്ഞിരിക്കുന്നു. 90കളുടെ അവസാനത്തിലും രണ്ടായിരത്തിന്റെ തുടക്കത്തിലുമായി കേരളത്തില്‍ തിരക്കിട്ട് സ്ഥാപിച്ച അഞ്ച് താപ വൈദ്യുതി നിലയങ്ങള്‍ തന്നെ വൈദ്യുതി ബോര്‍ഡിന്റെ ആസൂത്രണത്തില്‍ വന്ന പിഴവായാണ് വിലയിരുത്തേണ്ടത്. ഈ താപനിലയങ്ങളുമായി സര്‍ക്കാര്‍ വച്ച കരാര്‍ പ്രകാരം പ്രതിവര്‍ഷം അഞ്ഞൂറ് കോടിയിലധികം രൂപയാണ് എന്‍.ടി.പി.സിക്ക് നല്‍കുന്നത്. 75 ശതമാനത്തിലധികം വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ നിലയങ്ങളില്‍ നിന്ന് ഇതേവരെ 26 ശതമാനം വൈദ്യുതി മാത്രമാണ് കേരളം വാങ്ങിയിരിക്കുന്നത്. ഇത്തരം വന്‍കിട പദ്ധതികള്‍ക്കായി സര്‍ക്കാര്‍ അനാവശ്യമായി പണം ചെലവഴിക്കുന്ന കാഴ്ചയാണ് വര്‍ഷങ്ങളായി കണ്ടു വരുന്നത്. ഇതു തന്നെയാണ് സര്‍ക്കാര്‍ അതിരപ്പള്ളിയിലും ചെയ്യാന്‍ പോവുന്നത്. പ്രതീക്ഷിക്കുന്ന മെച്ചം കിട്ടില്ലെന്ന കാര്യം ഉറപ്പാണ്. സാങ്കേതികമായ കാരണങ്ങള്‍ കൊണ്ട് സര്‍ക്കാരിന് എന്‍.ടി.പി.സിയുടെ വൈദ്യുതി വാങ്ങാനാവുന്നില്ല. ഇതിന് സര്‍ക്കാരിനെ പഴിചാരുന്നതില്‍ കാര്യവുമില്ല. എന്നാല്‍ അവര്‍ ഇപ്പോള്‍ വച്ചിരിക്കുന്ന സൗരോര്‍ജ്ജ പദ്ധതി വിജയകരമാവാന്‍ സാധ്യതയുള്ളതാണ്. അതിരപ്പള്ളിയില്‍ നിന്ന് ഉത്പാദിപ്പിക്കാന്‍ കഴിയുന്നതിലും വൈദ്യുതി നല്‍കുമെന്ന അവരുടെ ഉറപ്പിനെ വിശ്വാസത്തിലെടുക്കുകയാണ് ചെയ്യേണ്ടത്.‘ പരിസ്ഥിതി പ്രവര്‍ത്തകനായ എസ്.പി. രവി പറയുന്നു.

ഇതിനിടെ, കേരളത്തിലെ എന്‍.ടി.പി.സി. നിലയങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. സംസ്ഥാനം വൈദ്യുതി വാങ്ങുന്നില്ലെങ്കില്‍ നിലയങ്ങള്‍ അടച്ചുപൂട്ടാമെന്ന ആലോചനകള്‍ എന്‍.ടി.പി.സി ഔദ്യോഗിക തലത്തില്‍ തുടങ്ങിക്കഴിഞ്ഞു. നിലവില്‍ സര്‍ക്കാരില്‍ സമര്‍പ്പിച്ചിരിക്കുന്ന സൗരോര്‍ജ്ജ പദ്ധതിയോടുള്ള സര്‍ക്കാര്‍ നിലപാടറിയാനായി എന്‍.ടി.പി.സി. കാത്തിരിക്കുകയാണ്. എന്‍.ടി.പി.സി-വൈദ്യുതി ബോര്‍ഡ് കരാര്‍ റദ്ദാക്കുന്നത് സംബന്ധിച്ച് ആലോചനകള്‍ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനും പങ്കുവച്ചിട്ടുണ്ട്. രണ്ട് വര്‍ഷത്തിലധികമായി കായംകുളം എന്‍.ടി.പി.സി. താപവൈദ്യുത നിലയം പ്രവര്‍ത്തിക്കുന്നില്ല. നിലയത്തില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ നിരക്ക് സാധാരണത്തേതിലും ഇരട്ടിയായതിനാല്‍ സംസ്ഥാനം കാലങ്ങളായി വൈദ്യുതി വാങ്ങാറുമില്ല. 2004 മുതല്‍ 2011 വരെ തമിഴ്‌നാടും നിലയത്തില്‍ നിന്ന് വൈദ്യുതി വാങ്ങിയിരുന്നു. എന്നാല്‍ പിന്നീട് ഇത് നിലച്ചു. അതോടെ ഓരോ വര്‍ഷവും ഫിക്‌സഡ് ചാര്‍ജ് ഇനത്തില്‍ നല്‍കേണ്ട ഇരുന്നൂറ് കോടിയിലധികം രൂപ എന്‍.ടി.പി.സി.യ്ക്ക് നല്‍കേണ്ട ബാധ്യത കേരള സര്‍ക്കാരിന്റേത് മാത്രമായി. വൈദ്യുതി വാങ്ങുന്നില്ലെങ്കിലും സംസ്ഥാന സര്‍ക്കാര്‍ എല്ലാ മാസവും ഈ തുക എന്‍.ടി.പി.സിക്ക് നല്‍കിക്കൊണ്ടിരിക്കുകയാണ്. കരാറില്‍ പറഞ്ഞിരിക്കുന്ന ഫിക്‌സഡ് ചാര്‍ജ് പ്രതിവര്‍ഷം 293 കോടി രൂപയായി വര്‍ധിപ്പിക്കണമെന്നാണ് എന്‍.ടി.പി.സിയുടെ ഇപ്പോഴത്തെ ആവശ്യം. എന്നാല്‍ ഇതേവരെ വൈദ്യുതി വാങ്ങാതെ തന്നെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പണം എന്‍.ടി.പി.സിയുടെ മുടക്കുമുതലില്‍ അധികം വരുമെന്നതിനാല്‍ ഈ ആവശ്യം ന്യായമല്ലെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. കായംകുളം താപനിലയത്തെ സംബന്ധിച്ച കരാര്‍ വൈദ്യുതി ബോര്‍ഡിന് ഭീമമായ നഷ്ടമുണ്ടാക്കുന്നതായാണ് റഗുലേറ്ററി കമ്മീഷന്റെ കണ്ടെത്തല്‍. ഈ സാഹചര്യത്തില്‍ കായംകുളം താപനിലയം സംബന്ധിച്ച കരാര്‍ ഇരുകൂട്ടര്‍ക്കും ബാധ്യതയില്ലാത്ത തരത്തില്‍ പരിഷ്‌കരിക്കണമെന്നാണ് കമ്മീഷന്റെ ആവശ്യം.

ചര്‍ച്ചകളും ആലോചനകളും ഇത്തരത്തില്‍ പുരോഗമിക്കുമ്പോള്‍ കായംകുളം താപനിലയം മുന്നോട്ട് വയ്ക്കുന്ന സൗരോര്‍ജ്ജ പദ്ധതി പോലുള്ള സാധ്യതകളെ പ്രയോജനപ്പെടുത്തി നിലയത്തെ അടച്ചുപൂട്ടല്‍ ഭീഷണിയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ഉദ്യോഗസ്ഥ തലത്തില്‍ ശക്തമാണ്. മുടന്തന്‍ ന്യായങ്ങള്‍ നിരത്തിയാണ് സര്‍ക്കാര്‍ ഇക്കാലമത്രയും വന്‍കിട സൗരോര്‍ജ്ജ പദ്ധതികളില്‍ നിന്ന് വിട്ടു നിന്നത്. വര്‍ഷത്തില്‍ ആറ് മാസവും മഴ ലഭിക്കുന്ന സംസ്ഥാനമായ കേരളത്തില്‍ സൗരോര്‍ജ്ജ പദ്ധതികള്‍ വിജയിക്കില്ല എന്നതായിരുന്നു പ്രധാന വാദം. എന്നാല്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന എനര്‍ജി മാനേജ്‌മെന്റ് സെന്ററില്‍ സ്ഥാപിച്ച സൗരോര്‍ജ്ജ പ്ലാന്റില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനത്തിന്റെ കണക്കുകള്‍ ഈ ധാരണയെ തിരുത്തുന്നതാണ്. 30 കിലോവാട്ട് വൈദ്യുതി ഉത്പാദന ശേഷിയുള്ള സൗരോര്‍ജ്ജ പ്ലാന്റാണ് കേന്ദ്രത്തില്‍ സ്ഥാപിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം താരതമ്യേന കൂടുതല്‍ മഴ ലഭിച്ച ജൂലൈ മാസത്തില്‍ ഈ പ്ലാന്റുകള്‍ വഴി ഒരു കിലോവാട്ടില്‍ നിന്ന് 4.5 യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിക്കപ്പെട്ടത്. മഴക്കാലത്ത് കേരളത്തിന്റെ വൈദ്യുതി ഉപഭോഗത്തില്‍ 20 ശതമാനം കുറവ് വരുമെന്നതും കണക്കാക്കേണ്ടതാണ്.

 

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍